തര്‍ജ്ജനി

മലയാളം phonetic അക്ഷരമാല

...അന്ന്‌ കേരളത്തിലെ തമിഴും, സംസ്കൃതവും തമ്മില്‍ കൂടിക്കലര്‍ന്ന്‌ മലയാളഭാഷ ഉയര്‍ന്നുവന്നെങ്കില്‍, ഇന്ന്‌ ആ ഒരു സങ്കലനം നടക്കാനിരിക്കുന്നത്‌ മലയാളവും ഇംഗ്ലീഷും തമ്മിലാണ്‌. അതെങ്ങനെയായിരിക്കും എന്നെനിക്ക്‌ പറയാനാവില്ല. എങ്കിലും അനിവാര്യമായ ഈയൊരു മാറ്റത്തിന്‌ പുറംതിരിഞ്ഞു നില്‍ക്കാതിരിക്കുകയെന്നത്‌ സുപ്രധാനമാണ്‌ - മലയാളികള്‍ക്ക്‌ നമ്മുടേതായൊരു ഭാഷ ഇനിയും വേണമെന്നാഗ്രഹമുണ്ടെങ്കില്‍. കാരണം, അത്യന്തികമായി ഒരു ഭാഷ ജനങ്ങളാല്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്‌; വ്യാകരണപുസ്തങ്ങളോ ഇന്‍സ്റ്റിറ്റ്യൂട്ടുകളോ നിര്‍വചിക്കുന്ന ഒന്നല്ല. അവയ്ക്ക്‌ ആയിരിക്കുന്ന ഭാഷയുടെ അവസ്ഥയെ ക്രോഡീകരിക്കാനും പൊതുനിയമങ്ങളെ ചൂണ്ടിക്കാണിക്കാനും മാത്രമേ ആവൂ.

ഈയൊരു ചിന്തയുടെ തുടര്‍ച്ചയായി, മലയാളം phonetic അക്ഷരമാലയെ ഡിസൈന്‍ ചെയ്യാനൊരവസരം കിട്ടിയാല്‍... എന്നു സ്വപ്നം കാണുകയാണ്‌ ഞാന്‍....

അല്‍പ്പം നീളമുള്ള ഈ article മുഴുവന്‍ ഞാനിവിടെ ചേര്‍ക്കുന്നില്ല. മുഴുവന്‍ കാണാന്‍ ക്ലിക്ക്‌ ചെയ്യൂ.. എല്ലാ രീതിയിലുമുള്ള അഭിപ്രായങ്ങളറിയാന്‍ താല്‍പര്യമുണ്ട്‌.

Submitted by kevinsiji on Tue, 2005-01-11 18:56.

അത്രയ്ക്കങ്ങടു് പോണോ സിബ്വോ? ആയിരം കൊല്ലം മുമ്പു്, നൂറ്റാണ്ടുകളിലൂടെ സ്ഫുടം ചെയ്തു് ഉരുത്തിരിഞ്ഞു വന്നതിനെ ഒരായുസ്സിന്റെ നിരീക്ഷണം കൊണ്ടു മാത്രം വിലയിരുത്താനും തിരുത്താനും ഒക്കില്ല എന്നാണെന്റെ വിശ്വാസം. അങ്ങിനെയിരിയ്ക്കുമ്പോള്‍ സിബു തന്നെ ആ പാതകം ചെയ്യണോ? ഇപ്പോള്‍ മലയാളം നേരിടുന്ന പ്രശ്നങ്ങള്‍, എന്തൊക്കെയാണെന്നു് ഞാന്‍ മനസ്സിലാക്കിയതു് ഇപ്രകാരമാണു്. ഗുണമില്ലാത്തതും പഠിയ്ക്കാന്‍ ബുദ്ധിമുട്ടേറിയതുമായ മലയാളം ഭാഷാപഠനത്തെ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ച ജനതയാണു് ഒന്നാമത്തെ പ്രശ്നം. പിന്നത്തെ പ്രശ്നം, ഭാഷയുടെ പ്രത്യേകതകളെ മനസ്സിലാക്കാന്‍ ശ്രമിയ്ക്കാതെ, യന്ത്രങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ചു ഭാഷ നില്‍ക്കണം എന്നു ശഠിയ്ക്കുന്ന അഭിനവപണ്ഡിതന്മാരാണു്.
കൂടുതല്‍ അപഗ്രഥിയ്ക്കാനുള്ള ശേഷി എനിയ്ക്കില്ല. അതിനാല്‍ ഇത്രമാത്രം.
എന്നു കെവി.

Submitted by viswam on Tue, 2005-03-29 16:55.
പാറു wrote:
അത്രയ്ക്കങ്ങടു് പോണോ സിബ്വോ? ആയിരം കൊല്ലം മുമ്പു്, നൂറ്റാണ്ടുകളിലൂടെ സ്ഫുടം ചെയ്തു് ഉരുത്തിരിഞ്ഞു വന്നതിനെ ഒരായുസ്സിന്റെ നിരീക്ഷണം കൊണ്ടു മാത്രം വിലയിരുത്താനും തിരുത്താനും ഒക്കില്ല എന്നാണെന്റെ വിശ്വാസം. അങ്ങിനെയിരിയ്ക്കുമ്പോള്‍ സിബു തന്നെ ആ പാതകം ചെയ്യണോ? ഇപ്പോള്‍ മലയാളം നേരിടുന്ന പ്രശ്നങ്ങള്‍, എന്തൊക്കെയാണെന്നു് ഞാന്‍ മനസ്സിലാക്കിയതു് ഇപ്രകാരമാണു്. ഗുണമില്ലാത്തതും പഠിയ്ക്കാന്‍ ബുദ്ധിമുട്ടേറിയതുമായ മലയാളം ഭാഷാപഠനത്തെ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ച ജനതയാണു് ഒന്നാമത്തെ പ്രശ്നം. പിന്നത്തെ പ്രശ്നം, ഭാഷയുടെ പ്രത്യേകതകളെ മനസ്സിലാക്കാന്‍ ശ്രമിയ്ക്കാതെ, യന്ത്രങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ചു ഭാഷ നില്‍ക്കണം എന്നു ശഠിയ്ക്കുന്ന അഭിനവപണ്ഡിതന്മാരാണു്.
കൂടുതല്‍ അപഗ്രഥിയ്ക്കാനുള്ള ശേഷി എനിയ്ക്കില്ല. അതിനാല്‍ ഇത്രമാത്രം.
എന്നു കെവി.

പാറൂ,

നൂറ്റാണ്ടുകള്‍ക്കിടയില്‍ വന്നുവീണ പരസഹസ്രം ആത്മാക്കളും കണക്കുപുസ്തകത്തില്‍ പേരേടു ചേര്‍ക്കാന്‍ തക്ക എന്തെങ്കിലുമൊക്കെ ചെയ്തുവെച്ചു പോകാറില്ല.
ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റൊന്‍പതും വെറുതെ വന്നു കണ്ടു ജീവിച്ചുചത്തുപോകുകയാണ്‌.

വല്ലപ്പോഴുമാണ്‌ ഒരു കണ്ണശ്ശനും എഴുത്തശ്ശനും കുമാരനാശാനും വള്ളത്തോളും കൃഷ്ണന്‍ നായരും പന്മനയും ഉണ്ടാകുന്നത്‌.

നാമൊക്കെ ജീവിക്കുന്ന ഈ പ്രത്യേക സമയജാലകത്തില്‍ പക്ഷേ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്‌. ഒരിക്കലും ഭാഷക്കു ലഭിക്കാഞ്ഞ ഒട്ടനവധി മൂലധനങ്ങളുണ്ടു നമുക്കിപ്പോള്‍.

നമുക്കിപ്പോള്‍ നിമിഷാര്‍ദ്ധവേഗത്തില്‍ അന്യോന്യം സംവദിക്കാനാവുന്നുണ്ട്‌.
പരന്നുകിടക്കുന്ന വിജ്ഞാനസാമ്രാജ്യങ്ങള്‍ നമുക്കിപ്പോള്‍ ഒരു കൈനീട്ടത്തില്‍ എത്തിപ്പിടിക്കാം.
കടലുകള്‍ക്കക്കരെനിന്നും ജനതകളുടെ വേറിട്ട ചൂരും ചൂടും പഠിച്ചെടുത്ത്‌ കൊള്ളേണ്ടതും തള്ളേണ്ടതും നമുക്കിപ്പോള്‍ തിരിച്ചറിയാന്‍ ശ്രമിക്കാം.

ഒരു വശത്ത്‌ ജീര്‍ണ്ണിച്ചുപോകുന്ന പുരാതന ജ്ഞാനസമ്പത്ത്‌. മറുവശത്ത്‌ അച്ഛനമ്മമാരെ വേണ്ടാത്ത മക്കള്‍. ഇടക്ക്‌ പുത്തന്‍ സാങ്കേതികതയുടെ കൊച്ചുസൂത്രപ്പണികള്‍.

ഇവയ്ക്കിടയില്‍ കൈകോര്‍ത്തുപിടിച്ചുകൊണ്ട്‌ നാം കുറച്ചുപേര്‍ക്ക്‌ ഇതുവരെ ആരും എഴുതാഞ്ഞ ഒരു ചരിത്രം മെനഞ്ഞുകൂടേ?

ഭാഷാശാസ്ത്രപരമായി പല പ്രത്യേകതകളുമുള്ള ഈ ഭാഷ എത്ര കാലം കൂടി ജീവിച്ചിരിക്കുമെന്ന് എനിക്കും വലിയ നിശ്ചയമില്ല. ആവശ്യത്തിനു വാക്കുകള്‍ കടം വാങ്ങി ഉപയോഗിക്കുന്നതിനുമപ്പുറം, സാവധാനത്തില്‍ നാം ഭാഷയെ കൈവിടുന്നുണ്ടെന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌. നൂറോ ഇരുനൂറോ കൊല്ലങ്ങള്‍ക്കുള്ളില്‍ മലയാളം ഇല്ലെങ്കിലും ജീവിക്കാം എന്ന് ഓരോരുത്തരും സമാധാനിക്കുന്ന ഒരു കാലം വന്നെന്നു വരാം.

നാടൊഴിഞ്ഞുപോയ മഹാസംസ്കൃതികളുടെ ശ്മശാനത്തില്‍ കരിന്തിരി കത്തുന്ന കല്‍വിളക്കുകളില്‍ നമ്മുടേതായിക്കൂടി ഒന്നുണ്ടെന്ന്‌ അന്നു നാം മലയാണ്മക്കാര്‍ക്കു വീമ്പിളക്കാം.

നമുക്കു മുന്നേ സമയരഥങ്ങളില്‍ യാത്രയായ ചുവന്ന ഇന്ത്യാക്കാരേയും ആസ്റ്റ്രേലിയന്‍ അബ്‌ഒറിജിനലുകളേയും ബസ്തറിലെയും സെരെന്‍ഗെട്ടിയിലേയും പകുതിമനുഷ്യരേയും നമുക്കിപ്പൊഴേ പഠിച്ചുവെക്കാം.

Submitted by hari on Wed, 2005-03-30 04:51.
Quote:
ഒരു വശത്ത്‌ ജീര്‍ണ്ണിച്ചുപോകുന്ന പുരാതന ജ്ഞാനസമ്പത്ത്‌. മറുവശത്ത്‌ അച്ഛനമ്മമാരെ വേണ്ടാത്ത മക്കള്‍. ഇടക്ക്‌ പുത്തന്‍ സാങ്കേതികതയുടെ കൊച്ചുസൂത്രപ്പണികള്‍.

ഇവയ്ക്കിടയില്‍ കൈകോര്‍ത്തുപിടിച്ചുകൊണ്ട്‌ നാം കുറച്ചുപേര്‍ക്ക്‌ ഇതുവരെ ആരും എഴുതാഞ്ഞ ഒരു ചരിത്രം മെനഞ്ഞുകൂടേ?

തടസ്സം നില്‍ക്കുന്നതിനെ മാറ്റിയെഴുതുന്നത്‌ മനസ്സിലാക്കാം. ലിപി പരിഷ്കരണത്തില്‍ സംഭവിച്ചത്‌ അതാണ്‌. പക്ഷേ ഇപ്പോള്‍ അങ്ങനെയൊരു പ്രശ്നം ഇല്ല. കമ്പ്യൂട്ടറുകളില്‍ മലയാളത്തേക്കാള്‍ സങ്കീര്‍ണ്ണമായ ചൈനീസ്‌ ലിപി ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്‌. പുതുക്കിയ ചൈനീസ്‌ ലിപികള്‍ പോലും മലയാളത്തെക്കാള്‍ വളരെ സങ്കീര്‍ണ്ണമാണ്‌.

ലിപി പരിഷ്കരണത്തിലൂടെ പകുതി ജീവന്‍ നഷ്ടമായ മലയാളത്തെ രക്ഷിക്കാനുള്ള സുവര്‍ണ്ണാവസ്സരമാണിത്‌. ഇനിയും വെട്ടിക്കീറാതെ, പഴയ ലിപി തിരിച്ചെടുക്കാനെന്താ വഴിയെന്ന് നോക്കാം.

Submitted by cachitea on Mon, 2005-05-16 09:46.

മലയാളം യൂണിക്കോഡ്, ആള് ശരിയല്ലെന്ന് കണ്ണില്‍ക്കണ്ട വിദേശികളോടൊക്കെ വിളിച്ചു കൂവി തൊണ്ട വരണ്ടു. ഇനിയിപ്പൊ, യൂണീക്കോഡ് ഡോട്ട് ഓര്‍ഗ് സംഗതി ശരിയാക്കിയെടുത്താല്‍ ഒക്കെ നോര്‍മലാവും എന്നു കരുതുന്നുണ്ടോ? സത്യം, പറഞ്ഞാല്‍ പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിക്കുന്നത് എന്നാണ് തോന്നുന്നത്.

ലീനക്സ് ഉപയോഗിക്കുന്ന സമാന്തര പ്രൊഫഷണലുകളെപ്പോലെ അല്ല ഞാനും മറ്റ് അനേകം പേരും. യൂണീക്കോഡിന്‍റെ പുതിയ പതിപ്പ് വിന്‍‌ഡോസില്‍ ചേര്‍ക്കാതെ ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് രക്ഷയില്ല.പരിമിത സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉണ്ടാക്കിയെടുത്തിട്ടുള്ള കാര്‍ത്തിക യൂണീക്കോഡ് ഫോണ്ട് (SP2-വിനൊപ്പം കിട്ടുന്നത്) ഞങ്ങളെ കുടിപ്പിക്കാത്ത വെള്ളങ്ങളില്ല (ഒരു തിരുവനന്തപുര പ്രയോഗം). ഒരോ മെഷീനിലും ഈ ഫോണ്ടിന്‍റെ പ്രവര്‍ത്തനം ഓരോ രീതിയിലാണ്.

മൊബൈല്‍ രംഗത്തെ ഒരു പ്രശസ്ത കമ്പനിയുടെ ഉപയോക്തൃ സഹായികള്‍ ഞങ്ങളിവിടെ Localize ചെയ്തുകൊണ്ടിരിക്കുന്നു. അതുപോലെത്തന്നെ ഒരു Palm Device നിര്‍മ്മാണക്കമ്പനിയുടെ സഹായിയും. ഫ്രെയിം മേക്കറും റോബോ ഹെല്‍പ്പും MS വേഡും എക്സലുമെല്ലാം കുത്തിക്കെട്ടിയ ഒരുതരം പന്നപ്പണിയാണിത്. അവസാനം Generate ചെയ്യുന്ന ഫയലോ, പലപ്പോഴും ജങ്കും!!!

Transliteration Scheme ഉപയോഗിച്ച്, നിലവിലുള്ള കാര്‍ത്തിക യൂണീക്കോഡിനേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട കാര്‍ത്തിക യൂണീക്കോഡ് Rendering ഇതില്‍ സാധ്യമാവുന്നുണ്ട്. എന്നാല്‍ Tool-ന്‍റെ Deromanization ഔട്ട്‌പുട്ട് വിന്‍ഡോയില്‍ കാണുന്ന ക്യാരക്ടറുകള്‍ മായ പോലെ ആപ്ലിക്കേഷനുകളില്‍ (ഫ്രെയിം മേക്കര്‍, എം.എസ് വേഡ്, എക്സല്‍ എന്നിവയില്‍) തലതിരിയുന്ന ദുരന്തകഥയാണ് എന്നും ആവര്‍ത്തിക്കുന്നത്. ഞാനറിയുന്ന മലയാളം ടെക്നിക്കല്‍ റൈറ്റേഴ്സെല്ലാം ഉപയോഗിക്കുന്നത് Transliteration രീതി തന്നെയാണ്.

സിബുവും കെവിനും മഹേഷും ബിജിയും നടത്തുന്ന യൂണീക്കോഡ് പഠനങ്ങളും നിരീക്ഷണങ്ങളും മലയാള ഭാഷയ്ക്ക് വലിയൊരു സംഭാവനയാണ്. യൂസര്‍ മാന്വലായാലും മൊബൈല്‍ ആപ്ലിക്കേഷനായാലും, അക്ഷരപ്പിശകില്ലാത്ത അന്തിമോല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി തല പുകയ്ക്കുന്ന ഞങ്ങള്‍ക്ക് ഒരിക്കലും യൂണീക്കോഡിനെ ശാസ്ത്രീയമായി പഠിക്കാന്‍ സംസയം കിട്ടിയിട്ടില്ല. അപ്പപ്പോള്‍ കാണുന്ന പ്രശ്നങ്ങള്‍ക്ക് അപ്പപ്പോള്‍ തോന്നിയ പരിഹാരം എന്ന നിലയിലാണ് ഞങ്ങളുടെ പോക്ക്. അതൊരിക്കലും ഭാഷയ്ക്ക് ഗുണം ചെയ്യില്ല.

മൈക്രോസോഫ്റ്റിലെ പീറ്റര്‍ കോണ്‍സ്റ്റബിളും യൂണീക്കോഡിലെ പോള്‍ നെല്‍സണും ചെയ്യുന്ന മലയാളം യൂണീക്കോഡ് മെച്ചപ്പെടുത്തലിനെപ്പറ്റി ഞങ്ങള്‍ അറിയുന്നുണ്ട്. നിലവിലുള്ള മലയാള യൂണീക്കോഡിന്‍റെ പരിമിതിക്കുള്ളിലും ഏകദേശം 30 കോടി മലയാളം വാക്കുകള്‍ (സങ്കീര്‍ണ്ണവാക്കുകളും Odd Combinations-ഉം അടക്കം) ഞങ്ങള്‍ Generate ചെയ്തിട്ടുണ്ട്. ഞങ്ങളാല്‍ കഴിയുന്ന നിരീക്ഷണങ്ങളോ പരീക്ഷണങ്ങളോ ആവശ്യമെങ്കില്‍ ദയവുചെയ്ത് അറിയിക്കുമല്ലോ? - സസ്നേഹം ബെന്നി.

Submitted by kevinsiji on Sun, 2006-09-17 18:30.

വിശ്വം പറഞ്ഞു: ഭാഷാശാസ്ത്രപരമായി പല പ്രത്യേകതകളുമുള്ള ഈ ഭാഷ എത്ര കാലം കൂടി ജീവിച്ചിരിക്കുമെന്ന് എനിക്കും വലിയ നിശ്ചയമില്ല. ആവശ്യത്തിനു വാക്കുകള്‍ കടം വാങ്ങി ഉപയോഗിക്കുന്നതിനുമപ്പുറം, സാവധാനത്തില്‍ നാം ഭാഷയെ കൈവിടുന്നുണ്ടെന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌. നൂറോ ഇരുനൂറോ കൊല്ലങ്ങള്‍ക്കുള്ളില്‍ മലയാളം ഇല്ലെങ്കിലും ജീവിക്കാം എന്ന് ഓരോരുത്തരും സമാധാനിക്കുന്ന ഒരു കാലം വന്നെന്നു വരാം.

നാടൊഴിഞ്ഞുപോയ മഹാസംസ്കൃതികളുടെ ശ്മശാനത്തില്‍ കരിന്തിരി കത്തുന്ന കല്‍വിളക്കുകളില്‍ നമ്മുടേതായിക്കൂടി ഒന്നുണ്ടെന്ന്‌ അന്നു നാം മലയാണ്മക്കാര്‍ക്കു വീമ്പിളക്കാം.

നമുക്കു മുന്നേ സമയരഥങ്ങളില്‍ യാത്രയായ ചുവന്ന ഇന്ത്യാക്കാരേയും ആസ്റ്റ്രേലിയന്‍ അബ്‌ഒറിജിനലുകളേയും ബസ്തറിലെയും സെരെന്‍ഗെട്ടിയിലേയും പകുതിമനുഷ്യരേയും നമുക്കിപ്പൊഴേ പഠിച്ചുവെക്കാം.

വേണ്ട വിശ്വം, നമുക്കങ്ങനെ നമ്മുടെ നാടന്‍പാട്ടുകളെയും കുഞ്ഞുണ്ണിക്കവിതകളേയും ഉപേക്ഷിച്ചു പോകാന്‍ പറ്റുമോ? മലയാളമില്ലെങ്കിലും എന്നൊരവസ്ഥയില്‍, ചിന്തിക്കാനും ചോറുണ്ണാനും നമുക്കു പറ്റുമോ? അങ്ങിനെയൊരു വെറും ശവം മാത്രമായി മലയാളം മാറുന്നതു് കണ്ടു നില്‍ക്കാനാവുമോ? ഇസ്രായേലികള്‍ രണ്ടായിരത്തില്‍പരം വര്‍ഷങ്ങളുടെ പ്രവാസത്തിനു ശേഷവും അവരുടെ ഭാഷയെ തിരിച്ചെടുത്തെങ്കില്‍, നാം നമ്മുടെ ഭാഷയെ നഷ്ടപ്പെടുത്താന്‍ പോകുന്നില്ല. തീര്‍ച്ചയായും ഇല്ല.
കെവി.

Submitted by ralminov on Sun, 2006-09-17 21:17.

മലയാളമെഴുത്ത് സാധ്യമാകുന്നു എന്ന അവസ്ഥയിലേക്ക് നാം കിതയ്ക്കുമ്പോൾ ഒരു തിരിച്ചുപോക്കിന്റെ ഔചിത്യമെന്ത്? കിന്റർഗാർട്ടൻ മുതൽ ആംഗലേയത്തിൽ ജീവിക്കാൻ പഠിച്ച എനിക്ക് മലയാളം ഉപേക്ഷിക്കാൻ വയ്യെങ്കിൽ മലയാളം മരിക്കില്ല തന്നെ!!!

Submitted by mangalat on Mon, 2006-09-18 06:19.

ഭാഷയില്‍ ഇന്ന് നിലവിലിരിക്കുന്ന ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരം അന്വേഷിക്കുകയല്ല,മറിച്ച് പരിഷ്കരണത്തിന് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയാണ് സിബു ചെയ്യുന്നത്. അതിന് ചില യുക്തികള്‍ നല്കുന്നുണ്ട്,ശരി തന്നെ.
മലയാളലിപി പരിഷ്കരണത്തിന്റെ ചരിത്രത്തില്‍ മറ്റൊരു സാഹസമായി ഇതു അവസാനിക്കുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒരു പ്രശ്നവുമില്ലാത്തത് എന്നു തന്നെ പറയാവുന്ന ഒരു ലിപി വ്യവസ്ഥയെ ടൈപ്പ് റൈറ്ററിനു പാകത്തിലാക്കാന്‍ തീരുമാനിച്ചാണ് നമ്മുടെ ഓര്‍മ്മയിലെ വലിയ ലിപി പരിഷ്കരണം നടത്തിയത്. ഈ പരിഷ്കരണം മലയാളത്തിന് ഉണ്ടാക്കിയതുപോലെ ദ്രോഹം ടൈപ്പ് റൈറ്റര്‍ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. തമിഴ് ഒഴികെ ഇന്ത്യന്‍ ഭാഷകളിലെ ലിപി ചിഹ്നങ്ങളുടെ എണ്ണം ഏതാണ്ട് സമമാണ്. അവിടെയൊന്നും വലിയ പ്രശ്നങ്ങളുണ്ടാവാതിരിക്കാനുള്ള കാര്യങ്ങളില്‍ ലിപി ചിഹ്നങ്ങളുടെ രൂപീകരണം പോലെയുള്ള ഭാഷാനിഷ്ഠമായ സവിശേഷതകളുണ്ട്. അതിനെക്കാള്‍ പ്രധാനം ടൈപ്പ് റൈറ്റര്‍കൊണ്ട് വികലമാക്കിയ ഭാഷാരൂപത്തോട് മറ്റാരും മലയാളികള്‍ പ്രകടിപ്പിച്ച അഭിനിവേശം കാണിച്ചില്ല എന്നതാണ്.
രണ്ട് കാരണങ്ങള്‍ ഇതിനുണ്ട്.൧.ലിപി പരിഷ്കരണത്തെ തുടര്‍ന്ന് പുതിയ ലിപി,പഴയലിപി എന്നിങ്ങനെ രണ്ട് ലിപി വ്യവസ്ഥകള്‍ നിലവില്‍ വന്നു. പുതിയത്,ശാസ്ത്രീയം,പുരോഗമനാത്മകം എന്നിവയെല്ലാം വിവേചനശൂന്യമായി ചേര്‍ത്തുകാണുന്ന മലയാളികളുടെ ആധുനികതാഭിനിവേശമാണ് ആദ്യത്തേത്.
൨.അഴിമതി നിറഞ്ഞ ഭരണസംവിധാനമാണ് രണ്ടാമത്തേത്. ഏത് വാങ്ങലിലും കിട്ടാനുള്ള കമ്മീഷന്‍ ടൈപ്പ് റൈറ്റര്‍ വാങ്ങലില്‍ നേരത്തെ പറഞ്ഞ ആധുനികതാഭിനിവേശത്തോടൊപ്പം ആവേശംകൂട്ടി.പലതരം കീബോര്‍ഡ് ലേഔട്ടുപളുള്ള അശാസ്ത്രീയത ഇതിന്റെ ഭാഗമായി നിലവില്‍ വന്നത് ഈ ആവേശത്തില്‍ എല്ലാവരും അവഗണിച്ചു.
പുതിയലിപി പാഠപുസ്തകത്തില്‍ വന്നതിനെത്തുടര്‍ന്ന് എഴുത്ത് ജനാധിപത്യവല്ക്കരിക്കപ്പെട്ടു എന്നു തമാശ പറയാറുണ്ട്.എങ്ങനെ എഴുതിയാലും തെറ്റില്ല. കാരണം ഒരു വാക്കിന് പലതരം എഴുത്തുരീതികള്‍ പലരും പലതരം ന്യായങ്ങള്‍ പറഞ്ഞ് പ്രയോഗത്തില്‍ കൊണ്ടുവന്നിരുന്നു.,സ്തൂളുകളില്‍ ഇംഗ്ലീഷും ഹിന്ദിയും സ്പല്ലിംഗ് തെറ്റിക്കാതെ എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ മലയാളത്തിന് അതു വേണ്ട എന്ന അവസ്ഥയാണ്. ചെറിയ ക്ലാസ്സുകളില്‍ കേട്ടെഴുത്ത് എന്ന ഒരു പരീക്ഷാരീതിയുണ്ടായിരുന്നത് മലയാളത്തിന് സാദ്ധ്യമല്ല എന്ന അവസ്ഥ വന്നപ്പോള്‍ ടീച്ചര്‍മാര്‍ അതു നിറുത്തി.പ്രബുദ്ധരായ രക്ഷാകര്‍ത്താക്കള്‍ കൊണ്ടുവരുന്ന ന്യായങ്ങള്‍ക്കു മറുപടി പറയാന്‍മാത്രം കെല്പുള്ള ബുദ്ധിജീവികളല്ല കാശുകൊടുത്തു ടി.ടി.സിയും ജോലിയും വാങ്ങിയ ടീച്ചര്‍മാര്‍.
പരിഷ്കാരത്തില്‍ മലയാളികള്‍ക്കുള്ള ആവേശം ഒരു കാലത്തും കുറവായിരുന്നില്ല.ലിപിപരിഷ്കരണം നടന്ന കാലഘട്ടത്തില്‍ പരിഷ്കരണത്തിന് നിര്‍ദ്ദേശങ്ങളുമായി കുതിച്ചെത്തിയ നിരവധി പേരുണ്ടായിരുന്നു.പലരുടേതും നിഷ്കളങ്കമായ ആവേശമായിരുന്നു. ഒരു കാര്യം മലയാളം മരിച്ചു പോകുന്നെങ്കില്‍ ഇത്തരം പരിഷ്കരണങ്ങളിലൂടെയാവും അതു സംഭവിക്കുക.
എന്നാല്‍ പരിഷ്കരണം ഒരു ബാധയായിത്തീര്‍ന്ന ചിലര്‍ അവരുടെ മരണം വരെ നിരന്തം ലിപി പരിഷ്കരിക്കാന്‍ തീരുമാനിച്ച് നടക്കുന്നുണ്ട്.അവരുടെ ന്യായം ഇതാണ്.ഉച്ചരിക്കുന്നതുപോലെ കൃത്യമായി എഴുതുന്നില്ല. എല്ലാ എഴുത്തും കൃത്യമായി ഉച്ചരിക്കുന്നില്ല. അതിനാല്‍ ഇനിയും ലിപി ശരിപ്പെടുത്താനുണ്ട്. അതിന്റെ ഭാഗമായി ചില്ലുകള്‍ക്കു ശേഷം എഴുത്തില്‍ വ്യഞ്ജനത്തിന്റെ ഇരട്ടിപ്പു വേണ്ട എന്ന സിദ്ധാന്തമായിരുന്നു.പി.ഗോവിന്ദപ്പിള്ള,നമ്പൂകിരിപ്പാട് എന്നിവര്‍ ഈ പരിഷ്കാരനിര്‍ദ്ദേശത്തില്‍ ആവേശഭരിതരായി ദേശാഭിമാനി പത്രത്തില്‍ ഇത് പ്രയോഗിച്ചു നോക്കി.പക്ഷെ കുറച്ചു കാലത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഈ പരിഷ്കരണത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. സി.പി.എം പോലെയുള്ള ഒരു വന്‍ പാര്‍ട്ടിസംവിധാനം ഉപയോഗിച്ച് നടപ്പിലാക്കാന്‍ പുറപ്പെട്ട ഒരു പരിഷ്കരണപരിശ്രമത്തിന്റെ കഥയാണിത്.കേരള സര്‍വ്വകലാശാല ഭാഷാശാസ്ത്രവിഭാഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് തോന്നും പോലെ പരിള്കരിക്കാനുള്ളതല്ല മലയാളഭാഷ എന്ന് ഇത്രയായിട്ടും മനസ്സിലായിട്ടില്ലാത്തവര്‍ വിശ്രമിക്കുന്നില്ല. സിബു അവരോടൊപ്പം പോകേണ്ട കാര്യമില്ല. അവര്‍ക്കു കര്‍മ്മം വേറെ നമ്മുക്കു കര്‍മ്മം വേറെ.
സിബു നിര്‍ദ്ദേശിച്ച രീതിയില്‍ മലയാളം എഴുതി പ്രസിദ്ധീകരിക്കാന്‍ ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ചുകൊടിക്കുക. എന്തു സംഭവിക്കും എന്നു നോക്കുക.
വിശ്വം ഉല്‍കണ്ഠപ്പെടുന്നതു പോലെ ഭാഷയുടെ മരണത്തെക്കുറിച്ച് ഉല്‍കണ്ഠപ്പെടേണ്ട. കേരളത്തിനകത്തു കഴിയുന്ന മലയാളികള്‍ ഭൂരിപക്ഷവും ഇതല്ലാത്ത മറ്റൊരു ഭാഷയും കൈകാര്യം ചെയ്യാനാകാത്തവരാണ്.‍
ഇടയ്കിടെ തങ്ങളുടെ ഭാഷ പരിഷ്കരിച്ചില്ലെങ്കില്‍ മോശമാണ് എന്ന് അവര്‍ കരുതുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ സ്വന്തം പദവിയും സ്വാധീനവും ഉപയോഗിച്ച് വിശ്രമവേളകളില്‍ റിട്ടയേര്‍ഢ് പ്രൊഫസ്സറും കൂട്ടുകാരും പരിഷ്കരണത്തിന് ശ്രമിച്ചു കൊണ്ടേയിരിക്കും, അവരുടെ വഴിയെ പോകാതിരിക്കുക.കാരണം അവര്‍ക്കു നിലനില്പന് വേറെ വഴികളോന്നുമില്ല.താങ്കള്‍ അങ്ങനെയല്ല.സീബുവും അങ്ങനെയല്ല.

Submitted by kevinsiji on Mon, 2006-09-18 13:12.

പുറംവിഷയം(പുവി.): പോള്‍ ഒരു കാര്യം ചെയ്യുമോ? സംവാദത്തിലെ ഓരോ മറുപടികളുടെയും തിയ്യതിയും സമയവും കൂടി കാണിക്കാന്‍ സംവിധാനമുണ്ടാക്കാമോ?

Submitted by baburaj on Mon, 2006-09-18 21:13.

ഡോ. മഹേഷിന്റെ മറുപടി എപ്പോള്‍ പോസ്റ്റ് ചെയ്റതാണാവോ? എങ്കിലും വായിച്ചത് ഇപ്പോഴായതു കൊണ്ട് ചില സംശയങ്ങള്‍ തോന്നുന്നു.
“ഒരു പ്രശ്നവുമില്ലാത്തത് എന്നു തന്നെ പറയാവുന്ന ഒരു ലിപി വ്യവസ്ഥയെ ടൈപ്പ് റൈറ്ററിനു പാകത്തിലാക്കാന്‍ തീരുമാനിച്ചാണ് നമ്മുടെ ഓര്‍മ്മയിലെ വലിയ ലിപി പരിഷ്കരണം നടത്തിയത്.”
-നമ്മുടെ ലിപി വ്യവസ്ഥയ്ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലേ? പോകുന്നത. വരുന്നത.. എന്നൊക്കെ പഴയ പ്രിന്റുകളില്‍ കാണാനുണ്ട്. മീത്തല്‍ കണ്ടത്തില്‍ വര്‍ഗീസുമാപ്പിളയുടെ കണ്ടെത്തലായിരുന്നു എന്നാണ് ഭാഷാപോഷിണി എഴുതിയത്. ഇപ്പോളിതാ 1847ലെ രാജ്യസമാചാരത്തില്‍ തന്നെ മീത്തല്‍ ഉണ്ടായിരുന്നു എന്ന് ചമ്പാടന്‍ വിജയന്‍. കാതലായ ഒരു പ്രശ്നമാണത്.. ലിപി വ്യവസ്ഥപ്പെട്ടിരുന്നെങ്കില്‍ ഇതെങ്ങനെ വന്നു?

“എങ്ങനെ എഴുതിയാലും തെറ്റില്ല. കാരണം ഒരു വാക്കിന് പലതരം എഴുത്തുരീതികള്‍ പലരും പലതരം ന്യായങ്ങള്‍ പറഞ്ഞ് പ്രയോഗത്തില്‍ കൊണ്ടുവന്നിരുന്നു.,സ്തൂളുകളില്‍ ഇംഗ്ലീഷും ഹിന്ദിയും സ്പല്ലിംഗ് തെറ്റിക്കാതെ എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ മലയാളത്തിന് അതു വേണ്ട എന്ന അവസ്ഥയാണ്. ”
-ഡോക്ടറിപ്പോള്‍ ചെറിയ ക്ലാസ്സിലെ മലയാളം വാദ്ധ്യാരെ പോലെ സംസാരിക്കുന്നു. ഭാഷണമാണ് എഴുത്തെന്നു ചോംസ്കി. പുതിയ ഭാഷാശാസ്ത്ര തത്ത്വങ്ങള്‍ മനസ്സിലാക്കിയ ഒരാളിന്, കുട്ടികളെ മണലിലെഴുതി പഠിപ്പിക്കണം എന്നു പറയാനാവില്ല. പത്മം എന്ന് എന്നെക്കൊണ്ട് 500 പ്രാവശ്യം ഇമ്പോസിഷന്‍ എഴുതിച്ചിട്ടുണ്ട് എട്ടാം ക്ലാസിലെ അദ്ധ്യാപിക. പന്മന സാറിന്റെ ക്ലാസിലിരുന്നപ്പോഴാണ് പദ്മമാണ് ശരി എന്നു മനസ്സിലാവുന്നത്. ഇനി മലയാളത്തിന്റെ ഉച്ചാരണരീതികളില്‍ ആഴമുള്ള ഗവേഷണം നടന്നാല്‍ പത്മം തന്നെയാണ് ശരി എന്നു വന്നു കൂടായ്കയില്ല. അപ്പോള്‍ പറഞ്ഞു വന്നത് ശരി എന്ന കാഴ്ചപാട് ആപേക്ഷികമാണെന്നാണ്. വ്യാകരണം പാടിയുറപ്പിച്ചിരുന്ന കാലത്തിന് ചില പ്രത്യയശാസ്ത്രങ്ങളും ലക്ഷ്യങ്ങളുമുണ്ടായിരുന്നു. കിങ്സ് ഇംഗ്ലീഷ് പോലെ.. എസ് എം എസ് കാലഘട്ടത്തില്‍ അതിനനുസരിച്ചുള്ള ഭാഷ..

“ഒരു കാര്യം മലയാളം മരിച്ചു പോകുന്നെങ്കില്‍ ഇത്തരം പരിഷ്കരണങ്ങളിലൂടെയാവും അതു സംഭവിക്കുക.”
- എത്ര അപകടകരമായ നിരീക്ഷണം! പുതിയ ലിപി പോലുള്ള പരിഷ്കരണമാണ് ഡോക്ടര്‍ ഉദ്ദേശിച്ചതെങ്കിലും ഈ വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തി വലുതാണ്. ഇതേ വാക്യം പുതുലിപി പ്രണയിതാക്കള്‍ ഉപയോഗിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം എന്തായിരിക്കും? പഴയതിലേയ്ക്ക് തിരിച്ചു പോകണം എന്നു വാദിക്കുന്നവരുടെ ശ്രമങ്ങളെയെല്ലാം ഒറ്റയടിയ്ക്ക് തീരില്ലേ? യാഥാസ്ഥിതികമായ മനസ്സിനെ അത്തരമൊരു ചിന്തപറ്റൂ.. പരിഷ്കരണങ്ങള്‍ വേണം. പക്ഷേ അതിനു പിന്നില്‍ വിവേകവും അറിവും വേണം. തെറ്റുകള്‍ നൂറ്റാണ്ടു കഴിഞ്ഞ് കണ്ടെത്തിയാല്‍ തിരുത്താനുള്ള ആര്‍ജവം വേണം. സിബു ഒരു ഏകീകൃത കോഡുണ്ടാക്കുന്നതിനെപ്പറ്റിയാണ് പറഞ്ഞത്. അതു വേണം. വരമൊഴി ചെയ്യുന്നതു പോലെ ഒരു പാട് തിരുത്തുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമുള്ള വഴിതുറന്നിട്ടു കൊണ്ട്. അല്ലാതെ എല്ലാം മഹാഭാരത്തിലും പിന്നെ ഇവിടെയുമുണ്ട്.. അതൊന്നു വായിച്ചു പഠിച്ചാല്‍ മാത്രം മതി എന്നു പറയുന്നത്......അപകടം വാതുറക്കുന്നതു പോലെയാണ്.. അതു ആരു പറഞ്ഞാലും...

Submitted by ralminov on Tue, 2006-09-19 02:53.

ഇനി പുതിയ ഒരു മലയാളവും കൂടി വേണമെന്നാണോ !!!
ഒരു ഫോണയാളം !!!

Submitted by baburaj on Tue, 2006-09-19 15:02.

പരിഹാസം ചര്‍ച്ചയാവില്ല. വട്ടെഴുത്തും കോലെഴുത്തും മലയാണ്മയും കഴിഞ്ഞാണ് ഇന്നു കാണുന്ന ലിപിയിലെത്തിയത്. അതും എത്രമാറി...ഓരോ മാറ്റത്തിനും ഓരോ ആരെങ്കിലുമൊക്കെ ഇനിയും പുതിയ മലയാളമോ എന്നു ചോദിച്ചിരിക്കും.. സംശയമില്ല. മിന്‍സ്ക്രിപ്റ്റിനെക്കുറിച്ചു നടന്ന വാദത്തില്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചതാണ്.. അവരവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളോട് താത്പര്യം.. മറ്റുള്ളവര്‍ മറ്റുള്ളതൊക്കെ എന്തിനുപയോഗിക്കുന്നു എന്ന പുച്ഛം...നമ്മുടെ സങ്കുചിതത്വം മനസ്സിലാവണമെങ്കില്‍ ചരിത്രത്തിലൂടെ സഞ്ചരിക്കണം. അപ്പോള്‍ സിബുവിനെപ്പോലൊരാള്‍ (കെവിനെയും രാജിനെയും ഹുസ്സൈനെയും മറക്കുന്നില്ല) പറയുന്നതിന്റെ പൊരുള്‍ മനസ്സിലാക്കുകയാണു വേണ്ടത്.. കുറച്ച് ബുദ്ധിമുട്ടിയായാലും.. വികാരം മാത്രമാണ് മുടക്കു മുതലെങ്കില്‍ അത് നമ്മെ ഒരിടത്തും എത്തിക്കില്ല...

Submitted by ralminov on Tue, 2006-09-19 17:11.

ഇപ്പോള്‍ തന്നെ ഓപ്പണ്‍ടൈപ്പ് കോഡ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഓര്‍ത്തിട്ടാണ് ഇനിയൊരു മലയാളം കൂടി എന്ന് കേട്ടപ്പോള്‍ അങ്ങനെ എഴുതിപ്പോയത്... അടി കൂടാന്‍ ഇപ്പോഴേ ധാരാളം വിഷയമുള്ളപ്പോള്‍ പുറത്ത് നിന്നും ഇനിയും എടുക്കണോ?

Submitted by baburaj on Tue, 2006-09-19 23:25.

അടിയോ.. ആരോട്..?
ഇതാണു പ്രശ്നം.. ആര്‍ക്കും ചോദ്യങ്ങള്‍ ഇഷ്ടമല്ല....എഴുതുന്ന മറുപടിയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും വയ്യ. അനുഗ്രഹം ...ആശിസ്... ഇങ്ങനെയുള്ള കാര്യങ്ങളിലാണ് കൂടുതല്‍ താത്പര്യം.. ഞാന്‍ മനസ്സിലാക്കി വച്ചിരിക്കുന്നതു തെറ്റാണൊ എന്നറിയുക അത്രേയുള്ളൂ എന്റെ ഉദ്ദേശ്യം ...പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഉണ്ടായി പോകുന്ന സംശയങ്ങള്‍ക്ക് ഞാന്‍ എന്തു ചെയ്യണം..?
ചിരിച്ചുകൊണ്ട് സംസാരിക്കുക ആരെയും വേദനിപ്പിക്കാതെയിരിക്കുക എന്നതൊക്കെയാണ് മാന്യതയെങ്കില്‍ ...ശരി.. അങ്ങനെ... എനിക്ക് ആ വഴി ഇതുവരെ ബോദ്ധ്യപ്പെട്ടിട്ടില്ല.. നല്ലതു കണ്ടാല്‍ ബഹുമാനിക്കാമെന്നല്ലാതെ..
ശരി നിങ്ങള്‍ കുറച്ചുപെരു സംസാരിച്ചോളൂ.. ഞാന്‍ പോകുന്നു..

Submitted by ralminov on Wed, 2006-09-20 01:52.

ശരിയാണ്, ഇവിടെ ആര്‍ക്കും ചോദ്യങ്ങള്‍ ഇഷ്ടമല്ല.
മലയാളം കീബോര്‍ഡിനെ പറ്റി സംസാരിച്ചപ്പോള്‍ എനിക്ക് ഈ വസ്തുത ബോദ്ധ്യമായതാണ്.
നമുക്ക് ഇംഗ്ലീഷ് ഉണ്ടല്ലോ.. എന്തിന് മലയാളം എന്ന ഒരു ലൈന്‍..
എന്നിട്ടും ഞാന്‍ പോയില്ല.. അടി കൂടുക എന്ന് പറഞ്ഞത് തര്‍ക്കത്തിലേര്‍പ്പെടുക എന്ന സംശുദ്ധ ഭാഷയിലേക്ക് മാറ്റിയാല്‍ പ്രശ്നം തീരുമോ...

Submitted by mangalat on Wed, 2006-09-20 17:57.

മലയാളത്തിന്റെ ലിപിവ്യവസ്ഥയ്ക്ക് അവ്യവസ്ഥിതത്വം ഉണ്ടായിരുന്നുവെന്ന വാദം ആര് ഉന്നയിക്കുന്നുവെന്നതും അതിന്റെ ഉദ്ദേശ്യം എന്ത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.ലിപി പരിഷ്കരണത്തിലൂടെ യുക്തിസഹമായ ഒരു വ്യവസ്ഥയെ അലങ്കോലപ്പെടുത്തി നശിപ്പിച്ച ഒരാള്‍ തന്റെ അസംബന്ധചെയ്തിയെ നീതീകരിക്കാന്‍ പറയുന്നതും ഭാഷ കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നേരിടുന്ന പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതും ഒരുപോലെയല്ല കാണേണ്ടത്. ഏതൊരു വാദമുഖവും ഉന്നയിക്കപ്പെടുന്ന സന്ദര്‍ഭവും ആര് ഉന്നയിക്കുന്നുവെന്നതും പ്രധാമാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ടൈപ്പ് റൈറ്റര്‍ എന്ന ഉപകരണത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലായിരുന്നില്ല മലയാളലിപി എന്നതിനാലാണ് ലിപി പരിഷ്കരണത്തിനുള്ള ശ്രമം ഉണ്ടായത്. അല്ലാതെ മറ്റൊരു കാരണം കൊണ്ടല്ല. അതിനെ കണ്ടത്തില്‍ വറുഗീസ് മാപ്പിള നടത്തിയ മാനകീകരണശ്രമവുമായി ചേര്‍ത്തു പറയാവുന്നതല്ല. അതിനു മുമ്പ് അച്ചടിക്കാന്‍ വേണ്ടി ബെഞ്ചമിന്‍ ബെയ്‍ലി അച്ചുകള്‍ ഉണ്ടാക്കുമ്പോള്‍ അദ്ദേഹം മുമ്പില്ലാത്ത രൂപസൌഷ്ഠവം മലയാളലിപിക്കു നല്കി.മലയാളലിപികളുടെ മനകീകരണത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് ബെയ്‍ലിയുടെ അച്ച് നിര്‍മ്മാണം. ഇതെല്ലാം പ്രായോഗികപ്രവര്‍ത്തനത്തിനിടയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളാണ്. കടുത്ത അവ്യവസ്ഥിതത്വം നിലനില്ക്കുന്നുവെന്നതിനാല്‍ അതിനൊരു പരിഹാരം ഉണ്ടാക്കിക്കളയാം എന്നു കരുതിയല്ല അവര്‍ അതിനു ശ്രമിച്ചത്.
എന്‍ ‍.വി.കൃഷ്ണവാര്യര്‍ക്ക് ലിപി പരിഷ്കരണത്തെക്കുറിച്ച് പ്രയോഗത്തില്‍ വരുത്തിയിട്ടില്ലാത്ത ചില സങ്കല്പങ്ങളുണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.ഏഷ്യാനെറ്റ് ലേഖകന്‍ മാങ്ങാട് രത്നാകരന്‍ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പരിഷ്കരണം ഒരു ബാധയായി മനസ്സില്‍ കൂടിയ ദുബ്ബലമനസ്കര്‍ക്ക് പരിഷ്കരിച്ചു കളിക്കാനുള്ളതല്ല ഒരു ജനതയുടെ ഭാഷ. അവരുടെ പ്രശ്നങ്ങള്‍ക്ക് ഭാഷ നശിപ്പിച്ചല്ല പരിഹാരം കണ്ടെത്തേണ്ടത്.
കേരള സര്‍വ്വകലാശാല ഭാഷാശാസ്ത്രവിഭാഗം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ അധികാരികളില്‍ ചിലര്‍ മേല്പറഞ്ഞ ബാധയുള്ളവരായിരുന്നു. എന്നാല്‍ ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യാനുള്ള ഒരു യോഗ്യതയും അവര്‍ക്കില്ലായിരുന്നു. ഇപ്പോഴുമില്ല. അവര്‍ പറഞ്ഞ വാക്കുകള്‍ തന്നെ വസ്തുതകള്‍ വിശദീകരിക്കും.സാമ്പിളിന് ഒന്നു എടുത്തു കാണിക്കാം: മലയാളത്തിലെ ലിപിചിഹ്നങ്ങുടെ ആധിക്യം പുതിയ സാഹചര്യത്തില്‍ ഭാഷയ്ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കും. കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇത്രയധികം ലിപിചിഹ്നങ്ങളുമായി മലയാളത്തിന് കഴിയാന്‍ സാധിക്കില്ല. ഡിജിറ്റല്‍ കാലഘട്ടത്തില്‍ മലയാളത്തിന്റെ ഭാവി ഇരുളടഞ്ഞു പോകും.
അവര്‍ നിര്‍ദ്ദേശിക്കുകയും നിലനിര്‍ത്തണമെന്നു വാദിക്കുകയും ചെയ്യുന്ന പുതിയ ലിപി എന്ന വൈകൃതം വളരെക്കൂടിയ അളവില്‍ ഒഴിവാക്കി സിഡാക്ക് ഐ എസ് എം പരമ്പരയിലെ സോഫ്റ്റ്‍വേറുകള്‍ വിപണിയിലിറക്കി മലയാളികള്‍ ഉപയോഗിച്ചു തുടങ്ങിയ കാലത്താണ് ഈ വിവരക്കേട് വിളിച്ചു പറയുന്നത്. പിരിച്ചെഴുതണം എന്നു പറഞ്ഞ കൂട്ടക്ഷരങ്ങളില്‍ ഏറെയും കൂട്ടക്ഷരങ്ങളായി അച്ചടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉ, ഋ ,രേഫം ചേരുന്ന സന്ദര്‍ഭങ്ങള്‍ എന്നിവകൂടിയായാല്‍ പുതിയ ലിപി തന്നെയില്ലാതാകും എന്ന അവസ്ഥ വന്നു.മേല്പറഞ്ഞവരുടെ വാദങ്ങള്‍ വിവരക്കേടിനപ്പുറത്താണെന്ന് രചന അക്ഷരവേദി രചന എന്ന ടെക്‍സ്റ്റ് എഡിറ്റര്‍ നിര്‍മ്മിച്ച് കാണിച്ചു കൊടുത്തു.
യൂനിക്കോഡ് കണ്‍സോര്‍ഷ്യത്തിന് ഈ വിദ്വാന്മാരുടെ ഉപദേശം കേട്ട് കേരള സര്‍ക്കാര്‍ ഒരു ഡോക്യുമെന്റ് മുമ്പ് അയച്ചു കൊടുത്തിരുന്നു. ബാബുരാജ് ദയവായി അന്വേഷിച്ചു നോക്കുക, എന്തായിരുന്നു അതിന്റെ ഉള്ളടക്കം എന്നും അതിന് എന്ത് പറ്റിയെന്നും.
പുതിയ ലിപി എന്ന വൈകൃതം എന്നെന്നേക്കുമായി ഇല്ലാതാകാന്‍ പോകുന്നുവെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു പറ്റം വിവരദോഷികളുടെ അസംബന്ധം ഇപ്പോഴെങ്കിലും ഇല്ലാതാകുന്നുവല്ലോ എന്നത് സന്തോഷിക്കാനുള്ള ഒരു വിഷയമാണ്.
ഇനി ഒരു ചോദ്യമാണ്: എന്തൊക്കയായിരുന്നു മലയാളലിപിക്ക് ലിപി പരിഷ്കരണസമയത്ത് ഉണ്ടായിരുന്ന അവ്യവസ്ഥിതത്വങ്ങള്‍ ? അത്തരം അവ്യവസ്ഥിതത്വം ലിപി പരിഷ്കരണത്തിലൂടെ പരിഹരിക്കപ്പെട്ടുവോ? അതിന്റെ വിശദാംശങ്ങള്‍ ഒന്ന് എന്നെപ്പോലെയുള്ള അജ്ഞന്മാര്‍ക്ക് മനസ്സിലാക്കാനായി ഒന്ന് പരസ്യപ്പെടുത്താമോ.
കണ്ടത്തില്‍ വറുഗീസുമാപ്പിളയുടെ മാനകീകരണത്തിന്റെ കഥ ചമ്പാടന്‍ വിജയനെ ഉദ്ധരിച്ച് താങ്കള്‍ തന്നെ തീര്‍ത്തിട്ടുണ്ടല്ലോ.നന്ദി.

Submitted by ralminov on Fri, 2006-09-22 00:22.

എഴുത്തുലിപിയല്ല അല്ലേ... ഉച്ചാരണലിപി !!
അപ്പാള്‍ മകന്‍ മഗന്‍ ആവും, ചിരവ ചെരവ ആവും, മുറം മൊറം ആവും അല്ലേ...
ഭരണി എന്താവും? ഫരണിയോ ബരണിയോ?

പരിഹാസമല്ലെന്ന് മുന്‍കൂര്‍ജാമ്യം..