തര്‍ജ്ജനി

രാജേഷ് ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കഥ

തണുപ്പ്‌

ഒരു സ്വപ്നം കണ്ടു കിടക്കുമ്പോഴാണ്‌ രാമചന്ദ്രന്‍ ഉണര്‍ന്നത്‌. നാട്ടിലാണ്‌. വയല്‍വരമ്പത്തുകൂടെ നടക്കുകയാണ്‌. വയലില്‍ വെള്ളമുണ്ടെങ്കിലും വരമ്പു നനഞ്ഞിട്ടില്ല. കുറച്ചങ്ങനെ നടന്നപ്പോള്‍ പിന്‍കാലിലുരയുന്ന മുണ്ടിന്‌ വല്ലാത്ത നനവും തണുപ്പും. തിരിഞ്ഞുനോക്കിയതേയുള്ളൂ. എന്താണെന്നു കാണും മുമ്പേ ഉണര്‍ന്നു.

നനഞ്ഞുനനഞ്ഞങ്ങനെ നടക്കുന്നതിന്റെ അസ്വസ്ഥതയില്‍നിന്നു മോചനം നേടാന്‍ കുറച്ചുനേരമെടുത്തു. അരിച്ചുകയറുന്ന തണുപ്പും ഈര്‍പ്പവും പിന്നെയും ബാക്കിയായി. പുതപ്പും രാമചന്ദ്രനും അഴിഞ്ഞമുണ്ടും കൂടിച്ചേര്‍ന്ന രൂപം ആടിയാടിയെഴുന്നേറ്റ്‌ ഫാന്‍ ഓഫാക്കിയിട്ടു് വീണ്ടും വന്നു മെത്തയില്‍ മലര്‍ന്നു. ഫാന്‍ വേഗതകുറഞ്ഞ്‌ ഒടുക്കം തീരെ നിന്നു.

ആ തണുപ്പിന്റെ തോന്നല്‍ എന്നിട്ടും തീരുന്നില്ലല്ലോ.

ജനാലയ്ക്കു പുറത്ത്‌ വരണ്ട നഗരത്തിനുമീതെ ഉരുണ്ടുകൂടിയിരിക്കുന്ന കാര്‍മേഘങ്ങള്‍. രാത്രിയെങ്ങാനും മഴപെയ്തോ? ചില്ലുജനാലയ്ക്കു പുറത്ത്‌ തണുത്ത കാറ്റു വീശുന്നുണ്ടെന്നു തോന്നുന്നു. തോന്നാനല്ലാതെ ഉറപ്പാക്കാന്‍ വഴിയൊന്നുമില്ല. നോക്കെത്താത്തിടത്തോളം ദൂരം മരങ്ങളില്ലാത്ത പീഠഭൂമി. ഉയര്‍ന്നുനില്ക്കുന്ന ക്വാര്‍ട്ടേഴ്സ്‌ കെട്ടിടങ്ങള്‍.

തണുത്ത ഇരുമ്പിന്റെ ശബ്ദത്തില്‍ ഗുര്‍ബചന്‍ സിങ്ങിന്റെ ക്ലോക്കടിക്കുന്നതു കേട്ടു. ഒമ്പതുമണി? രാമചന്ദ്രന്‍ ചാടിയെഴുന്നേറ്റു. വാച്ചിന്റെ സ്റ്റീല്‍ ചെയിന്‍ കയ്യില്‍ തൊട്ടപ്പോള്‍ തണുത്തുകോച്ചി. അതെ. ഒമ്പതുതന്നെയാണ്‌. അടുക്കളകടന്നു കുളിമുറിയിലേക്കോടി. ഒന്നു പതച്ചു പെയ്സ്റ്റു തുപ്പിയിട്ടാണു് ടാപ്പു തുറന്നതു്. ആവി പറക്കുന്ന, മരവിപ്പിക്കുന്ന തണുത്ത വെള്ളം. ഇപ്പോള്‍ മഞ്ഞുകട്ടയുരുക്കിയെടുത്തതുപോലെ. ഇതെടുത്തു വായിലൊഴിച്ചാല്‍? രാമചന്ദ്രനു വീണ്ടും വാച്ചിന്റെ മുഖം ഓര്‍മ്മവന്നു. കണ്ണടച്ചു മഗ്ഗ്‌ ചുണ്ടോടടുപ്പിച്ചു.

എല്ലാ ആലസ്യവുമകറ്റുന്ന ഒരു കുലുക്കുഴിയലോടെ രാമചന്ദ്രന്‍ പൂര്‍ണ്ണമായുണര്‍ന്നു. കുളി എന്ന സ്വപ്നം അതോടെ തണുത്തുറഞ്ഞും പോയി. കട്ടിലിന്റെ പാടുള്ള ശരീരത്തിന്മേലെ പാന്റും ഷര്‍ട്ടും ചാര്‍ത്തി, പല്ലുവേദനയും തണുപ്പുമകറ്റാന്‍ ഒന്നട്ടഹസിച്ചുകൊണ്ട്‌ അയാള്‍ വീടുപൂട്ടിയിറങ്ങി.

ഒന്ന്‌... രണ്ട്‌... മൂന്ന്‌...

കോണിപ്പടിയിറങ്ങുമ്പോള്‍ ഗുര്‍ബച്ചന്‍ സിങ്ങ്‌ മുമ്പേ ഇറങ്ങുന്നതുകണ്ടു. അഞ്ചാറുപടി കൂടി താഴെ ഉമര്‍. ഒരേപോലെയുള്ള ചോറ്റുപാത്രം. രണ്ടുപേരും ഇടതുകയ്യില്‍ പിടിച്ചിരിക്കുന്നു.

മുപ്പത്തേഴ്‌... മുപ്പത്തെട്ട്‌... മുപ്പത്തൊമ്പത്‌...

ഇടത്തെ ചെവിയ്ക്കു താഴെ കോച്ചുന്ന തണുപ്പുള്ള എന്തോ വന്നു തട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കി. പിന്നാലെ ഇറങ്ങുന്ന മാധവറാവുവിന്റെ ചോറുപാത്രമാണ്‌. അയാള്‍ ഇളിച്ചുകാണിച്ചു. ഒരു തെറിവാക്കാണ്‌ ഓര്‍മ്മവന്നത്‌. മനസ്സിലായാലോ എന്നോര്‍ത്തു് വിളിച്ചില്ല. "രാവിലെ ഐസ്‌ ക്രീമും പൊതിഞ്ഞുകെട്ടി ഇറങ്ങിയോ?" എന്നു മാത്രം ചോദിച്ചു. അയാള്‍ വീണ്ടും ഇളിയ്ക്കുന്നതു കാണാനുള്ള ഭയംകൊണ്ട്‌ മുമ്പോട്ടു തന്നെ തിരിഞ്ഞു.

വ്യവസ്ഥിതിയുടെ പന്നിക്കൂട്ടിലെ വളര്‍ത്തുപന്നികളാണു തങ്ങളെന്ന ഒരു വെളിപാട്‌ രാമചന്ദ്രനുണ്ടായി. തിങ്കളാഴ്ച രാവിലെ തരിശുനിലങ്ങള്‍ക്കു നടുവിലൂടെയോടുന്ന ഫാക്ടറിബസ്സിലിരിക്കുമ്പോഴാണ്‌ രാമചന്ദ്രന്‌ ഇത്തരം വെളിപാടുകളുണ്ടാകാറ്‌. ഞായറാഴ്ച മുഴുവന്‍ തലയ്ക്കകത്തൊരു മന്ദതയാണു നുരയുന്നത്‌. ചെയ്യാനൊന്നുമില്ലാത്ത ദിവസം. കെട്ടിടങ്ങളുടെ തലപ്പുകളുയര്‍ന്നു നില്ക്കുന്ന ആകാശത്തിന്റെ ചിത്രം നോക്കി, തലയിണയില്‍ തലയൊരു കൂറ്റന്‍ കൊഴുക്കട്ടപോലെ ചേര്‍ത്തുവെച്ച്‌, ജനാലയ്ക്കരികിലോ കിടക്കയിലോ സ്ഥിതിചെയ്യും, പകല്‍ മുഴുവന്‍. ഒരു കുഴഞ്ഞുമറിഞ്ഞ വെളിവുകേടും കഴിഞ്ഞ്‌ തിങ്കളാഴ്ച നേരം വെളുക്കുമ്പോഴാണ്‌ വെളിപാടുകളുടെ വരവ്‌. നിത്യവൃത്തിയല്ലാതെ മറ്റൊന്നും ചെയ്യാനാവാത്തവിധം രൂപഭേദം പ്രാപിച്ചുവരികയാണു് തങ്ങളുടെ ശരീരങ്ങള്‍, ശീമപ്പന്നികളുടേതുപോലെ. അങ്ങനെ നോക്കുമ്പോള്‍, ദൂരെ സ്വാഭാവികമായ ജീവിതം നയിക്കുന്ന ജനതകളില്‍ നിന്നകലെ, കൂട്ടംപിരിഞ്ഞ മൃഗങ്ങള്‍ പോലും കുടിയേറാന്‍ മടിച്ചിട്ടുള്ള ഈ പീഠഭൂമിയില്‍ ഈ ഫാക്ടറി നഗരം കെട്ടിപ്പടുത്തതുതന്നെ ആ ഗൂഢാലോചനയുടെ ഭാഗമായിട്ടാവണം - കൃത്രിമമായ ഈ വ്യവസ്ഥിതിയെ, നീക്കുപോക്കില്ലാത്ത നിയയമമായും അസ്വാഭാവികമായൊന്നുമില്ലാത്ത ദിനചര്യയായും തങ്ങളില്‍ അടിച്ചേല്പിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായിട്ട്‌. കയ്ക്കുന്ന വെറുപ്പു ചവച്ചു തിന്നുകൊണ്ടു കഴിച്ചുകൂട്ടുന്ന ഈ ദിവസങ്ങള്‍ തന്റെ അവസാനത്തെ ചെറുപ്പുനില്പിന്റേതായിരിക്കണം.

ഇളംപച്ച പെയിന്റടിച്ച ഭിത്തികള്‍ക്കുനടുവില്‍ പ്രകാശിച്ചുനില്ക്കുന്ന ട്യൂബ്‌ലൈറ്റുകള്‍. പുഷ്‌ എന്നെഴുതിയ കമ്പ്യൂട്ടര്‍ സെന്ററിന്റെ ചില്ലുവാതില്‍ അകത്തേക്കു തുറന്നപ്പോള്‍ ചത്തുവീഴുമെന്നു തോന്നി. തണുത്തു കോച്ചുന്ന വായുവിന്റെ ഒരു ചുഴലി. കസേരകള്‍ തുടയ്ക്കുന്ന ധവാനെ പല്ലുകടിച്ചുപിടിച്ചുകൊണ്ടു വിളിച്ചു:

"ഇവിടെ വാ."
പട്ടിയെ വിളിയ്ക്കുന്ന ശൈലി കേട്ടാവണം കാക്കിയുടുപ്പു വലിച്ചു നിവര്‍ത്തുകൊണ്ട്‌ അയാള്‍ ഓടിവന്നു.
"ആ ഏ.സി. ഓഫാക്ക്‌."
"ജീ സാബ്‌."
അവന്‍ മനസ്സിലാകാത്തതുപോലെ നിന്നു.
"മനസ്സിലായില്ലേടാ പന്നീ?" അവസാനത്തെ വാക്ക്‌ തന്നെത്താന്‍ വിളിച്ചുകൊണ്ട്‌ സീറ്റിലേക്കു നടന്നു.

എയര്‍ കണ്ടീഷണര്‍ നിലച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. ഒരു ഫ്രിഡ്ജിനകത്തിരിക്കുന്നതുപോലെ. കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലിരുന്ന വിരലുകള്‍ മരവിച്ച്‌ 'ഔ' എന്നെഴുതിയതുപോലെയായി.

തണുപ്പും മരവിപ്പും ഏറിക്കൊണ്ടേയിരുന്നു. വാച്ചില്‍ പതിനൊന്നെന്നു കണ്ടപ്പോള്‍ എന്തും വരട്ടെ എന്നു കരുതി ചാടി പുറത്തിറങ്ങി. അപ്പോഴാണറിഞ്ഞത്‌ പുറത്തു മഴപെയ്യുകയാണെന്ന്‌. ചീറിയടിക്കുന്ന കാറ്റത്ത്‌ വെള്ളം വന്നു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചു ഭിത്തിയോടു ചേര്‍ന്നുനിന്നു. എവിടെ പോകാന്‍? പോക്കറ്റില്‍ നിന്നു സിഗററ്റും തീപ്പെട്ടിയും പുറത്തെടുത്തു.

സിഗററ്റു ചുണ്ടില്‍ വെച്ച്‌ ഒന്നാമത്തെ തീപ്പെട്ടിക്കൊള്ളിയുരച്ചപ്പോള്‍ കൊള്ളി അപ്പോഴേ ഒടിഞ്ഞുപോയി. രണ്ടാമത്തെ കൊള്ളി മരണംവരെ കത്താതെ ചെറുത്തുനിന്നു. മൂന്നാമത്തേതും അവസാനത്തേതുമായ കൊള്ളി വലിച്ചെടുത്തപ്പോള്‍ രാമചന്ദ്രന്‍ കോപംകൊണ്ടു വിറച്ചു. അതു മരുന്നില്ലാത്ത വെറുമൊരു കമ്പായിരുന്നു. ചുണ്ടത്തുനിന്നു സിഗററ്റെടുത്ത്‌ ചുരുട്ടിക്കൂട്ടി തീപ്പെട്ടിയുടെകൂടെ മഴയത്തേക്കു വലിച്ചെറിഞ്ഞു. എന്നിട്ട്‌, അതും നോക്കി നില്പായി.

മഴയില്‍ക്കൂടി ചീറിവന്ന കാറില്‍നിന്ന്‌ മുഖര്‍ജി കൈവീശിക്കാണിച്ചു. "നിര്‍ത്ത്‌, നിര്‍ത്ത്‌." നടുക്കടലില്‍വെച്ച്‌ കപ്പല്‍ കാണുന്നവനെപ്പോലെ കൈവീശിക്കൊണ്ടു ചാടി.
വണ്ടി നിന്നു.
"വേഗം വാ." മുഖര്‍ജി വിളിച്ചുപറഞ്ഞു.
രാമചന്ദ്രന്‍ 'നാശം' എന്നു പറഞ്ഞുകൊണ്ട്‌ മഴയത്തുകൂടി ഓടിച്ചെന്ന്‌ കാറിന്റെ വാതില്‍ തുറന്നു കയറി.
ദേഹമാകെ നനഞ്ഞു. സീറ്റില്‍ ഇരിപ്പുംകൂടിയായപ്പോള്‍ എല്ലാം ശുഭമായി. മുഖര്‍ജി രാഷ്ട്രീയം സംസാരിക്കാനും തുടങ്ങി. തണുപ്പ്‌ പുറംവഴി അരിച്ചുകയറുകയാണ്‌. "ടൗണിലേക്കുതന്നെയല്ലേ?" ഇടയ്ക്കൊന്നു ചോദിച്ചിട്ട്‌ മുഖര്‍ജി വിഷയത്തിലേക്കു തിരിച്ചുപോയി. "ഓ." രാമചന്ദ്രന്‍ പറഞ്ഞു.

കാറിന്റെ ജനലില്‍ക്കൂടി പട്ടണത്തിന്റെ കാഴ്ചകള്‍ കാണായി. കടന്നുപോകുന്ന ഭേദപ്പെട്ട ഹോട്ടലുകള്‍ക്കുമുമ്പില്‍നിന്നെല്ലാം രണ്ടക്ഷരം രാമചന്ദ്രനെ നോക്കി പേടിപ്പിച്ചുകൊണ്ടിരുന്നു: "എ.സി." എയര്‍ കണ്ടീഷന്‍ഡ്‌. ശൈത്യത്തിന്റെ മഹാനരകം. ആള്‍വലിപ്പത്തില്‍ ചുവന്നദ്രാവകം നിറഞ്ഞ കുപ്പിയുടെ പടംവെച്ച ഒരു കട കണ്ടപ്പോള്‍ രാമചന്ദ്രനു ബോധോദയമുണ്ടായി. "നിര്‍ത്ത്‌." അയാള്‍ പെട്ടെന്നു പറഞ്ഞു. പിന്നെ സന്ദര്‍ഭം മനസ്സിലാക്കി തിരുത്തി: "ദാ, ഇവിടെ നിര്‍ത്തിത്തന്നാല്‍ മതി." പിന്നെ ബംഗാളിയില്‍ നാലു നന്ദിയും പറഞ്ഞ്‌ മഴയത്തേക്കുതന്നെയിറങ്ങി.

നനഞ്ഞകാലും വലിച്ച്‌ കടയിലേക്ക്‌ ഓടിക്കയറി. അകത്തുകടന്നുനോക്കി. തരക്കേടില്ല. തണുപ്പില്ല. ആള്‍ത്തിരക്കുമില്ല അധികം. പുറത്തു ചിത്രം കണ്ടവന്റെ ഒരവതാരമുണ്ടാകട്ടെ എന്നു വെയ്റ്ററോടു പ്രാര്‍ത്ഥിച്ചു. തടിയന്‍ കണക്കെഴുത്തുകാരന്‍ കൗണ്ടറില്‍ കുത്തിയ കൈയില്‍ ചാരി രാമചന്ദ്രനെത്തന്നെ നോക്കിനില്ക്കുന്നുണ്ടായിരുന്നു. രാമചന്ദ്രന്‍ മുഖം തിരിച്ചുകളഞ്ഞു.

വെയ്റ്റര്‍ കൊണ്ടുവെച്ച സാധനം കണ്ടപ്പോള്‍ രാമചന്ദ്രന്‍ വീണ്ടും വിധിവിശ്വാസിയായി. അയാളുടെ ഗ്ലാസിനു മുകളില്‍ രണ്ട്‌ ഐസുകട്ടകള്‍ പൊങ്ങിക്കിടന്നിരുന്നു. രാവിലെ പല്ലിലുണ്ടായ കോച്ചുന്ന മരവിപ്പ്‌ അയാള്‍ ഓര്‍ത്തു. കൗണ്ടറിലേക്കു നോക്കി. തടിയന്‍ അവിടെത്തന്നെയുണ്ട്‌, ഇപ്പോഴും തന്നെ നോക്കിക്കൊണ്ട്‌. വേലമനസ്സിലിരിക്കട്ടെ. രാമചന്ദ്രന്‍ തന്നത്താന്‍ പറഞ്ഞു. ഞാനിപ്പോള്‍ വെയ്റ്ററെ വിളിച്ചു ചീത്തപറയും. വെയ്റ്റര്‍ അതു നിന്നോടു വന്നു പറയും. നീ എന്റെയടുത്തേക്കു വന്ന്‌ എന്റെ വയറ്റില്‍ ചവിട്ടുകയും ചെയ്യും. അല്ലേ? ഞാനിതു നേരത്തെ മനസ്സിലാക്കി. ഞാന്‍ പണ്ടേ ബുദ്ധിമാനാണല്ലോ. രാമചന്ദ്രന്‍ ഗ്ലസ്സെടുത്ത്‌ ഒറ്റവലിയ്ക്കു കാലിയാക്കി വെച്ചു. വെയ്റ്ററെ വിളിച്ചുപറഞ്ഞു: "ഒന്നുകൂടി, ഐസിടാതെ."
കൗണ്ടറില്‍ നിന്ന്‌, കാശുകൊടുത്തിട്ടു നടക്കുമ്പോള്‍ കാല്‍ വഴുതി. തടിയന്‍ സൗമ്യമായ ഭാവത്തോടെ ഒറ്റക്കൈകൊണ്ടു തടഞ്ഞു. വീണില്ല. "വേല മനസ്സിലിരിക്കട്ടെ." രാമചന്ദ്രന്‍ കുഴയുന്ന നാക്കുകൊണ്ടു പറഞ്ഞു. തെലുങ്കനു മനസ്സിലായിക്കാണില്ല.

വഴിയില്‍ മഴയൊഴിഞ്ഞിരുന്നു. അങ്ങിങ്ങു വെള്ളം കെട്ടിക്കിടന്നു. അടിവക്കു നനഞ്ഞ പാന്റ്‌സ്‌ ഉപ്പൂറ്റിയില്‍ ഒട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. രാമചന്ദ്രന്‍ തെറിവിളിച്ചു, പതുക്കെ.

പാലത്തിനു മുകളിലെത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ മുട്ടി. പാലം കഴിഞ്ഞു താഴോട്ടിറങ്ങുന്നിടത്തു ഇടത്തുഭാഗത്ത്‌ താഴോട്ടൊരു വഴി. പടികളില്‍ക്കൂടി താഴോട്ടിറങ്ങുമ്പോള്‍ പിറകില്‍ക്കൂടി വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. മൂത്രമൊഴിക്കാനിരുന്നപ്പോഴാണ്‌ പിറകില്‍ ആരോ ഉറക്കെ സംസാരിക്കുന്നതു കേട്ടത്‌. തിരിഞ്ഞു നോക്കി. ഒരാള്‍ ഒരുകൂട്ടം ജനങ്ങളോടു സംസാരിക്കുകയാണ്‌. സംസാരം കേള്‍ക്കുന്നവരില്‍നിന്ന്‌ ഒന്നുരണ്ടുപേര്‍ തന്നെ ഉറ്റുനോക്കുന്നുണ്ട്‌. സിപ്പഴിക്കാതെ തന്നെ വേച്ചുവേച്ചെഴുന്നേറ്റു. രാഷ്ട്രീയസമ്മേളനമോ? ഛെ! ഞാനെന്തൊരു മണ്ടന്‍. ഇതു വിനോദസഞ്ചാരികളോടു സംസാരിക്കുന്ന ഗൈഡല്ലേ?

അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ അയാള്‍ക്ക്‌ അപ്പുറം കടന്നു. ആള്‍ക്കൂട്ടം തുറിച്ചുനോക്കി. സ്വൈരമായി മൂത്രമൊഴിക്കാനും സമ്മതിക്കില്ലേ? ഗൈഡിനെ കടന്ന്‌ അകത്തേക്കു നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു:
"എങ്ങോട്ടാ?"
"താനാരാ ചോദിക്കാന്‍?"

കുനിഞ്ഞ്‌ അകത്തുകടക്കുമ്പോള്‍ ഓര്‍മ്മവന്നു. വിദേശിപ്പട്ടാളത്തില്‍നിന്നു പിടിച്ച ബന്ദികളെ മുക്കിക്കൊല്ലാന്‍ പണ്ടത്തെ സുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭതുരങ്കമാണ്‌. അകത്ത്‌ ഇരുട്ട്‌. താന്‍ മദ്യപിച്ചിട്ടുണ്ടെന്നു വിനോദസഞ്ചാരികളുടെ സംഘത്തിനു മുഴുവന്‍ മനസ്സിലായിരിക്കില്ലേ?

ഒരുപോലെയുള്ള വന്‍തൂണുകള്‍. അവയില്‍ ഇരുമ്പുചങ്ങല. തൂണുകളില്‍ ബന്ധിച്ചിരിക്കുന്ന പടയാളികള്‍ക്കിടയിലേക്ക്‌ തണുത്തു മരവിച്ച കരിങ്കല്‍പ്പാളികള്‍ക്കിടയില്‍ക്കൂടി വേലിയേറ്റം ഉയര്‍ന്നുവരും. മരണംപോലെ തണുത്ത, മരവിപ്പിക്കുന്ന നദീജലം. സുല്‍ത്താന്റെ ശാസനത്തിന്റെ കോരിത്തരിപ്പിക്കുന്ന ആലിംഗനം. നവദ്വാരങ്ങളും കുത്തിത്തുറന്നു നുഴഞ്ഞുകയറുന്ന പുണ്യജലം.

നടന്നുചെന്ന്‌ ഒരു തൂണിനോടു ചാരിനിന്നു സിപ്പ്‌ അഴിച്ചു.

മൂത്രമൊഴിച്ചുകൊണ്ടു നിന്നപ്പോള്‍ ഗുഹയുടെ വാതില്‍ക്കല്‍ ആരോ വന്നു നിന്നതുപോലെ തോന്നി.

അയാള്‍ വിളിച്ചുപറഞ്ഞതു ഗുഹയില്‍ പ്രതിദ്ധ്വനിച്ചു. ഭാഷയേതാണെന്ന്‌ ഓര്‍മ്മവന്നില്ല. പറഞ്ഞതു മനസ്സിലായി.
"നിന്റെ അന്ത്യമാണിത്‌."
ഒഴുകിക്കൊണ്ടിരുന്ന മൂത്രം നിന്നു. രാമചന്ദ്രന്‍ കുഴയുന്ന മിഴിയുറപ്പിച്ചു ചോദിച്ചു:
"നീയാരാ?"
"ഞാനോ?"
രാമചന്ദ്രന്റെ കാലുകളില്‍ക്കൂടി കരിങ്കള്‍പ്പാളികളുടെ തണുപ്പു കയറിത്തുടങ്ങിയിരുന്നു.
"ഞാന്‍ തന്നെ. സുല്‍ത്താന്‍."
ഗുഹാമുഖം അടഞ്ഞു.

Subscribe Tharjani |