തര്‍ജ്ജനി

കഥ

അനന്തതയിലേക്ക്...

ചില്ലു ജാലകത്തിന്റെ വിടവില്‍ കൂടി മഴത്തുള്ളികളുടെ നനുത്ത സ്‌പര്‍ശം പതിച്ചപ്പോഴാണു അയാള്‍ പാതിമയക്കത്തില്‍ നിന്നും ഉണര്‍ന്നത്‌. തീവണ്ടി ഏതോ സ്റ്റേഷനില്‍ ക്രോസ്സിങ്ങിനായി നിര്‍ത്തിയിട്ടിരിക്കുന്നു . എത്ര നേരമായി ഈ യാത്ര തുടങ്ങിയിട്ട്‌, മലയിടുക്കുകളിലൂടെയും, താഴ്‌വാരങ്ങളിലൂടെയും, ഊഷരഭൂമികളിലൂടെയും ഉള്ള യാത്ര. പ്രണയത്തിന്റെ ആര്‍ദ്രതയില്‍ നിന്നും ഏകാന്തതയുടെ മരവിപ്പിലേക്കുള്ള യാത്ര. തന്റെ ജീവിതം എപ്പോഴും യാത്രയായിരുന്നു. സായാഹ്നങ്ങള്‍ തനിക്ക്‌ എപ്പോഴും ഒരു വിഷാദഛായ നല്‍ക്കിയിരുന്നു.

'താങ്കള്‍ എന്തോ ഗഹനമായി ചിന്തിക്കുകയാണല്ലോ?' മധ്യവയസ്കനായ സഹയാത്രികന്റെ സൌമ്യമായ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.

'മലയാളിയാണെന്നു എങ്ങിനെ മനസ്സിലായി' അയാള്‍ ചോദിച്ചു..

'കയ്യിലുള്ള മലയാള പുസ്തകം കണ്ടപ്പോള്‍ മനസ്സിലായി', ഒരു നിരീക്ഷകന്റെ ത്വരയോടെ അപരന്‍ പ്രതിവചിച്ചു. 'ഏതാണു പുസ്തകം.'

'മുന്‍പേ പറക്കുന്ന പക്ഷികള്‍'

'ഓ എനിക്കു ഇങ്ങിനെയുള്ള പുസ്തകങ്ങള്‍ വായിക്കുവാന്‍ ക്ഷമ ഇല്ല, മി., ഓ പേരെന്താന്നാ പറഞ്ഞത്‌' അപരന്‍ വിടാന്‍ ഭാവമില്ല.

'ഗൌതമന്‍' അയള്‍ തെല്ലു നിസ്സംഗതയോടെ പറഞ്ഞു.

'ഞാന്‍ വര്‍മ,, രവീന്ദ്ര വര്‍മ .ആര്‍മിയില്‍ മേജര്‍ ആയിരുന്നു.. ഇപ്പോള്‍ നാട്ടില്‍ ചെറിയ ബിസിനസ്സ്‌ ചെയ്യുന്നു..ബൈ ദ ബൈ മി. ഗൌതമന്‍ എന്തു ചെയ്യുന്നു..' ‌
ഈ ചോദ്യം അയാള്‍ നേരത്തെ പ്രതീക്ഷിച്ചതാണ്‌.

'ഞാന്‍ ഡെല്‍ഹിയില്‍ ഒരു കമ്പനിയില്‍ വര്‍ക്കു ചെയ്യുന്നു..' അയാള്‍ കള്ളം പറഞ്ഞു..
താന്‍ സത്യത്തില്‍ ഏതോ മാനസിക വിഭ്രാന്തി പൂണ്ടു പ്രായമായ അമ്മയെയും അനാഥയായ ഭാര്യയെയും ഉപേക്ഷിച്ചു അലയുകയായിരുന്നു എന്നു ഇയാള്‍ എന്തിന് അറിയണം. എവിടെയെല്ലാം അലഞ്ഞു എത്ര വര്‍ഷങ്ങള്‍...

കാശി , രാമേശ്വരം. കുടജാദ്രി പിന്നെ പേരു പോലും അറിയാത്ത ഏതോ ചില സ്ഥലങ്ങള്‍.

illustration

അവസാനം ഒന്നും നേടിയില്ല.ഇപ്പോള്‍ ഒരു മടക്കയാത്ര. അമ്മയെ കാണാന്‍, സൌദാമിനിയെ കാണാന്‍, അവര്‍ ഇപ്പോള്‍ എങ്ങിനെ കഴിയുന്നുണ്ടാവും. അറിയില്ല.

സൌദാമിനി. അമ്മയുടെ നിര്‍ബന്ധം മൂലം അനാഥയായ അവളെക്കൂടി തന്റെ ജീര്‍ണ ജീവിതത്തിലേക്കു വലിച്ചിഴച്ചു. എന്തിനായിരുന്നു. നാട്ടിലിപ്പോള്‍ തന്നെ ആരെങ്കിലും തിരിച്ചറിയുമോ.

'മി. ഗൌതമന്‍ ,വളരെ കാലത്തിനു ശേഷമുള്ള മടക്കം ആണെന്നു തോന്നുന്നല്ലോ. വീട്ടില്‍ ആരൊക്കെയുണ്ട്‌,' രവീന്ദ്രവര്‍മ്മ വിടാന്‍ ഭാവമില്ല.

'അമ്മയും ഭാര്യയും,' പഴയ നിസ്സംഗത വിട്ട്‌ അയാളും സംസാരിച്ചു തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ടു അവര്‍ സുഹൃത്തുക്കളെ പോലെയായി. ആ സമയത്തിനുള്ളില്‍ തന്റെ ജീവിതം മുഴുവന്‍ വര്‍മ്മയോടു പറഞ്ഞു കഴിഞ്ഞു എന്നു ഗൌതമന് മനസ്സിലായി. വര്‍മയുടെ മുഖത്ത്‌ ഒരു പുച്ഛമോ സഹതാപമോ നിഴലിക്കുന്നുണ്ടായിരുന്നു.

'മി. ഗൌതമന്‍ അടുത്ത സ്റ്റേഷനില്‍ ഞാന്‍ ഇറങ്ങും. ഇഫ്‌ യു ഡോണ്ട്‌ മൈന്റ്‌ ഈ ല‍ഗ്ഗേജ്ജ്‌ ഒന്നു ഇറക്കാന്‍ സഹായിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു.'

സ്റ്റേഷനില്‍ വര്‍മ്മയെ കാത്തു ബന്ധുക്കള്‍ ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ലഗ്ഗേജ്ജ്‌ ഇറക്കാന്‍ അയാളും സഹായിച്ചു..

'ഓകേ ബൈ മി ഗൌതമന്‍ വീണ്ടും കാണാം. ഇനി കാണുമ്പോള്‍ നിങ്ങള്‍ക്കു ചില നല്ല വിശേഷങ്ങള്‍ എന്നോടു പറയാനുണ്ടാവട്ടെ.'
'ഓകേ ബൈ സാര്‍' അയാളും കൈ വീശി.
ഇനി എപ്പോള്‍ കാണാന്‍? ജീവിത യാത്രകളില്‍ ഇങ്ങിനെ എത്ര മുഖങ്ങള്‍. അവരെ ആരെയും താന്‍ രണ്ടാമതൊരിക്കല്‍ കണ്ടിട്ടില്ല.

വണ്ടി വീണ്ടും ചലിക്കുകയാണ്‌ .പാളം മാറി ഓടുന്ന കട കട ശബ്ദം. തന്റെ ലക്ഷ്യം ഇനിയും അകലെ.
സ്റ്റേഷനില്‍ തന്നെ കാത്ത്‌ ആരും ഉണ്ടാവില്ല. അല്ലെങ്കിലും ഇത്‌ മുന്‍കൂട്ടി അറിയിച്ചുള്ള ഒരു വരവല്ലല്ലോ.സ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ സന്ധ്യക്കു കനം വച്ചു തുടങ്ങിയിരുന്നു. ഒരു വിഷാദ ഛായാചിത്രം പോലെ.

പഴയ ഗ്രാമത്തിന്‌ ഒട്ടൊക്കെ മാറ്റം വന്നിരിക്കുന്നു. ചിലരെല്ലം തന്നെ തുറിച്ചു നോക്കുന്നു.അമ്മ തന്നെ തിരിച്ചറിയുമോ? എന്തായിരിക്കും സൌദാമിനിയുടെ പ്രതികരണം. ആ നടവഴികളിലൂടെ ആലോചിച്ച്‌ വീട്ടില്‍ എത്തിയത്‌ അയാള്‍ അറിഞ്ഞില്ല.വീടിന്‌ ഒരു മാറ്റവും ഇല്ല അല്‍പം കൂടി ജീര്‍ണിച്ചിട്ടുണ്ട്‌. ഉമ്മറത്ത്‌ ഒരു വിളക്ക്‌ അണയാതെ കാറ്റിനോട്‌ മല്‍സരിച്ചു നില്‍ക്കൂന്നു. അവിടെ പടിയില്‍ ഇരിക്കുന്ന സ്ത്രീ രൂപം സൌദാമിനിയല്ലേ.

'ആരാത്‌? തെല്ലു വിഹ്വലതയോടെ അവള്‍ ചോദിച്ചു..'

'സൌദാമിനി ഞാന്‍ ഗൌതമന്‍.' അയാള്‍ വിക്കിവിക്കി പറഞ്ഞു.
'ഗൌതമേട്ടന്‍! ആ മുഖത്ത്‌ വന്ന അമ്പരപ്പ്‌ ഒരു പൊട്ടിക്കരച്ചിലാകുന്നത്‌ അയാള്‍ കണ്ടു.
'അമ്മയെവിടെ'.
'കിടപ്പിലാണ്‌ തീരെ വയ്യ. അവള്‍ പറഞ്ഞു. പിന്നെ ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങള്‍ പോലെ ആയിരുന്നു. അമ്മയുടെ ശാസനകള്‍,സൌദാമിനിയുടെ പരിഭവങ്ങള്‍.

'ഗൌതമാ നീ ഇനി ഒരിക്കലും ഇവളെ ഉപേക്ഷിച്ച്‌ പോകരുത്‌ എനിക്കു തീരെ വയ്യ, നിനക്കു എന്തു പറ്റി കുഞ്ഞേ? നീ എന്തു നേടി. ഞങ്ങള്‍ ഇവിടെ എങ്ങിനെ ജീവിക്കുന്നുവെന്നു പോലും നീ തിരക്കിയോ.' അമ്മ കരയുകയായിരുന്നു.

'ഇല്ലമ്മേ, ഇനി ഞാന്‍ എങ്ങും പോകില്ല.' അമ്മയുടെ കൈയ്യുകള്‍ക്ക്‌ വല്ലാത്ത മരവിപ്പായിരുന്നു.

'സൌദാമിനി ഞാന്‍ പുറത്തു പോയി എന്തെങ്കിലും വാങ്ങി വരാം. അത്താഴം നമുക്ക്‌ ഒരുമിച്ചു കഴിക്കാം.'

അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ഉന്മാദാവസ്ഥയായിരുന്നു. ഇന്നത്തെ രാത്രിയെക്കുറിച്ച്‌ അയാള്‍ സ്വപ്‌നം കണ്ടു. ഇതു വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു മാനസികാവസ്ഥ. അയാള്‍ അതിവേഗം പുറത്തിറങ്ങി. ഒരു കടയും കാണുന്നില്ലല്ലോ. എല്ലാവരും നേരത്തേ വീട്ടില്‍ പോയോ. സന്ധ്യ കഴിഞ്ഞതേയുള്ളു.

'ആരാത്‌' ചിലമ്പിച്ച ഒരു ശബ്ദം കേട്ട്‌ അയാള്‍ തിരിഞ്ഞു നോക്കി.
ശങ്കരന്‍ മാഷ്‌.. കുടിപ്പള്ളിക്കൂടത്തില്‍ തന്നെ പഠിപ്പിച്ച മാഷ്‌.
'മാഷേ, മാഷുക്ക്‌ എന്നെ മനസിലായില്ലേ? ഞാന്‍ പഴയ ഗൌതമന്‍. ഞാന്‍ തിരിച്ചു വന്നു,,' അയാളുടെ വാക്കുകളില്‍ ഉല്‍സാഹം നിറഞ്ഞിരുന്നു.

'എന്തിനാ ഗൌതമാ നീ ഇപ്പോള്‍ വന്നത്‌. നീ ഇനി വരുമെന്ന്‌ ആരും കരുതിയില്ല.' മാഷ്‌ സഹതാപത്തോടെ പറഞ്ഞു

'എന്താ മാഷേ ! ഞാന്‍ വീട്ടില്‍ പോയി അമ്മയെ കണ്ടു. സൌദാമിനിയെ കണ്ടു.ഇനി ഞാന്‍ എങ്ങട്ടും പോണില്ല.'

ഗൌതമാ.! മാഷിന്റെ ശബ്ദത്തില്‍ ഭീതിയും അല്‍ഭുതവും കലര്‍ന്നിരുന്നു.
'എന്താ മാഷേ'.

'ഗൌതമാ 3 മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നിന്റെ അമ്മ മരിച്ചു.. നീ എവിടെയാണു എന്നു കരുതി അറിയിക്കാനാ. കുറേ നാള്‍ സൌദാമിനി ഇവിടെയെല്ലാം അലഞ്ഞു പിന്നെ അരും കണ്ടിട്ടില്ല.' മാഷിന്റെ വാക്കുകള്‍ കനല്‍ക്കട്ട പോലെയാണു അയാള്‍ കേട്ടത്‌. മാഷിന് മാനസിക വിഭ്രാന്തി ആയോ. അയാള്‍ വീട്ടിലേക്കു ഓടുകയായിരുന്നു. ഇല്ല അവിടെ ഒന്നും ഇല്ല. ഉമ്മറത്തു പഴയ വിളക്കു കത്തുന്നില്ല,തന്നെ കാത്തു സൌദാമിനി ഇല്ല. അകത്തു അമ്മ കിടപ്പില്ല. പ്രേതാലയം പോലെ ജീര്‍ണിച്ച തന്റെ വീടു മാത്രം അയാളെ നോക്കി പല്ലിളിക്കുന്നു.

എല്ലാം എന്തായിരുന്നു. ഇനി എങ്ങോട്ട്‌. വീണ്ടും സത്യം തേടിയോ?
അതോ സൌദാമിനിയെ തേടിയോ? ഇല്ല തനിക്കു ഒന്നും കണ്ടെത്താന്‍ കഴിയില്ല. വീണ്ടും പോകാം അനന്തതയിലേക്ക്‌. ജേര്‍ണി ടു എറ്റേര്‍നിറ്റി.

അയാള്‍ തിരിഞ്ഞു നോക്കാതെ നടന്നു. സന്ധ്യ അപ്പോള്‍ വിഷാദഛായയോടെ കനത്തു വരികയായിരുന്നു.

പ്രസന്നകുമാര്‍
Subscribe Tharjani |