തര്‍ജ്ജനി

ചാപ്പകള്‍

സക്കറിയ മൂടിചൂടിയ നോണ്‍സെന്‍സാണെന്ന് അഴിക്കോട്‌ മാഷ്‌. കൊക്കക്കോള കമ്പനിയുടെ പണം പറ്റിയിട്ടായിരിക്കും സക്കറിയ, മണലൂറ്റിനെതിരെയാണ്‌ ആദ്യം സമരം വേണ്ടത്‌ എന്നു പറയുന്നതത്രേ. സാഹിത്യകാരന്മാര്‍ ജനദ്രോഹികളാണെന്നു സക്കറിയ പറയുന്നു. അഴീക്കോടുമാഷിനെപ്പോലുള്ളവര്‍ എളുപ്പം കൈയടി ലഭിക്കുന്നതിനായി പോപ്പുലര്‍ മുദ്രാവാക്യങ്ങളുടെ കമ്പോളത്തില്‍ നില്‍ക്കുകയാണെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. വിദേശനിര്‍മ്മിത കാറും മൊബൈല്‍ ഫോണും ഉപയോഗിച്ചു കൊണ്ട്‌ ആഗോള മുതലാളിത്തത്തെ കുറ്റം പറയുന്നു ബുദ്ധിജീവികള്‍.
അഴീക്കോടുമാഷും സക്കറിയയും പറയുന്നത്‌ അവരവരുടെ ശരികളാണ്‌. ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌ സ്വതന്ത്രാഭിപ്രായത്തിനുള്ള ഇടമാണ്‌. സ്വന്തം നിലയ്ക്കു പേരെടുത്തവരുടെ സ്ഥിതി ഇതാണെങ്കില്‍ ഏതെങ്കിലുമൊരു ചേരിയില്‍ വരിചേര്‍ത്ത്‌ ചാപ്പ കുത്താതെ ഒരു അഭിപ്രായ പ്രകടനത്തിനു കേരളത്തില്‍ അവസരം നഷ്ടമായിരിക്കുന്നു എന്നതാണു വാസ്തവം. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവന്‍ കോണ്‍ഗ്രസ്സോ ബിജെപിയോ അല്ല എന്നു സ്ഥാപിച്ചുകൊണ്ടേയിരിക്കണം. ഒരു മോശം കൃതിയെ എതിര്‍ക്കുന്നവന്‍ ദളിത്‌വിരുദ്ധനല്ല എന്നു തെളിയിച്ചുകൊണ്ടേയിരിക്കണം. ബിജെപിയെ എതിര്‍ക്കുന്നവന്‍ പാകിസ്ഥാന്‍ ചാരനല്ലെന്നും എന്‍ഡി എഫിനെയോ ലീഗിനെയൊ എന്തിന്‌ സി പി എം നെയോ കുറ്റം പറയുന്നവന്‍ ആര്‍ എസ്സ്‌ എസ്സ്‌ അല്ലെന്നും പ്രമാണം
ഹാജരാക്കണം. എന്നാലും ചിലപ്പോള്‍ രക്ഷയുണ്ടാവില്ല. ചാപ്പകള്‍ വീണുകൊണ്ടിരിക്കും. നമ്മുടെ സംസ്കാരിക - ബൌദ്ധിക മേഖല നേരിടുന്ന വലിയൊരു ഭീഷണിയാണിത്‌. ശത്രുവിനെ ഒതുക്കാന്‍ അതിബുദ്ധിമാന്മാര്‍ തുടങ്ങി വച്ച ഈ കളിയുടെ ഏറ്റവും ജീര്‍ണ്ണമായ അദ്ധ്യായങ്ങളിലൂടെയാണ്‌ നാമിപ്പോള്‍ മുന്നേറുന്നത്‌. മറ്റൊരു കേരളാമോഡല്‍!

Submitted by cachitea on Wed, 2005-07-13 11:25.

ചാപ്പകള്‍ക്ക് വേണ്ടി മുറ വിളി കൂട്ടുകയാണ് കേരളീയ സമൂഹം. ജനങ്ങളുടെ മുന്നില്‍ അഭ്യാസപ്രകടനം നടത്തുന്നത് ആരായാലും ഇവരൊക്കെ ആരാണെന്ന സാമാന്യബോധം ജനത്തിനുണ്ട്. ഇവരാരുടെ പക്ഷം എന്നൊരു ചോദ്യം സാമാന്യ ജനത്തില്‍ നിന്ന് ഉണ്ടാവുമെന്ന ചിന്തയാണ് അല്‍പ്പസ്വല്‍പ്പം ബുദ്ധിയുള്ള സകല സാംസ്കാരിക നായകരെയും ചാപ്പക്കുള്ളില്‍ ഒളിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ശിവന്‍ പറഞ്ഞ പോലെ കേരളീയര്‍ അതിബുദ്ധിയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. സ്കൂളിലും കോളേജിലും തൊട്ട് ജീവിതത്തിന്‍റെ നാനാതുറകളിലും തരക്കേടില്ലാത്ത രാഷ്ട്രീയബോധം വെച്ചു പുലര്‍ത്തുന്നവരാണ് നമ്മള്‍. സ്മാര്‍ട്ട് സിറ്റിയായാലും എക്സ്പ്രസ് ഹൈവേയായാലും പ്രശ്നങ്ങളെ മറ്റ് സംസ്ഥാനക്കാരേക്കാള്‍ മികച്ച രീതിയില്‍ ഇവിടത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ കൈകാര്യം ചെയ്യും.

വികസനം പണമുള്ളവന് മാത്രമായി ചുരുങ്ങുന്നൊരു അവസ്ഥ എവിടെയുമുണ്ട്. കയ്യില്‍ കാശുള്ളവര്‍ മക്കളെ എഞ്ചിനീയറിംഗിനും മെഡിസിനും വിടുന്നു. ഇല്ലാത്തവന് മുക്കിയും മൂളിയും ആര്‍ക്കും വേണ്ടാത്ത ഡിഗ്രിയും! അതിജീവന മാര്‍ക്കറ്റില്‍ പണക്കാരുടെ മക്കള്‍ തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പാവപ്പെട്ട തൊഴിലില്ലാപ്പട അന്തം വിട്ടു നില്‍ക്കുന്ന കാഴ്ച എന്‍റെ കൂടി അനുഭവമാണ്.

പാവപ്പെട്ടവന്‍റെ അന്തം വിടലിന് മുകളിലൂടെ റോക്കറ്റ് വിടാനുള്ള അതിബുദ്ധിയാണ് ലോകമെങ്ങും കാണുന്നത്. ഈ അതിബുദ്ധിയുടെ പിണിയാളാണ് സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി നെറ്റില്‍ പോസ്റ്റിംഗുകളുടെ സമുദ്രം തീര്‍ത്ത റിവ ടി ഫിലിപ്പ്. സ്മാര്‍ട്ട് സിറ്റിയെ അനുകൂലിക്കാന്‍ റിവ ആദ്യം ചെയ്തത് കമ്മ്യൂണിസ്റ്റുകാരനല്ല, കോണ്‍ഗ്രസ്സുകാരനാണ് താനെന്ന് സ്വയം ചാപ്പ കുത്തലാണ്. തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകാരെയും സദാചാരവിരുദ്ധരേയും തെറി വിളിക്കലായി! ഇവരൊക്കെച്ചേര്‍ന്ന് കേരളത്തിന്‍റെ വികസനം മുരടിപ്പിക്കുന്നു പോലും!

ലിനക്സ് എന്നത് മൈക്രോസോഫ്റ്റ് അടക്കമുള്ള ആഗോളക്കമ്പനികളുടെ മറ്റൊരു മുഖമാണെന്ന് എന്‍റെയൊരു സുഹൃത്ത് - ദീപക് - പറയുന്നു. ലിനക്സിന് വേണ്ടി പ്രതിഫലം മറന്ന് പണിയെടുക്കുന്ന യുവാക്കള്‍ക്ക് "വിപ്ലവത്തിന്‍റെ മുന്നണിപ്പോരാളികള്‍" എന്ന ചാപ്പ കുത്തിക്കൊടുത്ത് Server Side ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുകയാണ് ആഗോളവല്‍ക്കരണത്തിന്‍റെ അതിബുദ്ധി എന്ന് ഇയാളുടെ വാദം. ആഗോളക്കമ്പനികളില്‍ ഏറ്റവും ഭീമനുപോലും വിലകൊടുത്തു വാങ്ങാനാവാത്ത മനുഷ്യവിഭവശേഷി അങ്ങിനെ പോരാളികളില്‍ നിന്ന് അവരറിയാതെ പിഴിഞ്ഞെടുത്ത് ഉല്‍പ്പന്നമാക്കി മാറ്റുന്ന കാഴ്ച!

ലിനക്സിനു വേണ്ടി വാദിക്കുന്നയാളെ ദീപക്കും സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി വാദിക്കുന്നയാളെ ഞാനും സംശയദൃഷ്ടിയോടെയാണ് കാണുക എന്ന് വ്യക്തം. ദീപക്കിനെയും എന്നെയും പറ്റിക്കാന്‍ സ്മാര്‍ട്ട് സിറ്റിക്കാര്‍ക്കും ലിനക്സ് വക്താക്കള്‍ക്കും ചാപ്പയ്ക്കു പിന്നിലൊളിച്ചേ പറ്റൂ.

Submitted by hari on Fri, 2005-07-15 10:56.

ലിനക്സിനെ വിറ്റു കാശാക്കുന്ന IBM, Novelതുടങ്ങിയ കമ്പനികളെയാവും ദീപക് ഉദ്ദേശ്ശിച്ചത്. പക്ഷേ അവരുടെ ജോലിക്കാരുമെത്രയോ open source project ചെയ്യുന്നുണ്ട്? അവര്‍ എത്രമാത്രം infrastructure opensource development- ന് നല്‍കുന്നുണ്ട്. അതും കൂടികണക്കാക്കണ്ടേ ദീപക്കേ? എന്തു പറഞ്ഞാലും മൈക്രോസോഫ്റ്റിനെക്കാള്‍ ഭേദമല്ലേ? തായ്ലന്‍റിലും ബ്രസീലിലും സ്വന്തം പ്രോഡക്ടുകളുടെ വില കുറയ്ക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായതും ലിനക്സിന്‍റെ ഭീഷണിയില്‍ ഭയന്നല്ലേ?