തര്‍ജ്ജനി

വായന

റിട്ടേണ്‍ സല്യൂട്ട് ‌

എം. പുഷ്പാംഗദന്‍

ശ്രീ. സി.പി. കൃഷ്ണകുമാറിന്റെ, അടുത്ത കാലത്തു പ്രകാശനം ചെയ്ത, 'സല്യൂട്ട്‌' എന്ന കഥാസമാഹാരത്തിലെ പ്രത്യക്ഷദര്‍ശനങ്ങളും ഒരു സാധാരണ വായനക്കാരന്റെ രണ്ടാംവായനയിലുണരുന്ന പദര്‍ശനങ്ങളും നിരീക്ഷണങ്ങളും ആണീ കുറിപ്പുകള്‍.

ഈ സമാഹാരത്തിലെ കഥകളുടെ കേന്ദ്രപ്രമേയങ്ങള്‍ ഏതാണ്ടെല്ലാം വളരെ കാലികമാണ്‌. സമൂഹത്തിലെ ഒറ്റപ്പെട്ട മനുഷ്യന്റെ വ്യഥകളാണ്‌ ഏറിയ പങ്കും. അസ്തിത്വവാദപരമെന്ന്‌ തീര്‍ച്ചയായും വിശേഷിപ്പിക്കാവുന്നവ. റൊമാന്റിസിസത്തിന്റെ സൌന്ദര്യദര്‍ശനങ്ങളേക്കാള്‍ കഥാകാരന്‌ അഭികാമ്യം റിയലിസത്തിന്റെ നഗ്നസത്യങ്ങളാണ്‌. സമൂഹത്തിന്റെ താളപ്പിഴകള്‍ വരച്ചു കാട്ടു‍മ്പോഴും സ്വയം സമുഹമനഃസ്സാക്ഷിയാവാതെ, ശരിയും തെറ്റും തരം തിരിക്കാതെ ആ ചുമതല വായനക്കാരനെ ഏല്പിച്ച്‌ മാറി നില്ക്കുകയാണ് ‍കഥാകാരന്‍. റിയലിസ്റ്റിക്‌ ആയിരിക്കുമ്പോഴും ഏതാണ്ടെല്ലാ‍ കഥകളിലും അമൂര്‍ത്തമായ വിവിധ അര്‍ത്ഥതലങ്ങള്‍ വായിച്ചെടുക്കാന്‍ വായനക്കാരന്‌ ഇടം നല്കുന്നുണ്ട്‌ കഥാകാരന്‍.

'സല്യൂട്ട്‌' ഒരു മാതൃകാപൌരനോട്‌ സംവേദനാശൂന്യമായി പ്രതികരിക്കുന്ന സമൂഹത്തെ ചിത്രീകരിക്കുന്നു‍. മനുഷ്യന്‍ മൌലികമായും ഒറ്റപ്പെട്ടവനാണെന്ന ഡാനിഷ്‌ ചിന്തകന്‍ കീര്‍ക്കെഗോറിന്റെ സത്യദര്‍ശനം ജെയിംസ്‌ ജോസഫിന്റേയും പ്രഭുജിയുടേയും ജീവിതങ്ങള്‍ സാക്ഷിപ്പെടുത്തുന്നു.‍ ജെയിംസ്‌ ജോസഫിന്റെ പഴയ ഗ്രാമവും ഗ്രാമമുള്‍ക്കൊള്ളുന്ന ആദിശങ്കരനും ബുദ്ധനും ഗാന്ധിജിയും ജീവിച്ചു മരിച്ച കര്‍മ്മഭൂമി'യും ഏറെ മാറിയിരിക്കുന്നു‍. സ്വാതന്ത്ര്യപൂര്‍വ്വമാനങ്ങളല്ല സ്വാതന്ത്ര്യാനന്തരമാനങ്ങള്‍. പ്രഭുജിയെ ഒരു ആദര്‍ശപൌരനായോ ഇതിഹാസനായകനായോ ഗ്രാമവാസികള്‍ കാണുന്നില്ല. ഗ്രാമത്തിന്റെ നിയമങ്ങളും സമൂഹ ജീവിതവ്യാഖ്യാനങ്ങളും പ്രഭുജിയുടേതില്‍ നിന്നും വളരെ വ്യത്യസ്തമായിത്തീര്ന്നിരിക്കുന്നു. നഗരങ്ങളെപ്പോലെ സഹജീവികള്‍ തമ്മിലുള്ള മാനസികദൂരം അകന്നി‍രിക്കുന്നു‍; പരക്ഷേമകാംക്ഷ ഒരു കടങ്കഥയായി തീര്ന്നി‍രിക്കുന്നു‍. ആധുനികസമൂഹങ്ങളില്‍ സ്നേഹം, കരുണ തുടങ്ങിയ വികാരങ്ങള്‍ ഒറ്റപ്പെട്ട പൌരന്മാ‍രുടെ ആന്തരികഗുണങ്ങള്‍ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ്‌ കഥയില്‍ തെളിഞ്ഞു വരുന്നത്‌.

പുതിയ കാലഘട്ടത്തിലെ 'പ്രബുദ്ധ' ജനങ്ങളിലേറെയും നോര്‍മന്‍ സിമ്പ്സന്റെ "ഏകദിശാ പെന്‍ഡുലം" പോലെ സ്വന്തം താല്പര്യം മാത്രം ശ്രദ്ധിക്കുന്നവരാണ്‌. സാമൂഹികജീവിയായ മനുഷ്യന്‍ പ്രഭുജിയുടെ ആദര്‍ശമായ സാമൂഹികമോചനം ലക്ഷ്യമാക്കാതെ വ്യക്തിസൌഭാഗ്യങ്ങളുടെ പുറകെ പോകുന്നുവെന്ന ദു:ഖസത്യം പ്രഭുജിയുടെ ഗ്രാമം അറിയുന്നുപോലുമില്ല. സമൂഹമായി ജീവിക്കാന്‍ മറന്ന സമൂഹമാണ്‌ പ്രഭുജിയുടെ, ജെയിംസിന്റെ ഗ്രാമം. ഷണ്ഡത്വം ബാധിച്ച സമൂഹത്തിലെ കാണികളായി മാത്രം വേഷം കെട്ടുന്ന ജനങ്ങള്‍ ഈ കഥയിലെ പ്രതിനായകന്മാ‍രാണ്‌. സ്പിനോസയുടെ നിയതിവാദം കഥയിലെ സമൂഹമനഃസ്ഥിതിയെ ഒരുപക്ഷേ ന്യായീകരിക്കുന്നു‍. നിയതിവാദത്തിന്റെ ഒരു പ്രത്യേകത പല സാമൂഹ്യപ്രശ്നങ്ങള്‍ക്കും നമ്മളാണ് കാരരണക്കാരെന്നു‌ അത്‌ നമ്മെ വിശ്വസിപ്പിക്കുന്നുവെന്നതാണ്‌. ഒപ്പം നായകാരാധനയും ക്ഷണികമാണെന്ന്‌ കഥ ധ്വനിപ്പിക്കുന്നു‍. ഉദയസൂര്യനെ മാത്രം ആരാധിക്കുന്ന മനുഷ്യരുടെ പുതിയ ലോകമാണിത്‌. ഇവിടെ ഓരോ അസ്തമനസൂര്യനും ഒരു വെറും ചടങ്ങിലൊതുങ്ങുന്നു.

'മൃത്യുഞ്ജയം' മൃത്യുവിനെ ജയിച്ചവരുടെ കഥയല്ല, ദുരന്തപീഡിതരെ തീരെ മറന്ന‌, മൃത്യുവിന്നി‍രയായവരേയും ദുരന്തങ്ങളെ തന്നെയും കാഴ്ചവസ്തുക്കളാക്കി, കൊട്ടും കുരവയുമായി ആഘോഷിക്കുന്നവരുടെ കഥയാണ്‌. ദുരന്തങ്ങള്‍, പ്രത്യേകിച്ചും മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍ ചരിത്രത്തിലെ മറക്കാനാവാത്ത പ്രധാനസംഭവങ്ങളാണ്‌. പ്രശ്നനിവാരണങ്ങള്‍ക്കു വേണ്ടി‍ ഉദ്യമിക്കാത്ത, മുമ്പോട്ടുനടക്കാന്‍ വിമുഖത കാണിക്കുന്ന ഒരു സമീപനത്തെയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. രാം ബാബു വിന്റെ ഉപബോധമനസ്സ്‌ 25 വര്‍ഷത്തെ ആഘാതത്തില്‍ നിന്നും ഇനിയും രക്ഷപ്പെട്ടിട്ടില്ല. വിഷവാതകപ്രവാഹം തടയാന്‍ വെമ്പുന്ന അയാളുടെ മനസ്സ്‌ എപ്പോഴും അതടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്‌. വളയം രാം ബാബുവിന്റെ ഒരു തീരാബാധയാകുന്നത് അതുകൊണ്ടാണ്. ആ പ്രയത്നത്തിലാണയാള്‍ ബന്ധനസ്ഥനാവുന്നതും. പല സമൂഹങ്ങളിലും ഇന്ന് സംഭവിക്കുന്നത് ഇതു തന്നെയാണ്. സമൂഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നവന്റെ കൈകളിലാണ്‌ കയ്യാമം വീഴുന്നത്‌. മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍ പ്രതിരോധിക്കപ്പെടുന്നഇല്ല. പകരം അവ അഗ്നിയായ്‌ വന്ന് താണ്ഡവമാടി, ദൃശ്യമാദ്ധ്യമവിരുന്ന് പകര്ന്ന്, പുതിയ ദുരന്തത്തിനു വഴിമാറുന്നു. ആഘോഷക്കമ്മിറ്റി അംഗങ്ങള്‍ക്കു മദ്യം വിളമ്പുന്ന പയ്യന്റെ വികൃതരൂപം കണ്ട് കമ്മിറ്റി അംഗം കളിയാക്കുന്നു. '..ഗര്‍ഭിണിയായിരുന്ന എന്റമ്മ വിഷവായു ശ്വസിച്ചു. അമ്മ മരിക്കും വരെ അതും പറഞ്ഞ്‌ എന്നോ‍ട്‌ മാപ്പിരക്കുമായിരുന്നു...' എന്ന മറുപടി ബോധം നശിച്ച ചെവികളിലാണ്‌ പതിയുന്നത്‌. അധികാരവൃന്ദങ്ങള്‍ എന്നും പലവിധലഹരിയിലാണ്ടു കിടന്നിട്ടേയുള്ളൂ.

'ജലകന്യകമാര്‍' എന്ന കഥയുടെ ശൈലിയും ബിംബവും വ്യത്യസ്തമാണ്‌. ഇവിടെ കഥാകാരന്‍ ഒരു സ്വകാര്യ ഫാന്റസി ലോകത്തിലാണ്‌. സഹജീവികള്‍ക്ക്‌ തെറ്റായ പ്രത്യാശകള്‍ കൊടുക്കുന്നവരെ ഇവിടെ കാണാം. മയക്കുമരുന്നു‍കളുടെ, പലതരം മാഫിയകളുടെ, ചാവേര്‍സംഘങ്ങളുടെ, അധോലോകങ്ങളുടെ, ശരീരവ്യപാരികളുടെ, തീവ്രപ്രത്യയശാസ്ത്രങ്ങളുടെ, അപ്രായോഗികമായ ആദര്‍ശങ്ങളുടെ, അന്ധ(മത)വിശ്വാസങ്ങളുടെ ആദ്യദര്‍ശനത്തിലെ ആകര്‍ഷണീയതയും അതുണ്ടാ‍ക്കുന്ന അതിവിധേയത്വം സൃഷ്ടിക്കുന്ന അനിഷ്ടസംഭവങ്ങളും കഥയില്‍ വിഷയങ്ങളാവുന്നു. ജീവിതത്തിന്റെ അടുത്ത പടവുകള്‍ പലര്‍ക്കും വ്യക്തമായി ദൃശ്യമല്ല. നിറമുള്ള സ്വപ്നങ്ങളുമായി 'കടല്‍മത്സ്യങ്ങള്‍ എത്തുന്നതപ്പോഴാണ്‌. കലി ബാധിച്ച്‌ രൂപമാറ്റം വന്ന വന്ധ്യമേഘങ്ങളാണ്‌ നാം. തങ്ങള്‍ വന്ധ്യമേഘങ്ങളായി അധഃപതിച്ചുവെന്ന വൈകിയെത്തുന്ന ബോധം ഉണ്ടാ‍കുമ്പോഴേക്കും അതേ വഴിയിലൂടെ പുതിയ തലമുറ ഒരു തനിയാവര്‍ത്തനത്തിനു തയ്യാറെടുക്കുന്നുവെന്ന ദു:ഖസന്ദേശവുമായാണ്‌ കഥ അവസാനിക്കുന്നത്. മനുഷ്യപുരോഗതിയുടെ ചരിത്രത്താളുകള്‍ നിറയെ വഴിമാറി നടന്നവരുടെ, പുതിയ വഴിവെട്ടി‍ത്തെളിച്ചവരുടെ വീരഗാഥകളാണ്‌. ഒറ്റയാനകളും വന്‍പ്രസ്ഥാനങ്ങളും ഇതില്പെടും. ചങ്കൂറ്റത്തോടെ ഒറ്റയ്ക്കു മുമ്പേ നടന്നവന്റെ വെട്ടുവഴികളാണിന്ന് സമൂഹത്തിന്റെ നാട്ടു‍വഴികള്‍. ഒരു തിരിച്ചറിവ്‌ ഇവിടെ തീര്‍ച്ചയായും ആവശ്യമാണ്‌.

മനസ്സ്‌ പ്രകൃതിക്കു കീഴടങ്ങാതെ നില്ക്കുകയും എന്നാല്‍ ശരീരം കൊണ്ട്‌ പ്രകൃതിയെ കീഴടക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോള്‍, ജനിച്ച മണ്ണിനൊപ്പം സ്വന്തം നശ്വരശരീരത്തെ ഉപേക്ഷിക്കുന്നവന്റെ കഥയാണ്‌ 'ദ്വീപന്‍'. വിഷമം നിറഞ്ഞ ചുറ്റുപാടുകളോട്‌ പക്ഷേ, ഓരോരുത്തരും ഓരോ തരത്തിലാണ് പ്രതികരിക്കുന്നത്‍. മൃത്യുന്മു‍ഖനായ ദ്വീപന്‍ സ്റ്റോയ്കിന്റെ മികവുറ്റ ഒരു മാതൃകയാവുകയാണ്‌. ഈ കഥയില്‍ രണ്ട് പ്രധാനവിഷയങ്ങള്‍ വായനക്കാരനെ കുഴയ്ക്കുന്നു. ഒന്ന് പിറന്ന മണ്ണിനോടുള്ള തീവ്രമായ ആത്മബന്ധമാണ്‌. സ്വന്തം മണ്ണില്‍ നിന്നും അകലെയുള്ള പാലായനജീവിതത്തിന്‌ ആ ആത്മബന്ധത്തിനുപരിയായ ഒരു അര്‍ത്ഥം കാണാന്‍ ദ്വീപനു കഴിയുന്നില്ല. കൂടുവിട്ടുകൂടുമാറാന്‍ വിസമ്മതിക്കുന്ന മനസ്സാണ്‌ ദ്വീപന്റേതു്‌. വീടുനഷ്ടപ്പെടുന്നവരുടെ പുനരധിവാസം ലളിതമായ ഒരു പ്രശ്നപരിഹാരമായി കാണുന്നു‍ ബാഹ്യലോകം. പക്ഷെ, പാലായനം ചെയ്യുന്നവന്റെ, സ്വന്തം മണ്ണുനഷ്ടപ്പെട്ടവന്റെ യഥാര്‍ത്ഥനഷ്ടം അവന്റെ സ്വന്തം നാവാണ്‌, സംസ്കാരമാണ്‌, ആത്മചേതന തന്നെയാണെന്ന് ദീപന്‍ തെളിയിക്കുന്നു.

അടുത്ത ലക്കത്തില്‍ തുടരും

Subscribe Tharjani |
Submitted by grkaviyoor (not verified) on Thu, 2010-05-13 08:36.

ഈ കഥാകാരനും ലേഖകനും മനുഷ്യത്വം ഉള്ള വ്യക്തികളാണ്. അതാണ് ഇതുപോലെ ഒരു കഥയും അതിനെക്കുറിച്ച് ഇങ്ങനെ ലേഖനവും എഴുതാന്‍ കഴിയുന്നത്‌ എന്നാണ് എനിക്ക് പറയുവാനുള്ളത്