തര്‍ജ്ജനി

പുസ്തകം

തടവറക്കവിതകളും വാര്‍ത്തയില്ലാത്ത ഒരു ദിവസവും

ആസുരമായ കാലം വ്യക്തികളിലും മനുഷ്യബന്ധങ്ങളിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണു് രാത്രിയിലെ അവസാനയാത്രക്കാരന്‍ എന്ന വി. കെ. പ്രഭാകരന്റെ നാടകസമാഹാരത്തിലെ ഓരോ നാടകത്തിന്റേയും പ്രഭവബിന്ദു. അഞ്ചാം മുദ്ര, സര്‍പ്പസത്രം, ഒരു ദു:ഖത്തിന്റെ മറുതീരം, മിന്നാമിനുങ്ങുകളുടെ പകല്‍, സ്വാശ്രയം, പൂവിളി, രാത്രിയിലെ അവസാന യാത്രക്കാരന്‍ എന്നിവയാണു് ഈ സമാഹാരത്തിലെ നാടകങ്ങള്‍. അപരനെ ഒറ്റിക്കൊടുക്കുന്നതിലൂടെ മാത്രം അതിജീവനം സാദ്ധ്യമാകുന്ന വിഷമസന്ധിയിലകപ്പെട്ട സാധാരണമനുഷ്യരാണു് അഞ്ചാം മുദ്രയിലെ കഥാപാത്രങ്ങള്‍. പ്രഭാകരന്റെ ഓരോ രചനയും അതിന്റെ ആന്തരമായ സൂക്ഷ്മരാഷ്ട്രീയത്താല്‍ മൌലികമായ വ്യതിരക്തത പുലര്‍ത്തുന്ന രംഗാവതരണങ്ങളായി മാറുന്നു.

വര്‍ത്തമാനകാലനാടകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതി.
രാത്രിയിലെ അവസാനയാത്രക്കാരന്‍
ഗ്രന്ഥകര്‍ത്താവ് : വി. കെ. പ്രഭാകരന്‍
നൂറ്റിനാലു് പുറങ്ങള്‍
വില 60 രൂപ
പ്രസാധനം : സൈന്‍ ബുക്സ്, തിരുവനന്തപുരം 11

അടിയന്തരാവസ്ഥക്കാലത്തു് തടവിലാക്കപ്പെട്ട നക്സലൈറ്റ് തടവുകാര്‍ എഴുതിയ കവിതകളില്‍ നിന്നും തെരഞ്ഞെടുത്ത രചനകള്‍. 1977ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടാം പതിപ്പു്. ഈ പതിപ്പിനു് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ശോണമുദ്ര എന്ന ആമുഖക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു : കാലം മാറി. ലോകവും. യാഥാര്‍ത്ഥ്യത്തിന്റെ പാറക്കെട്ടിടിലിടിച്ചു് സ്വപ്നത്തിന്റെ കപ്പല്‍ തകര്‍ന്നുപോയി. എങ്കിലും തോറ്റവര്‍ക്കും ചരിത്രമുണ്ടു്. തോല്‍വിക്കും കവിതയുണ്ടു്. വിജയികളുടെ ലോകത്തില്‍ ഈ പുസ്തകം പരാജയത്തിന്റെ വിലയെന്തു് എന്നു് ഓര്‍മ്മിപ്പിക്കുന്നു.
ആദ്യപതിപ്പിനു് പി. ഉദയഭാനു എഴുതിയ ആമുഖക്കുറിപ്പിനോടൊപ്പം കെ. എ. മോഹന്‍ദാസ്, കെ. എച്ച്. ഹുസ്സൈന്‍, സിവിക് ചന്ദ്രന്‍, സി.എസ്.വെങ്കിടേശ്വരന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ കുറിപ്പുകളും കവികളുടെ സംവാദവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ധീരമായ ചെറുത്തുനിലിന്റെ ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമാണു് ഈ പുസ്തകം കാഴ്ചവെക്കുന്നതു്.
തടവറ കവിതകള്‍
എഡിറ്റര്‍ : സിവിക് ചന്ദ്രന്‍
നൂറ്റിപ്പതിനൊന്നു് പുറങ്ങള്‍
വില 75 രൂപ
പ്രസാധനം : ഫ്ലെയിം ബുക്സ്, തൃശ്ശൂര്‍

കേരളകൌമുദിയില്‍ നിന്നും വിരമിച്ച പത്രപ്രവര്‍ത്തകനായ കെ.പി.സദാനന്ദന്‍ നഗരപ്രദക്ഷിണം, സാംസ്കാരികസായാഹ്നം എന്നീ പംക്തികളില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ സമാഹാരമാണു് ഈ പുസ്തകം. ഋജുവും സരസവുമായ പ്രതിപാദനംകൊണ്ടു് ആകര്‍ഷകമായ ഈ പത്രക്കുറിപ്പുകള്‍ക്കു് അവ എഴുതപ്പെട്ട കാലത്തെ അടയാളപ്പെടുത്തുന്നവ എന്ന നിലയില്‍ പ്രാധാന്യമുണ്ടു്. എന്‍. രാമചന്ദ്രന്റെ അവതാരിക.
വാര്‍ത്തയില്ലാത്ത ഒരു ദിവസം
ഗ്രന്ഥകര്‍ത്താവു് : കെ.പി.സദാനന്ദന്‍
അമ്പത്താറു് പുറങ്ങള്‍
വില 50 രൂപ
പ്രസാധനം : ഫ്ലെയിം ബുക്സ്, തൃശ്ശൂര്‍
Subscribe Tharjani |