തര്‍ജ്ജനി

എന്‍റെ ഭാഷയെ തിരിച്ചു തരിക

(എഴുത്തച്ഛന്‍ പുരസ്കാരം ഏറ്‍റുവാങ്ങി മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഒ.വി.വിജയന്‍ കൈപ്പടയില്‍ എഴുതി എം.ജി.ശശിഭൂഷണ്‍ വായിച്ച മറുപടി. പാര്‍ക്കിന്‍സണ്‍ രോഗം തളര്‍ത്തിയ ശേഷം വിജയന്‍ പങ്കെടുത്ത പ്രധാന പൊതു ചടങ്ങിലൊന്നായിരുന്നു അത്. 2002 ഡിസംബര്‍ ഏഴിന് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്‍റ്‍റണിയില്‍ നിന്നും പുരസ്കാരം വാങ്ങാനായി വിജയനെത്തിയത് ഭാര്യ ഡോ തരേസയോടൊപ്പമാണ്.)

ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു പരുക്കന്‍ ഫലിതമാണെന്ന തെറ്‍റിദ്ധാരണ അവശേഷിച്ചെന്നു വരാം. എങ്കിലും ഞാന്‍ അതുപറയട്ടെ. ഈ പുരസ്കാരത്തിന്‍റെ പേരു പേറുന്ന മഹാസാന്നിദ്ധ്യത്തിന്‍റെ മറ പിടിച്ചിട്ട്.

നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്‍റൊരു തരത്തില്‍. നൂറ്‍റാണ്ടുകളിലൂടെ കൊച്ചുളികളും ചെറുചുറ്‍റികകളും അലസമായി പണി ചെയ്യുന്നു. വലിയ സന്ദേഹങ്ങളില്ലാതെ. സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്‍റെ മാറ്‍റ് മനസിലാകാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.

ശബ്ദപാളികള്‍ ആഹ്ളാദത്തിന്‍റെ ശക്തിയില്‍, അടര്‍ന്ന് ഘനതലങ്ങളില്‍ പതിക്കുംപോഴാണ് സാഹിതി ഉടലെടുക്കുന്നത്. ഈ ശബ്ദപാളികള്‍ ഇന്ന് ദുര്‍ബലങ്ങളാണ്. അവയുടെ ഭൌതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്. തുള വീണ ഭാഷ! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം. തുളവീണ ഭാഷയില്‍ ചിന്തിച്ച് അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്ദിച്ച്, വികലമായ ഇങ്കരിയസ്സിന്‍റെ കോമാളിമാലകളണിഞ്ഞ് ഗള്‍ഫന്‍ മണലില്‍ മുഖം നഷ്ടപ്പെടുംപോള്‍ അപമാനത്തിന്‍റെ തൃപ്തി ചക്രം പൂര്‍ത്തിയാകുന്നു.

എന്‍റെ കുട്ടിക്കാലത്ത് ഒരു ഭാഷയുണ്ടായിരുന്നു. അത് ആകാശങ്ങളിലെ ദ്രാവിഡമായിരുന്നു. സുഖാലസ്യങ്ങളില്‍ പുലരാന്‍ കാത്തു കിടന്ന കുട്ടികളെ ഈ ദ്രാവിഡം തൊട്ടുവിളിച്ചു. കൂടെ ഏതോ ആദിസംസ്കാരത്തിന്‍റെ സരളതാളങ്ങളും. കുട്ടി പുലരിപൊട്ടുന്നത് അറിയുന്നുവോ? അറിയുന്നു. തന്നിലേക്കു തന്നെ ഉള്‍വലിയുന്ന ശരീരത്തിന്‍റെ അമൃതാലസ്യമാണിത്. ആവതും നുണയൂ. ഉഷ:സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു. തന്നോടു സംസാരിച്ച ഗംഭീരസ്വരം എന്താണ്?

ഏതോ സഹസ്രിമയുടെ വിരല്‍ത്താളം, കരിമ്പനപ്പട്ടകളില്‍ കാറ്‍റുപിടിക്കുന്നതിന്‍റെ ശബ്ദമാണത്. ചുരം കടന്ന് പാലക്കാട്ടേക്ക് വീശുന്ന കിഴക്കന്‍ കാറ്‍റ്. ഇന്ന് കിഴക്കന്‍ കാറ്‍റില്ല. കരിംപനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്‍റെ ഭാഷയുടെ സ്ഥായം വകം കൊട്ടിടയങ്ങുന്നു. എന്‍റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്കു നീങ്ങുന്നു. എനിക്ക് എന്‍റെ ഭാഷയെ തിരിച്ചു തരിക.

(ഇതിഹാസകാരന് വെബ്‌ലോകം ചെയ്യുന്ന ഉദകക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ചത് - ബെന്നി)

Submitted by Sivan on Mon, 2005-05-02 22:58.

ഡോസ്റ്റോവ്സ്കിയും ടോള്‍സ്റ്റോയിയുമാണ്‌ ലോകമെമ്പാടുമുള്ള വായനാസമൂഹത്തെ കൊണ്ട്‌ റഷ്യനിലേയ്ക്കു നോക്കിച്ചത്‌. സ്പാനിഷിലെഴുതിയാണ്‌ മാര്‍ക്വേസ്‌ മലയാളിയായ സാഹിത്യകാരനായത്‌. അച്ബേയും സെങ്ഘോറും സ്വാഹിലിയില്‍ എഴുതാന്‍ തീരുമാനിച്ചത്‌. അങ്ങനെയൊരുഭാഷയുണ്ടെന്നു ലോകത്തെ അറിയിക്കാന്‍ മാത്രമല്ല. തങ്ങളുടെ സ്വത്വം നിര്‍ണ്ണയിക്കുന്നതില്‍ ഭാഷയ്ക്കുള്ള പ്രാധാന്യം തീവ്രമായി തിരിച്ചറിഞ്ഞതുകൊണ്ടാണ്‌. മരണം ഉറപ്പായ യിദ്ദിഷുഭാഷയില്‍ എഴുതികൊണ്ടാണ്‌ ഐസക്‌ ബാഷെവിസ്‌ സിംഗര്‍ 'ഇരുപതാം നൂറ്റാണ്ടിന്റെ വിളക്കുമരങ്ങളില്‍' ഒന്നായത്‌. ഇത്രയും പറഞ്ഞത്‌ നല്ല എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമാണ്‌ ഒരു ഭാഷയുടെ അസ്തിവാരം എന്നു പറയാനാണ്‌. ലോകത്തെകൊണ്ട്‌ ആ ഭാഷയിലേയ്ക്കു നോക്കിക്കാന്‍ മാത്രമല്ല, ഭാഷയുടെ പേരില്‍ ജനതയ്ക്കു അഭിമാനിക്കാന്‍ എന്തങ്കിലുമൊക്കെ വേണമല്ലോ. ഇത്തരം പ്രഭവങ്ങളില്‍ നിന്നാണ്‌ ഭാഷാഭിമാനത്തിന്റെ സ്രോതസ്സുകള്‍ ഒഴുകിതുടങ്ങുന്നത്‌. അതില്ലാതെ വരുമ്പോഴാണ്‌ കുടിവെള്ളം മുട്ടി നമ്മുടെ കുട്ടികള്‍ മറ്റു ഭാഷകളെ പിഴിഞ്ഞു തുടങ്ങുന്നത്‌. ടാഗോര്‍, വിവേകാനന്ദന്‍, അമര്‍ത്യസെന്‍, ഐശ്വര്യാ റായ്‌ എന്നൊക്കെ ബംഗാളികള്‍ ഊറ്റം കൊള്ളുന്നതു കണ്ടിട്ടുണ്ട്‌. ജാതിയും മതവുമൊന്നുമല്ല, ഭാഷതന്നെ. തമിഴന്റെ ഭാഷാപ്രണയത്തിന്‌ ഈയൊരഹങ്കാരമല്ല, അതു കുറച്ചു കൂടി താഴേതട്ടില്‍ നിന്നുള്ളതാണ്‌. അവന്റെ/അവളുടെ പരിമിതവൃത്തത്തിലേയ്ക്കു ലോകത്തെ ചുരുക്കിയെഴുതാന്‍ വെമ്പിയതിന്റെ പരിണതഫലമാണത്‌. ശരിയോ തെറ്റോ? ദ്രാ‍വിഡകഴകക്കാര്‍ ഹിന്ദി പഠിക്കാന്‍ സമ്മതിക്കാതെ തമിഴനെ പ്രാദേശികമായി തളച്ചിടുകയായിരുന്നു എന്നൊരു പുലയാട്ട്‌ പുതിയ തമിഴകത്തിന്റെ പ്രതിനിധി പറഞ്ഞതോര്‍ക്കുന്നു. ഖുശി, ദില്‍, മുംബായ്‌ എക്സ്പ്രസ്സ്‌ എന്നൊക്കെയുള്ള സിനിമാപേരുകളും അവയുടെ പേരിലുള്ള വഴക്കുകളും ചേരിതിരിവിനുള്ള (സവര്‍ണ്ണ - ദലിത്‌ രാഷ്ട്രീയം വേറെ) മറ്റ്‌ ഉദാഹരണങ്ങള്‍.

മലയാളത്തെപ്പറ്റി പറഞ്ഞ്‌ ഊറ്റം കൊള്ളാന്‍ കഴിഞ്ഞ തലമുറ എന്താണു 'ചോരതുടിക്കും ചെറുകൈയുകള്‍ക്കു' നല്‍കിയത്‌? കൂടിയാട്ടത്തെ യുനസ്കോ അംഗീകരിച്ചു. (അതു കൂടുതലും സംസാരിക്കുന്നത്‌ സംസ്കൃതമാണ്‌)കട്ടികൂടിയ മേക്കപ്പിനു കഥകളി ഗിന്നസ്സില്‍ കയറിപ്പറ്റി. ഏറ്റവും അധികം ടീമംഗങ്ങള്‍ പങ്കെടുക്കുന്ന സ്പോര്‍ട്ടാണ്‌ വള്ളംകളി. തൃശ്ശൂര്‍ പൂരമേളം ഏറ്റവും വലിയ സിംഫണിയും സംസ്ഥാന യുവജനോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവവുമാണ്‌.(പങ്കെടുക്കുന്നവരുടെ തലയെണ്ണം നോക്കിയാല്‍ മാത്രം) അഞ്ജുവും ബീനമോളും സാധാരണക്കാരല്ല (എങ്കിലും എന്റെ ഒളിമ്പിക്സേ!) മതിയോ? സിദ്ധാന്തങ്ങള്‍ സാഹിത്യത്തിലായാലും ശാസ്ത്രത്തിലായാലും ഇപ്പോഴും പുറത്തു നിന്നു തന്നെ വരണം. പുതിയ സാഹിത്യമാതൃകകള്‍ എല്ലാം മലയാളിയുടെ വിപുലമായ വായനാ പരിചയത്തില്‍ നിന്നും സിദ്ധിച്ചവ. പുരോഗമനപരം എന്നു പറഞ്ഞ്‌ നമ്മുടെ ബുദ്ധിജീവികള്‍ കൊണ്ടു നടക്കുന്ന രാഷ്ട്രീയം പോലും യുറോ കേന്ദ്രിത നവോത്ഥാനത്തിന്റെ പരിണത ഫലങ്ങള്‍. ഗള്‍ഫില്‍ കൂടുതല്‍ മലയാളികളാണെന്നുള്ളതും അമേരിക്ക, യൂറോപ്പ്‌ പ്രവിശ്യകളിലെ കമ്പ്യൂട്ടര്‍, മെഡിക്കല്‍ മേലകളില്‍ ഏറിയ പങ്ക്‌ മലയാളികള്‍ ഉണ്ടെന്നുള്ളതും അപകൃഷ്ടമായ പൊങ്ങച്ചമാണ്‌. അതുകൊണ്ട്‌ അതു വരവു വയ്ക്കണ്ട, മലയാളിയുടെ നാള്‍വഴിക്കണക്കില്‍. അരുന്ധതി റോയിയുടെയും ശശി തരൂരിന്റെയും പേരില്‍ അഭിമാനം അത്ര നല്ലതല്ല എന്നു തോന്നുന്നു. ഏതു സമയം വേണമെങ്കിലും അവര്‍ മലയാളികളല്ല എന്ന പ്രസ്താവന നല്‍കിക്കളയും. നമ്മുടെ പുതിയ പയ്യന്‍സുകളെ(പയ്യാനികളെയും) പോലെ.

അറിവിന്റെ വാഹകം മലയാളം അല്ലാതായിട്ട്‌ കാലം കുറേയായി. പാവം പ്രൈമറി വാധ്യാന്മാര്‍ സ്കൂളുകളെ ഇംഗ്ലീഷ്‌ മീഡിയമാക്കാന്‍ പെടാപ്പാടുപെടുന്നതു നോക്കുക. അല്ലെങ്കില്‍ ഇംഗ്ലീഷറിയാത്ത മലയാളി അച്‌'നമ്മമാര്‍ പിള്ളാരെ കടം വാങ്ങി ഇന്റെര്‍നാഷണല്‍ സ്കൂളുകളില്‍ കൊണ്ടു ചേര്‍ത്തുകളയും.(പലിശകേറി കഴുത്തറ്റം മുങ്ങുമ്പോള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാമല്ലോ! അഭിമാനം അങ്ങനെ മരണത്തിലും സംരക്ഷിക്കാം) അറിയാവുന്ന ഭാഷയില്‍ പഠിക്കാനും പഠിപ്പിക്കാനുമല്ല ശ്രമം. അറിഞ്ഞുകൂടാത്തഭാഷയില്‍ കുട്ടികളെ കൊണ്ടു സംസാരിപ്പിക്കാനാണ്‌. (ഗള്‍ഫു പണത്തിനു ഈ മനോഭാവത്തിലുള്ള പങ്കിനെപ്പറ്റി മറ്റൊരു ഗവേഷണം ആവശ്യമാണ്‌) എല്ലാം തരികിട. തരികിട എന്നറിഞ്ഞുകൊണ്ടു തന്നെയുള്ള തരികിട.

മലയാളിയുടെ ഭാഷാപരമായ ഉദാസീനതയ്ക്കു കാരണങ്ങളുണ്ട്‌. സ്വത്വത്തെക്കുറിച്ചും, ലോകഭൂപടത്തില്‍ തന്നെ എങ്ങനെ അടയാളപ്പെടുത്തും എന്നതിനെക്കുറിച്ചുമൊന്നും സ്വയമൊരു കയറ്റുമതിച്ചരക്കായി വിമാനം കയറാന്‍ കാത്തിരിക്കുന്ന മലയാളി യുവത്വമോ അവനെ/അവളെ യാത്രയാക്കാന്‍ തരിച്ചിരിക്കുന്ന പൊതു സമൂഹത്തിനോ വേവലാതി ഉണ്ടാകേണ്ട കാര്യമില്ല. അതിജീവനവും അന്തസ്സുമാണ്‌, അതിനേക്കാള്‍, പുറം പകിട്ടുമാണ്‌ എല്ലാവര്‍ക്കും വലുത്‌. നമുക്കും.

തര്‍ജ്ജനിയിലെ ആമുക്കുറിപ്പില്‍ പറഞ്ഞതുപോലെ എട്ടു ചാനലുകള്‍ മലയാളത്തില്‍ വന്നതിനെക്കുറിച്ച്‌ ഭയപ്പെടാനൊന്നുമില്ല എന്നര്‍ത്ഥം. മറിച്ച്‌ ആശ്വസിക്കാന്‍ അല്‍പം ഉണ്ടുതാനും. കാരണം അവയിലേതെങ്കിലുമൊക്കെ, ഈ മൂന്നരക്കോടികളില്‍ ചിലരെങ്കിലും കാണുന്നുണ്ട്‌ എന്നാണല്ലോ അവ പ്രസരിപ്പിക്കുന്ന വാസ്തവം. അത്രത്തോളം കാലം, അതു കഴിഞ്ഞ്‌ 'ഹാലോ' പോലെ കുറേക്കാലവും കൂടി, നശിച്ചു, നശിച്ചു എന്നു പറഞ്ഞ്‌ നാം ഒപ്പാരി പാടിതുടങ്ങിയ മലയാളം നിലനിന്നേ മതിയാവൂ. സങ്കര,വെങ്കല ഭാഷയാണെങ്കില്‍ കൂടി അവ പ്രക്ഷേപിക്കുന്നതും അവ അറിയപ്പെടുന്നതും മലയാളം എന്നു തന്നെയാണല്ലോ.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, വിജയന്‍ ആരോടാണ്‌ ഭാഷയെ തിരിച്ചുതരാന്‍ ആവശ്യപ്പെടുന്നത്‌?

- ശിവന്‍

Submitted by hari on Wed, 2005-05-04 04:30.

ശിവനേ....ഈ ഉദാസീനത പാടില്ല. സങ്കര-വെങ്കല ഭാഷകള്‍ മലയാളമെന്ന് അറിയപ്പെടുന്നതില്‍പ്പരം അപകടം വേറെയില്ല. ഇത്തരം ഉദാസീനതകളാണ്‌ മലയാളിയ്ക്ക്‌ ഭാഷയും സ്വന്തം നാട്ടില്‍ ഒരു ജീവിതം തന്നെയും നഷ്ടപ്പെടുത്തിയത്‌. കടല്‍ കടന്നാല്‍ മലയാളി കേമനാണല്ലോ...അവിടെ മലയാളം കൊണ്ട്‌ എന്ത്‌ പ്രയോജനം എന്നതും ഒരു പ്രധാന കാരണം തന്നെ. ഇപ്പോള്‍ കേരളത്തിനുള്ളിലും മലയാളം കൊണ്ട്‌ വലിയ കാര്യമൊന്നുമില്ല.

പക്ഷേ എന്തു കൊണ്ട്‌ ജനത്തിന്‌ അന്തസ്സും പുറംപകിട്ടും പ്രധാനമായി മാറുന്നു? ആരാണ്‌ ആ മാറ്റത്തിന്‌ കാരണക്കാര്‍? നമ്മുടെ ദിശാബോധമില്ലാത്ത വിദ്യാഭ്യാസം ആണോ ഉത്തരവാദി?