തര്‍ജ്ജനി

മാധവിക്കുട്ടിയുടെ വണ്ടിക്കാള വഴിയില്‍ നിന്നു

സാഹിത്യത്തെരുവിലടെ കിതച്ചു നീങ്ങിയ വണ്ടിക്കാളകള്‍ ലക്ഷ്യത്തിലെത്താതെ പാതിവഴിയില്‍ ഊര്‍ധ്വന്‍ വലിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന, മാധവിക്കുട്ടിയുടെ വണ്ടിക്കാളകള്' എന്ന നോവലാണ് ദുരന്തപര്യവസായിയായത്. മതംമാറി കമല സുരയ്യയായ എഴുത്തുകാരി മാധവിക്കുട്ടിയിലേക്കു മടങ്ങിവരുന്നു എന്നാണ് നോവല്‍ തുടങ്ങും മുന്‍പ് കൊട്ടിഘോഷിച്ചത്. എന്നാല്‍, മാധവിക്കുട്ടിയുടെ പ്രതിഭയ്ക്ക് ബഹുദരം പിന്നിലാണു നോവലെന്നു സാഹിത്യ സദസുകളില്‍ വിമര്‍ശനമുണ്ടായി. ഒടുവില്‍ പരസ്പരധാരണയോടെ നോവലിന് അത്യസാധാരണ അന്ത്യം കുറിക്കുകയായിരുന്നത്രേ. നോവല്‍ അവസാനിക്കുന്നതിനെക്കുറിച്ച് യാതൊരു സചനും നല്‍കിയിരുന്നുമില്ലണഎെന്‍റ കഥയ്ക്ക് ഞാന്‍ ആഗ്രഹിച്ച പ്രതികരണം ലഭിച്ചില്ല. എന്‍റെ ഞരമ്പുകളെ മെടഞ്ഞ് താറുമാറാക്കിയ ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാര്‍ക്ക് വെറും നിഴലുകളായി അനുഭവപ്പെട്ടു. - ലോക സാഹിത്യത്തിലൊന്നും കേട്ടുകേള്‍വിയില്ലാത്തവിധം, ഇരുപത്തിനാലാം അധ്യായത്തില്‍ വണ്ടിക്കാളകള്‍ ഭാരമിറക്കുന്നതിങ്ങനെ.

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ജാമ്യമെടുക്കാനായി എഴുത്തുകാരിയുടെ ഒരു വിശദമായ അഭിമുഖവും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കൊടുത്തിട്ടുണ്ട്. മതങ്ങള്‍ ശുദ്ധ അസംബന്ധം എന്നു തെറ്‍റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടുകടിയ അഭിമുഖത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം നോവല്‍ തിരക്കിട്ട് അവസാനിപ്പിച്ചതിനെക്കുറിച്ചാണ്. എഴുത്തു മുറിഞ്ഞതില്‍, തെന്‍റ ഗുരുതരമായ രോഗാവസ്ഥയെയാണ് മാധവിക്കുട്ടി മുഖ്യമായും പഴിക്കുന്നത്. പക്ഷേ, എന്തിനാണ് എഴുതുന്നത് എന്ന അടുത്ത ചോദ്യത്തിനു മുന്നില്‍ വണ്ടിക്കാളയുടെ ദയനീയത പ്രതിഫലിക്കുന്നു. ഇത്തവണ വായനക്കാരുടെ പ്രതികരണം കാണുംപോള്‍ വിരക്തനായ ഭര്‍ത്താവിന്‍റെ ഒപ്പം ശയിക്കുന്ന സ്ത്രീയെ ഓര്‍മവരുന്നു. മറുപടി സംഭാഷണത്തില്‍ എഴുത്തുകാരി പറയുന്നതിങ്ങനെ.

നോവല്‍ പരാജയമെന്നര്‍ത്ഥം. വായിക്കുകയോ എഴുതുകയോ ചെയ്താല്‍ കണ്ണുപൊട്ടുമെന്ന് ഡോക്ടര്‍ പറയുന്നു. എന്തെങ്കിലും അദ്ഭുതം സംഭവിച്ചാല്‍ കണ്ണുകള്‍ പഴയപടിയാവും. അപ്പോള്‍ വീണ്ടും എഴുതാം. മോശമായ ആരോഗ്യ സ്ഥിതി കാരണം വണ്ടിക്കാള തിരക്കിട്ടു നിര്‍ത്തേണ്ടിവന്നെങ്കിലും രചനില്‍ നിന്നു പിന്‍‌വാങ്ങില്ല - മാധവിക്കുട്ടി വ്യക്തമാക്കുന്നു.

(വാര്‍ത്ത മംഗളത്തില്‍ നിന്ന് ചൂണ്ടിയതിന് മാപ്പ്, രാമചന്ദ്രന്‍ സര്‍)

Submitted by Sunil on Sat, 2005-06-11 15:30.

ബെന്നീ, എല്ലാറ്റിനും ഒരവസാനം ഇല്ലേ? മാധവികുട്ടിയുടെ രചനാപാടവം അവസാനിച്ചിരിക്കുന്നു എന്ന് കുറച്ചു കാലമായി തോന്നാന്‍ തുടങ്ങിയിട്ട്‌. പഴയ എഴുത്തുകള്‍ വായിച്ച്‌ രസം അനുഭവിച്ച നമ്മള്‍ ഇന്നത്തെ അവരുടെ അവസ്ഥ കണ്ടറിഞ്ഞ്‌ സഹതപിയ്ക്കുക. പാവം നല്ലൊരു എഴുത്തുകാരിയായിരുന്നു! വയസ്സിനെ ആര്‍ക്കും തടുത്തു നിര്‍ത്താന്‍ പറ്റില്ല്യലോ!
-സു-

Submitted by Sivan on Sat, 2005-06-18 23:07.

മാധവിക്കുട്ടി ഈ പരിഹാസം അര്‍ഹിക്കുന്നുണ്ടോ? വാര്‍ദ്ധക്യത്തിന്റെ പ്രാരാബ്ദത്തിലും പേനയെടുത്ത മനസ്സിന്റെ ഊര്‍ജ്ജം, ഒരു പക്ഷേ മലയാളിയ്ക്കു മാത്രം പറ്റുന്ന മെയ്യഭ്യാസത്തോടെ നമുക്ക്‌ കാണാന്‍ കഴിയാതെ പോവുന്നതെങ്ങനെ?
സൂക്ഷ്മസംവേദനക്ഷമമായ ഒരു മനസ്സിനു ഹിതകരമല്ലാത്ത ഒരു സ്പര്‍ശം പോലും കൊടുംകാറ്റിനെക്കാള്‍ ഭാരമുള്ളതായി അനുഭവപ്പെടും. അങ്ങനെയെങ്കില്‍ വണ്ടിക്കാളകള്‍ നിന്നതല്ല, നിര്‍ത്തിയതാണ്‌. അതില്‍ നമുക്കെല്ലാം കൂട്ടുത്തരവാദിത്വമുണ്ട്‌.
നോവലിന്റെ മികവോ കുറവോ ചര്‍ച്ചയ്ക്കു വിഷയമാക്കാം. അതു മറ്റൊരു മേഖലയാണ്‌.
എന്തായാലും പ്രതിഭ വറ്റിയേ.. എന്ന കൂക്കുവിളിയ്ക്കു പ്രമേയമാകാവുന്ന തരത്തില്‍ ലളിത വ്യക്തിത്വമല്ല മാധവിക്കുട്ടി.
അത്രമാത്രം!

Submitted by cachitea on Tue, 2005-06-21 15:08.

തിരിച്ചും എനിക്കു പറയാനുള്ളത് എഴുത്തുകാര്‍ക്ക് നാം കൊടുക്കുന്ന പ്രാധാന്യത്തെപ്പറ്റി തന്നെ! സത്യത്തില്‍ ചിന്തയുടെ ഒരു കണിക പോലും മാധവിക്കുട്ടിയുടെ കഥകളില്‍ ഞാന്‍ കണ്ടിട്ടില്ല.

മാധവിക്കുട്ടിയുടെ കുറേ English കവിതകള്‍ വായിച്ചുനോക്കിയിട്ടുണ്ട്. ലക്കും ലഗാനുമില്ലാതെ Symbolism ഉപയോഗിക്കുകയും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്നതായേ എനിക്ക് തോന്നിയിട്ടുള്ളൂ.

തമ്മില്‍ ഭേദം തൊമ്മന്‍ എന്നതുപോലെ നീര്‍‌മാതളം പൂത്തകാലം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. Exhaust ചെയ്യാന്‍ പറ്റാത്ത കാമനകള്‍ മനസ്സിലിട്ട് ഒരുട്ടി നടക്കുന്ന സ്ത്രീ എന്നതിലുപരി, നാലപ്പാട്ടെ നാലുകാശിന് വകയുള്ള പ്രൌഢ വനിത എന്നതിലുപരി, മാധവിക്കുട്ടിയെപ്പറ്റി നല്ല വാക്കുകളൊന്നും പറയാന്‍ എനിക്കില്ല.

പിന്നെ സ്നേഹം സ്നേഹമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വിളിച്ചു പറയുന്ന അവരുടെ സ്വഭാവത്തെപ്പറ്റി - ഈ സ്വഭാവം താഴെക്കിടയിലുള്ള കുട്ടി ദൈവങ്ങള്‍ തൊട്ട് സകലമാന ആള്‍ദൈവങ്ങളും മുട്ടിന് മുട്ടിന് ഉപയോഗിക്കുന്നതാണ്. അതില്‍ കൂടുതല്‍ എന്തെങ്കിലും മനസ്സിലാക്കിയാണോ മാധവിക്കുട്ടി സ്നേഹം എന്ന വാക്ക് ഉപയോഗിക്കുന്നത് എന്ന് എനിക്കറിയില്ല. അങ്ങിനെ വിശ്വസിക്കാന്‍ പാകത്തിലുള്ള ഒരു ചെയ്തിയും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല.

കരുണാകരന്‍ അധികാരത്തിലുള്ളപ്പോള്‍ മാധവിക്കുട്ടിയുടെ പ്രായോഗിക പുരുഷന്‍ കരുണാകരനായിരുന്നു. നായനാര്‍ മുഖ്യനായിരിക്കുമ്പോള്‍ അയാളോളം നല്ല മനുഷ്യനെ മാധവിക്കുട്ടിക്ക് കാണാന്‍ പറ്റിയിരുന്നില്ല. അവരുമായി ആരെങ്കിലും അഭിമുഖം നടത്തുമ്പോള്‍, മമ്മൂട്ടിയും മോഹന്‍‌ലാലും കമലാഹാസനുമെല്ലാം ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. അധികാരത്തോടും പ്രശസ്തിയോടുമുള്ള നിലക്കാത്ത ആര്‍ത്തി, എത്രയെത്ര പ്രസ്താവനകളാണ് മാധവിക്കുട്ടിയെക്കൊണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്!

Submitted by Sivan on Fri, 2005-06-24 23:43.

ഖസാക്കിന്റെ ഇതിഹാസം ഒരു വ്യഭിചാര കഥയാണ്‌, ഭാഷയാണെങ്കില്‍ അമിതവൈകാരികത്വം കൊണ്ടു നീരുവന്നു വീെര്‍ത്തതും. മൈക്കല്‍ കെ യുടെ ജീവിതവും കാലവും ഒരു കറമ്പന്‍ പട്ടിണികിടന്ന കഥ. വിധിയില്ലാത്തവര്‍ ഒരു ചാവാലി കോണ്‍സന്റ്രേഷന്‍ ക്യാമ്പില്‍ നിന്നു രക്ഷപ്പെട്ടത്‌, ആല്‍കെമിസ്റ്റില്‍ ഒരു നാടോടിക്കഥയെ പരത്തി വച്ചിരിക്കുന്നു. ചെറുതുകളുടെ തമ്പുരാന്‍ ലോക്കപ്പു മര്‍ദ്ദനത്തിന്റെയും ഇപ്പോള്‍ ആളുകള്‍ തലയില്‍ കേറ്റികൊണ്ടു നടക്കുന്ന ഡാവിഞ്ചികോഡ്‌ ഒരു യുക്തിയും ഇല്ലാത്ത കുറ്റാന്വേഷണത്തിന്റെയും കഥ.
ഇതിലൊക്കെ എന്താണിത്ര കൊണ്ടാടാന്‍?
ഇങ്ങനെ സംസാരിക്കുന്നവരെ കുറേക്കാലം മുന്‍പുവരെ പറഞ്ഞിരുന്ന പേരുണ്ട്‌. അരസികന്മാര്‍.
എന്തും 'നല്ലത്‌' എന്നോ ചീത്ത' എന്നോ പറയാന്‍ ഒരു യുക്തി വിചാരത്തിന്റെയും ആവശ്യമില്ല. എന്തു കൊണ്ട്‌ എന്ന ചോദ്യത്തിനു ഉത്തരം പറയേണ്ടി വരുമ്പോള്‍ തീര്‍ച്ചയായും ബുദ്ധിയും സംസ്കാരവും പ്രവര്‍ത്തിച്ചേ മതിയാവൂ.
ഫ്രോയിഡിനെ വായിക്കാന്‍ ആഹ്വാനം ചെയ്യുന്ന ലകാന്‍ പറയുന്ന ഒരു ആശയമുണ്ട്‌. ആളുകള്‍ ഫ്രോയിഡിനെ വായിക്കാതിരിക്കുന്നതു കൊണ്ടു കുഴപ്പമില്ല. അപകടകരമായ കാര്യം "വായിച്ച്‌ ജഡരൂപമായി സ്വാംശീകരിക്കുന്നതാണ്‌." അപ്പോള്‍ സംഭവിക്കുന്നത്‌ വായനയുടെ( അതു കൊണ്ടുള്ള) വികാസമല്ല. മറിച്ച്‌ നമ്മുടെ അറിവിലേയ്ക്ക്‌ (മറ്റൊരര്‍ത്ഥത്തില്‍
അറിവില്ലായ്മയിലേയ്ക്ക്‌)പുതിയ ആശയങ്ങളെ ചുരുക്കുകയാണ്‌. അതാണ്‌ ഏറ്റവും അപകടം നിറഞ്ഞ വായന.
ബെന്നി, തന്റെ തന്നെ, വിശകലനം ചെയ്യാന്‍ തയ്യാറില്ലാത്ത മുന്‍ധാരണകളിലേയ്ക്ക്‌ മാധവിക്കുട്ടിയെ ചുരുക്കി എഴുതുന്നു. അപ്പോള്‍ അഭിപ്രായം ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാകാന്‍? ഒപ്പം മാധവിക്കുട്ടിയെ എന്നല്ല ലോകത്തിലെ ഏതു എഴുത്തുകാരനെ/കാരിയെക്കുറിച്ചും ഇതേവാക്യം അല്‍പം ഭേദഗതിയോടെ എഴുതാം.
ശാസ്ത്രജ്ഞാനം എല്ലാത്തിന്റെയും മുകളിലാണെന്ന സങ്കല്‍പ്പം കാല്‍പ്പനികതയുടെ അവസാനമാണുണ്ടാകുന്നത്‌. ആധുനികതയുടെ കാലത്ത്‌ അതു രൂക്ഷമായി. മനുഷ്യനെ കടന്നു പോകുന്ന ശാസ്ത്രം എന്ന ചിന്തയാണ്‌ ഒറ്റപ്പെട്ട മനുഷ്യനെയും ഔട്ട്‌ സൈഡേഴ്സിനെയും സൃഷ്ടിക്കുന്നത്‌. ഉത്തരാധുനികത മനുഷ്യനെ വീണ്ടും മുന്നില്‍ കൊണ്ടുവരികയാണു ചെയ്തത്‌. ശാസ്ത്രം എന്നത്‌ സാംസ്കാരിക സമ്മിതിമാത്രമാണെന്നു അതു തെളിയിച്ചു. ഭൂഗുരുത്വത്തെക്കുറിച്ച്‌ ഒന്നും അറിയാത്ത ഒരു സമൂഹത്തിന്‌ ആശാസ്ത്രം കൊണ്ടു എന്തു പ്രയോജനം എന്ന്. ഉത്തരാധുനികരുടെ ഈ വാദത്തെയാണ്‌ 21ാ‍ം നിലയില്‍ നിന്നു ചാടി ഈ ആശയത്തെ തെളിയിക്കാമോ എന്നു അലന്‍ സോക്കല്‍ വെല്ലുവിളിച്ചത്‌. എങ്കില്‍ പോലും വാദം നിലനില്‍ക്കുന്നു. എന്തു കൊണ്ട്‌ എഴുത്തുകാരന്‍ എന്നതിനു മറുപടിയെഴുതിയതാണ്‌.
പറഞ്ഞു വന്നത്‌ മാധവിക്കുട്ടിയെപ്പറ്റിയാണ്‌.
നരിച്ചീറുകള്‍ പറക്കുമ്പോള്‍, നാവിക വേഷം ധരിച്ച കുട്ടി, നുണകള്‍, പക്ഷിയുടെ മണം, ചുവന്ന പാവാട, സ്വയംവരം, ചന്ദന മരങ്ങള്‍, ഭയം എന്റെ നിശാ വസ്ത്രം ഒക്കെ എഴുതിയ അവര്‍ തീര്‍ച്ചയായും മലയാളത്തിന്റെ അഭിമാനമാണ്‌. നമുക്ക്‌ ചൂണ്ടി കാണിക്കാന്‍ അധികം 'മാനങ്ങള്‍' അങ്ങനെയില്ല. അവരുടെ വ്യക്തിപരമായ ജീവിതം സംവാദത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. സമൂഹത്തിന്റെ ആശാസ്യമല്ലാത്ത പോലീസു ബോധം ഇതിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്‌. അതു വേറൊരു വിഷയമാണ്‌.
എന്നാല്‍ റൊമാന്റിസം, സിംബോളിസം, സ്നേഹം എന്നൊക്കെയുള്ള സങ്കല്‍പ്പനങ്ങളില്‍ ഒരു വീെണ്ടു വിചാരത്തിനു ബെന്നി തയ്യാറാവുന്നതു നന്നായിരിക്കും. ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌.

Submitted by cachitea on Sat, 2005-06-25 09:54.

വീണ്ടു വിചാരത്തിന് തയ്യാറാവാന്‍ എന്നോട് പറഞ്ഞതിന് നന്ദി! സത്യത്തില്‍ ഈ പറഞ്ഞ വീണ്ടുവിചാരം തൊട്ടു തീണ്ടിയില്ലാത്ത എഴുത്തുകാരില്‍ ഒരാളാണ് മാധവിക്കുട്ടി. എന്തായാലും മാധവിക്കുട്ടിയെ വിശുദ്ധയാക്കാന്‍ വീണ്ടുവിചാരം വേണ്ടുവോളമുള്ള വിജയനെ കൂട്ടുപിടിക്കേണ്ടിയിരുന്നില്ല.

വിജയന്‍റെ ആദ്യകാല പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു ഖസാക്കിന്‍റെ ഇതിഹാസം. ചോര തെറിക്കുന്ന യൌവ്വനം പേറുകയും ജീവിതത്തിന്‍റെ നാനര്‍ത്ഥങ്ങളെപ്പറ്റി ചിന്തിക്കുകയും ചെയ്ത വിജയന് വ്യഭിചാരത്തിന്‍റെ (അല്ലെങ്കില്‍ അരാജകവാദത്തിന്‍റെ, അതില്‍ നിന്നുണ്ടാവുന്ന പാപബോധത്തിന്‍റെ) കഥയെപ്പറ്റിയേ അപ്പോള്‍ എഴുതാന്‍ കഴിയുമായിരുന്നുള്ളൂ.

ഖസാക്ക് എഴുതിക്കഴിഞ്ഞ് വിജയന്‍ വിശ്രമിക്കുകയായിരുന്നില്ല. നീണ്ട 16 വര്‍ഷത്തെ നോവല്‍ മൌനത്തിന് ശേഷം ഭരണകൂടത്തിന്‍റെ ഭീകരതയെപ്പറ്റി ധര്‍മ്മപുരാണം പുറത്തുവന്നു. അരാജകവാദത്തില്‍ നിന്ന് വിഗ്രഹഭഞ്ജകനായി മാറുന്ന വിജയന്‍!

അടുത്ത പുസ്തകമായ ഗുരുസാഗരം 2 വര്‍ഷത്തിനുള്ളില്‍. സംശയങ്ങള്‍ക്ക് (വിജയന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ സന്ദേഹങ്ങള്‍ക്ക്) മറുപടി തരാന്‍ കെല്‍പ്പുള്ള ഗുരുവിനെ തേടുന്ന വിജയനെ നാം ഇവിടെ കണ്ടുമുട്ടും.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിജയന്‍ വീണ്ടും മാറി. ശാസ്ത്രത്തിന്‍റെ ഊഷരതയില്‍ നിന്ന് ജീവനെന്ന പ്രതിഭാസം എങ്ങിനെ അതിജീവനം തേടുന്നു എന്നാണ് മധുരം ഗായതിയിലൂടെ വിജയന്‍ പറയുന്നത്.

അടുത്ത പുസ്തകത്തില്‍ ആത്മീയതയോട് ചായ്‌വു പുലര്‍ത്തുന്ന വിജയനാണ് നമുക്കു മുമ്പില്‍ വരുന്നത്. (കുമ്മനം രാജശേഖരന്‍റെ ആത്മീയതയല്ല ഇതെന്ന് സക്കറിയയ്ക്ക് എന്നെങ്കിലും മനസ്സിലാവുമോ ആവോ?) മറക്കാനും പൊറുക്കാനും മനസിനെ പാകപ്പെടുത്തുന്ന വിജയനാണിതില്‍.

അവസാന പുസ്തകമാണ് വിജയന്‍റെ ഏറ്റവും മികച്ചതെന്ന് ഞാന്‍ പറയും. പരമ്പരകളുടെ ഇങ്ങേയറ്റത്തു നിന്ന് മനുഷ്യസംസ്കാരത്തെ പഠിക്കാനാണ് ഇതില്‍ വിജയന്‍ ശ്രമിക്കുന്നത്. തന്‍റെ സത്വംമറ്റൊന്നുമല്ല, വീടും നാടും കുടുംബവും തലമുറകളും തന്നെയാണതെന്ന തിരിച്ചറിവാണിതില്‍. ആത്മീയതയും നക്സലിസവും കമ്മ്യൂണിസവും വിപ്ലവും കൊഴിഞ്ഞുപോവുമ്പോഴും പാരമ്പര്യത്തിന്‍റെ പശിമയില്‍ തലമുറകളുടെ പ്രയാണം തുടരും.

ഭയാനകവും ഒപ്പം ആകര്‍ഷണീയവുമായ അരാജകവാദത്തിന്‍റെ ഇതിഹാസകാരന്‍ എന്തേ നാട്ടിലേക്ക്, വീട്ടിലേക്ക്, തലമുറയിലേക്ക്, അച്ഛനിലേക്ക്, മുത്തച്ഛനിലേക്ക്, അമ്മയിലേക്ക്, അമ്മൂമ്മയിലേക്ക് തിരിയാന്‍?

കുടുംബം ഉപേക്ഷിച്ച് നാട്ടിലേക്ക്, നാട് ഉപേക്ഷിച്ച് കാട്ടിലേക്ക്, കാട് ഉപേക്ഷിച്ച് ആകാശത്തേക്ക് എന്ന മട്ടില്‍ പ്രപഞ്ചവുമായി സമരസപ്പെടുന്നതാണോ "അഹം ബ്രഹ്മാസ്മി, തത്വമസി"? വിജയന്‍ പ്രായോഗികമായ മറ്റൊരു വഴിയാണ് പറഞ്ഞു തരുന്നത്, യുക്തിസഹമായിത്തന്നെ. സത്യം തേടിയുള്ള ജീവന്‍റെ പ്രയാണത്തില്‍ എന്‍റെ പങ്ക് തിരിച്ചറിയുമ്പോള്‍ അത് ചരിത്രത്തെ കൈപിടിച്ച് മുന്നോട്ട് നയിക്കലാണെന്ന് ഞാന്‍ കരുതുന്നു.

വിജയന്‍റെ പുസ്തകങ്ങളെല്ലാം ആര്‍ക്കെങ്കിലും സമര്‍പ്പിച്ചിട്ടുള്ളവയാണ്. ഓര്‍‍മ്മ ശരിയാണെങ്കില്‍, അവസാനപുസ്തകം വിജയന്‍ സമര്‍പ്പിച്ചിരിക്കുന്നത് മുത്തച്ഛനും അച്ഛനുമാണ്. മുമ്പുള്ള നോവലുകളൊക്കെ ആര്‍ക്കൊക്കെയാണ് വിജയന്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുന്നത് രസാവഹമായിരിക്കും.

മാധവിക്കുട്ടിയടക്കമുള്ള മറ്റ് എഴുത്തുകാര്‍ ശര്‍ദ്ദിച്ചതു തന്നെ ശര്‍ദ്ദിക്കുമ്പോള്‍, നിന്നിടത്തു തന്നെ നിന്ന് നട്ടം തിരിയുമ്പോള്‍, വിജയന്‍ ചരിത്രത്തെ മുന്നോട്ട് നയിക്കുകയായിരുന്നു - തന്‍റെ ജീവിതത്തിലൂടെ, കൃതികളിലൂടെ.

Submitted by Sivan on Sat, 2005-06-25 23:16.

ബെന്നി, നല്ലത്‌. ഇത്രയൊക്കെയേ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ. ഞാന്‍ വിചാരിച്ചത്‌ താങ്കള്‍ എഴുത്തുകാരെയൊക്കെ കുറിച്ച്‌ വളരെ മോശം ചിന്താഗതി വച്ചു പുലര്‍ത്തുന്ന ആളായിരിക്കും എന്നാണ്‌. ഏതായാലും വിജയനെ അടുത്തറിഞ്ഞ സ്ഥിതിയ്ക്ക്‌ താങ്കള്‍ എന്തായാലും ഒരു അരസികനാവാന്‍ വഴിയില്ല.
വിജയനെക്കുറിച്ച്‌ ഞാന്‍ എഴുതിയ വരികള്‍ തലമുറകള്‍ പ്രസിദ്ധീകരിച്ച കാലത്ത്‌ മാതൃഭൂമിയില്‍ വന്ന നിരൂപണത്തിലുള്ളതാണ്‌. താങ്കള്‍ മാധവിക്കുട്ടിയെപ്പറ്റി പറഞ്ഞ അതേ ആരോപണങ്ങള്‍ വിജയനെപ്പറ്റി അന്നുണ്ടായി. അദ്ദേഹം സ്വയം അനുകരിക്കുകയാണെന്നും (ചര്‍ദ്ദിച്ചതു വീെണ്ടും...) ആത്‌മരതി ആവിഷ്കരിക്കുകയാണെന്നും (exhaust ചെയ്യാന്‍ പറ്റാത്ത..) ചരിത്രം തിരിയുന്ന രീതി നോക്കുക.
വിജയനെപ്പറ്റി താങ്കള്‍ക്കുള്ള ബഹുമാനം അദ്ദേഹത്തിന്റെ കൃതികളുടെ വായനയില്‍ പ്രതിഫലിക്കാതിരിക്കില്ല. മാധവിക്കുട്ടിയുടെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ല എന്നിടത്താണു കുഴപ്പം. പക്ഷേ അതു വ്യക്തിപരമായ ഇഷ്ടാനിഷ്ടമാണെന്നു പറഞ്ഞ്‌ താങ്കള്‍ക്ക്‌ ഒഴിയാം. എങ്കിലും ഞാന്‍ പറയട്ടെ, വിജയന്‍ തന്റെ പ്രതിഭകൊണ്ട്‌ സമ്പന്നമാക്കിയ മേഖലയിലല്ലായിരുന്നു മാധവിക്കുട്ടിയുടെ സംഭാവന. സാഹിത്യം ഒരു വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന കുതിര വണ്ടിയല്ല. താരതമ്യത്തിനു പ്രസക്തിയില്ല. എന്നാല്‍ കൂടി, വിജയനേക്കാള്‍ അന്തര്‍മുഖയാണ്‌ മാധവിക്കുട്ടി. അതുകൊണ്ട്‌ അവരുടെ മിക്ക രചനകളുടെയും തലം മനസ്സാണ്‌. അസാധാരണമായ ഉള്‍ക്കാഴ്ചയോടെ പരിമിതമായ വാക്കുകള്‍ കൊണ്ട്‌ മനസ്സുകളെ നിരന്തരമായി അപഗ്രഥിക്കുകയാണ്‌ അവര്‍ ചെയ്തത്‌. psychic incidents എന്ന നിലയ്ക്കാണ്‌ അവയുടെ പ്രസക്തി. ( എന്റെ കഥയുടെ പോലും. പക്ഷേ മലയാളി സമൂഹം അതു വായിച്ചത്‌ സൈരിണിയുടെ ആത്മകഥ എന്ന നിലയ്ക്കായിപ്പോയി. F T V എല്ലാവരും ഉറങ്ങിയ ശേഷം അടക്കിപ്പിടിച്ചിരുന്നു കാണുന്ന നമ്മള്‍ക്കാണോ അതിലെ പാവം മോഡലുകള്‍ക്കാണോ സെക്ഷുല്‍ ഫ്രസ്റ്റ്രേഷന്‍?) അധികാരം, സംസ്കാരം, യന്ത്രം, രാഷ്ട്രീയം, എന്നിവയ്ക്കൊപ്പം തുടര്‍ച്ചയായ വിശകലനങ്ങളും അന്വേഷണങ്ങളും ആവശ്യമായ വലിയ മേഖലയാണ്‌
മനുഷ്യമനസ്സ്‌. ഒപ്പം സ്ത്രീ സ്വത്വവും. ഈ രണ്ടംശങ്ങളും ഒഴിവാക്കി മാധവിക്കുട്ടിയുടെ കൃതികളിലേയ്ക്ക്‌ പ്രവേശിക്കാനാവില്ല. അവരുടെ കൃതികള്‍ സംവദിക്കുന്നത്‌ മലയാളിയുടെ സാംസ്കാരിക രാഷ്ട്രീയത്തോടും ശാരീരിക രാഷ്ട്രീയത്തോടുമാണ്‌. വിജയന്‍ സ്ഥൂലരാഷ്ട്രീയം തെരെഞ്ഞെടുത്തു. ഇതാണു വ്യത്യാസം.

Submitted by Sivan on Sat, 2005-06-25 23:17.

മാധവിക്കുട്ടിയുടെ കഥകളിലെ (കവിതകളിലെയും) അധികാരം, കുടുംബത്തിനകത്തും വ്യക്തി ബന്ധങ്ങളിലുമുള്ള അധികാര പ്രയോഗങ്ങളെ കുറിച്ചാണ്‌. അതും പ്രധാനമാണ്‌, അധികാര പ്രയോഗത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍. ശാസ്ത്രം അവിടെ ബന്ധങ്ങളിലെ യാന്ത്രികതയായി കടന്നു വരുന്നു. വീട്ടില്‍ ഇല്ലാത്ത ജനാധിപത്യമൂല്യങ്ങള്‍ നാട്ടിലെ രാഷ്ട്രീയത്തിലില്ലേ എന്നു മുറവിളിക്കുന്നതിലെ അര്‍ത്ഥരാഹിത്യം ഇപ്പോള്‍ നമുക്കു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ.
വീണ്ടു വിചാരത്തെപ്പറ്റി ഒന്നുകൂടി. ബഷീറിന്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അവാര്‍ഡ്‌ സ്വീകരിക്കരുതെന്ന് പറഞ്ഞ്‌ ഒരിക്കല്‍ കത്തെഴുതിയ വിജയനാണ്‌ പിന്നീട്‌ പദ്‌മഭൂഷണും കഥകള്‍ക്കുള്ള അവാര്‍ഡും മുട്ടത്തു വര്‍ക്കി അവാര്‍ഡുമൊക്കെ വാങ്ങിയത്‌. ഞാന്‍ കുറ്റം പറഞ്ഞതല്ല. പരിവേഷങ്ങള്‍ നല്‍കി കുറച്ചു പേരെ ദൈവങ്ങളാക്കാതിരിക്കാം. അതേസമയം അവരുടെ മഹത്വത്തെ മാനിക്കുകയും ചെയ്യാം. ഇന്ത്യ അണ്വായുധം പരീക്ഷിച്ചു വിജയിച്ചപ്പോള്‍ പായസം വച്ചു സന്തോഷിച്ച അതേ മാധവിക്കുട്ടി തന്നെയാണ്‌, നമുക്കെന്തിനാണു അണ്വായുധം എന്നു അഭിമുഖത്തില്‍ ചോദിക്കുന്നത്‌. ഇവിടങ്ങളില്‍ നാം തെറ്റു പറ്റുന്ന, സാധാരണക്കാരായ, മനുഷ്യരെ ഇവരില്‍ കാണുന്നു. തെറ്റു തിരുത്തുന്നതു അപരാധമൊന്നുമല്ല.
വാക്കുകളില്‍ സത്യസന്ധ(നാ)യിരിക്കുന്നതും. സി വി കുഞ്ഞുരാമന്‍ പറഞ്ഞതു പോലെ' അഭിപ്രായം ഇരിമ്പുലക്കയല്ലല്ലോ."

Submitted by cachitea on Tue, 2005-06-28 15:48.

ശിവനും സുനിലും ഗിരിയും ഞാനുമൊക്കെ പലപ്പോഴും ചെയ്തു പോവുന്നൊരു തെറ്റുണ്ട്. ഇവിടെ നമ്മള്‍ തുറന്ന സം‌വാദമാണ് നയിക്കുന്നത്. നമ്മള്‍ ചിന്തിക്കുന്നത് (അറിയുന്നത്) പരസ്പരം പങ്കു വെയ്ക്കുന്നു. എന്നാല്‍ കൂടുതല്‍ ശരി താനാണെന്ന് തോന്നുമ്പോള്‍ തന്‍റെ വാദമുഖം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.

ശരിക്കുള്ള നമ്മളും (അതിജീവനത്തിനും സ്വാര്‍ത്ഥതയ്ക്കും വേണ്ടി നില കൊള്ളുന്ന നമ്മള്‍) ശരി തേടുന്ന നമ്മളും (ചിന്തിക്കുന്ന നമ്മള്‍) ഇവിടെയുള്ള പോസ്റ്റുകളില്‍ കൂടിക്കുഴഞ്ഞു കിടക്കുന്നു. "വിജയനെപ്പറ്റി താങ്കള്‍ക്കുള്ള ബഹുമാനം അദ്ദേഹത്തിന്റെ കൃതികളുടെ വായനയില്‍ പ്രതിഫലിക്കാതിരിക്കില്ല." എന്ന ശിവന്‍റെ വാചകമാണ് എന്നെ ഇങ്ങിനെ ചിന്തിപ്പിച്ചത്. സത്യത്തില്‍ വിജയനെ ഞാന്‍ അവതരിപ്പിച്ചത് എന്‍റെ ഇഷ്ടങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും.

മിക്കപ്പോഴും ചിന്തിക്കുന്ന നമ്മളാണ് ഓരോ ത്രെഡും തുടങ്ങി വെക്കുന്നത്. പിന്നീടത് കാടു കയറുകയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ ചര്‍ച്ചകളാവുകയും ചെയ്യുന്നു. വിജയനെ ഞാന്‍ എന്‍റെ ഇഷ്ടാനിഷ്ടങ്ങളുടെ ചുവടു പിടിച്ചാണ് അളന്നതെങ്കില്‍ ആ തെറ്റ് ശിവനും മാധവിക്കുട്ടിയുടെ കാര്യത്തില്‍ കാണിച്ചിട്ടുണ്ട്.

ശിവന്‍ നിരീക്ഷിക്കുന്നതുപോലെ മാധവിക്കുട്ടി എന്‍റെ സഹനാതിര്‍ത്തിക്കും അപ്പുറത്താണ്. സാറട്ടീച്ചറോ ചന്ദ്രമതിയോ ബിലു സി നാരായണനോ പോലും മാധവിക്കുട്ടിയേക്കാള്‍ നന്നായി ജീവിതത്തെ മനസ്സിലാക്കുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്. മാധവിക്കുട്ടിയുടെ ഇത്തിരിവട്ടത്തിനുള്ളില്‍ പറയാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ട്. ബന്ധങ്ങള്‍ എന്ന ഇത്തിരിവട്ടത്തില്‍ നിന്ന് (സത്യത്തില്‍ ഈ ഇത്തിരിവട്ടവും ഞാനനുഭവിച്ചിട്ടില്ല) പുറത്തു വന്നെങ്കിലേ ചിന്തയുടെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഒരാളായി മാധവിക്കുട്ടിയെ എണ്ണാന്‍ പറ്റൂ.

("ശരീരത്തിന്‍റെ സുഷിരങ്ങളില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്ന, വൃത്തികെട്ട കൂണിന്‍റേതുപോലുള്ള ആ ദുര്‍ഗന്ധം നിന്നേക്കാള്‍ മുമ്പേ ഞാന്‍ അറിഞ്ഞിരുന്നു" എന്ന് ബിലു സി നാരായണന്‍ കാമുകനോട്!)

സാഹിത്യത്തില്‍ താരതമ്യത്തിന് സാധ്യതയില്ലെന്ന ശിവന്‍റെ വാദം എത്രകണ്ട് ശരിയാവും?ഞാന്‍ നിത്യേനെയെന്നോണം വായിക്കുന്ന പുസ്തകങ്ങളാണ് സുമംഗലയുടെ പഞ്ചത്രന്തം കഥകളും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും. രണ്ടും മലയാളികള്‍ വീണ്ടും വീണ്ടും വായിക്കുന്ന സാഹിത്യകൃതികള്‍ തന്നെ. എന്നാല്‍ ഇവയേക്കാള്‍ മഹത്തരമല്ലേ സ്മാരകശിലകളും മയ്യഴിപ്പുഴയുടെ തീരങ്ങളും? ആണെങ്കില്‍ എങ്ങിനെ? താരതമ്യ മാനദണ്ഡം ഉപയോഗിക്കാതെയാണോ നമ്മള്‍ ഇന്നകൃതി നല്ലത്, ഇന്നത് മോശം എന്നു പറയുന്നത്?

മാധവിക്കുട്ടിയുടെ "പരിമിതമായ വാക്കുകളെ" എന്തര്‍ത്ഥത്തിലാണ് ശിവന്‍ എടുത്തിരിക്കുന്നത് എന്ന് മനസ്സിലായില്ല. അപരിമിതമായ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിവുണ്ടായിരുന്നിട്ടും മനഃപൂര്‍‌വ്വം പരിമിത വാക്കുകളാല്‍ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിച്ചു എന്നാണോ? അതുപോലെ "മാധവിക്കുട്ടിയുടെ കഥകളിലെയും (കവിതകളിലെയും) അധികാരം" എന്ന് എഴുതിയതും പിടികിട്ടുന്നില്ല.

മാധവിക്കുട്ടിയുടെ ബോംബ് പായസത്തില്‍ ഞാനൊരു അസ്വഭാവികതയും കാണുന്നില്ല. "കമലാഹാസന് മരണശേഷം കണ്ണോ അവയവങ്ങളോ ദാനം ചെയ്യാം. ചെറിയൊരു ശരീരമല്ലേ അയാളുടെ? എന്നാല്‍ ഞാന്‍ അങ്ങിനെയാണോ? ഒത്തൊരു പെണ്ണല്ലേ ഞാന്‍?" എന്നു മാധവിക്കുട്ടി അടുത്തിടെ ചോദിച്ചിരുന്നു. ആ ചെറിയ മനസ്സിനുള്ളില്‍ ഇത്രയൊക്കെയേ ഉള്ളൂ. അതില്‍ കൂടുതല്‍ മാധവിക്കുട്ടിയില്‍ ആരോപിക്കുന്നതിനോടാണ് എന്‍റെ വിപ്രതിപത്തി.

Submitted by Sunil on Wed, 2005-06-29 19:02.

ചിന്തയും എഴുത്തും രണ്ടല്ലേ? അങ്ങനേം കണ്ടുൂടേ? മാധവിക്കുട്ടിയെ ബഹുമാനിക്കുന്നത്‌ അവരുടെ എഴുത്തുവായിച്ചാണ്‌. ചിന്തകളെ അപഗ്രഥിച്ചല്ല. രണ്ടിനേയും ബാലന്‍സ്‌ ചെയ്തുകൊണ്ടുപോയാല്‍ നല്ലത്‌. എഴുത്തില്‍ ശരിതെറ്റുകള്‍ ഇല്ല, താരതമ്യവുമില്ല്യ. പക്ഷെ ചിന്തകളില്‍ അങ്ങനെയല്ലലൊ.

പിന്നെക്കാണാം.

Submitted by cachitea on Thu, 2005-06-30 17:32.

എഴുത്തില്‍ താരതമ്യം ഇല്ലെന്ന് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. പറ്റുമെങ്കില്‍ ഉദാഹരണസഹിതം ഒന്നു വ്യക്തമാക്കാമോ? അതുപോലെ തന്നെ, എഴുത്തില്‍ ശരിതെറ്റുകള്‍ ഇല്ല എന്നു പറയുന്നതും. കൃതികളെ താരതമ്യപ്പെടുത്തുന്നതും അവയില്‍ ശരിതെറ്റുകള്‍ കണ്ടുപിടിക്കുന്നതും എന്‍റെയൊരു ശീലമായിപ്പോയി. എന്തായാലും പട്ടത്തുവിള കരുണാകരന്‍ ലൈനിലല്ല ഞാനതു ചെയ്യുന്നത്.

ഇനി ചിന്തയും എഴുത്തും രണ്ടാണെന്ന് സുനില്‍ എഴുതിയതിനെപ്പറ്റി - സത്യത്തില്‍ ഇതുതന്നെയാണ് ആദ്യം തൊട്ടേ ഞാന്‍ പറയുന്നത്. എഴുത്തുകാര്‍ക്ക് ചരിത്രത്തെ ഏല്‍പ്പിച്ചു കൊടുത്ത് അവരെ പാടിപ്പുകഴ്ത്തുന്ന പാരമ്പര്യത്തെയാണ് ഞാനെതിര്‍ത്തത്. അക്ഷരകലാ വര്‍ക്കര്‍മാര്‍ക്കും ചരിത്രത്തെ മുന്നോട്ട് നയിച്ചിട്ടുള്ള ചിന്തകര്‍ക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു.

എഴുത്തില്‍ ചിന്തയുടെ സ്ഫുരണം ഉണ്ടാവുമ്പോഴേ അത് മികച്ചതെന്ന് പറയാനാവൂ. "കായമെന്നോതീട്ടു കായം കലക്കുന്ന / മായം പൊറുക്കില്ല ഗാന്ധി പോലും" എന്ന് ജി. കുമാരപിള്ള! വായിക്കാന്‍ നല്ല സുഖം. എന്തെങ്കിലും മനസ്സിലായോ? വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ അക്ഷരകലാ വര്‍ക്കറായ പിള്ള സാര്‍ പടച്ചുവിട്ടതാണ്.

അയ്യപ്പപ്പണിക്കര്‍ തൊട്ട് എ. അയ്യപ്പന്‍ വരെയുള്ളവര്‍ ഇങ്ങിനെയുള്ള പലതും എഴുതിയിട്ടുണ്ട്. ഇവരെല്ലാം നല്ല കവിതകളും എഴുതിയിട്ടുണ്ടെന്ന് ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ പിള്ള സാറിന്‍റെ വായ്പ്പാട്ടു പോലുള്ള കവിതാസാഹസങ്ങള്‍ വായിക്കുമ്പോള്‍ താരതമ്യത്തിന് മുതിരാതെ വയ്യ!

വി. കെ. ശ്രീരാമന്‍ അടുത്തിടെ കൊച്ചുപുസ്തക രചയിതാക്കളില്‍ ഒരാളായ "വേറൊരു പമ്മനെ" (അയാളുടെ പേര് ഞാന്‍ മറന്നുപോയി) മാതൃഭൂമിയിലൂടെ പരിചയപ്പെടുത്തുക ഉണ്ടായി. ഇങ്ങിനെയുള്ള പമ്മന്‍മാരും മുട്ടത്തുവര്‍ക്കിയും പാറപ്പുറവും പട്ടത്തുവിള കരുണാകരനും ജോയ്സിയും കസാന്ത് സാക്കിസും എഴുതുന്നത് വായിച്ച് ആസ്വദിച്ചാല്‍ മാത്രം മതി, താരതമ്യം വേണ്ടാ എന്നു പറയുന്നത് കടന്ന കയ്യായിപ്പോയി.

Submitted by സിബു on Fri, 2005-07-01 05:10.

These kinds of discussion should be done in a blog for better visibility and trackablity. Otherwise, if Paul has an RSS feed for the forums, please list that that in Kerala Blog Roll site.

Submitted by paul on Fri, 2005-07-01 07:09.

Dear cibu,
I dont understand how a blog has better visibility than a forum.... A forum has much better features for discussions of this sort. A forum is meant for discussions, where a blog is not.

Anyway as suggested by Sunil, I am linking the forum to the blog4comments google group. An email with summary of the posts made on the day will be posted to the google groups.

thanks,
Paul

Submitted by സിബു on Fri, 2005-07-01 22:05.

ഇന്നലെ അത്രനല്ല മൂഡിലായിരുന്നില്ലാത്തതിനാലാണ്‌ അങ്ങനെ ഒരു ചതഞ്ഞ കമൻറ്‌ എഴുതി സ്ഥലം വിട്ടത്‌.. ക്ഷമിക്കണേ.. എനിക്കുള്ള പരാതി ഇത്ര മാത്രമേ ഉള്ളൂ: ഇവിടെ ശിവനും ബെന്നിയും സുനിലും നടത്തുന്ന സംവാദങ്ങളൊന്നും വായിക്കാൻ തൽപര്യമുള്ള പുറംലോകമറിയുന്നില്ല. വേണ്ടതേതാണ്ടിങ്ങനെയാണ്‌: kerala blog roll പോലുള്ള aggregators-ഇൽ ഈ സംവാദങ്ങളും ലിസ്റ്റ്‌ ചെയ്യണം. അതിനു ഒരു ആർ.എസ്സ്‌.എസ്സ്‌ ഫീഡ്‌ പ്രൊവൈഡ്‌ ചെയ്യുകയേ വേണ്ടൂ.. ഇനി ഈ സംവാദത്തിൽ പങ്കെടുക്കുന്നവർക്കുണ്ടാവാവുന്ന ചില concerns: അത്യാവശ്യം അദ്ധ്വാനിച്ചാണ്‌ ഓരോരുത്തരും ഇതൊക്കെ എഴുതിപ്പിടിപ്പികുന്നത്‌. ഒരു ബ്ലോഗുപോലെ താനെഴുതിയ കാര്യങ്ങൾ മുഴുവൻ ഒറ്റയടിക്ക്‌ ഇനിയൊരിക്കാൽ കാണാനും, വേണമെങ്കിൽ തിരുത്താനും വഴിയുണ്ടായിരുന്നെങ്കിൽ.. ഞാനെന്തായാലും അങ്ങനെയാണ്‌ ചിന്തിക്കുക; ബാക്കിയുള്ളവരെ പറ്റി 100% ഉറപ്പില്ല.

Submitted by paul on Sat, 2005-07-02 05:56.

Please continue at the following link:
http://www.chintha.com/forum/viewtopic.php?t=43

Submitted by Sunil on Sat, 2005-07-02 20:27.

എഴുത്തില്‍ താരതമ്യം ഇല്ല എന്ന്‌ പറഞ്ഞതില്‍ ഞാന്‍ ഒരു കാര്യം ഉദ്ദേശിച്ചത്‌ മാധവിക്കുട്ടിയുടേയും വിജയന്റേയും എഴുത്തിലാണ്‌. അഥവാ അക്ഷരകലാ വര്‍ക്കേഴിസിന്റേയും ബുദ്ധി ജീവികളുടേയും എഴുത്തുകള്‍ താരതമ്യ ചെയ്യരുത്‌ എന്നാണ്‌. A day time cockoo cant beat a bird that sings at night എന്നോ മറ്റോ പണ്ട്‌ കേട്ടിട്ടുണ്ട്‌. വിജയന്‍ എഴുത്തുമാത്രമല്ല കുറച്ചു ചിന്തകളേയും കൂട്ടി തന്റെ കൃതികളില്‍. മാധവിക്കുട്ടിയുടേതു വെറും എഴുത്ത്‌, അക്ഷരങ്ങളെക്കൊണ്ട്‌ പടം വരക്കല്‍. സ്വാഭാവികമായും നിലയ്ക്കും അത്‌. ഇതു പറഞ്ഞത്‌ പരിഹാസരൂപേണ അല്ല. ഇനി വേറൊന്ന്‌, അക്ഷരകലാ വര്‍ക്കേഴ്സ്‌ തമ്മില്‍ താരതമ്യപഠനത്തിലുള്ള സാധ്യതകള്‍ കുറവാണ്‌. അതായത്‌ ജോയ്സിയേയും പമ്മനേയും താരതമ്യം ചെയ്യ്തിട്ട്‌ എന്തു കിട്ടാനാണ്‌? പമ്മനേയും മാധവിക്കുട്ടിയേയുംതാരതമ്യ ചെയ്യേണ്ട ആവശ്യമുണ്ടോ?എല്ലാം relative ആണ്‌ എന്നോര്‍ക്കണം. നമ്മള്‍ തുടങ്ങിയത്‌ മാധവിക്കുട്ടിയുടെ പ്രതിഭയുടെ കാര്യമാണ്‌. മനോഹരമാണത്‌, പക്ഷെ അത്‌ എന്റെ ചിന്തയെ വല്ലാതെ ഉലയ്ക്കുന്നില്ല.

Submitted by Sivan on Sat, 2005-07-02 23:39.

വിജയന്റെ പ്രത്യേകതകളായി ബെന്നി എടുത്തു കാട്ടിയവയെ തന്നെയാണ്‌ എഴുത്തുകാരി എന്ന നിലയില്‍ മാധവിക്കുട്ടിയും മറ്റൊരു തലത്തില്‍ കൈകാര്യം ചെയ്യുന്നത്‌ എന്നു പറയാനാണു ഞാന്‍ ശ്രമിച്ചത്‌.
എനിക്കു വിജയനെയും മാധവിക്കുട്ടിയെപ്പോലെ തന്നെ ഇഷ്ടമാണ്‌. ഒരു പക്ഷപാതത്തിന്റെ പ്രശ്നമല്ല ഇവിടെയുള്ളത്‌.
ഒരു എഴുത്തുകാരനെ അയാളുടെ (അവരുടെ) ചരിത്ര സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ പരിശോധിക്കുന്നതും താരതമ്യം ചെയ്യുന്നതും പാഴ്വേലയാണെന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. യുദ്ധങ്ങളെ പ്രകീെര്‍ത്തിക്കുകയായിരുന്നു കാളിദാസന്‍. യുദ്ധത്തിന്റെ ഭീകരതയെ 'പാറകള്‍' എന്ന കഥയില്‍ വിജയന്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഇന്ന് മനുഷ്യരാശി യുദ്ധകെടുതികളെക്കുറിച്ച്‌ മുന്‍പെന്നത്തേക്കാളും ബോധവാന്മാരായി കഴിഞ്ഞതു കൊണ്ടു മാത്രം എ ഡി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാളിദാസനേക്കാള്‍ വലിയ എഴുത്തുകാരനാണ്‌ വിജയന്‍ എന്നൊരാള്‍ താരതമ്യം ചെയതാല്‍ ശരിയെന്നു തോന്നും. പക്ഷേ അതിനുള്ളില്‍ ഒരു ശരികേടുണ്ട്‌. ശ്രീരാമന്‍ അവതരിപ്പിച്ച താരാജൂണിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു വായിക്കുക. അയാളെ ഭരിക്കുന്ന ഒരു പ്രത്യയ ശാസ്ത്രച്ചട്ടക്കൂടിനുള്ളില്‍ നിന്നാണ്‌ അയാള്‍ എഴുതുന്നത്‌. അതു വായിക്കാന്‍ ആളുണ്ട്‌. മധ്യവര്‍ഗ മൊറാലിറ്റിയാണ്‌ അതു തെറ്റെന്നു വിധിക്കുന്നത്‌. വിജയന്റെ 'അശാന്തി' എന്ന
കഥാസമാഹാരവും 'ധരമ്മ പുരാണത്തിലെ' ആദ്യ അദ്ധ്യായവും വായിക്കുന്ന ഒരു സാധാരണക്കാരന്‍ (വിജയന്റെ പരിവേശങ്ങളൊന്നും അറിയാത്തൊരാള്‍) ഒരു പക്ഷേ അത്രയ്ക്ക്‌ പച്ചയായി കാര്യങ്ങള്‍ പറയാത്തതിനാല്‍ താരാജൂണിനെ അല്‍പം മുകളില്‍ പ്രതിഷ്ഠിച്ചേക്കും. നമ്മള്‍ തിരിച്ചും പറയും. ഏതു ശരി? താരതമ്യത്തിനു തുനിയുന്ന വ്യക്തിയുടെ മനസ്സിനെയാണ്‌ കാര്യങ്ങള്‍ ആശ്രയിക്കുന്നത്‌. അതൊരു പഴയ നിരൂപണരീതിയാണ്‌. സാഹിത്യം എന്നത്‌ നിര്‍ജീവമായ ഒരു സ്വത്വമാണെന്നും അതിനെ അളക്കാന്‍ എപ്പോഴും ഒരു സ്കെയില്‍ മതി എന്നും വന്നാല്‍ മാത്രമേ താരതമ്യത്തിനു പ്രസക്തിയുള്ളൂ. വിയജയനെ അലക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ മതിയാവില്ല, മുകുന്ദന്‌. വേങ്ങയില്‍ നയനാരെയും കോട്ടയം പുഷ്പനാഥിനെയും ഏതു അലവുകോല്‍ കൊണ്ടളക്കും? താരതമ്യത്തിന്റെ പരിമിതി മനസ്സിലാക്കാന്‍ കൃഷ്ണന്‍ നായര്‍ സാറിന്റെ സാഹിത്യവാരഫലം നോക്കിയാല്‍ മതി. ഉള്ളൂര്‍, കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍, കുറ്റിപ്പുറം എന്നിവരൊക്കെ വലിയ കവികളായിരുന്നു അന്നത്തെ മാനദണ്ഡമനുസരിച്ച്‌. കാലം മാറിയപ്പോള്‍ അളവുകള്‍ മാറി. കുമാരനാശാനും ബഷീറും മുന്നിലേയ്ക്കു വന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണി അന്നത്തെ നിലയ്ക്ക്‌ പൈകിളിയായിരുന്നു. ഇന്നോ? ഐതീഹ്യമാല കേരള സംസ്കാരത്തിന്റെ ഈടുവയ്പ്പുകളിലൊന്നാണ്‌.
വെള്ളിയാംകല്ലിന്റെ ഐതീഹ്യത്തെ കൂട്ടുപിടിക്കുന്ന 'മയ്യഴിപ്പുഴയെയും' ഐതീഹ്യമാലയെയും എങ്ങനെ താരതമ്യം ചെയ്യും?
സാധാരണ വായനയില്‍ ഒന്നു മറ്റേതിനേക്കാള്‍ കൊള്ളാം എന്നൊക്കെ പറയാറുണ്ട്‌. പക്ഷേ ഗൌരവമുള്ള അഭിപ്രായത്തിനു തയ്യാറാവുമ്പോള്‍ സൃഷ്ടികളെ അതതിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തണം എന്നാണ്‌ എന്റെ കാഴ്ചപ്പാട്‌.

Submitted by Sivan on Sat, 2005-07-02 23:42.

മാധവിക്കുട്ടി തന്നെ പറഞ്ഞിട്ടുള്ളതാണ്‌ തന്റെ ഭാഷാ പരിമിതിയുടെ കാര്യം. കുറച്ചു വാക്കുകളേ അവരുടെ പക്കലുള്ളൂ. നിര്‍മ്മല്‍ കുമാറിന്റെയും സക്കറിയയുടെയും കഥകളില്‍ കാണുന്നതു പോലെ വാക്കുകളുടെ ധാരാളിത്തം ആ കഥകളിലില്ല. എങ്കിലും അവയുടെ ധ്വനന ശക്തി അപാരമാണ്‌. സ്വയംവരം, നുണകള്‍ ഇവ ഉദാഹരണം.
'അവരുടെ കഥകളിലെ അധികാരം' എന്നെഴുതിയത്‌ ഞാന്‍ വരുത്തിയ വാക്യപരമായ തെറ്റാണ്‌. വിജയനെപ്പോലെ മാധവിക്കുട്ടിയും അധികാര പ്രയോഗത്തെയും അതിന്റെ അപകൃഷ്ടതയെയും കുറിച്ച്‌ ബോധവതിയാണെന്നും പക്ഷേ അത്‌ സ്ഥൂലരാഷ്ട്രീയത്തെപ്പറ്റിയല്ല പകരം കുടുംബങ്ങള്‍ക്കുള്ളിലെ (ആണ്‍)അധികാരപ്രയോഗത്തെക്കുറിച്ചാണെന്നുമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. 'അധികാരം -അവരുടെ കഥകളില്‍ പ്രകടമാവുന്നത്‌ ഈ തരത്തിലാണ്‌' എന്നെഴുതിയിരുന്നെങ്കില്‍ ആ വാക്യത്തിനു വ്യക്തത ഉണ്ടായേനേ!
ക്യൂബിസത്തെക്കുറിച്ച്‌ ഒന്നും അറിയാത്തവര്‍ പിക്കാസ്സോയുടെ പടം കണ്ട്‌ എന്തായിരിക്കും അഭിപ്രായം പറയുക എന്നു നമുക്ക്‌ ഊഹിക്കാം.
ഏതെഴുത്തിലും ചിന്തയുണ്ട്‌. ആര്‍ക്കും അക്ഷരങ്ങളെ വെറുതെ നിരത്തി വച്ച്‌ പേരെടുക്കാനാവില്ല.( എങ്കില്‍ മലയാളം അറിയാമെന്നു വീമ്പിളക്കുന്ന മൂന്നരക്കോടിയ്ക്കും അങ്ങനെ ചെയ്യരുതോ?) നമുക്കങ്ങനെ വെറുതേ തോന്നുന്നതാണ്‌. അങ്ങനെയൊക്കെ അഭിപ്രായം പറയുമ്പോള്‍
നാം നമ്മുടെ പൊങ്ങച്ചത്തെ പുറത്തിടുന്നു എന്നേ ഉള്ളൂ.
സുനില്‍ പറഞ്ഞതില്‍ ഒരു വലിയ ശരിയുണ്ട്‌. "മാധവിക്കുട്ടിയുടെ പ്രതിഭ മനോഹരമാണത്‌. പക്ഷേ അതെന്റെ ചിന്തയെ വല്ലാതെ ഉലയ്ക്കുന്നില്ല."
ആരെ വേണമെങ്കിലും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും വ്യക്തിയ്ക്ക്‌ സ്വാതന്ത്ര്യമുള്ളതുകൊണ്ടും ഉള്ളില്‍ കയറി ഒരാളെ നിയന്ത്രിക്കേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ടും സംവാദം തന്നെ അര്‍ത്ഥമില്ലാതായി തീരുകയല്ലേ?

Submitted by sunlight on Mon, 2005-07-04 23:22.

ഒരു സാഹിത്യ സൃഷ്ടി വായിക്കുമ്പോള്‍ അത്‌ ആരെഴുതി എന്ന് അസ്വസ്ഥപ്പെടുന്നതെന്തിന്‌? കൃതി നല്ലതാണോ അല്ലേ എന്നു നോക്കിയാല്‍ പോരേ? വിജയന്‍ എഴുതിയതെല്ലാം നല്ലതാണെന്ന വിശ്വാസം എനിക്കില്ല. പക്ഷേ വിജയന്റെ പ്രതിഭ എപ്പോഴെങ്കിലും വറ്റിപ്പോയതായി എനിക്കു തോന്നിയിട്ടില്ല.
കച്ചിത്തീയും സുനിലും സാഹിത്യകാരന്മാരെ 'അക്ഷരകലാ വര്‍ക്കേഴ്സ്‌' എന്നു വിളിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എഴുത്തുമാത്രമാണു സാഹിത്യം എന്ന് വിചാരിച്ചതു കൊണ്ടു പറ്റിയ അബദ്ധമായിരിക്കും. നമ്മുടെ വാമൊഴി സാഹിത്യകാരന്മാരെ അപ്പോള്‍ നിങ്ങള്‍ എന്തു വിളിക്കും?

Submitted by cachitea on Tue, 2005-07-05 13:16.

എനിക്ക് ചെറുതായൊന്നു അഭിമാനിക്കാന്‍ വകയുണ്ട് - അക്ഷരകലാ വര്‍ക്കേഴ്സിനേയും ചിന്തകരേയും സുനില്‍ രണ്ട് വിഭാഗങ്ങളായി കണ്ടതിനാല്‍! അക്ഷരകലാ വര്‍ക്കേഴ്സിനും ചിന്തകര്‍ക്കും തമ്മില്‍ താരതമ്യം ആവശ്യമില്ല എന്നാണ് സുനിലിന്‍റെ വാദം. വേറൊന്ന്‌, അക്ഷരകലാ വര്‍ക്കേഴ്സ്‌ തമ്മില്‍ താരതമ്യത്തിനുള്ള സാധ്യതകള്‍ കുറവാണെന്നും.

വിജു വി നായരെ വായിച്ചു തുടങ്ങിയ കാലത്ത് മറ്റൊരു എഴുത്തുകാരന്‍ ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കലാകൌമുദിയിലും പിന്നെ സമകാലിക മലയാളത്തിലും തരക്കേടില്ലാത്ത ലേഖനങ്ങള്‍ എഴുതിപ്പോന്ന വി. ആര്‍. ജ്യോതിഷ്. ഇപ്പോള്‍ വനിതയില്‍ അക്ഷരകലാ വര്‍ക്കര്‍. മസാലാ ജോലികളാണ് ഇയാളിവിടെ ചെയ്യുന്നത്. എങ്കിലും ചിന്താപരമായി ഔന്നത്യം പാലിക്കുന്ന വാചകമൊന്നെങ്കിലും ഇയാളുടെ മിക്ക ലേഖനങ്ങളിലും ഞാന്‍ വായിച്ചിട്ടുണ്ട്. - അപ്പോള്‍ ആരാണിയാള്‍? അക്ഷരകലാ വര്‍ക്കറോ, ചിന്തകനോ, അതോ രണ്ടുമോ?

രാജാവിന് വേണ്ടുന്ന വിനോദ പരിപാടികളിലേക്ക് പദ്യ സംഭാവന നല്‍കിയ Manipravalam school അക്ഷരകലാ വര്‍ക്കേഴ്സിന് നല്ലൊരു ഉദാഹരണമാണ്. വൈശികതന്ത്രം, ലീലാതിലകം തൊട്ട് അച്ചികളുടെ ചരിതം, സന്ദേശകാവ്യം വരെ എഴുതിക്കൂട്ടിയ ഒരുകൂട്ടം കവികള്‍! ഉള്ളൂരടക്കമുള്ള സകല സാഹിത്യ ചരിത്രകാരന്‍മാരും ഇവര്‍ക്കിടയില്‍ താരതമ്യത്തിന് മുതിര്‍ന്നിട്ടുണ്ട്. മികച്ച മണിപ്രവാള അക്ഷരകലാ വര്‍ക്കര്‍, ലീലാതിലകകാരനാണെന്ന് പറഞ്ഞിട്ടുമുണ്ട്. അപ്പോള്‍ അക്ഷരകലാ വര്‍ക്കര്‍മാര്‍ക്കിടയില്‍ താരതമ്യത്തിന് സാധ്യതയില്ലെന്ന് വാദിക്കുന്നതില്‍ കഴമ്പുണ്ടോ?

അക്ഷരകലാ വര്‍ക്കര്‍മാര്‍ ചിലപ്പോഴൊക്കെ ചിന്തകരാവാറുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇനി അക്ഷരകല മാത്രമെടുത്താല്‍ തന്നെ, മികച്ച രീതിയില്‍ ഇത് അഭ്യസിക്കുന്നവരും കുറവല്ല.

ഇനിയുള്ളത് ജോയ്സിയേയും പമ്മനേയും തമ്മില്‍ താരതമ്യം ചെയ്തിട്ട് ഒന്നും കിട്ടാന്‍ പോവുന്നില്ല എന്ന വാദമാണ്. എല്ലാം ആപേക്ഷികം ആണ് എന്നതാവും ഇതിന് കാരണമായി സുനില്‍ എടുത്തു കാണിച്ചേക്കുക. ഉണ്ടിരിക്കുന്നവന് വേണ്ടത് പായയാണ്. ഉണ്ണാത്തവന് വേണ്ടത് ഇലയാണ്. ആരുടെ ആവശ്യമാണ് കൂടുതല്‍ ശരി എന്നത് ആപേക്ഷികമാണെന്ന് വാദമുണ്ടായേക്കാം.

ഇവിടെ നമ്മള്‍ ഏതു ഭാഗത്താണ് എന്ന് ചിന്തിച്ചതിനു ശേഷമേ ശരിയേതെന്ന് കണ്ടുപിടിക്കാനാവൂ. ജീവന്‍ എന്ന മഹാത്ഭുതത്തിന്‍റെ ഭാഗമായി തന്നെത്തന്നെ കരുതുന്ന ഒരാള്‍ക്കും ഇവിടെ ഏതാണ് ശരി എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നു ഞാന്‍ കരുതുന്നു.

(വഴിയില്‍ കിടക്കുന്ന രണ്ട് സിഗരറ്റ് കൂടുകള്‍ എടുത്തു കാണിച്ച് ഇതിലേതാണ് നിനക്കു വേണ്ടത് എന്നു ചോദിക്കും പോലെയാണ് പമ്മനെയാണോ അതോ ജോയ്സിയെയാണോ വേണ്ടതെന്ന ചോദ്യം. സിഗരറ്റ് കൂടുകള്‍ എനിക്ക് ആവശ്യമില്ലാത്തതുകൊണ്ട് ഞാനാ ചോദ്യം നിരാകരിക്കും. ഉത്തരം തന്നില്ലെങ്കില്‍ കൊല്ലും എന്ന് ഭീഷണിയുണ്ടായാല്‍ ചേറു പുരളാത്ത ഒന്ന് എനിക്കു തന്നേക്കൂ എന്നു ഞാന്‍ പറഞ്ഞെന്നും വരും!)

Submitted by Sivan on Tue, 2005-07-05 16:07.

ബെന്നിയുടെ കഴിഞ്ഞ മറുപടിയും വായിച്ചു കഴിഞ്ഞപ്പോള്‍ ആശയക്കുഴപ്പം വന്നു പെട്ടിരിക്കുകയാണ്‌ ഞാന്‍. കല, സാഹിത്യം ഇവ ശാസ്ത്രത്തിന്റെ ഉത്പത്തിയ്ക്കു മുന്‍പേ ഉണ്ടായിരുന്നു എന്നാണ്‌ ചരിത്രം. വാമൊഴിയായോ വരമൊഴിയായോ സാഹിത്യമില്ലാത്ത ഒരു ജനതയെ കണ്ടുമുട്ടാന്‍ പ്രയാസം. അപ്പോള്‍ 'അക്ഷരകലാവര്‍ക്കേഴ്സ്‌' (അര്‍ത്ഥം വ്യക്തമായി തിരിച്ചറിഞ്ഞു കൂടാ-അക്ഷരം വച്ചു കല പ്രവര്‍ത്തിക്കുന്നവര്‍ ഫോണ്ടു നിര്‍മ്മിക്കുന്നവര്‍ തൊട്ടു ചുവരെഴുത്തുകാര്‍ വരെ..?? പിന്നെ സാഹിത്യ പ്രവര്‍ത്തകര്‍.. അവരുടെ കളി അക്ഷരങ്ങള്‍ വച്ചല്ല. വെറും വാക്കുകള്‍ പോലും വച്ചല്ല. എന്നാലും സാഹിത്യകാരന്മാര്‍ ആയിരിക്കും വിവക്ഷിതം എന്നു വച്ചു ബാക്കി എഴുതുകയാണ്‌..) എന്നൊരു താഴ്ത്തിക്കെട്ടിന്റെ ലക്ഷ്യമെന്തെന്നു എത്ര ആലോചിച്ചിട്ടും പിടിക്കിട്ടണില്ല. കുമാരനാശാന്‍ പറഞ്ഞതു പോലെ പരപുച്ഛം തന്നെ.
1. ഇതൊക്കെ ഇവിടെ ഇങ്ങനെ എഴുതികൊണ്ടിരിക്കുന്ന നമ്മളൊക്കെ അക്ഷരകലാവര്‍ക്കേഴ്സ്‌ ആകുമോ? ബെന്നിയുടെ അഭിപ്രായം അനുസരിച്ച്‌ വിജു വി നായര്‍, ജ്യോതിഷ്‌, ഉണ്ണികൃഷ്ണന്‍,ആലങ്കോട്‌ ലീലാകൃഷ്ണന്‍, താഹാമാടായി, പ്രദീപ്‌ പനങ്ങാട്‌ തുടങ്ങിയവര്‍ അക്ഷരകലാവര്‍ക്കേഴ്സ്‌ അല്ലേ? സര്‍ഗാത്മക സാഹിത്യകാര്‍ മാത്രമാണോ ആ പേരിന്‌ അര്‍ഹര്‍? കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി ചോദിച്ചതാണ്‌.
2.ചിന്തകരെയും 'അക്ഷരകലാവര്‍ക്കേഴ്സിനെയും
സുനില്‍ രണ്ടായി കണ്ടതില്‍ തനിക്ക്‌ അഭിമാനിക്കാന്‍ വകയുണ്ടെന്നു ബെന്നി. ലോകത്തിലെ പ്രധാന ചിന്തകരെല്ലാം മറ്റൊരു മേഖലയില്‍ കൂടി കൈവച്ചിരുന്നു. വോള്‍ട്ടയറും, സാര്‍ത്രും സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ തന്നെ കൈവച്ചു. കമ്മ്യൂണിസമുള്‍പ്പടെയുള്ള പോപ്പുലര്‍ ചിന്തയെല്ലാം മനുഷ്യരില്‍ എത്തിച്ചേര്‍ന്നത്‌ സര്‍ഗ്ഗാത്മക സാഹിത്യകാരിലൂടെയാണ്‌. ജനം അവയൊന്നും മനസ്സിലാക്കിയത്‌ നേരിട്ട്‌ തത്ത്വശാസ്ത്രം വായിച്ചിട്ടല്ല. വലിപ്പച്ചെറുപ്പങ്ങളുണ്ടെങ്കിലും ഏതു സൃഷ്ടിപരമായ പ്രവര്‍ത്തനത്തിനും ചിന്ത ആവശ്യമാണ്‌. അപ്പോള്‍ ആകെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഇവ തമ്മില്‍ വേര്‍തിരിച്ചു കാണുന്നത്‌ ഒരാളെ സന്തോഷിപ്പിക്കുന്നതെങ്ങനെ?
3.വസ്തുതാപരമായ ഒരുപാട്‌ പിശകുകള്‍ ബെന്നിയില്‍ കടന്നു കൂടുന്നുണ്ട്‌. വൈശികതന്ത്രം, ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടീ ചരിതം, ചന്ദ്രോത്സവം, പദ്യരത്നം തുടങ്ങി മണിപ്രവാളം സ്കൂളില്‍പ്പെടുന്ന കൃതികളെല്ലാം ഏതേതു രാജാക്കന്മാരെ സന്തോഷിപ്പിക്കാന്‍ എഴുതിയതാണ്‌? അതതു സ്ത്രീകളെ പ്രീതിപ്പെടുത്തന്‍ എഴുതിയതെന്നാണ്‌ ആ കൃതികളില്‍ നിന്നു കിട്ടുന്ന തെളിവ്‌. രാജാക്കന്മാരെഴുതിയതും രാജാക്കന്മാരെ പ്രീണിപ്പിക്കാനെഴുതിയതും ഭക്തികാവ്യങ്ങളാണ്‌.(മുകുന്ദമാല, കൃഷ്ണഗാഥ, കുചേലവൃത്തം വഞ്ചി അങ്ങനെ.. പിന്നെ സ്തുതിപരമായ ഒറ്റശ്ലോകങ്ങളും)
4.
വലിയ തെറ്റ്‌ ലീലാതിലകം മണിപ്രവാളഗ്രന്ഥമാണെന്നു പറഞ്ഞതിലാണ്‌. അതു സംസ്കൃതത്തിലെഴുതിയ മണിപ്രവാള ലക്ഷണ ഗ്രന്ഥമാണ്‌. പാട്ടിന്റെ ലക്ഷണവും ഉണ്ട്‌. അന്നത്തെ ഭാഷയിലെ സന്ധികാര്യങ്ങളും വ്യാകരണവും കാവ്യത്തിന്റെ ഗുണദോഷങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്ന മൂല്യവത്തായ ഒരു കൃതി. അതെഴുതിയ ആളിനെയാണ്‌ അന്നത്തെ 'മികച്ച അക്ഷരകലാ വര്‍ക്കര്‍' എന്നു ഉള്ളൂരടക്കമുള്ള സകല സാഹിത്യ ചരിത്രകാരന്മാരും പറഞ്ഞിട്ടുണ്ടെന്ന് ഒരടിസ്ഥാനവുമില്ലാതെ എഴുതി വച്ചിരിക്കുന്നത്‌.
നമുക്കു ശരി എന്നു ബോദ്ധ്യപ്പെട്ട സംഗതി തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരോട്‌ വിശദീകരിക്കുന്നതിലാണ്‌ സംവാദത്തിന്റെ ഏറ്റവും പ്രസന്നമായ മുഖമുള്ളത്‌. കള്ളങ്ങള്‍ നിരത്തിവച്ചുകൊണ്ടാണ്‌ ഒരാള്‍ തന്റെ വാദങ്ങള്‍ സ്ഥാപിക്കുന്നതെങ്കില്‍ അതാണ്‌ സംവാദത്തെ അലങ്കോലമാക്കുന്നതും മുന്‍വിധികളെ പിടിവാശികളാക്കുന്നതും. നാല്‍ക്കവലയില്‍ നിന്ന് അന്തിയ്ക്ക്‌ കൂട്ടുകാരോട്‌ സംസാരിക്കുന്നതു പോലെയേ ഉള്ളൂ ഇത്‌. ഇവിടെ ഇതൊരു സൈബര്‍ കവലയാനെന്ന വ്യത്യാസം മാത്രം. അല്ലതെ പുസ്തകമാക്കാനോ സ്വയം പരസ്യപ്പെടുത്താനോ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാനൊ ഉള്ള ശ്രമമല്ലിത്‌. ഏതറിവും ഏതു ചോദ്യം ചെയ്യലും വിലപിടിച്ചതാണെന്ന ബോദ്ധ്യം കൊണ്ടാണ്‌ ഞാനിതില്‍ ഇടപെടുന്നത്‌.

ഇതു ബെന്നി മുന്‍പേ പോസ്റ്റു ചെയ്ത ഒരു സന്ദേശത്തിനുള്ള മറുപടി കൂടിയാണ്‌.

Submitted by cachitea on Wed, 2005-07-06 12:27.

ശാസ്ത്രത്തിന് മുമ്പേ കല ഉണ്ടായിരുന്നു എന്ന് പറയാന്‍ പറ്റുമോ ശിവാ? ആറ്റംബോംബിടലും ജെനിറ്റിക് എഞ്ചിനീയറിംഗും മാത്രമാണോ ശാസ്ത്രം? ശാസ്ത്രത്തിനും കലയ്ക്കും മുമ്പേ ആശയവിനിമയമാണ് ഉരുത്തിരിഞ്ഞിരിക്കാന്‍ സാധ്യത. ഇരയെ പിടിക്കാനുള്ള അറിവുകള്‍ ശാസ്ത്രത്തില്‍ പെടുത്താമോ? ജനിച്ച് നിലത്തുവീണയുടെനെ കുഞ്ഞ് കരയുന്നത് കലയോ ആശയവിനിമയമോ?

Sex Workers എന്നൊരു പ്രയോഗമുണ്ട്. കോണ്ടം ഉണ്ടാക്കുന്നവരും ലൂബ്രിക്കന്‍റ് ഓയില്‍ ഉണ്ടാക്കുന്നവരും Sex Workers എന്ന പരിധിയില്‍ വരില്ലെന്ന് എന്‍റെ സാമാന്യബുദ്ധി പറയുന്നു. വളമുണ്ടാക്കുന്ന ഫാക്‌ടറിയില്‍ ജോലി ചെയ്യുന്നയാളെ കൃഷിക്കാരന്‍ എന്നു വിളിക്കാറുണ്ടോ?

സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ താഴ്ത്തിക്കെട്ടുകയല്ല. മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവരെ ഉയര്‍ത്തുകയായിരുന്നു എന്‍റെ ഉദ്ദേശം. ആര്‍ക്കും അക്ഷരകലാ വര്‍ക്കറാവാം. അതായത് പടച്ചു വിടുന്ന സാധനത്തില്‍ മൌലിക ചിന്ത ഉണ്ടെങ്കില്‍ അക്ഷരകലാ വര്‍ക്കറില്‍ നിന്ന് സൃഷ്ടാവിന് വ്യത്യസ്തതയുണ്ട്. പ്രസംഗമായാലും അഭിനയമായാലും വക്കീല്‍പ്പണിയായാലും മൌലിക ചിന്തയുടെ അംശമില്ലെങ്കില്‍ ഈ രംഗത്തുള്ളവരൊക്കെയും വര്‍ക്കര്‍മാരാണ്.

ചിന്തയുടെ അന്തര്‍ധാരയില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. ഇന്നുച്ചയ്ക്ക് ചപ്പാത്തി വേണോ ഊണു വേണോ എന്നു ഞാന്‍ ചിന്തിച്ചുറപ്പിക്കണമല്ലോ! ഇങ്ങിനെയുള്ള ചിന്തയും മൌലിക ചിന്തയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ശിവനെ ആരും മനസ്സിലാക്കിക്കേണ്ടെന്നും എനിക്കറിയാം.

യേശുക്രിസ്തു ദൈവവചനം പ്രചരിപ്പിച്ചത് കെ പി എ സി നാടകങ്ങളിലൂടെയാണോ? അഹിംസയുടെ തത്വശാസ്ത്രം ഗാന്ധിജി പ്രചരിപ്പിച്ചത് "അമ്മ" എഴുതിട്ടാണോ? ഇനി മറ്റൊന്ന് - സര്‍ഗ്ഗാത്മക സാഹിത്യമാണ് കമ്മ്യൂണിസവും മറ്റും ജനങ്ങളില്‍ എത്തിച്ചതെന്ന് ശിവന്‍ പറയുന്നു. ഈ സര്‍ഗ്ഗാത്മക സാഹിത്യ കുശലര്‍ക്ക് ആരാണാവോ പാട്ടായും നാടകമായും നോവലായും ദാസ് കാപിറ്റലും മറ്റും ഗുളികകളാക്കി ഉരുട്ടിക്കൊടുത്തത്?

The earliest of these works in the Manipravalam school is Vaisika Tantram written in the 13th century. It is fairly typical of the works that appealed to the upper class reading public of those days. എന്ന് അയ്യപ്പപ്പണിക്കര്‍. Location : http://www.prd.kerala.gov.in/prd2/mala/lit5.htm

അന്ന് ഷക്കീലയുടെ പടമില്ലാത്തതിനാല്‍, അത്യാവശ്യം കൊച്ചുപുസ്തകക്കാരായ രാജാക്കന്‍മാരെയും ഉന്നതകുല ജാതരെയും രസിപ്പിക്കാന്‍ തന്നെയാണ് മണിപ്രവാള കവിതകള്‍ ജനിച്ചത്. കുലശേഖര രാജാവിന്‍റെ സദസ്സിലെ കവിയായിരുന്നു തോലന്‍. അതുപോലെ മിക്ക മണിപ്രവാള കവികളും ആസ്ഥാന വിദ്വാന്‍മാരായിരുന്നു. മണിയും (മലയാളവും) പ്രവാളവും (സംസ്കൃതവും) സമാസമം അരച്ചു ചേര്‍ത്ത ഭാഷ അന്നത്തെ സാധാരണക്കാരുടെ ഭാഷയല്ലായിരുന്നു. അതുകൊണ്ടുതന്നെ ആരെ ഉദ്ദേശിച്ചാണ് പ്രവാള കവിതകള്‍ പുറത്തു വന്നതെന്ന് ഊഹിക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല.

മണിപ്രവാള സാഹിത്യ സൃഷ്ടിയായി ലീലാതിലകത്തെ എടുത്തത് എന്‍റെ തെറ്റു തന്നെ. ഭാഷ കൊണ്ട് അക്കാലത്തുണ്ടായ കൃതികളെ ലീലാതിലകം അതിശയിക്കുന്നുവെന്നാണ് ഉള്ളൂര്‍ പറയുന്നത്. ലീലാതിലകം മറ്റേ ചരിതങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയത് എന്‍റെ തെറ്റ്. അതായത് ഭാഷയെന്ന പുറന്തോട് മാത്രമുള്ള കൃതികള്‍ക്കിടയിലും താരതമ്യത്തിന് സ്കോപ്പുണ്ട് എന്ന് പറയുകയായിരുന്നു എന്‍റെ ഉദ്ദേശം.

Submitted by Sivan on Sat, 2005-07-09 15:09.

ആറ്റംബോംബ്‌, ജെനെറ്റിക്‌ എന്‍ജിനീയറിംഗ്‌ അങ്ങനെ ശാസ്ത്രത്തെ ലളിതവത്കരിച്ചതല്ല. യുക്തിചിന്തയുടെ ഉദയത്തെയാണ്‌ ശാസ്ത്രം എന്നു സമാന്യമായി പറഞ്ഞത്‌. അതിനു മുന്‍പും സ്വയം ആവിഷ്കരിക്കാനുള്ള പ്രവണതമനുഷ്യനുണ്ടായിരുന്നു. ചുറ്റും പ്രത്യേകതകളോടെ വര്‍ത്തിക്കുന്ന ലോകം തന്നില്‍ ഏല്‍പ്പിക്കുന്ന അനുരണനങ്ങള്‍ക്ക്‌ രൂപം നല്‍കാനുള്ള ത്വര. (ആശയം)അതു മറ്റൊരാളെ അറിയിക്കാനുള്ള ത്വര (വിനിമയം) അതിനു വ്യത്യസ്തത ഉണ്ടായിരിക്കാനുള്ള ത്വര (മൌലികത)താന്‍ എത്തിച്ചേര്‍ന്ന കൈനിലയിലേയ്ക്ക്‌ സഹജാതനെ കൂടെ നടത്താനുള്ള ത്വര (education) വസ്തുപ്രപഞ്ചത്തില്‍ നിന്ന് ഉയര്‍ന്ന് സമാന്തരമായ മറ്റൊരു ലോകത്ത്‌ ബ്രഹ്മാനന്ദസോദരമായ രസാനുഭൂതി ഉണ്ണാനുള്ള ത്വര(അലൌകികത്വം). ഇതാണ്‌ കലയുടെ നാള്‍ വഴി. ആശയവിനിമയമായ കുഞ്ഞിന്റെ കരച്ചിലും കലയാവാം. റഹ്മാന്‍ ഒരു പാട്ടിലത്‌ ഉപയോഗിച്ചല്ലോ. വേട്ടക്കാരന്‍ വ്യത്യസ്തമായ രീതികള്‍ അവലംബിക്കുന്നതും അവന്റെ ആയുധം മോടിപ്പിടിപ്പിക്കുന്നതും അവന്റെ സര്‍ഗാത്മകമനസ്സാണ്‌. അപ്പോള്‍ അവന്റെ യുക്തി ചിന്തയും കലപരതയും ഒന്നിക്കുന്നു. ഇതാണ്‌ പലേടത്തായി ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നത്‌. താങ്കള്‍ കലയെ ഒരു ഡിപാര്‍ട്മെന്റായി കാണുന്നു. സര്‍ഗാത്മകത ഒഴിവാക്കാനാവാത്ത ഒരു മാനുഷിക പ്രവര്‍ത്തനമാണെന്നും അതുകൊണ്ട്‌ അതു
സര്‍വാശ്ലേഷിയാണെന്നുമാണ്‌ എന്റെ നിലപാട്‌. ഇത്രേയുള്ളൂ വ്യത്യാസം.
അര്‍ത്ഥത്തിന്റെ സൂക്ഷ്മത നഷ്ടപ്പെട്ടുപോകുന്നതാണ്‌ 'അക്ഷരകലാവര്‍ക്കേഴ്സ്‌' എന്ന സംജ്ഞയുടെ പ്രശ്നം എന്നാണ്‌ പറഞ്ഞത്‌. രതിപ്രവര്‍ത്തകരില്‍ 'രതി' ഒരു ഉത്പന്നമാണ്‌. അവിടെ അതു വച്ച്‌ ഒരു വാണിജ്യമുണ്ട്‌. ക്ഷരങ്ങളുമായി ബന്ധപ്പെട്ട്‌ കമ്പ്യൂട്ടാറിലും ഒരു വില്‍പ്പന കടന്നു വരുന്നുണ്ട്‌. സാഹിത്യം അക്ഷരകലമാത്രമല്ല.അതു വാണിജ്യത്തിനുപരി ചില പ്രശ്നങ്ങള്‍ തീര്‍ക്കുന്നുണ്ട്‌. അങ്ങനെയൊരു സങ്കല്‍പ്പം വച്ചു പുലര്‍ത്തിയിട്ടാണ്‌ നാം സംസാരിക്കുന്നത്‌ എന്നു വരുമ്പോള്‍ നാം ചവിട്ടുപടിയില്‍ നിന്നാണ്‌ സംസാരിക്കുന്നത്‌. അകത്തേയ്ക്ക്‌ അടുത്തകാലത്തൊന്നും പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നര്‍ത്ഥം.
മൌലിക ചിതയുടേ കാര്യം ബെന്നി പറഞ്ഞത്‌ ഒരു പക്ഷേ ഞാന്‍ മനസ്സിലാക്കാതെ പോയതാണ്‌. ചിന്തയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ നല്ലതും തീയതും ഉണ്ടെന്നത്‌. അതു ശരിയാണ്‌. പക്ഷേ മൌലിക ചിന്ത എന്ന ഒന്നേ ഇല്ല എന്നതാണ്‌ പുതിയ കാഴ്ചപ്പാട്‌. അത്‌ ഇപ്പോള്‍ നമ്മുടെ വിഷയം ആവേണ്ടതില്ല.
യേശുക്രിസ്തു, ഗാന്ധിജി, കെ പി എ സി നാടകങ്ങള്‍, അമ്മ നോവല്‍ ഇങ്ങനെയൊരു ലളിതസമവാക്യമല്ല ഞാന്‍ ഉദ്ദേശിച്ചത്‌ എന്ന് ആര്‍ക്കും മനസ്സിലാവും. സമൂഹത്തിന്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തം പറയുന്നത്‌; ഏതു സമൂഹത്തിലും വിപ്ലവകരമായ ആശയങ്ങള്‍ സിവില്‍ സൊസൈറ്റിയ്ക്കു മനസ്സിലാക്കികൊടുക്കുക എന്ന
ഭാരിച്ച ധര്‍മ്മം അതതു സമൂഹത്തിലെ ഇന്റെലക്ചലുകള്‍ക്ക്‌ ഉണ്ട്‌ എന്നതാണ്‌. ഇത്‌ ഒരു പക്ഷേ ബോധപൂര്‍വം സംഭവിക്കുന്ന കാര്യമാവണമെന്നില്ല. പരോക്ഷമായും സംഭവിക്കാം. ബുദ്ധിജീവിപക്ഷം പാസ്സീവ്‌ ആകുമ്പോള്‍ ആ സമൂഹം പരിവര്‍ത്തനമില്ലാതെ ജഡമാകും. യേശുവിന്റെ ഉപദേശങ്ങള്‍ ജനങ്ങളില്‍ നേരിട്ട്‌ ഇറങ്ങിചെന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ രക്തത്തിനായി ജനം അന്നു തന്നെ മുറവിളി കൂട്ടുകയില്ലായിരുന്നു. വ്യാഖ്യാനങ്ങളാണ്‌ അദ്ദേഹത്തെ പിന്നീട്‌ - അതും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ട്‌- പ്രിയങ്കരനാക്കി മാറ്റുന്നത്‌. ഗാന്ധിജിയും ചാരുമ്മജുംദാറും ഒക്കെ ഉദാഹരണങ്ങള്‍.
ഞാന്‍ ഇനിയും പറയണോ?

Submitted by Sivan on Sat, 2005-07-09 15:13.

പണിക്കര്‍ സാറിന്റെ നിരീക്ഷണം അവിടെ നില്‍ക്കട്ടെ. നമ്മുടെ മുന്നില്‍ ബുക്കുകളുണ്ട്‌. ചരിത്രമുണ്ട്‌. നമുക്ക്‌ നമുടേതായ രീതിയില്‍ ആലോചിച്ചു നോക്കാം.
വൈശികതന്ത്രം പൂര്‍ണ്‍നരൂപത്തില്‍ കിട്ടിയ ബുക്കല്ല. മന്ത്രാങ്കം കൂത്തില്‍ നിന്നു കിട്ടിയ ചില ശ്ലോകങ്ങളും അവിടവിടെയായി ഉദ്ധരിച്ചു കണ്ട ചില ശ്ലോകങ്ങളും ചേര്‍ത്ത്‌ കെ രാഘവന്‍ പിള്ളയാണത്‌ പുസ്തകമാക്കി ഇറക്കിയത്‌. മുത്തശ്ശി ചെറുമകളെ ആണുങ്ങളെ വശീകരിക്കാന്‍ ചില ഉപായങ്ങള്‍ ഉപദേശിക്കുന്നതാണ്‌ രീതി. ഇതേ കാലത്തില്‍ ഉണ്ടായ മറ്റൊരു പുസ്തകം 'ഭാഷാകൌടിലീയം'ആണ്‌ അതു കിട്ടിയടത്തോളം പൂര്‍ണ്ണമാണ്‌. അച്ചീച്ചരിതങ്ങള്‍ക്കൊപ്പം, രാമചരിതം, തിരുനിഴല്‍ മാല (പാട്ടുകള്‍), വാസുദേവാഷ്ടകം, അനന്തപുര വര്‍ണ്ണനം (രണ്ടും മണിപ്രവാള കൃതികള്‍) തുടങ്ങിയവയും കിട്ടിയിട്ടുണ്ട്‌. അവ ആര്‍ക്കുവേണ്ടിയായിരുന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കോ?
ക്ലാസ്സുമുറികളില്‍ അദ്ധ്യാപകര്‍ തരം തിരിക്കും പോലെ അന്നു മുഴുവന്‍ 'അച്ചീ സാഹിത്യങ്ങളായിരുന്നു അത്‌ ഉപരിവര്‍ഗ്ഗത്തിനു രസിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നോ മുറിച്ച്‌ പറയാനാവില്ല എന്നതാണു വാസ്തവം. കാരണം നാം പഴയകാലത്തേയ്ക്കു നോക്കുന്നത്‌ ഇന്നിന്റെ മൊറാലിറ്റി വച്ചാണ്‌. ഒറ്റ തോര്‍ത്തു മാത്രം ധരിച്ച്‌ ആണും പെണ്ണും നടന്നിരുന്ന കാലത്തെ
സാഹിത്യത്തില്‍ 'മുല' എന്നു കണ്ടാലുടനെ 'ദേ അശ്ലീലം..' എന്നു മുറവിളിക്കുന്നത്‌ ചരിത്രത്തെ കണ്ണടച്ചു കാട്ടും പോലെയാണ്‌.

മധ്യശതകത്തില്‍ ലോകത്തെമ്പാടും പെണ്‍കീര്‍ത്തനപരമായിരുന്നു എന്ന് ഡോ.കീല്‍ the history of europian prostitution-ല്‍ പറയുന്നു. ഫ്രെഞ്ചില്‍ നമ്മുടെ മണിപ്രവാളത്തില്‍ നിന്ന് യാതൊരു വ്യത്യാസവുമില്ലാത്ത 'ട്രൂബഡോര്‍' കവിതകള്‍ ഇതേകാലത്ത്‌ ഉണ്ടായി. ഡെക്കാമറണ്‍ കഥകളെ ആരും അപലപിച്ചു കേട്ടിട്ടില്ല. അതെന്ത്‌?
ഷക്കീല പടങ്ങളിലെ പോലെ രതിയെ അതിന്റെ ബാഹ്യതലത്തില്‍ ആവിഷ്കരിക്കുകയല്ല. നമ്മുടെ കൃതികളില്‍. അന്നത്തെ ലക്ഷണമനുസരിച്ചുള്ള കാവ്യഭംഗി മുറ്റിയ കൃതികളാണിവ. സത്യത്തില്‍ രംഗകലയുമായി ഇവ ബന്ധപ്പെട്ടുകിടക്കുന്നു. ചാക്യാന്മാര്‍ക്ക്‌ വന്നിരിക്കുന്ന ആളുകളെ രസിപ്പിക്കാനുള്ള മാര്‍ഗമായിരുന്നു സ്ത്രീ വര്‍ണ്ണനകള്‍. അതുകൊണ്ടാണ്‌ എല്ലാ സ്ത്രീ പരമായ മണിപ്രവാള സ്ലോകങ്ങളും കണ്ടെടുത്തത്‌ ചാക്യാര്‍ ഗൃഹങ്ങളിലെ ആട്ടപ്രകാരങ്ങളില്‍ നിന്നോ വ്യക്തിപരമായ കുറിപ്പുകളില്‍ നിന്നോ ഒക്കെയാണ്‌. ഷേക്സ്പിയറുടെ നാടകങ്ങളിലെ അശ്ലീല പ്രയോഗങ്ങള്‍ തറ ടിക്കറ്റുകാരെ സന്തോഷിപ്പിക്കാനും ഇളക്കാനും ആയിരുന്നെന്നു ഗവേഷകര്‍ പറയും പോലെ.
മറ്റൊന്നുള്ളത്‌. ഒരു ന്യൂനപക്ഷത്തിനു മാത്രം ആസ്വദിക്കാനുള്ളതായിരുന്നു എന്നത്‌. ഫ്യൂഡല്‍ വ്യവസ്ഥ നിലനിന്ന കാലഘട്ടത്തില്‍ ഒരു ന്യൂനപക്ഷം സാമ്പത്തിക സ്വാതന്ത്ര്യവും അതിലൂടെയുള്ള സൌകര്യങ്ങളും അനുഭവിച്ചിരുന്നു. എവിടെയാണ്‌
അങ്ങനെയലാതിരുന്നത്‌? ഇന്നും 3 കോടിയുള്ള കേരള ജനസംഖ്യയില്‍ Technologyയുടെയും വരിഷ്ഠ്‌ സാഹിത്യത്തിന്റെ കൈകാര്യകര്‍ത്താക്കള്‍ ഒരു ന്യൂനപക്ഷം മാത്രമാണ്‌. അതും സാമ്പത്തികോര്‍ജ്ജം അടിത്തട്ടു വരെ ഒഴുകാന്‍ ജനാധിപത്യം പഴുതുകള്‍ തീര്‍ത്തിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടുള്ള ഈ കാലത്ത്‌.
വൈശികതന്ത്രത്തിന്‌ വെണ്മണി ഒരു പുതിയ വെര്‍ഷന്‍ തയ്യാറക്കിയിരുന്നു. 'അംബോപദേശം' വള്ളത്തോളിന്റെ കൊച്ചുസീതയും ആ വഴി തുടന്നു വന്ന കൃതിയാണ്‌. പക്ഷേ വള്ളത്തോളിലെത്തിയപ്പോഴേയ്ക്കും നമ്മുടെ സദാചാര സങ്കല്‍പ്പങ്ങള്‍ മാറി. അതുകൊണ്ട്‌ അമ്മൂമ്മയുടെ ഉപദേശത്തെ നിരസിക്കുന്ന ചെമ്പകവല്ലിയെ നാം കണ്ടു.
കിട്ടിയിട്ടുള്ള പത്തില്‍ താഴെ മാത്രം വരുന്ന സ്ത്രീ കീര്‍ത്തനപരമായ കൃതികള്‍ ( അതും പലതും പൂര്‍ണ്ണമല്ല)വച്ച്‌ അഞ്ചോ ആറോ നൂറ്റാണ്ട്‌ അശ്ലീലം തന്നെ അശ്ലീലമായിരുന്നു ഇവിടെ എന്നു പറയുന്നതില്‍ ഒരു നീതികേടുണ്ട്‌. പതിനെട്ടരകവികള്‍ എന്ന സങ്കല്‍പ്പം പോലും ഒരടിസ്ഥാനമില്ലാതെ നൂറ്റാണ്ടുകള്‍ കൊണ്ടു നടക്കുന്ന നമ്മള്‍ സ്വന്തം ബുദ്ധി ഉപയോഗിച്ചു കാര്യങ്ങള്‍ ഇടയ്ക്കിങ്ങനെ ആലോചിച്ചു നോക്കുന്നതു നന്നായിരിക്കും.

Submitted by kevinsiji on Mon, 2005-08-29 18:00.

നാരായണന് നമ്പി എഴുതിയ ധര്മ്മപദം പരിഭാഷയ്ക്കു് കെ. സി. മാനവേദന് രാജാ എഴുതിയ അവതാരികയുടെ അവസാനഖണ്ഡിക ഇപ്രകാരമാണു്.

Quote:
പാലിഭാഷ സാധാരണ പരിചയം ഇല്ലാത്തതാകയാല്, പൊതുവില് വായനക്കാര്ക്കു് രസിക്കയില്ലായിരിക്കാം. ഇനി വിദ്വാന്മാരാരെങ്കിലും, അത്യാവശ്യം വേണ്ട ഭേദഗതികളോടു കൂടി ഇതു സംസ്കൃതഭാഷയിലേയ്ക്കു പദ്യരൂപേണ തര്ജ്ജമ ചെയ്യുന്നതായാല് പരക്കെ ഉപയോഗപ്പെടുന്നതായിരിയ്ക്കും. മണിപ്രവാളശ്ലോകങ്ങളാക്കിയാല് ഈ ഗ്രന്ഥം സ്ക്കൂളുകളില് പാഠപുസ്തകമായി സ്വീകരിയ്ക്കപ്പെടുമെന്നുള്ളതിന്നും സംശയമില്ല.
കെ. സി. മാനവേദന് രാജാ. (signed - 1915).

ഇതില് നിന്നും ഒന്നു വ്യക്തമാണു്, അശ്ലീലകൃതികള് മാത്രം എഴുതപ്പെട്ടിരുന്ന ഒരു സാഹിത്യശാഖയല്ല മണിപ്രവാളം.

Submitted by cachitea on Fri, 2005-09-02 19:54.

മണിപ്രവാള രീതിയും (സംസ്കൃതപദ ബാഹുല്യമുള്ള പദ്യരചനാ രീതി) മണിപ്രവാള സാഹിത്യശാഖയും (ഇതില്‍ കാലഘട്ടവും ഉള്‍പ്പെടുന്നു) രണ്ടാണ് എന്നാണ് തോന്നുന്നത്.

Submitted by Sivan on Wed, 2005-09-14 21:16.

ഉദാഹരണം?

Submitted by cachitea on Sun, 2005-09-18 15:25.

"രണ്ടാണോ ശങ്കരാ എന്നു ചോദിച്ചപ്പോള്‍, ഒന്നല്ല' എന്നു മറുപടി കൊടുത്ത ആദിശങ്കരനെ കടത്തി വെട്ടി, രണ്ടുതന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞ കക്ഷിയാണ് രാമാനുജന്‍ (1017-1137). ഇദ്ദേഹം ഉണ്ടാക്കിയ വിശിഷ്ടാദ്വൈതം നസ്രാണികള്‍ക്ക് പ്രിയങ്കരമായ ആത്മീയദര്‍ശനമാണ്. (അതേപ്പറ്റി പിന്നീടൊരിക്കല്‍) ഈ രാമാനുജന്‍റെ "അസോസിയേറ്റ്" ആയി ജോലി ചെയ്ത പില്ലനെ (അതോ പിള്ളനോ - കൃഷ്ണന്‍ നായരേ പൊറുക്കണം!) നമുക്കു പരിചയപ്പെടാം.

വിശിഷ്ടാദ്വൈതികളുടെ പ്രാമാണിക ഗ്രന്ഥമായ ഉത്ഭയ വേദാന്തം ഒന്നു വ്യാഖ്യാനിച്ചാല്‍ കൊള്ളാമെന്ന് രാമാനുജനു തോന്നിയെന്നാണ് കഥ. ഉത്ഭയ വേദാന്തത്തിന്‍റെ ആദ്യ ഭാഗം താന്‍ തന്നെ സം‌വിധാനം ചെയ്തു കൊള്ളാമെന്ന് രാമാനുജന്‍, അസോസിയേറ്റും മച്ചുനനുമായ സഖാവ് പില്ലനോട് പറഞ്ഞെത്രെ. കാരണം ദേവഭാഷയായ സംസ്കൃതത്തില്‍ ആയിരുന്നു ഉത്ഭയ വേദാന്തത്തിന്‍റെ ആദ്യഭാഗം. രണ്ടാം ഭാഗം വ്യാഖ്യാനിച്ചു കൊള്ളാന്‍ രാമാനുജന്‍, പില്ലന് അനുമതി നല്‍കി. പില്ലനാവട്ടെ, അതിസങ്കീര്‍ണ്ണമായൊരു അനുപാതത്തിലാണ് വ്യാഖ്യാനഭാഷയെ രൂപപ്പെടുത്തിയത്.

(Note : ubhaya vedAnta refers to the twofold vedAnta, seen through the two eyes of the Sanskrit Upanishads and the Tamil Divya Prabandham. They are of paramount and equal authority to Sri Vaishnavas.)

നാമങ്ങളും 75 ശതമാനം വൊക്കാബുലറിയും സംസ്കൃതത്തില്‍, ക്രിയകളും വാക്യഘടനയും തമിഴില്‍ - ഇങ്ങിനെയൊരു വിചിത്രമായ മിശ്രണാനുപാതമാണ് പില്ലന്‍ സൃഷ്ടിച്ചെടുത്തത്. The language of the commentary is a profuse hybrid of Sanskrit (comprising all nouns and 75% vocabulary) and Tamil (verbs and syntax). This gave rise to a distinct style of writing and language called the 'Manipravala' in the Sri Vaisnava community. ആഴ്‌വാര്‍മാര്‍ രചിച്ച വരികള്‍ക്ക് വ്യാഖ്യാനം ചമച്ച ശൈലിയാണ് മണിപ്രവാളം. വിശിഷ്ടാദ്വൈതത്തിന്‍റെ പ്രചാരണത്തിന് ഉപയോഗിച്ച രീതിയാണ് മണിപ്രവാളം - നമ്മുടെ മണിപ്രവാള കവികള്‍ ജനിക്കുന്നതിനും മുമ്പേ!

മലയാള മണിപ്രവാള സാഹിത്യത്തിലെ ഏറ്റവും പുരാതനമായ (കണ്ടെത്തിയവയില്‍) കൃതി, വൈശികതന്ത്രം, പതിമൂന്നാം നൂറ്റാണ്ടിലാണ് രചിച്ചത്. പാട്ടും മണിപ്രവാളവും തമ്മിലുള്ള ബന്ധത്തെ പറ്റി ആഴത്തില്‍ പഠിച്ച ലീലാതിലകകാരന്‍ ജീവിച്ചിരുന്നത്, പതിനാലാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ്. പിന്നെയങ്ങോട്ട് ചന്ദ്രോത്സവക്കാരുടെ തള്ളിക്കയറ്റമായി. (ഇതു കണ്ടിട്ടാവുമോ, സൂര്യാ ടിവിയില്‍, ഭക്തിയും കാമവും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന് മാത്യു വെല്ലൂര്‍ ഉത്ബോധിപ്പിച്ചിരുന്നത്?)

മണിപ്രവാള ശൈലി പലതിനും ഉപയോഗിച്ചിരുന്നു എന്ന സംഗതി, മാനവേദന്‍ രാജാ മനസ്സിലാക്കിയിട്ടുണ്ടാവും. അതുകൊണ്ടാവണം, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍‍, മാനവേദന്‍ രാജാ, കെവിന്‍ ഉദ്ധരിക്കുമ്പോലൊരു അഭിപ്രായപ്രകടനം നടത്തിയത്. സംസ്കൃതവും പ്രാദേശിക ഭാഷയും ചേര്‍ത്തുണ്ടാക്കിയ മണിപ്രവാള രീതിയ്ക്കും, നമ്മള്‍ വിവക്ഷിക്കുന്ന മണിപ്രവാള സാഹിത്യശാഖയ്ക്കും തമ്മില്‍ അജഗജാന്തരമുണ്ട്. പില്ലന്‍റെ സംസ്കൃത - തമിഴ് മിശ്രണാനുപാതത്തെ മണിപ്രവാള സാഹിത്യശാഖയിലേക്ക് ദത്തെടുക്കാന്‍ പറ്റുമെന്ന് ശിവന് തോന്നുന്നുണ്ടോ?

Submitted by cachitea on Fri, 2005-10-21 09:23.

റോസാദലങ്ങളും കുപ്പിച്ചില്ലുകളും എന്ന പംക്തിയില്‍‍ എം പി നാരായണപിള്ളയെ പറ്റി എസ് ജയചന്ദ്രന്‍‍ നായര്‍‍ എഴുതിയ രസകരമായൊരു കുറിപ്പ് താഴെ ചേര്‍ക്കുന്നു:

എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും "നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്ന് നാണപ്പന്‍ വിശ്വസിച്ചിരുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് വേളിയിലെ യൂത്ത് ഹോസ്റ്റലില്‍ ഒരു ക്യാമ്പില്‍ നാണപ്പന്‍ പങ്കെടുക്കുകയുന്‍റായി. ക്യാമ്പില്‍ സംബന്ധിക്കാന്‍ പോവും മുമ്പ് എം പി നാരായണപിള്ളയെന്ന നാണപ്പന്‍ കുസൃതിയോടെ പറഞ്ഞു: "ഞാനവിടെ പോകുന്നതെന്തിനെന്ന് അറിയാമോ ഇയാള്‍ക്ക്? സര്‍ഗ്ഗസാഹിത്യം എന്നൊന്നില്ലെന്ന് സ്ഥാപിച്ച് ഞാനവിടെ ചില അലമ്പല്‍ ഉണ്ടാക്കും."

അതു തന്നെ നടന്നു. യുവകവികളുടെ സര്‍ഗ്ഗസം‌വാദത്തില്‍ ഇടപെട്ട് അദ്ദേഹം അവരോട് പറഞ്ഞു: "നിങ്ങള്‍ക്ക് ഒ എന്‍ വി കുറുപ്പാകണോ അതോ വയലാര്‍ രാമവര്‍മ്മയാകണോ?" കേട്ടിരുന്ന യുവ കുഡ്മങ്ങള്‍ അന്തം വിട്ടപ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, "ഒരാഴ്ച കഠിനമായി ശ്രമിച്ചാല്‍ നിങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും ഒ എന്‍ വിയോ വയലാറോ ആകാം". വെറുതെ പറഞ്ഞതായിരുന്നില്ല. അദ്ദേഹം അത് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.

(ചിന്തയും എഴുത്തും രണ്ടാണെന്നും ആദ്യത്തേതിനാണ് പ്രതിഭ വേണ്ടതെന്നും രണ്ടാമത്തേതിന് ക്രാഫ്റ്റ് മതിയാവും എന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളാണ് ഞാനും. നമ്മുടെ ചര്‍ച്ചയില്‍ എവിടെയോ, സാഹിത്യത്തിന്‍റെ അപ്രമാദിത്വത്തെയും നിഗൂഡതയെയും പൊളിക്കാന്‍, ഞാന്‍ നടത്തിയ ശ്രമങ്ങളുടെ പിന്നോടിയായിട്ടാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്.)

Submitted by Sivan on Sun, 2005-10-23 19:49.

എന്നിട്ട് നാരായണപിള്ള അവിടെ സൃഷ്ടിച്ച വയലാർ രാമവർമ്മയും ഓ എൻ വി കുറുപ്പും എവിടെ? അവരിപ്പോഴും അതേ പേരിൽ എഴുതുന്നുണ്ടോ?

Submitted by cachitea on Mon, 2005-10-24 11:59.

എഴുതുന്നുണ്ട്. അവരാണ് നല്ല ശമ്പളം പറ്റിക്കൊണ്ട്, അഡ്വര്‍ട്ടൈസിംഗ് കമ്പനികളിലിരുന്ന് നമ്മെക്കൊണ്ട് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിപ്പിക്കുന്നത്. തെങ്ങു കയറ്റക്കാരന്‍റെ ലാഘവത്തോടെയാണ് അവരിത് സാധിക്കുന്നത്. മൂത്ത തേങ്ങയെങ്കില്‍ അത്, ഇളനീരെങ്കില്‍ അത് എന്ന മട്ടിലല്ലേ ഇവര്‍ അക്ഷരങ്ങളെ വെട്ടിയിടുന്നത്? സാഹിത്യം നിഗൂഡമാണെന്നും കാലില്‍ക്കൂടി കയറിവരുന്ന തരിപ്പാണെന്നും കരുതുന്നവര്‍, അതാ അവിടെ കീറിപ്പൊളിഞ്ഞ കുപ്പായവുമിട്ട്, പ്രചോദനം വരുന്നതും കാത്ത്, മാനത്തേക്ക് കണ്ണും നട്ടിരിക്കുന്നു.

Submitted by Sivan on Sun, 2005-10-30 15:29.

കോപ്പി എഴുത്തുകാരും സര്‍ഗ്ഗാത്മക സാഹിത്യകാരന്മാരും തമ്മില്‍ വ്യത്യാസമുണ്ട്‌. ആദ്യത്തെ ആളുകളാണ്‌ മറ്റേവരേക്കാള്‍ മിടുക്കര്‍ എന്നു തോന്നുന്നത്‌ ക്രിസ്തുവിനു ജീവിക്കാനറിഞ്ഞു കൂടായിരുന്നു എന്നു പറയും പോലെയൊരു പ്രായോഗിക ബുദ്ധിയുടെ അവശിഷ്ടം ഇപ്പോഴും നമ്മളില്‍ ഉള്ളതുകൊണ്ടാണ്‌. എഴുത്തില്‍ ഒരുപാട്‌ അബോധധാരകള്‍ വന്നു ചേരുന്നുണ്ട്‌. 'എഴുത്തുകാരെ സാംസ്കാരിക നായകന്മാരായി' തീരുന്നതു അതുകൊണ്ടാണ്‌. വര്‍ത്തമാനകാലത്തില്‍ മാത്രം നിലനില്‍ക്കുന്നവരാണ്‌ പരസ്യം എഴുതുന്നവര്‍.. അതു മോശമാണെന്നല്ല. ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?
എന്റെ പ്രശ്നം ഇതൊന്നുമല്ല നാരായണ പിള്ള നിര്‍മ്മിച്ചു കാണിക്കാം എന്നു പറഞ്ഞ ഓ എന്‍ വിയും, വയലാറും എവിടെ പോയി എന്നാണ്‌? ( കുസൃതിയായ നാരായണപിള്ള ബോധപൂര്‍വം ഉപയോഗിച്ച പേരുകളാവണം ഇവ, കുഞ്ഞിരാമന്‍ നായരെന്നോ ചങ്ങമ്പുഴയെന്നോ കക്ഷി ഉപയോഗിക്കുമായിരുന്നില്ല)
ഏതിനും എതിരഭിപ്രായ മുണ്ടായിരുന്ന വ്യക്തിയാണ്‌ നാരായണപിള്ള, ലേഖനങ്ങള്‍ വായിച്ചു നോക്കിയാലറിയാം. അദ്ദേഹം സ്വയമേവ ഒരു സിദ്ധാന്തമാണെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളെ സിദ്ധാന്തമാക്കേണ്ടതില്ല. ഫെമിനിസം അവസാനിപ്പിക്കാനുള്ള വഴി, സമ്പൂര്‍ണ്ണ മദ്യനിരോധനത്തിനുള്ള വഴി, ചൈനീസ്‌ ചാരന്മാരെ തോത്പിക്കാനുള്ള വഴി അങ്ങനെ കക്ഷി ഉപദേശിച്ച തരവഴികള്‍ നിരവധിയാണ്‌. അതൊക്കെ വായിച്ച്‌ പിള്ളയെ ഒന്നഭിനന്ദിക്കാമെന്നല്ലാതെ ആരെങ്കിലും അതു പ്രാവര്‍ത്തികമാക്കാം എന്നവകാശപ്പെട്ടാല്‍, പിള്ള തന്നെ ടി കക്ഷിയെ ഒന്നു ചുഴിഞ്ഞു നോക്കും..

Submitted by Sunil on Mon, 2005-10-31 13:00.

SivanippOL paRanjath~ (naaraayaNappiLLayepati) SariyaaNennaaN~ enikkum thOnnunnath~. No malayalam keyboard hence stopping

Submitted by Laju G L (not verified) on Wed, 2009-03-18 11:43.

മാധവിക്കുട്ടി എഴുത്ത് നിര്‍ത്തിയാലെന്താ.... ചന്തു മേനോന്‍ മുതല്‍ ഇന്ദു മേനോന്‍ വരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന മലയാളത്തില്‍ ഇങ്ങേ അറ്റത്ത്‌ ഉണ്ടല്ലോ ഇന്ദു മേനോന്‍... പഠിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ മാധവിക്കുട്ടിക്ക്...

നടക്കട്ടെ.. നടക്കട്ടെ.. കാറ് കൊടുത്തപ്പോള്‍ പേനയും കൊടുത്തു പോയെന്ന് തോന്നുന്നു....

കഷ്ടം..