തര്‍ജ്ജനി

മുട്ടത്തു വര്‍ക്കി അവാര്‍ഡ്‌

ഇത്തവണത്തെ 'മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌' സക്കറിയയ്ക്ക്‌. വിജയനും സി രാധാകൃഷ്ണനും കാക്കനാടനുമൊക്കെയാണ്‌ ഈ അവാര്‍ഡ്‌ നേരത്തെ കിട്ടിയവര്‍. ഇവരൊക്കെ ഉള്‍പ്പെടുന്ന മലയാളത്തിലെ വരേണ്യ സാഹിത്യ വിഭാഗത്തിന്റെ പ്രതിനിധിയൊന്നുമല്ല, മുട്ടത്തു വര്‍ക്കി. ജീവിച്ചിരുന്നകാലത്ത്‌ അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി അക്കാദമിക്കായോ മറ്റോ ചര്‍ച്ചയും പഠനവുമൊന്നും നടന്നതുമില്ല. രണ്ടാം തരം സ്ഥാനമാണ്‌ വര്‍ക്കിക്കും അദ്ദേഹത്തെ പിന്തുടര്‍ന്നു വന്ന നീണ്ട ജനപ്രിയ സാഹിത്യകാരന്മാര്‍ക്കും പൊതു സമൂഹം നല്‍കിയത്‌. തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുവത്വത്തെയും സ്ത്രീകളെയും വഴിപ്പിഴപ്പിക്കുന്നുവെന്നും യഥാര്‍ത്ഥ സാമൂഹിക പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റുന്നുവെന്നും പറഞ്ഞ്‌ ഈ ഇക്കിളിസാഹിത്യം പ്രസിദ്ധീകരിച്ചു വന്ന 'മ' വാരികകളെ കവലകളിലിട്ടു കത്തിച്ച പാരമ്പര്യമുള്ളവരാണ്‌ നമ്മള്‍. പൈങ്കിളി സാഹിത്യത്തിന്റെ വീക്ഷണത്തെയും ആഖ്യാനത്തെയും കളിയാക്കി സക്കറിയതന്നെ ഒരു കഥ എഴുതിയിട്ടുണ്ട്‌.' അശ്ലീലം വരുത്തി വച്ച വിന - പോംവഴി സഹിതം'. ഇന്നു കഥ മാറി. ജനപ്രിയ സാഹിത്യവും അതിന്റെ പരിണാമങ്ങളായ കണ്ണീര്‍ സീരിയലുകളും ഗൌരവമുള്ള പഠനത്തിനു വിധേയമാക്കുന്നു. അവ ചര്‍ച്ച ചെയ്യുന്നു. എന്നിട്ടും ജോസിയും, ചന്ദ്രകലയും, ശ്രീദേവിയും, സുധാകറും ഒന്നും ഇന്നും 'മുട്ടത്തു വര്‍ക്കി' എന്നല്ല ഒരു പ്രധാന അവാര്‍ഡിനും പരിഗണിക്കപ്പെട്ടിട്ടില്ലാത്ത നാമങ്ങളാവുന്നു. ഇതെങ്ങനെ?
ജനപ്രിയ സാഹിത്യത്തിന്റെ പ്രമേയം എന്തോ ആവട്ടെ, മുട്ടത്തുവര്‍ക്കിയുടെ പേരിലുള്ള അവാര്‍ഡെങ്കിലും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരായി, ഇന്നും മാര്‍ജിനില്‍ കഴിയുന്ന, മലയാളത്തിലെ വരേണ്യ എഴുത്തുകാരേക്കാള്‍ കൂടുതല്‍ വായനക്കാരുള്ള ജനപ്രിയ എഴുത്തുകാരില്‍ ആര്‍ക്കെങ്കിലുമല്ലേ നല്‍കേണ്ടത്‌?

:roll: :roll: :roll: :roll:

Submitted by hari on Wed, 2005-05-11 11:46.

സത്യം സത്യമായിപ്പറയുമ്പോള്‍ സമ്മതിയ്ക്കാതിരിയ്ക്കാതെ തരമില്ലല്ലോ? ആദ്യം അവാര്‍ഡു കമ്മറ്റിയ്ക്ക്‌ അടി കൊടുക്കണം. എന്തിനാണ്‌ പൈങ്കിളി സാഹിത്യകാരന്‍മാരെ പരിഹസിച്ചവരെ അവാര്‍ഡിന്‌ പരിഗണിക്കുന്നത്‌? പൈങ്കിളി വാരികകളായ മനോരമ, മംഗളം മുതലായ വാരികകളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ മാത്രം പരിഗണിക്കുക. രണ്ടാമത്‌ ഒരു ഉളുപ്പുമില്ലാതെ മുട്ടത്തു വര്‍ക്കി അവാര്‍ഡ്‌ വാങ്ങുന്ന സാഹിത്യ സവര്‍ണ്ണരെയും ബുദ്ധിജീവികളെയും തല്ലുക.

എന്നാലും ഇവരൊന്നും നന്നാകില്ലെന്നേ...

Submitted by Sivan on Thu, 2005-05-12 12:16.

ജനപ്രിയ എഴുത്തുകാരോട്‌ എന്തെങ്കിലും ആഭിമുഖ്യമുണ്ടായിട്ടല്ല ഞാനത്‌ എഴുതിയത്‌. ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമായ ഒരു നിലപാട്‌ മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌ നിര്‍ണ്ണയനത്തില്‍ നിലനില്‍ക്കുന്നത്‌, അതേ ഭൂരിപക്ഷത്തിന്റെ മൌനാനുവാദത്തോടു കൂടിയാണെന്നതാണ്‌ സത്യം. ചില പ്രശ്നങ്ങള്‍ ഇതില്‍ കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ട്‌.
ഒന്ന്. മുട്ടത്തു വര്‍ക്കി അവാര്‍ഡ്‌ ഏര്‍പ്പെടുത്തുന്ന അവസരത്തില്‍ അത്‌ ജനപ്രിയ എഴുത്തുകാര്‍ക്കായി സംവരണം ചെയ്തിരുന്നുവെങ്കില്‍, അതിനു ഇന്നു ലഭിക്കുന്നതു പോലെയൊരു പ്രശസ്തി ലഭിക്കില്ലായിരുന്നു.കേരളത്തില്‍ ഇന്നുള്ള രണ്ടായിരത്തോളം സാംസ്കാരിക അവാര്‍ഡുകളില്‍ എത്രയെണ്ണത്തെ നാം ഓര്‍മ്മിക്കുന്നു? വയലാര്‍ അവാര്‍ഡു പോലെ, എഴുത്തച്ഛന്‍ പുരസ്കാരം പോലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനും ആഢ്യത കൈവന്നത്‌ അതു തെരഞ്ഞെടുത്ത സാഹിത്യകാരന്മാര്‍ ആഢ്യന്മാരായതു കൊണ്ടാണ്‌. അക്കാര്യത്തില്‍ സംഘാടകരുടെ ദീര്‍ഘദര്‍ശിത്വം ഫലിച്ചു.
രണ്ട്‌. അവാര്‍ഡ്‌ ലഭിച്ച സാഹിത്യകാരന്മാര്‍ അതു നിരസിച്ചിരുന്നുവെങ്കില്‍ അതൊരു നെറികേടും നന്ദികേടുമായി എളുപ്പം തെറ്റിദ്ധരിക്കപ്പെടുമായിരുന്നു. പൈങ്കിളി സാഹിത്യത്തെ മറ്റേതൊരു സാഹിത്യവും പോലെ വിമര്‍ശിക്കാണുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ടെങ്കിലും വര്‍ക്കിയെപ്പോലെ ചരിത്രപരമായ പ്രാധാന്യമുള്‍ല ഒരെഴുത്തുകാരന്റെ പേരിലുള്ള അവാര്‍ഡ്‌ ആദര്‍ശത്തിന്റെയോ പണ്ടു പറഞ്ഞ വിമര്‍ശനത്തിന്റെയോ കുറ്റബോധം കൊണ്ടു നിരസിച്ചാല്‍ പൊതു സമൂഹം തന്നെപ്പെറ്റി എന്തു ചിന്തിക്കും എന്ന ഭാവന സാഹിത്യകാരന്മാരെ അലട്ടിക്കാണണം.
മൂന്ന്. അദ്ധ്യാപകരും സാംസ്കാരിക നായകന്മാരും എഴുത്തുകാരുമൊക്കെ ഉള്‍പ്പെടുന്ന അവാര്‍ഡു കമ്മറ്റിയ്ക്കു ജോയ്സിയെയോ, മാത്യുമറ്റത്തെയോ, കോട്ടയം പുഷ്പനാഥിനെയോ മലയാളത്തിലെ മികച്ച നോവല്‍ എഴുത്തുകാരനായി തിരഞ്ഞെടുക്കാനാവില്ല എന്നതാണു വാസ്തവം. അതിനു ശേഷം അവരുടെ ഭാവുകത്വത്തെപ്പറ്റി ജനം എന്തു പറയും എന്ന പേടി ആ പാവങ്ങള്‍ക്കുണ്ടാവില്ലേ?
നാല്‌. അവാര്‍ഡു തുക ഒരു വലിയ പ്രലോഭനമാണ്‌. എന്താദര്‍ശത്തിന്റെ പേരിലാണെങ്കിലും വെറുതേ കിട്ടുന്ന കുറച്ചു രൂപ വേണ്ടന്നു വയ്ക്കനമെങ്കില്‍ മിനിമം 26 ദിവസത്തെയെങ്കിലും മൌന വ്രതം ആവശ്യമാണ്‌. പക്ഷേ അതെന്തിന്‌? അതു കൊണ്ടാണ്‌ നാളിതുവരെ അവാര്‍ഡു ലഭിച്ച
ഒരു സാഹിത്യകാരനും തന്റെ സമാന്തരക്കാരെ ഒന്ന് ഓര്‍മ്മിക്കക്കൂടി ചെയ്യാത്തത്‌. മാത്രമല്ല, ഇനി ജനപ്രിയയ എഴുത്തുകാര്‍ക്ക്‌ ആര്‍ക്കെങ്കിലും ഇതു ലഭിച്ചു പോയാല്‍ ഇതുവരെ ലഭിച്ച ഇനി ലഭിക്കാനായി കാത്തിരിക്കുന്ന 'ഒന്നാം കിട' എഴുത്തുകാരുടെ കഥ എന്താവും? അവരുടെ അന്തസ്സ്‌ തകരില്ലേ?
കേരളത്തിലെ ബുദ്ധിജീവികള്‍ ചില സെക്ടറുകളിലാണ്‌ ജീവിക്കുന്നത്‌. പുരോഗമനപരം എന്നും വിപ്ലാവത്മകം എന്നുമൊക്കെ പറയുന്നത്‌ സെക്ടറുകളില്‍ മേല്‍ക്കൈ നേടുന്ന വാദങ്ങളെ മാത്രമാണ്‌. കൊലപാതകങ്ങള്‍, അഴിമതി, ചൂഷണം, കള്ളം, ഭീരുത്വം, അധികാരക്കൊതി ഇവയെല്ലാം വിശകലനങ്ങള്‍ പോലുമില്ലാതെ സ്വീകരിക്കപ്പെടുന്നു. ഇവക ഗുണങ്ങളൊടു ജനങ്ങള്‍ക്കുള്ളതും ഒരു തരം സത്യസന്ധത തന്നെയാണ്‌. അപ്പോള്‍ സത്യസന്ധതയെ ഒരു നല്ലഗുണമെന്നു പറഞ്ഞു വാഴ്ത്താമോ ഇനി? അറിയില്ല.

:idea:

Submitted by cachitea on Mon, 2005-05-16 10:56.

പശുര്‍‌വേതി, ശിശുര്‍‌വേതി,
വേതി ഗാനരസം ഫണീ
സാഹിത്യരസമാധുര്യം
ശങ്കരോ വേതി വാ നവാ!!!!

കലകളില്‍ അക്ഷരകലയൊഴിച്ച് മറ്റെല്ലാം പാമ്പിനും ചേമ്പിനും വരെ ആസ്വദിക്കാമെന്ന് അര്‍ത്ഥം വരുന്ന ശ്ലോകശകലമാണിത്. അപ്പോള്‍ അക്ഷരകലയുടെ പ്രത്യേകതയെന്തെന്നാണ് ഇതെഴുതിയ ആള്‍ ചിന്തിച്ചിട്ടുണ്ടാവുക? കവികളെല്ലാം പ്രജാപതികള്‍ (സൃഷ്ടികര്‍ത്താവ്) ആണെന്ന മറ്റൊരു ശ്ലോകം ആലോചിച്ചാവുമോ ശ്ലോകകര്‍ത്താവ് ഇങ്ങിനെയൊരു കാച്ച് കാച്ചിയത്?

എന്തായാലും കാലാകാലങ്ങളായി അക്ഷരകലയുമായി ബന്ധപ്പെട്ട വര്‍ക്കേഴ്സിന് സമൂഹത്തില്‍ ഉന്നതസ്ഥാനം കല്‍പ്പിച്ചു കൊടുത്തിരുന്നു. സാക്ഷാല്‍ ശിവനുപോലും (ശിവാ, മറ്റേ ശിവന്‍റെ, ഗംഗാധരന്‍റെ കാര്യമാണ് പറയുന്നത്!) അക്ഷരകല ആസ്വദിക്കാന്‍ കഴിയുമോ എന്ന് ചോദിക്കാന്‍ മാത്രം ആത്മവിശ്വാസം ഉള്ളവരായിരുന്നു അക്ഷരകലാ വര്‍ക്കേഴ്സ് എന്നു കാണിക്കാനാണ് ഞാന്‍ "വേതി" ശ്ലോകം ഉദ്ധരിച്ചത്.

ഇവര്‍ക്കെങ്ങിനെയാണ് ഇത്രയ്ക്ക് അഹങ്കാരം / ആത്മവിശ്വാസം ഉണ്ടായത്. എന്തിന്‍റെ ബലത്തിലാണ് ഇവരൊക്കെ സൃഷ്ടികര്‍ത്താക്കളായി ചമയുന്നത്? സത്യത്തില്‍ അക്ഷരകലാ വര്‍ക്കേഴ്സിനെ അളക്കുന്നതിന്‍റെ രീതി തന്നെ മാറേണ്ട കാലമായില്ലേ? പറയുന്ന കാര്യത്തിന്‍റെ നേരെ വിപരീതം പ്രവര്‍ത്തിക്കുന്നതില്‍ സൌകര്യവും സന്തോഷവും കണ്ടെത്തുന്ന ഇവരെങ്ങിനെയാണ് മുമ്പേ പറക്കുന്ന പക്ഷികളാവുന്നത്?

Submitted by Sivan on Tue, 2005-05-17 00:04.

സംഗീതം പശുവിനും ശിശുവിനും പാമ്പിനു പോലും ആസ്വദിക്കാമെന്നല്ലേ ആദ്യവരികളുടെ അര്‍ത്ഥം? അക്ഷരകല ഒഴിച്ചുള്ളതെല്ലാം ഏതു പൊട്ടനും മനസ്സിലാക്കാവുന്നതാണ്‌ എന്നൊരു അര്‍ഥം അതിനുണ്ടോ?
കവിതാ രസമാധുര്യം
വ്യാഖ്യാതാ വേത്തി, ന കവിഃ
സുതാസുരതചാതുര്യം
ജാമാതാ വേത്തി, ന പിതാ
-കവിതയുടെ ( എന്നു വച്ചാല്‍ സാഹിത്യത്തിന്റെ) രസമറിയുന്നവന്‍ ആസ്വാദകനാണ്‌, അതു സൃഷ്ടിച്ച കവിയല്ല എന്നര്‍ത്ഥം, മകളുടെ രതിസാമര്‍ത്ഥ്യം മനസ്സിലാക്കുന്നത്‌, അച്ഛനല്ല, മരുമകനാണ്‌ എന്നതു പോലെ.
ഇങ്ങനെയല്ലേ ബെന്നീ ശരിക്കുള്ള ശ്ലോകം? മറ്റേത്‌ "വാ നവാ" എവിടുന്നു കിട്ടിയതാണ്‌?

Submitted by cachitea on Tue, 2005-05-17 11:10.

ശിവാ,
സംഗതി ഉള്ളതുതന്നെ. പത്തില്‍ പഠിക്കുമ്പോള്‍ മനഃപാഠമാക്കിയ ശ്ലോകമാണ്. ശ്ലോകം ഒന്നു അഴിച്ചു പണിഞ്ഞു നോക്കിയാല്‍ അക്ഷരകലയൊഴിച്ചുള്ള മറ്റെല്ലാം ഏതു അടകോടനും ആസ്വദിക്കാന്‍ പറ്റും എന്നൊരു ധ്വനി അതിലില്ലേ? ആദിയില്‍ വചനമുണ്ടായിരുന്നു എന്നല്ലേ. അല്ലെങ്കില്‍ വാക്കില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നല്ലേ? വചനം ദൈവമായിരുന്നു എന്ന് ക്രിസ്തുമതവും വാക്കില്‍ നിന്ന് പ്രപഞ്ചം ഉണ്ടായി എന്ന് ഹിന്ദുമതവും വിശ്വസിക്കുന്നു.

അക്ഷരമറിയുന്നവനേ എന്നും സമൂഹത്തില്‍ സ്ഥാനം ഉണ്ടായിരുന്നുള്ളൂ. താത്വികാചാര്യന്‍മാര്‍ അക്ഷരമറിയുന്നവരായാല്‍ പ്രപഞ്ചവും ദൈവവുമെല്ലാം വാക്കില്‍ നിന്നുണ്ടാവും, അല്ലേ? "പൂന്താനത്തിന്‍റെ ഭക്തിയേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം മേല്‍പ്പത്തൂരിന്‍റെ വിഭക്തിയാണ്" എന്നിവര്‍ പറയുകയും ചെയ്യും - ഗുരുവായൂരപ്പന്‍ മറിച്ചു പറഞ്ഞാല്‍ കൂടി!

പിന്നെ നമ്മളീ ഉദ്ധരിക്കുന്ന പഴയ സംസ്കൃത ശ്ലോകത്തിലൊന്നും വലിയ കഥയില്ല. ഡ്രാക്കുള എഴുതിക്കഴിഞ്ഞ ശേഷം, താനുറങ്ങുന്ന കട്ടിലിന്‍റെ നാലുഭാഗത്തും അംഗരക്ഷകരെ നിര്‍ത്തിയിരുന്ന ബ്രോം സ്റ്റോക്കറെപ്പറ്റി കേട്ടിട്ടില്ലേ? മരിക്കും വരെ അയാളിത് തുടര്‍ന്നു. അത്ര വ്യാപ്തിയില്‍ ആരെങ്കിലും ഡ്രാക്കുളയെ ആസ്വദിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

വളരെക്കാലമായുള്ള എന്‍റെ ചില ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ ഇവയാണ് : 1) എന്താണ് കല? 2) അക്ഷരകലയ്ക്കും സംഗീതം, നൃത്തം തുടങ്ങിയ കലകള്‍ക്കും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? 3) കായികതാരങ്ങള്‍, പ്രാസംഗികന്‍മാര്‍, സൈക്കിള്‍ യജ്ഞക്കാര്‍ എന്നിവരെ കലാകാരന്‍മാരുടെ പട്ടികയില്‍ പെടുത്താമോ?

Submitted by Sivan on Wed, 2005-05-18 22:35.

'എന്താണു കല' എന്നൊരു പുസ്തകം ടോള്‍സ്റ്റോയി എഴുതിയിട്ടുണ്ട്‌. സാഹിത്യത്തിന്റെ സാമൂഹികപ്രസക്തിയാണതില്‍ ചര്‍ച്ച ചെയ്യുന്നത്‌. 'എന്താണു സാഹിത്യം' എന്ന സാത്ര്ന്റെ ലേഖനം സാഹിത്യത്തിന്റെ തത്ത്വചിന്താപരമായ വശങ്ങള്‍ അപഗ്രഥിക്കുന്നു. ഉംബെര്‍ട്ടോ ഇക്കോയുടെ ' ഓണ്‍ ലിറ്ററേച്ചര്‍' വരെ സാഹിത്യം കല ഇവകളെപ്പറ്റി ലക്ഷക്കണക്കിനു വിശകലനങ്ങള്‍ നിലവിലുണ്ട്‌. പൌരസ്ത്യ, പ്രത്യേകിച്ചു ഭാരതീയ ചിന്തകരുടെ കാവ്യവിശകലനങ്ങളെല്ലാം വേദബന്ധുവിന്റെയും ടി. ഭാസ്കരന്റെയും സുകുമാരപിള്ളയുടെയും (അതു പോലെ നിരവധി പേരുടെ)ശ്രമഫലമായി മലയാളത്തിലും ലഭ്യമാണ്‌. ഇവയെല്ലാം ക്രോഡീകരിച്ചെഴുതുന്നതിനേക്കാള്‍ അവയിലേതിലെങ്കിലുമുള്ള പരാമര്‍ശത്തെ സംവാദ വിധേയമാക്കുന്നതായിരിക്കും നല്ലത്‌. അല്ലെങ്കില്‍ സ്വന്തം കാഴ്ചപ്പാടിനെ. അതുകൊണ്ട്‌ എന്താണു കല' എന്ന ചോദ്യത്തെ നമുക്കു മാറ്റിവയ്ക്കാം. അതിന്റെ നിര്‍വചനം അത്രമാത്രം വ്യാപ്തിയുള്ളതുകൊണ്ട്‌.
രണ്ട്‌)എഴുത്തിനു പ്രാധാന്യം വന്നത്‌, അതു ആശയങ്ങളെയും അതിന്റെ ചരിത്രത്തെയും രേഖപ്പെടുത്താനും കൈമാറാനുമുള്ള പ്രയത്നത്തെ ലഘുവാക്കി എന്നിടത്തു നിന്നുമാണ്‌. ശില്‍പങ്ങളും സിനിമയുമൊക്കെ ഇന്ദ്രിയബോധങ്ങളെ സൂക്ഷിച്ചു വയ്ക്കുന്നുണ്ടെന്ന് തത്ത്വത്തിനായി സമ്മതിക്കാം. എന്നാല്‍ പോലും ഐസന്‍സ്റ്റീനു വേണ്ടി ധാരാളം പേപ്പറുകള്‍ ഇന്നും ചെലവാക്കുന്നതോര്‍ക്കുമ്പോള്‍, നടരാജവിഗ്രഹത്തിന്റെ അര്‍ത്ഥവും സൌന്ദര്യവും വിശദീകരിക്കാന്‍ ആനന്ദ കുമരസ്വാമി പുസ്തകമെഴുതിയതോര്‍ക്കുമ്പോള്‍ അക്ഷരകല ആര്‍ക്കും കീഴടങ്ങാതെ മുന്നില്‍ കയറി നില്‍ക്കും.
നൃത്തം നിമിഷകലയാണ്‌ സംഗീതം എന്നതു പോലെ. എഴുതിയ പുസ്തകം അവിടെ തീരുന്നില്ല. അതു കാലാന്തരങ്ങളിലൂടെ യാത്ര ചെയ്യുന്നു.ഇസഡോറാ ഡങ്കന്റെയോ പ്രൊതിമയുടെയോ നൃത്തം ഇനികാണുക സാധ്യമല്ല. വീഡിയോ പകര്‍പ്പുകള്‍ കാണാന്‍ പറ്റിയേക്കും. അത്യന്തം പ്രഭാവിതയായി ഇസഡോറ വേദിയില്‍ ഒരിക്കല്‍ ചെയ്ത ഒരു ശാരീരിക ചലനം തീര്‍ച്ചയായും നമുക്കിനി അനുഭവിക്കാനാവില്ല. അതല്ല 'ഇമ്മിണി വല്യ ഒന്ന്" എന്ന ബഷീറിയന്‍ കണ്ടെത്തലിന്റെ സ്ഥിതി. അത്‌ കൂടുതല്‍ അര്‍ത്ഥം നല്‍കികൊണ്ട്‌ നമ്മുടെ മുന്നില്‍ ഇന്നുമുണ്ട്‌.
മൂന്ന്) സൈക്കിള്‍ യജ്ഞക്കാരന്റെയും കലയാണ്‌. പക്ഷേ അത്‌ കലയുടെ
ആദ്യഭാവം മാത്രം - ആഹ്ലാദിപ്പിക്കുക എന്ന തലം മാത്രം- അനുഭവേദ്യമാക്കുന്നു.(പൈങ്കിളി സാഹിത്യങ്ങളെ നരേന്ദ്രപ്രസാദ്‌ സാറിനെപ്പോലുള്ളവര്‍ എതിര്‍ത്തത്‌ ഈ ഒരു തലം മാത്രമേ അതിനുള്ളു എന്നതുകൊണ്ടാണ്‌) അതല്ല കലകളുടെ ആത്യന്തികമായ അര്‍ത്ഥം. സാഹിത്യം മനുഷ്യാവസ്ഥകളെ നിര്‍വചിക്കുകയും അപഗ്രഥിക്കുകയുമാണ്‌. അതു നമ്മുടെ ബോധത്തെ നവീകരിക്കുന്നു. നിത്യക്കാഴ്ചകള്‍ക്കപ്പുറം നമ്മുടെ നോട്ടങ്ങളെ നയിക്കുന്നു. വാന്‍ ഗോഗിന്റെ സൂര്യകാന്തിപൂക്കള്‍ കണ്ടതിനു ശേഷം പ്രകൃതിയില്‍ നാം കാണുന്ന മഞ്ഞയുടെ അര്‍ത്ഥം മാറിപ്പോയി എന്നു ചിലരെങ്കിലും എഴുതിയതോര്‍ക്കുക.'അമ്മയുടെയും'(ഗോര്‍ക്കി) 'പാട്ടബാക്കി'യുടെയും(ദാമോദരന്‍)രാഷ്ട്രീയ പ്രാധാന്യം നമുക്കിന്നറിയാം. അതുപോലെ ഡോസ്റ്റോവ്സ്കി, കാഫക കൃതികളുടെ മനശ്ശാസ്ത്രപരമായ ആഴവും തകഴി, ദേവ്‌ നോവലുകളിലെ സമൂഹവും നാം നിരവധി തവന ചര്‍ച്ചയ്ക്കു വിധേയമാക്കിയതുമാണ്‌. ദളിത്‌, സ്ത്രീപക്ഷ രചകളെല്ലാം തന്നെ ഇന്നുവരെ നാം കണ്ട യാഥാര്‍ത്ഥ്യങ്ങളെ മറ്റൊരു ആംഗിളില്‍ നിന്ന് നോക്കാന്‍ പഠിപ്പിച്ചു. ശാശ്വതമായ ഒരു ശരിയില്ലെന്നു നാം മനസ്സിലാക്കി കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ്‌ അവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ടെക്നോളജിയുടെയും മുന്നിലാണ്‌ സാഹിത്യത്തിന്റെ സ്ഥാനം എന്നു പറയുന്നത്‌. വിശകലനത്തിനു ശേഷം വേണമല്ലോ സ്ഥിതി മെച്ചപ്പെടുത്താന്‍.
എത്ര വികലമായിട്ടാണ്‌ ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. ഇത്തരം ആഴമുള്ള വിഷയങ്ങള്‍ ഒരാളുടെ കൊക്കിലൊതുങ്ങുന്നതല്ല. കൂടുതല്‍ ഗരിമയുള്ള ചിന്തകളുമായി കൂടുതല്‍ പേര്‍ മുന്നോട്ടു വരുമ്പോഴാണ്‌ ഇത്തരം പ്രശ്നങ്ങളുടെ എല്ലാ കോണിലേക്കും നമുക്കു സഞ്ചരിക്കാനാവുക. :oops:

Submitted by cachitea on Thu, 2005-05-19 10:14.

അപ്പോള്‍ ശിവന്‍ പറഞ്ഞത് ഞാനിങ്ങനെ ക്രോഡീകരിക്കട്ടെ :

1) കല ആദ്യതലത്തില്‍ ആഹ്ലാദിപ്പിക്കുന്നു. ഇങ്ങിനെ ആദ്യതലത്തില്‍ ആഹ്ലാദിപ്പിക്കുന്ന കലകളായി നൃത്തം, സംഗീതം, ബാലെ, ഓപ്പറ, കഥകളി തൊട്ട് സൈക്കിള്‍ യജ്ഞം വരെ പരിഗണിക്കാം. പൈങ്കിളി സാഹിത്യവും ക്രൈം എഡിറ്റര്‍മാരുടെ ചെയ്തികളും ഇതുതന്നെ.

2) ഇനി കലയുടെ അടുത്ത തലം - അത് മനുഷ്യാവസ്ഥകളെ നിര്‍‌വചിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. അതു മനുഷ്യന്‍റെ ബോധത്തെ നവീകരിക്കുകയും നിത്യക്കാഴ്ചകള്‍ക്കപ്പുറം നോട്ടങ്ങളെ നയിക്കുകയും ചെയ്യുന്നു. തകഴി, ബഷീര്‍, ടോള്‍സ്റ്റോയ്, ഗോര്‍ക്കി തുടങ്ങിയ എഴുത്തുകാരൊക്കെ ഈ വിഭാഗത്തില്‍ പെടും.

3) അടുത്തത് സാഹിത്യത്തിന്‍റെ പ്രാധാന്യം - നമ്മള്‍ ഇപ്പോഴുള്ള അവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാങ്കേതികത സഹായിക്കുന്നു. എന്നാല്‍ സാങ്കേതികതയ്ക്കും മേലെയാണ് സാഹിത്യത്തിന്‍റെ സ്ഥാനം കാരണം വിശകലനത്തിനു ശേഷം മാത്രമാണ് മെച്ചപ്പെടുത്തല്‍ നടക്കുക.

ശിവന്‍ വികലമായിട്ടാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത് എന്ന് എനിക്കു തോന്നുന്നില്ല. സത്യത്തില്‍ എനിക്കും ഇങ്ങിനെയൊക്കെത്തന്നെയാണ് തോന്നുന്നത്. എന്നാലും എനിക്കെന്‍റെ സംശയങ്ങള്‍ ഇല്ലാതില്ല.

കൊലപാതകത്തില്‍ ഹരം കാണുന്ന ഒരു ക്രിമിനല്‍ അഹിംസയെപ്പറ്റി ലോക ക്ലാസ്സിക് എഴുതി എന്നു വെയ്ക്കുക. അയാളത് പ്രസിദ്ധീകരിക്കുന്നു എന്നും കരുതുക. ഇപ്പുസ്തകം വായിച്ച് അനേകം പേര്‍ ക്രിമിനല്‍ സ്വഭാവം ഉപേക്ഷിച്ച്, അഹിംസ ജീവിതതത്വമായി അംഗീകരിക്കുന്നു. അവസാനം ഇയാള്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനവും സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും ഒരുമിച്ചു കിട്ടുന്നു.

കൊലപാതകം ഇന്നയിന്ന കാരണങ്ങളാല്‍ പാപമാണ്. അഹിംസയാണ് പരമമായ ധര്‍മ്മം എന്നാണ് ഇയാള്‍ പുസ്തകത്തിലൂടെ സ്ഥാപിക്കുന്നത്. ശിവന്‍ പറഞ്ഞ പോലെ മനുഷ്യാവസ്ഥയെ അപഗ്രഥിക്കുകയും, ഒരുപടി കൂടി മുന്നോട്ടു പോയി, പ്രശ്ന പരിഹാരം വെയ്ക്കുകയും ചെയ്യുന്ന ഒരു സാഹിത്യസൃഷ്ടി.

ഈ സാഹിത്യസൃഷ്ടിയെ നമ്മള്‍ എങ്ങിനെയാണ് അളക്കേണ്ടത്?

Submitted by Sivan on Fri, 2005-05-20 02:05.

ഒരു കൊലപാതകിയ്ക്ക്‌ (മനുഷ്യ വിദ്വേഷി എന്ന വാക്കാണ്‌ ഉചിതം എന്നു തോന്നുന്നു)* മനുഷ്യസ്നേഹത്തെക്കുറിച്ച്‌ എഴുതാനാവില്ല എന്നതാണു സത്യം. ഒരാള്‍ പറയുന്നതും നടിക്കുന്നതുമല്ല. അയാളുടെ പ്രത്യശാസ്ത്രമാണു പ്രശ്നം. അതു വേഗം തിരിച്ചറിയപ്പെടും. എനിക്കിഷ്ടമില്ലെങ്കില്‍ കൂടി ഒരു ഉദാഹരണം പറയാം. തിരുവനന്തപുരത്തു ഫില്‍ക്കയുടെ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന വേളയില്‍, ജയരാജിന്റെ സിനിമകളെക്കുറിച്ചുള്ള പരാമര്‍ശം വന്നു. ശാന്തം, കരുണം, മകള്‍ക്ക്‌ എന്നിങ്ങനെ സമൂഹത്തിലെ നല്ല മൂല്യങ്ങളെപ്പറ്റിയാണ്‌ സിനിമകള്‍. കറുത്ത വിജയനെ വില്ലനാക്കുന്നതിലൂടെ, കേരളത്തിലെ സമൂഹ പുരോഗതിയ്ക്ക്‌ നിര്‍ണ്ണായകമായ പങ്കു നല്‍കിയിട്ടുള്ള നക്സലിസ്റ്റു പ്രസ്ഥാനത്തെ പിന്തിരിപ്പനായി ചിത്രീകരിക്കുന്നതിലൂടെ(പൈതൃകം) അമ്മ എന്ന സങ്കല്‍പ്പത്തെ പാസ്സീവായി ആദര്‍ശവത്കരിക്കുന്നതിലൂടെ (മകള്‍ക്ക്‌) ജയരാജ്‌ വളരെ പിന്തിരിപ്പന്‍ ആശയങ്ങളെയാണ്‌ സിനിമകളിലൂടെ അവതരിപ്പിക്കുന്നത്‌ എന്ന പരാമര്‍ശമുണ്ടായി. അതുപൊളെ വളരെ നിരുപദ്രവകരം എന്നു കരുതുന്ന ശ്രീനിവാസന്‍ സിനിമകളിലെ ചിരി പലപ്പോഴും ദളിതരെ കളിയാക്കികൊണ്ടുള്ളതാണെന്നു കാണാം. ഹിഗ്വിറ്റ (എന്‍ എസ്‌ മാധവന്‍)യിലെ വില്ലന്‍ കഥാപാത്രം മുസ്ലീം ആയിരിക്കുന്നതിനെപ്പറ്റിയും, ഇന്ദുലേഖയിലെ മാധവനെ തീവണ്ടി യാത്രയ്ക്കിടയില്‍ കൊള്ളയടിക്കുന്ന വ്യക്തി പത്താന്‍ ആയിരിക്കുന്നതിന്റെ പ്രത്യയശാസ്ത്രത്തെപ്പറ്റി എം ടി അന്‍സാരി എഴുതിയിട്ടൂണ്ട്‌.
പറഞ്ഞു വന്നത്‌ കൊലപാതകി മനുഷ്യസ്നേഹത്തെക്കുറ്റിച്ചെഴുതുന്നത്‌ ബാഹ്യതലത്തില്‍ മാത്രമാവും. അയാള്‍ ശരിക്കും മനുഷ്യ വിദ്വേഷിയാണെങ്കില്‍ അത്‌ ഒരു ന്യൂനപക്ഷം തിരിച്ചറിയും. അവരുടെ ശ്രമഫലമായി അയാള്‍ വെറുക്കപ്പെടുകയും ചെയ്യും എന്നതിനു ചരിത്രം സാക്ഷി.( ഒരു കലാസൃഷ്ടി സമൂഹത്തെ സ്വാധീനിക്കുന്നത്‌ ആ സമൂഹം മൊത്തം ആ കലാസൃഷ്ടിയുമായി നേരിട്ടു ബന്ധപ്പെട്ടുകൊണ്ടല്ല. മേല്‍പ്പറഞ്ഞ ന്യൂനപക്ഷത്തിന്റെ പരോക്ഷ സ്വാധീനമാണ്‌ കലാസൃഷ്ടിയുടേ സത്തയെ എല്ലാജനങ്ങളിലേയ്ക്കും എത്തിക്കുന്നത്‌.) താങ്കള്‍ ഒരു പക്ഷേ നാസി പക്ഷപാതികളായ ഒന്നോ രണ്ടോ എഴുത്തുകാരെ ചൂണ്ടിക്കാടിയേക്കും. പക്ഷേ സള്ളി പ്രുഥോമിനെപോലെ നോബേല്‍ സമ്മാനം കിട്ടി എന്നത്‌ പില്‍ക്കാലത്ത്‌ ഉത്തമ സാഹിത്യത്തിന്റെ മാനദണ്ഡമാവുന്നില്ല. ടോള്‍സ്റ്റോയിക്ക്‌ അതു കിട്ടിയില്ല്ലോ. സമാധാനപ്രിയനായ ഗാന്ധിയ്ക്കും.
ഒന്നുകൂടി. ഒരാളെ കൊലപാതകി എന്നു വിളിക്കുന്നതിന്റെ മാനദണ്ഡം എന്താണ്‌? അല്ലെങ്കില്‍ കുറ്റവാളി എന്ന്? വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവനാണ്‌ ഡൊസ്റ്റോവ്സ്കി. ഭരണകൂടത്തിന്റെ കണ്ണില്‍ അദ്ദേഹം കുറ്റവാളിയായിരുന്നു. കെന്‍ സരോ വിവയെ തൂക്കിക്കൊന്നു. ഗാവോ സിങ്ങ്ജിയാന്‌ ചൈന വിട്ട്‌ ഓടേണ്ടി വന്നു.'ഹിഡന്‍ ഹാല്‍ഫ്‌' എന്ന മനോഹര ചിത്രമെടുത്ത തമീന" ഭാര്യാഭര്‍ത്താക്കന്മാരല്ലാത്ത രണ്ടുപേര്‍ സംസാരിക്കുന്നതായി ചിത്രീകരിച്ചു എന്ന പേരില്‍ വധശിക്ഷയുടെ നിഴലിലായിരുന്നു (മതദ്രോഹമാണു അവരുടെ പേരിലുള്ള കുറ്റം) അതേസമയം കോറ്റതി തൂക്കി കൊല്ലുന്നത്‌ നിരപരാധിയെയാണെങ്കില്‍ പോലും അതൊരു കൊലപാതകമാവുന്നില്ല. ലക്ഷക്കണക്കിനു ജൂതന്മാരെ കൊന്ന ജര്‍മനിയിലെ മിലിട്ടറി ഉദ്യോഗസ്ഥരില്‍ മിക്കവരും തങ്ങള്‍ ചെയ്തതു ശരിയാണെന്നു വിശ്വസിച്ചവരാണ്‌. ദില്ലി, ബോംബേ, ഗുജറാത്ത്‌ കലാപങ്ങളില്‍ മരിച്ചവരുണ്ട്‌, പക്ഷേ കൊലപാതകികളില്ല (കേസുകളില്‍ ആരെയും ശിക്ഷിച്ചിട്ടില്ല ഇതുവരെ)
കൊലപാതകം, ഭ്രാന്ത്‌, കുറ്റം, ലൈംഗികത തുടങ്ങിയവയെപ്പറ്റി പൊതു സമൂഹം വച്ചു പുലര്‍ത്തുന്ന ധാരണകള്‍ എപ്പോഴും ശരിയായി കൊള്ളണമെന്നില്ല. അതിനാണിത്രയും എഴുതിയത്‌. ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന അല്‍ത്തൂസറിന്റെ രചകള്‍ കൊലപാതകിയുടെ എന്നു പറഞ്ഞ്‌ ദൂരെക്കളയാനാവില്ല. ജയിലില്‍ കിടന്ന് എഴുതിയതു കൊണ്ട്‌ ഷെനെയുടേത്‌ അധമ സാഹിത്യവുമല്ല. പച്ചക്കറി മാത്രം കഴിച്ചു ജീവിക്കുന്ന നിരുപദ്രവ കോടികള്‍ നമ്മൂടെ നാട്ടിലുണ്ട്‌. അവരിലാരെങ്കിലും എഴുതിയാലുടനെ അവരുടെ ജീവിതത്തിന്റെ സംശുദ്ധികൊണ്ട്‌ അത്‌ ലോകോത്തര സാഹിത്യമാവുകയുമില്ല.
കല സമൂഹത്തിന്റെ സ്വപ്നമാണ്‌. ജീവിതത്തിലില്ലാത്തതാണ്‌ പലപ്പോഴും കലാകാരന്മാര്‍ കലാസൃഷ്ടിയില്‍ പകരുന്നത്‌. ജീവിതത്തിന്റെ വ്യാകരണത്തെറ്റുകളെ കവിത കൊണ്ടു ശരിവയ്ക്കുന്നു, ആലങ്കാരികമായി ( എ അയ്യപ്പനെപ്പറ്റി). ആ സ്വപ്നങ്ങളുടെ ആഴവും മുഴക്കവുമാണ്‌ പലപ്പോഴും തലമുറകളെ താണ്ടുന്നത്‌. അത്തരം സ്വപ്നങ്ങള്‍ കാണാന്‍ അത്രയും ഗരിമയും പരിതോവസ്ഥകളാല്‍ പ്രചോദിതമാവാന്‍ കഴിവുമുള്ള മനസ്സു വേണം. അതിനാണു പ്രാധാന്യം. കൊലപാതകി എന്നൊക്കെയുള്ളത്‌ വളരെ സാങ്കേതികവും ആപേക്ഷികവുമായ പദപ്രയോഗമാണ്‌. ലജ്ജ എഴുതിയ തസ്ലീമ എനിക്കെന്തായാലും ഒരു കുറ്റവാളിയല്ല. ഭരണകൂടം ചുട്ടുകരിച്ച കവി, ഓട്ടോറെനെ കാസ്റ്റിലോ എനിക്ക്‌ ഒരു ഭീകരനുമല്ല.
P S * കൊലപാതകി എന്ന വാക്കു കേള്‍ക്കുമ്പോള്‍ വേറൊരു ദുഃഖ കഥയാണ്‌ ഓര്‍മ്മ വരുന്നത്‌. തന്റെ മകളെ കൊന്ന് കിണറ്റിലെറിഞ്ഞവനെ പരോളിലിറങ്ങുന്നതു വരെ വെട്ടുകത്തി വാങ്ങിച്ചു വച്ചു കാത്തിരുന്നു കൊന്ന കൃഷ്ണപ്രിയയുടെ അച്ഛനെ. അദ്ദേഹവും കൊലപാതകിയാണ്‌. പക്ഷേ..)

Submitted by cachitea on Sat, 2005-05-28 15:10.

കലാകാരന് തന്‍റെ പ്രത്യയശാസ്ത്രത്തിന്‍റെ അംശങ്ങള്‍ കലരാതെ ഒരു സൃഷ്ടി നടത്താന്‍ പറ്റില്ല എന്നാണ് ശിവന്‍ പറയുന്നത്. മനുഷ്വവിദ്വേഷിക്ക് * മനുഷ്യസ്നേഹത്തെപ്പറ്റി എഴുതാന്‍ കഴിയില്ലെന്നും ശിവന്‍ പറയുന്നു. സൃഷ്ടാവ് എത്രതന്നെ മൂടിവെച്ചാലും ഉള്ളിന്‍റെയുള്ളിലുള്ള പ്രത്യയശാസ്ത്രം സൃഷ്ടിയില്‍ അവിടവിടെ ഒളിഞ്ഞിരുപ്പുണ്ടാവും. ഭൂരിപക്ഷം ഇത് അറിയാതെ പോയാലും രണ്ടുകണ്ണും തുറന്നിരിക്കുന്ന ന്യൂനപക്ഷം ഇത് അറിയുമെന്നും സത്യം കാലക്രമത്തില്‍ വെളിച്ചത്തുവരുമെന്നുമാണ് ശിവന്‍റെ പക്ഷം.

ഏത് കലാസൃഷ്ടിയുടേയും ആത്യന്തിക Aim സമാനഹൃദയരുമായി സം‌വദിക്കുക (Communicate) എന്നതാണല്ലോ? എല്ലാ കലാസൃഷ്ടികളും Communication തന്നെ. Communication അല്‍പ്പം പ്രയത്നിച്ചാല്‍ മെച്ചപ്പെടുത്താവുന്നതേയുള്ളൂ. (ഇന്‍റര്‍‌വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുമ്പോള്‍ എങ്ങിനെയാണ് സ്വന്തം സ്വത്വം മറച്ചുവെക്കേണ്ടതെന്നും അഭിമുഖക്കാരെ പറ്റിക്കേണ്ടതെന്നും ബി.എസ്. വാരിയര്‍ മനോരമയില്‍ എഴുതിവരുന്നുണ്ട്.)

ബീഥോവന്‍റെ സിംഫണി കേട്ട് എനിക്കൊന്നും ഇതുവരെ തോന്നിയിട്ടില്ല. കാരണം ലളിതം. അത്തരമൊരു സംഗീതവിഭാഗവുമായി എനിക്ക് പരിചയമില്ല, ശിക്ഷണം ലഭിച്ചിട്ടുമില്ല. ശിക്ഷണം എങ്ങിനെയാണ് കലാസൃഷ്ടിയെ ആസ്വാദ്യമാക്കുന്നത് എന്നു കാണാന്‍ നമുക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഡ്രാക്കുള ഒന്നു പരിശോധിക്കാം.

ഡ്രാക്കുള

ആദിബോധത്തിന്‍റെ ആകാശകോടിയില്‍
പ്രേത നക്ഷത്രം പിറക്കുന്ന പാതിര
മൂടല്‍മഞ്ഞിന്‍റെ തണുത്ത ശവക്കോടി
മൂടിക്കിടക്കും തുറമുഖപട്ടണം.
(ബ്രോം സ്റ്റോക്കര്‍ എഴുതിയ ഡ്രാക്കുള എന്ന നോവല്‍, അധ്യായം ഏഴ്)

ഞെക്കിക്കൊലപ്പെടുത്തും മുന്‍പ് പത്നിയെ
കെട്ടിപ്പുണരും ദുരന്തപാത്രത്തിന്‍റെ
ചിത്തം കണക്കെ കിടന്നിരമ്പും കടല്‍.
(ബ്രൌണിംഗിന്‍റെ പോര്‍ഫീറിയാസ് ലവറോ മൈ ലാസ്റ്റ് ഡച്ചസ്സോ?)

സ്വന്തം ശിരസ്സില്‍ നിറയൊഴിക്കുന്നതിന്‍
മുന്‍പുള്ള മാത്രയില്‍ സര്‍വ സൈനാധിപന്‍
(ഇറ്റലിയിലെ സര്‍‌വസൈന്യാധിപനായിരുന്ന മുസ്സോളിനി?)

കണ്ട കിനാവിലെ ഭ്രാന്താലയത്തില്‍ ഞാന്‍
നിന്‍റെ നേരം കാത്ത് ഉറങ്ങാതിരിക്കുന്നു.
(ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള. അധ്യായം 21)

നീ വരും നേരം കുരിശുയുദ്ധങ്ങളില്‍
തീവെച്ച് വീടുകള്‍ക്കുള്ളില്‍ കുഞ്ഞുങ്ങള്‍
വേവും മണങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്നു ഞാന്‍
(അരണ്ട കാലഘട്ടത്തില്‍ ക്രിസ്തുമതം നടത്തിയ യുക്തിരഹിത യുദ്ധങ്ങള്‍)

ജൂതമേധ ഗൃഹം ഭേദിച്ചുയരുന്ന
വേദസംഹാരിയാം രോദനം കേട്ടെന്‍റെ
ഭൂതങ്ങളഞ്ചും കൊടുംപിരി കൊള്ളുന്നു.
(നാസി കോണ്‍സെന്‍‌ട്രേഷന്‍ ക്യാമ്പുകള്‍)

നീ നരകത്തിലെ ക്ഷുദ്ര പ്രവാചകന്‍
നീചകാമത്തിന്‍ നിതാന്ത നക്തഞ്ചരന്‍
രക്തദാഹത്തിന്‍റെ നിത്യപ്രഭു ഭ്രൂണ
ഭക്ഷകനായ ഭയത്തിന്‍ പുരോഹിതന്‍.

എന്‍റെ മാംസത്തിന്‍ കഴുകുമരം വധ
തന്ത്രി മുറുക്കിയ കൌമാര സന്ധിയില്‍
സ്വന്തം മാതാവിന്‍ ഋതുകാല നഗ്നത
കണ്ടു കാമിക്കയാല്‍ ഷണ്ഡനായ് തീര്‍ന്ന ഞാന്‍,
(ഗ്രീക്ക് പുരാണങ്ങളിലെവിടെയോ ആണോ?)

വീണ്ടെടുപ്പില്ലാതെ വീണ മാലാഖപോല്‍
ആണ്ടു പോയ് നിന്‍റെ നിഷിദ്ധ ജലങ്ങളില്‍.
(മില്‍ട്ടന്‍റെ പാരഡൈസ് ലോസ്റ്റ്? )

പാതകത്തിന്‍റെ പെരും പള്ളിയില്‍
നിന്‍റെ പാപ സങ്കീര്‍ത്തനം പൊങ്ങുന്ന രാത്രിയില്‍
ബാധ പൊറഞ്ഞു തിമിര ലായത്തിലെ
മുക മൃഗത്തെ പുണര്‍ന്നു പിളര്‍ന്നു ഞാന്‍.
(സൂചന ധൃതരാഷ്ട്രാലിംഗനം?)

മൂഢവേദങ്ങള്‍ നരനു നിരോധിച്ച
ഗൂഢലോകങ്ങളെ പ്രാപിക്കയാല്‍ പ്രഭോ
(ക്രിസ്റ്റഫര്‍ മാര്‍‌ലോയുടെ ഡോക്ടര്‍ ഫോസ്റ്റസ്?)

പ്രാണി പ്രണയ പ്രഭാമതഭൃഷ്ടനായ്
താണു പോയ് നിന്‍റെ നിത്യന്ധകാരങ്ങളില്‍.

എന്നില്‍ നീ വാഴ്ത്തി പ്പകരുന്നൊരീ വിഷ
വീഞ്ഞിന്‍റെ കോപ്പ തിരിച്ചെടുക്കില്ലെങ്കില്‍
(യേശുക്രിസ്തുവിന്‍റെ ഗത്‌സെമന്‍ പ്രാര്‍ത്ഥന)
നിന്നോടെനിക്കുണ്ടൊരു അന്തിമ പ്രാര്‍ത്ഥന:

നാഗദന്തം മുലക്കണ്ണിലാഴ്ത്തി ജീവനാകം
ദഹിപ്പിച്ച ഭോഗ സാമ്രാട്ടി തന്‍
ലോകഭിചാരകാം മൃതദേഹത്തെ നീ
വെഞ്ചിരിച്ചെന്നോടൊന്നിണ ചേര്‍ക്കുക.
(ക്ലിയോപാട്രയുടെ ആത്മഹത്യ)

പാഴിലതിനിന്ദ്യമീ നരത്വത്തിന്‍റെ
ആഴമെന്താണെന്നറിഞ്ഞൊടുങ്ങട്ടെ ഞാന്‍!

പുട്ടിനുള്ളില്‍ തേങ്ങയെന്ന പോലെ റഫറന്‍സുകള്‍ ചൊരുകിയിരിക്കുകയാണ് കവിതയില്‍‍. അടുത്ത കാലത്ത് ഞാന്‍ വായിച്ച ഒന്നാന്തരം കവിതകളിലൊന്നാണിത്. എനിക്കറിയുന്ന റഫറന്‍സുകള്‍ മാത്രമേ ഞാന്‍ ബ്രാക്കറ്റുകളില്‍ ചേര്‍ത്തിട്ടുള്ളൂ. ശിവന് ഒരുപക്ഷേ ഇനിയും റഫറന്‍സുകള്‍ കിട്ടിയേക്കും.

തീര്‍ച്ചയായും ഇത്തരമൊരു കവിത ആസ്വദിക്കാന്‍ ശിക്ഷണം ആവശ്യമാണ്. അപ്പോള്‍ നല്ല ശിക്ഷണം ലഭിച്ച ഒരാള്‍ക്ക് കവിതയും കഥയും നന്നായി ആസ്വദിക്കാന്‍ കഴിയും. അങ്ങിനെയെങ്കില്‍ ശിക്ഷണം ലഭിച്ച ന്യൂനപക്ഷത്തെ സ്വാധീനിക്കാന്‍ സൃഷ്ടാവും ശിക്ഷണം നേടിയിരിക്കണം, അല്ലേ?

സത്യം പറഞ്ഞാല്‍, ഈ ശിക്ഷണം നേടിയുള്ള ഞാണിന്‍മേല്‍ കളിയാണ് കലകളെല്ലാം. കലാകാരനാവാന്‍ അത്രയേ വേണ്ടൂ. ആശയവിനിമയത്തിനുള്ള പാടവവും നല്ല ശിക്ഷണവും ഉണ്ടെങ്കില്‍ ആര്‍ക്കും കലാകാരനാവാം. ജന്‍മനാ ലഭിക്കുന്ന ചില പ്രത്യേകതകള്‍ ചിലപ്പോഴൊക്കെ കലാകാരന്‍മാരാവുന്നതില്‍ സഹായിക്കാറുണ്ട്. സ്‌ലോപ്പായ ചുമലുകള്‍ ഉള്ളവര്‍ക്ക് ഫുങ്ഫൂവില്‍ തിളങ്ങാന്‍ കഴിയുമെത്രെ.

പിന്നെ ജീവിതത്തെ അടുത്തറിയുകയും നിര്‍‌വചിക്കുകയും ചെയ്യുന്ന ജോലി കലാകാരന്‍മാരുടേതാണ് പറയുന്നതില്‍ ധാര്‍ഷ്ട്യമില്ലേ, ശിവാ? മുന്‍പേ പറക്കുന്ന പക്ഷികളാണ് സമൂഹത്തെ എന്നും നയിച്ചിട്ടുള്ളത്. അവരില്‍ (അക്ഷരകലാ വര്‍‌ക്കേഴ്സടക്കം) കലാകാരന്‍മാരും ഉണ്ടാവാം.

ഒരുപക്ഷേ, നമ്മള്‍ വിവക്ഷിക്കുന്ന കലയുമായി ഒരു ബന്ധവും ഇല്ലാത്ത മുന്‍പേ പറക്കുന്ന പക്ഷികളാണ് ചരിത്രത്തെ നയിച്ചിട്ടുള്ളത്. കാള്‍മാര്‍ക്സ്, യുങ്ങ്, ഐന്‍സ്റ്റീന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ എടുത്തുകാണിക്കാനുണ്ട്. നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള സാഹിത്യം രചിക്കാന്‍ കാള്‍ മാര്‍ക്സ് ഏറെ പരിശ്രമിച്ചിട്ടുണ്ട്. ശിക്ഷണത്തിന്‍റെ അഭാവം കൊണ്ട് ആ കവിതകള്‍ പാഴ്പരിശ്രമങ്ങളായി.

* മനുഷ്യവിദ്വേഷി എന്ന വാക്കും എത്രകണ്ട് വിലപ്പോവും എന്ന് എനിക്കറിയില്ല. മനുഷ്യവിദ്വേഷത്തിന്‍റെ കൊടുമുടിയിലെത്തി, ഗള്ളിവേഴ്സ് ട്രാവല്‍സ് എന്ന പുസ്തകം എഴുതിയ ജൊനാഥന്‍ സ്വിഫ്റ്റിനെയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. മനുഷ്യവിദ്വേഷം മൂത്ത് മുഴുത്ത വട്ടുപിടിച്ചാണ് സ്വിഫ്റ്റ് മരിച്ചത്. എങ്കിലും മനുഷ്യനാരെന്ന ജീവന്‍റെ ആ വലിയ ചോദ്യത്തിന് ചെറിയൊരു മെഴുകുതിരി വെട്ടം പകരാന്‍ ഗള്ളിവേഴ്സ് ട്രാവല്‍സിന് കഴിഞ്ഞിട്ടുണ്ട്. ഭ്രാന്തിന്‍റെ വേലിയേറ്റങ്ങളില്‍, ചുണ്ടുകോട്ടിയുള്ള സ്വിഫ്റ്റിന്‍റെ ചെകുത്താന്‍ ചിരി കണ്ട് ഭയന്നുപോയിയെന്ന് ആരോ (താക്കറെയാണോ, ഓര്‍മ്മയില്ല) എഴുതിയത് വായിച്ചിട്ടുണ്ട്.

(സത്യത്തില്‍ ഞാന്‍ ഉദ്ദേശിച്ച ചര്‍ച്ചാവിഷയത്തില്‍ നിന്ന് നമ്മള്‍ കാട് കേറി വളരെദൂരം പോയിക്കഴിഞ്ഞു. ശരി, ഇങ്ങിനെ പോയാലും നാട് കാണാതിരിക്കില്ലല്ലോ!)

Submitted by giree on Sat, 2005-05-28 17:57.

ചേട്ടന്‍‍മാരേ, വായിച്ചു വളര്‍‍ന്നതു കൊണ്ടാകാം, നിങ്ങള് ഒരുപാട് എഴുതിക്കളഞ്ഞു! അപ്പൊ പലതും പരസ്പരം ശ്രദ്ധിക്കാതെ വിട്ടുകളയുകയും ചെയ്തിട്ടുണ്ട്. ഞാനും ചിലതു പറയാം.
ശിവന്‍റെ ആദ്യത്തെ വാദം വായിച്ചപ്പോഴേ അതെനിക്കു തോന്നിയതാണ് ‍. ശിവന്‍‍ പറഞ്ഞില്ലെങ്കിലും ചിലപ്പൊ അതു തന്നെ ഉദ്ദേശിച്ചു കാണും. എന്തിരെന്നാ? മുട്ടത്തുവര്‍‍ക്കി അവാര്‍‍ഡ് ഒരു ഗൂഡാലോചനയാണ് ‍. പൈങ്കിളി സാഹിത്യം എഴുതി സാധാരണക്കാരെ രസിപ്പിച്ചിരുന്ന മുട്ടത്തുവര്‍‍ക്കിയെ നിങ്ങള്‍‍ പറയുന്ന വരേണ്യന്‍‍(സവര്‍‍ണ്ണ സാഹിത്യകാരന്‍‍) ആക്കാനുള്ള ഗൂഢാലോചന. ഒരാളെ പ്രാന്തനാക്കാനുള്ള എളുപ്പവഴി മൂന്നാലു പേര്‍‍ അയാളെ നോക്കി പ്രാന്തനെന്നു വിളിക്കുകയല്ലെ. ഒരു തരം ഗീബില്‍‍സ് തന്ത്രം.(നിങ്ങടത്രേമല്ലെങ്കിലും ഞാനും കുറച്ചൊക്കെ വായിച്ചിട്ടൊണ്ട്). അതുപോലെ മുട്ടത്തുവര്‍‍ക്കിയെ അവര്‍‍ വരേണ്യനാക്കി- മുട്ടത്തുവര്‍‍ക്കിയെ കളിയാക്കിയവര്‍‍ക്ക് അവാര്‍ഡ് കൊടുത്തിട്ട്. ജന്‍‍മിമാരുടെ പീഠനത്തില്‍‍ മരിച്ചവരാണ് പിന്നീട് തെയ്യമായി എത്തി കൊന്നവനെ അനുഗ്രഹിക്കുന്നത് (ഒരു എഫ്.ബി.ഐ ഓപ്പെറേഷന്‍‍ തന്നെ). ഹിഗ്വിറ്റയിലെ മുസ്ലീം വില്ലനെക്കുറിച്ചും ജയരാജ്, വിജയനെ അഭിനയിപ്പിച്ചത് കറുത്തവനെ ഉദ്ധരിക്കാനാണെന്നും പറഞ്ഞുകേട്ട് അറിവുള്ള നിങ്ങള്‍‍ക്ക് അതൊക്കെ തോന്നിക്കാണും. പിന്നെ പറയണ്ട എന്നു വിചാരിച്ച് വിട്ടതുമായിരിക്കും. അതോ നമ്മള്‍‍ അതൊക്കെ ഇതു വായിച്ച് മനസ്സിലാക്കും എന്നു കണ്ടിട്ടോ? എന്തായാലും അതു തുറന്നു പറയാമായിരുന്നു.

പിന്നെ സാഹിത്യത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിലും എനിക്കു ചില സംശയങ്ങളുണ്ട്. കോഴിയെക്കുറിച്ച് ഗംഭീര കവിതയെഴുതിയ വള്ളത്തോളിന് ഏറ്റവും ഇഷ്ടം ചിക്കന്‍ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്. ഭാര്യയെ തല്ലിക്കൊന്ന മനുഷ്യന്‍ വല്യ ആദര്‍ശം പറയുന്ന കവിയായിരുന്നു എന്ന് എം.കൃഷ്ണന്‍ നായര്‍ (കണ്ടോ, അവിടൊരു 'നായര്‍' വീണു കിടക്കുന്നു! വിട്ടേക്കണേ ശിവാ. അറിയാതെ എഴുതിപ്പോയതാണ്) സാര്‍ എഴുതിയിട്ടുണ്ട്. എന്തായാലും കൊലപാതകം ചെയ്തിട്ട് ആദര്‍ശം പറഞ്ഞ ആ പ്രതിഭാശാലിയുടെ പേര് അദ്ദേഹം പറയുന്നില്ല.

അവരും എഴുതിയതു ബാഹ്യതലത്തില്‍ ആണെന്നാണെങ്കില്‍, അവയും ആസ്വദിക്കപ്പെടുന്നുണ്ടെങ്കില്‍, അതാണ് സാഹിത്യത്തിന്‍റെ പ്രത്യേകത. കാരണം വീണ വായിക്കുന്നവനും കഥകളി ആടുന്നവനും അതില്‍ കള്ളത്തരം കാണിക്കാന്‍ പാടാണ്. അറിയാവുന്നവര്‍ പെട്ടെന്നു പിടികൂടും. എഴുത്തുകാരന്‍റെ കാര്യത്തില്‍ ഇത് ഇത്തിരി പാടാണ്. ഭൂമിയുടെ നശ്വരത മനസ്സിലാക്കി, അതിനു ചരമക്കുറിപ്പു രചിച്ച ഒരു കവി, (ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴുള്ള അനുഭവമാണ്) ആര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് തന്നെ ഇരുത്തിക്കൊണ്ട് മറ്റൊരാളെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു എന്നു പറഞ്ഞ് ഭാരവാഹികളോട് സ്വകാര്യമായി ചൂടാവുന്നത് ഞ്ഞാന്‍ കണ്ടിട്ടുണ്ട്.

അതുകൊണ്ടാണ് സാക്ഷാല്‍‍ ശിവനു , തീര്‍‍ച്ചയായും നമ്മുടെ പരമശിവന്‍, പോലും അക്ഷരകല ആസ്വദിക്കാനാവുമോ എന്നു സംശയം തോന്നുന്നത്. സംഗീതം കൊണ്ട് നമുക്ക് ആരെയും ചീത്തവിളിക്കാനാവില്ല. ഓടക്കുഴല്‍ വായനക്കാരായിരുന്നെങ്കില്‍ കടമ്മനിട്ടയും ഡി.വിനയചന്ദ്രനും ബാലചന്ദ്രന്‍ ചുള്ളികാടും ഒക്കെ എങ്ങനെ സ്വന്തം സൃഷ്ടിയിലൂടെ ചീത്തവിളിക്കും? ഈ സ്വാതന്ത്ര്യമാണ് എഴുത്തിന്‍റെ പ്രധാനമായും മറ്റു കലകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. അല്ലാതെ എഴുതിയ പുസ്തകം പലകാലം അതേപടി നില്‍ക്കുന്നതു കൊണ്ടാണെന്ന് എനിക്കു തോന്നുന്നില്ല. കാരണം ഹിഗ്വിറ്റ എന്ന കൃതി അച്ചടിച്ച നിലയില്‍ അവിടെയുണ്ടെങ്കിലും അതിലെ മുസ്ലീം വില്ലനെക്കുറിച്ചു കണ്ടു പിടിച്ചു കഴിഞ്ഞപ്പോള്‍ ആ വായനക്കാരന്‍റെ കണ്ണില്‍ കൃതി മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായില്ലേ (ഇതിന് 'എഴുത്തുകാരന്‍റെ മരണം' എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് അത് ഉദ്ധരിക്കാന്‍ ഇഷ്ടമല്ല.) എഴുതുമ്പോള്‍ ഒരിക്കല്‍ കിട്ടുന്ന വാക്ക്, ശൈലി, വാക്യരചനാ ഘടന(sentence structure) അതേ പടി വീണ്ടും കിട്ടാന്‍ പാടാണ്. അതു കൊണ്ടാണ് പകര്‍പ്പെഴുത്തില്‍ കൃതി മാറുകയും ചില ഘടകങ്ങള്‍ മാറാതിരിക്കുകയും ചെയ്യുന്നത്.

അതുപോലെ ബീഥോവന്‍റെ സംഗീതം കേട്ടിട്ട് ഒന്നും തോന്നിയില്ല, അതിനു ശിക്ഷണം തോന്നിയിട്ടില്ല എന്നു പറയുന്നത് അതിലേറെ രസകരമായി തോന്നി. 'അതു പഠിപ്പിച്ചപ്പോള്‍‍‍ ഞാന്‍‍‍ ക്ലാസ്സിലുണ്ടായിരുന്നില്ല' എന്ന സുന്ദരമായ ഒഴികഴിവായിട്ടാണ് അതു തോന്നുന്നത്. സൈക്കിള്‍‍‍ അഭ്യാസം പോലെ മുഴുവനായും പരിശ്രമിച്ച് സ്വായത്തമാക്കാവുന്നത് ആണ് കല എന്നു സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണത്. നടപ്പില്ലാ ബെന്നീ നടപ്പില്ല. എന്‍റെ കയ്യില്‍‍‍ ഒരു ബക്കറ്റു വെള്ളമുണ്ട്. അത് നിങ്ങളുടെ കൈയ്യിലെ ഒരു ഗ്ലാസ്സു (Tumpler) വെള്ളത്തില്‍‍‍ കൊള്ളിക്കാനായില്ലെങ്കില്‍‍‍ അതു നിങ്ങളുടെ കുറവോ എന്‍റെ കുറ്റമോ? പറഞ്ഞത് ഇത്രയേയുള്ളു, കല ആസ്വദിക്കാനുള്ള കഴിവ് ഓരോ മനുഷ്യനും ഓരോ തരത്തില്‍‍‍ ആയിരുക്കും. അതു പറയുന്ന ഒരു സംസ്കൃത ശ്ലോകം ഏതോ പുസ്തകത്തില്‍‍‍ (ശ്ലോകം ഒന്നും ഉദ്ധരിക്കാത്തതില്‍‍‍ ക്ഷമിക്കണം. ധ്വന്യാലോകവും ഒന്നും തപ്പിനോക്കാന്‍‍‍ പറ്റിയില്ല) ഉണ്ട്. അതനുസരിച്ച സഹൃദയന്‍റെ പ്രതിഭയെ മൂന്നുനാലായി തരം തിരിച്ചിട്ടും ഉണ്ട്.
എഴുത്തുകാരന് പ്രതിഭ, വ്യുല്‍‍‍പ്പത്തി, അഭ്യാസം എന്നിവ വേണമെന്നും പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ട്. അതില്‍‍‍ അഭ്യാസം കൊണ്ടു മാത്രം കവിയാവുന്നവനെയും അവര്‍‍‍ പേരുചൊല്ലി വിളിക്കുന്നുണ്ട്. അപ്പൊ പ്രതിഭയില്ലാതെ കാര്യം നടക്കുമോ?

ബെന്നി രണ്ടിടത്തായി പറയുന്നത്, 'ജന്‍‍‍മനാ ലഭിക്കുന്ന ചില പ്രത്യേകതകള്‍‍‍ ചിലപ്പോഴൊക്കെ കലാകാരന്‍‍‍മാരാവുന്നതില്‍‍‍ സഹായിക്കാറുണ്ട്. സ്‌ലോപ്പായ ചുമലുകള്‍‍‍ ഉള്ളവര്‍‍‍ക്ക് ഫുങ്ഫൂവില്‍‍‍ തിളങ്ങാന്‍‍‍ കഴിയുമത്രെ.' (ഓസ്ട്രേലിയയില്‍‍ കാക്കയില്ലത്രേ! എന്ന് പാഠപുസ്തകക്കാരെ കളിയാക്കി ഞങ്ങളുടെ ഒരു സാറ് പറയുമായിരുന്നു) എന്നും, 'സത്യം പറഞ്ഞാല്‍‍, ഈ ശിക്ഷണം നേടിയുള്ള ഞാണിന്‍‍മേല്‍‍ കളിയാണ് കലകളെല്ലാം. കലാകാരനാവാന്‍‍ അത്രയേ വേണ്ടൂ. ആശയവിനിമയത്തിനുള്ള പാടവവും നല്ല ശിക്ഷണവും ഉണ്ടെങ്കില്‍‍ ആര്‍‍ക്കും കലാകാരനാവാം' എന്നുമാണ്. അപ്പോ പ്രതിഭ വേണമെന്നോ വേണ്ടെന്നോ?

സംസ്കൃത ശ്ലോകവും ഡ്രാക്കുളയും ഒക്കെയായി വ്യുല്‍പത്തി വച്ച് നിങ്ങളും ഞാനും അടിച്ചു വിടുന്ന ഈ ചിന്തകളും വാസ്തവത്തില്‍ ജനപ്രിയ(എന്നു ശിവന്‍ പറയുന്നു, അപ്പോ 'ഓമനത്തിങ്കള്‍ക്കിടാവോ'യും 'അങ്കണത്തൈമാവില്‍നിന്ന്'ഉം ഒക്കെ ജനപ്രിയമല്ലെ? അതോ അതൊക്കെ ജനപ്രിയമെന്നു ശിവന്‍ വിളിക്കുന്ന പൈങ്കിളിയാണോ?)സാഹിത്യത്തിന് എതിരായ ഗൂഢാലോചനയണ്. അതാണ് അതിന്‍റെ വൈരുദ്ധ്യാത്മക സാഹിത്യം! ഡ്രാക്കുളയെക്കുറിച്ചാണെങ്കില്‍, ഇത്തരം 'നിലവാരം കൂടിയ' കവിതകളെ വിളിക്കാന്‍ പറ്റിയത് റെഫറന്‍സ് കവിതകളെന്നാണ്. അവ ആസ്വാദ്യമല്ലെന്നോ അവ നിര്‍മ്മിച്ചവര്‍ പ്രതിഭയില്ലാത്തവരാണെന്നോ സ്വപ്നത്തില്‍ കൂടി ഞാന്‍ വിചാരിക്കുന്നില്ല. പക്ഷേ ഇത്തരം അടിക്കുറിപ്പുകളും സൂചനകളും ഇല്ലാതെ എഴുതുന്ന കവിതകളും ലോകത്തുണ്ട്. അവ ആസ്വാദ്യമാകാറുമുണ്ട്. ബഷീറിന്‍റെ കഥകളില്‍ ഇതുപോലെ എത്ര അടിക്കുറിപ്പുകളും റെഫറന്‍സും ഉണ്ടായിട്ടാണ് ആളുകള്‍ ഇന്നും ആ പുസ്തകങ്ങള്‍ വായിക്കുന്നത്? കാളിദാസന്‍റെ കവിതകളിലും 'റെഫറെന്‍സ്' ഉണ്ടായിരുന്നതായി തല്‍ക്കാലം നമുക്ക് അറിവില്ല.

സാഹിത്യത്തിന്‍റെ ഈ പ്രത്യേകതകളും അപവാദങ്ങളും (കേരളപാണിനീയം പിന്തുടര്‍ന്നു പറഞ്ഞാല്‍, അപവാദങ്ങളാണ് വാദങ്ങളെക്കാള്‍ ഏറെ!) കൂടി കണക്കിലെടുത്തു വേണ്ടെ അഭിപ്രായം പറയാന്‍? പിന്നെ മുട്ടത്തു വര്‍ക്കി അവാര്‍ഡിനെക്കുറിച്ചാണെങ്കില്‍, അതിലെ ഗൂഢാലോചനയ്ക്കെതിരെ പൈങ്കിളിക്കാര്‍ ഒരു ജോസി വാഗമറ്റം അവാര്‍ഡോ മഴുവേലി ബാബു അവാര്‍ഡോ കൊണ്ടുവന്ന് സാഹിത്യ സവര്‍ണ്ണരുടെ ഗൂഢാലോചന തകര്‍ക്കണം എന്നാണ് എന്‍റെ അഭിപ്രായം.

Submitted by Sivan on Tue, 2005-05-31 00:20.

മനുഷ്യവിദ്വേഷിയ്ക്കു മനുഷ്യസ്നേഹത്തെക്കുറിച്ച്‌ എഴുതാന്‍ കഴിയില്ല. അങ്ങനെ ഞാന്‍ പറഞ്ഞുവോ? ഒരുപാട്‌ എഴുതിയതു കൊണ്ടുള്ള ദോഷമാണ്‌. വാക്കുകള്‍ക്ക്‌ മുന പോകും. ആശയങ്ങള്‍ ചതയും. നാം പറയുന്നതും നടിക്കുന്നതുമല്ല കാര്യം, പൊതു ബോധം ശരിവയ്ക്കുന്ന വഴികളില്‍ നിന്നു മാറി നടന്നാണ്‌ കലാകാരന്മാര്‍ - എഴുത്തുകാരും - പുതിയ ബോധമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നത്‌, ജീവിതത്തിന്റെ വ്യാകരണതെറ്റുകളെ കലകൊണ്ടു ശരിവയ്ക്കുന്നു എന്ന്. അങ്ങനെയല്ല ഞാന്‍ എഴുതിയത്‌ വായിച്ചെടുത്തതെങ്കില്‍ അതെന്റെ തെറ്റ്‌. ഒരുപാട്‌ ജോനാതന്‍ സ്വിഫ്റ്റുകളെപ്പറ്റി. സ്വീകരിക്കാന്‍ വേണ്ടി വിളിച്ചു കൂട്ടിയ വേദിയില്‍ വച്ച്‌ 'എനിക്കു നിങ്ങളോട്‌ ഒരു കാര്യം മാത്രമേ പറയാനുള്ളൂ, അത്‌ എനിക്ക്‌ നിങ്ങളോട്‌ ഒന്നും പറയാനില്ല എന്നുള്‍ലതാണ്‌" എന്നു പറഞ്ഞിട്ട്‌ പോയി കസേരയിലിരുന്നുറങ്ങിയ അയനെസ്കോയെപ്പറ്റി. മലയാളത്തിലുമുണ്ട്‌ ഉദാഹരണം വൈലോപ്പിള്ളി, ജോണ്‍ എബ്രഹാം, ആനന്ദ്‌ പക്ഷേ നാം വ്യാകരണ തെറ്റെന്നു വ്യവഹരിക്കുന്ന ഈ പെരുമാറ്റങ്ങളിലൂടെയാണ്‌ ഹിപ്പൊക്രസിയ്ക്കെതിരെ, സ്നേഹരാഹിത്യത്തിനെതിരെയുള്ള സര്‍ഗാത്മകതയ്ക്ക്‌ ഊര്‍ജ്ജം സംഭരിക്കുന്നത്‌.ഇതാണ്‌ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌.
പ്രശ്നം കൊലപാതകം, ഭ്രാന്ത്‌, സമാനഹൃദയത്വം, ആശയ സംവേദനത്വം [Communication] തുടങ്ങിയ സങ്കല്‍പങ്ങളെപ്പറ്റിയുള്ള മുന്‍
ധാരണയിലാണ്‌. ഡോ.ഷിഹാബ്‌ ഗാനിം യു എ ഇ ലെ പ്രസിദ്ധ കവിയും പണ്ഡിതനുമാണ്‌. അദ്ദേഹം മലയാളത്തിലെ കവികളെ തര്‍ജ്ജമയിലൂടെയായിരിക്കും വായിച്ചിരിക്കുക. എന്നിട്ടും വളരെ മൌലികമായ ചില നിരിെക്ഷണങ്ങള്‍ നടത്തി (അദ്ദേഹത്തിന്റെ അഭിമുഖം 'സംഭാഷണം' വാര്‍ഷിക പതിപ്പിലുണ്ട്‌)സുഗത്കുമാരിയേക്കാള്‍ ആഴമുള്ള കവി മാധവിക്കുട്ടിയാണെന്നും കടമ്മനിട്ടയുടെ കവിതയുടെ 'അഗ്രസ്സിവ്നെസ്സിനെ'ക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ഇങ്ങനെ കാലദേശാതീതമായി തിരിച്ചറിയപ്പെടുന്ന ഒന്നാണ്‌ സമാനഹൃദയത്വം. അങ്ങനെ തിരിച്ചറിയപ്പെടാനായി കവി(കലാകാരന്‍) ഒരുക്കിവയ്ക്കുന്ന ഒന്നല്ല. അതു സംഭവിക്കേണ്ടതാണ്‌.
ശിക്ഷണം തീര്‍ച്ചയായും പ്രധാന്യമുള്ള സംഗതിയാണ്‌. പക്ഷേ അതു ബെന്നി പറഞ്ഞതു പോലെയല്ല. അതി വിനയത്തോടെ ഗിരി ചില മറുപടികള്‍ പറഞ്ഞു കഴിഞ്ഞല്ലോ.
കലാകാരന്മാര്‍ മുന്‍പേ പറക്കുന്ന പക്ഷികളാണെന്നു പറയുന്നത്‌ (മുന്‍പേ പറക്കുന്ന പക്ഷിയ്ക്കു കൂടുതല്‍ കഠിനതകള്‍ സഹിക്കേണ്ടി വരുമത്രേ. അതിനാല്‍ അടുത്ത കുറച്ചു ദൂരം അടുത്തയാള്‍ സ്ഥാനം ഏറ്റെടുക്കും. കലാകരന്റെ കുരിശു മരണത്തിനു ഇതുമായി സാമ്യം വരുന്നു) തത്ത്വചിന്താപരമായ അര്‍ത്ഥത്തിലാണ്‌. അതവിടെ നില്‍ക്കട്ടെ. ബെന്നിയുടെ ആശയത്തെ തിരിച്ചിടാം. നമ്മുടെ ലോകത്തെ മാറ്റി മറിച്ചത്‌ മാക്സും,
ഡാര്‍വിനും, ഫ്രോയ്ഡും ഒക്കെയാണ്‌. അതേ. അവരിലെ കലാകാരന്മാരാണ്‌ എന്നു ഞാന്‍ പറയും. എന്റെ മഞ്ഞക്കണ്ണടയിലൂടെ നോക്കിക്കൊണ്ട്‌. ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ കഥ - ഏതു കൊച്ചു കുട്ടിയ്ക്കു മറിയാവുന്ന കഥ - ഐന്‍സ്റ്റീന്റെ സൃഷ്ടിയാണ്‌. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിനേക്കാള്‍ മനോഹരമായി എന്തു കവിതയാണുള്ളത്‌. പരിണാമം ചികഞ്ഞ ഭൂതകാലമന്വേഷിക്കുന്നത്‌ നോവലെഴുത്താണ്‌. മാക്സ്‌, ശിക്ഷണമില്ലാത്തതു കൊണ്ട്‌ നല്ല കവിയാകാത്തതല്ല, തന്റെ കവിതയെ തത്ത്വശാസ്ത്രത്തിലേക്ക്‌ പ്രസരിപ്പിച്ചുകൊണ്ടാണ്‌ ലോകത്തെ പരിവര്‍ത്തിക്കാന്‍ ആഹ്വാനം നല്‍കിയത്‌. ഇവരിലെ കവിതയാണ്‌ ഇവരുടെ യുഗപ്രഭാവത്വത്തിനു ഹേതു. വാഗ്നറെ ഇഷ്ടമായിരുന്നു വെങ്കിലും ഹിറ്റ്ലര്‍, ഗോര്‍ക്കിയെ പ്രശംസിച്ചെങ്കിലും സ്റ്റാലിന്‍ കലാകാരന്മാരല്ലാത്തതു കൊണ്ടാണ്‌ (മനസ്സില്‍ കവിതയില്ലാതിരുന്നതു കൊണ്ടാണ്‌) ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടുവെങ്കിലും യുഗപ്രഭാവന്മാരാവാത്തത്‌. അല്ലെങ്കില്‍ അങ്ങനെ സമ്മതിക്കാന്‍ നമുക്കാവാത്തത്‌.
അപ്പോഴും അക്ഷരകലയ്ക്കെന്തു വിശേഷം എന്ന പ്രശ്നം ബാക്കിയാവുന്നു. ഗിരിയ്ക്ക്‌ അനുബന്ധമായി കുത്തിക്കുറിക്കട്ടെ.സി കെ രാമചന്ദ്രനും വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരിയും വലിയ ഭിഷഗ്വരന്മാരായിട്ടും അവരെഴുതി തുടങ്ങുമ്പോഴാണ്‌ രോഗികളല്ലാത്ത നമ്മള്‍ അവരെ
തിരിച്ചറിയുന്നത്‌. അവരേക്കാള്‍ വലിയ വൈദ്യന്മാര്‍,(ക്ഷമിക്കണേ!) ശാസ്ത്രജ്ഞന്മാര്‍ എത്രയോ ഉണ്ടാവും. ആരറിയാനാണ്‌? നൂറു ചവറു പുസ്തകങ്ങളേക്കാള്‍ എത്രയോ മഹത്തായ കാര്യമാണ്‌ പൊക്കുടന്‍ ചെയ്തത്‌. എനിക്കറിയില്ലായിരുന്നു എന്താണു കണ്ടല്‍ കാടുകള്‍ എന്നു പോലും. ആ പുസ്തകം കാണുന്നതു വരെ (' കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം!'). ബില്‍ ഗേറ്റ്സും എഴുതിയിട്ടുണ്ട്‌ ഒരു പുസ്തകം. ആളുകളെ തന്നെ പോലെ പണക്കാരനാക്കാനല്ല എന്നു വ്യക്തമല്ലേ?
ഡ്രാക്കുളയുടെ റഫറന്‍സുകള്‍ ഗംഭീരമായിണന്ദി. ഞാന്‍ അങ്ങനെ ആലോചിച്ചിരുന്നില്ല. പ്രത്യേകിച്ചും ആ കവിതയെപ്പറ്റി. ഇലയേത്‌ പൂവേത്‌ എന്നു നുള്ളിപ്പറിച്ചു നോക്കിയിട്ടല്ല.( അതു ശാസ്ത്രത്തിന്റെ വഴി.ഇലയെ ചെടിയുടെ ഭാഗമായി, ആ ചെടിയെ അതുപോലെ അനേകം ചെടികളില്‍ ഒരാളായി, കാടായി ഭൂമിയായി സമഗ്രതയില്‍ കാണുന്നതാണ്‌ ലാവണ്യ ദര്‍ശനത്തിന്റെ കാതല്‍) വായിച്ചറിവിന്റെ സംസ്കാരം ആസ്വാദനത്തില്‍ സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ്‌. (ശബ്ദം, അര്‍ത്ഥം, ഭാവം, സംസ്കാരം എന്നിങ്ങനെ ആസ്വാദന തലത്തിന്റെ വഴികള്‍ കുട്ടികൃഷ്ണമാരാര്‌ വിവരിക്കുന്നുണ്ട്‌ - സാഹിത്യ വിദ്യ) ബിഥോവന്റെ ഉദാഹരണ കാര്യത്തില്‍ ഗിരി ഈ സത്യം വ്യക്തമായി അവതരിപ്പിച്ചു. വായിച്ചറിവിന്റെയും കണ്ടറിവിന്റെയും സംസ്കാരമാണ്‌ ആസ്വാദനതലത്തില്‍
ജനപ്രിയ വരേണ്യകലകളെ എവിടെയും വേര്‍തിരിച്ച്‌ നിര്‍ത്തുന്നത്‌. ഒന്നു മറ്റൊന്നിനെ പുച്ഛിക്കാന്‍ ഒരുങ്ങുന്നിടത്താണ്‌ എന്റെ പരാതി. രണ്ടിനും അതാതിന്റെ തട്റ്റകങ്ങളുണ്ടെന്നാണ്‌ എന്റെ നിലപാട്‌.
തര്‍ക്കിക്കാനും ജയിക്കാനുമല്ല, കൂടുതല്‍ സന്ദേഹിയാകാന്‍ പറ്റും എന്നുള്ളതു കൊണ്ടു മാത്രം വാദിച്ചതാണ്‌. ഞാന്‍ മാത്രമല്ല ശരി എന്നറിയുന്നതിലും ഒരു കവിതയുണ്ട്‌.

:twisted:

Submitted by cachitea on Tue, 2005-05-31 09:52.

പോളേ,

സംഭാവനകള്‍ ഗംഭീരമാവുമ്പോള്‍ പരിപാടി ഗംഭീരമാവും എന്ന് സര്‍ക്കസ്സുകാര്‍ പറയുമ്പോലെ (ജെമിനി, ബോംബെ സര്‍ക്കസല്ല. നമ്മുടെ നാട്ടില്‍ വരുന്ന അസീസിന്‍റെ, അശോകന്‍റെ സര്‍ക്കസ്സ്) ചര്‍ച്ചാവേദി ഗംഭീരമാവുന്നുണ്ട്. പക്ഷേ താള്‍ ലോഡ് ചെയ്യാന്‍ കുറേ താമസിക്കുന്നു. എന്തെങ്കിലും ചെയ്ത്, ഇതൊന്ന് കഷ്ണിച്ചു തരാമോ?

താള്‍ കഷ്ണിക്കുകയോ അല്ലെങ്കില്‍ ചര്‍ച്ചകളുടെ രണ്ടാംഭാഗം എന്നൊരു ത്രെഡുണ്ടാക്കുകയോ ചെയ്തില്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് മിനിറ്റുകളോളം താള്‍ ലോഡാവുന്നതും നോക്കി കാത്തിരിക്കേണ്ടി വരും.

പിന്നെ, ചര്‍ച്ചയിങ്ങനെ നീണ്ടുപോട്ടെ. ഇതൊന്നു എഡിറ്റ് ചെയ്ത് "നെറ്റിലെ സാഹിത്യവിചാരം" എന്നോ "സൈബര്‍ ലോകവും സാഹിത്യവും" എന്നോ പേരിട്ട് ഒരു പുസ്തകം ഇറക്കിയാലോ എന്നെനിക്ക് ആലോചനയില്ലാതില്ല. നോക്കാം. പി. കെ. രാജശേഖരനോടു സംസാരിക്കട്ടെ. പോള്‍ എന്തു പറയുന്നു?

സസ്നേഹം ബെന്നി

Submitted by paul on Tue, 2005-05-31 13:52.

ബെന്നി,
പകുതി പ്രശ്നം unicode rendering മൂലമുണ്ടാകുന്നതാണെന്നു തോന്നുന്നു. എന്തായാലും ഒരു പേജില്‍ 5 എന്ന കണക്കില്‍ മുറിച്ചു.

ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു. ഇപ്പോഴാണ്‌ ഫോറമുണ്ടാക്കി വച്ചത്‌ ഒരു പാഴ്‌വേലയായില്ലെന്ന്‌ മനസ്സില്‍ തോന്നുന്നത്‌... ശിവനും ബെന്നിക്കും ഗിരിയ്ക്കും നന്ദി.

പുസ്തകം ഒന്നോ രണ്ടോ ഇറക്കാം... ഒരു പ്രശ്നവുമില്ല.

Submitted by cachitea on Fri, 2005-06-03 14:07.

എഴുത്തുകാരനാണ് ചരിത്രം വിരചിക്കുന്നത് എന്ന മിഥ്യാധാരണയോടാണ് എന്‍റെ പൊരുതല്‍. കാല്‍പ്പനികമായി സംഭവങ്ങളെ കാണുന്നതാണ് ഈ മിഥ്യാധാരണയുടെ കാരണമെന്ന് എനിക്കു തോന്നുന്നു. "ഞാന്‍ മാത്രമല്ല ശരി എന്നറിയുന്നതിലും ഒരു കവിതയുണ്ട്‌." എന്ന് ശിവന്‍ എഴുതിക്കണ്ടു. ഞാന്‍ മാത്രമല്ല ശരി എന്ന് മനസ്സിലാക്കുന്നത് തിരിച്ചറിവാണ്. അതിനും കവിതയ്ക്കും ഇടയിലുള്ള പാലമാണ് എനിക്ക് പിടികിട്ടാതെ പോവുന്നത്!

മറുപടിയെഴുതണമെന്ന് വിചാരിച്ച് നാലു ദിവസമായെങ്കിലും ജോലിസമ്മര്‍ദ്ദം കൊണ്ട് നടന്നില്ല. ഇപ്പോള്‍ ഗിരിക്കുള്ള മറുപടിയെഴുതാനേ സാധിച്ചുള്ളൂ.

ഗിരിയുടെ വാദം : ആദര്‍ശം എഴുതുകയും മറ്റൊന്ന് പ്രവര്‍ത്തിക്കയും ചെയ്യുന്നവര്‍ ബാഹ്യതലത്തില്‍ എഴുതുന്നതു ആസ്വദിക്കപ്പെടുന്നുണ്ടെങ്കില്‍ അതാണ് സാഹിത്യത്തിന്‍റെ പ്രത്യേകത. കാരണം വീണ വായിക്കുന്നവനും കഥകളി ആടുന്നവനും അതില്‍ കള്ളത്തരം കാണിക്കാന്‍ പാടാണ്. അറിയാവുന്നവര്‍ പെട്ടെന്നു പിടികൂടും.

ഗിരി ഇപ്പറഞ്ഞത് സാഹിത്യത്തിനു മാത്രമല്ല, എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും ബാധകം തന്നെ. വീണ വായിക്കലും കഥകളിയാടലും ഒരുതരം ആശയവിനയം തന്നെയാണ് - അമൂര്‍ത്തമാണെന്നേ ഉള്ളൂ. ഇതിലും കള്ളത്തരം കാണിക്കാം. പട്ടിണി കിടക്കുകയും എന്നാല്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച പോലെ കഥകളിയാടുകയും ചെയ്യാമല്ലോ? ഉള്ളില്‍ വിഷമിക്കുമ്പോഴും മുമ്പിലിരിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വീണാവാദനവും സാധ്യമാണ്!

ഗിരിയുടെ വാദം : ഓടക്കുഴല്‍ വായനക്കാരായിരുന്നെങ്കില്‍ കടമ്മനിട്ടയും ഡി.വിനയചന്ദ്രനും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഒക്കെ എങ്ങനെ സ്വന്തം സൃഷ്ടിയിലൂടെ ചീത്തവിളിക്കും? ഈ സ്വാതന്ത്ര്യമാണ് എഴുത്തിനെ പ്രധാനമായും മറ്റു കലകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.

അമൂര്‍ത്തബിംബങ്ങളും മൂര്‍ത്തബിംബങ്ങളും തമ്മിലുള്ള വ്യത്യാസമാണിത്. പിന്നെ ചീത്ത വിളിക്കുന്നതു കൊണ്ട് ചുള്ളിക്കാടും വിനയചന്ദ്രനും കടമ്മനിട്ടയും മഹാന്‍മാരാവുന്നില്ല എന്നും ഓര്‍ക്കണം. പിന്നെ ഈ സ്വതന്ത്ര്യം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് നാട്ടിന്‍പുറങ്ങളിലെ കള്ളുഷാപ്പുകളില്‍ നിന്ന് ഇറങ്ങിപ്പോവുന്നവരാണ് എന്നു തോന്നുന്നു.

ഗിരിയുടെ വാദം : എഴുതുമ്പോള്‍ ഒരിക്കല്‍ കിട്ടുന്ന വാക്ക്, ശൈലി, വാക്യരചനാ ഘടന (sentence structure) അതേ പടി വീണ്ടും കിട്ടാന്‍ പാടാണ്. അതു കൊണ്ടാണ് പകര്‍പ്പെഴുത്തില്‍ കൃതി മാറുകയും ചില ഘടകങ്ങള്‍ മാറാതിരിക്കുകയും ചെയ്യുന്നത്.

അപ്പോള്‍ എഴുത്തുകാരന്‍ (അല്ലെങ്കില്‍ ആശയവിനിമയത്തിന് ആഗ്രഹിക്കുന്ന ആരും) എഴുതുന്ന സമയം, സാഹചര്യം എന്നീ ഘടകങ്ങളില്‍ ഊന്നിയുള്ള രചനയാണ് (ആശയവിനിമയമാണ്) നടത്തുക എന്നാണോ? ഏതുസമയത്ത്, എവിടെവെച്ച്, എന്തിന്, എങ്ങിനെ ഒരാള്‍ പറഞ്ഞു എന്നുകൂടി കണക്കിലെടുക്കണം എന്നാണോ? (ആണ് എന്നാണ് ഉത്തരമെങ്കില്‍ ഗിരിയോട് ഞാന്‍ സുല്ലിടും. കാരണം എന്‍റെ ഉത്തരവും അതുതന്നെ!)

ഗിരിയുടെ വാദം : സൈക്കിള്‍‍‍ അഭ്യാസം പോലെ മുഴുവനായും പരിശ്രമിച്ച് സ്വായത്തം ആക്കാവുന്നത് ആണ് കല എന്നു സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണത്. നടപ്പില്ലാ ബെന്നീ നടപ്പില്ല.

സൈക്കിള്‍ അഭ്യാസം തന്നെ ഒരു കലയാണ് ഗിരീ. വാക്കുകള്‍ കൊണ്ടുള്ള സൈക്കിള്‍ അഭ്യാസമാണ് സാഹിത്യം. കല എന്ന് നമ്മള്‍ വിളിക്കുന്നതൊക്കെയും ഒരുപരിധി വരെ, ശിക്ഷണം കൊണ്ട് നേടിയെടുക്കാവുന്നതാണ്. പിന്നെ സാധ്യതകളുടെ കാര്യം, അത് ഞാന്‍ താഴെ സൂചിപ്പിക്കുന്നുണ്ട്.

ഗിരിയുടെ വാദം : എന്‍റെ കയ്യില്‍‍‍ ഒരു ബക്കറ്റു വെള്ളമുണ്ട്. അത് നിങ്ങളുടെ കൈയ്യിലെ ഒരു ഗ്ലാസ്സു (Tumpler) വെള്ളത്തില്‍‍‍ കൊള്ളിക്കാനായില്ലെങ്കില്‍‍‍ അതു നിങ്ങളുടെ കുറവോ എന്‍റെ കുറ്റമോ?

ചില നിയമങ്ങള്‍ക്ക് അനുസരിച്ചാണ് മിക്കതും സംഭവിക്കുന്നത്. എന്നാല്‍ ജീവന്‍ എന്ന എന്‍റൈറ്റിയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നവയില്‍ സാധ്യതകള്‍ക്കും (അതിന്‍റെ തെരഞ്ഞെടുപ്പിനും) കൂടി സാംഗത്യമുണ്ട്. വേദനത്തിന്‍റെ വാതായനങ്ങള്‍ (Doors of Perception) എന്ന പേരില്‍ ആള്‍ഡസ് ഹക്സ്‌ലി പുസ്തകമെഴുതിയിട്ടുണ്ട്. നിയമം (പ്രകൃതിയുടേയും ജീവന്‍റേയും) അനുവദിച്ചു തരാത്ത വേദനങ്ങള്‍ Drugs ഉപയോഗിച്ചുകൊണ്ട് പിടിച്ചു വാങ്ങാനാവും എന്ന് തെളിയിക്കുന്ന പേപ്പറാണത്.

ഞാനൊരു ഗ്ലാസാണെങ്കില്‍ അത് എന്‍റെ മാത്രം കുറ്റമല്ല. ബക്കറ്റിലെ ഇത്ര വെള്ളം മാത്രമേ ഞാനാകുന്ന ഗ്ലാസ്സില്‍ കൊള്ളിക്കാനാവൂ എന്ന് പ്രകൃതിയും ജീവനും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ അല്ലറചില്ലറ തിരുമറികള്‍ (ഹക്സ്‌ലി നടത്തിയ പോലെ) നടത്താനേ എനിക്കു കഴിയൂ. അതിലും കൂടുതല്‍ വെള്ളം ഞാനാകുന്ന ഗ്ലാസ്സില്‍ കൊള്ളിക്കാന്‍ ശ്രമിച്ചാല്‍ ഗ്ലാസ്സ് ഉടയുകയേ ഉള്ളൂ. ഇനി ബീഥോവന്‍ ബക്കറ്റ് വെള്ളമാണെന്നും ഞാന്‍ ഗ്ലാസ്സ് ആണെന്നും പറയുന്നതില്‍ അയുക്തിയുണ്ട് എന്നു തോന്നുന്നു.

Submitted by giree on Fri, 2005-06-03 18:06.

ബെന്നീ, മുട്ടത്തുവര്‍ക്കി സം‌വാദം പ്രകൃതിയെയും ജീവനെയും കോടതി കയറ്റുന്നതു വരെ എത്തിയോ? എന്തായാലും യുക്തികള്‍ കൊണ്ട് കളിച്ച കളി എനിക്ക് ഇഷ്ടപ്പെട്ടു; ചില വിയോജിപ്പുകള്‍ ഉണ്ടെങ്കിലും. എന്‍റെ വിയോജിപ്പുകള്‍ അക്കമിടാതെ കുറിക്കട്ടെ.
ഈ പാവപ്പെട്ടവന്‍റെ വാദങ്ങളുടെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ച മുറയ്ക്കു തന്നെ കാര്യങ്ങള്‍ നീങ്ങട്ടെ.

ആശയവിനിമയത്തിന്‍റെ കാര്യത്തില്‍ സംഗീതാദി കലകള്‍ക്കും സാഹിത്യത്തിനും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടാനാണ് ആദ്യത്തെ ഉദാഹരണം ഉപയോഗിച്ചത്. അത് ബെന്നി പറയുന്ന മൂര്‍ത്തതാപ്രശ്നം തന്നെയാണ്. കണ്ടോ ഞ്ഞാന്‍ ഉദ്ദേശിച്ചത് എനിക്കു ശരിയായി വിനിമയം ചെയ്യാന്‍ ആയില്ല. അല്ലെങ്കില്‍, ശരിയായ അര്‍ത്ഥം അതു വായിച്ച ബെന്നിയിലേക്ക് എത്തിക്കാന്‍ ആ രചിത ഭാഗത്തിനായില്ല. കാര്യം നേരിട്ടു പറയാതെ ഉദാഹരിച്ചപ്പോള്‍ സംഭവിച്ചത് അതല്ലെ? അതുകൊണ്ടാണ് ഓരോ പ്രാവശ്യവും എഴുതുന്ന വാക്കുകള്‍ പ്രധാനമാണെന്ന് ഞ്ഞാന്‍ പറഞ്ഞത്. ഞ്ഞാന്‍ അതു മറ്റൊരു തരത്തില്‍ എഴുതിയിരുന്നെങ്കില്‍ ആശയത്തിനു കുറേക്കൂടി മൂര്‍ത്തതയുണ്ടായേനെ. എന്നെ ബെന്നി തെറ്റിദ്ധരിക്കുകയുമില്ലായിരുന്നു.

ഇവിടെയാണ് ബെന്നിയുടെ രണ്ടാമത്തെ വാദത്തില്‍ ഞാന്‍ കുഴപ്പം കാണുന്നത്. അതു ശരിക്കും ഒരു കു-യുക്തി തന്നെ! മുകളില്‍ പറഞ്ഞതു കാണുക. എഴുതിയതും ഉദ്ദേശിച്ചതും തമ്മിലുള്ള വ്യത്യാസം കാരണം ബെന്നിയ്ക്ക് ആശയം ഞാനുദ്ദേശിച്ച തരത്തില്‍ ലഭിക്കാതെ പോയില്ലെ? പക്ഷേ മറ്റൊരു തരത്തില്‍ അതു കൈമാറപ്പെടുകയും ചെയ്തു. ആദ്യത്തെ ഭാഗം എഴുത്തുകാരന്‍റെയും രണ്ടാം ഭാഗം വായനക്കാരന്‍റെയും ഭാഗത്തു നിന്നാണ് ചിന്തിക്കേണ്ടത്. വ്യക്തമാക്കാം.

എഴുതുമ്പോള്‍ ഞാന്‍ എന്ത് ഉദ്ദേശിച്ചു എന്നത് എന്‍റെ മാത്രം കാര്യമാണ്. വായിക്കുന്നവര്‍ക്ക് അത് ചിന്തിക്കേണ്ടതില്ല. കാരണം ഞാന്‍ അത് വെള്ളമടിച്ചാണോ വീട്ടില്‍ വഴക്കുണ്ടാക്കിയിട്ടാണോ എഴുതുന്നത്, കഫേയില്‍ പോയാണോ ഓഫീസില്‍ ഇരുന്നാണോ എഴുതുന്നത്, എന്നൊക്കെയുള്ള കാര്യങ്ങള്‍ വായനക്കാരനു പ്രശ്നമാണോ? പറയാനുള്ളത് ശരിയായി പറയാനാവാത്തത് എന്‍റെ തകരാറല്ലെ? വായനക്കാര്‍ വിലയിരുത്തുന്നത് അവര്‍ക്കു മുന്നില്‍ കിട്ടുന്ന രചിത രൂപത്തെ മാത്രമല്ലെ?

എഴുത്തും പകര്‍പ്പെഴുത്തും ഒക്കെ എഴുത്തുകാരന്‍റെ തലവേദനയാണ്. അത് വായനക്കാരന്‍ കണക്കിലെടുക്കണം എന്നു പറയുന്നത്, ഹാര്‍ഡ്‌വെയര്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നു പഠിച്ചിട്ടേ കമ്പ്യൂട്ടര്‍ ഉപയോഗിക്കൂ എന്നു ശഠിക്കും പോലെയാണ്. അതുകൊണ്ട് ഏതു സമയത്ത്, എവിടെവച്ച്, എന്തിന് ഒരാള്‍ പറഞ്ഞു എന്ന് ചുരുങ്ങിയപക്ഷം സാഹിത്യകാര്യത്തിലെങ്കിലും ആസ്വാദനത്തില്‍ അത്ര പ്രാധാന്യം ഉള്ളതായി തോന്നുന്നില്ല.

രചനയില്‍ ചില വാക്കുകള്‍ക്ക് പകരം‌വയ്ക്കാന്‍ ആവില്ലെന്നും പകര്‍പ്പെഴുത്തില്‍ ചിലതു മാറുകയും ചിലതു മാറാതെ നില്‍ക്കുകയും ചെയ്യുന്നുവെന്നും ഞാന്‍ പറഞ്ഞത്, എഴുത്തുകാരുടെ കാര്യം പറഞ്ഞപ്പോഴാണ് എന്നും ചൂണ്ടിക്കാട്ടട്ടെ. എഴുത്തുകാരന്‍റെ കുഴപ്പം സം‌വേദനത്തില്‍ മാറ്റം ഉണ്ടാക്കാം എന്ന് സൂചിപ്പിച്ചു പോകുകയായിരുന്നു അവിടെ. 'ഇന്നു ഭാഷയിതപൂര്‍ണ്ണമിങ്ങഹോ' എന്നു പാടിപ്പോകുന്നതും ചുമ്മായല്ല.

പിന്നെ മൂന്നാമത്തെ വാദം വളച്ചുകെട്ടിപ്പറയലാണ്. 'സൈക്കിള്‍‍ അഭ്യാസം തന്നെ ഒരു കലയാണ് ഗിരീ. വാക്കുകള്‍‍ കൊണ്ടുള്ള സൈക്കിള്‍‍ അഭ്യാസമാണ് സാഹിത്യം. കല എന്ന് നമ്മള്‍‍ വിളിക്കുന്നതൊക്കെയും ഒരുപരിധി വരെ, ശിക്ഷണം കൊണ്ട് നേടിയെടുക്കാവുന്നതാണ്. പിന്നെ സാധ്യതകളുടെ കാര്യം, അത് ഞാന്‍‍ താഴെ സൂചിപ്പിക്കുന്നുണ്ട്.' എന്നാണ് പറച്ചില്‍. ഇതില്‍ 'ഒരു പരിധി വരെ', 'പിന്നെ സാധ്യതകളുടെ കാര്യം, അത് ഞാന്‍‍ താഴെ സൂചിപ്പിക്കുന്നുണ്ട്' എന്നു രണ്ടു ഭാഗങ്ങള്‍ ഞാന്‍ പരിശോധനയ്ക്കെടുക്കട്ടെ.

'ഓപ്പറേഷന്‍ സുക്സസ്, ബട്ട് ദി പേഷ്യന്‍റ് ഡൈഡ്' എന്ന തമാശയിലെ 'ബട്ട്' ആണ് ആ 'ഒരു പരിധി വരെ' വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. ആ വാക്കില്‍ അടങ്ങുന്ന ഒരു പഴുതുണ്ടല്ലോ, അതു തന്നെയാണ് സൈക്കിള്‍ അഭ്യാസത്തില്‍ നിന്ന് കലയെ വേര്‍പ്പെടുത്തുന്നത്. വാസനയെന്നോ പ്രതിഭയെന്നോ അതിനെ പേരിട്ടു വിളിച്ചോളൂ. വാക്ക് ഏതായാലും ആശയം കിട്ടിയാല്‍ മതി. അപ്പൊ ഈ 'ഒരു പരിധി വരെ'യില്‍‍ ഉറച്ചു നില്‍‍ക്കുകയാണെങ്കില്‍‍ ഞാന്‍‍ ബെന്നിയോട് സുല്ലിടും. കാരണം എന്‍റെ ഉത്തരവും അതു തന്നെ.

പിന്നെ താഴെ പറയാമെന്നു വാഗ്ദനം ചെയ്ത സാധ്യതകളെപ്പറ്റി. ഹക്സ്‌ലിയുടെ ആശയം ഇവിടെ വായിച്ച് അറിഞ്ഞിടത്തോളം ഈ സാധ്യതയും മേല്‍‍ച്ചൊന്ന വാദത്തിലെ മറ്റൊരു 'ബട്ട്' ആണ്‍. (പുസ്തകം സജസ്റ്റു ചെയ്തതിനു നന്ദി ചേട്ടാ. ഞാനതു വായിക്കാം.) ഈ സാധ്യതാ വാദം തുടര്‍‍ന്നു പോയാല്‍‍ എഴുത്തുകാര്‍‍ ഈ സാധ്യതകള്‍‍ കൂടുതല്‍‍ ഉള്ളവരാണെന്നോ കൃത്രിമ ഉപാധി ഉപയോഗിച്ച് (വെള്ളമടിച്ചോ മരുന്നടിച്ചോ മറ്റോ) ഈ സാധ്യതകള്‍‍ ഉപയോഗിക്കുന്നവരാണെന്നോ പറഞ്ഞ് എത്തേണ്ടി വരും. അപ്പൊ പിന്നെ നമുക്കെല്ലാം വെള്ളമടിച്ച് കവിതയെഴുതാം (അങ്ങനെ എഴുതുന്നവരുണ്ടെന്നത് അച്ചെട്ട്). നമുക്കും ഒരു എഴുത്തച്ഛനോ ഡോസ്റ്റോവിസ്കിയോ ആവാം. നല്ല ഉപായം! (ആ വാദത്തിനോടു നൂറു ശതമാനം യോജിക്കുന്നില്ല എന്നു മാത്രം ഇതിന് അര്‍‍ത്ഥം).

ഏറ്റവും ഒടുവിലത്തേത് കുറച്ചു കഷ്ടമാണ്. എനിക്കു സം‌വേദനക്ഷമത കുറവാണ് എന്നത് തന്‍റെ കുറ്റമല്ല എന്നാണ് ചേട്ടായി പറയുന്നത്. യോജിക്കാതെ തരമില്ലല്ലൊ. ബീഥോവന്‍റെ സിംഫണി ആസ്വദിക്കാന്‍‍ ആവാത്തത് ആ കലയുടെ കുറ്റമല്ല എന്നാണ് ഗ്ലാസ്സ് ഉദാഹരണത്തിലൂടെ പറയാന്‍‍ ശ്രമിച്ചത്. അപ്പൊ ബെന്നി കലയെ വിട്ട് പ്രകൃതിയെ പിടിച്ചു! (ബീഥോവന്‍റെ സിംഫണി ആസ്വദിച്ചാലേ ജീവിക്കാനൊക്കൂ എന്നില്ലല്ലോ.) കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ആലോചിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം എന്നാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. അതിലപ്പുറം പറയാനും മാത്രം വിവരമില്ലതാനും.

Submitted by cachitea on Sat, 2005-06-04 11:46.

എഴുതിയതും ഉദ്ദേശിച്ചതും തമ്മിലുള്ള അന്തരം കണ്ട് ഗിരി അത്ഭുതപ്പെടുന്നു! ഞാനും ചിന്തിക്കുന്ന ഞാനും തമ്മിലുള്ള അന്തരം കണ്ട് കെ. പി. അപ്പനും! (പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലോ സമകാലിക മലയാളത്തിലോ കെ. പി. അപ്പന്‍ എഴുതിയ ലേഖനമാണ് ഞാനും ചിന്തിക്കുന്ന ഞാനും) പലപ്പോഴും നമ്മളും ചിന്തിക്കുന്ന നമ്മളും തമ്മിലുള്ള അകലം വളരെ അധികമാവും.

ആദ്യത്തേത് Existence ഉദ്ദേശിച്ചുള്ള എഴുത്താണ്. രണ്ടാമത്തേത് ആശയവിനിമയത്തിന്‍റെ കുഴപ്പമാണ്. രണ്ടും എഴുത്തുകാരന്‍റെ കുഴപ്പം തന്നെ. രണ്ടിലും എഴുത്തുകാരന്‍റെ ശരിക്കുള്ള സത്വം വായനക്കാരന് മനസ്സിലാവുന്നില്ല. ആദ്യത്തേതില്‍ സത്വം മറച്ചുവെക്കപ്പെടുന്നു. രണ്ടാമത്തേതില്‍ ആശയവിനിമയശേഷിയുടെ കുറവു കൊണ്ട് സത്വം മറഞ്ഞുപോവുന്നു.

എന്തായാലും ഹാര്‍ഡ്‌വെയറിനെപ്പറ്റി എഴുതിയത് നന്നായി. ഹാര്‍ഡ്‌വെയര്‍ അറിയാതെ തന്നെ ഒരാള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ നന്നായി ഉപയോഗിക്കാന്‍ ഹാര്‍ഡ്‌വെയറിനെപ്പറ്റിയുള്ള അറിവ് സഹായിക്കും എന്നുതന്നെയാണ് എന്‍റെ പക്ഷം.

എഴുത്തിന്‍റെ കാര്യത്തിലും ഇത് ശരിതന്നെ. മാര്‍ക്സ് അവതരിപ്പിച്ച മാര്‍ക്സിസം മാതൃകയാക്കിയത് ഇംഗ്ലണ്ടിലെ തൊഴിലാളികളെയാണ്. ഇതറിയാതെ പാഠം മാത്രം വായിച്ച് ലോകത്തെവിടെയും കമ്മ്യൂണിസം ഉണ്ടാക്കാം എന്ന് വിശ്വസിക്കുന്ന അനേകം പേര്‍ നമുക്കു മുമ്പിലുണ്ട്. കമ്മ്യൂണിസത്തെപ്പറ്റിയുള്ള ഹാര്‍ഡ്‌വെയര്‍ അറിവാണ് ഇവര്‍ക്കില്ലാത്തത്. - ഹാര്‍ഡ്‌വെയര്‍ അറിവും സോഫ്റ്റ്‌വെയര്‍ അറിവും ഇല്ലാത്ത പിണറായി വിജയനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ (?!) കാര്യമല്ല ഞാന്‍ പറയുന്നത്!

വാക്ക്, ശൈലി, വാക്യഘടന എന്നിവയെപ്പറ്റി ഗിരി പറഞ്ഞത് എനിക്ക് മനസ്സിലാകായ്കയല്ല. ഒരു വാക്ക്, ശൈലി, വാക്യഘടന എന്നിവ Intution പോലെ വരുന്നതാണ് എന്ന ചിന്ത കാല്‍പ്പനികത്വത്തിന്‍റെ സൃഷ്ടിയാണ്. വ്യക്തിയുടെ അവസ്ഥയ്ക്കനുസരിച്ചാണ് (ജീവിക്കുന്ന കാലഘട്ടം, സ്ഥലം, സമയം, സാഹചര്യം, മാനസികാവസ്ഥ - ഇനിയൊരു ഘടകം വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്) ഒരു വാക്കോ, ശൈലിയോ, വാക്യഘടനയോ ഉരുവാകുന്നത്. ഗിരിയുടെ വിശദീകരണത്തിന് പകരമായി ഞാന്‍ സമയ-കാല-ബോധം വെയ്ക്കുന്നു എന്നുമാത്രം.

ഇനി, ഒരുപരിധി വരെ എന്നത് ഞാന്‍ മനപ്പൂര്‍‌വ്വം ഉപയോഗിച്ചതാണ്. പ്രതിഭ എന്ന വാക്കിനെ ഞാന്‍ ഇതുവരെ എതിര്‍ത്തിട്ടില്ല. വേണമെങ്കില്‍ എന്‍റെ പഴയ പോസ്റ്റിംഗുകള്‍ പരിശോധിക്കാം. കലാകാരനു മാത്രമുള്ളതാണ് പ്രതിഭ എന്നു ഗിരി ശഠിക്കുന്നു. പ്രതിഭയുള്ളവന്‍ കലാകാരനെന്ന് ശിവനും. കലാകാരനും അപ്പുറത്താണ് പ്രതിഭയുടെ സ്ഥാനം.

പ്രതിഭയുള്ളവന്‍ നല്ല കലാകാരനാവും, നല്ല ശാസ്ത്രജ്ഞനാവും, നല്ല ടീച്ചറാവും...

സാധ്യതയെപ്പറ്റി - സാധ്യത എന്ന വാക്കുപയോഗിച്ചപ്പോള്‍ ഞാനൊരു ചിന്തകനെക്കൂടി പരിചയപ്പെടുത്തണമായിരുന്നു. - 1977ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം ലഭിച്ച ഇലിയാ പ്രിഗോഷിനെ. എന്‍‌ട്രോപ്പി(മലയാളമെന്ത്?)യെപ്പറ്റി ആധികാരികമായ ചില ചിന്തകള്‍ അവതരിപ്പിച്ച ശാസ്ത്രജ്ഞനാണിത്.

പ്രപഞ്ചത്തില്‍ ജീവന്‍ എങ്ങിനെയുണ്ടായി എന്ന് പ്രിഗോഷിന്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ജീവന്‍ എന്ന വ്യവസ്ഥ Entropy കൂടാതെ എങ്ങിനെ തുടര്‍ന്നു പോവുന്നു എന്ന് ആരായുന്നുണ്ട്. നിയമങ്ങള്‍, സാധ്യതകള്‍, പിന്നെ തെരഞ്ഞെടുപ്പുകള്‍ ഇതൊക്കെക്കൂടി ജീവന്‍ എന്ന വ്യവസ്ഥയെ Entropyയില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടുത്തുന്നു എന്ന പഠനമാണ് പ്രിഗോഷിന്‍റെ തിസീസുകള്‍.

വിശദീകരിക്കുകയാണെങ്കില്‍ -

ജോലി രാജിവെച്ച് ബിസിനസ്സ് തുടങ്ങാനായി ഞാന്‍ കേരളത്തിലേക്ക് വണ്ടി കയറുന്നു. തീവണ്ടി പ്രവര്‍ത്തിക്കുന്നത് ഇലക്ട്രിസിറ്റിയിലാണ്. എല്ലാം ശരിക്ക് നടക്കുകയാണെങ്കില്‍, തൃശ്ശൂരിലേക്ക് ടിക്കറ്റെടുത്ത ഞാന്‍ അവിടെയെത്തും (നിയമം‍). തീവണ്ടിയില്‍ വെച്ച് കോയമ്പത്തൂരുള്ള എന്‍റെയൊരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്നു കരുതുക (സാധ്യത). കോയമ്പത്തൂരിലുള്ള ടാറ്റാ കണ്‍‌സള്‍ട്ടന്‍‌സിയില്‍ അയാളെനിക്കൊരു വലിയ ജോലി ഓഫര്‍ ചെയ്യുന്നു. ബിസിനസ്സിനേക്കാള്‍ നല്ലത് ഈ ജോലി തന്നെ എന്നു കരുതി, ഞാന്‍ കോയമ്പത്തൂരില്‍ വണ്ടിയിറങ്ങുന്നു (തെരഞ്ഞെടുപ്പ്).

മറ്റുള്ള വ്യവസ്ഥകളെ അപേക്ഷിച്ച് ജീവനെന്ന വ്യവസ്ഥയ്ക്ക് തെരഞ്ഞെടുപ്പ് എന്നൊരു ആനുകൂല്യം ലഭിക്കുന്നുണ്ട്. "അതാണ് ജീവനെ പ്രപഞ്ച കേന്ദ്രമാക്കി മാറ്റുന്നതും. അതിങ്കല്‍ എങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തു കണ്ടു?" എന്ന കാല്‍പ്പനിക വിലാപത്തിന് നേരെ വിപരീതമാണ് ഈ ചിന്ത.

മരുന്നടിച്ചോ വെള്ളമടിച്ചോ നമുക്ക് എന്തും ചെയ്യാം. സാധ്യതകളില്‍ നിന്നുള്ള നമ്മുടെ തെരഞ്ഞെടുപ്പാണത്. ആള്‍ഡസ് ഹക്സ്‌ലി പറഞ്ഞത് സാധ്യതകളില്‍ നിന്ന് മനുഷ്യന് തെരഞ്ഞെടുക്കാവുന്നതിന്‍റെ പരിമിതിയെപ്പറ്റിയാണ്. ശരീരത്തിന് ലഹരി നല്‍കി കൂടുതല്‍ സാധ്യതകള്‍ തെരഞ്ഞെടുക്കാം എന്നാണ് ഹക്സ്‌ലി തെളിയിച്ചത്. അങ്ങിനെ ചെയ്യുന്നയാള്‍ ഫ്രോയിഡോ, മാര്‍ക്സോ ആവണമെന്നില്ല. അങ്ങിനെയെങ്കില്‍ ഞാന്‍ പണ്ടേ ദറീദയായേനെ!

കലയെ വിട്ട് ജീവനെപ്പിടിച്ചു എന്നാണ് ഗിരിക്ക് എന്നെപ്പറ്റിയുള്ള പരാതി. എനിക്കതില്‍ സന്തോഷമേയുള്ളൂ. സത്യത്തില്‍ കലയെവിട്ട് ജീവനെപ്പിടിക്കുക എന്നതായിരുന്നു എന്‍റെ Aim. ഗിരിയത് ശ്രദ്ധിച്ചതിന് നന്ദി.

Submitted by Sivan on Sun, 2005-06-05 13:31.

നാല്‍പതു വയസ്സായ മനുഷ്യരെയും ചിന്തകളെയും
വെടിവെച്ചു വീഴ്ത്തണമെന്നു
ഞാന്‍ പതിനഞ്ചു വര്‍ഷം മുന്‍പെഴുതി.
എനിക്കു നാല്‍പതാകാറായി
എന്നെ വെടിവെച്ചു വീഴ്ത്തരുത്‌.
എങ്ങനെ ജീവിക്കരുത്‌
എന്നതിനൊരു മാതൃകയായി
ജീവിക്കാനനുവദിക്കുക.
(സച്ചിദാനന്ദന്‍)
കാറപകടത്തിപ്പെട്ടു മരിച്ച
വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കേ,
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്‍.
(അയ്യപ്പന്‍)
കരുതുവതിഹ ചെയ്യവയ്യ,
ചെയ്യാന്‍ വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം, പരമഹിതമറിഞ്ഞു കൂടാ,
ആയുഃസ്ഥിരതയുമില്ല,അതിനിന്ദ്യമീ നരത്വം
(കുമാരനാശാന്‍)
കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാര്‍
(എഴുത്തച്ഛന്‍)
അനന്തമായ സമയമുള്ളത്‌ അള്ളാഹുവിന്റെ ഖജനാവില്‍ മാത്രം!
(ബഷീര്‍)
വെള്ളം, അവളുടെ യജമാനനെ കണ്ടു.
ചുവന്നു തുടുത്തു പോയി!
(ബൈറന്‍)
ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാന്‍ മധുരമാമൊരു കൂവല്‍ മാത്രം മതി
(പി പി രാമചന്ദ്രന്‍)
.... ഒക്കെ പ്രസ്താവനകളാണ്‌, കവിതയുമാണ്‌. എല്ലാ കവിതകളും പ്രസ്താവനകളാണ്‌ എന്നാല്‍ എല്ലാ പ്രസ്താവനകളും കവിതകളാവണമെന്നില്ല. വയുടെ അതിര്‍ രേഖകളെക്കുറിച്ച്‌ ബെന്നി ചിന്തിക്കുന്നുണ്ടല്ലോ. അതു മതിയാകും. എല്ലാ ചോദ്യങ്ങള്‍ക്കും
ഉത്തരം ആവശ്യമില്ല. ചിലതൊക്കെ സ്വയം കണ്ടെത്തേണ്ടതാണ്‌. അന്നു നമുക്ക്‌ പുതിയ ത്രെഡ്‌ തുടങ്ങാം. ഇതിന്റെ വലിപ്പത്തെക്കുറിച്ച്‌ താങ്കള്‍ക്കു തന്നെ യായിരുന്നല്ലോ വലിയ ഉത്കണ്ഠ.
കാല്‍പ്പനികത ('മനം നോക്കി' എന്നു കേസരി.) ബെന്നി വിചാരിക്കുമ്പോലെ ഒരു ചീത്തകാര്യമേയല്ല. ആധുനികതയുടെ തുടക്കത്തില്‍ തന്തമാരെ ചീത്ത പറയുക എന്ന പതിവനുസരിച്ച്‌ അതിന്റെ അതിവൈകാരികതയില്‍ പിടിച്ച്‌ ചവുട്ടിയിരുന്നു. ഇന്നിപ്പോള്‍ ഉത്താരധുനികതയുടെ കാലത്ത്‌ ആധുനികതയെ ചീത്ത പറയും പോലെ. പക്ഷേ കാല്‍പനികത ഒറ്റ മുഖം മാത്രമുള്ള ക്ഷേത്രമായിരുന്നില്ല. അതു നിലനില്‍ക്കുന്നു. സാധാരണ സംഭാഷണത്തില്‍ റൊമാന്റിക്‌ എന്നു പറഞ്ഞുക്കളയും പോലെയല്ല സംഭവങ്ങളൂടെ കിടപ്പ്‌.
ദൈവത്തെ എഴുന്നള്ളിക്കുന്നതു കൊണ്ട്‌ ആന ചെയ്യുന്നത്‌ ഒരു പുണ്യ പ്രവര്‍ത്തിയാണ്‌. പക്ഷേ ആരുടെ ദൈവം? അതുപോലെ ജീവനാണ്‌ പ്രാധാന്യം കലയ്ക്കല്ല (കല ജീവിതം തന്നെ എന്നു തലക്കെട്ടിട്ടു ഒരു പുസ്തകത്തിനൂ, കുട്ടികൃഷ്ണ മാരാര്‌), പക്ഷേ ആരുടെ ജീവന്‍? എല്ലാറ്റിന്റെയും? എങ്കിലും ജീവനാണ്‌, അതു പ്രധാനപ്പെട്ടതാണെന്നു നിവേദിക്കപ്പെടണമല്ലോ? അതു കല ചെയ്യുന്നുണ്ട്‌.
പ്രിഗോഷിനു മുന്‍പ്‌ തെരഞ്ഞെടുപ്പിനെപ്പറ്റി സാത്ര് പറഞ്ഞിരുന്നു. തെരെഞ്ഞെടുപ്പിന്റെ അനന്ത സാധ്യതകള്‍ മുന്‍പിലുള്ളതിനാല്‍ 'സ്വതന്ത്രനാകാന്‍
മനുഷ്യന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച്‌'. വ്യത്യാസം വ്യക്തമാണല്ലോ.

നിര്‍ത്തുന്നു.
'ഒഴിവുകഴിവുകളുടെ പച്ച വിറകിന്മേല്‍ നമ്മുടെ ശവദാഹം' (കെ ജി ശങ്കരപ്പിള്ള)
എന്നിട്ടും ഇതൊരു ഒത്തുകളിയാണെന്നു ഗിരി പറയുന്നത്‌ ഏതര്‍ത്ഥത്തിലാണാവോ?
'കഥ മതി നിര്‍ത്തുന്നു ഞാന്‍,
ഇടവേള വേണ്ടേ, മഹത്തായ ജീവിത വൃത്തിയില്‍! (കടമ്മനിട്ട)