തര്‍ജ്ജനി

ജാതിയും സ്വത്വവും

ജാതിപേരു നിലനിര്‍ത്തികൊണ്ട്‌ മാന്യത പ്രകടിപ്പിക്കുന്ന രീതി ഇപ്പോള്‍ സാര്‍വത്രികമാണ്‌. നായര്‍, മേനോന്‍, നമ്പൂതിരി, വാര്യര്‍, പിഷാരടി.. അങ്ങനെ. പുലയന്‍, വള്ളോന്‍, വേലന്‍, പാണന്‍, മണ്ണാന്‍ എന്നിങ്ങനെയുള്ള പേരുകള്‍ തീരെ കാണാനുമാവില്ല.
കേരളത്തില്‍ അയിത്താചാരം ശക്തമല്ലെങ്കില്‍ പോലും സ്വത്വനിര്‍ണ്ണയത്തില്‍ ജാതിയ്ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. ജാതീയമായ തരംതിരിവുകള്‍ ജനാധിപത്യപരമല്ല, എന്ന റിഞ്ഞു കൊണ്ടു തന്നെ ഞാനും നീയുമായുള്ള വ്യത്യാസം ജാതീയമായ ഏറ്റിറക്കങ്ങളുടെ വ്യത്യാസത്തിലാണ്‌ നാം സ്വയം നിര്‍ണ്ണയിച്ചു പോരുന്നത്‌. കേരളത്തിലെ ഇതര മത സമൂഹങ്ങളിലും ഇതു നിലനില്‍ക്കുന്നുണ്ട്‌. പ്രൊഫ. എ അയ്യപ്പന്‍ കേരളത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്‌. നായന്മാര്‍ക്കിടയില്‍ 55, അമ്പലവാസി 17, സാമന്തന്‍ 4 എന്ന കണക്കില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അവാന്തര വിഭാഗങ്ങള്‍ ഉണ്ടായിരുന്നതായി തെളിവുണ്ട്‌. കാരണം വ്യക്തം. ഓരോ ഉപജാതി ഗ്രൂപ്പും തൊട്ടടുത്ത ഉപജാതിയുമായുള്ള സ്ഥാന വലിപ്പം അനുസരിച്ചാണ്‌ സ്വയം നിര്‍ണ്ണയിച്ചിരുന്നത്‌. സവര്‍ണ്ണര്‍ എന്നു ഒറ്റ സംജ്ഞയാല്‍ വ്യവഹരിക്കപ്പെടുന്ന നിരവധി അവാന്തര വിഭാഗങ്ങള്‍ ഉള്‍പ്പെട്ട സമൂഹത്തിനും സ്വത്വ പ്രതിസന്ധിയുടേതായ പ്രശ്നങ്ങള്‍ ഉണ്ട്‌. പ്രത്യേകിച്ചും
ദലിത്‌ മുന്നേറ്റങ്ങളുടെ കാലഘട്ടത്തില്‍.
ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള വ്യഗ്രതയാണ്‌ ജാതിപേരുകളായി പുനര്‍ജ്ജനിക്കുന്നത്‌. അതിലൂടെ സ്വന്തം സ്ഥാനത്തെ അടയാളപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ്‌ സാക്ഷാത്കരിക്കപ്പെടുന്നത്‌.
ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ ഇവയാണ്‌.
1. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ എന്തുകൊണ്ട്‌ ഇതര ജാതികള്‍ക്കും അവരുടെ ജാതിപേര്‍ ജാത്യാഭിമാനത്തിന്റെ ചിഹ്നമായി തന്നെ ഉപയോഗിച്ചു കൂടാ? തന്റെ ജാതി മോശമാണെന്ന ചിന്തയാണല്ലോ അത്തരം ഉപയോഗത്തില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്‌. അങ്ങനെയല്ല എന്നു തെളിയിക്കാനുള്ള ബാധ്യത ഒരു തലമുറയ്ക്കുണ്ടായാല്‍, അടുത്ത തലമുറയാവും അതിന്റെ നല്ല വശങ്ങള്‍ അനുഭവിച്ചു തുടങ്ങുക.
2. ജാത്യഭിമാനം എന്നത്‌ നിലനില്‍ക്കുന്ന അധികാരഘടനയുമായുള്ള പ്രത്യക്ഷ ബന്ധമാണ്‌. ജനായത്ത വ്യവസ്ഥയില്‍ തത്ത്വത്തിലെങ്കിലും ഏകീകൃതമായ അധികാരശ്രേണി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ ജാതിയെ സംബന്ധിച്ചുള്ള അഭിമാനം ദളിത്‌-ബഹുജന സഭകളിലാണ്‌ ഏറ്റവും പരക്കേണ്ടത്‌. പക്ഷേ അങ്ങനെയല്ല കണ്ടു വരുന്നത്‌. എന്തു കൊണ്ട്‌?
3. ഗ്രാമങ്ങള്‍ തീര്‍ത്തും ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ജാതി തിരിച്ചറിയാനുള്ള ഏകമാര്‍ഗം സ്വയം എഴുതി അധികാരികളെ കൊണ്ട്‌
സാക്ഷ്യപ്പെടുത്തിയ പ്രാമാണിക രേഖകളാണ്‌. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണെങ്കില്‍ കൂടി ഇതു തുടര്‍ച്ചയായി രേഖപ്പെടുത്തി വയ്ക്കേണ്ടി വരുന്നത്‌ അതതു ജാതികളെ അങ്ങനെ തലമുറകളായി നിലനിര്‍ത്താന്‍ കാരണമായി തീരും. അതാണു സംഭവിച്ചു കൊണ്ടിരിക്കുന്നതും. മേല്‍ജാതികളുടെ ദളിത്‌ വത്കരണമാണ്‌ (ബ്രാഹ്മണ്യവത്കരണത്തിനു ബദലായി) ഈ പ്രതിസന്ധിയ്ക്കുള്ള ഒരു പോം വഴി. മറ്റൊരു ബദല്‍?
കേരളത്തിലെ സാഹചര്യങ്ങളെ മാത്രം മുന്‍ നിര്‍ത്തിയാണീ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. ഭാരതത്തിനെയും ലോകത്തിലെയും പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ വേറെയാണ്‌ എന്ന സങ്കല്‍പ്പത്തില്‍. ജാതി പോലെയുള്ള ആശയങ്ങള്‍ എത്ര ജനാധിപത്യ വിരുദ്ധമായിരുന്നാലും പിന്തിരിപ്പനായിരുന്നാലും സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്ന വാസ്തവം എന്ന നിലയ്ക്ക്‌ അവ കാലാകാലം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌.

Submitted by cachitea on Sat, 2005-08-06 20:05.

ബി ആര്‍ പി ഭാസ്കര്‍ ആണെന്നു തോന്നുന്നു, സമകാലികമലയാളത്തില്‍ ജാതിപ്പേരുകളെപ്പറ്റി ഒരു ലേഖനം എഴുതിയിരുന്നു. എന്നാല്‍ ശിവന്‍ എഴുതിയതുപോലെ, കുറച്ചുകൂടി ആഴത്തില്‍ ജാതിപ്പേരുകളെപറ്റി ചിന്തിക്കേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.

ശിവന്‍റെ ചോദ്യം 1: കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ എന്തുകൊണ്ട്‌ ഇതര ജാതികള്‍ക്കും അവരുടെ ജാതിപേര്‍ ജാത്യാഭിമാനത്തിന്റെ ചിഹ്നമായി തന്നെ ഉപയോഗിച്ചു കൂടാ?

ഇതിലൊരു അസ്കിതയില്ലേ ശിവാ? പവിത്രന്‍ മുളയന്‍, ദാസന്‍ പുലയന്‍, ചന്ദ്രന്‍ വാത്തി, അമ്മിണി മണ്ണാത്തി എന്നിങ്ങനെയുള്ള പേരുകളാണ് ശിവന്‍ പറയുന്ന ജാതിപ്പേര് പരിഷ്കരണം നടത്തിയാല്‍ ഉണ്ടാവുക. നവ്യാനായര്‍, മഞ്ജുവാര്യര്‍, സതീഷ് മേനോന്‍, മീരാ നമ്പ്യാര്‍, ഉണ്ണി നമ്പൂതിരി എന്ന സവര്‍ണ്ണ ജാതിപ്പേരുകളോടുള്ള വെല്ലുവിളിയായി വരുന്ന ഇത്തരം പേരുകള്‍ക്ക് എന്തുതരത്തിലുള്ള വരവേല്‍പ്പാണ് ഉണ്ടാവുക എന്ന് ആലോചിക്കാവുന്നതേയുള്ളൂ.

ഇതിനൊരു ബദലായി ഞാന്‍ തിരിച്ചൊന്നു ചോദിക്കട്ടെ. മുളയനും പുലയനും വാത്തിയും പേരിന് പിന്നില്‍ വാലു വെക്കാത്തതുപോലെ സവര്‍ണ്ണനും വാലു വെക്കാതെ നടന്നു കൂടെ? പകരം ദേശത്തിന്‍റെ പേര് വെച്ചുകൂടെ? അതായത് ബെന്നി നസ്രാണി എന്നതിന് പകരം ബെന്നി വെള്ളാറ്റഞ്ഞൂര്‍.

ശിവന്‍റെ ചോദ്യം 2: ജനായത്ത വ്യവസ്ഥയില്‍ തത്ത്വത്തിലെങ്കിലും ഏകീകൃതമായ അധികാരശ്രേണി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ ജാതിയെ സംബന്ധിച്ചുള്ള അഭിമാനം ദളിത്‌-ബഹുജന സഭകളിലാണ്‌ ഏറ്റവും പരക്കേണ്ടത്‌. പക്ഷേ അങ്ങനെയല്ല കണ്ടു വരുന്നത്‌. എന്തു കൊണ്ട്‌?

തിരുവനന്തപുരം ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നു. കഴിഞ്ഞ തവണ ഒ. രാജഗോപാലിനെ ചില്ലറ വ്യത്യാസത്തില്‍ പി. കെ. വാസുദേവന്‍ നായര്‍ തോല്‍പ്പിച്ച മണ്ഡലം. വളരെ മാന്യനായ പന്ന്യന്‍ രവീന്ദ്രനെയാണ് ഇടതുപക്ഷം ഇവിടെ നിര്‍ത്താന്‍ ആലോചിക്കുന്നത്. കരുണാകരന്‍ പന്ന്യനെ അകമഴിഞ്ഞ് സഹായിക്കുമെന്നാണ് ഇടതുപക്ഷം കരുതിയിരുന്നത്. എന്നാല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഒരു തോളനെ (പന്ന്യന്‍റെ ജാതിപ്പേരാണത്) നിര്‍ത്തുന്നതില്‍ താല്‍പ്പര്യമില്ല എന്ന് ഇടതുപക്ഷത്തെ കരുണാകരന്‍ അറിയിച്ചതായി തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് ശിവന്‍ ചോദിക്കുന്നതുപോലെ ഞാനും ചോദിക്കുന്നു.

ശിവന്‍റെ ചോദ്യം 3: മേല്‍ജാതികളുടെ ദളിത്‌ വത്കരണമാണ്‌ (ബ്രാഹ്മണ്യവത്കരണത്തിനു ബദലായി) ഈ പ്രതിസന്ധിയ്ക്കുള്ള ഒരു പോം വഴി. മറ്റൊരു ബദല്‍?

മേല്‍ജാതികളുടെ ദളിതവല്‍ക്കരണം നടക്കാത്ത സംഗതിയാണ്. അതിനുള്ള ആളും അര്‍ത്ഥവും കണ്ടെത്താന്‍ ദളിത് പ്രസ്ഥാനങ്ങള്‍ക്ക് കഴിയില്ല. അര്‍ത്ഥം ഉണ്ടെങ്കില്‍ തന്നെ യജമാന ഭക്തിയാല്‍ സ്വന്തം ജാതിയെ സവര്‍ണ്ണനുതന്നെ കാഴ്ചവെക്കുകയാണ് ദളിത് പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ (ഈഴവ - നായര്‍ സമവായം എന്ന വെള്ളാപ്പള്ളിയുടെ ചിന്താപദ്ധതി ഉദാഹരണം) ചെയ്യുക.

ദീപികയില്‍ രാജു നായര്‍ സ്പീക്കിംഗ് എന്നൊരു പംക്തിയുണ്ട്. ഞാനിയാള്‍ നായരാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. അടുത്തിടെയാണ് ഇയാള്‍ നസ്രാണിയാണെന്ന് ഞാനറിഞ്ഞത്. എന്തിന് നസ്രാണിയായ രാജു, നായരെന്ന വാല്‍ പേരിന് പിന്നില്‍ കെട്ടി?

(ശിവാ, ഇത് എഴുതിക്കഴിഞ്ഞപ്പോള്‍ തീര്‍ത്തും നിരാശ തോന്നുന്നു. താര്‍ക്കികമായും പ്രായോഗികമായും രക്ഷപ്പെടുത്താന്‍ കഴിയാത്ത പടുകുഴിയിലാണോ ദളിതരുള്ളത്? ആണെന്നാണ് എനിക്കു തോന്നുന്നത്.)

Submitted by Sivan on Sun, 2005-08-07 18:23.

100 കുട്ടികളുള്ള ഒരു കോഴ്സിലേയ്ക്കുള്ള സർക്കാർ സംവരണം ഇപ്രകാരമാണ്‌
പൊതു -70
ഹിന്ദു ഈഴവ - 4
മുസ്ലിം -4
ഹിന്ദു ഒ ബി സി -2
ക്രിസ്റ്റ്യൻ ഒ ബി സി -2
പട്ടികജാതി - 8
പട്ടിക വർഗം - 8
ഒ ഇ സി - 2

സംവരണത്തിനു അർഹതയുള്ളവർ എത്രപേർ അപേക്ഷിച്ചു, അതിലെത്രപേർക്കു കൊടുത്തു എന്നതിന്റെ പൂർണ്ണ ലിസ്റ്റ്‌ സൂക്ഷിക്കുകയും, പ്രവേശനം കഴിഞ്ഞ ഉടൻ സർക്കാറിനു അയച്ചു കൊടുക്കുകയും വേണം. ഇതിനു പുറമേ ചില ആശയക്കുഴപ്പങ്ങളും വന്നു പെടാം. സ്കൂളിൽ പഠിക്കുമ്പോൾ പട്ടികജാതിയിൽ പെടുന്ന ഒരു കുട്ടി മതപരിവർത്തനം ചെയ്താൽ സംവരണത്തിനു അർഹതയില്ലാതെയായിത്തീരാം. ഹിന്ദു ചേരമർ S C ആണെങ്കിലും ക്രിസ്ത്യൻ ചേരമർ അങ്ങനെയല്ല. ബോയൻ, ധീവരർ എന്നിവർ പട്ടികജാതിയായിരുന്നു പക്ഷേ ഇപ്പോൾ ഒ ബി സി യാണുള്ളത്‌.
കാര്യങ്ങൾ ഇങ്ങനെയായതു കൊണ്ടു നിരവധിപ്രാവശ്യം ജാതിപ്പേര്‌ സാമാന്യം എല്ലാവരും കേൾക്കത്തന്നെ വിളിച്ചു ചോദിക്കേണ്ടിയും പറയേണ്ടിയും വരും. അതായത്‌ മുന്നിൽ വരുന്ന ഓരോ കുട്ടിയുടെയും ജാതി അറിഞ്ഞോ അറിയാതെയോ മനസ്സിൽ ഉരുവിടാൻ ബാധ്യസ്ഥരാണ്‌ ഇതുമായി ബന്ധപ്പെട്ട ജോലിയിലുള്ളവർ എന്നർത്ഥം.
ഗൾഫിൽ ഇങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നില്ല. ജാതി ഒരു വിഷയമേ ആയിരുന്നില്ല. ജോലിയിലുള്ള കഴിവും കഴിവുകേടും എന്നൊരു തരം തിരിവുമായി മാത്രമാണ്‌ ജീവിച്ചത്‌. ഇവിടെ തൊട്ടടുത്തിരിക്കുന്ന സഹപ്രവർത്തകന്റെ ജാതി പോലും അറിഞ്ഞിരിക്കേണ്ടതത്യാവശ്യമാണ്‌. സ്ഥലമാറ്റത്തിനു പോലും ഇതെല്ലാം മാനദണ്ഡമാവുന്നതു കൊണ്ട്‌.
രേഖകളിൽ ജാതി ഇല്ലാതെയായാൽ പിന്നെ ആരാണ്‌ ഇതൊക്കെ പിറകേ നടന്ന് അന്വേഷിക്കാൻ പോകുന്നത്‌? ഒപ്പം 'മനുഷ്യർ' തമ്മിൽ കല്യാണവും സാധാരണമായാൽ അടുത്ത പത്തു വർഷത്തിനുള്ളിൽ ജാതിയുടെ മേൽക്കോയ്മ ഇല്ലാതെയാവും.
പക്ഷേ അങ്ങനെ സംഭവിക്കില്ല.
ആനുകൂല്യങ്ങൾ നൽകികൊണ്ടായാലും സ്വീകരിച്ചു കൊണ്ടായാലും അതിവിടെ ഇനിയും നിലനിൽക്കും.(അതു വേണ്ട എന്നല്ല എന്റെ അഭിപ്രായം. ജാതിയെ അതായി തന്നെ നിലനിർത്തുക ഘടകം ഈ ആനൂകൂല്യങ്ങൾ കൂടിയാണെന്ന വാസ്തവം കാണാതെ പോകരുതെന്നു പറയുകയാണ്‌. എന്റെ മുന്നിൽ വന്ന കുട്ടികളിൽ ആത്മവിശ്വാസമുള്ള, ജീവിക്കാൻ വേണ്ട സാമാന്യ പരിതസ്ഥിതിയുള്ള ഒരു ദളിത്‌ കുട്ടിയെപ്പോലും എനിക്കു കാണാൻ കഴിഞ്ഞില്ല എന്ന വാസ്തവവും ദുഃഖത്തോടെ അറിയിക്കട്ടെ.) അവർ അങ്ങനെ നിലനിൽക്കണമെന്ന നിഷ്കർഷ ഈ നിയമങ്ങൾക്കിടയിൽ എവിടെയോ അനന്തമായി സന്നിഹിതമാവുന്നു എന്നാണ്‌ എന്റെ തോന്നൽ. ആനുകൂല്യങ്ങൾ നൽകി കൊണ്ട്‌ രക്ഷാകർത്തൃത്വം ചമയാൻ ഒരു സമൂഹം ത്രസിച്ചു നിൽക്കുന്നു.

ഒന്നിനെ നിലനിർത്തികൊണ്ട്‌ അതിനു വേണ്ടി സമരം നയിക്കുക എന്നതിൽ എത്രത്തോളം ശരിയുണ്ടെന്ന്‌ നരേന്ദ്രപ്രസാദും (കുറച്ചു നാൾ മുൻപ്‌) പി കെ രാജശേഖരനും ശ്രീജനും ആനന്ദും ചോദിച്ചത്‌ ഈ അർത്ഥത്തിൽ സാധൂകരിക്കപ്പെടുന്നില്ലേ?

Submitted by cachitea on Sun, 2005-08-07 20:04.

ജീവിക്കാന്‍ വേണ്ട സാമാന്യ പരിതസ്ഥിതിയുള്ള ഒരു ദളിത്‌ കുട്ടിയെപ്പോലും എനിക്കു കാണാന്‍ കഴിഞ്ഞില്ല എന്ന് ശിവന്‍ ദുഃഖത്തോടെ എഴുതുന്നു. ദളിതരെപ്പറ്റി എഴുതിയപ്പോള്‍‍ നിരാശാബോധമുണ്ടായിരുന്നു എന്ന് ഞാന്‍‍ കഴിഞ്ഞ പോസ്റ്റിലെഴുതി.

മാതൃഭൂമിയില്‍ ശ്രീജന്‍‍ എഴുതിയതിന് അനുഭവവുമായി പുലബന്ധം പോലുമില്ല. ശ്രീജന് കൃത്യമായ ഒരു അജണ്ടയുണ്ട്. നരേന്ദ്രപ്രസാദ് അങ്ങിനെ പറയും. അങ്ങിനെയേ പറയൂ. പി. കെ. രാജശേഖരനും ആനന്ദും അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പറഞ്ഞിട്ടുണ്ട് എങ്കില്‍ തന്നെ രാജശേഖരനും ആനന്ദും അങ്ങിനെ ഉദ്ദേശിച്ചിട്ടുണ്ടാവില്ല. (അങ്ങിനെ വിശ്വസിക്കട്ടെ!)

ഈശ്വരന്‍ വിചാരിച്ചാല്‍ പോലും രക്ഷിക്കാന്‍ പറ്റാത്തത്ര ആഴമേറിയ കുഴിയിലാണ് ദളിതര്‍ വീണു കിടക്കുന്നത്. ശ്രീജനല്ല, അയ്യങ്കാളി വിചാരിച്ചാലും അവരെ രക്ഷിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഈ കുഴിയിലേക്കും ചൂണ്ടയിട്ട് കിട്ടുന്നതെടുത്ത് വിഴുങ്ങുന്ന സവര്‍ണ്ണന് നേരെ ഒറ്റക്കെട്ടായി പട പൊരുതുക എന്നല്ലാതെ വേറെയെന്ത് സൊലൂഷനാണ് അവര്‍ക്ക് മുന്നിലുള്ളത്? അതോ, ആ അവകാശം കൂടി നിഷേധിക്കണം എന്നാണോ ശിവനും പറയുന്നത്?

Submitted by Sivan on Sat, 2005-08-13 22:45.

അല്ല. ഉചല്യ,അക്കർമാശി, പാമയുടെ കുരുക്കും സംഗതിയും പുതിയ ഗവേഷണങ്ങളും നിരീക്ഷണങ്ങളും, സബാൾട്ടൻ സ്റ്റഡീസ്‌, ഒറ്റപ്പെട്ട ലേഖനങ്ങൾ,ഓർമ്മക്കുറിപ്പുകൾ, പത്ര വാർത്തകൾ... ഈ ലിഖിതരേഖകളിലൂടെ നമുക്കു മുന്നിൽ തെളിയുന്ന ദയനീയമായ ജീവിതച്ചിത്രങ്ങളുണ്ട്‌. അവയ്ക്കു നേരെ കണ്ണടയ്ക്കുകയല്ല ഞാൻ.
പരിവർത്തനത്തിന്റെ ആദ്യച്ചുവട്‌ കണ്ണീർ തുടച്ച്‌ എഴുന്നേൽക്കുക എന്നതാണ്‌. അപ്പോഴാണ്‌ നമുക്കു പ്രശ്നങ്ങളെ ശരിയായി അപഗ്രഥിക്കാനാവുക.
സ്ത്രീ-പരിസ്ഥിതി- പ്രശ്നങ്ങളിലുള്ളതു പോലെ(പുരുഷൻ, മുതലാളിത്തം യഥാക്രമം) ഒരു ശത്രുവിനെ തേടിയാണ്‌ ദളിത്‌ പ്രസ്ഥാനങ്ങൾ 'സവർണ്ണ'നിലെത്തിച്ചേരുക. കുറേക്കൂടി ആഴത്തിൽ വിശകലനം ചെയ്യേണ്ട വസ്തുതയാണിത്‌. നമുക്കു കേരളം മാത്രമെടുക്കാം, മറ്ററിവുകൾ പരിമിതമായതു കൊണ്ട്‌.
1. സവർണ്ണത്വം എന്ന സംജ്ഞ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന ഒരു കാര്യം ദളിത്‌ പ്രശ്നം ഹിന്ദു മതത്തിൽ മാത്രം സന്നിഹിതമാവുന്ന ഒന്നാണെന്നാണ്‌. ആണോ?
2.'സവർണ്ണൻ' പീഡകമാത്ര യന്ത്രമായി തുടരുന്ന കാഴ്ച ഇന്നു നിലവിലില്ല. അപ്പോൾ കുറ്റം (സമീപ) ഭൂതകാലത്തിന്റേതായി തീരും. ഇതു വിചാരിക്കുന്നതിനേക്കാൾ സങ്കീർണ്ണമാണ്‌. കാരണം ഭൂതകാലത്തിന്റെ തെറ്റുകൾ കുറ്റബോധത്തോടെ ഏറ്റെടുക്കാൻ വർത്തമാന സമൂഹം തയ്യാറാവുകയില്ല. പ്രത്യേകിച്ചും ചരിത്രത്തിൽ ഉദാസീനത പുലർത്തുന്ന കേരളീയരുടേതു പോലുള്ള സമൂഹം.
3. തെറ്റ്‌ ഏറ്റെടുക്കാനും തിരുത്താനും നമുക്ക്‌ ആവശ്യപ്പെടാമെന്നു വയ്ക്കുക. അപ്പോൾ ബാബറിമസ്ജിത്ത്‌ പൊളിച്ചവരെ ന്യായീെകരിക്കേണ്ടി വരില്ലേ? അവരും ഭൂതകാലത്തെ ഒരു തെറ്റു തിരുത്തുന്നു എന്നു പറഞ്ഞാണ്‌ മുറവിളിച്ചതും വമ്പിച്ച സ്വാധീനം നേടിയതും.
4. സവർണ്ണത്വത്തെ പ്രതിസ്ഥാനത്തു നിർത്തുമ്പോൾ കാണാതെ പോകുന്നത്‌ സിവിൽ സമൂഹവ്യവസ്ഥയും അതിനെ കാത്തു പരിപാലിക്കുന്ന ഭരണകൂടവും കൂടി നിലനിർത്താൻ ഉദ്യമിക്കുന്ന അസമത്വങ്ങളെയാണ്‌.
5. പ്രതിയാക്കപ്പെടുന്ന സവർണ്ണൻ ഒരു യാഥാർത്ഥ്യമാണ്‌, ദളിത്‌ മുന്നേറ്റങ്ങളുടെ പാരമ്യത്തിൽ ഈ വലിയ വിഭാഗം എന്തായി മാറും എന്നാണു വിഭാവന ചെയ്യേണ്ടത്‌?
6. അധികാരത്തിന്റെയും വിഭവത്തിന്റെയും കൈകാര്യകർത്താവായി ദളിത്‌ പ്രസ്ഥാനങ്ങൾ മാറുന്ന ഒരു കാലത്തെ സങ്കൽപ്പിക്കുക. സ്വാഭാവികമായും സാമൂഹികനിയമങ്ങളനുസരിച്ച്‌ 'സവർണ്ണാവർണ്ണത്വം' തിരിച്ചിട്ട പ്രതീതിയല്ലേ ഉണ്ടാവുക? (കാഞ്ച ഇളയയുടെ 'ദളിത വത്‌കരണം ഓർക്കാതെയല്ല) അപ്പോഴും സമൂഹിക നീതി പരിഹരിക്കപ്പെടുന്നില്ല എന്നോർക്കുക.
7. ബ്രാഹ്മണ്യം ചീത്തവാക്കാണ്‌ ഇന്ന്. express highway ക്ക്‌ എതിരെയുള്ള വാദഗതികൾ പോലും ബ്രാഹ്മണ്യമായി കണക്കാക്കപ്പെട്ടു. (ജെ രഘുവിന്റെ ലേഖനം) ശത്രുസ്ഥാനത്താവുമ്പോൾ നമുക്കിഷ്ടപ്പെടാത്തതിനെല്ലാം ശത്രുവിന്റെ പേര്‌. പക്ഷേ നാം ജീവിക്കുന്ന സമൂഹത്തിലെ ഈ ന്യൂനപക്ഷത്തിനും പ്രശ്നങ്ങളുണ്ട്‌. രജനിയുടെ ആത്മഹത്യയിൽ നമുക്കൊരു 'ബ്രാഹ്മണ്യത്തെ' കണ്ടത്താം എന്നാൽ അനഘയുടെ മരണത്തിലോ?. പുത്തന്ത്തെരുവ്‌ അഗ്രഹാരങ്ങളിലെ ജീവിതം പാരീസ്‌, കരിമടം കോളനികളിലെ ജീവിതത്തേക്കാൾ മെച്ചമാണെന്നു ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത്‌ ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ പരിഹരിക്കാവുന്ന ചെറിയ പ്രശ്നങ്ങളുടെ വ്യത്യാസത്തിലാണ്‌. വലിയ പ്രശ്നങ്ങൾ ചൂണ്ടാൻ ഒരു ശത്രുവില്ലാതെ ബാക്കിയാവുന്നു.
സംശയങ്ങളാണ്‌... തീർപ്പല്ല, അതുകൊണ്ട്‌ ഇക്കാര്യത്തെക്കുറിച്ചെല്ലാം ചിന്തിച്ചിട്ടുള്ളവർ വക്കുകൾ ഉറക്കെ പറയുക. എന്നാൽ പലപ്പോഴും വികാരങ്ങളാണ്‌ സംസാരിച്ചു തുടങ്ങുന്നത്‌.