തര്‍ജ്ജനി

മലയാളംകാര്‍

എല്ലാവര്‍ക്കും അനായാസം മലയാളം കമ്പ്യൂട്ടറിലൂടെ കൈകാര്യം ചെയ്യാനാവുമ്പോഴേ സംവാദ വേദി സാര്‍ത്ഥകമാവുകയുള്ളൂ. എം പി നാരായനപിള്ളയ്ക്ക്‌ അങ്ങനെയൊരു സ്വപ്നം ഉണ്ടായിരുന്നു.വി പി ശിവകുമാര്‍ സാര്‍ ഇറുകിയ പാന്റ്സും എംബ്രോയിഡറി ജുബ്ബയും എണ്ണ തേയ്യ്ച്ചു പറ്റിച്ച മുടിയുമായി നടക്കുന്ന മലയാളം എം എ കാരെ കണക്കിനു ഉപദേശിച്ചിരുന്നു. അന്‍പതു വര്‍ഷം പിന്നിലേയ്ക്കു പോകാതെ പത്തു വര്‍ഷം മുന്നില്‍ നടക്കാന്‍. ആഗോള മലയാളി ടെക്നോളജിയെ ആശ്രയിക്കാന്‍ പിന്നിലായതെന്തുകൊണ്ട്‌?
എങ്കിലും നമുക്ക്‌ ആശിക്കാമല്ലേ?

Submitted by hari on Wed, 2005-05-04 04:23.

ശിവന്‍ പറഞ്ഞത്‌ ശരിയാണ്‌. പിന്നെ ജനത്തിന്‌ മലയാളം വേണം എന്ന തോന്നലും വേണം. ഇവിടം ഇങ്ങനെ നിശ്ശബ്ദവും ശൂന്യവും ആയിക്കിടക്കുന്നതു കാണുമ്പോള്‍ ദുഃഖം തോന്നുന്നു. ടെക്നോളജി ഉപയോഗിക്കാന്‍ അറിയുന്ന മലയാളിയ്ക്ക്‌ സാഹിത്യത്തിലും സംവാദങ്ങളിലുമൊന്നും താല്‍പര്യമില്ലല്ലോ...

Submitted by viswam on Mon, 2005-08-01 05:46.
hari wrote:
പിന്നെ ജനത്തിന്‌ മലയാളം വേണം എന്ന തോന്നലും വേണം. ഇവിടം ഇങ്ങനെ നിശ്ശബ്ദവും ശൂന്യവും ആയിക്കിടക്കുന്നതു കാണുമ്പോൾ‍ ദുഃഖം തോന്നുന്നു. ടെക്നോളജി ഉപയോഗിക്കാൻ‍ അറിയുന്ന മലയാളിയ്ക്ക്‌ സാഹിത്യത്തിലും സംവാദങ്ങളിലുമൊന്നും താൽ‍പര്യമില്ലല്ലോ...

അങ്ങനെ പറഞ്ഞുകൂടാ ഹരീ,
ടെക്നോളജി അറിയുന്നവനു ഭാഷയിലും സമൂഹത്തിലും താല്പര്യമില്ലാഞ്ഞല്ല പലപ്പോഴും.
നമ്മുടെ ചുറ്റുപാടുകളിൽ ഈയിടെയായി വിജയത്തിന്റെ ലക്ഷണം ഡോക്റ്ററോ എഞ്ചിനീയറോ ആയിത്തീരലാണ്. അങ്ങനെയാണ് കൂട്ടത്തിലെ മിടുക്കന്മാരൊക്കെ (ക്രിയാത്മകതയുള്ളവരൊക്കെ) സ്ക്രൂഡ്രൈവറും കത്രികയും പിടിക്കേണ്ടി വരുന്നത്.
വാസ്തവത്തിൽ ഏറ്റവും പ്രതിഭയുള്ളവരായിരുന്നു ഭാഷയും സാഹിത്യവും സാമൂഹ്യശാസ്ത്രവും ധനതത്വശാസ്ത്രവും രാഷ്ട്രീയവും മറ്റും പഠിക്കാനും പയറ്റാനും പോകേണ്ടിയിരുന്നത്. പക്ഷേ നാട്ടുകാർ പൊറുപ്പിക്കില്ല.

കൂട്ടിൽനിന്നും പുറത്തുചാടി ഒട്ടൊരു അപമാനം പോലും സഹിച്ചുകൊണ്ട് നഗരകാന്താരങ്ങളിലലയുന്ന നമ്മുടെ മിടുക്കൻപ്രജകൾക്കുള്ളിലെവിടൊക്കെയോ ഒരിക്കലുമെഴുതാനാവാഞ്ഞ മഹാകാവ്യങ്ങളുടേയും ഒരിക്കലുമാവേശിക്കാനാവാഞ്ഞ രാജ്യതന്ത്രങ്ങളുടേയും മറ്റും മറ്റും ബീജങ്ങൾ ഉണങ്ങിക്കരിഞ്ഞു കിടപ്പുണ്ട്. അവയ്ക്കു ചുറ്റും നിഷ്പ്രയോജനമായി അടിഞ്ഞുകിടക്കുന്നു വളക്കൂറുള്ള അവരുടെ പുത്തൻ അനുഭവങ്ങളും.

(മിടുക്കന്മാരൊക്കെ ഡോക്റ്ററും എഞ്ചിനീയറും ആയെന്നോ അങ്ങനെയാവാത്തവരൊന്നും മിടുക്കന്മാരല്ലെന്നുമോ അടച്ചുപറഞ്ഞെന്നു തെറ്റിദ്ധരിക്കല്ലേ. തീർച്ചയായും അങ്ങനെയല്ല. ഒരു പൊതുപ്രവണത - സാദ്ധ്യമാനം- ഉണ്ടെന്നേ അർത്ഥമാക്കിയുള്ളൂ.)

പിന്നെ മറ്റൊന്ന്- മറ്റേതൊരു ഇന്ത്യൻ സമൂഹത്തേക്കാളും ബൃഹത്തായ ഒരു സംസ്കാരസംക്രമണമാണ് ഇപ്പോൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കുത്തൊഴുക്കൊടുങ്ങി ഇടനാട്ടിലെത്തുമ്പോൾ ഇതെങ്ങിനെയാണു പരന്നൊഴുകാൻ പോകുന്നതെന്ന് ഇപ്പോളറിയില്ല. ഒരു പക്ഷേ ഫിലിപ്പൈൻസ് പോലെയോ മെക്സിക്കോ പോലെയോ ഒരിക്കലും പിന്നോട്ടു തിരിഞ്ഞുനോക്കാൻ പോലുമാകാതെ നാം മാറിപ്പോയേക്കാം. മണ്മറിഞ്ഞ സംസ്കൃതികളിലൊന്നായി മലയാണ്മയും മരിച്ചേക്കാം.
നിരാശയോടെ നോക്കിനിൽക്കാനേ ഒരു പക്ഷേ നമുക്കൊക്കെയാവൂ.
(അന്നു നാം തന്നെ നമ്മളിലെ aboriginals-നെ ആദിവാസികൾ എന്നു വിളിക്കും!).

വാസ്തവത്തിൽ വളരെയൊന്നും ആളുകൾ ഇവിടെ കയറിയിറങ്ങാത്തതും നന്നെന്നു തോന്നും പലപ്പോഴും. ഒരു ദേവാലയം പോലെയോ യൂണിവേഴ്സിറ്റി ലൈബ്രറി പോലെയോ ഇവിടെയെങ്കിലും ഇങ്ങനെ വൃത്തിയായി കിടക്കുന്നുണ്ടല്ലോ എന്ന സമാധാനം!

പിന്നൊരിക്കൽ അഥവാ വരാൻ പോകുന്ന കൊച്ചുപിള്ളേർക്ക് കാണിച്ചുകൊടുക്കാൻ സാമ്പിളായി ഇതുപോലെ ഇനി എത്ര സ്ഥലം ബാക്കിയുണ്ട്?

Submitted by hari on Mon, 2005-08-01 07:42.

സ്വാഗതം വിശ്വം... താൻകൾ പറഞ്ഞതെത്ര വാസ്തവമാണ്. ഞാനപ്പോൾ ഒരു ആവേശത്തിൻ എഴുതിപ്പോയതായിരുന്നു. സിബുവും വിശ്വവുമൊക്കെ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്.

ഒരുപാടാളുകൾ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അറിയാം. നാമൊക്കെ നല്ല വൃത്തിയായി ഇവിടം സൂക്ഷിച്ചാൽ വരുന്നവരും അതു പിന്തുടരുമെന്നു പ്രതീക്ഷിക്കാം....