തര്‍ജ്ജനി

പുസ്തകം

ബച്ചനിലൂടെ ചരിത്രത്തെ വായിക്കുമ്പോള്‍....

അമിതാഭ് ബച്ചന് ലിവര്‍ സിറോസിസ് എന്ന വാര്‍ത്ത വായിക്കുമ്പോള്‍ ബച്ചന് 67 വയസ്സായി എന്ന വാര്‍ത്തകൂടി നാം വായിക്കുന്നു. അഥവാ ഹിന്ദി സിനിമയുടെ ചോരത്തിളപ്പിന്റെ പ്രായം നമ്മള്‍ അളക്കുന്നു. അമിതാഭ് ബച്ചന്റെ പ്രായക്കുതിപ്പും കിതപ്പുമാണ് ഹിന്ദി സിനിമയുടെ യൌവന രഹസ്യം എന്ന് തമാശയ്ക്കെങ്കിലും നമ്മള്‍ പറഞ്ഞുപോകാറുണ്ട്. ഇതെല്ലാം കൂടി ഇപ്പോള്‍ ചേര്‍ത്തു വായിക്കാന്‍ കാരണം തൊട്ടടുത്തിറങ്ങിയ ഒരു സിനിമ പഠന ഗ്രന്ഥമാണ്.

സിനിമയെക്കുറിച്ചുള്ള പഠനഗ്രന്ഥങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിലെ അത്തരം പഠനത്തിന് ചില ചിട്ടവട്ടങ്ങളുണ്ട്. അതൊരു ആയുര്‍വേദക്കൂട്ടുപോലൊയാണ്. ഫൂക്കോ അരക്കഴഞ്ച്, ലക്കാന്‍ നീളത്തിലരിഞ്ഞത് ഒരു നെല്ലിക്കാ വലുപ്പത്തില്‍, പിന്നെ ഇടയ്ക്കിടെ ദരീദയെ ആവര്‍ത്തിച്ചുകൊണ്ടുമിരിക്കുന്ന ഒരുതരം കമ്പി വളക്കല്‍ പരിപാടിയാണത്. പണ്ടൊക്കെ കോഴിക്കോടനും സിനിക്കും എഴുതിയിരുന്ന സിനിമാ നിരൂപണങ്ങളായിരുന്നു ആകെയുണ്ടായിരുന്നത്. അതിന്റെ വാവട്ടത്തില്‍ നിന്ന് പുറത്തുചാടി പോപ്പുലര്‍ സിനിമകളെയടക്കം സാംസ്കാരിക പഠനത്തിന്റെ പടിഞ്ഞാറന്‍ ഉഷ്ണമാപിനികളുമായി വ്യവച്ഛേദിക്കാനിറങ്ങിയ നിരൂപശിങ്കങ്ങളുടെ വഴിക്കും വാക്കിലും വരാതെ നിന്ന ഹിന്ദി സിനിമകളെക്കുറിച്ചാണ് നേരത്തേ പറഞ്ഞ പുസ്തകം. ഷാജഹാന്‍ കാളിയത്തിന്റെ 'തിരശ്ശീലയിലെ പച്ചിലകള്‍'. നിരൂപക ബുജിയുടെ കണ്ണില്‍പെടാതെ തിയറ്ററിന്റെ ഇരുട്ടില്‍ രണ്ടര മണിക്കൂര്‍ സിനിമ കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകനെ മനസ്സില്‍ കണ്ടെഴുതിയ പുസ്തകം പക്ഷേ, ജാഡക്കാര്‍ കാണാത്തതും പറയാത്തതുമായ പലതും കണ്ടുപറയുന്നുണ്ട്.

അതിലൊന്നാണ് ബച്ചന്‍ എന്ന ചലച്ചിത്ര ബിംബത്തിന്റെ രൂപാന്തരണത്തെക്കുറിച്ച് നടത്തുന്ന ദീര്‍ഥമായ അന്വേഷണം. സന്‍ജീറിലും ദീവാറിലും കണ്ട രോഷാകുലനായ ബച്ചന്‍ സര്‍ക്കാറിലെ പാകപ്പെട്ട കഥാപാത്രത്തിലെത്തുന്നത് ഇന്ത്യയുടെ രൂപാന്തരണമായി കണ്ടെത്തുന്ന ഈ കൃതി കാണാതെ വിട്ടുപോയ പലതിലേക്കും വായനക്കാരനെ പ്രചോദിപ്പിക്കുന്നു.

മലയാള സിനിമക്കാരന്‍ പേടിച്ചരണ്ടിരിക്കുന്ന ഘട്ടത്തില്‍ പരീക്ഷണം പുല്ലുപോലെ നടത്തുന്ന നവതലമുറ ഹിന്ദി സിനിമക്കാരുടെ കൂട്ടത്തെയും മള്‍ട്ടിപ്ലക്സ് ക്രോസ് ഓവര്‍ സിനിമകളെയും മലയാള സിനിമക്കാരന്റെ ബോധത്തിലേക്ക് ഈ കൃതി ഒരു വെല്ലുവിളികണക്കെ തൊടുത്തു വിടുന്നു. ഇയാള്‍ വെറുതെ സിനിമ കണ്ടു പറഞ്ഞുപോവുകയല്ല. അതിന്റെ രാഷ്ട്രീയത്തിലേക്കും ഉള്‍ക്കാഴ്ചയിലേക്കും കടന്നുചെല്ലുകയാണ്. വെറുമൊരു സിനിമ വായനയുമല്ല ഈ പുസ്തകം ഹിന്ദി സിനിമയുടെ ചരിത്രത്തെ വായിക്കുകയാണ്.

തിരശ്ശീലയിലെ പച്ചിലകള്‍
ഗ്രന്ഥകര്‍ത്താവ് : ഷാജഹാന്‍ കാളിയത്ത്
132 പുറങ്ങള്‍
വില :100 രൂപ
പ്രസാധനം : ലിപി പബ്ലിഷേഴ്സ്, കോഴിക്കോട്.

Subscribe Tharjani |