തര്‍ജ്ജനി

മുഖമൊഴി

ഒഴിഞ്ഞ കസേരകള്‍

മാര്‍ച്ച്മാസം യാത്രയയപ്പുകളുടെ കാലമാണു്. പത്രത്താളുകളില്‍ അടുത്തൂണ്‍പറ്റി വിരമിക്കുന്നവരുടെ വിവരങ്ങള്‍ നിറയും. അതിന്റെ വിശേഷങ്ങള്‍ പത്രത്താളുകളുടെ മാര്‍ച്ച്മാസവിഭവമാണു്. ചിത്രങ്ങള്‍, യാത്രയയപ്പു്‌യോഗവാര്‍ത്തകള്‍, വിരമിക്കുന്നവരുടെ അപദാനങ്ങള്‍ ...... സര്‍വ്വീസ് സംഘടനാ നേതാക്കള്‍, ഔദ്യോഗികകൃത്യനിര്‍വ്വഹണത്തോടൊപ്പം പൊതുജനസേവനം നടത്തിയവര്‍ എന്നിവര്‍ തുടങ്ങി ചടങ്ങു് നിര്‍വ്വഹിച്ചുപോയവര്‍ വരെ വാര്‍ത്താവിഷയമാകുന്ന ഒരു മാര്‍ച്ചുമാസമാണു് കടന്നുപോയതു്. ഇത്തവണ വിവരമിക്കലിന്റെ പ്രത്യാഘാതത്തെക്കുറിച്ചു് അങ്ങിങ്ങായി ചില വര്‍ത്തമാനങ്ങള്‍ ഉണ്ടായി എന്നതു് ശ്രദ്ധേയം. പിരിഞ്ഞുപോകുന്നയാള്‍ക്കു് തനിക്കുശേഷം തന്റെ ചുമതല ആരു് വഹിക്കുന്നു എന്നു നോക്കാനുള്ള ബാദ്ധ്യത സര്‍വ്വീസ്ചട്ടങ്ങള്‍ അനുസരിച്ചു് ഇല്ല. അതിനാലാവാം വലിയ അവകാസസമരങ്ങളുടെ നായകന്മാരായിരുന്നവര്‍ വിരമിക്കുമ്പോള്‍ പോലും തന്റെ ഒഴിവും തന്നെപ്പോലെ വിരമിച്ചവരുടെ ഒഴിവുകളും എങ്ങനെ നികത്തപ്പെടുന്നുവെന്നു് ഉത്കണ്ഠപ്പെടാത്തതു്.

കൂട്ടവിരമിക്കല്‍ ഭരണപ്രതിസന്ധിയുണ്ടാക്കും എന്നു് പ്രതിപക്ഷവും, ഒരു പ്രതിസന്ധിയും ഉണ്ടാവില്ലെന്നു് ഭരണപക്ഷവും പറയുന്നുണ്ടു്. ഇവിടെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദപ്രയോഗമുണ്ടു്. ഭരണപ്രതിസന്ധി! എന്താണ് ആ വാക്കുകൊണ്ടു് അര്‍ത്ഥമാക്കുന്നതെന്നു് രണ്ടു് പക്ഷവും വിശദീകരിക്കേണ്ടതാണു്. ഒരു സര്‍ക്കാരാപ്പീസിലെ ഉദ്യോഗസ്ഥരില്‍ നാലുപേര്‍ പിരിയുമ്പോള്‍ അവര്‍ക്കു പകരം ആളെ നിയമിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നം എന്താണു്? പിരിയുന്നതുവരെ അവര്‍ ചെയ്ത ജോലികള്‍ ചെയ്യാന്‍ ആളില്ലാതെ വരും. സര്‍ക്കാര്‍ ആപ്പീസുകളുടെ പ്രവര്‍ത്തനരീതി ഏതു് ആധുനികസ്ഥാപനത്തിന്റേതും എന്നതുപോലെ തൊഴില്‍വിഭജനത്തിന്റേതാണു്. ഒരാള്‍ തന്നെ എല്ലാ ജോലികളും ചെയ്യുകയല്ല, പലര്‍ പങ്കിട്ടു് പണികള്‍ തീര്‍ക്കുന്ന രീതിയാണതു്. അതില്‍ ഓരോരുത്തരുടേയും ചുമതലകളും അധികാരവും അവകാശങ്ങളും എല്ലാം കൃത്യമായി നിര്‍വ്വചിക്കപ്പെട്ടതാണു്. അങ്ങനെ നിശ്ചയിക്കപ്പെട്ട ജോലികള്‍ ചെയ്യുന്ന ശൃംഖലയില്‍ ഒരു കണ്ണി ഇല്ലാതായാല്‍ ആ ഘടനയുടെ പ്രവര്‍ത്തനം തകരാറിലാവും എന്നു് മനസ്സിലാക്കാന്‍ അതീന്ദ്രയജ്ഞാനമൊന്നും വേണ്ട, കാര്യവിവരമുണ്ടായാല്‍ മതി. ഓഫീസില്‍ നിന്നും വിദ്യാഭ്യാസസ്ഥാപനത്തിലേക്കു് ചെന്നാല്‍ ഇക്കാര്യം കുറേക്കൂടി വ്യക്തമാകും. കണക്കു് പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍ വിരമിച്ചു, പകരം ആളെ നിയമിച്ചില്ല എന്നു വരികയാണെങ്കില്‍ ഒന്നുകില്‍ കണക്കു് പഠിപ്പിക്കാനാവില്ല, അല്ലെങ്കില്‍ വിഷയവൈദഗ്ദ്ധ്യം കുറഞ്ഞ മറ്റാരെങ്കിലും മുട്ടുശാന്തിയായി ആ ജോലി ചെയ്യേണ്ടിവരും. എത്രത്തോളം സാങ്കേതികപരിജ്ഞാനം ആവശ്യമുള്ള ജോലിയാണോ, അത്രത്തോളം പ്രയാസം ഒഴിവു് നികത്തിയില്ലെങ്കില്‍ ഉണ്ടാകും. ഇതിനെ എന്തു് പേരിട്ടു് വിളിച്ചാലും പ്രശ്‌നം നിലനില്ക്കുക തന്നെ ചെയ്യും.

ഒഴിവുകള്‍ ഉണ്ടാകുന്നതു് മുന്‍കൂട്ടി അറിയാനാകുന്ന കാര്യമാണു്. ഒരാള്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതു് ഒരു നിശ്ചിതപ്രായം എത്തുന്നതോടെയാണു്. അതു് കേരളത്തിലേതുപോലെ അമ്പത്തഞ്ചാകാം, കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസിലെന്നപോലെ അറുപതാകാം, സര്‍വ്വകശാലാ അദ്ധ്യാകരുടെ കാര്യത്തിലെന്നപോലെ അറുപത്തിയഞ്ചും ആകാം. എന്തായാലും സര്‍വ്വീസിലുള്ള ഒരാള്‍ക്കു് എന്നാണു് ഇംക്രിമെന്റ് നലേ്കണ്ടതു് എന്നറിയുന്നതുപോലെ വിരമിക്കല്‍ തിയ്യതിയും അറിയാന്‍ ഒരു പ്രയാസവുമില്ല. വിരമിക്കലിനു് മുന്നോടിയായി പെന്‍ഷന്‍ കടലാസ്സുകള്‍ ശരിയാക്കും. അപ്പോഴെങ്കിലും ഒരു വിരമിക്കല്‍ വരാന്‍ പോകുന്നുവെന്നും, അതിന്റെ ഫലമായി ഒഴിവുണ്ടാകുമെന്നും ആ ഒഴിവു് നികത്തേണ്ടതാണെന്നും മനസ്സിലാക്കാന്‍ കഴിയും. പക്ഷെ, കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ ഇത്തരം കഴിവുകള്‍, അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യപ്രാപ്തി എന്നിവയെല്ലാം അപ്രത്യക്ഷമായിരിക്കയാണു്. പുതിയ നിയമനങ്ങള്‍ നടത്താതിരിക്കുക, ഒഴിവുകള്‍ അനിശ്ചിതമായി നികത്താതിരിക്കുക എന്നതു് ഭരണരീതിയുടെ ഭാഗമായിരിക്കുന്നു. അങ്ങനെയെങ്കില്‍ ഭരണപക്ഷം പറഞ്ഞതുപോലെ പ്രതിസന്ധിയുണ്ടാവില്ല. കാരണം, ഭരണം എന്നതു തന്നെ പ്രതിസന്ധിയുണ്ടാക്കലാണെങ്കില്‍ പ്രതിസന്ധിയില്ലാതെ പോയാലാണു് ഭരണപ്രതിസന്ധിയുണ്ടാവുക.

ഭരണം നടത്തുന്നവര്‍ അധികാരികളും ജനം ആ അധികാരത്തിനു് സര്‍വ്വാത്മനാ വിധേയരായി ജീവിക്കേണ്ടവരാണു് എന്നുമുള്ള സങ്കല്പം സാമൂഹികബോധമില്ലായ്മയുടെ ലക്ഷണമാണു്. ഭരണകാര്യങ്ങളെല്ലാം ഔദ്യോഗികരഹസ്യമാണു് എന്ന മട്ടില്‍ ജനങ്ങള്‍ അതൊന്നും അറിയേണ്ടതില്ല എന്നും അത്തരക്കാര്‍ കരുതുന്നു. എല്ലാ കാര്യവും നിശ്ചയിക്കുവാന്‍ അധികാരികളായി ഞങ്ങളുണ്ടു്, നിങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ല എന്ന താന്‍പ്രമാണിത്ത മനോഭാവം ഇതിന്റെ ഉപോല്പന്നമാണു്. അധികാരം ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്നും ആ ഉത്തരവാദിത്തം നീതിപൂര്‍വ്വം നിര്‍വ്വഹിക്കുകയാണു് തന്റെ കര്‍ത്തവ്യം എന്നുമുള്ള തിരിച്ചറിവില്ലാത്ത അധികാരികളും ഉദ്യോഗസ്ഥവൃന്ദവും ജനാധിപത്യമുല്യങ്ങളുടെ കശാപ്പുകാരാണു്. അത്തരക്കാരെ നേരിടാനും നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനും കോടതിയെ ആശ്രയിക്കുകമാത്രമാണു് പൊതുജനത്തിന്റെ മുമ്പിലുള്ള വഴി. ഔദ്യോഗികകൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഒരു ഭരണം ജീര്‍ണ്ണതയുടെ പാരമ്യത്തിലാണെന്നു് മനസ്സിലാക്കാം. പൗരാവകാശവും തൊഴിലവകാശവും എല്ലാം കോടതിയില്‍ പോയി നേടേണ്ടുന്ന ഭരണക്രമം ആരാണോ കൊണ്ടുനടക്കുന്നതു് അവര്‍ ജനാധിപത്യവിരുദ്ധതയുടെ മനുഷ്യാവതാരങ്ങളാണു്.

ഇന്നു് കേരളത്തില്‍ നിയമനനിരോധനം നിലവിലുണ്ടോ. അപ്രഖ്യാപിതനിയമനനിരോധനം നിലവിലുണ്ടു് എന്നതു് സംശയരഹിതമായ കാര്യമാണു്. ഒഴിവുകള്‍ യഥാസമയം പി. എസ്. സിക്ക് നല്കാതിരിക്കുക, ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിക്കാതിരിക്കുക, പി. എസ്. സി തയ്യാറാക്കിയ നല്കിയ ലിസ്റ്റില്‍ നിന്നു് നിയമനം നടത്തുന്നതു് പരമാവധി താമസിപ്പിക്കുക എന്നിവയെല്ലാം കുറേക്കാലമായി കേരളത്തിലെ ഭരണത്തിന്റെ രീതിയാണു്. കോളേജുകളില്‍ ഒഴിവുവന്ന അദ്ധ്യാപകതസ്തികകള്‍ അനിശ്ചിതമായി ഒഴിച്ചിടാനാവില്ല എന്നതിനാല്‍ അതിനൊരു ഉപശാന്തി എന്ന നിലയിലുള്ള സംവിധാനം നിലവില്‍ വന്നിട്ടു് നാളുകള്‍ ഏറെയായി. ഗസ്റ്റ് ലക്ചറര്‍ നിയമനം എന്നാണു് അതിന്റെ പേരു്. പണ്ടൊക്കെ പ്രഗത്ഭരായ അദ്ധ്യാപകര്‍ അവര്‍ വൈദഗ്ദ്ധ്യം തെളിയിച്ച മേഖലയില്‍ പ്രത്യേകക്ലാസ്സുകള്‍ നടത്താന്‍ ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. അത്തരം ലചറുകള്‍ ഗസ്റ്റ് ലക്ചറുകളാണു്. മഹത്തായ ആ പേരു് തൊഴില്‍ ചൂഷണത്തിന്റെ മറയായി ഉപയോഗിക്കുന്ന നീചമായ പ്രവര്‍ത്തനം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ പരിഹാസ്യമായ പേക്കൂത്താക്കി മാറ്റിയിരിക്കുന്നു. തൊഴില്‍രഹിതരും അദ്ധ്യാപകനിയനമത്തിനു് യോഗ്യതയുള്ളവരുമായ ചെറുപ്പക്കാരെയാണു് ഗസ്റ്റ് ലക്ചറര്‍ എന്ന പേരില്‍ നിയമിക്കുന്നതു്. വാസ്തവത്തില്‍ അതു് ഒരു നിയമനം പോലുമല്ല, കരാര്‍ മാത്രമാണു്. ഏത് നിമിഷവും കാരണം പോലും കാണിക്കാതെ പിരിച്ചുവിടാം. വിചിത്രമായ കാര്യം, മറ്റു് അദ്ധ്യാപകര്‍ ചെയ്യുന്ന ജോലികള്‍ അതേ അളവില്‍ ചെയ്യുന്ന ഈ വിഭാഗക്കാര്‍ക്കു് തുച്ഛമായ വേതനമാണു് നല്കുന്നതു്. മണിക്കൂര്‍ കണക്കാക്കിയും ഒരു മാസത്തേക്കു് നിശ്ചിതതുകയായും നല്കുന്ന വേതനവും യു.ജി.സി നിരക്കില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ കൈപ്പറ്റുന്ന വേതനവും തമ്മില്‍ ഒരു നിലയിലും താരതമ്യം ചെയ്യാനാവില്ല. എന്നുമാത്രമല്ല, വേതനകാര്യത്തിലുള്ള ഈ വിവേചനത്തിനു് യാതൊരു സാധൂകരണവുമില്ല. യഥാകാലം നടത്തേണ്ട നിയമനം നടത്താതിരിക്കുന്ന അധികാരികളുടെ പിടിപ്പുകേടിനു് ശിക്ഷിക്കപ്പെടുന്നതു് ഈ അദ്ധ്യാപകസമൂഹമാണു്.

കേരളത്തില്‍ ഇടതുപക്ഷവും അല്ലാത്തപക്ഷവും ഒന്നുപോലെ പിന്തുടര്‍ന്നുപോരുന്ന ഒരു നീതിലംഘനത്തെക്കുറിച്ചാണു് പറഞ്ഞതു്. ഇന്നുവരെ കേരളത്തിലെ ഏതെങ്കിലും സര്‍വ്വീസ് സംഘടന ഈ നിയമലംഘനത്തിനെതിരെ ആത്മാര്‍ത്ഥമായ നിലപാടു് കൈക്കൊണ്ടിട്ടുണ്ടോ? തങ്ങളുടെ രാഷ്ട്രീയയജമാനന്മാര്‍ക്കു് പാദേസേവചെയ്യാനുള്ള തത്രപ്പാടില്‍ തൊഴില്‍ചൂഷണത്തിന്റെ കൈപ്പുനീരു് കടിക്കേണ്ടിവരുന്ന അസംഘടിതരുടെ കാര്യം ആരു് ശ്രദ്ധിക്കാന്‍? തൊഴില്‍ദായകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ മാതൃകാതൊഴില്‍ദായകനായിരിക്കണം എന്നു് പലകുറി ഇന്ത്യയിലുടനീളം പല കോടതികളും വിധികളില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ടു്. സര്‍ക്കാര്‍ സംരംഭങ്ങള്‍ എല്ലാം സാമൂഹികമായ ഉത്തരവാദിത്തനിര്‍വ്വഹണത്തിനുള്ള സ്ഥാപനമാണെന്നും അതു് മാതൃകാപരമായിരിക്കണമെന്നും നിരന്തരം കോടതികള്‍ ഓര്‍മ്മിപ്പിച്ചിട്ടും മറന്നുപോകുകയോ, അതിനെ അവഗണിക്കുകയോ ചെയ്യുന്ന ഭരണാധികാരികള്‍ ഏതു് പതാകയുടെ കീഴില്‍ നിന്നാലും ജനവിരുദ്ധരും നിയമലംഘകരുമാണു്. ഒഴിഞ്ഞുകിടക്കുന്ന ഓരോ കസേരയും ഈ തിരിച്ചറിവു് കൂടുതല്‍ ശക്തമായി വീണ്ടും വീണ്ടും നമ്മുടെ മുന്നിലെത്തിക്കുകയാണു്.

Subscribe Tharjani |