തര്‍ജ്ജനി

എഴുത്തുകാരന്റെ മരണം

പോസ്റ്റ്‌ മോഡേണിസം എന്നൊരു സാധനം നമ്മുടെ മലയാളത്തില്‍ ഉണ്ടോ? എഴുത്തുകാരന്റെ മരണം എന്നൊക്കെ പറയുന്നത്‌ ഒരു വിചിത്രീകരിച്ച manfuacturer - consumer തത്വങ്ങള്‍ തന്നെ അല്ലെ? മാറുന്ന ലോകത്തില്‍ കണ്‍സ്യൂമറിന്‌ കൂടുതല്‍ പ്രാധന്യമുണ്ട്‌ എന്ന മുതലാളിത്ത വര്‍ഗ്ഗത്തിന്റെ പുതിയ കണ്ടുപിടുത്തം അല്ലെ ഇതിനടിസ്ഥാനം? ഇതുതന്നെ തൊഴിലാളികള്‍ മുതലാളികള്‍ എന്നൊക്കെയുള്ള മാര്‍ക്സിയന്‍ ചിന്തകളുടെ ഒരു adaptation അല്ലെ? Death of th author എന്ന ചിന്തയോടും പിന്നെ വായനയുടെ പാഠഭേദങ്ങള്‍ എന്നതിനോടൊന്നും അങ്ങനെ മുഴുവനായി യോജിയ്ക്കാന്‍ പറ്റുന്നില്ല്യ. അറിവുള്ളവര്‍ കൂടുതല്‍ പറഞ്ഞുതരും എന്നു വിചാരിയ്ക്കുന്നു.

Submitted by giree on Fri, 2005-06-03 14:08.

സുനിലേ, അറിവൊരല്‍‍‍‍പ്പം കുറവാണെങ്കിലും എന്‍റെ ചില ചിന്തകള്‍‍‍‍ കുറിക്കട്ടെ. ശരിയോ തെറ്റോ എന്നതു രണ്ടാമത്തെ കാര്യമാണല്ലോ. ഏതായാലും ഈ സം‌വാദമൊക്കെ ഒരു ഒത്തുകളിയാണ് എന്ന് സുനിലിന് അറിയാമല്ലൊ.

പോസ്റ്റുമോഡേണിസം എന്നാല്‍‍‍ എന്തെന്നു തന്നെ വായിച്ചു മനസ്സിലാക്കാന്‍‍‍ നമ്മള്‍‍‍ മലയാളികള്‍‍‍ക്കു കുറച്ചു പാടാണ്. എന്നെപ്പോലെ മലയാളം മാത്രം അറിയുന്നവര്‍‍‍ക്ക് പ്രത്യേകിച്ചും. മലയാളത്തില്‍‍‍ പോസ്റ്റുമോഡേണിസത്തിന്‍റെ പേരില്‍‍‍ ഇറങ്ങുന്ന വിവര്‍‍‍ത്തനങ്ങള്‍‍‍ വായിച്ചു ശരിക്കും വട്ടായിട്ടുണ്ട്. എങ്കിലും പോസ്റ്റുമോഡേണിസം മലയാളത്തില്‍‍‍ അതിന്‍റേതായ രീതിക്കു നന്നായി കൊടി കുത്തി വാഴുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

പോസ്റ്റുമോഡേണിസത്തിന്‍റെ ഒരു ലക്ഷണം അറിവിന്‍റെയും സാമൂഹ്യ(അതോ സാമൂഹികയോ?)-രാഷ്ട്രീയ കെട്ടുപാടുകളുടെയും മറ്റും കഷണിക്കല്‍ ആണല്ലോ. നമ്മുടെ നാട്ടില്‍‍‍ കൂടിവരുന്ന അരാഷ്ട്രീയവാദം (രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാരിലും ഉള്ള വിശ്വാസം നശിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്) മുതല്‍‍‍ നിങ്ങളെല്ലാം കൂടി ചെയ്യുന്ന ബ്ലോഗിങ്ങം വരെ ഈ ശിഥിലീകരണത്തിന്‍റെ, ശകലീകരണത്തിന്‍റെ (കടവുളേ! അങ്ങനെയൊരു വാക്കുണ്ടോ?) തെളിവല്ലെ. (ഇടയ്ക്ക് ഒരു സ്വകാര്യം: ബ്ലോഗങ്ങള്‍‍‍ വായിച്ചു. അടിപൊളി. എനിക്കും ചേരണം എന്നുണ്ട്.) പിന്നെ നമ്മുടെ മുഖ്യധാരാ (പത്രങ്ങള്‍‍‍ പ്രശസ്തരാകുന്ന, സൃഷ്ടിക്കുന്ന) യുവസാഹിത്യകാരന്‍‍‍മാര്‍ അതുകാണുന്നില്ലെങ്കില്‍‍‍, പാശ്ചാത്യ മാതൃകകള്‍‍‍ക്കു പിന്‍‍‍‌പറ്റുന്നെങ്കില്‍‍‍, അതു പാവം പോസ്റ്റുമോഡേണിസത്തിന്‍റെ കുഴപ്പമാണോ? നിങ്ങള്‍‍‍ തന്നെ ഇപ്പോള്‍‍‍ നടത്തുന്ന ബ്ലോഗ് കൂട്ടായ്മ, മലയാളത്തില്‍‍‍ കമ്പ്യൂട്ടര്‍‍‍ ഉപയോഗിക്കുന്നതിനുള്ള ഒരു വിപ്ലവമല്ലെ. ഇത് ശരിക്കും അപകോളനീകരണം എന്ന പോസ്റ്റുമോഡേണ്‍‍‍ സങ്കേതത്തിന്‍റെ ഏറ്റവും പുതിയ മുഖമല്ലെ? അല്ലെങ്കില്‍ ലോക്കലൈസേഷന്‍ എന്ന പ്രാദേശികവത്കരണത്തിന്‍റെ? ശകലീകരിക്കലിന്‍റെ? ഇതേക്കുറിച്ചു കൂടുതല്‍‍‍ കാര്യങ്ങള്‍‍‍ പിന്നീടു പറയാം.

അടുത്തത് അല്‍‍‍പ്പം കൂടി കുഴപ്പം പിടിച്ച വിഷയമാണ്. സാഹിത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസരിച്ചാണ് ഇതെക്കുറിച്ചുള്ള ചര്‍ച്ച പോകുന്നത് എന്നു തോന്നുന്നു.
ബാര്‍ത്തു പറയുന്നത്, ആധുനിക കാലത്ത് എഴുത്തുകാരന് പ്രസക്തി നഷ്ടപ്പെടുന്നു എന്നാണ്. പഴയകാലത്ത് എഴുത്തുകാരന്‍ അജ്ഞാതനായിരുന്നു. അന്നത്തെ കൃതികള്‍ ഇന്നും വായിക്കപ്പെടുന്നുണ്ട്. അവിടെ എഴുത്തുകാരന്‍ വിഷയമല്ല. എഴുത്തുകഴിയുന്നതോടെ എഴുത്തുകാരന്‍ മരിക്കുകയും എഴുത്തു ജീവിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ്. പഴയകാല വിമര്‍ശനങ്ങള്‍ വായനക്കാരനെ അവഗണിക്കുകയും എഴുത്തുകാരനെ ആധാരമാക്കി സാഹിത്യത്തെ വിമര്‍ശിക്കുകയും ചെയ്തു, എന്നാല്‍ ഇനിയതു നടപ്പില്ല എന്നാണ് ആശാന്‍റെ അഭിപ്രായം. ഒന്നാലോചിച്ചാല്‍ ഇതത്ര പുതിയ വാദമൊന്നുമല്ല. കാവ്യഗുണം തീരുമാനിക്കുന്നത് വ്യാഖ്യാതാവാണ്, കവിയല്ല എന്ന് നമ്മടെ ആള്‍ക്കാരും പണ്ട് പറഞ്ഞിട്ടുണ്ട്(എല്ലാം പുരാണത്തിലുണ്ട് എന്നു പറയുന്നതാണല്ലോ നമ്മുടെ പ്രധാന നിരീക്ഷണം). ഇവിടെയും ഒരു കുഴപ്പമുള്ളത് അവര്‍ വ്യാഖ്യാതാവിനെക്കുറിച്ചാണ് പറയുന്നത്, സഹൃദയനെക്കുറിച്ചല്ല എന്നതാണ്. സഹൃദയനും വ്യാഖ്യാതാവും തമ്മിലുള്ള ദൂരം എത്രയാണ്?
എഴുത്തുകാരനും വായനക്കാരനും നമ്മള്‍ പ്രാധാന്യം കൊടുത്തു. പോസ്റ്റുമോഡേണിസം പക്ഷേ ഇവരെ രണ്ടിനെയും വെട്ടിച്ച് പാഠത്തിനു പ്രാധാന്യം കൊടുക്കണം എന്ന ചിന്തയിലാണല്ലൊ. എനിക്കു തോന്നുന്നത് ഈ ചിന്താഗതി പാഠവ്യാഖ്യാനവുമായി ചേര്‍ത്തുവായിക്കണമെന്നാണ്. വാമൊഴിയിലെ അര്‍ഥതലങ്ങള്‍ വരമൊഴിയില്‍ പ്രതിഫലിപ്പിക്കാന്‍ ഒരുപാടു പണിയണം എന്നും നമുക്കറിയാം. Catch him not let him go. എന്ന വാക്യത്തിന്‍റെ കോമ മാറ്റിയിട്ട് വിപരീത വിധികളുണ്ടാക്കുന്ന വാക്യ അഭ്യാസം നമ്മള്‍ക്ക് അറിയാമല്ലൊ. 'നല്ല കാര്യം' 'കള്ളന്‍' തുടങ്ങിയ പദങ്ങള്‍ ഉച്ചാരണഭേദം വഴി വിവിധ അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കാനാവും എന്നതിന്‍റെ തെളിവുകളുമാണല്ലൊ. (വാക്കിനു ശക്തിയുള്ളതു കൊണ്ടാണ് ഒരാളെ കൊല്ലാന്‍ ദേഷ്യമുള്ളപ്പോള്‍ പത്തു തെറിവിളിച്ചാല്‍ വികാരവിരേചനം വഴി ആശ്വാസം കിട്ടുന്നത് എന്നാണ് എന്‍റെയൊരു തെറ്റിദ്ധാരണ.) ഇത് വായനയിലും പ്രവര്‍ത്തിക്കില്ലെ? നമ്മള്‍ മനസ്സില്‍ വായിക്കുമ്പോഴും ഈ ടോണ്‍ ആസ്വാദനത്തില്‍ ഒരു ഘടകമാവില്ലെ? കുട്ടികള്‍ പാഠം വായിക്കുന്ന ഈണത്തില്‍ വി.കെ.എന്നിനെ വായിച്ചാല്‍ ഉണ്ടാകുന്ന ആസ്വാദനമാണോ മറ്റൊരു രീതിയില്‍ വായിച്ചാല്‍ ഉണ്ടാവുക? ഓരോരുത്തരും മനസ്സില്‍ വായിക്കുന്നതിന്‍റെ ടോണ്‍ എന്താണ്? പുടിയില്ലാത്ത കാര്യങ്ങള്‍.

സംഭവം എഴുതിയെഴുതി വലുതായതു കൊണ്ട് രണ്ടായി പോസ്റ്റു ചെയ്യുകയാണ്. ശേഷം ഭാഗം കീഴില്‍.

Submitted by giree on Fri, 2005-06-03 14:10.

അതുപോലെ, വായനക്കാരന്‍റെ ആര്‍ജ്ജിതവിജ്ഞാനം, അനുഭവസമ്പത്ത്, എന്നിവ കവിതയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മുട്ടത്തുവര്‍ക്കി ചര്‍ച്ചയില്‍ ബെന്നിയുടെ ‘ഡ്രാക്കുള’ ആസ്വാദനം തെളിയിക്കുന്നുണ്ട് (അതൊരു ഒത്തുകളിചര്‍ച്ചയാണെന്ന് സുനിലിന് അറിയാമെങ്കിലും സംഭവം സത്യമാണോ എന്നു പരിശോധിക്കാമല്ലോ). അപ്പൊ അധികമൊന്നും സാഹിത്യതത്വവും ലോകവിവരവും ഇല്ലാത്ത ഞാന്‍ ഒരു കൃതി വായിക്കുന്നതും ഇതെല്ലാം അറിയാവുന്ന ഒരാള്‍ കൃതി വായിക്കുന്നതും തമ്മില്‍ വ്യത്യാസമില്ലേ? എല്ലാ കൃതികളും വായിച്ച് ആസ്വദിക്കാന്‍ അനുഭവസമ്പത്ത് വേണം എന്നല്ല അതിനര്‍ത്ഥം. പക്ഷേ ആസ്വാദനത്തിന്‍റെ തലങ്ങള്‍ മാറും എന്ന് അതിന് അര്‍ത്ഥം ഉണ്ടുതാനും.

പി.കെ ബാലകൃഷ്ണനും മാരാരും എം.ടിയും മഹാഭാരതം വായിച്ചപ്പോള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടായി എന്നത് ശ്രദ്ധിക്കുമല്ലൊ. ലീലയെ കാമുകനോടൊപ്പം ചേര്‍ക്കാന്‍ കുമാരനാശാന്‍ അവളുടെ ഭര്‍ത്താവിനെ കൊന്നതാണ് എന്ന് മാരാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിത്തിരി കടന്നു പോയെങ്കിലും ആ കൃതി വായിച്ച ഒരാള്‍ക്കു തോന്നിയതു തന്നെയാണല്ലൊ അത്? കവിതയിലാണെങ്കില്‍ ഇതിന്‍റെയൊന്നും ഒരു സൂചനയുമില്ല. അപ്പൊ കവിയില്‍ നിന്നു വേറിട്ട് കവിത എന്തോ സം‌വദിക്കുന്നില്ലേ?

കൃഷ്ണന്‍റെ കഥ പറയുന്ന കൃതികളിലൊന്നും ആശാനു മീശയുണ്ടായിരുന്നതായി പറയുന്നില്ല. മീശയുള്ള ഒരു ശ്രീകൃഷ്ണനെ നമുക്കു സംകല്‍പ്പിച്ചുകൂടേ? യേശുവിനെ കറുത്തവര്‍ഗ്ഗക്കാര്‍ കറുത്തവര്‍ഗ്ഗക്കാരനായി ചിത്രീകരിച്ചതു പോലെ (എതിര്‍പ്പിന്‍റെ ശസ്ത്രമാണെങ്കിലും അതും ആസ്വാദനം ആണല്ലോ). കൃഷ്ണനെക്കുറിച്ചുള്ള കഥകളാകട്ടെ ഇത്തരം ചിത്രീകരണത്തിന് എതിരു നില്‍ക്കുന്നുമില്ല.

സത്യം ഇങ്ങനെ പോകുമ്പോള്‍ പാഠത്തിന്‍റെ സ്വാതന്ത്രയത്തെ കൊണ്ട് മാര്‍ക്സിസത്തിന്‍റെയും എഴുത്തുകാരന്‍റെ മരണത്തിന്‍റെയും വണ്ടിയില്‍ കെട്ടുന്നത് ആലോചിച്ചു വേണ്ടേ? മാത്രമല്ല, തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ബന്ധം പോലെയാണോ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം? ഓ.വി. വിജയന്‍ ഖസാക്കിന്‍റെ ഇതിഹാസം എഴുതി. (ആ പുസ്തകത്തിന്‍റെ പേരു പറയുന്നത് അതിനെക്കുറിച്ച് ഒരുപാട് പുസ്തകങ്ങളും ചിന്തകളും ഉണ്ടായതു കൊണ്ട് മാത്രമാണ്. അല്ലാതെ വിജയന്‍ മറ്റു പുസ്തകങ്ങള്‍ എഴുതിയിട്ടില്ല എന്നു കണക്കാക്കിയല്ല.) പിന്നീടു വിജയന്‍ തന്നെ ആ പുസ്തകത്തെക്കുറിച്ച് ധാരാളം അഭിപ്രായങ്ങള്‍ പറയുകയും അതിന്‍റെ രചനാ പശ്ചാത്തലം വിവരിക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും വായിക്കാത്ത ആളിനും വിജയന്‍റെ പുസ്തകതകത്തെ വിലയിരുത്താമല്ലോ? മാത്രമല്ല ആ പുസ്തകത്തെക്കുറിച്ച് വിജയന്‍ വേറൊരെണ്ണത്തില്‍ പറയാന്‍ കാരണം പ്രസ്തുതനോവല്‍ അദ്ധേഹത്തിന്‍റെ തിരുത്തലുകള്‍ക്കും അതീതമായി കൈവിട്ടു പോയതു കൊണ്ടല്ലേ? അതിനെ തൊഴിലാളി-മുതലാളി, നിര്‍മ്മാതാവ്-ഉപഭോക്താവ് ബന്ധം കൊണ്ടു വ്യാഖ്യാനിക്കാന്‍ പറ്റുമോ എന്നറിയില്ല.

നമ്മളൊരു കമ്പ്യൂട്ടര്‍ വാങ്ങിയാല്‍ അതില്‍ സ്ഥാപിച്ച സൌകര്യങ്ങള്‍ മാത്രമേ ഉപയോഗികാന്‍ പറ്റൂ. കസ്റ്റമൈസ് ഓപ്ഷനു പോലും പരിമിതികളില്ലേ? പുസ്തകം വാങ്ങിയാലോ? അത് നമ്മുടെ മനസ്സിന്‍റെ വലുപ്പമനുസരിച്ച് വ്യാഖ്യാനിച്ചു കൂടെ? നല്ല കൃതി കയ്യിലെടുത്തിട്ട് മനസ്സിലായില്ലെങ്കില്‍ അത് നമ്മുടെ സ്വീകരണശേഷിയുടെ പ്രശ്നമല്ലെ? 'ഈ പുസ്തകം മോശമാണ്. ഇതില്‍ ഞ്ഞാന്‍ വിചാരിച്ച കാര്യങ്ങള്‍ ഇല്ല' എന്നു പറഞ്ഞ് ആരെങ്കിലും ഉപഭോക്തൃഫോറത്തില്‍ കേസു കൊടുത്തിട്ടുണ്ടാവുമോ? എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം പവിത്രമാണ് എന്നൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അത് നിര്‍മ്മാതാവും ഉപഭോക്താവും തമ്മിലുള്ള ബന്ധത്തില്‍ വരുമോ എന്നു സന്ദേഹിക്കുക മാത്രമാണ് ഇവിടെ. അങ്ങനെയാണെങ്കില്‍ ഈ അഭിപ്രായം എഴുതുന്ന ഞാനും അതു വായിക്കുന്നവരും തമ്മിലും അതുണ്ടാകണം. സുനിലിന്‍റെ ബ്ലോഗു വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞ്ഞാന്‍ അതിനെതിരെ കേസു കൊടുക്കണം. നടക്കുമോ?

സുനിലിന്‍റെ ചോദ്യം വായിച്ചപ്പോള്‍ തോന്നിയത് ഇതാണ്. ഞാന്‍ മനസ്സിലാക്കിയത് തെറ്റായാണെങ്കില്‍ ഒന്നു വിശദീകരിക്കുക. (അപ്പോഴും സുനിലിന്‍റെ ആദ്യ പോസ്റ്റിംഗ് വിശദീകരിക്കാന്‍ രണ്ടാമതും എഴുതുകയാണ് വഴി. ആദ്യം എഴുതിയത് എഡിറ്റു ചെയ്താലും അതു ഞാനും മറ്റു 15 പേരും വായിച്ചുപോയതു കൊണ്ട് അതു നിലനില്‍ക്കുന്നു. അപ്പൊ ആ പോസ്റ്റ് ചെയ്ത എഴുത്തുകാരന്‍ മരിച്ചില്ലേ? എന്‍റെ പോസ്റ്റിംഗിന്‍റെ ഗതിയും അങ്ങിനെ തന്നെ സ്നേഹിതാ).

Submitted by Sivan on Sun, 2005-06-05 13:14.

വായനയുടെ അടുത്ത ഘട്ടത്തിലാണ്‌ തരംതിരിവുകള്‍ പ്രസക്തമാവുന്നത്‌. പൊതു പ്രവണതകള്‍ വര്‍ഗ്ഗീകരിക്കാനും പഠിക്കാനുമാണ്‌ നാം പേരുകള്‍ നല്‍കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത്‌. അപ്പോള്‍ ആധുനികതയില്‍ നിന്നുള്ള വ്യത്യാസം കാണിക്കാന്‍ എന്തെങ്കിലും വേണം. അതിപ്പോള്‍ മലയാളത്തില്‍ 'പോസ്റ്റു മോഡേണിസം' എന്നാണ്‌. പേരുകള്‍ ഒരു പൊതു സമ്മിതിയുടെ ഭാഗം കൂടിയാണ്‌. കേസരി പല പ്രസ്ഥാനങ്ങള്‍ക്കും ഇട്ട പേരുകള്‍ ആളുകള്‍ ഒന്നു തിരിഞ്ഞു നോക്കിയതു കൂടിയില്ല. മോഡേണിസത്തിനു ശേഷം നിലവില്‍ വന്ന ഒരവസ്ഥയെ കുറിക്കുന്ന പേര്‌ എന്ന നിലക്ക്‌ ആധുനികോത്തരതയെ ഞാന്‍ അനുകൂലിക്കുന്നു. യൂറോപ്പിലെ പോലെയാണോ അതിവിടെ എന്ന അന്വേഷണത്തില്‍ കഴമ്പില്ല. സാഹചര്യങ്ങള്‍ വ്യത്യസ്തമാണല്ലോ.
എങ്കിലും സുനിലിന്റെ ചോദ്യത്തിന്റെ കാതല്‍ നിലനില്‍ക്കുന്നു. എന്തുകൊണ്ട്‌ പാശ്ചാത്യ സംജ്ഞകള്‍ക്ക്‌ ശേഷം അതിന്റെ തര്‍ജ്ജമകളും സാമന്തങ്ങളുമായി പ്രസ്ഥാനങ്ങള്‍ ഇവിടെ സംഭവിക്കുന്നു എന്നത്‌. അതിനു മലയാളിയുടെ ചരിത്രത്തിലും സമൂഹത്തിലും മനശ്ശാസ്ത്രത്തിലും ആഴത്തില്‍ ചികയുന്ന അന്വേഷണം വേണ്ടിവരും. ആരു ചെയ്യുമത്‌?
ഭാഷയെ വ്യക്തികള്‍ തമ്മില്‍ അനുഭവങ്ങള്‍ കൈമാറാനുള്ള ഉപകരണമായി കണക്കാക്കിവന്നതാണ്‌ വിപണി വീക്ഷണം (ഇതാണ്‌ സുനില്‍ പറഞ്ഞ manufacturer - consumer തത്ത്വം) .
ഇന്നും പലരും വിചാരിക്കുന്നത്‌ എഴുത്തുകാരന്റെ അനുഭവസഞ്ചയത്തെ നാം വിലകൊടുത്തു വാങ്ങുന്നു എന്നാണ്‌. ഒരു റഷ്യന്‍ ഭാഷാശാസ്ത്രജ്ഞനാണ്‌ ഭാഷ പ്രതിഫലനവും ആവിഷ്കാരവും ഒന്നുമല്ലെന്നും വ്യവഹാരമാണെന്നും ആദ്യം പറഞ്ഞത്‌. അതു സ്വയം അര്‍ത്ഥം ഉണ്ടാക്കുന്നില്ല. സംവാദം എന്ന സാമൂഹിക പ്രക്രിയയാണ്‌ അതിനു അര്‍ത്ഥം നല്‍കുന്നത്‌.
വോല്‍ഫ്‌ ഗാങ്‌ ഐസര്‍,(റിസെപ്ഷന്‍ തിയറിസ്റ്റ്‌) മുന്‍ധാരണകളുമായി വായന ആരംഭിക്കുന്ന ഒരാളിന്റെ പ്രതീക്ഷ വായന പുരോഗമിക്കുന്നതിനനുസരിച്ച്‌ എങ്ങനെ മാറിപോകുന്നു എന്നു തെളിയിച്ചു. സ്റ്റാന്‍ലി ഫിഷര്‍ കുറച്ചു കൂടി മുന്നോട്ടു പോയി കൃതി എന്ന ഒന്നില്ലെന്നു വാദിച്ചു. വിവിധ സാഹചര്യങ്ങളില്‍ നടന്ന പലതരം വായനകള്‍ക്കു നല്‍കുന്ന ഒരു പൊതു പേരാണ്‌ 'കൃതി'. പ്രതിരോധശേഷി ഇല്ലാതായ എല്ലാ അസുഖങ്ങളെയും നാം എയ്ഡ്സ്‌ എന്നു വിളിക്കുമ്പോലെ. ഈ തലത്തില്‍ വച്ചാണ്‌ ബാര്‍ത്ത്‌ കൃതി ശൂന്യമാണെന്നും (വായനക്കാനരന്‌ സ്വന്തം ആശയങ്ങളെനിറച്ച്‌ അതില്‍ വിഹരിക്കാം) എല്ലാ കൃതികളും മറ്റു കൃതികളെ ഉള്‍ക്കൊള്ളുന്നു (മൌലികത - orginality ഇല്ല) എന്നും ഒരുപാട്‌ പരിപ്രേക്ഷ്യങ്ങളുണ്ടാകുന്നതില്‍, ഏതെങ്കിലും ഒരു വീക്ഷണമാണ്‌ കൃതിയ്ക്ക്‌ സവിശേഷത നല്‍കുന്നതെന്നും വാദിച്ചത്‌. ആ സവിശേഷത വായനയാണ്‌ ഉത്പാദിപ്പിക്കുന്നത്‌. അതുകൊണ്ട്‌ എഴുത്തുകാരന്‍
മരിച്ചു. അയാളുടേ ജീവചരിത്രവും കൃതിയ്ക്കു കാരണമായ സാഹചര്യങ്ങളും എഴുത്തിന്റെ വേദനയുമെല്ലാം മറ്റൊരു കൃതിയാണ്‌.
എഴുത്തുകാരന്‍ മരിക്കുന്നത്‌ വായനക്കാരനു ജനിക്കാനാണ്‌. 'വിവക്ഷിതാര്‍ത്ഥം' (എഴുത്തുകാരന്‍ ഉദ്ദേശിച്ച അര്‍ത്ഥം) എന്നൊരു ബാദ്ധ്യതയില്‍ നിന്ന് വായനക്കാരനെ മോചിപ്പിക്കുകയാണ്‌ ബാര്‍ത്തും കൂട്ടരും യഥാര്‍ത്ഥത്തില്‍ ചെയ്തത്‌. ഇതിന്റെ വേര്‌ ലിബെറല്‍ ഹൂമനിസത്തിലാണ്‌. കെട്ടുപാടില്ലാത്ത അവസ്ഥ. ഉത്പന്നം എന്ന നിലയ്ക്ക്‌ കൃതിയെ കാണുമ്പോഴാണ്‌ വാങ്ങിവായിക്കുന്നവന്‍ ഉപഭോക്താവ്‌ ആയി മാറുന്നത്‌. പക്ഷേ ഇവിടെ വായന ഉല്‍പന്നവും വായനക്കാരന്‍ ഉത്പാദകനുമാണ്‌. അയാളുടെ ചരക്ക്‌ വിറ്റഴിക്കുന്ന മേഖല നമുക്ക്‌ കൂടുതല്‍ സംവാദത്തിനു വിഷയമാക്കാവുന്നതാണ്‌. ഏതു മേഖലയെയും വ്യാഖ്യാനിക്കാന്‍ മാക്സിന്റെ സങ്കല്‍പ്പനങ്ങളെ ഉപയോഗിക്കാവുന്നതു കൊണ്ട്‌ സ്വാഭാവികമായും ഇവിടെയും അവയ്ക്കു പ്രസക്തിയുണ്ട്‌. അതു മോശപ്പെട്ട കാര്യമല്ല.
നേരത്തെ പറഞ്ഞതു പോലെ സുനിലിന്റെ ചോദ്യത്തിലെ കാതലായ പ്രശ്നം ഇനിയും നിലനില്‍ക്കുന്നു. ഓതര്‍ മരിച്ചു കഴിഞ്ഞെങ്കില്‍, എഴുത്തുകാരന്റെ മരണത്തെ സ്ഥാപിക്കാനും വിശദീകരിക്കാനും, ഓതറായ ബാര്‍ത്തിനെ നാം സ്വീകരിച്ചതെന്തിന്‌ എന്ന പ്രശ്നം. സംവാദങ്ങള്‍ കൂടുതല്‍ നടക്കുമ്പോള്‍ നമുക്ക്‌ ഒരു ഉത്തരം കണ്ടെത്താന്‍
(കണ്ടെത്താതിരിക്കാന്‍) കഴിഞ്ഞേക്കും.
:D

Submitted by Sunil on Sun, 2005-06-05 15:25.

ഗിരിയുടെയും ശിവന്റേയും എഴുത്തുകള്‍ വായിച്ചു. സന്തോഷം. കൂടുതല്‍ പിന്നീടാകമെങ്കിലും കുറച്ച്‌ ഇപ്പോള്‍ ചോദിയ്ക്കട്ടെ.
പോസ്റ്റ്‌ മോഡേണിസത്തിന്‌ മലയാളത്തില്‍നിന്നും കുറച്ച്‌ ഉദാഹരണങ്ങള്‍ തരാമോ? ബൂലോഗത്തേയ്ക്ക്‌ സ്വാഗതം ഗിരീ.. വിനീതനായി ക്ഷണിയ്ക്കുന്നു. സ്വന്തമൊന്ന്‌ വേഗം തുടങ്ങി വിവരം അറിയിക്കൂ.
ഞാന്‍ ആദ്യം പോസ്റ്റ്‌ ചെയ്തപ്പോള്‍ സത്യമായും പോസ്റ്റ്‌ മൊഡേണിസത്തെക്കുറിച്ച്‌ വലിയതായി അറിയില്ലായിരുന്നു. പക്ഷെ ഒരു പുതുമയുള്ള idea ആയി അതുതോന്നിയതുമില്ല. ഇപ്പോഴും തോന്നുന്നുമില്ല. സാരല്യ. എങ്കിലും ഒന്നു തോന്നി ഗിരിയ്ക്കും ശിവനും എന്റെ സംശയം ഉണ്ട്‌ എന്ന്‌. എന്തിന്‌ ബാര്‍ത്ത്‌? അല്ലെങ്കില്‍ ബാര്‍ത്തിന്റെ പുതുമ എന്താണ്‌? കൂടുതല്‍ വിവരക്കേടുമായി ഉടന്‍ വരാം. ദയവായി ക്ഷമിയ്ക്കുക.

Submitted by Sivan on Tue, 2005-06-07 19:32.

Ofcourse Barth has his own importance. We have an attitute to simplify everything to what we laready know. Simplification will not help always. philosophy has its owm realm. but we can always bring it to the area of discussion. its crime to analyse Barth just looking a simple statement 'Death of Author'. many people all over the world have seriously approached the concept 'authers' death' and came out with new perceptions.
modernism had got solid defenitions. so those texts goes beyond and against it are considered as post modern. (time has nothing to do with it)
here are some simple examples given by our critics..
dalith yuvathiyute kathana katha - mukundan
nr^ththam - "
LaLitham - P P ramachandran
kanam - p raman
stories of B murali
stories of V P Sivakumar...
novels by Ravi
D (novel)- susmesh chandroth
Sketches - sheriff .......and and...

examples are not my selections...
i know what is going to happen.....
sorry i am from Cafe.. thats why this ENGLISH....... :D

Submitted by Sunil on Mon, 2005-06-13 18:48.

Barth എഴുത്തുകാരനെ ഒരു കഥാപ്രസംഗകാരനായോ പ്രാസംഗികനായോ കാണുന്നു. കഥാപ്രസംഗക്കാരന്‍ മുന്‍പുണ്ടായിരുന്ന ഒരു കഥയെ തന്റേതായ ഭാവം ചേര്‍ത്ത്‌ പറയുമ്പോള്‍ കഥയുടെ credit കഥാപ്രസംഗക്കാരനാകുന്നതെങ്ങനെ? മുന്‍പെഴുതിയ ഒരു കഥയ്ക്ക്‌ തന്റേതായ ഒരാഖ്യാന രൂപം കൊടുത്തുവെന്നല്ലേയുള്ളൂ? ഒരെഴുത്തുകാരന്‍ സമൂഹത്തില്‍ നഗ്നനേത്രങ്ങളെക്കൊണ്ടോ ഒരു സാധരണ വിചാരം കൊണ്ടോ നമുക്കനുഭവിക്കാന്‍ പറ്റാത്ത ഒരു ആശയത്തെ, പക്ഷെ സമൂഹത്തില്‍ നിബദ്ധമായ അതിലുപരി ലയിച്ചു ചേര്‍ന്നിട്ടുള പദങ്ങളെ അര്‍ത്ഥങ്ങളുടെ ചട്ടക്കൂട്ടില്‍ നിര്‍ത്തി നമ്മുടെ മുന്‍പില്‍ അവതരിപ്പിയ്ക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അതിനാല്‍ തന്നെ നിലവിലുള്ള സമൂഹമാണ്‌ കഥാകാരനെ ഉണ്ടാക്കുന്നത്‌. അതുകൊണ്ടുതന്നെ കഥയുടെ credit വ്യക്തിക്കല്ല, സമൂഹത്തിനാണ്‌. credit വ്യക്തിക്കു കൊടുക്കുന്നത്‌ വ്യക്തിത്വവാദത്തിന്റേയോ മുതലാളിത്തത്തിന്റേയോ ഒരു സ്വഭാവമാണ്‌. കഥാകരന്‍ എന്നത്‌ ആശയം ഉണ്ടാകുന്നതുപോലെ, സംഭവങ്ങള്‍ സംഭവിയ്ക്കുന്നതു പോലെ, ഒരു ചരിത്രപരമായ സമൂഹികപരമായ സൃഷ്ടിയാണ്‌. ഈ ആശയം കാറല്‍ മാര്‍ക്സ്സിന്റെ ചരിത്രപരമായ അവലോകനം എന്ന ആശയത്തോട്‌ അടുത്തുനില്‍ക്കുന്നു.

Submitted by Sunil on Mon, 2005-06-13 18:49.

ഞാനൊരു പൂവുകണ്ടു. എന്തോ ഒരു ഉത്തേജനത്താലും സര്‍ഗ്ഗാത്മകമായ പ്രകൃയയാലും ഞാന്‍ ഒരു കാവ്യം എഴുതി. എനിക്കെപ്പോള്‍ സര്‍ഗ്ഗാത്മക കൃിയ അനുഭവപ്പെട്ടോ അപ്പോള്‍ മുതല്‍ ഞാന്‍ എന്ന വ്യക്തിയുടെ പ്രാധാന്യം കുറഞ്ഞു. നിരൂപകന്‍ (ആസ്വാദകന്‍) ഞാന്‍ എന്ന വ്യക്തിയിലധിഷ്ടിതമായ പഠനങ്ങള്‍ അല്ല നടത്തേണ്ടത്‌. എഴുതിയ എന്റെ വ്യക്തിപരമായ വികാരവിചാരങ്ങളധിഷ്ടിതമായല്ല ആ കവിതയെ പറ്റി പഠനം നടക്കേണ്ടത്‌, മറിച്ച്‌ സര്‍ഗ്ഗാത്മകപ്രവര്‍ത്തനം എന്നിലുണ്ടാക്കിയ നിമിഷം മുതല്‍ ഞാന്‍ ആ കവിതയുടെ ഭാഗം മാത്രമായി. ഒരു അവിഭാജ്യ ഘടകമായി. കൂടുതല്‍ പഠനം അര്‍ഹിയ്ക്കുന്നത്‌ ആ അവിഭാജ്യഘടകമായ എന്നെയാണ്‌ അല്ലാതെ എഴുത്തിനു മുന്‍പുണ്ടായിരുന്ന വ്യക്തിക്കല്ല. എഴുതിയ കവിതയുടെ ആസ്വാദനം നടത്തുന്നത്‌ വായനക്കാരനാണ്‌. നിരൂപകന്‍ പലപ്പോഴും കണ്ടുപിടിയ്ക്കുന്നത്‌ എഴുത്തുകാരന്റെ വ്യക്തിത്വങ്ങളാണ്‌. എഴുത്തുകാന്റെ ഇന്ന ഇന്ന വ്യക്തിത്വങ്ങളാണ്‌ ഈ കവിതയില്‍ പ്രതിഫലിക്കുന്നത്‌ എന്നാണ്‌. മുഴുവന്‍ അഭിനന്ദനങ്ങളും എഴുത്തുകാരന്‌ കൊടുക്കുന്നതു വഴി അയാള്‍ രചിച്ച കവിതയുടെ മാഹാത്മ്യം കുറയുന്നു.

Submitted by Sunil on Mon, 2005-06-13 18:55.

നളചരിതത്തിലെ ഏറ്റവും വലിയ വിഷമം അന്വയമാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. പദങ്ങളുടെ വളച്ചൊടിയ്ക്കലും അനന്യസാധരണമായ പദങ്ങളുടെ കൂട്ടിക്കുഴയ്ക്കലും തന്നെ കാരണം. ഇതിനര്‍ത്ഥം കാണാന്‍ വേണ്ടി നാം പലപ്പോഴും ഉണ്ണായിവാര്യരുടെ ജീവിതശൈലിയും രീതിയും മറ്റു വ്യക്തിപരമായ കാര്യങ്ങളും അന്വേഷിക്കുന്നു.അവസാനം അതിന്നടിസ്ഥാനത്തില്‍ നമ്മള്‍ ഉണ്ണായിവാര്യര്‍ എന്ന വ്യക്തിയ്ക്ക്‌ അനുമോദങ്ങള്‍ നല്‍കുന്നു അല്ലെങ്കില്‍ പരിഹസിക്കുന്നു. തോലന്‍ തുടങ്ങിയവരുടേയും കഥ വ്യത്യസ്ഥമല്ല. ബാര്‍ത്ത്‌ പറയുന്നത്‌, നളചരിതം ആട്ടക്കഥയും ഉണ്ണായിവാര്യരും രണ്ടും രണ്ടാണ്‌, രണ്ടു സൃഷ്ടിക്കളാണ്‌. അച്ഛനും മകനും എന്നപോലെ . ആട്ടക്കഥയിലൂടെ ഉണ്ണായിയെ കണ്ടുപിടിയ്ക്കുന്നതു വഴി ആസ്വാദനത്തിന്റെ അല്ലെങ്കിലതിന്റെ രസഭാവങ്ങളുടെ അധിക മാനം കുറയ്ക്കുകയാണ്‌. താക്കോല്‍ പഴുതിലൂടെയുള്ള നോട്ടമായി ഇതിനെ കണക്കാക്കാം. ഉണ്ണായി എന്ന വ്യക്തിയെ ആട്ടക്കഥയില്‍ നിന്നും മാറ്റി ആസ്വാദകനിഷ്ടമുള്ള, കഴിവനുസരിച്ചുള്ള ആസ്വാദനം നടത്തിയാല്‍ കൂടുതല്‍ അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കാം. അതിനുള്ള സ്വാതന്ത്ര്യം വായനക്കരന്‌, ആസ്വാദകന്‌ വേണം. അതായത്‌ ഒരു പുതിയ വായന, ആസ്വാദനം തന്നെ ഉണ്ടാകണം. ഇത്‌ എഴുത്തുകാരന്‍ എന്ന വ്യക്ത്തിയുടെ ചിലവില്‍ ആയിരിക്കണം. അതായത്‌ അദ്ദേഹം
മരിയ്ക്കണം എന്നാണ്‌ ബാര്‍ത്ത്‌ പറഞ്ഞത്‌ എന്ന്‌ ഞാന്‍ പരോക്ഷമായ വായനയിലൂടെ മനസ്സിലാക്കുന്നു.

Submitted by Sunil on Mon, 2005-06-13 18:57.

ദെരീദ, ഫൊകള്‍ട്ട്‌, ലക്കാന്‍ തുടങ്ങിയവരുടേതും കൂട്ടിവായിച്ചാലേ ഇതിനര്‍ത്ഥം പൂര്‍ണമായി മനസ്സിലാകൂ. സര്‍ഗ്ഗാത്മകത എന്നൊന്നില്ല. സര്‍ഗ്ഗാത്മകസൃഷ്ടി എന്നു പറഞ്ഞ്‌ എഴുത്തുകാരന്‍ പടച്ചുണ്ടാക്കുന്നത്‌ പ്രകൃതിയിലുണ്ടായിരുന്ന ദൃശ്യമായ പദങ്ങളുടെ അതുവഴി അദൃശ്യമായ അര്‍ത്ഥങ്ങളുടെ ഇണചേര്‍ക്കലാണ്‌. ഒരുതരം discovery not invention! പദങ്ങള്‍ക്ക്‌ അര്‍ത്ഥം നിശ്ചയിച്ച വഴി രസസ്വഭാവത്തിനെ ചട്ടക്കൂടിലൊതുക്കുകയാണ്‌. രചന പ്രകൃതിയില്‍ അന്തര്‍ലീനമാണ്‌, വ്യക്തിയിലൂടെ നടന്നത്‌ അതിന്റെ ഒരു ബഹിര്‍സ്ഫുരണം മാത്രമാണ്‌. രചന എന്നപോലെ വായനയും ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണ്‌. ഈ ആശയം വഴി വായനയ്ക്ക്‌ ഒരു തനതായ വ്യക്തിത്വവും മുഖവും തരുന്നു ബാര്‍ത്ത്‌. വായനയെ ജനകീയവല്‍കരിച്ചു ബാര്‍ത്ത്‌. അപ്പോള്‍ സഹൃദയന്‍ എന്ന വാക്കിനര്‍ത്ഥം തന്നെയില്ല. രചനയുടെ പിതൃത്വം തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. പത്രാധിപരുടെ ആവശ്യം ഇല്ല. ആര്‍ക്കെന്തുവേണമെങ്കില്‍ എഴുതാം അവനവനിഷ്ടമുള്ളത്‌ വായിക്കാം. ശകലീകരണമല്ല ഇവിടെ നശീകരണമാണ്‌. ഇനിയും postmodernism,internet, hypertext തുടങ്ങിയ സങ്കേതങ്ങളെ പറ്റി തുടര്‍ന്നുള്ളവര്‍ പറയുക. ഒരു വലിയകാര്യമൊന്നുമല്ല ഞാന്‍ ഇവിടെ പറഞ്ഞത്‌. എന്റേതായ ഒരു വായന. അതിനുവേണ്ടി ഞാന്‍ postmodernism ഒരു
കണക്കിന്‌ മുതലെടുത്തു എന്നു പറയാം. തെറ്റുകള്‍ ആണ്‌ മുഴുവനും. തിരുത്തുവാനപേക്ഷ.

Submitted by Sivan on Sat, 2005-06-18 21:47.

സുനില്‍, ആദ്യത്തെ പോസ്റ്റിലെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ക്കും ഈ നാലു വരെ നമ്പരിട്ടിട്ടുള്ള 'അസംബന്ധങ്ങള്‍ക്കും' ഇടയിലുള്ള മുഖം മൂടിയോടാണ്‌ ഇനിയുള്ള സംവാദം എന്നറിയുമ്പോള്‍ മടുപ്പുണ്ട്‌. എങ്കില്‍ കൂടി ചര്‍ച്ച എന്ന നല്ല ഉദ്ദേശ്യം നിലനില്‍ക്കുന്നതു കൊണ്ട്‌ ഇതു തുടരട്ടെ.
പലപ്പോഴും നമുക്ക്‌ പറയാനുള്ള വ്യഗ്രതയില്‍ മുന്‍പേ പറഞ്ഞവയെ നാം കാണാതെ പോകുകയാണ്‌. കുറച്ചു കൂടി ശ്രദ്ധ, പലപ്പോഴും ആശയങ്ങള്‍ ആവര്‍ത്തിക്കുന്നതൊഴിവാക്കാന്‍ സഹായിക്കും.
മലയാളത്തില്‍ പോസ്റ്റു മോഡെണിസത്തെ അനുകൂലിച്ചും (കെ പി അപ്പന്‍, സി ബി സുധാകരന്‍) പ്രതികൂലിച്ചും ( വി സി ശ്രീജന്‍, പി കെ പോക്കര്‍) പുസ്റ്റകങ്ങളുണ്ടായിട്ടുണ്ട്‌. ലേഖനങ്ങള്‍ നിരവധി. അവരെല്ലാം കൂടി ഉണ്ടാക്കിവച്ച പ്രത്യയ ശാസ്ത്രപരിസരത്തു നിന്ന്‌ മുന്നോട്ടു പോകുമ്പോഴാണ്‌ ഈ വിഷയത്തെക്കുറിച്ചുള്ള ഏതു ചര്‍ച്ചയ്ക്കും എന്തെങ്കിലും പ്രസക്തിയുണ്ടാവുകയുള്ളൂ.
ഞാന്‍ വിചാരിച്ചത്‌ സുനില്‍ മലയാളത്തിലെ ഉത്തരാധുനിക കൃതികള്‍ എന്നു വിളിക്കപ്പെട്ടവയെ വസ്ത്രാക്ഷേപം ചെയ്യാന്‍ പോവുകയാണെന്നോ എഴുത്തുകാരന്റെ മരണത്തെക്കുറിച്ചുള്ള വാദഗതികളെ യുക്തികള്‍ കൊണ്ടു ഖണ്ഡിക്കാന്‍ പോവുകയാനെന്നോ ആണ്‌.
സാരമില്ല.
ഗിരിയും സുനിലും ഇത്രയും മനസ്സിലാക്കി തന്ന സ്ഥിതിയ്ക്ക്‌ ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ.
1.
"അപകോളനീകരണത്തിന്റെ അല്ലെങ്കില്‍ പ്രാദേശികവത്കരണത്തിന്റെ (അല്ലെങ്കില്‍ പ്രയോഗം ഗിരിയുടേത്‌) പുതിയ മുഖമാണ്‌ ബ്ലോഗിംഗ്‌' എന്നു ഗിരി. എങ്ങനെ? അപകോളനീകരണവും പ്രാദേശികവല്‌കരണവും ഒന്നാണോ?
2. അടുത്ത വാക്യത്തില്‍ അതാണു ശകലീകരിക്കല്‍' എന്നും ഗിരി എഴുതുന്നു. 'അറിവ്‌, സാമൂഹികം, രാഷ്ട്രീയകെട്ടുപാടുകള്‍ എന്നിവയുടെ കഷണിക്കലാണോ പോസ്റ്റു മോഡേണിസം? ഇവയുടെ ശകലീകരിക്കലാണോ പ്രാദേശികവല്‌കരണം?
3. വടക്കന്‍ വീരഗാഥയെക്കുറിച്ചും, രണ്ടാമൂഴത്തെക്കുറിച്ചും എം ടി എഴുതിയത്‌, താന്‍ മൂല എഴുത്തുകാരുടെ മൌനങ്ങളെ പൂരിപ്പിക്കുകയായിരുന്നു എന്നാണ്‌. അതിനു തെളിവും അദ്ദേഹം ഉദ്ധരിച്ചിരുന്നു. പി കെ ബാലകൃഷ്ണന്‍, പാഞ്ചാലിയുടെ പക്ഷത്തു നിന്നു ഭാരത കഥ വായിച്ചു. വി ടി നന്ദകുമാര്‍ കര്‍ണ്ണന്റെ പക്ഷത്തുനിന്നും, എസ്‌ കെ മാരാര്‍ ഗാന്ധാരിയുടെ പക്ഷത്തുനിന്നും ശശി തരൂര്‍ ആധുനിക ഇന്ത്യന്‍ അവസ്ഥയില്‍ നിന്നും മഹാഭാരതത്തെ വായിച്ചു. ജോയ്സിന്റെ ഒഡീസി വായന പോലെ (യുലീസസ്‌) ആശാന്റെ സീതാ വായനപോലെ (ചിന്താവിഷ്ടയായ...) അങ്ങനെ നിരവധി..ഇവിടങ്ങളിലൊക്കെ മൂല എഴുത്തുകാരന്‍ മരിക്കുകയാണോ? പുനര്‍ജ്ജനിക്കുകയാണോ?
3.ഉപഭോക്ത്ര നിയമം വഴി കേസു കൊടുക്കാവുന്നിടത്തു മാത്രം നിലനില്‍ക്കുന്ന ഒന്നാണോ, മുതലാളി-തൊഴിലാളി ബന്ധം?

4. സുനില്‍, വ്യക്തിത്വവാദം മുതലാളിത്ത സ്വഭാവമാണെന്നു പറയുന്നു. വ്യക്തി വാദമായിരിക്കണം ഉദ്ദേശിച്ചത്‌.
5. രചന പ്രകൃതിയില്‍ അന്തര്‍ലീനമാണെന്നും അതിനു വ്യക്തിയിലൂടെ ബഹിര്‍സ്ഫുരണം ഉണ്ടാവുകയാണെന്നും പറഞ്ഞാല്‍ വ്യക്തിയ്ക്കു പ്രാധാന്യമുണ്ടെന്നു തന്നെയല്ലേ അര്‍ത്ഥം? അയാളില്ലെങ്കില്‍ പിന്നെ ബഹിര്‍സ്ഫുരണമെവിടെ? ബഹിര്‍സ്ഫുരണത്തിനു ശേഷം അയാള്‍ അന്തരിച്ചു എന്നു വാദിച്ചാലും ബഹിര്‍സ്ഫുരണം എന്ന വസ്തുത കാരണം അയാള്‍ നിലനില്‍ക്കുന്നു. മാത്രമല്ല പ്രാധാന്യവും നേടുന്നു. കാരണം മറ്റാര്‍ക്കും കഴിയാത്ത കാര്യമാണല്ലോ അത്‌.
6. പ്രാചീന യവന ചിന്തകരുടെ ആശയമാണ്‌ എല്ലാം പ്രകൃതിയില്‍ നിലീനമാണെന്നുള്ളത്‌. ബാര്‍ത്ത്‌ അവിടെ തന്നെ കറങ്ങുകയാണോ?
6. ദറിദ, ലകാന്‍, ഫൂക്കോ, എന്നിവര്‍ക്കെല്ലാം എന്തു പ്രാധാന്യമാണ്‌ ഈ വാദങ്ങളില്‍ വന്നു ഭവിക്കുന്നത്‌? (എഴുത്തുകാരന്റെ മരണത്തില്‍ പ്രത്യേകിച്ചും?)
7. "സാധാരണ വിചാരം കൊണ്ട്‌ സമൂഹത്തില്‍ നമുക്കനുഭവിക്കാന്‍ പറ്റാത്ത ആശയത്തെ അര്‍ത്ഥങ്ങളുടെ ചട്ടക്കൂടില്‍ നിര്‍ത്തി നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകമാത്രമാണ്‌ എഴുത്തുകാരന്‍ ചെയ്യുന്നത്‌". "സര്‍ഗാത്മകത എന്നൊന്നില്ല. സര്‍ഗാത്മക സൃഷ്ടി എന്നും പറഞ്ഞ്‌ എഴുത്തുകാരന്‍ പടച്ചുണ്ടാക്കുന്നത്‌ പ്രകൃതിയിലുണ്ടായിരുന്ന ദൃശ്യമായ
പദങ്ങളുടെ അതുവഴി അദൃശ്യമായ അര്‍ത്ഥങ്ങളുടെ ഇണ ചേര്‍ക്കലാണ്‌".(സുനില്‍) ഇതില്‍ ഭൂരിഭാഗവും എനിക്കു മനസ്സിലായിട്ടില്ല. എങ്കിലും മനസ്സിലായിടത്തോളം ചോദിക്കട്ടെ, വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും പ്രകൃതിയില്‍ നിലീനമാണോ? പരസ്പരം യോജിക്കാതെ നില്‍ക്കുന്ന അവയെ തമ്മില്‍ കൂട്ടിയിണക്കുന്ന പ്രക്രിയ സര്‍ഗാത്മകമാവാതിരിക്കാന്‍ എന്താണു കാരണം? വാക്കുകളുടെ ഉല്‌പത്തിയിലും അര്‍ത്ഥ നിര്‍ണ്ണയനത്തിലും സ്വാധീനം ചെലുത്തുന്ന ഘടകങ്ങളില്ലേ? വാക്കും അര്‍ത്ഥവും പ്രകൃതിയില്‍ നിലീനമാണെന്നു പറയുമ്പോള്‍ അങ്ങനെ ഘടകങ്ങള്‍ ഇല്ലെന്നു പറയേണ്ടി വരില്ലേ?
8. ആര്‍ക്കെന്തു വേണമെങ്കിലും എഴുതാം എന്തു വേണമെങ്കിലും വായിക്കാം എന്നുള്ളത്‌ എന്തിന്റെ നശീകരണമാണ്‌?
പരോക്ഷ വായന എന്നു സുനില്‍ മുന്‍കൂര്‍ ജാമ്യം എടുത്തു എന്നതു ശരി. ആശയങ്ങള്‍ പലടത്തു നിന്നു ലഭിച്ചതായാലും നമ്മുടേതായ ഒരു ത്രെഡ്‌ ഇവയെ കൂട്ടിയിണക്കാന്‍ വേണം. അല്ലെങ്കില്‍ നമ്മള്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബദ്ധപ്പെടും.

Submitted by Sunil on Wed, 2005-06-29 19:08.

Sorry for writing in manglish. Sivan, munkooR dhaaraNakaLillaathe vaayikkoo. See you later.

Submitted by cachitea on Fri, 2005-07-01 20:13.

മലയാളത്തിലെന്നല്ല, ലോകത്തെല്ലായിടത്തും ആധുനികോത്തരവാദികള്‍ ഫ്രെയിമിട്ടു വെച്ചിട്ടുള്ള പ്രത്യയശാസ്ത്ര പരിസരത്തു നിന്ന് പുറത്ത് കടക്കാതെ ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ടാവില്ല. ശിവന്‍ പറഞ്ഞത് നൂറുവട്ടം ശരി.

ഇനി ശിവന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി :

1. അപകോളനീകരണവും പ്രാദേശികവല്‍ക്കരണവും ഒന്നാണോ?

പ്രാദേശികവല്‍ക്കരണത്തിന്‍റെ പുതിയ മുഖമാണ് ബ്ലോഗിംങ്ങെന്ന് ഗിരി പറഞ്ഞത് മലയാളം ബ്ലോഗിംങ്ങിനെ ഉദ്ദേശിച്ചാവും. കോളനിവല്‍ക്കരണത്തെ ആഗോളവല്‍ക്കരണമെന്ന് പറയാമെങ്കില്‍ അപകോളനീകരണം തീര്‍ച്ചയായും പ്രാദേശികവല്‍ക്കരണം തന്നെ.

2. മൂല എഴുത്തുകാരന്‍ മരിക്കുകയാണോ? പുനര്‍ജ്ജനിക്കുകയാണോ?

സംഗതി സ്വല്‍പ്പം ബാര്‍ത്ത് പറഞ്ഞതു പോലെത്തന്നെയാണ്. സ്വല്‍പ്പം അങ്ങിനെയല്ല താനും.

എഴുത്തുകാരന്‍റെ "കയ്യിലിരുപ്പില്‍" നിന്ന് സൃഷ്ടിയെ രക്ഷിക്കാനായിരിക്കാം ബാര്‍ത്ത് എഴുത്തുകാരനെ കൊന്നത്. പിന്നെ എഴുത്തുകാരന്‍ അതിര്‍ത്തി നിശ്ചയിച്ച ചിന്തയില്‍ നിന്നും വേറിട്ട്, എണ്ണിയാലടങ്ങാത്ത വായനാസാധ്യത ആസ്വാദകര്‍ക്ക് നല്‍കുക എന്നൊരു ഉദ്ദേശവും ബാര്‍ത്തിന് ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഉണ്ടായത് മറ്റൊന്നാണ്. കൃതിയെ പ്രസവിച്ച് എഴുത്തുകാരന്‍ വഴിയില്‍ ഉപേക്ഷിച്ചു. ആസ്വാദകര്‍ തരം കിട്ടിയപ്പോഴൊക്കെ കൃതിയെ വ്യഭിചരിച്ചു.

കൃതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും എഴുത്തുകാരന് ഒഴിഞ്ഞു മാറാന്‍ പറ്റില്ല. ലോഹിതദാസിന്‍റെ കളിയാട്ടത്തില്‍ ഏതോ ഒരു കഥാപാത്രത്തെ അഭിനയിച്ചപ്പോള്‍ പനി വന്ന് തുള്ളി വിറച്ചു എന്ന് പറയുന്ന നടന്‍ ലാലിനെപ്പോലെ ആവരുത് ചിന്തിക്കുന്ന എഴുത്തുകാരന്‍. ലാല്‍ പറഞ്ഞത് ഉന്‍മാദം എന്ന രോഗത്തിന്‍റെ ലക്ഷണമാണ്. ഉന്‍മാദ രോഗമുള്ള എഴുത്തുകാര്‍ക്ക് Concession നല്‍കാം. എന്നാല്‍ ചിന്തിക്കുന്നവര്‍ അവരുടെ സൃഷ്ടികളെപ്പറ്റി ബോധമുള്ളവരായിരിക്കണം.

എഴുത്തുകാരന്‍റെ കയ്യിലിരുപ്പ് ശരിക്കും മനസ്സിലാക്കാന്‍‍ ജാഗരൂകരായിരിക്കണം വായനക്കാര്‍‍. ബൈബിളായാലും "സ്ത്രീയേ നീ പുരുഷന് കീഴ്പ്പെട്ടിരിക്കണം" എന്ന് വായിച്ചാല്‍ എഴുതിയയാളെ തള്ളിക്കളയുകയാണ് ചിന്തിക്കുന്ന വായനക്കാര്‍ ചെയ്യേണ്ടത്. ഇവിടെ വായനക്കാര്‍ ആര്‍ജ്ജിത വിജ്ഞാനത്തിലൂടെ ബൈബിള്‍ കാലഘട്ടത്തെ പുനര്‍‌വായിക്കുന്നു. വിഷമുളവാക്കുന്ന ഈ വാചകം എഴുതിയയാളെ തനിസ്വരൂപത്തില്‍ പുനര്‍ജ്ജനിപ്പിക്കുന്നു, കാട്ടിക്കൊടുക്കുന്നു.

(എഴുതി വന്നപ്പോള്‍ സമയം ഏറെയായി. ഇപ്പോള്‍ നിറുത്തട്ടെ)