തര്‍ജ്ജനി

വായന

ബ്ലോഗിലെ ഇടപെടലുകള്‍

ബ്ലോഗുകളിലെ ഹൈപ്പര്‍ ടെക്സ്റ്റ്‌ ലിങ്കിലൂടെ വേറൊരു ബ്ലോഗിലേക്കെത്തുന്ന പ്രക്രിയയ്ക്ക് മനുഷ്യമസ്തിഷ്കത്തിന്റെ പ്രവര്‍ത്തനവുമായി ഒരു സാമ്യത വരുന്നുണ്ട്‌. നാം ഒന്ന് ആലോചിച്ച്‌ മറ്റൊരു കാര്യത്തിലെത്തുന്നത്‌ സ്വാഭാവികം. പലപ്പോഴും യുക്തിയിലധിഷ്ഠിതമായ ചിന്തകള്‍ ഒന്നുമായിരിക്കില്ല അത്‌. എന്നാലും ഒന്നില്‍നിന്നും മറ്റൊന്ന്‌ തുടങ്ങുന്നു. പൊതുവെ ഇന്റര്‍നെറ്റിന്റെ സ്വഭാവം തന്നെയാണത്‌. അപ്പോള്‍ ബ്ലോഗുകള്‍ വ്യക്തികളുടെ ഒരു തരം പകര്‍പ്പാണെന്നും സൈറ്റുകള്‍ സമൂഹമാണെന്നും ഒരു ചിന്തയും രൂപപ്പെടാം.

പ്രതികരണം എന്ന ബ്ലോഗില്‍ കമന്റുകള്‍ വയ്ക്കാനുള്ള സൌകര്യം ഇല്ലാത്തതിന്‌ "കെ.പി." എന്ന ബ്ലോഗര്‍, കാരണം എഴുതിക്കണ്ടു. അദ്ദേഹം തന്നെ സൂര്യഗായത്രിയുടെ ബ്ലോഗില്‍ പിന്മൊഴി ബ്ലോഗ്‌ അടച്ചുപൂട്ടുന്നതിനുപദേശിക്കുകയും ചെയ്തിട്ടുണ്ട്‌. ഇത്‌ തികച്ചും ബ്ലോഗുടമകളുടെ രുചിക്കനുസരിച്ചാണ്‌ നിശ്ചയിക്കേണ്ടത്‌. അതുകൊണ്ടുതന്നെ ബ്ലോഗ്‌ വ്യക്തിയിലധിഷ്ഠിതമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്‌ ഇവിടെ. തമ്പുരാന്‍, മറ്റൊരു ബ്ലോഗിലെ വേറൊരു തരത്തിലുള്ള ഇടപെടലിനെ ചൂണ്ടിക്കാണിക്കട്ടെ. ഇവിടെ "വിഭജനങ്ങള്‍"-ടെ വായനയെപ്പറ്റി ദേവനും മഴനൂലുകളും പറഞ്ഞതിന്‌ മറുപടിയായി പെരിങ്ങോടന്‍ തന്നെ എഴുതിയ വാക്കുകള്‍:

"വായനക്കു ശേഷമുള്ള പഠനത്തിനും പുനര്‍വായനകള്‍ക്കും സമയം കണ്ടെത്താനാവില്ലെങ്കില്‍ വായിക്കാതിരിക്കുകയാണ്‌ നല്ലത്‌"

മഹത്തരമാണ്‌ ഇത്തരം വാക്കുകള്‍. "അറിവില്‍ നിന്നുള്ള മോചനമാണ്‌ സ്വാതന്ത്ര്യം" എന്ന്‌ വിളിച്ചോതുന്നു ഈ വാക്കുകള്‍. ഇടപെടലുകള്‍ നടത്താനാവത്തവിധം അടച്ചിട്ടിരിക്കുന്ന ഒരു ബ്ലോഗ്‌ ആയിരുന്നെങ്കില്‍ ഇത്തരം വചനങ്ങള്‍ എങ്ങനെ രൂപപ്പെടും? തീര്‍ച്ചയായും ഒരു നിമിഷത്തേക്കെങ്കിലും വായിക്കുന്നവന്റെ ബുദ്ധിയെ നയിക്കാന്‍ കെല്‍പ്പുള്ള ഇടപെടലുകളാണ്‌ പെരിങ്ങോടന്‍ നടത്തിയത്‌. അതിനാല്‍ത്തന്നെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ "ഗംഭീരം" എന്ന് തമ്പുരാന്‍ പറയും.

ധിഷണാപരമായ ഇത്തരം ഇടപെടലുകള്‍ വേണ്ടതുതന്നെ. ഇതൊരു കൊടുക്കല്‍ വാങ്ങലാണ്‌. കല്ലേച്ചിയുടെ ബ്ലോഗില്‍ തന്റെ ചിന്തകള്‍ അദ്ദേഹം നല്ലരീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാലും ഈ കൊടുക്കല്‍ വാങ്ങലിന്‌ ഒരുങ്ങാത്തിടത്തോളം അദ്ദേഹത്തിന്റെ ബ്ലോഗ്‌, പ്രഭ പരത്തുന്നില്ല. ഒരു പക്ഷേ കല്ലേച്ചി ഇങ്ങനെയൊന്നും ഉദ്ദേശിച്ചല്ലായിരിക്കും ബ്ലോഗുന്നത്‌. ബ്ലോഗുകള്‍ തികച്ചും വ്യക്തിപരമാണെന്നും അതിനാല്‍ തന്നെ കാര്യകാരണങ്ങള്‍ മറ്റൊരുത്തന്‌ ആലോചിച്ച്‌ കണ്ടുപിടിക്കാന്‍ വിഷമമാണെന്നും ഉള്ള കാഴ്ച്ചപ്പാടാണ്‌ തമ്പുരാനുള്ളത്‌.

പലരും ഇത്തരം ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞുവരുമെന്ന് പ്രതീക്ഷിച്ചായിരിക്കില്ല ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ഇടുന്നത്‌. ഒരു ഉദാഹരണം ദുര്‍ഗ്ഗയുടെ "എന്റെ സ്വപ്നത്തിലെ വാനപ്രസ്ഥം" എന്ന പോസ്റ്റ്‌. അദ്ധ്യാത്മികത ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയമായിരുന്നതിനാലായിരിക്കണം ഈ പോസ്റ്റ്‌ ഇത്തരത്തില്‍ ഇടപെടലുകള്‍ക്ക്‌ വിധേയമായത്‌. ആദ്ധ്യാത്മികത കൂടെ ചര്‍ച്ചാവിഷയമായ ബൂലോകത്ത്‌ സ്പോര്‍ട്ട്സ്‌ വിഷയങ്ങളില്‍ ഒരു പോസ്റ്റ്‌ ഇതുവരെ ഉണ്ടായിട്ടില്ല എന്ന കുറവ്‌ നികത്താന്‍ ആദിത്യന്‍, മറഡോണയെപ്പറ്റി എഴുതിയിരിക്കുന്നു. സാധാരണ നിലയില്‍ ക്രിക്കറ്റ്‌ സംസാരവിഷയമാകേണ്ടിടത്ത്‌ ഫുട്ബാള്‍ വന്നത്‌ ബ്ലോഗുകള്‍ മറ്റു മാധ്യമങ്ങളില്‍നിന്നും എത്ര വ്യത്യസ്തമാണ്‌ എന്ന്‌ കാണിക്കുന്നു.

ഉത്തരാധുനിക കവിതകള്‍ ബ്ലോഗില്‍ അധികം ഇടം കണ്ടെത്തിയിട്ടില്ല. മുന്‍പ്‌ പറഞ്ഞ കല്ലേച്ചിയുടെ കവിതകള്‍ കൂടാതെ ഇപ്പോള്‍ ഒരു അശരീരി ശബ്ദവും കേള്‍ക്കുന്നുണ്ട്‌. ഒരു സനാതന സത്യം അദ്ദേഹം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യമനസ്സിലെ ആഴമേറിയ വികാരവിചാരങ്ങള്‍ക്കനുസരിച്ചായിരിക്കും വാക്കുകള്‍ രൂപം കൊള്ളുന്നത്‌. ഇതിനൊരു പ്രത്യക്ഷോദാഹരണമാണ്‌ ബൂലോകത്ത്‌ നര്‍മ്മം മാത്രമെഴുതിക്കണ്ടിട്ടുള്ള വിശാലമനസ്കന്റെ "മണ്ണാകുന്നതിനും മുന്‍പ്‌" എന്ന പോസ്റ്റ്‌.

കല്ലേച്ചി മുന്‍പൊരു പോസ്റ്റില്‍ ഭാഷയുടെ പ്രാദേശിക തരംതിരിവുകള്‍ ആഗോളവത്ക്കരണത്തിന്റെ ഇക്കാലത്ത്‌ നഷ്ടപ്പെടുന്നതായി എഴുതിയിരുന്നു. എന്നാല്‍ അത്തരം പ്രാദേശിക ഭാഷാപ്രയോഗങ്ങള്‍ കൊണ്ട്‌ നല്ല വിവരണങ്ങള്‍ എഴുതുന്ന രണ്ട്‌ പേരാണ്‌ വിശാലമനസ്കനും, കുമാറും. കുമാറിന്റെ "നെടുമങ്ങാടീയം" എന്ന ബ്ലോഗ്‌ പ്രാദേശിക
ഭാഷാപ്രയോഗങ്ങളെ തിരിച്ചുകൊണ്ടുവരുന്നു. വളരെ നന്നായി അദ്ദേഹം സംഭവം വിവരിച്ചിരിക്കുന്നു.

"ചക്കാത്ത്‌ വായന" എന്ന വേര്‍ഡ്‌ പ്രസ്സ്‌ ബ്ലോഗ്‌ ശ്രദ്ധേയമാകുന്നത്‌ അതിലെ വിഷയങ്ങളുടെ വൈവിധ്യം കൊണ്ട്‌ മാത്രമല്ല. ബി.ആര്‍.പി ഭാസ്കര്‍ മലയാളത്തിലെ തലമുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകനാണ്‌ അതിനു പിന്നില്‍. യഥാര്‍ത്ഥത്തില്‍ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ ആരാണെന്ന്‌ തമ്പുരാന്‌ മനസ്സില്ലായില്ല. പക്ഷേ ഇത്രയും വൈവിധ്യമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അത്‌ ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ. ചില പോസ്റ്റുകള്‍ മറ്റു സമകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ്‌."ചക്കാത്ത്‌ വായന" പോലെ പിന്മൊഴിയുടെ ബഹളങ്ങള്‍ ഇല്ലാത്ത മറ്റൊരു ബ്ലോഗാണ്‌ കാവ്യനര്‍ത്തകി. നാടന്‍പാട്ടിന്റെ കാവ്യസൌന്ദര്യം എന്ന പോസ്റ്റില്‍ കാവ്യനര്‍ത്തകി തന്റെ "മണ്ണിന്റെ മണമുള്ള നാടന്‍ പാടുകളില്‍നിന്നും നാളെയുടെ കവിത പിറന്നെങ്കില്‍" എന്നെഴുതിയിരിക്കുന്നത്‌ പുതിയ കാലത്തെ കവികള്‍ക്ക്‌ എതിരെയുള്ള ഒരു പ്രയോഗമാണ്‌.

പിന്മൊഴി ഗ്രൂപ്പ്‌, ബ്ലോഗ്‌ എന്ന മാധ്യമത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലപ്പോഴെങ്കിലും ഇടയാക്കും. എങ്കിലും അതിലൂടെ ബൂലോകത്തെ കൂട്ടായ്മ കണ്ട്‌ പുതുതായി പലരും ബ്ലോഗിലേക്കെത്തുമെന്നത്‌ വളരെ നല്ലൊരു കാര്യമാണ്‌. മലയാളം പഠിക്കാത്ത പലരും മലയാളബൂലോകത്ത്‌ വന്ന്‌ സ്വന്തം ഭാഷയില്‍ ബ്ലോഗ്‌ ചെയ്യുക എന്നത്‌ ഭാഷയെ സംബന്ധിച്ചിടത്തോളം നല്ലൊരു കാര്യമാണ്‌. ചൂടുപിടിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും കൊണ്ട്‌ മുഖരിതമായിരുന്നു പോയ മാസം. ബ്ലോഗുകള്‍ എന്താണെന്ന് ഒറ്റവാക്കില്‍ ഉത്തരം അന്വേഷിക്കുന്നത്‌ ബുദ്ധിമോശം ആണ്‌. ബ്ലോഗുകള്‍ മറ്റൊരു മീഡിയം ഓഫ്‌ എക്സ്പ്രഷന്‍ എന്ന നിലയില്‍ സ്വമേധയാ പ്രചാരം സിദ്ധിക്കും. അതിന്‌ പൊതു പ്രിന്റ്‌ മാധ്യമങ്ങളുടെ സഹായം ആവശ്യമാണെന്ന്‌ തോന്നുന്നില്ല. കഴിഞ്ഞ ലക്കം "ആഘോഷിക്കപ്പെടുന്ന സ്വകാര്യത" എന്ന് പേര്‍ സ്വീകരിച്ചെങ്കിലും, ബ്ലോഗുകളുടെ ഈ പ്രത്യേകത സമര്‍ത്ഥിക്കുക ഉദ്ദേശ്യമായിരുന്നില്ല. ഇത്‌ തികച്ചും, ആദ്യലക്കത്തിലെഴുതിയപോലെ ബ്ലോഗുകളുടെ 'വായന'യാണ്‌. നര്‍മ്മമാണ്‌ ബൂലോകത്തെ ഇതുവരെയുള്ള ചൈതന്യം എന്നു നിരീക്ഷിക്കുന്ന ഉമേഷ്‌ കപടബുദ്ധിജീവിയായി തമ്പുരാനെ കാണുന്നു. തമ്പുരാന്‌ കപടത തെല്ലുമേ ഇല്ല. എഴുതിയതിനോട്‌ യോജിക്കാനും വിയോജിക്കാനും എല്ലാ വായനക്കാര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌.

മലയാളം ബ്ലോഗുകളുടെ ഒരു പുതിയ അഗ്രഗേറ്റര്‍ ചിന്ത.കോമില്‍ ഇപ്പോഴുണ്ട്. ഈ ലിങ്കില്‍ സന്ദര്‍ശിക്കുക: പുതിയ മലയാളം ബ്ലോഗ് പോസ്റ്റുകള്

മൂന്നാം തമ്പുരാന്‍
mthampuran അറ്റ് chintha.com

Subscribe Tharjani |
Submitted by Umesh (not verified) on Tue, 2006-06-06 18:08.

മൂന്നാം തമ്പുരാന്റെ ബ്ലോഗ്‌നിരീക്ഷണം നന്നായി വരുന്നുണ്ടു്. എല്ലാ ബ്ലോഗുകളെയും എല്ലാ മാസവും പരാമര്‍ശിക്കാതെ, ഏതെങ്കിലും ഒരു പ്രത്യേക സവിശേഷതയെപ്പറ്റി (ഇത്തവണ പിന്‍‌മൊഴികള്‍) വിസ്തരിക്കുന്ന രീതി വളരെ നന്നു്. എല്ലാ ലേഖനങ്ങളും കൂട്ടിവായിച്ചാല്‍ നല്ല ഒരു ചിത്രം കിട്ടും.

കഴിഞ്ഞ ലേഖനത്തിലെ ഒരു പരാമര്‍ശത്തെപ്പറ്റി ഇവിടെ കമന്റിടാതെ ഒരു ബ്ലോഗിന്റെ കമന്റില്‍ പരാമര്‍ശിച്ചതിനു ഖേദിക്കുന്നു. നമുക്കു് നര്‍മ്മം നന്നായി കൈകാര്യം ചെയ്യുന്ന ഒരുപിടി ബ്ലോഗുകളുണ്ടു്. അവയെ ഒന്നടങ്കം ഒരു പരിഹാസം കൊണ്ടു് ഒതുക്കിയതിനൊടുള്ള വിയോജിപ്പായിരുന്നു ആ കുറിപ്പു്.

- ഉമേഷ്