തര്‍ജ്ജനി

രാഷ്ട്രീയ യൂണിഫോം

ഗാന്ധിജിയുടെ ചിന്തകള്‍ ആര്‍ക്കും വായിച്ചു മനസ്സിലാക്കവുന്ന തരത്തില്‍ ലളിതമാണ്‌. വിശദീകരണം കൂടുന്നതുകൊണ്ട്‌ അവയ്ക്ക്‌ വലിപ്പം അധികമാണ്‌ പക്ഷേ മനസ്സിലാകായ്ക എന്ന ദോഷമില്ല. കാരണം വ്യക്തം, ആ മനുഷ്യനു ഒളിച്ചു വയ്ക്കാന്‍ ഒരു അജണ്ട ഉണ്ടായിരുന്നില്ല. അതു കൊണ്ടാണ്‌ ഒറ്റ വസ്ത്രം മാത്രമുടുത്ത്‌ യൂറോപ്പിലും അമേരിക്കയിലും പഠിച്ച സ്യൂട്ട്‌ വേഷധാരികളോടൊപ്പം നില്‍ക്കുന്ന ആ മനുഷ്യന്റെ ചിത്രങ്ങള്‍ സ്വാഭാവികമായി തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്‌.
നമ്മുടെ നിയമസഭയില്‍ ഇന്നും ആധിപത്യം പുലര്‍ത്തുന്ന വസ്ത്രം ഖദറാണ്‌. നാം തെരഞ്ഞെടുത്തു വിട്ട നമ്മുടെ സ്വന്തം സാമാജികര്‍ ഒരു യൂനിഫോം സ്വയമണിയുന്നു. വെളുപ്പാണ്‌ ഏറ്റവും പ്രിയങ്കരമായ വേഷം. ഖാദി നിര്‍ബന്ധമാണ്‌. (ആര്‍ക്ക്‌?)
ഓദി, ബെന്‍സ്‌, മെര്‍സിദിസ്‌ തുടങ്ങിയ കാറുകളില്‍ സഞ്ചരിച്ചാലും ലാപ്ടോപും( എല്ലാ സാമാജികര്‍ക്കും ലാപ്‌ ടോപ്‌ സൌജന്യമായി നല്‍കാന്‍ ഈയിടെ ഇന്ത്യ ഗവണ്‍മന്റ്‌ തീരുമാനിച്ചിരുന്നു) എറ്റവും പുതിയ മൊബൈലും ഉപയോഗിച്ചാലും വേഷത്തില്‍ അവരീ പഴമ അറിഞ്ഞു കൊണ്ട്‌ സൂക്ഷിക്കുന്നതെന്തിന്‌?
ഗാന്ധിജിയുടെ സ്വയം നെയ്തുണ്ടാക്കുന്ന പരുത്തി വസ്ത്രം ഒരു പ്രതീകമായിരുന്നു. അതല്ലല്ലോ ഇന്നത്തെ സ്ഥിതി.
സ്വാതന്ത്ര്യം കിട്ടി അന്‍പതാണ്ടാവുന്നു. രാഷ്ട്രീയം കുരിശു വഴിയല്ലെന്നും പൂമെത്തയാണെന്നും
തിരിച്ചറിഞ്ഞവരുടെ അടുത്ത തലമുറ തിരനോട്ടം നടത്തിക്കഴിഞ്ഞു. ( മുരളീധരന്‍, മുനീര്‍, ഗണേഷ്‌ കുമാര്‍, ജോസ്‌ കെ മാണി, അനൂപ്‌ ജേക്കബ്‌, സയ്യിദ്‌ തങ്ങള്‍.....) നല്ലത്‌. നമുക്ക്‌ യുവത്വമുള്ള ചിന്തകളും വേണം. പക്ഷേ അവരും യൂണിഫോമിലേക്കു കയറും. ജീന്‍സും ടി ഷര്‍ട്ടും ധരിച്ച , കളര്‍ വസ്ത്രങ്ങള്‍ ധരിച്ച സാമാജികരെ നമുക്കെന്നാണ്‌ കാണാന്‍ പറ്റുക. കുറഞ്ഞപക്ഷം പാന്‍സെങ്കിലും ധരിച്ച്‌ സഭയില്‍ പോകാന്‍ ധൈര്യം കാണിക്കുന്ന യുവാക്കളെ?
വസ്ത്രധാരണത്തില്‍ മാറ്റം വന്നാല്‍ എല്ലാമായി എന്നല്ല പറഞ്ഞു വന്നതിന്റെ അര്‍ത്ഥം. അത്‌ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാപട്യമായി ഇപ്പോഴും നിലനില്‍ക്കുന്നതിനെപ്പറ്റിയാണ്‌.