തര്‍ജ്ജനി

ക്രിക്കറ്റ് വിരോധവും ഇന്ത്യന്‍ പൌരത്വവും

അത്യാവശ്യം പ്രസിദ്ധ നിരൂപകനായ പി. കെ. രാജശേഖരന്‍ ക്രിക്കറ്റിനെപ്പറ്റി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഓര്‍മ്മയില്‍ നിന്ന് എഴുതുകയാണ്. (കൃഷ്ണന്‍ നായര്‍ ശൈലിയില്‍ ഒരു കാച്ച് കാച്ചിയതാണേ!) ഡി സി ബുക്ക്‌സാണ് അത് പ്രസിദ്ധീകരിച്ചത്. പുസ്തകം എന്‍റെ നാട്ടിലെ അലമാരയില്‍ ഇരിപ്പുണ്ട്. എന്നാല്‍ ഇതുവരെയും ഞാനത് വായിച്ചിട്ടില്ല - എന്തിന് കയ്യിലെടുത്ത് ഒന്നു മറിച്ചു നോക്കിയിട്ടുമില്ല.

ഒ. വി. വിജയനെപ്പറ്റി എഴുതിയ പിതൃഘടികാരം വായിച്ചതു മുതല്‍‍ പി. കെ. രാജശേഖരന്‍റെ ഒരു സൃഷ്ടിയും ഞാന്‍ വിടാറില്ല. എന്നാല്‍ ഈ പുസ്തകം (ഡി സി അതിന്‍റെ മൂന്നും നാലും പതിപ്പുകള്‍ ഇറക്കിയെന്നു തൊന്നുന്നു.) ഞാന്‍ തൊട്ടു നോക്കാത്തത് എന്തുകൊണ്ടാണ് എന്നറിയാന്‍ എനിക്കും കൌതുകമുണ്ട്. അതു പരിശോധിക്കുകയാണ് ഇവിടെ.

അപ്പാപ്പനും അപ്പനുമെല്ലാം നാട്ടിലെ വലിയ ഫുട്‌ബോള്‍ ആരാധകരായിരുന്നു. ലോകകപ്പ് നടക്കുമ്പോള്‍ ടിവിയില്‍ കളി കാണാനായി ഫുട്‌ബോള്‍ ആരാധകര്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നത് എനിക്കോര്‍മ്മയുണ്ട്. കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ കളിയുടെ വിശകലനം നടത്തുന്ന അപ്പനുവേണ്ടിയാണ് ഇവരൊക്കെ വീട്ടില്‍ വരുന്നത്. കളി മുറുകുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അമ്മ കട്ടന്‍ ചായ ഉണ്ടാക്കിക്കൊടുക്കും. ലോകകപ്പ് ഫുട്‌ബോള്‍ അങ്ങിനെ വീട്ടില്‍ ഒരു രാത്രിയുത്സവമായിരുന്നു. കളിയുടെ സ്പിരിറ്റ് മാത്രമാണ് ഞങ്ങളുടെ രാത്രികളെ ഉത്സവങ്ങളാക്കിയത്.

ഫുട്‌ബോള്‍‍ ആരാധകനായതുകൊണ്ടല്ല ഞാന്‍‍ ക്രിക്കറ്റ് വിരോധിയായി മാറിയത്. ഫുട്‌ബോള്‍ എന്നല്ല, അച്ചുട്ടി, കോട്ടിക്കായ കളി (ഗോലികളി എന്നും പറയും) തൊട്ട് കബഡി വരെ എനിക്കിഷ്ടമാണ്. ക്രിക്കറ്റിനും മറ്റുള്ള കായിക വിനോദങ്ങള്‍ക്കും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് എന്‍റെ ആദ്യ നിരീക്ഷണം. നാടന്‍ കോഴിയും ബ്രോയിലര്‍ ചിക്കനും പോലെ.

കളിക്ക് ഒരു നിയമമുണ്ട്. ഒന്നാമത്തെ നിയമം കളി കളിക്ക് വേണ്ടിയുള്ളതാവണം എന്നുള്ളതാണ്. ഒന്നാം നിയമം തന്നെ തെറ്റിക്കുന്ന ക്രിക്കറ്റിനെ ഒരു കായിക വിനോദമായി കാണാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് ഞാന്‍ പി. കെയുടെ പുസ്തകവും തമസ്കരിച്ചത്. കഥകളിയിലെ കല്ലടിക്കോടന്‍ - കപ്ലിങ്ങാടന്‍ ശൈലികളെപ്പോലെ ഇന്ത്യാ - പാക് ടീമുകളെപ്പറ്റി സംസാരിക്കുന്ന national jingoist-കളായ ഭൂരിഭാഗം ആരാധകരും ക്രിക്കറ്റിനെ വിനോദമല്ലാതാക്കുന്നു.

ടെന്നീസില്‍ എനിക്ക് സെറീനയെ ഇഷ്ടപ്പെടാം, ഫുട്‌ബോളില്‍ റൊനാള്‍ഡീഞ്ഞോയേയും. എന്നാല്‍ ക്രിക്കറ്റില്‍ ഞാന്‍ ശോയേബ് അക്തറെ ഇഷ്ടപ്പെട്ടുകൂട എന്നു പറയുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. ഒരു നസ്രാണിയായതിനാല്‍‍, ഷോയേബിനോടുള്ള എന്‍റെ ഇഷ്ടം പലരും സഹിച്ചേക്കും. എന്നാല്‍ ഞാനൊരു മുസ്ലീമാണെങ്കില്‍, ഷോയേബ് എന്‍റെ ഇഷ്ടതാരമാണെങ്കില്‍, ഇഷ്ട നടനുവേണ്ടി വാദിക്കുന്ന അതേ ശബ്ദത്തില്‍ ഷോയേബിന് വേണ്ടി വാദിച്ചാല്‍?

ക്രിക്കറ്റ് ശരിക്കുമൊരു കായിക വിനോദമാവണമെങ്കില്‍ ക്രിക്കറ്റ് ക്ലബ്ബുകള്‍ ഉടലെടുക്കണം. എല്‍ ജി തന്നെ ഒരു ക്ലബ്ബ് ആരംഭിക്കട്ടെ. ഗാംഗുലിയേയും വോണിനേയും മുത്തയ്യ മുരളീധരനേയും അവര്‍ ഒരു വര്‍ഷത്തേക്ക് വിലക്കു വാങ്ങട്ടെ. പെപ്സിക്കുമാവാം ഒരു ക്ലബ്ബ്. സച്ചിനും ഷോയേബും ഗില്‍ ക്രിസ്റ്റും അവര്‍ക്കു വേണ്ടി ഇറങ്ങട്ടെ. ദേശീയതയുടെ മഞ്ഞക്കണ്ണട വെക്കാത്ത ആരാധകര്‍ക്കു വേണ്ടി ഇങ്ങിനെയുള്ള ക്ലബ്ബുകള്‍ ഗോദയിലിറങ്ങട്ടെ. ഓരോ മികച്ച കളിക്കാരനും കഴിവു പുറത്തെടുക്കുന്ന ആ അസുലഭ സുന്ദരമായ നിമിഷം ഒരു സ്വപ്നം മാത്രമാവും എന്ന് എനിക്കറിയാം.

ടിവി മീഡിയായും രാഷ്ട്രത്തലവന്‍മാരും ആവശ്യപ്പെടുന്ന അഡ്ജസ്റ്റ്മെന്‍റ് കളികളില്‍ നിന്ന് പുറത്തുവരും വരെ ക്രിക്കറ്റ് എനിക്കൊരു കായിക വിനോദമേയല്ല. ഇപ്പോഴുള്ള ക്രിക്കറ്റ് വെറുക്കുന്നതുകൊണ്ട് ഞാന്‍ ഇന്ത്യക്കാരനല്ല എന്നു പറയുന്നവരോട് എന്തു മറുപടി പറയാന്‍???

Submitted by giree on Tue, 2005-03-29 12:38.

ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവല്ല എന്ന് കാഞ്ച ഇലയ്യ(അതോ ഐലയ്യയോ? എന്തൊ... ഉച്ചാരണത്തെക്കുറിച്ചു നമുക്കു കൃഷ്ണന്‍‌നായരോടു ചോദിക്കാം) ചോദിച്ചതു പോലെ ക്രിക്കറ്റ് കളി ഇഷ്ടപ്പെടാതിരുന്നാല്‍ താന്‍ ഇന്ത്യാക്കാരനാവില്ലെ എന്നു ചോദിച്ചതു നന്നായി. ലോകത്താര്‍ക്കും അവനവന്‍റെ അഭിരുചിക്കനുസരിച്ചുള്ള കളികള്‍ ഇഷ്ടപ്പെടാം. ഞാന്‍ എന്തുകൊണ്ട് ഒരു കളി ഇഷ്ടപ്പെടുന്നില്ല എന്ന് സം‌വദിക്കുകയും ചെയ്യാം. എന്നാല്‍ ക്രിക്കറ്റും ഫുട്ബോള്‍ പോലെ ആകണമെന്നു പറയാനാകുമോ? ബെന്നി ചൂണ്ടിക്കാട്ടുന്നതുപോലെ ക്രിക്കറ്റ് ഒരു നേരംകൊല്ലിക്കളി തന്നെ. ആളുകളെ മടിയന്‍മാരാകുന്ന കളിയാണത് എന്ന കാര്യത്തിലും യോജിക്കുന്നു. എന്നാല്‍ ഇതൊക്കെ നമുക്കു തോന്നുന്ന കാര്യങ്ങളാണ്. ഇന്ത്യയുടെ ദേശീയവിനോദമായ ഹോക്കിക്കുള്ളതിന്‍റെ എത്രയോ മടങ്ങ് ആരാധകര്‍ ക്രിക്കറ്റിന് ഇന്ത്യയിലുണ്ട്. കൊളോനിയല്‍ അടിമത്തത്തിന്‍റെ ബാക്കിപത്രമെന്നും മറ്റുമുള്ള രോഷപ്രകടനങ്ങള്‍ ബു.ജികള്‍ക്കു വിട്ടുഇകൊടുക്കാം. എന്തായാലും ഈ ജനപ്രിയത തന്നെയാണ് ക്രിക്കറ്റിനെ പെപ്സിക്കും കൊക്കക്കോളയ്ക്കും എല്‍.ജിക്കും പ്രിയങ്കരമാക്കിയത്. ഇതോടൊപ്പം പരിഗണിക്കേണ്ടതാണ് ക്രിക്കറ്റ് പ്രതിഫലിപ്പിക്കുന്ന ദേശീയതയും. അത് മതത്തോട് എത്രത്തോളം കലര്‍ന്നുകിടക്കുന്നു എന്നത് മറ്റൊരു വിഷയമാണ്. ഇന്ത്യാക്കാരനായ എനിക്ക് ശു-ഐബ് അക്തറിനെ ഇഷ്ടപ്പെടാം. അയാളുടെ ചടുലവേഗവും തീപാറുന്ന പന്തേറും ഇഷ്ടപ്പെടാം. പക്ഷെ അത് ഇന്ത്യയോടു മത്സരിക്കുമ്പോഴാകരുത് എന്നാണ് അംഗീകൃത നിയമം. ഒരു ഇന്ത്യന്‍ മുസ്‌ലീം ശു-ഐബിനെ ആരാധിക്കുന്നതും നമ്മുടെ കണ്ണില്‍ തെറ്റാകുന്നു. ദേശീയതയും അതിന്‍റെ മതപരമായ സ്വത്വവും(ഇന്ത്യയുടെ മതപരമായ സ്വത്വം തന്നെ തര്‍ക്കത്തിലാണല്ലോ) ക്രിക്കറ്റിനോടു ബന്ധപ്പെടുത്തുന്നതുകൊണ്ടാണിത്. ഇതു തന്നെയാണ് പരസ്യക്കാര്‍ക്കും ചാനല്‍ മുതലാളിമാര്‍ക്കും വേണ്ടത്. അപ്പോള്‍ ഈ ദേശീയ ഐഡന്‍റിറ്റി കളഞ്ഞുകുളിച്ചു കൊണ്ട് കച്ചവടമറിയാവുന്ന മുതലാളിമാരാരെങ്കിലും സ്വന്തം ക്രിക്കറ്റ് ക്ലബ്ബ് തുടങ്ങുമോ? 100 കോടി ജങ്ങളെ പതിനഞ്ചോ ഇരുപതോ പേര്‍ പ്രതിനിധീകരിക്കുകയും അവര്‍ രാജ്യത്തിനു വേണ്ടി യുദ്ധം ചയ്യുകയാണെന്നു വരുത്തിത്തീര്‍ക്കുകയുമാണ് ഇക്കൂട്ടര്‍ക്കെല്ലാം കാശുണ്ടാക്കാനുള്ള വഴി. ആ ബോധം ഉണ്ടാക്കിയെടുക്കാത്തതു കൊണ്ടും മിനുട്ടിനു മിനുട്ടിനു പരസ്യം കാണിക്കാനാവാത്തതു കൊണ്ടും നാട്ടിലാകെ ക്ലബ്ബുകള്‍ തുടങ്ങിയതിനാല്‍ മൊത്തം ജനത്തെ പ്രതിനിധീകര്‍ക്കാത്തതു കൊണ്ടുമല്ലെ ഫുട്ബോളും ഹോക്കിയുമെല്ലാം ഈ പരസ്യ-മാദ്ധ്യമ രാജാക്കന്‍മാരുടെ വടക്കേപ്പുറത്തു നില്‍ക്കുന്നത്. ദരിദ്രമെന്നു സ്വയം വിളിക്കുകയും നാട്ടുകാരെക്കൊണ്ടു പറയിപ്പിക്കുകയും ചെയ്യുന്ന മൂന്നാം‌ലോക(പൊന്നു ചേട്ടാ നാലാം‌ലോകമെന്നു വായിച്ചു കളയരുതേ ) രാഷ്ട്രങ്ങളിലാണ് ക്രിക്കറ്റ് ഏറ്റവും പ്രചരിക്കുന്നതെന്നതും ഇതിനു തെളിവാണ്. കടത്തിന്‍റെയും സമ്പത്തിന്‍റെയും കാര്യത്തില്‍ ഏറ്റവും മുന്നിലായ അമേരിക്ക ക്രിക്കറ്റിനെ അകറ്റിനിര്‍ത്തുന്നു. ക്രിക്കറ്റിന്‍റെ ജന്‍മസ്ഥലമായ ഇംഗ്ലണ്ടില്‍ കൌണ്ടി ക്ലബ്ബുകള്‍ ക്രിക്കറ്റു നടത്തുന്നതിനാല്‍ അവിടെയും ക്രിക്കറ്റിന്‍റെ 'ദേശീയ വികാരം' ചെലവാകില്ല. മുതലാളിമാരെല്ലാം കൂടി ദരിദ്രരാഷ്ട്രങ്ങള്‍ക്കിഷ്ടപ്പെട്ട കളി പ്രോത്സാഹിപ്പിക്കുന്നത് പാവങ്ങളോടുള്ള സ്നേഹം കാരണമാണെന്ന് ബുഷു പോലും പറയില്ല. അപ്പോ ക്രിക്കറ്റിനെ കീഴടക്കി ബെന്നിയുടെ ആഗ്രഹം പോലെ മറ്റൊരു കളി തല്‍‌സ്ഥാനത്തു പ്രതിഷ്ഠിക്കണമെങ്കില്‍ ഈ തന്ത്രം മനസ്സിലാക്കി അതിനു ബദല്‍ കണ്ടെത്തുകയല്ലെ ചെയ്യേണ്ടത്? കച്ചവടത്തില്‍ എതിരാളിയെ തോല്‍പ്പിക്കാന്‍ സാധാരണ മുറുക്കാന്‍ കടക്കാര്‍ പോലും സ്വീകരിക്കുന്ന തന്ത്രം ഇതല്ലെ. അടുത്ത കടയിലേതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനം വില്‍ക്കുകയും ഉപഭോക്താക്കളോട് നന്നായി പെരുമാറുകയും ചെയ്യുന്ന കച്ചവടക്കാരന്‍റെ യുദ്ധതന്ത്രം ഇക്കാര്യത്തില്‍ പറ്റുമോ എന്നതാണ് ഇതിനു ബെന്നി ചെയ്യാവുന്ന വഴി. അതു കണ്ടെത്തും വരെ നമ്മുടെ ക്രിക്കറ്റുകളിക്കാര്‍ പത്തു പരസ്യത്തില്‍ അഭിനയിച്ചു കാശുണ്ടാക്കട്ടെ.[/]

Submitted by hari on Wed, 2005-03-30 04:36.

ക്രിക്കറ്റ്‌ ഒരു നല്ല കളിയല്ലെന്നോ ഫുട്ബോള്‍ ആണ്‌ ഏറ്റവും നല്ലതെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല. ചിലര്‍ ക്രിക്കറ്റ്‌ വിരോധികളെന്ന പോലെ, മറ്റു ചിലര്‍ ഫുട്ബോള്‍ വിരോധികളും ആണ്‌. ലോകത്ത്‌ ഇന്ന് ഏറ്റവും പ്രചാരമുള്ള കളികളൊന്നും തന്നെ കളി കളിയ്ക്‌ വേണ്ടിയെന്ന നിയമം പാലിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എല്ലാത്തിലും കച്ചവടവും മരുന്നടിയും സുലഭമായുണ്ട്‌ താനും. പിന്നെ ക്രിക്കറ്റ്‌ പൊതുജനത്തിന്‍ പിടിയ്ക്കുന്നത്‌ കൊണ്ടാണ്‌ നമ്മുടെ രാഷ്ട്രീയക്കാര്‍ അതില്‍ മതം കലക്കി മീന്‍ പിടിയ്ക്കാന്‍ ഒരുങ്ങുന്നത്‌. നിന്നു കൊടുക്കാതിരുന്നാല്‍ മതി...

Submitted by hari on Wed, 2005-03-30 04:54.

പറയാന്‍ മറന്നു. ക്രിക്കറ്റ്‌ ഒരു നേരം കൊല്ലിയാണെന്ന് പറയുന്നതിലും വലിയ കാര്യമില്ല. അതിലും വലിയ നേരം കൊല്ലികള്‍ നമുക്കുണ്ട്‌. നമ്മുടെ ഹര്‍ത്തലും ബന്ദും ചീട്ടുകളിയും വരുത്തുന്ന സമയനഷ്ടം ക്രിക്കറ്റിനേക്കാള്‍ വലുതാണെന്ന് മനസ്സിലാക്കാത്തതെന്ത്‌?

Submitted by giree on Thu, 2005-03-31 12:23.

എല്ലാ കളികളിലും കള്ളത്തരങ്ങളുണ്ടെന്നതു ശരിയാണ്. പക്ഷെ ക്രിക്കറ്റിന്‍റെ കാര്യം എടുത്തു പറഞ്ഞത് അതിനു പൊതുജനത്തിനിടയിലെ സ്വാധീനം കണക്കിലെടുത്താണ്. ഒളിമ്പിക്സ്, ഏഷ്യാഡ് പോലെ വല്ലപ്പോഴും നടക്കുന്ന ആഗോള മത്സരങ്ങളില്‍ മരുന്നടിച്ച് ഓട്ടത്തിലോ ലോംഗ്ജമ്പിലോ സ്വര്‍ണം നേടുന്നവര്‍ക്ക് ക്രിക്കറ്റു കളിക്കരുണ്ടാക്കുന്നത്ര പണം ലഭിക്കുന്നുണ്ടോ? കര്‍ണ്ണം മല്ലേശ്വരിയെ ആരെങ്കിലും സച്ചിനെയോ ഗാംഗുലിയെയോ പോലെ കണക്കാകുമോ? ക്രിക്കറ്റിന്‍റെ ഈ പ്രശസ്തി തന്നെയാണ് അതിന്‍റെ ദുരുപയോഗത്തിനും കാരണമെന്നാണ് പറഞ്ഞതിനര്‍ത്ഥം.
പിന്നെ ക്രിക്കറ്റ് നേരംകൊല്ലി തന്നെയാണ് എന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു. അതിനെ ഹര്‍ത്താലും ബന്ദും പോലെയാണു കണക്കാക്കേണ്ടതെങ്കില്‍ ഇത് ഉറപ്പിച്ചു പറയില്ലായിരുന്നു. നമ്മുടെ നാട്ടിലെ ഹര്‍ത്താലും ബന്ദുമൊക്കെ ഒരു സംഘടിത ന്യൂനപക്ഷം അസംഘടിത ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ ജനതയുടെ മനോഘടനയ്ക്കും വലിയൊരു പങ്കുണ്ട്. വന്‍പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന ബന്ദുകള്‍ ഭയത്തിന്‍റെ പുറത്താണെങ്കിലും ജനങ്ങള്‍ 'വിജയിപ്പിക്കും'. എന്നാല്‍ പ്രഖ്യാപനം ഒരു ഡൂക്കിലി പാര്‍ട്ടിയില്‍ നിന്നാകുമ്പോള്‍ (ന്യായമായ കാര്യത്തിനാണെങ്കില്‍ പോലും- ബന്ദുകളെ അപ്പാടെ കുറ്റം പറയുന്നതു ശരിയല്ല. ന്യായമായ ആവശ്യങ്ങള്‍ മര്യാദയ്ക്കു പറഞ്ഞാല്‍ സര്‍ക്കാരിനു മനസ്സിലായില്ലെങ്കില്‍ പ്രതിഷേധത്തിന് ഒരു ഉപാധി വേണമല്ലോ)ജനം വമ്പന്‍മാരാകും-നിരത്തിലിറങ്ങും. പിന്നെ ബന്ദിനു പാര്‍ട്ടികളെ മാത്രം കുറ്റം പരഞ്ഞിട്ടു കാര്യമില്ല. കേരളത്തിലെ പല സര്‍ക്കാരുദ്യോഗസ്ഥരും, പണി ചെയ്തില്ലെങ്കിലും കാശു മുടങ്ങാതെ കിട്ടുന്ന എല്ല ജനവിഭാഗങ്ങളും, ഇടയ്ക്ക് ഒരു ബന്ദോ ഹര്‍ത്താലോ ആഗ്രഹിക്കുന്നുണ്ട് എന്നാണ് കുറഞ്ഞകാലത്തെ അനുഭവം. ബന്ദു നിരോധിച്ചാല്‍ അത് ഹര്‍ത്താലാകും. അത്രതന്നെ.
അപ്പൊ പറഞ്ഞു വന്നത് കേരളത്തിലും അതുപോലെ ചില ജനാധിപത്യ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന ബന്ദും ഹര്‍ത്താലും പോലെയാണോ ഭാരതത്തിലെ നല്ലൊരു ശതമാനം യുവാക്കളെ ഒരു ദിവസം മുഴുവനുമോ ദിവസങ്ങളോളമോ പിടിച്ചിരുത്തുന്ന ക്രിക്കറ്റ്? ഈ പിടിച്ചിരുത്തലില്‍ പലയിടങ്ങളിലായി മറിയുന്ന കോടിക്കണക്കിന് രൂപയുടെ കാര്യമോ? അപ്പൊ ഇത് ബന്ദോ ഹര്‍ത്താലോ പൊലെയാണെന്നു പറയുന്നത് ഒരു മുട്ടുന്യായമല്ലേ. നമ്മളിങ്ങനെ ചുമ്മായിരിക്കുകയും ബാക്കിയുള്ളവന്‍ അതുവച്ചു പണമുണ്ടാക്കുകയും ചെയ്യുമ്പോള്‍ അതു മനസ്സിലാക്കാനുള്ള മൂളയെങ്കിലും നമുക്കുണ്ടെന്നു കാണിച്ചു കൊടുക്കണ്ടേ ഹരീ.

Submitted by cachitea on Fri, 2005-04-01 16:03.

എല്ലാക്കളിക്കും കളത്തിനുള്ളിലെ വിരുതാണ് വേണ്ടത്. ക്രിക്കറ്റ് ആവശ്യപ്പെടുന്നത് കളത്തിന് പുറത്തേക്കടിക്കാനുള്ള വിരുതാണ്. വിപുലമായ രാജ്യത്തിന്‍റെ ഉള്ളിലിരിക്കല്‍ (പണ്ട് ഗ്രാമം വിടുന്നതും കടല്‍ കടക്കുന്നതും ഭ്രഷ്ട് ക്ഷണിച്ചു വരുത്തിയിരുന്നു എന്നോര്‍ക്കുക) ഇന്നാട്ടുകാരന് കെട്ടിയടച്ച മനസ്സുണ്ടാക്കി. ഇടം‌വലം നോക്കാതെ ആകാശം നോക്കിയിരിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്. അതാണ് ജ്യോതിഷവും വിധിവിശ്വാസവും വളര്‍ത്തിയത്.

ഈ പൈതൃകക്കാരന് കരയ്ക്കപ്പുറത്തേക്കുള്ള തെറിക്കല്‍ വെല്ലുവിളിയും പ്രലോഭനവും ആകുന്നു. ക്രിക്കറ്റിലൂടെ അവന്‍ നിവര്‍ത്തിക്കുന്നത് ആ കൊതിയാണ്. ക്രിക്കറ്റിന്‍റെ സര്‍‌വ്വ അനാരോഗ്യതയും കണക്കിലെടുത്താലും (ഉഷ്ണമേഖലാ ദേശത്തിന് പറ്റാത്തത്, കളിരസം കളയുന്ന കണക്കുകള്‍ ഇത്യാദി) ഈ അനിന്ത്യന്‍ കളി ഇന്ത്യന്‍ ആള്‍ക്കൂട്ടത്തിന്‍റെ ആധുനിക ചിഹ്നമായിക്കഴിഞ്ഞു.

ഇന്ത്യാ - പാക് മത്സരം ഇന്ത്യയില്‍ വന്നു കാണണമെന്ന് പര്‍‌വേസ് മുഷറഫ് ശഠിക്കുന്നതിന് പിന്നില്‍ ഈ ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തിന്‍റെ കളി ചില്ലറയല്ല. മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും ഇതറിയാം. ഇരു രാജ്യത്തേയും രാഷ്ട്രീയം ആളുകളെ ത്രസിപ്പിക്കുന്നില്ല. സായ്പ്പ് ഉപേക്ഷിച്ചുപോയ ഈ കളിക്കത് സാധിക്കുന്നു. ഹൌസാറ്റ്?

ശിഷ്ടം : 13 വിഡ്ഢികള്‍ കളിക്കുകയും 13,000 വിഡ്ഢികളിരുന്നു കാണുകയും ചെയ്യുന്ന കളിയാണ് ക്രിക്കറ്റ് - ബര്‍ണാഡ് ഷാ

(വിജു വി നായര്‍ മാധ്യമത്തില്‍ എഴുതിയ ഹൌസാറ്റ് എന്ന ലേഖനത്തില്‍ നിന്ന്. നായരുടെ അഭിപ്രായങ്ങള്‍ നായരുടേതു മാത്രം. ക്രിക്കറ്റിനെപ്പറ്റി പ്രമുഖര്‍ പറയുന്നത് അറിയാനുള്ള ജിജ്ഞാസകൊണ്ട് വായിച്ചു. വായനക്കാര്‍ക്കും അതേ ജിജ്ഞാസ ഉണ്ടാവുമെന്ന് കരുതി പോസ്റ്റ് ചെയ്യുന്നു. - ബെന്നി)