തര്‍ജ്ജനി

സുബൈര്‍ തുഖ്ബ

Visit Home Page ...

കഥ

പ്രതിക്കു പറയാനുള്ളത്‌

"ഇയാളുടെ ഭൂമര്‍മരേഖയുടെ മദ്ധ്യത്തില്‍ നിന്നും ഉത്തര അക്ഷാംശം 40 ഡിഗ്രി വലത്തുമാറി വലത്തെ തുടയുടെ ഉള്‍വശത്ത്‌ ഒരിഞ്ചുവലിപ്പത്തില്‍ അല്‍പം മുകളിലേയ്ക്കു തള്ളി നില്‍ക്കുന്ന ഒരു മുറിവടയാളമുണ്ട്‌."

ഇത്ര കൃത്യമായ വിവരണം പെണ്‍കുട്ടിയില്‍ നിന്നുണ്ടായപ്പോള്‍ വാദിഭാഗം തൂവാലയെടുത്ത്‌ കഴുത്തില്‍ പൊടിഞ്ഞിറങ്ങിയ ആശ്വാസവിയര്‍പ്പൊപ്പി. കാരണം പ്രതിയുടെ രഹസ്യങ്ങളെപ്പറ്റി വാദിക്കുള്ള വക്രതയില്ലാത്ത ജ്ഞാനം ഈ കേസിന്റെ ബലത്തിന്‌ അത്യന്താപേക്ഷിതമാണ്‌. അതാണ്‌ സംശയലേശമന്യേ കോടതിമുന്‍പാകെ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്‌. പ്രതിയാവട്ടെ "സത്യം മാത്രമേ ബോധിപ്പിക്കാവൂ"
എന്നതിന്‌ "മറുപക്ഷവും സത്യമേ ബോധിപ്പിക്കൂ"എങ്കില്‍ എന്ന തര്‍ക്കുത്തര സ്വഭാവത്തിലുള്ള മറുപടിയാണ്‌ പറഞ്ഞത്‌. ഇപ്പറഞ്ഞതില്‍ ഒരു ന്യായം പ്രത്യക്ഷത്തില്‍ ദര്‍ശിക്കാമെങ്കിലും അന്യായം ബോധിപ്പിക്കേണ്ടുന്ന കോടതിക്ക്‌ അത്‌ രസിക്കുകയില്ല. ഇത്തരം ഉത്തരങ്ങള്‍ ധിക്കാരമാണെന്നും "അതെ" അല്ലെങ്കില്‍ "അല്ല" തുടങ്ങിയ ക്ഷിപ്രദഹനസ്വഭാവമുള്ള ഉത്തരങ്ങളേ ആകാവൂ എന്ന്‌ വാദിച്ചതിനെ പക്ഷെ, കോടതിയോ പ്രതിയോ ഗൌനിച്ചില്ല.

മലയാളത്തില്‍ പുത്തന്‍പ്രസ്ഥാനങ്ങളും ശെയിലിയും പരിചയപ്പെടുത്തിയ സാഹിത്യ നായകനെന്നു നിരൂപകര്‍ വിശേഷിപ്പിച്ച സാക്ഷാല്‍............................ ആണ്‌ പ്രതിക്കൂട്ടില്‍ നനഞ്ഞ കോഴിയെപ്പോലെ നില്‍ക്കുന്നത്‌. ചുറ്റിനും കറുത്തകോട്ടു പുതച്ച ഒരു പറ്റം ആളുകള്‍ക്കപ്പുറം പരിഹാസത്തിന്റെ ചിരി വിടരുന്ന മുഖങ്ങളുടെ ഒരു മതില്‍. അതിനുമപ്പുറത്ത്‌ കോടതിയുടെ ചുമരുകള്‍ പരിഹാസം കൊണ്ട്‌ ക്രമേണ വെളുത്തു
വരുന്നു. അതു ട്യൂബുലൈറ്റുകളുടെ പ്രകാശമായാണ്‌ പ്രകടമാവുന്നത്‌. ചുമരുകള്‍ ചിരിപ്രകടിപ്പിക്കുന്നത്‌ അങ്ങനേയാണ്‌. അതിനു നടുവില്‍ അയാളൊരു ശവവും അവര്‍ കഴുകുകളുമാണ്‌. അവ കൂര്‍ത്തകൊക്കുകളും നഖങ്ങളുമുപയോഗിച്ച്‌ അയാളെ പങ്കുവെയ്ക്കാന്‍ തുടങ്ങി. അസ്ഥികളിലെ കാത്സ്യം, ഫോസ്ഫറസ്‌ തുടങ്ങിയ മൂലകങ്ങളില്‍ കൊക്കുരസിയപ്പോള്‍ ഒരു പുളിപ്പുണ്ടായി.

കേരളസാഹിത്യഅക്കാദമിയുടെ അവാര്‍ഡ്‌ ദാനച്ചടങ്ങായിരുന്നു രംഗം. പത്രക്കാര്‍ എത്ര ആവേശത്തോടെയാണ്‌ ആധുനിക മലയാളകഥയുടെ ഗതിവിഗതികളെപ്പറ്റിയും അതില്‍ പുതിയ എഴുത്തുകാരുടെ പങ്കിനെപ്പറ്റിയുമൊക്കെ വാചാലമാകുന്നത്‌. മലയാളത്തിലെ ദൃശ്യമാധ്യമങ്ങളുടെ ക്യാമറകള്‍ പതിനാറ്‌. അത്രയും മൈക്കുകള്‍. അവയുടെ വ്യക്തിത്വം നില നിര്‍ത്താന്‍ കാണിക്കുന്ന അടവിന്റെ ഭാഗമായുള്ള ചിഹ്നങ്ങള്‍. ഷര്‍ട്ടിന്റെ ബട്ടണില്‍ കുത്തിത്തരുന്ന ചെറിയൊരു ഉപകരണം. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം മുതല്‍ ഒരു യുവാവിനെ പ്രകമ്പിതനാക്കാനുതകുന്ന ചോദ്യങ്ങള്‍ വരെ ചോദിക്കുന്നതില്‍ വിദഗ്ദ്ധകളായ
യുവതരുണികളടങ്ങുന്ന ഒരു സംഘവും. പോരെ പൂരം. അയാള്‍ കാറ്റില്‍ പറക്കുകയും വെളിച്ചത്തില്‍ തിളങ്ങുകയും ചെയ്തു.

image

"താങ്കള്‍ മിനിസ്ക്രീനിലേയ്ക്കു തിരിയുന്നു എന്നൊരു ശ്രുതിയുണ്ടല്ലോ. അതേപ്പറ്റി?"
ക്യാമറകള്‍ക്ക്‌ പിന്നെയിലുള്ള ശക്തിയേറിയ പ്രകാശം കഥാകൃത്തിന്റെ മുഖത്തു തിളച്ചു വീണുകൊണ്ടിരുന്നു. അവ അയാളെ ഉരുക്കിയെടുത്ത്‌ ലോകം മൊത്തം തളിക്കുകയാണ്‌.
"നല്ലൊരു കഥ മനസ്സിലുണ്ട്‌."
"ഒന്നു ചുരുക്കി, കുറഞ്ഞ വാക്കുകളില്‍, നമ്മുടെ പ്രേക്ഷകര്‍ക്കായി?"
"അതില്‍ ശ്യാമ എന്നൊരു പെണ്‍കുട്ടിയാണ്‌ നായിക. ചേറുപ്പത്തില്‍ പ്രലോഭനങ്ങള്‍ക്ക്‌ വിധേയയായി കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ആ ക്രൂരമായ അനുഭവത്തില്‍ ജീവിതകാലം മുഴുവന്‍ നരകിക്കേണ്ടി വരികയും ഒക്കെ ചെയ്യുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ പച്ചയായ ജീവിത കഥ. നമുക്ക്‌ ചുറ്റും അത്തരം കഥകള്‍ നടന്നു കൊണ്ടിരിക്കുന്നു. അതിനാല്‍ ഇതൊരു കാലിക യാഥാര്‍ഥ്യത്തിലേക്കു തിരിച്ചു പിടിക്കുന്ന ക്യാമറയാവും."

ക്യാമറയുടെ പീഡനത്തില്‍ നിന്നും കോടതിയില്‍ പ്രതി ഭാഗം വക്കീലിന്റെ അശ്ലീലങ്ങളിലേക്ക്‌ അയാള്‍ വഴുതി വീണു. വക്കീലിന്റെ കണ്ണുകള്‍ ജിജ്ഞാസാഭരിതമാവുകയും ചുണ്ടുകള്‍ വരണ്ടുകൊണ്ടിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നാവ്‌ ഇടയ്ക്കിടയ്ക്ക്‌ പുറത്തിറങ്ങി ചുണ്ടുകളെ നനയ്ക്കുന്നുണ്ട്‌. അതിന്‌ 52 വയസ്സും വക്കീല്‍ പണിയില്‍ 23 വര്‍ഷത്തെ പരിചയവുമുണ്ടായിരുന്നൈട്ടും ഒരു കിളുന്നു പെണ്ണിന്റെ മുന്‍പില്‍
പുറത്തിറങ്ങിയും ഉള്ളില്‍ കയറിയും. ഛെ.....ലജ്ജാകരം.

"കുട്ടി എന്തിനാണ്‌ ഇയാളുടെ കൂടെ ലോഡ്ജില്‍ പോയത്‌?"
"സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചപ്പോള്‍....."
"അപ്പോള്‍?"
"സിനിമയുടെ പളപ്പുകളല്ലെ സാര്‍ ഏതു പെണ്‍കുട്ടിയും വീണുപോകും"
"വീണുപോകും എന്നു പറഞ്ഞാല്‍ പോര വീണിട്ട്‌ എന്താണുണ്ടായത്‌. അതുപറ....ആ.."
"അത്‌.........."
"പറയാന്‍ മടിയുണ്ടല്ലെ?"
"ഇയാളെന്റെ ചൂരിധാറിന്റെ...."
"എന്നിട്ട്‌?"
"കഴുത്തിലെ ഈ ഭാഗത്ത്‌...."
"ഏതുഭാഗം?"
"ഇതാ ഇവിടെ മാറിന്റെ..."
"എവിടെ?"

വാദിഭാഗം എഴുന്നേറ്റു
"ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഒരു പെണ്‍കുട്ടിയുടെ വസ്ത്രം കൊണ്ടു മറഞ്ഞഭാഗങ്ങള്‍ പരസ്യമായി വെളിവാക്കാനാവശ്യപ്പെടുന്നത്‌ ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധിയെ അവഹേളിക്കുന്നതാണ്‌ എന്നതിനാല്‍ അങ്ങിത്‌ അനുവദിക്കരുതെന്ന അപേക്ഷിക്കുന്നു."
"ഒബ്ജക്ഷന്‍ ഓവര്‍ റൂള്‍ഡ്‌. താങ്കള്‍ക്ക്‌ തുടരാം."
ജഡ്ജിയുടെ മനസ്സിലും തിരയിളക്കമുള്ളതുപോലെ മുഖത്ത്‌ പ്രായക്കുറവിന്റെ ഒരു പ്രകാശമുണ്ട്‌. ആപ്രകാശത്തിലൂടെ കഴിഞ്ഞ കാല രംഗങ്ങളിലേക്ക്‌ കഥാകൃത്ത്‌ തിരിഞ്ഞു നടക്കുന്നു.

മലയാള സാഹിത്യത്തിലെ പുത്തന്‍ പ്രതീക്ഷയായ ................തന്റെ ഏറ്റവും പുതിയ കഥ സിനിമയാക്കുന്നു എന്ന വാര്‍ത്ത ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും തലങ്ങും വിലങ്ങും ചിന്നിച്ചിതറുകയാണ്‌. മൊത്തത്തില്‍ ഒരു ഉത്സവപ്രതീതി. അങ്ങനെയിരിക്കെ കഥാകൃത്തു താമസിക്കുന്ന മുറിയിലേക്ക്‌ ഒരു പെണ്‍കുട്ടി ഒച്ചവെയ്ക്കാതെ കടന്നുവന്നു.

എഴുത്തിന്റെ മുഴുവന്‍ ചിട്ടവട്ടങ്ങളും മുറിയിലുണ്ട്‌. അയാളുടെ ഉദാസീനതകൊണ്ട്‌ അലങ്കോലമായിക്കിടക്കുകയാണ്‌ അകത്തളം. ഈ കഥാകൃത്ത്‌ അങ്ങനേയാണ്‌. മടി ഒരുപാടുള്ള ഒരാള്‍. ഒരു അടുക്കും ചിട്ടയുമില്ലാതെ. പുസ്തകങ്ങളൊക്കെ അടുക്കിവെച്ചിട്ടും കാര്യമില്ല. വീണ്ടും എടുക്കേണ്ടിവരും. അതിനാല്‍ അങ്ങനെ ഒരു പണിക്ക്‌ മുതിരാറില്ല. അങ്ങനെ ചെയ്താല്‍ അതിനെ നേരം കാണൂ. അതിലും നല്ലത്‌ എവിടെയാണോ അവ അവിടെത്തെ‍ന്ന വിട്ടേക്കുകയാണ്‌. എഴുതിക്കീറിക്കളഞ്ഞ കടലാസു കഷ്ണങ്ങള്‍ പലസ്ഥലത്തും ചിതറി വീണിട്ടുണ്ട്‌. ശ്യാമ എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ പിച്ചിച്ചീന്തപ്പെട്ട വേദനകളാണ്‌ അവ. അതിനിടയിലേക്കാണ്‌ പകച്ച കണ്ണുകളോടെ പതിനഞ്ചു തികഞ്ഞിട്ടില്ലാത്ത ഒരു പണ്‍കുട്ടി കടന്നു വരുന്നത്‌. അവള്‍ കസേരയില്‍ നിന്ന രണ്ടുമൂന്ന്‍ പുസ്തകങ്ങളെടുത്ത്‌ മേശമേല്‍ അടുക്കിവെച്ചു തുടര്‍ന്ന്‍ സംഭാഷണം ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌.

"ഞാനിവിടെ ഇരുന്നോട്ടെ സര്‍"
"എന്തു വേണം..?"
"എനിക്ക്‌..."
"ആ വാതില്‍ തുറന്നിട്ടേക്കൂ. നിനക്ക്‌?"
"എനിക്കെന്തെങ്കിലും ജോലി കിട്ടിയാല്‍ "
"ഈ പ്രായത്തിലോ. പഠിക്കുന്നെയില്ലേ നീ?"
"അതല്ല. അങ്ങു സിനിമയെടുക്കുന്നുണ്ടെന്നു കേട്ടു. ഞാനങ്ങയുടെ ഒരു ആരാധികയാണ്‌. അങ്ങയുടെ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്‌. എനിക്കു നന്നായി അഭിനയിക്കാനുമറിയാം"
"സിനിമയെടുക്കുന്നതിനെപ്പറ്റി ആലോചിച്ചു വരുന്നേയുള്ളൂ. അതിനൊരുപാടു സമയമെടുക്കും."
"മതി ഞാന്‍ കാത്തിരിക്കാം."
"സിനിമ അത്ര നല്ലൊരു ഫീല്‍ഡൊന്നുമല്ല ഇക്കാലത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌. നിന്നെ അതിനൊന്നും പറ്റുമെന്നും തോന്നന്നേയില്ല."
"അറിയാം സര്‍, സാറുദ്ദേശിക്കുന്ന പറ്റെലെന്താണെന്നെനിക്ക്‌ നന്നായറിയാം."

അവള്‍ ചൂരിദാറിന്റെ നേരിയ ഷാളെടുത്ത്‌ കയ്യില്‍ ചുറ്റിക്കൊണ്ടു പറഞ്ഞു.

"സാറെന്റെ കൈ ഇപ്പോഴും കാണുന്നെയില്ലേ വസ്ത്രത്തിനിടയിലൂടെ. ഇതുപോലെ ഞാന്‍ അഭിനയിക്കാം സാര്‍. അതുമല്ലെങ്കില്‍....."
അവള്‍ വസ്ത്രത്തിന്റെ ബട്ടണില്‍ കൈ വെച്ചപ്പോള്‍ അയാള്‍ വിറച്ചുപോയി.
"നീ ഇപ്പോള്‍ പോ"
"സര്‍ എന്നെ കൈവിടരുത്‌. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ ഞാന്‍ സിനിമാ നടിയാവുന്നതു കാണാന്‍ കാത്തിരിക്കുകയാണ്‌."
"സാഹിത്യകാരെപറ്റിയും സിനിമാക്കാരെപറ്റിയുമൊക്കെ മോശമായ അഭിപ്രായമാണ്‌ ജനത്തിന്‌. അത്‌ നാളെ നിനക്കും എനിക്കുമൊക്കെ ദോഷമേ വരുത്തൂ."
"മറ്റുള്ളവരെ നാമെന്തിനു നോക്കണം."

അവള്‍ കട്ടിലില്‍ വന്നിരുന്നു. താന്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന പോലെ അയാള്‍ ഞെട്ടിയെഴു‍ന്നേറ്റു. അപ്പോള്‍ അയാളുടെ കാലിനേറ്റ മുറിവിളകി. വേദനകൊണ്ടു പുളഞ്ഞതിനാലുള്ള രോദനത്തിനൊപ്പം പിന്നെയൊരു ഗര്‍ജ്ജനമായിരുന്നു.

"പോകാനല്ലെ പറഞ്ഞത്‌."
"സാര്‍, ഞാന്‍ പോകാം സാറിന്റെ കാലിനെന്താണ്‌ പറ്റിയത്‌."
"നീ ആദ്യം പുറത്തിറങ്ങ്‌."
"അതറിഞ്ഞാലേ ഞാന്‍ പോകൂ. എനിക്കതു കാണണം"
"എന്നാല്‍ കേട്ടോ ഇന്നലെ മോട്ടോര്‍ സൈക്കിളില്‍ നിന്നു വീണ്‌ എന്റെ മര്‍മഭാഗത്തിന്റെ ഭൂമദ്ധ്യരേഖയ്ക്ക്‌ 40 ഡിഗ്രി വടക്കു മാറി വലതുഭാഗത്ത്‌ ഒരിഞ്ചു വലിപ്പത്തില്‍ ഒരു മുറിവു പറ്റി. ഉള്‍ത്തുടയിലാണ്‌. അതിനാല്‍ കാണിക്കാന്‍ പറ്റില്ല. ഇനി താന്‍ പോ."
"അപ്പോള്‍ സാര്‍ എന്നെ സിനിമയിലേക്കു വിളിക്കുമല്ലോ?"
"ആണുങ്ങള്‍ക്കു മുന്‍പില്‍ ഉളുപ്പില്ലാതെ എന്തിനും തയ്യാറാവുന്ന ഒരു പെണ്ണല്ല എന്റെ നായിക ശ്യാമ. അതിനാല്‍ ആ ഒരു മോഹം വേണ്ട."
"എന്നെ ഓരോന്നു പറഞ്ഞു കൊതിപ്പിച്ചിട്ട്‌...."
"അവള്‍ ചിണുങ്ങാന്‍ തുടങ്ങി"
"പെണ്ണേ നീ ഇറങ്ങിപ്പോ"

സാക്ഷി വിസ്താരം ആരംഭിക്കാം
മൂന്നാവര്‍ത്തിക്കുന്ന കോടതി ശിപായിയുടെ വിളികള്‍ ക്കൊടുവില്‍ ഒന്നാം സാക്ഷി തയ്യില്‍ ഗോപാലകൃഷ്ണന്‍ ഹാജരായി.

പകുതി തല കഷണ്ടിക്ക്‌ തീറെഴുതിയ അയാള്‍ സാക്ഷി പറയുന്നതില്‍ ഒരു വിദഗ്ദനാണെന്നേ തോന്നൂ.

"ഈ മനുഷ്യനെ അറിയുമോ?"
"അറിയും"
"എങ്ങനെ"
"ലോഡ്ജില്‍ കുറച്ചുകാലം താമസിച്ചിരുന്നു"
"ഈ പെണ്‍കുട്ടിയെ കണ്ടിട്ടുണ്ടോ?"
"ഉണ്ട്‌"
"എപ്പോള്‍"
"ഒരു വൈകുന്നേരം ഇയാളുടെ മുറിയില്‍ നിന്ന കരഞ്ഞ കണ്ണുകളോടെ ഇറങ്ങിപ്പോകുന്നതു കണ്ടു."
"അവളുടെ വസ്ത്രം ഉലഞ്ഞിരുന്നോ? എന്തെങ്കിലും സംഭവിച്ച മാതിരി.."
"അതെ"
"ദാറ്റ്സ്‌ ആള്‍ യുവര്‍ ഓണര്‍"

പ്രതിഭാഗം എഴുന്നേറ്റു
"അപ്പോള്‍ ധരിച്ച വസ്ത്രങ്ങള്‍ കുട്ടി സൂക്ഷിച്ചിട്ടുണ്ടോ?"
"ഉണ്ട്‌ "
"അതില്‍ തെളിവുകളായി എന്തെങ്കിലും പറ്റിപ്പിടിച്ച പോലെ"
"ഉണ്ട്‌ സാര്‍"
"എങ്കില്‍ എന്ത്‌?"
"അമേരിക്കന്‍ സ്റ്റേറ്റ്‌ കോടതിയില്‍ മോണിക്കാ ലെവിന്‍സ്കി എന്ന ധീര വനിത നേരത്തെ അതു വിശദീകരിച്ചിട്ടുണ്ട്‌. കേസ്‌ നമ്പര്‍ സിക്സ്റ്റീന്‍ എയിറ്റി എയിറ്റ്‌ ബാര്‍ ഡബ്ല്യു എച്ച്‌ വാഷിംഗ്‌ ടെന്‍. അപ്പോള്‍ അപ്പുറത്ത്‌ സാക്ഷാല്‍ പ്രസിഡണ്ട്‌ ബില്‍ ക്ലിന്‍ടനായിരുന്നു. ഇവിടെ ഈ നീചന്‍ എന്നെ..."
"നോട്‌ ദപോയിന്റ്‌ സാര്‍"

അയാള്‍ പരസ്യമായി വിവസ്ത്രനാക്കപ്പെടുമ്പോലെ പുളഞ്ഞു. പുറത്ത്‌ സ്വന്തം മക്കളാവാന്‍ പ്രായമുള്ള ആരാധക വൃന്ദങ്ങള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു തുടങ്ങിയിരുന്നു.

"പ്രതിക്ക്‌ എന്തെങ്കിലും പറയാനുണ്ടോ?"

സുബൈര്‍ തുഖ്ബ
Subscribe Tharjani |