തര്‍ജ്ജനി

വി. കെ. പ്രഭാകരന്‍

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

Visit Home Page ...

ലേഖനം

മനസ്സിലുണ്ടായിരിക്കണം ഒരു പുഴ

മനസ്സിലൊരു പുഴയുണ്ടെങ്കില്‍ വരുന്ന പതിനാലാം തിയ്യതി മണത്തന എത്തുക. ചിത്രകാരനായ ജോയ് ചാക്കോയുടെ എസ്.എം.എസ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതുണര്‍ത്തിയ കൗതുകവുമായാണു് ഞാന്‍ കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശമായ മണത്തനയില്‍ എത്തിയതു്. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച ചില ചടങ്ങുകളും ഐതിഹ്യങ്ങളും കേരളവര്‍മ്മ പഴശ്ശിരാജയുടെ ആദ്യകാലയുദ്ധവിജയങ്ങളും ഓര്‍മ്മയിലെത്തിക്കുന്ന ഗ്രാമമാണു് മണത്തന. ഒരു കാലത്തു് ധൃതിവെച്ചു് നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന ബാവലിപ്പുഴ ഇവിടെയിപ്പോള്‍ വിശാലമായൊരു മണല്‍ത്തിട്ടയായ് രൂപാന്തരം പ്രാപിച്ചിരിക്കുന്നു. കണ്ണുനീര്‍ച്ചാലുപോലെ നേര്‍ത്തൊരു നെടുവീര്‍പ്പായി പുഴ.

ചെറുതും വലുതുമായ കല്ലുകളും മണല്‍ലോബി ജെ.സി.ബി ഉപയോഗിച്ചു് മാന്തിക്കീറിയ പാടുകളുമായി പുഴയോരം മരണശയ്യയില്‍ കിടക്കുന്നൊരു രോഗിയെയാണു് ഓര്‍മ്മിപ്പിച്ചതു്. ഈ പ്രദേശത്തിന്റെ ജൈവവും സാംസ്കാരികവുമായ പച്ചപ്പുകള്‍ക്കെല്ലാം കാരണക്കാരിയായ ഈ പുഴയില്ലാത്ത ഭാവി അതിവിദൂത്തല്ലാതെ കാണുന്നതിനാല്‍ വേവലാതിപ്പെടുന്ന ഒരുകൂട്ടം സാംസ്കാരികപ്രവര്‍ത്തകരും ചിത്രകാരന്മാരും ശില്പികളും കവികളുമെല്ലാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുകയാണു്. ആസന്നമരണയായ പുഴയോരത്തെ പ്രതിഷേധസൂചകമായ സര്‍ഗ്ഗസൃഷ്ടിയാക്കിമാറ്റാനുള്ള ഒരുക്കങ്ങളോടെ.

പ്രതിഷേധത്തിനു് സര്‍ഗ്ഗാത്മകമായ മാനം നല്കാനുള്ള തീരുമാനം ചിത്രകാരനായ ജോയ് ചാക്കോയുടേതാണു്. അതു് പ്രാവര്‍ത്തികമാക്കാന്‍ മണത്തനയിലെ സൗപര്‍ണ്ണിക എന്ന സാംസ്കാരികസംഘടനയുടെ പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നു. കാല്‍ നൂറ്റാണ്ടുകാലത്തെ സാംസ്കാരികപ്രവര്‍ത്തനചരിത്രമുണ്ടു് മണത്തനയിലെ സൗപര്‍ണ്ണികയ്ക്കു്. പ്രതിഷ്ഠാപനകല അഥവാ ഇന്‍സ്റ്റലേഷന്‍ എന്ന പരിപാടിയാണു് അവര്‍ ആസൂത്രണം ചെയ്തതു്. ഈ കലാസങ്കേതത്തിനു് കേരളത്തില്‍ വ്യാപകമായ പ്രശസ്തി കിട്ടിയിട്ടില്ല. ചില വ്യക്തിപരമായ ശ്രമങ്ങള്‍ അങ്ങിങ്ങായി നടന്നിട്ടുണ്ടെങ്കിലും പ്രകൃതിനശീകരണത്തിനെതിരായ പ്രതിഷേധത്തിനു് ആ പ്രശ്‌നഭൂമികയെത്തന്നെ സര്‍ഗ്ഗസൃഷ്ടിക്കായി കലാകാരന്മാര്‍ അടയാളപ്പെടുത്തുക എന്നതിലാണു് മണത്തനയിലെ പ്രതിഷ്ഠാപനത്തിന്റെ മൗലികത.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭമാകുമ്പോഴേക്കും ആധുനികചിത്രകല തികച്ചു വാണിജ്യവത്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആര്‍ട്ട് ക്യൂറേറ്റര്‍മാരും ആര്‍ട്ട് ഗ്യാലറിക്കാരും ചിതാകാരന്മാരുടേയും ശില്പികളുടേയും മേല്‍ പിടിമുറുക്കി. ഇതിനെതിരായ കലാപമായിരുന്നു ദാദായിസത്തിന്റെ വക്താവായിരുന്ന മര്‍സേല്‍ ദുഷാംപ് 1917ല്‍ ആര്‍. മുറ്റ് എന്ന വ്യാജനാമത്തില്‍ നടത്തിയ ശ്രമം. ഒരു യൂറിനല്‍ ക്ലോസറ്റ് അദ്ദേഹത്തിന്റെ പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചു.

നാളതുവരെ വരേണ്യര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന സൗന്ദര്യസങ്കല്പങ്ങളേയും കച്ചവടമാനദണ്ഡങ്ങളേയും വെല്ലുവിളിക്കുന്നതായി ദുഷാംപിന്റെ പ്രദര്‍ശനം. അതിനു ശേഷം ക്രിസ്റ്റോ എന്ന ചിത്രകാരന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു കടല്‍ത്തീരം മുഴുവന്‍ ക്യാന്‍വാസ് കൊണ്ടു് പൊതിഞ്ഞു് കയറുകൊണ്ടു് വരിഞ്ഞുകെട്ടി ഈ കലാസങ്കേതത്തെ ഒരു പ്രസ്ഥാനമാക്കി മാറ്റി.

ചിത്രകാരനോ ശില്പിക്കോ അവന്റെ മാദ്ധ്യമത്തിന്റെ സാദ്ധ്യതകളില്‍ ഒതുക്കാന്‍ കഴിയാതെവരുന്ന സാമൂഹികപ്രശ്‌നങ്ങള്‍ ജനങ്ങളും അധികാരികളും മാദ്ധ്യമങ്ങളും ശ്രദ്ധിക്കത്തക്കവിധം ഉന്നയിക്കാന്‍ കലാകാരന്മാര്‍ സംഘം ചേര്‍ന്നു് ആ പ്രശ്‌നഭൂമികയെ ആകമാനം തങ്ങളുടെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായി അവതരിപ്പിക്കുക എന്നതാണു് ഈ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. പ്രകൃതിയോടും സമൂഹത്തോടമുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്നും പുറംതിരിഞ്ഞു് വ്യക്തിപരമായ നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപകാല ചിത്രകലാപരിസരത്തോടുള്ള വെല്ലുവിളിയാണു് മണത്തനയിലെ പ്രതിഷേധത്തിനു് ചിത്രകലാപരിഷത്തിന്റെ ഭാരവാഹികള്‍ കൂടിയായ സംഘാടകര്‍ ഈ കലാസങ്കേതം തെരഞ്ഞെടുത്തതു്.

ബാവലിപ്പുഴ വയനാട്ടിലെ തിരുനെല്ലിയില്‍ നിന്നും ഉത്ഭവിച്ചു് കൊട്ടിയൂരമ്പലം വലംവെച്ചു് കാളകയത്തില്‍ വെച്ചു് കര്‍ണ്ണാടകത്തില്‍ നിന്നും ഉത്ഭവിച്ചു് ഒഴുകിയെത്തുന്ന ചീങ്കണ്ണിപ്പുഴയുമായി ചേര്‍ന്നു് പതിനെട്ട് കിലോമീറ്റര്‍ സഞ്ചരിച്ചു് കുടകില്‍ നിന്നെത്തുന്ന ഇരുട്ടിപ്പുഴയുമായിച്ചേര്‍ന്നു് വളപട്ടണംപുഴയിലൂടെ അറബിക്കടലില്‍ ചെന്നുചേരുന്നു. ആറളം ഫാം ഉള്‍പ്പെടെയുള്ള വനഭൂമികളേയും നിരവധി ചെറുപട്ടണങ്ങളേയും വിഖ്യാത ഗ്രാമീണജനപഥങ്ങളേയും തഴുകിയൊഴുകുന്ന ഈ പുഴയെ അമിതചൂഷണത്തിലൂടെ നശിപ്പിക്കുന്നവര്‍ക്കെതിരെയുള്ള പ്രതിഷേധത്തിനു് തികച്ചും ഉചിതമായ സര്‍ഗ്ഗവഴിയാണു് ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളതു്.

പുഴയോരത്തു് ജെസിബി ഉപയോഗിച്ചു് മണല്‍ വാരിയെടുത്തുണ്ടായ കുഴികളും കല്‍ക്കൂനകളും ഉരുളന്‍പാറക്കല്ലുകളും മരക്കുറ്റികളും പുഴയിലൂടെ ഒഴുകിയെത്തിയ മരച്ചില്ലകള്‍ പോലും സര്‍ഗ്ഗവൈഭവമുള്ളവരുടെ സ്പര്‍ശത്താല്‍ കലാസൃഷ്ടികളായി മാറി. ചിത്രകലയില്‍ തല്പരരായ വിദ്യാര്‍ത്ഥികള്‍ അവരുടെ ചിത്രങ്ങള്‍ പുഴയോരത്തു് പ്രദര്‍ശിപ്പിച്ചു. ഒരു സ്ഥലത്തു് കല്‍ക്കൂനയില്‍ പട്ടുപുതപ്പിച്ചു് റീത്തുവെച്ചു് പുഴയ്ക്കു് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വരാന്‍ പോകുന്ന ജലസാമീപ്യമില്ലായ്മയെ പ്രതീകവത്കരിച്ചുകൊണ്ടു് വെള്ളമില്ലാത്ത മണല്‍ക്കുഴിയെ തൊട്ടിയും കയറും കപ്പിയും ഉള്‍പ്പെടെ കിണറിന്റെ ആടയാഭരണങ്ങള്‍ അണിയിച്ചു് നിര്‍ത്തിയിരിക്കുന്നു. അടുത്തുള്ള ആദിവായി ഊരില്‍ നിന്നും വന്ന യുവാക്കള്‍ വലിയൊരു മരക്കുറ്റിയില്‍ ചിത്രപ്പണികള്‍ ചെയ്തു് ദിനോസറിന്റെ രൂപസാദൃശ്യം വരുത്തി ശബ്ദഘോഷങ്ങളോടെ എഴുന്നള്ളിച്ചു കൊണ്ടുവന്നതു് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പുഴയെ നശിപ്പിക്കാനെത്തുന്ന ജെസിബിക്കോരോടുള്ള പ്രതിഷേധമായി ആ ശില്പം നിലകൊണ്ടു. കൊലമരവും കയര്‍ക്കുടുക്കും ഒടിഞ്ഞ ശിരസ്സും ലഭ്യമായ വസ്തുക്കളാല്‍ സൃഷ്ടിക്കപ്പെട്ടു.

ജോയ് ചാക്കോ, കണ്ണൂരിലെ ബ്രഷ്‌മെന്‍ സ്കൂള്‍ ഓഫ് ഗ്രാഫിക് ആര്‍ട്‌സിന്റെ പ്രിന്‍സിപ്പല്‍ എം. സി. ശ്രീജിത്ത്, ഹരീന്ദ്രന്‍ ചാലാട്, ഗോവിന്ദന്‍ കണ്ണപുരം, ജോഷി ജോര്‍ജ്ജ് എന്നീ ചിത്രകാരന്മാരുടെ കലാസംവിധാനത്തിലാണു് പുഴയോരത്തെ പ്രതിഷ്ഠാപനകലാസമ്മേളനവേദി ഒരുങ്ങിയതു്. വെട്ടുകല്ലില്‍ തീര്‍ത്ത തന്റെ ശില്പങ്ങളുമായാണു് പ്രസിദ്ധചിത്രകാരനും ശില്പിയുമായ കെ. ശശികുമാര്‍ (കതിരൂര്‍) സമ്മേളനവേദിയിലേക്കെത്തിയതു്. സന്ദര്‍ഭോചിതമായി ക്രമീകരിച്ചു് പ്രദര്‍ശിപ്പിച്ച ശശികുമാറിന്റെ ശില്പങ്ങള്‍ പ്രതിഷ്ഠാപനവേദിക്കു് ഉയര്‍ന്ന മാനങ്ങള്‍ നല്കി.

മണ്‍കുടവുമായി ആകാശത്തേക്കു് മിഴിനട്ടരിക്കുന്ന സ്ത്രീ, കൈപ്പത്തിയില്‍ കോരിയെടുത്ത ജലത്തിനുചുറ്റും കൂടിയാലോചനയില്‍ എന്നപോലെ നിലകൊള്ളുന്ന നാലു് ശിരസ്സുകള്‍, ഭൂഗോളത്തിനപ്പുറവും ഇപ്പുറവും വേവലാതിയോടെ ഇരിക്കുന്ന രണ്ടു് മനുഷ്യര്‍ തുടങ്ങിയ ശശികുമാറിന്റെ ശില്പങ്ങള്‍ ആധുനികമനസ്സിന്റെ വിഹ്വലതകളെക്കുറിച്ചു് പ്രേക്ഷകരോടു് സംവദിച്ചുകൊണ്ടേയിരുന്നു. ചിത്രകലാവിദ്യാര്‍ത്ഥികള്‍, നാടന്‍പാട്ടുകാര്‍, കവികള്‍, ആദിവാസിയുവാക്കള്‍ എന്നിവരെല്ലാം അവരവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിച്ചു. പ്രേക്ഷകരായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ വലിയൊരു നിര ഒഴുകിയെത്തി. ജയലാല്‍, സി. എന്‍. ജോസ്, സുനില്‍ മണത്തന, ശ്രീധരന്‍ മണത്തന തുടങ്ങിയ സൗപര്‍ണ്ണിക ഭാരവാഹികളുടെ സംഘാടനപാടവം വിളിച്ചോതുന്നവയായിരുന്നു ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന കലാപരിപാടികള്‍.

കണ്ണൂര്‍ജില്ലയിലെ ഈ മലയോരഗ്രാമത്തില്‍ നടന്ന സര്‍ഗ്ഗാത്മകകൂട്ടായ്മ, അമിതചൂഷണം കാരണം നശിച്ചുകൊണ്ടിരിക്കുന്ന ലോകമെങ്ങുമുള്ള ജലാശങ്ങളെക്കുറിച്ചുള്ള ആധിയാണു് സാംസ്കരികമായി അടയാളപ്പെടുത്തുന്നതു്.

Subscribe Tharjani |