തര്‍ജ്ജനി

എം. ഗോകുല്‍ദാസ്

ഹരിതം
കോട്ടൂളി
കോഴിക്കോട്‌ - 673016
ഫോണ്‍ :- 0-77363-64488
ഇ മെയില്‍ : m.gokuldas@gmail.com

Visit Home Page ...

കഥ

അദൃശ്യം

അപായസൈറന്‍ ഒന്നിച്ചു് മുഴങ്ങുമ്പോഴേ തോന്നിയിരുന്നു ഇത്തവണ തീര്‍ച്ചയായും യുദ്ധമുണ്ടാകുമെന്നു്. കമ്പിവേലികൊണ്ടു് വേര്‍തിരിക്കുന്ന മര്‍മ്മപ്രധാനങ്ങളായ ഓരോ പ്രദേശത്തും പന്ത്രണ്ടു് ബാരക്കുകളായാണു് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതു്. കഴിഞ്ഞ യുദ്ധത്തില്‍ തന്നെ രാജ്യം കത്തിച്ചാമ്പലായി വംശനാശം വന്നെന്നു് കരുതിയതാണു്. എങ്ങും അഗ്നികുണ്ഡങ്ങള്‍, വാനോളം പൊക്കത്തില്‍ ആളിക്കത്തുന്ന എണ്ണസംസ്കരണശാലകള്‍, കത്തിയമരുന്ന വാണിജ്യകേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ ....... പരിക്കേറ്റവരേയും അംഗഭംഗം സംഭവിച്ചവരേയുംകൊണ്ടു് നിറയുന്ന ആശുപത്രികള്‍. നിരന്തരം മുഴങ്ങുന്ന അപായസൈറന്‍, വെറുതെയെങ്കിലും ഗര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന പീരങ്കികള്‍ ....... തലങ്ങും വിലങ്ങും പായുന്ന സൈനികവാഹനങ്ങള്‍ .......... ഒന്നും ഓര്‍ക്കാന്‍ വയ്യ. ഒരു വര്‍ഷമെടുത്തു ഭൂമി ഒന്നു് തണുക്കാന്‍. ഇപ്പോഴിതാ വീണ്ടും ........ ഇനി എന്തു സാമാധാനം? എല്ലാം സര്‍വ്വനാശത്തിലേക്കല്ലേ ................!

വിഭജനത്തിനു് മുമ്പു് ഞങ്ങള്‍ അ എന്നും ഇ എന്നും പറയുന്ന രണ്ടു് വംശജര്‍ മാത്രമായിരുന്നു. വംശീയതയുടെ കടുത്ത വികാരവും വിവേചനവും ആരുടേയും മനസ്സിലും രക്തത്തിലും ഇല്ലായിരുന്നു. രാശിയും വംശവും മറന്നു് എല്ലാവരും പരസ്പരം സേ്‌നഹിച്ചു് സൗഖ്യത്തോടെ കഴിഞ്ഞ ഏകലോകമായിരുന്നു നമ്മുടെ രാജ്യം. പിന്നെ എങ്ങനെയാണു് ഞങ്ങള്‍ രണ്ടു് വംശവും രണ്ടു് ദേശവുമായി വേര്‍പിരിഞ്ഞു് അശാന്തിയുടെ ലോകത്തിലേക്കു് കരണം മറിഞ്ഞു് വീണതു്? കാലത്തിനു് മാത്രമേ അറിയുകയുള്ളൂ. കരള്‍ പിളരുന്ന കാലം എന്നും തൊട്ടു മുന്നിലെന്നപോലെ ചോരകൊണ്ടും ആള്‍ബലം കൊണ്ടും പരസ്പരം കൊന്നൊടുക്കി കണക്കു് തീര്‍ക്കുകയാണു്.

ഒളിപ്പോരില്‍ എത്ര പേരാണു് ദിനംപ്രതി മരിച്ചുവീഴുന്നതു് .......... ആര്‍ക്കുമറിയില്ല. ഏതു് വംശത്തില്‍പ്പെട്ടവരാണെങ്കിലും മുഖം കരിഞ്ഞും തലയറ്റും കൂട്ടിയിട്ട മൃതദേഹങ്ങള്‍ ഒരിക്കലും ബന്ധുക്കള്‍ക്കു് വിട്ടുകൊടുക്കാറില്ല. ഒന്നായി കൂട്ടിയിട്ടു് പെട്രോള്‍ ഒഴിച്ചു് കത്തിച്ചുകളയുകയാണു്, അതാണിവിടുത്തെ നിയമം.

എല്ലാവരും സ്നേഹത്തിന്റെ വഴി ഉപേക്ഷിച്ചു് മരണത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു.

വിഭജനത്തിനുമുമ്പു് ആര്‍ക്കും ആധിയും ഉത്കണ്ഠയും വേവലാതികളും ഒന്നുമില്ലായിരുന്നു. ഗോതമ്പ് വയലുകളും ചോളവയലുകളും ഞങ്ങളെ നോക്കി ചിരിവിടര്‍ത്തിയിരുന്നു. കളിതമാശകളും പറഞ്ഞിരുന്നു. സായാഹ്നങ്ങളില്‍ ഞങ്ങള്‍ ഒത്തുകൂടി പല വിനോദങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ..........?

യാദൃച്ഛികമായാണു് ഇ വംശത്തില്‍പ്പെട്ട വാവലിയെ പോലീസുകാര്‍ വീട്ടില്‍ നിന്നു് ബലമായി പിടിച്ചുകൊണ്ടുപോയതു്. കാരണം, റേഷന്‍കാര്‍ഡില്‍ അവളുടെ പേരില്ലായിരുന്നു. ഇ വംശത്തില്‍പ്പെട്ടവര്‍ക്കു് ലാറിബസും അ വംശത്തില്‍പ്പെട്ടവര്‍ക്കു് കര്‍ത്തിയുമാണു് അവരവരുടെ മാതൃരാജ്യം. പിന്നെ ഇ വംശത്തില്‍പ്പെട്ട വാവലി എങ്ങനെയാണു് കര്‍ത്തിരാജ്യത്തു് താമസിച്ചുവരുന്നതു്. വംശത്തിന്റേയും ദേശത്തിന്റേയും വിലക്കുകള്‍ ലംഘിച്ചാണു് വാവലിയെ മൊറാക്ക സ്വന്തമാക്കിയതു്. വിഭജനത്തിന്റെ അഞ്ചു് വര്‍ഷങ്ങള്‍ക്കു് മുമ്പുതന്നെ അവര്‍ ഗാഢമായ സേ്‌നഹത്തിലായിരുന്നു. വിഭജനത്തോടെ അവള്‍ മാതാപിതാക്കളോടൊപ്പം ലാറിബസില്‍ താമസിച്ചു വരികയായിരുന്നു. എന്നിട്ടും മൊറാക്ക അവളെ മറന്നില്ല. വര്‍ഷങ്ങളോളം അവര്‍ പരസ്പരം കാണാതേയും ഉരിയാടാതെയും വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. എന്നെങ്കിലും ഈ കമ്പിവേലി പൊളിച്ചു് പഴയതുപോലെ രാജ്യം ഒന്നായിത്തീരുമെന്ന പ്രതീക്ഷയിലായിരുന്നു. ഇല്ല, ഇനി സ്ഥിതിഗതികള്‍ ഒന്നുകില്‍ പരസ്പരം മറക്കുക, അല്ലെങ്കില്‍ ജീവന്‍ വെടിഞ്ഞും ശത്രുരാജ്യത്തു് കടന്നു് അവളെ സ്വന്തമാക്കുക. ഒരു പട്ടാളക്കാരനെ സംബന്ധിച്ചു് എനിക്കു് രണ്ടാമത്തെ വഴിയായിരുന്നു അഭികാമ്യം. അതു് ജീവിതത്തിന്റെ വഴിയും ത്യാഗത്തിന്റെ വഴിയും മരണത്തിന്റെ വഴിയുമാണു്.

ഒരു ദിവസം പട്രോളിംഗിനു് നിയോഗിക്കപ്പെട്ടതു് മൊറാക്കയായിരുന്നു. ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്തതും വിജനവുമായ പാറക്കെട്ടുകള്‍ നിറഞ്ഞ വടക്കെ അതിര്‍ത്തിയിലൂടെ ഒരു കറുത്ത നിഴലായി പതുക്കെ അയല്‍രാജ്യത്തു് കടന്നു് അവളെ ഒരു സൈനികന്റെ വസ്ത്രമണിയിച്ചു് കാറ്റുപോലുമറിയാതെ ചുമലിലേറ്റിക്കൊണ്ടുവരികയാണു് ഉണ്ടായതു്.

ശത്രുസൈന്യത്തിന്റെ കണ്ണില്‍പ്പെട്ടെങ്കില്‍ പിന്നെ പറയാതിരിക്കുക.യാണു് ഭേദം. നിഷ്കരുണം അവര്‍ വെടിവെച്ചു് കൊല്ലും. ചിലപ്പോള്‍ ഒറ്റവെടിക്കു്, അല്ലെങ്കില്‍ ഇഞ്ചിഞ്ചായി രണ്ടുപേരും മരിക്കും. അല്ലെങ്കില്‍ ഭൂമിക്കടിയിലുള്ള ഇരുട്ടുമുറിയില്‍ തടങ്കലിലാക്കി, കണ്ണുകെട്ടി കരിങ്കല്‍ത്തൂണില്‍ ബന്ധിക്കും. പിന്നെ പരിശീലകര്‍ക്കു് ഉന്നം പഠിക്കാനുള്ള ഇരകള്‍ മാത്രമാവും. വെടിയുണ്ട ഏതു് ഭാഗത്തു് പതിക്കുമെന്നു് പറയുക വയ്യ. എങ്ങനെയായാലും മരണം മുന്നില്‍ക്കണ്ടേ നടക്കാനാവൂ ........ പക്ഷെ എല്ലാറ്റിനും അവള്‍ തയ്യാറായിരുന്നു. മരണത്തിനു് സമര്‍പ്പിച്ച യാത്ര ........

ആയുധത്തിനു് പകരം ജീവന്‍ പണയംവെച്ചു്, തന്റെ പ്രണയിനിയെ സ്വന്തം കൂടാരത്തില്‍ എത്തിച്ചതിനു് ശേഷമേ ശ്വാസം നേരെ വീണുള്ളൂ.

പ്രത്യേകഅനുമതിയില്ലാതെയും അധികൃതര്‍ നല്കുന്ന മഞ്ഞക്കാര്‍ഡ് ഇല്ലാതെയും ആരെങ്കിലും അതിര്‍ത്തി കടന്നാല്‍ വെടിവെച്ചു് കൊല്ലണമെന്നാണു് കല്പന. സൈനികനുമായ മൊറാക്ക രണ്ടു് കുറ്റമാണു് ചെയ്തിരിക്കുന്നതു്. വിശ്വാസവഞ്ചനയും കടുത്തരാജ്യദ്രോഹവും. രണ്ടിനും ചേര്‍ത്തു് വധശിക്ഷതന്നെ വിധിക്കാവുന്നതാണു്. പക്ഷെ, സര്‍വ്വസൈന്യാധിപന്റെ കല്പന, രണ്ടുപേരും നിരായുധരായി ശത്രുരാജ്യത്തിലെ മൂന്നു് സൈനികരെ വകവരുത്തി തിരിച്ചുവരണമെന്നാണു്. കല്പന നടപ്പിലാക്കി ഒരിക്കലും തിരിച്ചുവരാന്‍ പറ്റില്ലെന്നു് എനിക്കറിയാമായിരുന്നു. എങ്കിലും രാജ്യസേ്‌നഹം പ്രകടിപ്പിക്കാന്‍ ഈ ദൗത്യം ഏറ്റെടുത്തേ മതിയാവൂ. അതുകൊണ്ടു് സര്‍വ്വസൈന്യാധിപന്റെ ഉത്തരവു് ശിരസാവഹിക്കുകയാണു്.

വെടിയുണ്ടയുടെ ശരവര്‍ഷത്തിനിടയില്‍ മരണത്തില്‍ അകപ്പെട്ടു എന്നു് കരുതിയതായിരുന്നു. തലനാരിഴ വ്യത്യാസത്തിനു് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഭൂമിയിലെ വായു ശ്വസിച്ചുതുടങ്ങിയതു് രണ്ടു് മണിക്കൂറിനു് ശേഷമാണു്. ബോംബിന്റെ ശരവര്‍ഷത്തിനിടയില്‍ ഭൂമിയുടെ ഒരേടു് മുറിഞ്ഞു് പാറക്കെട്ടിനടുത്തുള്ള ഒരു കുഴിയില്‍ മണ്ണോടെ തെറിച്ചുവീഴുകയാണു് ഉണ്ടായതു്. ഒപ്പം പാറക്കഷണങ്ങളും. മണ്ണില്‍ അകപ്പെട്ടുപോയ കാട്ടുമരത്തിന്റെ കൊമ്പു് കയ്യില്‍ തടഞ്ഞതു് ഭൂമിയുടെ മുകള്‍പ്പരപ്പു് തിരിച്ചറിയാന്‍ സഹായിച്ചു. ഒരു കൈക്കു് വെടിയേറ്റിരുന്നെങ്കിലും വലത്തെ കൈകൊണ്ടു് മരക്കൊമ്പു് ശക്തിയായി പിടിച്ചുനിന്നു.

കൊടിയയാതനയുടേയും തീവ്രശ്രമത്തിന്റേയും ഫലമായി മുകള്‍പ്പരപ്പില്‍ എത്തിപ്പെട്ടു. അവളാകെ പേടിച്ചു വിറച്ചുപോയിരുന്നുവെങ്കിലും എന്റെ നീക്കങ്ങളും പ്രവര്‍ത്തിയും ധൈര്യം നല്കി. ഭൂമിയില്‍ രൂപപ്പെട്ട കുഴിക്കു് ഒരാളോളം പൊക്കമുണ്ടെങ്കിലും മുട്ടുമടക്കി കമിഴ്ന്നു്‌വീണതുകാരണം മണ്ണിനോടും മല്ലിടേണ്ടിവന്നു, ഭൂമിയിലെ വായു ശ്വസിക്കുവാന്‍. പുറത്തേക്കുള്ള യാത്രയും രക്ഷപ്പെടുവാനുള്ള ശ്രമവും വീണ്ടും ജീവന്‍ അപകടപ്പെടുത്തുമെന്നതുകൊണ്ടു് മരച്ചില്ലകള്‍ മറച്ചു് അവിടെ തന്നെ കഴിച്ചുകൂട്ടി. പുകപടലങ്ങളും പൊടിയും നിറഞ്ഞു് ആകാശം പൂര്‍ണ്ണമായും കറുത്തപാടുകൊണ്ടു് മറയ്ക്കപ്പെട്ടിരുന്നു. യുദ്ധത്തിന്റെ താണ്ഡവവും ഭീകരതയും എങ്ങും കനത്തുകിടക്കുകയാണു്.

അവള്‍ പറഞ്ഞു: മുന്നുപേരെ കൊന്നൊടുക്കി മാതൃരാജ്യത്തു് പോവുക എളുപ്പമാണോ .........?
വാവലി, ഒന്നും കാണാതെയല്ല ഞാന്‍ ഇറങ്ങിത്തിരിച്ചതു്. പരസ്പരം കൊന്നൊടുക്കുന്ന ഈ രാജ്യം നമ്മുക്ക് വേണ്ട. മന്നുക്ക് എവിടെയെങ്കിലും പോയി രക്ഷപ്പെടാം. ഏതെങ്കിലും നാട്ടില്‍, അവിടെ കൃഷിചെയ്തും കന്നുകാലികളെ വളര്‍ത്തിയും ജീവിക്കാം. അതു് പറയുമ്പോള്‍ അയാളുടെ മുഖം മ്ലാനമായി. മുഖത്തും ശരീരമാസകലവും മണ്ണും പൊടിയും നിറഞ്ഞിരുന്നതിനാല്‍ അവളുടെ കണ്ണിലെ നനവു് കണ്ടില്ല. പരസ്പരം തിരിച്ചറിയാനാകാത്തവിധം അവര്‍ മണ്‍കോലങ്ങളായി തീര്‍ന്നിരുന്നു.

രണ്ടു് പകലുകളും രാത്രിയും ഒരു ദശാബ്ദംപോലെ നീണ്ട ഇടവേളയായിരുന്നു. ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കുടിക്കാന്‍ വെള്ളവും. മരച്ചില്ലയില്‍ നിന്നു് ഒരു കൊളുത്തു് ഇല പറിച്ചെടുത്തു് ഒന്നു് മണപ്പിച്ചുനോക്കി. ഒരു വളിച്ച വാസനയായിരുന്നെങ്കിലും വിശപ്പിന്റെ കാഠിന്യം കൊണ്ടു് ഒട്ടി നിന്ന മണ്ണു് മാറ്റി ഇല തിന്നുതുടങ്ങി. നേരിയ പുളിച്ചുതികട്ടലാണു് ആദ്യം അവള്‍ക്കു് അനുഭവപ്പെട്ടതെങ്കിലും അവളും ഉപേക്ഷിച്ചില്ല. വിശപ്പു് മാറിയില്ലെങ്കിലും അല്പം ക്ഷീണം വിട്ടുനിന്നതുപോലെ ചെറിയ ആശ്വാസം തോന്നി. ഒരു കൊളുത്തു് ഇല ഉള്ളംകയ്യിലിട്ടു് ഞെരിച്ചു് അവളുടെ മുറിപ്പാടിലും മുറിവേറ്റ കാല്‍മുട്ടിലും കൈത്തണ്ടയിലും വെച്ചു. ഏറെ നേരം പുകച്ചിലും വേദനയുംകൊണ്ടു് പുളഞ്ഞു.

രാജ്യാതിര്‍ത്തിയുടെ വടക്കുഭാഗത്താണു് എത്തിപ്പെട്ടതെന്നു് അറിയില്ല. അന്തിമിനുക്കം കണ്ടപ്പോള്‍ കിഴക്കംതൂക്കായി നടന്നുതുടങ്ങി. മേഘങ്ങളുടെ മുരള്‍ച്ചയും കാറ്റിന്റെ സീല്‍ക്കാരശബ്ദവും ഒരു പോര്‍വിമാനത്തിന്റെ ശബ്ദംപോലെ ഘനസാന്ദ്രമായിരുന്നു. കുറച്ചുദൂരം അവളേയും ചുമന്നു് നടന്നതുകൊണ്ടു് ഞാന്‍ പെട്ടെന്നു് ക്ഷീണിതനായി. മുന്നിലും പിന്നിലും കണ്ണുകള്‍ നിക്ഷേപിച്ചുകൊണ്ടു് യാത്ര യുദ്ധക്കളത്തിലൂടെയുള്ള യാത്രപോലെ ഭീതിദമായിരുന്നു. ചീവീടുകളുടെ മുരള്‍ച്ചയും ഇലയനക്കവും മനസ്സിനെ പേടിപ്പെടുത്തുകയായിരുന്നു. പൊടുന്നനേയാണു് ഭൂപ്രദേശങ്ങളെ കുലുക്കിക്കൊണ്ടു് ഒരു കൊടുങ്കാറ്റു് നാടുനടുക്കി പറന്നുവന്നതു്. പട്ടം പോലെ ഞങ്ങള്‍ പറന്നുപോവുകയാണെന്നു് തോന്നി. ഏറെനേരം ഭൂതലം വിട്ടു് പതുക്കെ ഒഴുകാന്‍ തുടങ്ങിയതോടെ അവളെ അടുത്തുചേര്‍ത്തു കൈ മുറുകെ പിടിച്ചു. പിന്നെ പൊടുന്നനേ ഒരു കുതിപ്പായിരുന്നു. ആകാശവിതാനത്തിലൂടെ കാറ്റിന്റെ ഗതിക്കനുസരിച്ചു് ഞങ്ങള്‍ പറന്നുപോവുകയായിരുന്നു. പിന്നെ സംഭീതിയും ആകുലതകളും മനസ്സിന്റെ ധൈര്യംകെടുത്തി.

ദൈവമേ, എന്തു പരീക്ഷണമാണിതു് .................?

കാറ്റു് ഏതു് ലോകത്തിലേക്കാണു് ഞങ്ങളെ കൊണ്ടുപോകുന്നതു്. ദിക്കും ദിശയും ദേശവും മാറി പഴയസ്ഥലത്തു് തന്നെയാണോ എത്തിപ്പെടുക? കാറ്റിന്റെ ശീല്‍ക്കാരം ചിലപ്പോള്‍ ഒരു നേരിയ മുരള്‍ച്ചയാവും. അടുത്തനിമിഷം അതു് ഒരു വെള്ളച്ചാട്ടത്തിന്റെ മുഴക്കംപോലെ കനത്തുമിരുന്നു. എന്നാലും ഏറെ നേരം നീണ്ടുനിന്നതു് അതിന്റെ ഗര്‍ജ്ജനം തന്നെയായിരുന്നു. വെള്ളത്തില്‍ തടിക്കഷണങ്ങളെന്നപോലെ ഞങ്ങള്‍ കാറ്റില്‍ നിയന്ത്രണമില്ലാതെ ഒഴുകിപ്പോവുകയാണു്.

അടുത്തുള്ള മരങ്ങളും പച്ചപ്പടര്‍പ്പുകളും ഭൂവിതാനവും എല്ലാം അദൃശ്യമായി, താഴെ പേടിപ്പെടുത്തുന്ന അഗാധഗര്‍ത്തങ്ങളും ഭയാനകമായ കൊടുങ്കാറ്റുകളും പര്‍വ്വതനിരകളും കടന്നതു് ഞങ്ങള്‍ അറിഞ്ഞില്ല. എങ്ങും കാറ്റിന്റെ മുഴക്കം മാത്രം. കാറ്റു് എല്ലാറ്റിനോടുമുള്ള പകതീര്‍ക്കുമാറു് ഒച്ചവെച്ചു. കാറ്റു് പെട്ടെന്നു് ഞങ്ങളെ കൈവിട്ടെങ്കില്‍ ................? അങ്ങനെയും ആലോചിച്ചുപോയി. ഒരു നിമിഷാര്‍ദ്ധത്തില്‍ തിരമാലകള്‍ തല്ലിച്ചിതറുന്ന, കാതുപൊട്ടിക്കുന്ന അലര്‍ച്ച കേട്ടതോടെ മനസ്സിലായി ഒരു മഹാസമുദ്രത്തിനു് മുകളിലൂടെയാണു് ഞങ്ങള്‍ പറന്നുപോകുന്നതെന്നു്. കള്ളനെപ്പോലെ കടലിന്റെ കാലൊച്ച പതുക്കെ അടുത്തുവരികയാണു്. ഒപ്പം നേര്‍ത്ത ഈര്‍പ്പവും ................

മറുകര എത്തുന്നതിനെക്കുറിച്ചും അഭയകേന്ദ്രത്തെക്കുറിച്ചും ഓര്‍ക്കുന്നതിനിടയിലാണു് പൊടുന്നനവെ അവള്‍ എന്റെ കയ്യില്‍ നിന്നു് പിടിവിട്ടുപോയതു്, ഒരു ഉള്‍ക്കിടിലത്തോടെ അറിയുന്നതു്. വെപ്രാളത്തിനിടയില്‍ ഞാന്‍ ഒച്ചവെച്ചു. വാവലി .............. എന്റെ ആര്‍ത്തനാദവും കരച്ചിലും കാറ്ററിഞ്ഞില്ല. അവള്‍ കൈവിട്ട് താഴേക്കു് വീണെങ്കിലും എനിക്കു് മുന്നിലൂടെ വഴിമാറി അതിയായ വേഗത്തില്‍ പറന്നുപോവുകയായിരുന്നു. രണ്ടുപേരെയും രണ്ടു് ദിശയിലേക്കു് കാറ്റു് വലിച്ചുകൊണ്ടുപോവുകയാണു്. ഒന്നും ആലോചിക്കാന്‍ വയ്യ! കടലിനും ചെകുത്താനുമിടയിലെന്നപോലെ ഞാന്‍ പരവശനായി.

പൊടുന്നനെ അവള്‍ കാറ്റിന്റെ ചുഴിയില്‍ പെടുകയും പെട്ടെന്നൊരു നിമിഷത്തില്‍ മലക്കംമറിച്ചലിലൂടെ ദിക്കെത്താതെ പരന്നുകിടക്കുന്ന മഹാസമുദ്രത്തില്‍ വിണതോടെ എന്നിലെ വാക്കും ശബ്ദവും നിലച്ചു് ഞാന്‍ ജീവച്ഛവമായി മാറി. പിന്നെ മരവിപ്പു് മനസ്സിലും പടര്‍ന്നുകയറുകയായിരുന്നു. നിശ്ശബ്ദശൂന്യതപോലെ ..........................

ദൃശ്യം രണ്ടു്

ചുറ്റും വിജനവും ഭയാനകവുമായ കാടു്. കാടിന്റെ കനത്ത വേലിക്കെട്ടുകള്‍ കടക്കുക ശ്രമകരമായിരുന്നു. ഏറെ സഞ്ചരിച്ചതുകൊണ്ടാകാം മനസ്സും ശരീരവും തളര്‍ന്നിരുന്നു. പ്രത്യേകിച്ചു് അവള്‍ എന്നോടൊപ്പമില്ല എന്നോര്‍ക്കുമ്പോള്‍. ഇനി ആര്‍ക്കുവേണ്ടിയാണു് ജീവിക്കുന്നതു് എന്ന ചിന്തപോലും മനസ്സിനെ ഭരിച്ചുതുടങ്ങി. ഏതെങ്കിലും ഒരു രാജ്യത്തു് എത്തിപ്പെട്ടാല്‍ മതിയെന്നായി. മലമ്പാതകളിലൂടെ മൂന്നു് ദിവസം യാത്രചെയ്തു. വഴിയില്‍ കുടിക്കാന്‍ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല. കുത്തിയൊഴുക്കില്‍ ഒലിച്ചുവന്ന മലവെള്ളം കൈക്കുമ്പിളിലാക്കി കുടിച്ചു. വൈകുന്നേരമായതോടെ തണുപ്പു് കൂടിവന്നു. തണുപ്പും വിശപ്പും ശരീരത്തെ ഏറെ തളര്‍ത്തി. സൈനികനില്‍ നിന്നു് ശേഖരിച്ച കമ്പിളിപ്പുതപ്പു് പുതച്ചിട്ടും രക്ഷയില്ല. ചുവന്ന ലൈറ്റ് കത്തിച്ച റെഡ്‌ക്രോസ് വാഹനം അതുവഴി കടന്നുവന്നു. ഇത്തിരി വെള്ളവും ഭക്ഷണവും അവരില്‍ നിന്നും ശേഖരിച്ചു. വെടിയേറ്റിടത്തു് വെക്കാന്‍ അല്പം മരുന്നും. അതും രണ്ടു് ദിവസത്തേക്കു് തികയില്ല. എന്നാലും കുറച്ചു് ആശ്വാസമായെന്നു് തോന്നി. പക്ഷെ, മനസ്സു് ഇപ്പോഴും മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയതുപോലെ.

ദൃശ്യം മൂന്നു്

കുറേ അകലെയായി ഒരു അഭയാര്‍ത്ഥിക്കൂട്ടം നടന്നു നീങ്ങുന്നതു് വംശനാശം ഭയന്നു് പലായനം ചെയ്യുന്ന ഗോത്രവംശജര്‍. നാടും വീടും സ്വന്തമായുള്ളതും വളര്‍ത്തുമൃഗങ്ങളേയും എല്ലാം ഉപേക്ഷിച്ചു് കൊടുതണുപ്പില്‍ നഗരവും ഗ്രാമവും വിട്ടു് എല്ലാവരും ഒഴിഞ്ഞുപോവുകയാണു്. രോഗവും പട്ടിണിയും കൂട്ടിനുണ്ടു്. പേരറിയാത്ത ഏതോ ദേശത്തേക്കു് നടന്നുപോകുന്നവരുടെ കാലൊച്ച ഒഴിച്ചാല്‍ എങ്ങും പൂര്‍ണ്ണമായ നിശ്ശബ്ദത. എന്തെങ്കിലും ഒച്ചവെച്ചാല്‍ ലിബറേഷന്‍ ആര്‍മിക്കാരാണെന്നു് കരുതി ബലമായി പിടിച്ചുകൊണ്ടുപോകും. തടങ്ങലിലാകും. പിന്നെ മനുഷ്യര്‍ അവര്‍ക്കു മുമ്പില്‍ വെറും കളിപ്പാവകള്‍ മാത്രം. കുറച്ചുകൂടി നടന്നപ്പോള്‍ ഹിമഗ്രഥിതമായ ഒരു സമുദ്രം ദൃശ്യമായി. അവിടെ മഞ്ഞുപോലെ കനത്ത നിശ്ശബ്ദതമാത്രം. ചിലപ്പോള്‍ കാറ്റിന്റെ ശീല്‍ക്കാരം. വൈകുന്നേരമായതോടെ പാതകളില്‍ മഞ്ഞു് വീഴാന്‍ തുടങ്ങി. ഈ കൊടുംതണുപ്പില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ തിരിഞ്ഞുനോക്കില്ല. എത്ര പ്രിയപ്പെട്ടവരായാലും മരിച്ചാല്‍ മഞ്ഞില്‍ ഉപേക്ഷിച്ചു് പോവുകയേ വഴിയുള്ളൂ. കുറേ നടന്നു് ഒരു പാറക്കെട്ടിനരികെ വിശ്രമിച്ചു. ഏറെ നേരം ഇരിക്കുമ്പോഴാണു് മനസ്സു് അസ്വസ്ഥമാകുന്നതു്. അങ്ങനെ ഇരിക്കുമ്പോഴാണു് സഹോദരങ്ങളും ഭര്‍ത്താവും നഷ്ടപ്പെട്ട അനാഥയായ ഒരു സ്ത്രീ എന്റെ അടുത്തുവന്നു് വര്‍ദ്ധിച്ച ക്ഷീണത്തോടെ ഇരുന്നതു്. എന്തെങ്കിലും സംസാരിക്കുവാന്‍ പറ്റാത്തവിധം അവര്‍ കിതയ്ക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദതയ്ക്കുശേഷം പറഞ്ഞു. വെള്ളം ...... വെള്ളം .......... ശേഖരിച്ചതന്‍ല്‍ നിന്നും ഇത്തരി വെള്ളം അവര്‍ക്കു് കൊടുത്തു. പിന്നെ അവള്‍ ചുണ്ടനക്കി.

ഭര്‍ത്താവു് യുദ്ധത്തില്‍ മരണപ്പെട്ടതാണു്. സഹോദരങ്ങള്‍ രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന പേരില്‍ സൈനികര്‍ വെടിവെച്ചുകൊന്നതാണു്. കബനി എന്നു് വിളിക്കുന്ന അവര്‍ വംശവും ദേശവും ഇല്ലാത്തവിധം അനാഥയാണു്. ഗര്‍ഭിണിയായ അവള്‍ യ്ര്രതയ്ക്കിടയില്‍ അഭയാര്‍ത്ഥികളുടെ ഇടത്താവളത്തിലാണു് പ്രസവിച്ചതു്. നല്ലൊരു ആണ്‍കുഞ്ഞു്. തണുപ്പില്‍ കുഞ്ഞു് മരവിച്ചു് വിറയ്ക്കുകയായിരുന്നു. അഭയാര്‍ത്ഥികളില്‍ ആരോ നല്കിയ കമ്പിളിപ്പുതപ്പുകൊണ്ടു് പുതപ്പിച്ചെങ്കിലും തണുപ്പിനു് അതൊരു നിസ്സാര പ്രതിരോധമായിരുന്നു. രണ്ടാം ദിവസം കുഞ്ഞു് മരിച്ചു. മരിച്ച കുഞ്ഞിനെ മഞ്ഞിനു് നല്കി പിരിയുകയായിരുന്നു. അതു് പറയുമ്പോള്‍ ആ അമ്മ വാവിട്ടു് കരയുകയായിരുന്നു. കരച്ചിലിനെ പെട്ടെന്നു് നിയന്ത്രിക്കാനും അവള്‍ക്കു് കഴിഞ്ഞു. കബനിയുടെ കഥ കേട്ടതോടെയാണു് ഞാന്‍ വാവലിയെ ഓര്‍ത്തുപോയതു്. വാവലിയുടെ കഥ അറിയാന്‍ അവള്‍ക്കും താല്പര്യമുണ്ടായിരുന്നു. എന്തോ, ഞാന്‍ പറഞ്ഞില്ല. വാവലി എന്നുവെച്ചാല്‍ അവരുടെ നാട്ടില്‍ കാറ്റു് എന്നാണത്രെ അര്‍ത്ഥം.

അവളും കാറ്റിനൊപ്പം പോവുകയായിരുന്നല്ലോ. ആ ഓര്‍മ്മയില്‍ നിന്നു് രക്ഷപ്പെടാനെന്നോണം ഞാന്‍ പറഞ്ഞു. നമ്മുക്കു് നടക്കാം. അങ്ങനെ എത്രദൂരം നടന്നുവെന്നറിയില്ല. മഞ്ഞു് എന്റെ കാലുകളേയും അംശകഞ്ചലങ്ങളേയും തളച്ചിട്ടു. എന്നെപ്പോലെ തന്നെ അവളും തളര്‍ന്നു. തളര്‍ച്ചകൊണ്ടാവണം, പാറക്കെട്ടുകള്‍ കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ സഹായത്തിനായി ഒരു കൈ നീട്ടിയതു്.

പാറക്കെട്ടുകള്‍ കടന്നതോടെ എന്തോ ഞാന്‍ പരവശനാവുകയും ഏറെ വിവശനാവുകയും ചെയ്തു. പിന്നെ ഒരു കയറ്റം കയറിയതോടെ കൊടുമുടികള്‍ പണിതതുപോലെ ചുറ്റും ആകാശക്കോട്ട. പക്ഷെ അടുത്തെത്തിയപ്പോഴാണു് മനസ്സിലായതു് അതു് പുകയുടെ കനത്ത ആവരണമാണന്നന്നു്. അനന്തരം പര്‍വ്വതം കണക്കെ പുക ഭീമരൂപിയാവുകയും ആകാശത്തേക്കു് ഉയര്‍ന്നുപോവുകയും ചെയ്തു.

Subscribe Tharjani |
Submitted by വിനോദ്. കെ.പി (not verified) on Mon, 2010-04-19 18:17.

ഗോകുല്‍ദാസിന്റെ കഥകള്‍ ഫാന്റസിയുടെ കാവ്യാത്മകലോകം തുറന്നു തരുന്നു. പ്രതിബന്ധങ്ങളെ സ്വപ്നംകൊണ്ട് അതിജീവിക്കാനുള്ള കഥാപാത്രങ്ങളുടെയും കഥാകാരന്റേയും ശ്രമം ഈ രചനകളെ വ്യത്യസ്തമാക്കുന്നു.
ഭാവുകങ്ങള്‍

Submitted by SREEJITH PS (not verified) on Sat, 2010-04-24 10:36.

I cannot say the story is average or above average. The theme itself is portrayed already in different novels and short stories, especailly OV Vijayans novels...
Moreover the author doesn't have good language of writing ..this old fashioned way of writing ... never catch attention..
If the author accepts criticism then he will grow..otherwise end up like most of the malayali authors...
Gokul , think somehting different .. be contemporary....
Expect stuff with more standard n innovation