തര്‍ജ്ജനി

കഥ

നാവ്

ഗോപാലന്‍ കുട്ടിയ്ക്കു ഇനിയും എവിടെയാണു തിരക്കേണ്ടത് എന്നറിയില്ലായിരുന്നു. പക്ഷേ തിരക്കിയേ മതിയാവൂ. ‘മുട്ടുവിന്‍ തുറക്കപ്പെടും’ എന്നാണല്ലോ പ്രാഞ്ചിയപ്പൂപ്പന്‍ പിറുപിറുക്കാറുള്ളത്. ഇതിപ്പോള്‍ ഇരുപതിലധികം കടകള്‍ പിന്നിട്ടിരിക്കുന്നു. മനുഷ്യര്‍ക്കെല്ലാവര്‍ക്കും അത്യന്തികമായി ഒരേ സ്വഭാവമാണെന്നു ഗോപാലന്‍ കുട്ടിയ്ക്കു തോന്നി. താനന്വേഷിച്ച കടകളിലെല്ലാം തന്നെ അവിടെ കൂടി നിന്നവര്‍ മൃഗശാല സന്ദര്‍ശനത്തിനെത്തിയവരെ പോലെ തന്നെ നോക്കുന്നുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ആളുകള്‍ ‘ഭ്രാന്തന്‍, ഭ്രാന്തന്‍’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് കല്ലെറിഞ്ഞു. പക്ഷേ അയാള്‍ക്കുറപ്പുണ്ടായിരുന്നു.

താന്‍ ഭ്രാന്തനല്ല. തനിക്ക് ആകെ ഒരു പ്രശ്നമേയുള്ളൂ. അതിനുള്ള് പരിഹാരമാണല്ലോ താന്‍ അന്വേഷിക്കുന്നത്. അതു ബ്രാന്താവുന്നതെങ്ങനെ? തൊണ്ണൂറുകഴിഞ്ഞ പ്രാഞ്ചിയപ്പൂപ്പന്‍ പറയുന്നതല്ലേ താന്‍ അനുസരിക്കുന്നത്. പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കണമെന്നാണല്ലോ നാരായണി ടീച്ചര്‍ പറയുന്നത് !

തെരുവുവിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. ധനുമാസമായതുകൊണ്ടാവും നല്ല മഞ്ഞുണ്ട്. വിളിപ്പാടകലെയുള്ള ‘ഇന്നൊവേറ്റീവ് മെഡിക്കല്‍‌സിന്റെ’ മഞ്ഞ സൈന്‍ ബോര്‍ഡ് ഇപ്പോഴും നന്നായി തെളിഞ്ഞു കാണാം. ഒമ്പതാം ക്ലാസ്സില്‍ ലില്ലി ടീച്ചര്‍ പഠിപ്പിച്ചതോര്‍ക്കുന്നു. മഞ്ഞുള്ളപ്പോള്‍ മഞ്ഞലൈറ്റ് ഉപയോഗിച്ചാല്‍ കൂടുതല്‍ നന്നായി കാണാം. കാറിന്റെ ഹെഡ്‌ലൈറ്റിനെ ഉദ്ധരിച്ച് വിസരിത പ്രാകാശവും മറ്റും ടീച്ചര്‍ വിസ്തരിക്കുമ്പോള്‍ അവന്‍ തന്റേതായ ലോകത്തെത്തിക്കഴിഞ്ഞിരുന്നു. വിസരിത പ്രകാശത്തേക്കാളും മഞ്ഞും മഞ്ഞയും തമ്മിലുള്ള പ്രാസഭംഗിയാണ് അവനെ ആകര്‍ഷിച്ചത്. മഞ്ഞ സൈന്‍ ബോര്‍ഡ് -‘ഇന്നൊവേറ്റീവ് മെഡിക്കല്‍‌സ്- ആ പേരില്‍ തന്നെ ഒരു പുതുമയുണ്ട്. ഇവിടെ ഉണ്ടാവാതിരിക്കില്ല. നഗരമാലിന്യം വഹിക്കുന്ന ഓടകളില്‍ നിന്നുയരുന്ന നാറ്റം സഹിച്ച് അയാള്‍ ആ മെഡിക്കല്‍‌ ഷോപ്പിലേയ്ക്കു കയറി. പുറത്തു നിന്നു നോക്കിയാല്‍ ഈ ഷോപ്പ് ഇത്രയ്ക്കുണ്ടെന്നു തോന്നില്ല. ശരിക്കും ഒരു 5-സ്റ്റാര്‍ മെഡിക്കല്‍‌സ് തന്നെ. നഗരത്തിലെ മദ്യശാലകളേക്കാള്‍ തിരക്ക്, അവിടെയാണെന്നയാള്‍ക്ക് തോന്നി. രണ്ടു വര്‍ഷം മുന്‍പ് അയാള്‍ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചിരുന്നു. റഷ്യന്‍ ജനതയെക്കുറിച്ച്. ആവശ്യത്തിലേറെ ആഹാരം കഴിക്കുകയും പിന്നെ ഉദര വൈഷമ്യം കാരണം വയറിളക്കുകയും ചെയ്യുന്നവരാണത്രേ റഷ്യാക്കാര്‍. ഇന്നിപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സമയം തികയാത്ത മനുഷ്യര്‍ വിറ്റമിന്‍ ഗുളികകളിലും മിനറല്‍ ടാബ്‌ലറ്റ്സിലുമാണ് ജീവിക്കുന്നതെന്നു, ആ ക്യൂവിലെ വിമ്മിട്ടം പ്രകടമാക്കുന്ന മുഖങ്ങളിലേയ്ക്കു അലിഞ്ഞുചേരുമ്പോള്‍ തോന്നി.

abstract image

ഇതുപോലൊരു ക്യൂവില്‍ അയാള്‍ ഇതിനുമുന്‍പ് നിന്നിരുന്നില്ല. കഴിഞ്ഞവര്‍ഷം ശിവരാത്രിയ്ക്കു ആലുവയ്ക്കുപോകാന്‍ ടിക്കറ്റെടുക്കാന്‍ റെയില്‍‌വേ സ്റ്റേഷനില്‍ പോലും ഇത്ര നീണ്ട ക്യൂ ഉണ്ടായിരുന്നില്ല. ഇതിപ്പോള്‍ ഇനിയും വൈകിക്കാന്‍ കഴിയില്ലല്ലോ !

കഴിഞ്ഞ ശനിയാഴ്ചയാണ് ഗോപാലന്‍ കുട്ടിയ്ക്ക് ഈ ആശയം തോന്നിയത്. അന്നു മുതലിങ്ങോട്ട് അയാളുടെ രാത്രികളില്‍ നാവ്, ഒരു ഭീകര സത്വത്തിന്റെ രൂപം പൂണ്ട് അയാളെ പേടിപ്പിച്ചുകൊണ്ടിരുന്നു. ഏതോ പുരാതനന്‍ മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പറഞ്ഞിരുന്നു. അതില്‍ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നു ഗോപാലന്‍ കുട്ടി കണ്ടെത്തി. -‘നാവ് ബന്ധങ്ങളുടെ കണ്ണാടി’. ഈ പുതു ചൊല്ല് അരമന രഹസ്യമായ അങ്ങാടി പാട്ടുപോലെ അടുത്തു തന്നെ നാടു മുഴുവന്‍ അറിയുമെന്ന് ഗോപാലന്‍ കുട്ടി കരുതി. അതുകൊണ്ടാണ് അയാള്‍ ഈ പുതിയ അന്വേഷണം തുടങ്ങിയത്.

കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അയാള്‍ രസമുകുളങ്ങളും ആളുകളുടെ പെരുമാറ്റച്ചട്ടങ്ങളും തമ്മിലുള്ള ബന്ധം അറിയുന്നത്. ഫസീലയുടെ തക്കാളിപോലെ തുടുത്ത മുഖത്തു ഇരു കവിളുകളെയും കുഴിച്ചുകൊണ്ടു കടന്നു വരുന്ന ചിരി. അത് ഗോപാലന്‍ കുട്ടിയുടെ ദിനങ്ങളെ കുറച്ചൊന്നുമല്ല പുളകം കൊള്ളിച്ചത്. അത്രയും വശ്യതയോടു കൂടിതന്നെ ഫസീല സംസാരിക്കാനാരംഭിച്ചപ്പോള്‍ അയാളുടെ കൂട്ടുകാര വളെ ‘പാഞ്ചാരടി’ എന്നു വിളിച്ചു. മധുര നിമിഷങ്ങള്‍ കൈമാറുന്നത് പഞ്ചാരടി ആകുന്നിടത്ത് കുമ്പസാര രഹസ്യം പോലെ സൌഹൃദം ചോര്‍ത്തിയെടുത്തത് ഏതോ കറിക്കൂട്ട്. അങ്ങനെ അയാള്‍ പലര്‍ക്കും കൂട്ടുകാരനായി. വട്ടത്തില്‍ ഇംഗ്ലീഷ് അക്ഷരം A വലുതായി അച്ചടിച്ച സിനിമാപോസ്റ്ററുകള്‍ക്കു മുന്‍പില്‍, കറിക്കൂട്ടുകളില്‍ മസാല ചേര്‍ത്തു വിളമ്പി, മുരുകന്‍ അയാളുടെ സ്വാദു മുകുളങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. മുരുകന്റെ വീരസാഹസികതയില്‍ അദ്ഭുതപ്പെടുന്നതിനേക്കാള്‍ അയാല്‍, അവന്റെ പെരിലെ വിരോധാഭാസത്തില്‍ അദ്ഭുതം കൂറി. ക്രോണിക് ബാച്‌ലര്‍, ഹിന്ദു ദൈവം മുരുകനില്‍ നിന്നും സാധാരണ മനുഷ്യനായ മുരുകനിലേയ്ക്കുള്ള യാത്ര എത്ര ദൈര്‍ഘ്യമേറിയതായാലും ശരി, ആ മസാല അയാളുടെ നാവിനെ ഒട്ടൊന്നുമല്ല കുഴപ്പിച്ചത്. മനസ്സിനെ ഇക്കിളിപ്പെടുത്തുന്നതിനോടൊപ്പം.

നന്നായി ചെയ്തുവെന്നു ഉറപ്പുവരുത്തിയതിനു ശേഷവും പ്രായോഗിക പരീക്ഷയുടെ റിസല്‍ട്ട് നോട്ടീശ് ബോര്‍ഡില്‍ തൂങ്ങിയാടിയ നിമിഷത്തിലാണ് ഗോപാലന്‍ കുട്ടി, സുവോളജി പ്രൊഫസര്‍ക്ക് തന്നോടുള്ള കല്ലുകടിയുടെ കടുപ്പം അറിഞ്ഞത്. ഇരുപത്തഞ്ചു വര്‍ഷം അദ്ധ്യയനത്തിനു പണം മുടക്കിയ അച്ഛന്‍ തൊഴില്‍ രഹിതനായ മകനെയോര്‍ത്ത് അസ്വസ്ഥനാകാന്‍ തുടങ്ങിയപ്പോള്‍ ഗോപാലന്‍ കുട്ടി താന്‍ എന്നും ഉണ്ണുന്ന ചോറില്‍ അലിഞ്ഞു ചേര്‍ന്ന ഉപ്പിനെ തിരിച്ചറിഞ്ഞു. പാസ്‌പോര്‍ട്ടിനായി റാഫി പോലീസിനു കൈക്കൂലി കൊടുത്തപ്പോള്‍ മഹാതിക്തകത്തിനേക്കാള്‍ കയ്പ് അയാളുടെ അന്നനാളത്തിന്റെ കഴുകി കടന്നു പോയി.

നിവേദിതയുടെ നാലുവര്‍ഷം നീണ്ട പ്രണയത്തില്‍ മടുപ്പും മരവിപ്പും അനുഭവപ്പെട്ടപ്പോള്‍ അയാള്‍ക്ക് നാവു പുളിച്ചു. പഴയ സിനിമാപ്പാട്ട് മനസ്സിലൂടെ മിന്നിമാഞ്ഞു. ‘പഴയപാല് പുളിച്ചത് ...പുതിയ തേന്..’ അതെ അയാള്‍ക്കത് കിട്ടിയേ മതിയാവൂ. ഒരു ഉറ. നിഴലളക്കുന്ന മാലോകരില്‍ നിന്നും നാവിനെ മറക്കാന്‍ മാത്രം പോന്ന ഒരു ഉറ. തന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയാല്‍ ഒരു പക്ഷേ MNC ഭീമന്മാര്‍ തന്നെ പൊക്കിയെടുത്തു പറക്കാന്‍ യുദ്ധം തുടങ്ങിയേക്കും. മനുഷ്യനെ പായ്ക്ക് ചെയ്ത് പുതിയ രൂപത്തിലാക്കാന്‍ പേഴ്സണാലിറ്റി ഡെവലപ്‌മെന്റ് എന്ന പുതു തന്ത്രത്തിന്റെ പേരില്‍ നാണം മറയ്ക്കേണ്ട തുണിയിലും മുടിയില്‍ പുരട്ടേണ്ട ജെല്ലിയിലും സൂര്യനില്‍ നിന്നും അവനു മറയിടേണ്ട ക്രീമിലും പല്ലിന്റെ സ്വത്വം മാറ്റിയെടുക്കേണ്ട ടൂത്ത് പേസ്റ്റിലും കോടികള്‍ മുടക്കി ഗവേഷണം നടത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് എത്ര വിലപ്പെട്ടതായിരിക്കും തന്റെ ആശയം. വികാരങ്ങളുടെ വക്താവായ നാവിനെ മറക്കാന്‍ കഴിഞ്ഞാല്‍ പിന്നെ വ്യക്തിത്വ വികസനത്തിനു തന്നെ എന്തു പ്രസക്തി? നാവിന്റെ സ്വാദു നോക്കല്‍ രീതി എത്ര കൃത്യതയോടെയാണു മുഖം പ്രകടമാക്കുന്നത്. തന്റെ ഗവേഷണ വിഷയത്തില്‍ റിവേഴ്സ് ഇഫെക്ടും ആപ്ലിക്കബിള്‍ ആണെന്നോര്‍ത്തപ്പോള്‍ അയാള്‍ കൂടുതല്‍ ഉത്സാഹ ഭരിതനായി.

അടുത്തത് ഗോപാലന്‍ കുട്ടിയുടെ ഊഴമാണ്. അയാള്‍ മനസ്സില്‍ തയ്യാറെടുപ്പു നടത്തി. “ഉം... എന്താ വേണ്ടേ..?” മരുന്നു മണം പൂണ്ട പരിചിതസ്വരം നാവു നീട്ടി. സ്വതസ്സിദ്ധമായ വിക്കലോടെ ഗോപാലന്‍ കുട്ടി മൊഴിഞ്ഞു.
“ഒ ... ഒ ...ഒറ കിട്ട്വോവ്ടെ ?”
“ന്ത്പ്പാന്റിഷ്ടാത്ര നാണിക്കാനേയ്.. ഇത്ക്കെ ഇപ്പഴത്തൊരു ഫേഷനല്ലേന്ന്...”
മസാലച്ചേര്‍ത്ത ഏതോ കൂട്ടാന്റെ മണം അവിടമാകെ പരക്കാന്‍ തുടങ്ങി. അപ്പുറത്തു നിന്നൊരു ചോറ്റുപാത്രം തുറക്കുന്ന ശബ്ദം.
“ഉണ്ണ്യോട്ടോയ്.. പന്ത്രണ്ടരടിക്കുന്നു.ങ്‌ള് കടടയ്ക്കിന്‍..”
മരുന്നുനാറ്റങ്ങള്‍ക്കിടയില്‍ ഗോപാലന്‍ കുട്ടിയുടെ മുന്‍പിലേയ്ക്ക് ഒരു പായ്ക്കറ്റ് പറന്നു വീണു -‘മൂഡ്‌സ് ക്വാണ്ടംസ്-‘
അയാള്‍ എന്താണു പറയേണ്ടതെന്നറിയാതെ സ്തംബ്ധനായി.
തനിക്കു വേണ്ടത് നാവിന് ഒരു ഉറയാണെന്നോ ? ഇപ്പോള്‍ സമയം പന്ത്രണ്ടരയല്ല, സായാഹ്നമാകുന്നുവെന്നോ? അതോ തനിക്കു ശരിക്കും ഭ്രാന്തു പിടിച്ചോ ? ഗോപാലന്‍ കുട്ടിയുടെ കണ്ണുകളില്‍ നിന്നും മഞ്ഞിമ അകലെയ്ക്കു ഓടിയൊളിക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകളില്‍ ഇരുട്ടു കയറി. തിരിച്ചു നടക്കുന്ന ഗോപാലന്‍ കുട്ടിയെ നോക്കി, അപ്പോഴേയ്ക്കും ആ ക്യൂവില്‍ അലിഞ്ഞുചേര്‍ന്ന ജനം ഒന്നടങ്കം ആര്‍ക്കുന്നുണ്ടായിരുന്നു ‘..ഭ്രാന്തന്‍..’

നവ്യ പി ദേവിപ്രസാദ്
Subscribe Tharjani |