തര്‍ജ്ജനി

മുഖമൊഴി

നീതിമാന്റെ രക്തം

ഐ പി എല്‍ വിവാദത്തെത്തുടര്‍ന്നു് ശശി തരൂര്‍ കേന്ദ്രമന്ത്രിസഭയിലെ സഹമന്ത്രിപദവിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ക്രിക്കറ്റകളി വലിയ ഒരു രാഷ്ട്രീയപ്രശ്നമായി മാറുന്നതു് അതില്‍ അന്തര്‍ഭവിച്ച കോടിക്കണക്കിനു് രൂപയുടെ ഇടപാടുകള്‍ കാരണമാണു്. അല്ലായിരുന്നെങ്കില്‍ ഗോട്ടികളിപോലും രാഷ്ട്രീയപ്രശ്നമാവേണ്ടതാണു്. ആഗോളവത്കരണത്തിന്റെ കാലത്തു് നഷ്ടപ്പെട്ടുപോകുന്ന തദ്ദേശീയവിനോദരൂപങ്ങളും കായികവിദ്യയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍ പോലും ക്രിക്കറ്റിലാണു് ശ്രദ്ധപുലര്‍ത്തുന്നതു്. വമ്പിച്ച കായികമാമാങ്കങ്ങള്‍ ഓരോന്നും കോടിക്കണക്കിനു് രൂപയുടെ ഇടപാടുകളാണു്. അതിനാലാണു് കായികവിദ്യയുമായി ബന്ധപ്പെട്ട സമിതികളില്‍ രാഷ്ട്രീയക്കാര്‍ മേലാളന്മാരായി വരുന്നതു്. ഒളിംപിക്‌സ് അസോസിയേഷനായാലും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആയാലും അവയെല്ലാം ഈ മേഖലയിലെ വിദഗ്ദ്ധരെക്കാള്‍ രാഷ്ട്രീയക്കാരാല്‍ നിയന്ത്രിക്കപ്പെടാന്‍ കാരണം ഇതല്ലാതെ മറ്റൊന്നുമല്ല. രാഷ്ട്രീയത്തിന്റെ ഗോദയില്‍ ശേഷിയും ശേമുഷിയും തെളിയിച്ച കളിക്കാരാണു് കളിക്കാരുടെ നിയന്ത്രണം ഏല്ക്കുന്നതു്. അത്തരം ഒരു സാഹചര്യത്തില്‍, നാട്ടില്‍ നടപ്പുള്ള രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പോലും നേരെ മനസ്സിലാക്കാതെ രംഗത്തിറങ്ങുന്നവന്‍ കളത്തിനു് പുറത്താകും. ഇപ്പോള്‍ സംഭവിച്ചതും അതു തന്നെയെന്നു് പറയാന്‍ ഞങ്ങള്‍ മടിക്കുന്നില്ല.

തിരുവനന്തപുരം മണ്ഡലത്തില്‍ ലോക്‍സഭയിലേക്കുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ കടന്നെത്തുന്നതോടെ വിവാദങ്ങള്‍ ആരംഭിച്ചു. കൊക്കകോളയുടെ ദല്ലാളായി പ്രബുദ്ധര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി. മെയിലിംഗ് ലിസ്റ്റുകളിലൂടെ ആ പ്രചരണം കൊണ്ടുപിടിച്ചു പുരോഗമിക്കുമ്പോള്‍ അദ്ദേഹം കേരളനായരല്ല എന്ന പ്രാദേശികജാതിസമവാക്യം വേറൊരു തലത്തില്‍ ഉദയം ചെയ്തു. അക്ഷരാഭ്യാസമോ നിയമസഭയിലോ ലോക്‍സഭയിലോ സാമാജികനാവാന്‍ വേണ്ട വകതിരിവോ ഇല്ലാത്ത പരശതം മത്സരരംഗത്തുള്ളപ്പോള്‍ ഒരാളുടെ പോലും യോഗ്യത ഒരിക്കല്‍ പോലും നമ്മുടെ പ്രബുദ്ധസമൂഹമോ സാമുദായികനേതാക്കളോ എന്തിനു് രാഷ്ട്രീയക്കാര്‍ പോലും ചര്‍ച്ചചെയ്യാറില്ല. പൊതുജനഹിതത്തിന്റെ സൂക്ഷിപ്പുകാരും നടത്തിപ്പുകാരും എന്നെല്ലാം അവകാശപ്പെടുന്നവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടു് ശശി തരൂര്‍ തിരുവനന്തപുരത്തു് വിജയിച്ചു. കൊക്കകോളയും പരദേശിനായരത്വവും അതോടെ രംഗംവിട്ടുവെങ്കിലും വിവാദങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. നക്ഷത്രഹോട്ടല്‍വാസം, കന്നുകാലിക്ലാസ്സ്, ദേശീയഗാനം, ട്വിറ്റര്‍ എന്നിങ്ങനെ അദ്ദേഹം തൊടുന്നതിലെല്ലാം വിവാദത്തിനു് വകയുണ്ടായി. നാട്ടുനടപ്പു് എന്തെന്നറിയാനും അതിനൊത്തു് കോലം കെട്ടാനും അദ്ദേഹത്തിനു് വൈദഗ്ദ്ധ്യം ഇല്ലാതെ പോയി. തിരുവനന്തപുരത്തെത്തുമ്പോള്‍ ഖദര്‍ മുണ്ടും ഷര്‍ട്ടും വേഷ്ടിയുമായി വേഷം മാറുന്നതല്ലാതെ ശശി തരൂര്‍ പണ്ടെന്തായിരുന്നുവോ അതു തന്നെയായി തുടര്‍ന്നു. നാടിനും നാട്ടുകാര്‍ക്കും ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്നു് അദ്ദേഹം ആഗ്രഹിച്ചു. നമ്മുടെ നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയവായ്ത്താരി ഇനിയും പഠിച്ചിട്ടില്ലെന്നതിനാല്‍ ചെയ്തകാര്യങ്ങളും ചെയ്യാനിരിക്കുന്ന കാര്യങ്ങളും പറഞ്ഞൊപ്പിക്കുവാന്‍ അദ്ദേഹത്തിനു് സാധിച്ചുവോ എന്നു് സംശയമാണു്.

കോടിക്കണക്കിനു് രൂപ മറിയുന്ന ഒരു ഇടപാടില്‍ മന്ത്രി എന്ന നിലയിലുള്ള തന്റെ പദവി ഉപയോഗിച്ച് ഇടപെട്ടുവെന്നതിനാലാണു് അദ്ദേഹത്തിനു് സഹമന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. സ്വന്തം അധികാരം ഉപയോഗിച്ചു് ഇത്തരം ഇടപാടുകളില്‍ ഇടപെടാന്‍ അവസരം ഉണ്ടായിട്ടും ഇടപെടാതിരിക്കുന്ന എത്ര രാഷ്ട്രീയക്കാര്‍ നമ്മുടെ നാട്ടിലുണ്ടു് എന്നതു് കൗതുകകരമായ കാര്യമാണു്. രാഷ്ട്രീയം എന്നാല്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഒരു പര്യായപദം എന്ന നിലയിലായിട്ടു് കാലമെത്രയായി? പുരോഗതി, വികസനം എന്നെല്ലാമുള്ള വാക്കുകള്‍ ഓരോ രാഷ്ട്രീയക്കാരന്റേയും വ്യക്തിപരമായ കാര്യമായല്ലാതെ നാടിന്റെ വികസനവും പുരോഗതിയുമാണു് എന്നു് വിഡ്ഢികളല്ലാതെ ഇക്കാലത്തു് വിശ്വസിക്കുകയില്ല. കേന്ദ്രത്തിലും സംസ്ഥാനത്തിലും എന്തിനു് പഞ്ചായത്തുതലത്തിലും നടമാടുന്ന അഴിമതികള്‍ ഓരോ നിമിഷവും ഈ സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടു്. അഴിമതിയുടെ ഈ ഉത്സവാന്തരീക്ഷത്തില്‍ ക്രൂശിതനായ ഒരു മലയാളിമന്ത്രിയുടെ പേരില്‍ സഹതപിക്കാനോ ന്യായം പറയാനോ ആരുമില്ല എന്നതു് ഖേദകരം തന്നെ. അദ്ദേഹം വ്യക്തിപരമായി അഴിമതിയിലൂടെ ധനസമാര്‍ജ്ജനം നടത്തിയെന്നു് ഇതു വരെ ആരും പറഞ്ഞിട്ടുമില്ല.

ഐ പി എല്‍ വിവാദകാലത്തു് ശശി തരൂരിന്റെ വ്യക്തിജീവിതത്തിലേക്കും സ്വകാര്യതയിലേക്കും ഒളിഞ്ഞുനോക്കാനും കുശുമ്പ് പറയാനും ധാരാളം പേരുണ്ടായി. ജനസാമാന്യത്തിനു് അസൂയ തോന്നിക്കുവാന്‍ ഏറ്റവും മികച്ച ചേരുവ പണവും പെണ്ണുമാണു്. ആരുടേയെങ്കിലും അഴിമതിയെ അപലപിച്ചു പറഞ്ഞു് ഞാനൊരു അഴിമതിക്കാരനല്ല എന്നു് തോന്നിപ്പിക്കുവാനും ആരുടെയെങ്കിലും സ്വകാര്യജീവിതത്തില്‍ ഒളിഞ്ഞുനോക്കി ഞാനൊരു സന്മാര്‍ഗ്ഗവാദിയാണു് എന്നു് തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുക നമ്മുടെ ഒരു സമകാലികമായ തന്ത്രമാണു്. ഇത്തരക്കാരെ നേരിട്ടു്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പത്രസമ്മേളനം നടത്തിയതോടെ സന്മാര്‍ഗ്ഗികള്‍ പലരും വിശ്രമജീവിതത്തിനു് പോയി. കോടിക്കണക്കിനു് രൂപയും കാശ്മീരി സുന്ദരിയും എന്നെല്ലാം കേള്‍ക്കുമ്പോള്‍ കുശുമ്പു് തോന്നുന്ന ഇത്തിരിപ്പോന്ന മനസ്സുകള്‍ക്കു് നുണഞ്ഞുരസിക്കാനുള്ള കോലുമിഠായിയായി ശശി തരൂര്‍ മാറി. സഹമന്ത്രിപദത്തില്‍ നിന്നും മാറിയതോടെ ശശി തരൂരിനെക്കുറിച്ചു് വിവാദങ്ങളേയില്ല.

കോര്‍പ്പറേറ്റുകളുടെ സ്പോണ്‍സര്‍ഷിപ്പില്ലാതെ ഒരു വന്‍പരിപാടിയും നടക്കാറില്ല. കണ്ണൂരില്‍ നടന്ന ഒരു സ്വര്‍ണ്ണകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ സ്പോണ്‍സര്‍മാരില്‍ ഒന്നു് ഒരു മദ്യക്കമ്പനിയായിരുന്നു. രണ്ടുകുപ്പി ബീര്‍ വാങ്ങൂ, സ്വര്‍ണ്ണകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് നേടൂ എന്ന് മദ്യക്കമ്പനി പരസ്യം ചെയ്തത് വാര്‍ത്തയായി. അന്തരിച്ച ഒരു നേതാവിന്റെ പേരില്‍ നടത്തപ്പെടുന്ന കാല്പന്തുമത്സരത്തിനു് ഇങ്ങനെ ഒരു പരസ്യം വന്നതില്‍ പരേതനായ നേതാവിന്റെ കുടുംബാംഗങ്ങള്‍ വിഷമം രേഖപ്പെടുത്തി. കാശുമുടക്കുന്നവന്‍ അവനു് ഗുണമുണ്ടാകുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ നോക്കുന്നതു് സ്വാഭാവികം. എന്നാല്‍ ചൂതാട്ടക്കാരനേയും മദ്യക്കമ്പനിക്കാരനേയും കൂട്ടുപിടിച്ചാണു് അനതരിച്ച നേതാവിന്റെ സ്മരണനിലനിറുത്തേണ്ടതു് എന്ന ആലോചനയില്‍ അനൗചിത്യം കാണുന്നില്ല എന്നതിലാണു് ഇവിടെ പ്രശ്നം. ഫുട്‌ബോളായാലും ക്രിക്കറ്റായാലും കാശുമുടക്കുന്നതു് കോടികള്‍ ആസ്ഥിയുള്ള വന്‍ കമ്പനികള്‍ തന്നെ. ഇത്തരം സ്ഥാപനങ്ങള്‍ മത്സരാക്രാന്തമായ വര്‍ത്തമാനകാലാവസ്ഥയില്‍ തങ്ങളുടെ മേല്‍ക്കൈ നിലനിറുത്തുവാന്‍ നടത്തുന്ന അധാര്‍മ്മികമായ പ്രവര്‍ത്തനങ്ങള്‍ പലതും ഇത്തരം സാമ്പത്തികാനുകൂല്യം നേടുന്നവര്‍ക്കു് കണ്ടില്ലെന്നു നടിക്കേണ്ടി വരും, പലപ്പോഴും അതിനു് ഒത്താശ ചെയ്തുകൊടുക്കേണ്ടതായും വരും. കായികവിദ്യയും കലാരംഗവും ഇങ്ങനെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കു് വിധേയമാവുന്നതു്, വാസ്തവത്തില്‍ കലയ്ക്കും കായികവിദ്യയും പ്രയോജനപ്രദമാണോ എന്നു് ആലോചിക്കേണ്ടതായുണ്ടു്.

കോര്‍പ്പറേറ്റ് പരിലാളനം ഏല്ക്കാനിടയില്ലാത്ത എല്ലാം അവഗണിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിന്നു് നിലനില്ക്കുന്നതു്. എളുപ്പവഴിയില്‍ ക്രിയചെയ്യാന്‍ ശീലിച്ച സംഘാടകരെല്ലാം കോര്‍പ്പറേറ്റ് താല്പര്യത്തിനു് പാകത്തിലുള്ള വിഭവങ്ങളുമായി സംസ്കാരത്തെയും കലയേയും വില്പനച്ചരക്കാക്കുന്നു. നാടകത്തിനു് കാശുമുടക്കാന്‍ മുതലാളിമാര്‍ തയ്യാറല്ലാത്തതിനാല്‍ പണത്തിന്റെ കൊഴുപ്പില്‍ മദിക്കുന്ന ചലച്ചിത്രത്തിലും അതിന്റെ താരപ്പൊലിമയിലുമാണു് ശ്രദ്ധ. അതിനാല്‍ സിനിമാക്കാരന്‍ കളിച്ച നാടകം മികച്ച മറ്റെല്ലാ നാടകങ്ങളുടേയും മീതെ ചെന്നെത്തുന്നു. കേരളത്തില്‍ സിനിമ പ്രതിസന്ധിയിലാണു്. സിനിമാശാലകള്‍ ഓഡിറ്റോറിയങ്ങളോ കല്യാണമണ്ഡപങ്ങളോ ആയി മാറുകയാണു്. നാടകം അതിസാഹസികരായ ഏതാനും കലാകാരന്മാരുടെ പ്രവര്‍ത്തനം കൊണ്ടുമാത്രമാണു് ഇന്നു് കേരളത്തില്‍ നിലനില്ക്കുന്നതു്. നാടകരംഗത്തു് ഇന്ത്യയിലെ വലിയ അംഗീകാരങ്ങളിലൊന്നായ മഹീന്ദ്ര പുരസ്കാരങ്ങള്‍ ആറെണ്ണം നേടിയ ദീപന്റെ സ്പൈനല്‍ കോഡ് എന്ന ഒരു നാടകമുണ്ടു്. ഒരു മുതലാളിയും സ്പോണ്‍സര്‍ ചെയ്യാനില്ലാത്തതിനാല്‍ കേരളത്തില്‍ അധികമാരും ആ നാടകം കണ്ടിട്ടില്ല. കലയോടു് പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന അക്കാദമിയും സാംസ്കാരികവകുപ്പും സര്‍ക്കാരുമാണു് ഇവിടെ ഉള്ളതെന്നാണെങ്കില്‍ ആ നാടകം കേരളത്തിലെ എല്ലാ താലൂക്കുകളിലും ഒരു പ്രദര്‍ശനമെങ്കിലും നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയാണു് വേണ്ടതു്. റസൂല്‍ പൂക്കുട്ടിയെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നതും ആദരിക്കുന്നതും കലാകാരന്മാരോടുള്ള പ്രതിപത്തിയുടെ പേരിലാണെങ്കില്‍ ഇങ്ങനെ ഒരു നടപടി ഒഴിച്ചുകൂടാനാകാത്തതാണു്. ഓസ്കാര്‍ ജേതാവിന്റെ പേരില്‍ മേനി നടിക്കുമ്പോള്‍, തങ്ങളുടേതല്ലാത്ത കേമത്തിന്റെ പങ്ക് പറ്റാന്‍ ശ്രമിക്കുമ്പോള്‍, വാസ്തവത്തില്‍ സഹായം ആവശ്യമായ കലാകാരന്മാരെയും അവരുടെ പ്രവര്‍ത്തനത്തേയും പിന്തുണയ്ക്കുകയാണു് സര്‍ക്കാര്‍ ചെയ്യേണ്ടതു്. വലിയ മാമാങ്കങ്ങള്‍ നടത്തുന്നതിനു പകരം പ്രാദേശികകലാകാരന്മാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണു് വേണ്ടതു്. കോടികളുടെ ഇടപാടില്ല ഇതിലൊന്നിലും എന്നതിനാല്‍ പിന്‍വാങ്ങി നില്ക്കുകയല്ല വേണ്ടതു്.

ഐ പി എല്‍ കേരളത്തിന്റെ വികസനത്തിനു് ആവശ്യമാണെന്നും കേരളത്തിലെ യുവജനങ്ങളുടെ അഭിലാഷമാണു് എന്നെല്ലാം വിവാദം ചൂടുപിടിച്ച സന്ദര്‍ഭത്തില്‍ കേരളത്തിലെ പല രാഷ്ട്രീയനേതാക്കളും പറഞ്ഞു കേള്‍ക്കുകയുണ്ടായി. അവരാണല്ലോ ജനങ്ങളുടെ മനസ്സാക്ഷിയും ശബ്ദവും!

Subscribe Tharjani |
Submitted by Dr kuriakose (not verified) on Sun, 2010-05-09 04:32.

If Jose K Mani can win a lokh Sabha elecetion, Sasi can easily do it , (at least he is good in academics being attained PhD at a very young age). But can he really represent the people of Thiruvananthapuram? Can he represent any cross section of Indian population? But some people say pejoratively that people in Thiruvanathapuram deserve such a person. They may send him again to Lokh Sabha !!!! Some people have the wisdom to believe that he will soon become a liability for Congress.

Submitted by Asaf (not verified) on Sun, 2010-05-09 13:10.

"നീതിമാന്റെ രക്തം"
What does it means?
I am agreeing with most of the comments in this article, but yet not understand for what that heading stands for.

Submitted by cherur (not verified) on Sun, 2010-05-09 16:07.

ശശി ഭരണപഥത്തിലിരിക്കുമ്പോള്‍ ചെയ്യുന്ന തോന്ന്യാസം പറഞ്ഞാല്‍ കുശുമ്പ്, വായ്ക്കുതോന്നുന്നത് ചെറുതെറ്റ്. കുഞ്ഞാലിക്കുട്ടിയോ സുധാകരനോ ചെയ്താല്‍ വന്‍ കുറ്റം. ഇരട്ടത്താപ്പ് യഥാര്ഥത്തില്‍ ലേഖകനാണ്. വളരെ മോശം പരിശോധന തന്നെ ലേഖനം. വായിച്ചുരസിക്കാം. കാര്യമൊന്നുമില്ല, സന്ദേശവും.

Submitted by Sapna Anu B.George (not verified) on Tue, 2010-05-11 13:03.

ഞാനൊരു സാധാരണ വീട്ടമ്മയാണ് .എന്റെ അഭിപ്രായങ്ങള്‍ക്കും ആ ഒരു ചിന്താ ശക്തിയും ,അഭിപ്രായവ്യത്യാസവും കാണും. വായിക്കുന്നവര്‍ ക്ഷമിക്കുമല്ലൊ!!!! ശശി തരൂരിനെ ഒരു 'സ്കെയ്പ് ഗോട്ട്' ആയി എന്നു വിചാരിച്ച് ആരും തന്നെ സഹതപിക്കേണ്ട ആവശ്യം ഇല്ല. ഇതൊക്കെ നേരത്തേ തന്നെ, കാലേകൂട്ടി തീരുമാനിച്ചുറച്ച കാര്യങ്ങള്‍ തന്നെ. കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയോ അല്ലെങ്കില്‍ ബിസിനസ്സുകാരൊ 'കൊച്ചി റ്റീമില്‍' ഉണ്ടോ.... ഇല്ല്ലല്ലോ!!!! ഞാനോ താങ്കളോ ഉണ്ടോ? ഇല്ലല്ലോ? വോട്ട് ചോദിക്കാനായി തിരുവനന്തപുരം മുഴുവന്‍ നടന്നു നിന്നു. കേരളത്തിനു IPL റ്റീം ഉണ്ടാക്കാന്‍ നമ്മാളാരും വേണ്ട!!! സുനന്ദ പുഷ്ക്കരും അവരുടെ റ്റീം, അതില്‍, അതും ഇതെല്ലാം ഒരു വിവാദത്തിനു ശേഷം വെളിയില്‍ വന്ന കാര്യങ്ങള്‍!. അമേരിക്ക/ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ ഡിപ്ലോമാറ്റ് ആയി, അതീവ സൂക്ഷ്മസ്വഭാവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരാള്‍ക്ക്, ഇന്ഡ്യന്‍ രാഷ്ടിയത്തിനെ 'പ്രോട്ടോക്കോള്‍ ' പൊതുജനത്തിനായി റ്റ്വിറ്ററില്‍ കൂടി പറയരുത് എന്നു പറഞ്ഞു കൊടുക്കണോ? പിന്നെ പൊതുജനം എത്രമാത്രം വാകുകളുടെ അര്‍ത്ഥം മനസ്സിലാക്കുന്നു എന്നു പറഞ്ഞു മനസ്സിലാക്കണോ? ഇംഗ്ലീഷ് നിഘണ്ടുവിലെ വാക്കുകള്‍ ആണ് പറഞ്ഞത്, അല്ലാതെ'cattle class' എന്നാല്‍ 'സാധാരണക്കാരായ പൊതുജനം'എന്നല്ല എന്നു,വീണ്ടൂം..... ടിറ്റ്വറില്‍ കൂടി പറയണോ? 100 % അഭ്യസ്ഥവിദ്യരായ കേരളമക്കളോട് 'സ്ലാംഗ്, പ്രോവെര്‍ബ്, കോട്ടുകള്‍' ഇതുവെച്ചുള്ള വാഗ്വാദം വേണോ!!! പിന്നെ സഹതാപം വേണ്ട, കേരളം എന്റെ കേരളം എന്നു പറഞ്ഞു ദില്ലിയില്‍ ചെന്നപ്പോ ചേട്ടന്റെ വിധം മാറി, സ്ഥിതി മാറി, സംസാരം മാറി, കുടുംബം മാറി, അഭിപ്രായം മാറി.......കവിത എഴുതുന്നയാള്‍, കവിത വായിക്കുന്ന ആള്‍ എന്നും മറ്റുള്ളവരെക്കാള്‍ ഒരു പടി മുന്നിലായിരിക്കും, മറ്റുള്ളവരുടെ മനസ്സും, ചിന്തയും മനസ്സിലാക്കാനും, കരുതാനും.ഇതു ഞാന്‍ 13 ബുക്ക് എഴുതിയിട്ടുണ്ട് എന്നു വിളിച്ചു പറഞ്ഞോണ്ടു നടക്കുകയല്ലെ!!! അല്ലാതെ 3 കല്ല്യാണവും കഴിച്ച്, നാട്ടിലെ റേഷന്‍ കാര്‍ഡും തിരുത്തി, (ഏതോ ഒരു പാവപ്പെട്ടവന്റെ വയറ്റത്തടിച്ചില്ലെ, ഈ റേഷന്‍കാര്‍ഡ് എടുത്തപ്പൊ?) ട്രെന്‍ഡ്സെറ്റര്‍ വേഷവും ധരിച്ചു നടക്കയല്ല വേണ്ടത്.

Submitted by kadaththadan (not verified) on Tue, 2010-05-11 21:47.

പ്രതിരോധത്തിന്റെയും പുനര്‍നിര്‍മ്മിതിയുടേയും അജണ്ട റദ്ദാക്കപ്പെട്ട വ്യവസ്ഥാപിത ഇടത് പക്ഷക്കാരുടെ സമ്പൂര്ണ്ണകിഴടങ്ങള്‍ നമ്മുടെ സാസ്കാരിക ശരീരത്തെ രോഗാതുരമാക്കിയിട്ടുണ്ട് .സാമ്രാജ്യത്വ അധിനിവേ ശത്തെ ചെറുക്കെണ്ടിയിരുന്ന കേരളീയ യുവത്വത്തിന്റെ പൊതുബോധം ഇക്കിളികളില്‍ അഭിരമിക്കുമ്പോള്‍ ശശി തരൂരിനും IPL ഉം ഒക്കെ കലാ-കായിക വിപണിയില്‍ മുന്തിയ ചരക്കു തന്നെയാണ് .സമാധാനത്തിന്റെ സുവിശേഷകനായി എത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ ആയുധ വ്യാപാരിയാണ് എന്നത് തിരിച്ചറിയാന്‍ കൂട്ടാക്കാത്ത വരുടെ നാട്ടില്‍ ഇത് തന്നെയാണ് സംഭവിക്കുക എന്ന ഗുണ പാഠം മിച്ചം .

Submitted by O.K. Sudesh (not verified) on Fri, 2010-05-14 13:08.

Shashi Tharoor-IPL സംഭവത്തില്‍ -- സ്വജനപക്ഷപാതം എന്ന നിലയ്ക്ക്‌ -- ഒരു നേരിയ തരം അഴിമതിയൊക്കെ ആരോപിയ്ക്കാം. അഴിമതിയെപറ്റി വളരെ ഉദാരമായി ആലോചിയ്ക്കുമ്പോഴാണ്‌ അങ്ങിനേയൊക്കെ ആരോപിയ്ക്കുവാന്‍ തോന്നുക. എങ്ങിനേയാവാം അത്‌? ഒന്നു നോക്കാം:

കേരള-IPL ടീമിനായി ചില മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ശശി തരൂരിനെ സമീപിയ്ക്കുന്നു. തരൂരിന്റെ ആദ്യശ്രമം ഭീമമായ ബാങ്ക്‌-ഗാരന്റിയെ ചൊല്ലി തടയപ്പെടുന്നു. നമ്മുടെ ഇഷ്ടന്മാരായ ചലച്ചിത്ര സിംഹങ്ങള്‍ പിന്‍വലിയുന്നു. അതിനിടെ 'തരൂര്‍ പാര വെച്ചു' എന്നൊരു അഭ്യൂഹം അവരോ അതോ കേരളത്തിലെ ഒരു പ്രമുഖ ന്യൂസ്‌ ഗ്രൂപ്പോ പറഞ്ഞു പരത്തെന്നെല്ലാമുണ്ട്‌. പിന്നീട്‌ ലളിത്‌ മോഡി രംഗപ്രവേശം ചെയ്യുമ്പോഴാണ്‌ ആ 'പാര ആരോപണത്തിന്റെ' കാറ്റൊഴിയുക. നിക്ഷേപകര്‍ക്കായി തരൂര്‍ തന്റെ ദുബായ്‌ നെറ്റ്‌വര്‍ക്കിനെ സമീപിയ്ക്കുന്നു. റാണ്ടേവൂ (Rendezvous Sports World Ltd.) എന്നൊരു കമ്പനി, Sunanda Pushkar എന്ന ഒരു ഈവെന്റ്‌ മാനെജ്മെന്റ്‌ വിദഗ്ദയുടെ സേവനമുപയോഗിച്ച്‌ നിക്ഷേപകരെ ഏകോപിയ്ക്കുന്നു. (ആ സ്ത്രീയെ നമ്മുടെ നാണംകെട്ട 'കടലാസുപുലി'കളും 'റ്റിവി-സിങ്കങ്ങളും' ചേര്‍ന്ന് 'ബ്യൂട്ടീഷ്യന്‍' എന്നാണ്‌ പരിചയപ്പെടുത്തുക! അതു കേട്ടതും നൊമ്പടെ മദ്ധ്യവര്‍ഗ്ഗത്തിന്റെ റങ്കാകട്ടെ ഇരമ്പുകയും!) ഒരുപക്ഷെ നേരെ മറിച്ചുമാകാം. സുനന്ദ പുഷ്കര്‍, റാണ്ടേവൂ-വിന്റെ മുഖ്യ നിക്ഷേപര്‍ക്കു കൊടുത്ത ആശയമായിരിയ്ക്കാം അത്‌. പുഷ്കര്‍ക്കാകട്ടെ ശശി തരൂര്‍ കൊടുത്ത ഐഡിയയുമായിരിക്കാമത്‌. ശശി തരൂരിനു സുനന്ദ പുഷ്കറെ അറിയാമെന്നും പറഞ്ഞിട്ടുണ്ട്‌. (നമുക്കാവശ്യമില്ലാത്ത ഒരു 'ഇന്റലിജന്‍സ്‌' ഇന്‍ഫര്‍മേഷനും കൂടെയുണ്ട്‌: 'അവര്‍ താമസിയാതെ കല്യാണം കഴിച്ചേയ്ക്കും!') സംഭവത്തിലെ അങ്ങിനെയൊരു സാദ്ധ്യതയെ മുന്‍നിറുത്തിയാണ്‌, ഒരു 'സ്വജനപക്ഷപാതാഴിമതിയെ' നേരിയതായി മണക്കുന്നത്‌. ഇത്രയുമൊക്കെ പറഞ്ഞിട്ടും, ഇതിനെ ഒരു നേരിയ 'അഴിമതി' മാത്രമായി കാണുന്നതെന്താണ്‌? കാരണം, ഇതില്‍ നമ്മുടെ നികുതിപ്പണം പെട്ടിട്ടില്ല. നമ്മുടെ ഒരു കാക്കാശും പെട്ടിട്ടില്ല. സുനിത പുഷ്കര്‍ക്കു കിട്ടേണ്ടിയിരുന്ന സേവന-പാരിതോഷികത്തിനു പകരം, ആ കമ്പനി, തങ്ങളുടെ ഓഹരിധനത്തിലെ ഒരു പങ്കാണു മൊത്തം നിക്ഷേപത്തില്‍, അവര്‍ക്കായി കാണിച്ചിരിക്കുന്നത്‌. അതു കയ്യിലൊ അക്കൗണ്ടിലൊ കൊടുത്ത തുക പോലുമല്ല. അതിനു, മുതലാളിത്ത ഭാഷയില്‍ 'sweat equity' എന്നാണ്‌ വിളിയ്ക്കുക. (അതിനെ പരിഭാഷപ്പെടുത്തുമ്പോള്‍ 'വിയര്‍പ്പു വില' എന്നൊക്കെയാക്കി, 'തൊഴിലാളിത്ത-ഭാഷയില്‍', അല്ലെങ്കില്‍ നൊമ്പടെ മദ്ധ്യവര്‍ഗ്ഗത്തിന്റെ പുച്ഛ-ഭാഷയില്‍ 'വേറെ' ചിലതൊക്കെ ആക്കിത്തീര്‍ക്കാമെന്നുണ്ടെങ്കിലും ....). ചിലപ്പോള്‍ സുനിത പുഷ്കര്‍ ആവശ്യപ്പെട്ട രീതിയിലായിരിയ്ക്കാം, അത്‌, അവര്‍ തമ്മിലുള്ള കരാറില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടാവുക. അങ്ങിനേയൊരു വിദഗ്ദോപദേശം തരൂരോ മറ്റു ചിലരോ കൊടുത്തതുമായിരിയ്ക്കാം. അതൊയ്ക്കെ മിഴിച്ചിരിയ്ക്കാതെ കാശുണ്ടാക്കാന്‍ അറിയാവുന്നവര്‍ ചെയ്യുന്ന രീതികള്‍ മാത്രമാണ്‌. ഹാ! അതെങ്ങിനെ, നമ്മുടെ മന്നന്മാര്‍ക്കറിയാം അല്ലേ! അവര്‍ക്കറിയാവുന്നത്‌, ഹോ, പച്ചച്ചിരിയുടെ മരതകങ്ങള്‍ ഉതിര്‍ത്തുകൊണ്ട്‌ കോഴ വാങ്ങിക്കാന്‍ മാത്രമല്ലേ?

ആകയാല്‍ വല്ലാതെ സദാചാരം പറയുന്നതെല്ലാം, നാം സ്വയം വളരെ പരിഷ്കൃതരാണെന്നു ഉറപ്പാക്കാനാവുമ്പോഴേ ആകാവൂ. ജോസഫുമാരേയും കുഞ്ഞാലിക്കുട്ടിമാരേയും നാം കോടതികളിലെ സാങ്കേതികതകളില്‍ കുരുക്കി പുറത്തുകടത്തി കൊണ്ടുപോരുന്നു. (സാമുദായികാര്‍ഥത്തില്‍ ഒരു ബാലന്‍സിങ്ങിനായല്ല ഈ രണ്ടുപേരെ ഇവിടെ കൊണ്ടുവന്നു നിറുത്തുന്നത്‌. കുപ്രസിദ്ധമായ ഉദാഹരണങ്ങളെ തിരയുമ്പോള്‍ അങ്ങിനെ വന്നുപോകുന്നു എന്നുമാത്രം.) എന്നു മാത്രമല്ല ഇപ്പോളവരെല്ലാം കളങ്കരഹിതരായി നമ്മുടെ രാഷ്ട്രീയസ്ഥലികളില്‍ നിര്‍ബാധം മേയുകയും ചെയ്യുന്നു. അതിനൊക്കെ പുറമെ അങ്ങോട്ടുമിങ്ങോട്ടും കൂറുമാറുന്നു; നഗ്നമായ അഴിമതികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇതിനെല്ലാം ചീട്ടു മുറിച്ചു കൊടുക്കുന്ന നമ്മുടെ അതേ 'സാധാ' വീട്ടമ്മമാര്‍ക്കും 'തീവ്രനിടതന്‍' വീട്ടച്ഛന്മാര്‍ക്കൂം പക്ഷെ ശശി തരൂര്‍ കല്യാണം കഴിയ്ക്കുമ്പോഴും ഇംഗിളീഷു പറയുമ്പോഴും മലയാള കവിത ചൊല്ലുമ്പോഴും 'bandgala' കുര്‍ത്തയണിയുമ്പോഴും പുച്ഛം വന്നു ചിറി 'റ' വളയുന്നു. പക്ഷെ അതേ ആത്മവെറുപ്പ്‌ SNC-Lavalin കൊടുത്ത ഭീമന്‍ കോഴ വാങ്ങി പാര്‍ട്ടി ഖജാനാവില്‍ അല്ലെങ്കില്‍ സില്‍ബന്ദികളുടെ വിദേശ അക്കൗണ്ടില്‍ അടയ്ക്കുന്ന ദുര്‍മുഖരെ കാണുമ്പോഴില്ല! (പകരം, 'ഏട്ടാ' എന്നു കാതടിപ്പിക്കുമ്പോലെ വിളിച്ചു ലേഖനമെഴുതി മുന്‍-നന്ദി ചൊല്ലുന്ന എഴുത്തുകാരേ ഉണ്ടാവൂ നമുക്ക്‌ --ഉടനെ വന്നണയും അവര്‍ക്ക്‌ സാഹിത്യ അക്കാദമിയുടെ അക്കൊല്ലത്തെ ചെറുകഥാകൃത്തെന്ന അവാര്‍ഡും!) എന്നു മാത്രമല്ല അതെടുത്തു റിട്ട: സഖാക്കള്‍ക്കു ഫ്ലാറ്റുസമുച്ചയം പണിയുമ്പോഴും പാര്‍ട്ടിചാനലിനും മറ്റും ആസ്ഥാനമന്ദിരങ്ങള്‍ തീര്‍ക്കുമ്പോഴും തീരേ പുളിയ്ക്കുകയുമില്ല! നോക്കണേ മലയാളി മദ്ധ്യവര്‍ഗ്ഗീയതയുടെ വിചിത്ര പരിണാമം! ഇവരുടെയൊക്കെ ഒരു സദാചാരബോധവും രാഷ്ട്രീയാജണ്ടയും!.

-O.K. Sudesh

Submitted by DUBAI RAJAPPAN NAIR (not verified) on Tue, 2010-08-03 18:21.

what does writer mean by the title? every day it becomes quite obvious that the ex minister was a good manipulator for his own agenda.firstly, he claimed that he did know Sunandha pushkar as just beautician,now he is going to marry her. Obviously, that is his private and personal matter,but what is matter for us is conning public money as his fiancee's personal fund and accuring 15% of share (worth millions) on her behalf is not fair. We expect much more transprancy for public servents. Please don't underestmate indian politics.

dear writer: please do not be a his master's voice...at all time .
it taints the magazine's credibility....