തര്‍ജ്ജനി

കെ.ആര്‍. ഹരി

സൌഗന്ധികം,
ലോകനാഥ് വീവേഴ്സിനു സമീപം,
ചൊവ്വ,
കണ്ണൂര്‍ 670 006
ഇ മെയില്‍: leodynasty@yahoo.com

Visit Home Page ...

കഥ

ബട്‍ലറുടെ മകന്‍

ഓപ്പെറയില്‍ ഉച്ചപ്പടം കസറി പുറത്ത്‌ മഞ്ജുനാഥന്റെ ചുവപ്പും മഞ്ഞയും നിറങ്ങള്‍ തേച്ചുപിടിപ്പിച്ച തട്ടു‍വണ്ടിയുടെ കനലിലിരുന്നു‍ ചോളകതിരുകള്‍ പൊട്ടി‍. മലബാര്‍ മഹലിലെ ബിരിയാണി മണങ്ങളില്‍ ഉച്ച കനത്തു. മള്ട്ടിപ്ലെക്സില്‍ പുതിയ ഇംഗ്ലീഷ്‌ പടത്തിന്റെ തുടക്ക ദിവസമായതുകൊണ്ട്‌ റോഡില്‍ വാഹനങ്ങളുടെ തിരക്ക്‌ കൂടിക്കൂടി വന്നു. ചെവിയില്‍ അമര്‍ത്തിപിടിച്ചിരിക്കുന്ന പോക്കറ്റ്‌ റേഡിയോവിലൂടെ മെട്രൊ എഫ്‌.എം ലെ ഗാനങ്ങള്‍ കേള്‍ക്കുന്നതിനിടയിലും തിരക്കുകളിലേക്ക്‌ ബബ്ലു കണ്ണുകള്‍ പായിക്കുകയും കൈയ്യിലിരിക്കുന്ന തകിടുകൊണ്ടുള്ള ഉപകരണത്തില്‍ 'പ്ടപ്പ്‌ ' എന്ന ശബ്ദം ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു‍. തോല്‍ വാറുകൊണ്ട്‌ നെഞ്ചിന്റെ ഉയരത്തില്‍ തൂക്കിയിട്ട തട്ടി‍യില്‍ ലൌ സ്റ്റിക്കറുകളും, റ്റെറ്റുകളും മഴവില്‍ നിറങ്ങളുടെ സ്ട്രിപ്പുകളും പോര്‍ഷ്വേ, ബ്രിഡ്ജ്‌ സ്റ്റോണ്‍, ഫയര്‍ബേര്‍ഡ്‌ തുടങ്ങിയ എഴുത്തുകളുള്ള ബൈക്കുകളില്‍ പതിക്കുന്ന സ്റ്റിക്കറുകളും ഉണ്ടായിരുന്നു‍. റ്റെറ്റുകളുടെ വില്പന ഏറ്റവും കൂടുതല്‍ നടക്കുന്നത്‌ നഗരത്തിന്‌ കളിഭ്രാന്ത്‌ പിടിക്കുമ്പോഴാണ്‌. പതാകകളുടെ റ്റെറ്റുവാണ്‌ അപ്പോള്‍ അധികവും വിറ്റുപോകുന്നത്‌ ക്രിക്കറ്റിന്റെ ലഹരി മൂക്കുമ്പോള്‍ രാജാമണിയും വരും. കൈയില്‍ ചായവും പെന്‍സില്‍ ബ്രഷുമായി. കോളേജ്‌ സ്റ്റൂഡന്‍സിന്റെ മുഖത്തും, ശരീരങ്ങളിലും ക്ഷൌരം ചെയ്ത്‌ മിനുക്കിയ തലയിലും അവരുടെ ഇഷ്ടാനുസരണം ചിത്രങ്ങള്‍ വരഞ്ഞ്‌ കൊടുക്കും. രാജ്യസ്നേഹം കണ്‍പോളകളില്‍ വരെ തേച്ചു പിടിപ്പിക്കും. സുന്ദരിപ്പെണ്ണുങ്ങള്‍ ഉരുണ്ടകണ്ണുകള്‍ അടയ്ക്കുമ്പോള്‍ അത്‌ തെളിഞ്ഞുവരും.

ഓപ്പെറ ഹൌസിന്റെ മുന്നി‍ലെ കമ്പിക്കാലില്‍ നാട്ടി‍യ വലിയ ബോര്‍ഡില്‍ പോസ്റ്റര്‍ മാറി പുതിയ ഫിലിം പെട്ടി‍ വന്നിറങ്ങിയാലാണത്‌ ഉണ്ടാവുക. പുതിയ പോസ്റ്ററില്‍ നീന്തല്‍ വേഷത്തില്‍ ഒരു പെണ്‍കുട്ടി‍ മാദകഭാവങ്ങളോടെ നഗരത്തെ നോക്കിനിന്നു‍. തലയ്ക്ക്‌ പിന്നി‍ലായി പിണച്ചുവെച്ചകൈകളുമായി അവള്‍ കക്ഷം പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു‍. തൊട്ടടുത്ത്‌ അ എന്ന വലിയ എഴുത്തിന്റെ കവരങ്ങള്‍ക്കിടയില്‍ മറ്റൊരു പെണ്‍കുട്ടി‍ മലര്‍ന്ന് കിടന്നിരുന്നു‍. അവളുടെ മാറിടം മുഴുവന്‍ തുറന്നു കിടന്നു. ഇത്തിരി നേരത്തെ ഉച്ചവിശ്രമത്തിനോ, അന്തിക്ക്‌ ഒരു ചായ കുടിക്കാനോ ഓപ്പെറ ഹൌസിന്റെ പടികള്‍ കയറി തൂണും ചാരി ഇരിക്കുമ്പോള്‍ കേള്‍ക്കുന്നതെല്ലാം അസഹ്യമായ ശബ്ദകോലാഹലങ്ങളാണ്‌. ഓപ്പെറ ഹൌസിന്റെ സ്പീക്കറുകളുടെ പ്രകമ്പനത്തില്‍ പുറത്തേക്ക്‌ തെറിക്കുന്നത്‌ ഒന്നു‍കില്‍ അലര്‍ച്ചകളോ അട്ടഹാസങ്ങളോ ആര്‍ത്തനാദങ്ങളോ ആണ്‌. അതൊഴികെ മറ്റൊന്നും ബബ്ലു കേട്ടി‍രുന്നി‍ല്ല. ഏകദേശം ഒരു മാസം മുമ്പാണ്‌ 'അഞ്ചരയ്ക്കുള്ള വണ്ടി' എന്ന മലയാളം പടത്തിന്റെ പെട്ടി‍ ,പോലീസ്‌ പിടിച്ച്‌ കൊണ്ടുപോയത്‌. ആയിടയ്ക്ക്‌ മൂന്ന്‌ നാല്‌ ദിവസങ്ങളില്‍ മാത്രമെ അവിടെ ശാന്തമായിരുന്നു‍ള്ളു എന്ന്‌ അയാള്‍ ഓര്‍മ്മിച്ചു. ഉച്ചപ്പടങ്ങള്‍ മുടങ്ങാതെ കാണുന്ന ഒരാള്‍ മാര്‍ക്കോപോളോയിലെ കൂര്‍ഗിയാണ്‌. പബ്ബിനുള്ളിലെ നോട്ടക്കാരന്‍. അതിനുള്ളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവരെ കഴുത്തിന്‌ കുത്തിപ്പിടിച്ച്കൊണ്ടുവന്ന് പുറത്ത്‌ തള്ളുക എതാണ്‌ അയാളുടെ മുഖ്യജോലി. കൂര്‍ഗയുടെ ഭീമാകാരത്വം അയാളുടെ നോട്ടക്കാരന്റെ പണിയെ സാധൂകരിക്കുന്നു‍ണ്ട്‌ എന്ന്‌ ബബ്ലുവിന്‌ തോന്നാ‍റുണ്ട്‌. 'കൊടുത്ത കാശ്‌ മുതലായെടാ ബബ്ലു' വിരലുകള്‍ക്കിടയില്‍ കുത്തി നിറുത്തിയ സിഗരറ്റ്‌ കൈമടക്കിലൂടെ ആഞ്ഞുവലിച്ച്‌, പുക ആസ്വദിച്ചുകൊണ്ട്‌ കണ്ട പടത്തെ കുറിച്ച്‌ കൂര്‍ഗി വിലയിരുത്തല്‍ നടത്തും. ചിരിക്കുമ്പോള്‍ അയാളുടെ ശരീരം ഒട്ടാകെ ഉലഞ്ഞാടും. മേല്‍ ചുണ്ടില്‍ തുടങ്ങി കവിളുകളുടെ പരപ്പിലേക്ക്‌ ബള്‍ബു രൂപത്തില്‍ പടര്‍ന്നു കിടക്കുന്ന ഉഗ്രന്‍ മീശയാണ്‌ കൂര്‍ഗിയുടേത്‌. പണ്ട്‌ ദേവനഹള്ളിയിലെ കോവിലില്‍ വരുന്ന തട്ടുതകര്‍പ്പന്‍ ബാലെ രൂപങ്ങളെ അതോര്‍മ്മിപ്പിച്ചു .

ഓപ്പെറ ഹൌസിന്റെ മുറ്റത്ത്‌ കാഞ്ചന്റെ ചിറ്റ്‌ ചാറ്റ്‌ കഫെയുടെ മുന്നി‍ലിട്ട ബെഞ്ചിലിരിക്കുമ്പോഴാണ്‌ അവള്‍ ഒരു ചായയുമായി മുന്നി‍ലെത്തിയത്‌.
'അക്രം, ഇന്നലെയും വന്നിരുന്നു. ബീഗംപേട്ടി‍ലെ ബനിയന്‍ കമ്പനിയില്‍ ഒരു ജോലി ശരിയാക്കിയിട്ടു‍ണ്ടെന്നാണ്‌ പറഞ്ഞത്‌ '. ' ഇത്‌ കളഞ്ഞിട്ട്‌ അവിടെ ചേരാനാണ്‌ നിര്‍ബന്ധിക്കുന്നത്‌ '. ഇത്തിരി കഴിഞ്ഞ്‌ അവള്‍ വീണ്ടും പറഞ്ഞു. 'അക്രമിന്റെ ബോസിന്റെ സ്വന്തം കമ്പനിയാണ്‌ ' മറുപടി ഒന്നും ഇല്ലാത്തതു കൊണ്ടാകണം തലകുനിച്ച്‌ അവള്‍ അവിടെതന്നെ‍ നിന്നു‍. ബബ്ലു ചായമൊത്തിക്കുടിച്ചതല്ലാതെ അതിന്‌ ഉത്തരമൊന്നും പറഞ്ഞില്ല. അയാള്‍ താഴേക്ക്‌ നോക്കി ഇരിക്കുകയും പിന്നെ‍ റോഡിലേക്ക്‌ കണ്ണുകള്‍ പായിക്കുകയും ചെയ്തു. കാഞ്ചന്‍ അവളുടെ ചിറ്റ്‌ചാറ്റ്‌ കഫെയുടെ കച്ചവടം തുടങ്ങുന്നത്‌ അഞ്ചുമണിയോടടുത്താണ്‌. മുട്ടദോശയും, തക്കാളി ചട്ണിയും പൊരിച്ച ചിക്കനും അവള്‍ അവിടെ വിറ്റു. ഇലകള്‍ ഈര്‍ക്കില്‍ കുത്തിച്ചേര്‍ത്ത്‌ തളികപോലെയാക്കി അതിലാണ്‌ അവള്‍ വിളമ്പുക. അതിന്റെ ഒരു പുതുമ കൂടിയുണ്ട്‌ അവളുടെ വിഭവങ്ങള്‍ക്ക്‌. സന്ധ്യയായാല്‍ ഒരുവിധം നല്ല തിരക്കാണവിടെ. കാഞ്ചന്‍ കാലിയായ ഗ്ലാസുമെടുത്ത്‌ കടയിലേക്ക്‌ തിരികെ കയറിപ്പോയി. ബബ്ലു റോഡിലെ കാഴ്ചകളിലേക്ക്‌ നോക്കി അവിടെത്തെ‍ ഇരുന്നു‍. ചിരപരിചയമെങ്കിലും ഹാരിംഗ്ടണ്‍ റോഡിലെ എന്തിനും പുതുമകളാണെന്ന്‌ അയാള്‍ക്ക്‌ തോന്നാ‍റുണ്ട്‌. കെട്ടി‍ടങ്ങള്‍ക്ക്‌, കടകളുടെ മുഖപ്പിന്‌, അവയുടെ മുന്നി‍ലെ വെളിച്ചങ്ങള്‍ക്ക്‌, കടകളില്‍ ജോലി ചെയ്യുന്ന സെയില്‍സ്‌ ഗേളുകള്‍ക്ക്‌, ചുറ്റിയടിക്കാന്‍ വരുന്ന യുവതീയുവാക്കള്‍ക്ക്‌. അങ്ങനെ എല്ലാറ്റിനും. പുതിയ ഫാഷനുകള്‍ ആദ്യം പരീക്ഷിക്കപ്പെടുക ഹാരിംഗ്ടണ്‍ റോഡിലാണ്‌. ഈ പൊലിമകള്‍ക്കിടയില്‍ തരംതിരിഞ്ഞാല്‍ അവശേഷിക്കുന്ന ഒരേഒരാള്‍ താനായിരിക്കുമെന്ന്‌ അയാള്‍ക്ക്‌ തോന്നാ‍റുണ്ട്‌. ഓപ്പെറയുടെ മുറ്റത്തിന്റെ കോണിലെ പാന്‍ഷോപ്പിലെ കാജാപോലും ദിവസവും ഷര്‍ട്ട് മാറാറുണ്ട്‌ . മുഴുക്കൈയ്യന്‍ കളര്‍ ഫുള്ളായ ഷര്ട്ടു‍കളാണ്‌ കാജാ ധരിക്കുക. സ്റ്റീല്‍ തിളക്കമുള്ള കനത്ത ചതുരന്‍ വാച്ചും, ചെയിനും കൈയ്യിലുണ്ടാകും. വില്പന കഷ്ടിയായിപ്പോകുന്ന ദിവസങ്ങളിലോ ഏതൊക്കെയോ നഷ്ടബോധങ്ങള്‍ മനസ്സിനെ തടവുകാരനായി പിടികൂടുമ്പോഴോ ആണ്‌ അങ്ങനെയുള്ള തോന്നലുകള്‍ ശക്തമാകാറുള്ളത്‌. ഗ്ലാസ്സ്‌ പാനലുകളും, നിറവെളിച്ചങ്ങളും, സംഗീതവും നിറഞ്ഞ ഹാരിംഗ്ടണ്‍ റോഡിന്റെ കോണില്‍ മറ്റൊരവശേഷിപ്പായി നിറങ്ങള്‍ മങ്ങി, അങ്ങിങ്ങ്‌ പൊളിഞ്ഞിളകി, തൂണുകളില്‍ അഴുക്ക്‌ പിടിച്ച്‌ ഓപ്പെറ ഹൌസ്‌ നില്‍ക്കുന്നത്‌ അയാള്‍ കാണും. പടുവാര്‍ദ്ധക്യത്തിന്റെ ദൈന്യം ബാധിച്ച്‌ അവശനായ ഒരു കൂറ്റന്‍ ജീവിയെപ്പോലെ. ഓപ്പെറ ഹൌസിന്റെ മുറ്റത്തേക്ക്‌ നോക്കിനില്ക്കുമ്പോള്‍ അറിയാതെ ചില പഴയ ചിത്രങ്ങളെ മനസ്സ്‌ വരഞ്ഞെടുക്കാന്‍ തുനിയും വട്ടത്തൊപ്പിയും വെച്ച്‌ കമ്പിളി ഉടുപ്പും ഇട്ട്‌ രാത്രി മഞ്ഞ്‌ കൊണ്ടും ഹിസ്പാനോസിയുസയുടേയോ ഓസ്റ്റിന്‍ മാര്ട്ടി‍ന്‍ കാറിന്റെയോ അരികുപറ്റി ബട്‍ലര്‍ നാഗു പണ്ട്‌ ഈ മുറ്റത്ത്‌ നിന്നിട്ടു‍ണ്ടാകും. നാടകം കഴിയുതും കാത്ത്‌. അകത്ത്‌ ആഢ്യത്വങ്ങളുടെ ഹാളില്‍ പ്രൌഡഗംഭീരമായ സദസ്സിനുമുമ്പില്‍ നാടകം തകര്‍ത്താടും.

ബ്രിട്ടീ‍ഷുകാരുടെ നാടകശാലയായിരുന്നു‍ ഓപ്പെറ ഹൌസ്‌. സ്ഥാനമാനങ്ങള്‍ വിളിച്ചറിയിക്കുന്ന വസ്ത്രങ്ങളുമണിഞ്ഞു് വിദേശകാറുകളില്‍ സായ്പുമാരും മദാമ്മമാരും നാടകം കാണാന്‍ വിറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു‍ ഓപ്പെറ ഹൌസിന്‌. പ്രഭുക്കന്മാര്‍ക്കും പട്ടാ‍ള ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക അകമ്പടികള്‍. കാവല്‍ നില്ക്കാന്‍ ഭൃത്യന്മാര്‍. ഷേക്സ്പിയര്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ എത്തിച്ചേരുന്ന നാടക കലാകാരന്‍മാര്‍ക്ക്‌ രാജോചിതമായ സ്വീകരണങ്ങള്‍. ഓപ്പെറ ഹൌസിന്റെ യൌവ്വനമായിരുന്നു അത്‌. എന്നും ചമയങ്ങള്‍ എടുത്തണിഞ്ഞ ഒരു നവോഢയെപ്പോലെ. ഓപ്പെറ ഹൌസിലെ അങ്ങനെയുള്ള പകിട്ടാര്‍ന്ന സായാഹ്നങ്ങളിലൊന്നാ‍യിരിക്കണം സാറാ ഹസ്‍ലര്‍ അവരുടെ പ്രേമം ഡാല്ട്ടണ്‍ സായ്‌വിന്‌ നല്കിയത്‌ സാറാ ഹസ്‍ലറിന്റെ പിതാവിന്‌ അന്ന്‌ ഹാരിംഗ്ടണ്‍ റോഡില്‍ വലിയ കടയുണ്ടായിരുന്നു‍. ക്ലോക്കുകളുടേയും സ്വനഗ്രാഹികളുടേയും വ്യാപാരം. ആ കട ഇന്നി‍ല്ല. അതിന്റെ വിക്ടോറിയന്‍ മാതൃകയിലുള്ള രണ്ട്‌ തൂണുകള്‍ മാത്രമെ അവശേഷിച്ചിട്ടു‍ള്ളു. അത്‌ ബബ്ലുവിനെ പലതും ഓര്‍മ്മിപ്പിക്കും. സ്മൃതിപഥങ്ങളിലൂടെ അലയുമ്പോഴെല്ലാം മുന്നി‍ല്‍ ചോദ്യചിഹ്നം കണക്കെ അപ്പായുടെ രൂപം തെളിഞ്ഞ്‌ വരും ചില്ലുവിളക്കുകളുടെ മങ്ങിയ വെളിച്ചത്തില്‍ രാമഞ്ഞിന്റെ ഭൂതകാലനിറത്തില്‍ ബട്‍ലര്‍ നാഗുവിന്റെ മെലിഞ്ഞ രൂപം.

പറ്റെ വെട്ടി‍യ മുടിയും ഒരു നീളന്‍ മീശയും വാറുകളുള്ള പാന്റുസും ആയിരുന്നു‍ ബട്‍ലര്‍ നാഗുവിന്റെ വേഷം. ഒരു പക്ഷെ ഡാല്ട്ടണ്‍ സായ്‌വ്‌ അങ്ങനെ നടക്കാന്‍ നിഷ്കര്‍ഷിച്ചിട്ടു‍ണ്ടാവാം. ജീവിതകാലം മുഴുവന്‍ ഡാല്ട്ടണ്‍ സായ്‌വിന്റെ നിഴലായി നടന്നുതീര്‍ത്ത അപ്പാ. ആഴ്ചകള്‍ കൂടുമ്പോഴോ മാസത്തിലൊരിക്കലോ ആടിയാടി വരുന്ന ഒരു രൂപത്തെ കാണാം. വാറുകള്‍ ഊര്‍ന്നിറങ്ങി അഴിഞ്ഞ പാന്റ്സും തോളത്ത്‌ ഒരു പഴയ ബാഗുമായി വീടിന്‌ മുന്നി‍ലെ കല്ലുപാത്തിയുടെ അടുത്തുവന്നൊരു പ്രകടനമാണ്‌. ഒരു വിധം അത്‌ ചാടി കടന്ന് മരത്തില്‍ ചുറ്റിപിടിച്ച്‌ ഒരു നില്പ് നില്ക്കും. പിന്നെ‍ ആരെങ്കിലും ചെന്ന്‌ കൂട്ടിക്കൊണ്ടുവരണം. അമ്മയെ കാണുമ്പോള്‍ ലഹരിയില്‍ കുഴഞ്ഞ ഒരു സല്യൂട്ട്‌ അടിക്കും. തോളിലെ ബാഗില്‍ ഒഴിഞ്ഞ കുപ്പി കഴുത്ത്‌ നീട്ടി‍ ഇരിപ്പുണ്ടാവും. അല്ലാതെമറ്റൊന്നും അതില്‍ ഉണ്ടാകില്ല. കെട്ട മദ്യത്തിന്റെ മൊശട്‌ ഗന്ധമായിരുന്നു‍ ആ ശരീരത്തിനെപ്പോഴും ചിലപ്പോള്‍ സ്നേഹം കൂടുമ്പോള്‍ മടിയില്‍ പിടിച്ചിരുത്തി ലാളനയോടെ പറയും 'ഇവനെ ഞാനൊരു സോള്‍ജിയറാക്കും, നോക്കിക്കോ'. എല്ലാം ഡാള്‍ട്ടണ്‍ സായ്‌വ്‌ ഏറ്റിട്ടു‍ണ്ട്‌'. വാരിക്കോലില്‍ തൂക്കിയ കാലന്‍കുട ഒരു തോക്കാകും. ഡാള്ട്ടണ്‍ സായ്‌വ്‌ ഷൂട്ടുചെയ്യുന്ന സ്റ്റൈലൊക്കെ അഭിനയിച്ച്‌ കാണിക്കും. പക്ഷെ ഏറ്റതൊന്നും നിറവേറ്റാന്‍ ഡാള്ട്ടണ്‍സായ്‌വിന്‌ കഴിഞ്ഞില്ല. സാറാ ഹസ്ലറിന്റെ പ്രേമത്തില്‍ മുങ്ങിപ്പോയ സായ്‌വ്‌ പിന്നെ‍ ധൂര്‍ത്തിലായിരുന്നു‍. ആര്‍ഭാടക്കാരിയായ സാറായുമൊത്ത്‌ ഡാള്‍ട്ടണ്‍ സായ്‌വ്‌ ജീവിതം ആഘോഷിച്ചു. ഗ്രീന്‍ ഫീല്‍ഡിലെ ബംഗ്ലാവിലേക്ക്‌ മടങ്ങാതെ അവരോടൊപ്പം തന്നെ‍ കഴിഞ്ഞു. ജെര്‍ട്രൂഡ്‌ മദാമ്മയും മകളും അവിടെ ഒറ്റക്കായി. ക്ലബ്ബും യാത്രകളും നാടകവും കുതിരപ്പന്തയവും സായ്പിന്റെ പുതുലഹരികളായി. കുതിരപ്പന്തയത്തിലെ ജയവും തോല്‍വിയും ഒരേപോലെ അദ്ദേഹത്തെ ഭ്രാന്തുപിടിപ്പിച്ചു. സിദ്ധാര്‍ത്ഥപുരയിലെയും നെല്ലൂരഹളളിയിലേയും കൃഷിയിടങ്ങള്‍ മുഴുവന്‍ വിറ്റ്‌ നശിപ്പിച്ചു. പണം വാരിയെറിഞ്ഞ്‌ പന്തയം വെച്ചു. കുറെ നേടുമ്പോള്‍ അതിന്റെ ഇരട്ടി‍ക്ക്‌ വാതുവെച്ചു. പതുക്കെ പതുക്കെ ഡാല്ട്ടണ്‍ സായ്‌വ്‌ കാലിയാവുകയായിരുന്നു‍. സാറാ ഹസ്ലര്‍ക്ക്‌ മടുത്തു. അവര്‍ കല്‍ക്കത്തയ്ക്ക്‌ വണ്ടി കയറി. അവരുടെ പിതാവ്‌ നേരത്തെ തെ‍ ബിസിനസ്സ്‌ മതിയാക്കി കല്‍ക്കത്തയ്ക്ക്‌ പോയിരുന്നു‍. പാപ്പരായെങ്കിലും ഡാല്ട്ടണ്‍ സായ്‌വ്‌ പന്തയക്ലബ്ബ്‌ വിട്ടു‍പോകാന്‍ കൂട്ടാ‍ക്കിയില്ല. മദ്യത്തിലും ഉറക്കത്തിലും നടത്തത്തിലുമെല്ലാം സായ്‌വിന്റെ തലയ്ക്കുള്ളില്‍ പന്തയക്കുതിരകള്‍ ചുരമാന്തികൊണ്ടിരുന്നു‍. ഉറക്കത്തില്‍ സായ്‌വ്‌ ഗോഗ്യാവുകള്‍ വിളിച്ചു. നടത്തത്തില്‍ സായ്‌വ്‌ ആരൊടെന്നില്ലാതെ ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു‍. ഒരു സന്ധ്യയ്ക്ക്‌ അപ്പാ മടങ്ങി വന്നത്‌ ഓര്‍മ്മയുണ്ട്‌. പഴയ ബാഗില്‍ സായ്‌വിന്റെയാവണം, ചുരുട്ടി‍ വെച്ചിരുന്ന ഒരു കോട്ടും പാന്റ്സും ഉണ്ടായിരുന്നു‍. ആകെ സമ്പാദ്യം അതായിരുന്നു.‍ അപ്പാ പിന്നെ‍ മൌനിയായിരുന്നു‍. ആരോടും ഒന്നും സംസാരിച്ചിരുന്നി‍ല്ല. ഒരു ഉഷ്ണകാലരാത്രിയില്‍ ഇറയത്ത്‌ കിടിരുന്ന അപ്പാ പുറപ്പെട്ടു‍പോയി. എവിടേക്കെന്ന്‌ ആര്‍ക്കും അറിയില്ലായിരുന്നു‍. തിരക്കിയിട്ടും ഒരു വിവരവും കിട്ടി‍യില്ല. ബട്‍ലര്‍ നാഗുവിനെ പിന്നെയൊരും കണ്ടിട്ടി‍ല്ല..

ദരിദ്രനായ ഡാല്ട്ടന്‍ സായ്‌വ്‌ ഗ്രീന്‍ഫീല്‍ഡിലേക്ക്‌ ഒരിക്കല്‍ മടങ്ങിവന്നിരുന്നു.. ജെര്‍ട്രൂഡ്‌ മദാമ്മയും മകളും ലണ്ടനിലേക്ക്‌ മടങ്ങിപ്പോയതിനുശേഷം. ബംഗ്ലാവും സ്ഥലവും പള്ളിക്ക്‌ എഴുതികൊടുത്തിട്ടാ‍ണ്‌ അവര്‍ മടങ്ങിയത്‌. കിടപ്പാടവും നഷ്ടപ്പെട്ട സമയത്ത്‌ ജെര്‍ട്രൂഡ്‌ മദാമ്മയായിരുന്നു‍ കരുണകാട്ടി‍യത്‌. തനിക്കും അമ്മായ്ക്കും സഹോദരിക്കും ബംഗ്ലാവിന്റെ ഒഴിഞ്ഞു കിടന്ന കാര്‍ ഷെഡ്ഡില്‍ താമസിക്കാന്‍ അനുവാദം തന്നു. പള്ളിക്കാര്‍ ഏറ്റെടുത്ത ശേഷം അതും നഷ്ടപ്പെട്ടു‍. ജെര്‍ട്രൂഡ്‌ മദാമ്മയ്ക്ക്‌ അക്കാലത്ത്‌ അമിതവണ്ണമായിരുന്നു‍. വണ്ണം പെരുത്ത്‌ നടക്കാന്‍പോലും ആകാത്ത അവസ്ഥ. മദാമ്മയും മകളും മടങ്ങിപ്പോകാന്‍ തീരുമാനിച്ചപ്പോള്‍ സഹോദരിയെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം അമ്മ സമ്മതിച്ചില്ലെങ്കിലും പിന്നീ‍ട്‌ വഴങ്ങുകയായിരുന്നു‍. അതോര്‍ത്ത്‌ അമ്മാ പലപ്പോഴും കരയുമായിരുന്നു‍. സത്യ പോയിട്ട് 27 വര്‍ഷങ്ങള്‍ കഴിയുന്നു‍ എന്നയാള്‍ ഓര്‍ത്തു. ആദ്യകാലങ്ങളില്‍ വികൃതമായി കുത്തിക്കുറിച്ച ഒരു കത്ത്‌ പള്ളിയഡ്രസ്സില്‍ വന്നിരുന്നു.‍ പിന്നീ‍ട്‌ അതും നിന്നു‍. തല ചായ്ക്കാന്‍ ഇടമില്ലാതെ അലഞ്ഞ ഡാള്ട്ടന്‍ സായ്‌വ്‌ വിന്‍ഡ്സര്‍ ഫാമിലെ അകന്ന ഒരു ബന്ധുവിന്റെ ഒഴിഞ്ഞുകിടന്ന ഔട്ട്‌ ഹൌസില്‍ കയറികൂടി. അവിടെ അയാള്‍ക്ക്‌ കൂട്ട്‌ പട്ടി‍കളായിരുന്നു‍. വഴിയില്‍ കണ്ട സകല ചാവാലി പട്ടി‍കളെയും അയാള്‍ അവിടേക്ക്‌ കൂട്ടി‍കൊണ്ടുവന്നു. അവയും അയാളും അതിനകത്ത്‌ ഒരുമിച്ച്‌ കഴിഞ്ഞു. അവയ്ക്ക്‌ ഭക്ഷണത്തിനായി അയാള്‍ ഇരന്നു. താടിയും മുടിയും നീട്ടി‍ വളര്‍ത്തി നാറിയ വസ്ത്രങ്ങളുമായി നടന്ന സായ്‌വിനെ എല്ലാവരും ആട്ടി‍യകറ്റി. പട്ടി‍കളും അയാളും അടങ്ങുന്ന സംഘം ഗ്രീന്‍ഫീല്‍ഡിലേയും, വിന്‍ഡ്സര്‍ ഫാമിലേയും വഴികളിലൂടെ അലഞ്ഞുനടന്നു. ഒരുനാള്‍ സായ്‌വ്‌ ആ വീട്ടി‍നുള്ളില്‍ മരിച്ചു കിടന്നു. പക്ഷെ ആരും അറിഞ്ഞില്ല. ആ ശരീരം അവിടെ കിടന്നു് ചീര്‍ത്ത്‌ ദുര്‍ഗന്ധം പരത്തി. കാറ്റിലത്‌ അവിടമാകെ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ആരോ തിരക്കിച്ചെന്നത്‌. അപ്പോഴേക്കും പട്ടി‍കള്‍ ഡാള്‍ട്ടന്‍ സായ്പിന്റെ ശരീരം കടിച്ചു കീറി വികൃതമാക്കിയിരുന്നു‍.

ഓപ്പെറ ഹൌസിന്റെ മുന്നി‍ലെ പോസ്റ്റര്‍ മാറി. മുട്ടിന്മേല്‍ താടിയമര്‍ത്തി കദനത്തോടെ ഇരിക്കുന്ന അല്പവസ്ത്രധാരിണിയായ ഒരു സുന്ദരിയുടെ പടമായിരുന്നു‍ അതില്‍. നിറഞ്ഞകണ്ണുകളോടെ അവര്‍ നഗരത്തെ നോക്കിക്കൊണ്ടിരുന്നു‍. തൊട്ടടുത്ത്‌ ഒരു പുരുഷന്റെ കടന്നാക്രമണത്തില്‍പ്പെട്ട്‌ ഞരങ്ങിവിളിക്കുന്ന വിവസ്ത്രയാക്കപ്പെട്ട ഒരു സ്ത്രീയുടെ പടവുമുണ്ടായിരുന്നു‍. അവളുടെ തടിച്ചുരുണ്ട തുടകള്‍ നഗരത്തിന്റെ കാഴ്ചകളിലേക്ക്‌ കൂടുതല്‍ വിസ്തൃതമായി നിന്നു‍. റ്റൈറ്റുകള്‍ക്കും സ്റ്റിക്കറുകള്‍ക്കുമൊപ്പം കുമിളകള്‍ ഊതിപ്പറത്തുന്ന കിറ്റും ബബ്ലു വില്ക്കാന്‍ തുടങ്ങി . ഒരു നേരിയ കുഴലും ചെറിയ ബോട്ടി‍ലിലെ ദ്രാവകവുമടക്കം അഞ്ചുരൂപ. വില്പന ഒന്നു ‍മെച്ചപ്പെടുത്തുതിന്റെ ഭാഗമായിരുന്നു‍ അത്‌. അവ കൂടാതെ കീചെയിനുകളും ഒരു കമ്പിയില്‍ കോര്‍ത്ത്‌ അയാള്‍ കൈയില്‍ തൂക്കിയിട്ടി‍രുന്നു‍. കുഴലിന്റെ അഗ്രം ദ്രാവകത്തില്‍ മുക്കി ബബ്ലു കുമിളകള്‍ ഊതിവിട്ടു‍. അപ്പൂപ്പന്‍ താടികള്‍ പോലെ അവ പടര്‍ന്നുപൊങ്ങി. ഹാരിംഗ്ടണ്‍ റോഡിലെ വെയിലില്‍, വഴി നടക്കാര്‍ക്ക്‌ മുകളില്‍ മഴവില്‍ തിളക്കങ്ങളോടെ അവ പാറി നടന്നു. അക്രം കാജായുടെ പാന്‍ഷോപ്പിന്‌ മുന്നി‍ല്‍ നിന്നു്‌ ഒരു വിദേശസിഗററ്റിന്റെ പുകയൂതി വളയം വിട്ട്‌ രസിച്ചുകൊണ്ട്‌ നിന്നു‍. കുറച്ച്‌ കഴിഞ്ഞ്‌ അവന്‍ ചിറ്റ്‌ ചാറ്റ്‌ കഫെയുടെ അടുത്തേയ്ക്ക്‌ ചെല്ലുകയും കാഞ്ചനോട്‌ സംസാരിച്ചുകൊണ്ട്‌ നില്ക്കുകയും ചെയ്തു. എന്തോ തമാശരൂപേണ പറയുന്നു‍ണ്ടെങ്കിലും അവള്‍ക്കിഷ്ടപ്പെടുന്നി‍ല്ല എന്ന്‌ വ്യക്തം. സംസാരത്തിനിടെ അവന്റെ കൈയിലിരിക്കുന്ന കീചെയിനില്‍ അമര്‍ത്തി ചുവപ്പ്‌ ലേസറിന്റെ രശ്മികള്‍ കടയിലേക്ക്‌ അടിക്കുന്നു‍ണ്ട്‌. ജോലിക്കിടയില്‍ അവള്‍ എന്തൊക്കെയോ ചൊടിച്ചുകൊണ്ട്‌ പറയുമ്പോള്‍ അവന്‍ അതില്‍ രസിക്കുകയും, ചിരിച്ചുകൊണ്ട്‌ ചുവപ്പുപുള്ളികള്‍ അവളുടെ മുഖത്തേക്കും, മാറിടങ്ങളിലേക്കും മാറി മാറി വീഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു‍.

ഓപ്പെറ ഹൌസിന്റെ മുന്നി‍ലെ പോസ്റ്റര്‍ മാറി. ഇത്തവണ ഒരു ഇംഗ്ലീഷ്‌ പടത്തിന്റേതായിരുന്നു‍. മനോഹരമായ കടപ്പുറത്ത്‌ കുറേ നഗ്ന സുന്ദരികള്‍ ബാള്‍ കളിക്കുന്ന ചിത്രം. അതിന്റെ വശങ്ങളില്‍ ഏതോ ഇണകള്‍ രതീക്രീഡയില്‍ മുഴുകി പിണഞ്ഞ്‌ കിടന്നു. 'എനിക്കവന്റെ ബനിയന്‍ കമ്പനിയിലെ ജോലി ഒന്നും വേണ്ട, ഒരു ശല്യമായിരിക്കുന്നു‍ അവന്‍. ഇനി കള്ളും കുടിച്ച്‌ ഇവിടെയെങ്ങാനും വന്നാല്‍ നോക്കിക്കോ, ഞാന്‍ കാണിച്ചു കൊടുക്കുന്നു‍ണ്ട്‌.' ചായഗ്ലാസ്‌ ബബ്ലുവിന്റെ കൈയിലേക്ക്‌ കൊടുക്കുന്നതിനിടെ അരിശത്തോടെയാണ്‌ കാഞ്ചന്‍ അത്‌ പറഞ്ഞത്‌..

'അവന്റെ ഒരു വൃത്തികെട്ട സംസാരവും, നോട്ടവും ആ തെമ്മാടിയെ എനിക്ക്‌ പേടിയൊന്നു‍മില്ല'. പിന്നെ‍യും അവളുടെ അരിശം അടങ്ങിയില്ല. ബബ്ലുവിന്‌ അക്രമിനെ നേരത്തെ അറിയാം ഗുജിലിയില്‍ പഴയവണ്ടികള്‍ പൊളിച്ച്‌ സ്പെയര്‍ പാര്ട്ട്സുകള്‍ വേര്‍തിരിച്ച്‌ വില്ക്കുന്ന കടകളില്‍ ജോലി ചെയ്തിരുന്ന പയ്യനാണ്‌ അക്രം പിന്നീ‍ട്‌ അവന്‍ കുറെക്കാലം കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ്‌ നടന്നിരുന്നു‍. അക്രം ഇപ്പോള്‍ വെറും അക്രമല്ല. അക്രംഭായിയാണ്‌. പാന്‍ഷോപ്പിലെ കാജ അവനെ അങ്ങനെയാണ്‌ വിളിക്കുന്നത്‌. തട്ടു‍വണ്ടിക്കാരന്‍ മഞ്ജുനാഥനും അങ്ങനെ വിളിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു‍.

ഓപ്പെറ ഹൌസിന്റെ മുന്നി‍ലെ പോസ്റ്റര്‍ മാറി. വലിച്ചു കീറപ്പെട്ട വസ്ത്രങ്ങള്‍ക്കുമേല്‍ കൈകള്‍ പിണച്ചുചേര്‍ത്തുകൊണ്ട്‌ പ്രതികാരത്തിന്റെ അഗ്നിയാളുന്ന കണ്ണുകളുമായി ഒരു പെണ്‍കുട്ടി‍ നഗരത്തെ നോക്കിനിന്നു‍. തൊട്ടടുത്ത്‌ കാലുകള്‍ വിടര്‍ത്തി അടിവസ്ത്രം കാട്ടി‍ നൃത്തമാടുന്ന ഒരു നിശാനര്‍ത്തകിയുടെ പടവുമുണ്ടായിരുന്നു‍. നവരാത്രിയുടെ കാലമായിരുതിനാല്‍ നഗരം ഉത്സവക്കോളിലായിരുന്നു‍. ഹാരിംഗ്ടണ്‍ റോഡിലെ കടകളെല്ലാം അലങ്കാരങ്ങളില്‍ കുളിച്ചുനിന്നു‍. റോയല്‍രംഗ ആര്‍ക്കേഡിന്റെ മുകളില്‍,സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡില്‍ മിഴിവുറ്റ ചിത്രങ്ങള്‍ മിന്നി‍മറഞ്ഞുകൊണ്ടിരുന്നു‍. നവരാത്രിയായതിനാല്‍ കടകളെല്ലാം സാവധാനമേ അടയ്ക്കൂ. പണ്ട്‌ നവരാത്രികാലമായാല്‍ ദേവനഹള്ളിയില്‍ നവരാത്രിവേഷങ്ങള്‍ ഊരുചുറ്റാനിറങ്ങും. ദേവാസുരവേഷങ്ങളും കരിവേഷങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു‍. അവയെ അത്ഭുതത്തോടെ നോക്കിനിന്ന ബാല്യകാലത്തെക്കുറിച്ച്‌ ബബ്ലു ഓര്‍ത്തുപോയി. അമ്മ എത്രയോ പുരാണകഥകള്‍ അവരെ സംബന്ധിച്ച്‌ പറഞ്ഞ്‌ തന്നിരിക്കുന്നു. എല്ലാം, ദുഷ്ടനിഗ്രഹത്തിന്റെ കഥകളായിരുന്നു‍. അവസാനം നന്മ തിന്മയുടെ മേല്‍ വിജയം നേടുന്ന കഥകള്‍. ഓപ്പെറയിലെ മൂന്നാം ഷോയുടെ ബഹളങ്ങള്‍ ഇടയ്ക്കിടയ്ക്ക്‌ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു‍. കണ്ണിന്റെ കാഴ്ചയെപ്പൊരിക്കുന്ന വെളിച്ചവുമായി വന്നു് പാര്‍ക്ക്‌ ചെയ്ത കാറില്‍ നിന്നു്‌ ഇറങ്ങിയത്‌ അക്രമായിരുന്നു‍.
അവന്‍ കാറിലായിരിക്കുന്നു‍ സഞ്ചാരം. അവനും അവന്റെ കൂട്ടു‍കാരനും ഓപ്പെറയുടെ മുറ്റത്തേക്ക്‌ കയറി. കാഞ്ചന്റെ ചിറ്റ്‌ ചാറ്റ്‌ കഫെയുടെ മുന്നി‍ല്‍ പോയിരുന്നു‍. അക്രം എന്തോ അവളോട്‌ ആവശ്യപ്പെട്ടെങ്കിലും അവള്‍ കേട്ടതായി ഭാവിച്ചില്ല. അക്രം പിന്നേ‍യും ആവര്‍ത്തിച്ചു. അവള്‍ ജോലിയില്‍ തന്നെ‍ മുഴുകിയിരിക്കുകയാണ്‌. അവന്‍ വിട്ടുകൊടുക്കാനുള്ള ഭാവമില്ല. സംസാരം ഉച്ചത്തിലാവുകയും അവന്‍ കടയ്ക്കുളളിലേക്ക്‌ കയറിച്ചെല്ലാനുമാണ്‌ ശ്രമിക്കുന്നത്‌. അവള്‍ തടയാനും. തട്ടു‍വണ്ടിക്കാരന്‍ മഞ്ജുനാഥന്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അക്രമിന്റെ കൂടെ വന്നിറങ്ങിയ സുഹത്തു് അവനെ തടഞ്ഞു. എതിര്‍ത്തപ്പോള്‍ തോളില്‍ തള്ളിമാറ്റി ക്രുദ്ധനായി അവന്റെ തട്ടു‍വണ്ടിക്ക്‌ ചവുട്ടി, അത്‌ ദൂരേക്ക്‌ തെറിച്ചുപോവുകയും അതിലെ ചട്ടി‍യിലെ കനലുകള്‍ ഇരുട്ടി‍ല്‍ ചിതറി വീഴുകയും ചെയ്തു. അക്രം കാഞ്ചന്റെ കൈയില്‍ പിടിച്ച്‌ വലിച്ചുകൊണ്ട്‌ പോകാനാണ്‌ ശ്രമിക്കുന്നത്‌. അവള്‍ ബലം പ്രയോഗിച്ച്‌ എതിര്‍ക്കുന്നു‍ണ്ട്‌. അക്രം രണ്ടും കല്പിച്ചുള്ള പുറപ്പാടാണ്‌. ഓപ്പെറയിലെ മൂന്നാംഷോയുടെ ശബ്ദങ്ങളില്‍ ഉയര്‍ന്നതു് ഒരു പെണ്‍കുട്ടി‍യുടെ നിലവിളിയാണ്‌ - കാതുതുളയ്ക്കുന്ന മൂര്‍ച്ചയില്‍. അടുത്തക്ഷണം കൊള്ളിമീന്‍പോലെ വീണ പ്രഹരത്തില്‍ അക്രം തരിച്ചുനിന്നു‍. ഓപ്പെറയുടെ തിണ്ണയിലെ നേര്‍ത്ത ഇരുളില്‍ നിന്ന്‌ ബബ്ലു കുതറി ഓടിയത്‌ യന്ത്രവേഗത്തിലായിരുന്നു‍. ബട്ലര്‍ നാഗുവിന്റെ സ്വപ്നത്തിലെ സോള്‍ജിയറായി പുനര്‍ജ്ജനിച്ചതും. കൈവീണ്ടും വീണ്ടും ആഞ്ഞു പതിച്ചു. അക്രമിന്റെ കൂട്ടാ‍ളി ഓപ്പെറയുടെ മൂത്രം മണക്കുന്ന മറ്റേ മൂലയിലെ ഇരുളിലേക്ക്‌ ഓടി മറഞ്ഞു.
അടിയുടെ ആഘാതത്തില്‍ അക്രമിന്റെ നില തെറ്റി. അവന്‍ പിടിച്ചുനില്ക്കാന്‍ നോക്കിയെങ്കിലും കുഴഞ്ഞുവീണു.. ഇടയ്ക്ക്‌ എഴുന്നേല്ക്കാന്‍ ശ്രമിച്ചെങ്കിലും മുഖം പൂഴ്ന്നുകിടന്നു. മൂക്കില്‍ നിന്നോ വായില്‍ നിന്നോ സ്രവങ്ങളുടെ നൂല്‌ വലിഞ്ഞു. അതില്‍ കുരുങ്ങിയ വികൃതശബ്ദത്തില്‍ അക്രം ഞരങ്ങി. മണ്ണിലേക്ക്‌ വീണ്‌ അവന്‍ ചുരുണ്ടുകൂടി കിടന്നു. പേടിച്ച്‌ വിറച്ച്‌ ഒരു മൂലയില്‍ ഒതുങ്ങി നിന്ന കാഞ്ചനെ ബബ്ലു നോക്കി. ആ കണ്ണുകളില്‍ എന്താണെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായില്ല. അവളുടെ കൈ പിടിച്ച്കൊണ്ട്‌ അയാള്‍ നടന്നു, റോഡ്‌ മുറിച്ച്‌, ആരേയും കൂസാതെ. മരത്തലപ്പുകള്‍ക്കുമുകളില്‍ മഞ്ഞവെളിച്ചം പൂത്തുകിടന്ന വഴിയരികിലൂടെ അവര്‍ നടന്നു. ഇരുവശത്തുമുള്ള മതിലുകളില്‍ പതിച്ചിരുന്ന അശ്ലീലപോസ്റ്ററുകളില്‍ ഏതോ സ്ത്രീസംഘടനയുടെ പ്രവര്‍ത്തകര്‍ കരിതേയ്ക്കാന്‍ തുടങ്ങിയിരുന്നു‍. ബലീനോയില്‍ നിന്നു‍ള്ള റോക്ക്‌ സംഗീതമാകണം ഇരുട്ടി‍ലൂടെ അരിച്ചരിച്ചെത്തുന്നത്‌ കേള്‍ക്കാം. ഒക്ടോബറാണെങ്കിലും രാത്രിയ്ക്ക്‌ കുളിരുണ്ട്‌ . അയാള്‍ നിന്നു‍. തന്റെ പരുക്കന്‍ കമ്പിളി ഉടുപ്പ്‌ ഊരി കാഞ്ചന്റെ ചുമല്‍ വഴി പുതച്ചു. അവള്‍ പതുക്കെ കണ്ണുകളുയര്‍ത്തി അയാളെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പാന്‍ തുടങ്ങുകയാണോ? ചുണ്ടുകളില്‍ ഒരു വിതുമ്പല്‍ അണപൊട്ടും‍പോല്‍. ബബ്ലു അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു. അവര്‍ രണ്ട്‌ പേരും മുന്നോട്ട്‌ നടന്നു.

കന്റോണ്‍മെന്റ്‌ വിടാന്‍ തുടങ്ങുന്ന ഒരു രാത്രി വണ്ടി നീട്ടി‍ ചൂളം വിളിച്ചുകൊണ്ടിരുന്നു‍.

Subscribe Tharjani |