തര്‍ജ്ജനി

കഥ

മനശ്ശാസ്ത്രജ്ഞന് ഒരു കത്ത്

കാക്കനാട്
12.02.05

പ്രിയപ്പെട്ട ഡോക്ടര്‍,
കഴിഞ്ഞ എട്ടു വര്‍ഷമായി മാസികയുടെ വരിക്കാരാണ് ഞങ്ങള്‍. എല്ലാ ലക്കത്തിലും അങ്ങയുടെ കോളം താത്പര്യത്തോടെ വായിക്കാറുണ്ട്. മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഡോക്ടര്‍ നല്‍കുന്ന ഉപദേശങ്ങള്‍ കൌതുകകരവും വിജ്ഞാനപ്രദവുമാണ്. ഇതുവരെ ആരും ഉന്നയിക്കാത്ത പ്രശ്നമാണ് എന്റേത്. ഇതു മറ്റാരോടെങ്കിലും പറയാനോ ഡിസ്ക്കസ്സ് ചെയ്യാനോ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഞാന്‍ ഡീറ്റൈല്‍ഡ് ആയി ഡോക്ടര്‍ക്ക് എഴുതുന്നത്. ദയവായി ഡോക്ടര്‍ ഈ പ്രശ്നത്തിന് ഉചിതമായ ഒരു മറുപടി തന്ന് സഹായിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. ഡോക്ടര്‍ ദയവായി ഈ ലെറ്റര്‍ ചവറ്റുക്കൊട്ടയില്‍ ഇടരുതേ....

36 വയസ്സുള്ള വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണു ഞാന്‍. മോന് ഏഴും മോള്‍ക്ക് രണ്ടരയും വയസ്സാണ് പ്രായം. ഹസ്‌ബന്റിന് 39 വയസ്സുണ്ട്. ശരിക്കു പറഞ്ഞാല്‍ ഇത് എന്റെയൊരു പ്രോബ്ലം അല്ല. ഭര്‍ത്താവിന്റെ പ്രോബ്ലവുമല്ല. എന്നാല്‍ ഈ പ്രോബ്ലെം കാരണം ഏതാനും മാസങ്ങളായി ഞാന്‍ വല്ലാത്തൊരു ഡിലേമയില്‍ വിങ്ങുകയാണ്. ചിലപ്പോള്‍ തോന്നും ഇത് മറ്റാരുടെയും പ്രോബ്ലെമല്ല, എന്റെ ചില മാനസ്സിക പ്രശ്നങ്ങള്‍ തന്നെയാണെന്ന്‍. അങ്ങനെയായിരിക്കുമോ ഡോക്ടര്‍? അങ്ങനെയാണെങ്കിലും എനിക്കു വേണ്ട ഉപദേശങ്ങള്‍ തരാന്‍ ഡോക്ടര്‍ക്ക് കഴിയുമല്ലോ. അതുകൊണ്ട് ഈ കൊച്ചു സഹോദരിയെ കൈവെടിയരുതേ ഡോക്ടര്‍!

illustration

ഡോക്ടറോട് എല്ലാം തുറന്നു പറയണമല്ലോ. അതുകൊണ്ടു പറയുകയാണ്. എന്റെ വീട് തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ്. ഭര്‍ത്താവിന്റെ വീട് പെരിന്തല്‍മണ്ണയിലും. എനിക്ക് വീട്ടില്‍ ഒരനിയനും അമ്മയുമാണുള്ളത്. അച്ഛന്‍ മരിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു.അമ്മ അനിയന്റെ കൂടെ നാട്ടിലായിരുന്നു. ഒരു കൊല്ലം മുന്‍പ് അനിയനും കുടുംബവും ദുബായിലേയ്ക്ക് പോയപ്പോള്‍ അമ്മ എന്റെ കൂടെ വന്നു നിന്നു. ഞാനും ഹസ്‌ബന്റും മക്കളും ഏതാനും വര്‍ഷങ്ങളായി എറണാകുളത്താണു താമസം. അടുത്തയിടെയാണ് ഒരു വില്ല വാങ്ങി കാക്കനാട് സെറ്റില്‍ ചെയ്തത്. അപ്പോല്‍ മുതലാണ് അമ്മ എന്റെ കൂടെ വന്നത്. ഇവിടെ വന്നിട്ട് വളരെപ്പെട്ടെന്നു തന്നെ സാഹചര്യങ്ങളോട് അഡ്ജസ്റ്റു ചെയ്യാ‍ന്‍ അമ്മയ്ക്കു കഴിഞ്ഞു.

അമ്മയ്ക്കിപ്പോള്‍ 61 വയസ്സുണ്ട്. കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കുറച്ചു ഷുഗറുണ്ട്. ബിപി 140/80 ആണ്. രണ്ടും കണ്ട്രോള്‍ഡ് ആണ്. രണ്ടിനും ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്. ഇടയ്ക്കു ചിലപ്പോള്‍ പൈത്സിന്റെ ഡിസ്റ്റര്‍ബന്‍സ് ഉണ്ടാകാറുണ്ടായിരുന്നു.നാട്ടില്‍ ചെറിയൊരു കമ്പനിയില്‍ അക്കൌണ്ടന്റായിരുന്നു അമ്മ. അച്ഛന്‍ മരിച്ചശേഷം അമ്മ ഭയങ്കര ഡിപ്രസ്സ്ഡ് ആയിരുന്നു. പതുക്കെപ്പതുക്കെ അതു ശരിയായി. അത് പോസ്റ്റ് മെനോപോസല്‍ ഡിപ്രഷനായിരുന്നു എന്നു കണ്ടു പിടിച്ചത് അമ്മ തന്നെയായിരുന്നു. മാ‍ഗസീനുകള്‍ കൃത്യമായി വായിക്കുന്നതിന്റെ ഗുണമാണ്. എച്ച് ആര്‍ ടി എന്ന പേരില്‍ ഒരു ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് ഉണ്ടെന്നും അതു ചെയ്യണമെന്നും അമ്മ പറയുന്നു. നാട്ടില്‍ എന്നെയും അമ്മയെയും ചികിത്സിച്ചിരുന്ന ഒരു ഗൈനക്-ഡോക്ടറോട് വിളിച്ചു ചോദിച്ചപ്പോള്‍ അമ്മയ്ക്ക് അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് പറഞ്ഞത്. അതു പറഞ്ഞിട്ടു പക്ഷേ അമ്മ സമ്മതിക്കുന്നില്ല. ചികിത്സിക്കാന്‍ എനിക്കു മടിയായതുകൊണ്ടാണ് എന്നാണ് അമ്മയുടെ ധാരണ. ഹോര്‍മോണ്‍ ചികിത്സ ചെയ്യാന്‍ അമ്മയ്ക്ക് എന്റെ സഹായമൊന്നും ആവശ്യമില്ലെന്നും അമ്മയുടെ കൈയില്‍ കാശുണ്ടെന്നും പറയുന്നു. മെന്‍സസ് നിന്നു കഴിഞ്ഞാലെ നിനക്കതു മനസ്സിലാവുകയുള്ളൂ എന്നാണ് അമ്മ പറയുന്നത്. എനിക്കിപ്പോള്‍ അതു ഒരു ഡിസ്റ്റര്‍ബന്‍സ് ആയിട്ടാണു തോന്നുന്നത് എന്നു പറഞ്ഞപ്പോള്‍ അമ്മ ഒരു തരം പുച്ഛത്തോടേ പറഞ്ഞത് കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില മനസ്സിലാവില്ല എന്നാണ്.

അമ്മ നേരത്തെ മുതല്‍ ഇങ്ങനെ എപ്പോഴും റഫ് ആണ്. ഒന്നിനും ഒരു മയമില്ല. അറുത്തു മുറിച്ചതു പോലെയാണ് എല്ലാ കാര്യങ്ങളും. അമ്മ എന്ന കണ്‍സപ്റ്റിനെപ്പറ്റി പറയാറുള്ള പല കാര്യങ്ങളും എനിക്കു പലപ്പോഴും മനസ്സിലാക്കാന്‍ പോലും പറ്റാറില്ല. എന്നെ സംബന്ധിച്ചിടത്തോളം വാത്സല്യത്തിന്റെ നിറകുടമോ മാതൃദേവതയോ ഒന്നും ആയിരുന്നില്ല അമ്മ. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം മുരട്ടു സ്വഭാവമായിരുന്നു അമ്മയ്ക്ക്. പക്ഷേ അച്ഛന്‍ വളരെ സോഫ്റ്റും സ്മൂത്തും ആയിരുന്നു. അച്ഛനും അമ്മയുമായി പണ്ടേ നല്ല അണ്ടര്‍സ്റ്റാന്‍ഡിംഗ് ആയിരുന്നു. അവര്‍ എങ്ങനെയാണ് ഇത്ര സ്മൂത്തായി അഡ്‌ജസ്റ്റു ചെയ്തു പോയിരുന്നത് എന്ന് എന്റെ കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അതിശയിക്കാറുണ്ട്.

ഹസ്‌ബന്റിന്റെ ചേട്ടനും ഫാമിലിയും വര്‍ഷങ്ങളായി ഓസ്ട്രേലിയയിലാണ്. അവര്‍ രണ്ട് ആണുങ്ങളേയുള്ളൂ. ഞങ്ങളുടെ കല്യാണത്തിനു മുന്‍പേ അവരുടെ അമ്മ മരിച്ചതാണ്. ഡയബറ്റീസ് കൂടി കിഡ്‌നി രണ്ടും ഡാമേജ് ആയപ്പോഴാണ് അറിഞ്ഞത്. അമ്മയെക്കുറിച്ചു പറയുമ്പോള്‍ ഹസ്‌ബന്റിനിപ്പോഴും വിഷമം വരുന്നതു പോലെ തോന്നാറുണ്ട്. അവര്‍ അച്ഛനും മക്കളുമൊക്കെ ഫ്രണ്ട്സിനെപ്പോലെയാണ്. അച്ഛനും മക്കളും കൂടി ഇങ്ങനെ ഫ്രീ ആയി സംസാരിക്കുകയും മിംഗിള്‍ ചെയ്യുകയും ചെയ്യുന്നത് എനിക്ക് അതിശയമാണ്. ഹസ്‌ബന്റിന്റെ ചേട്ടന്റെ മകള്‍ ഇപ്പോള്‍ നയന്‍‌ത്തില്‍ പഠിക്കുന്നു. ട്വല്‍ത്ത് കഴിഞ്ഞാല്‍ നാട്ടില്‍ വന്ന് എഞ്ചിനീയറിംഗോ മെഡിസിനോ ചെയ്യാനാണ് പ്ലാന്‍. അപ്പോഴേയ്ക്കും ഉപകാരമാവും എന്നു കരുതി അവര്‍ തൃപ്പൂണിത്തറയ്ക്കടുത്തൊരു ഫ്ലാറ്റ് വാങ്ങി. അതോടെ പെരിന്തല്‍മണ്ണയിലെ വീടു വിറ്റു അച്ഛന്‍ തൃപ്പൂണിത്തറയിലേയ്ക്കു പോന്നു. അവിടെയാകുമ്പോള്‍ ഇടയ്ക്കിടെ കഥകളി കാണാനും ശാസ്ത്രീയ സംഗീതം കേള്‍ക്കാനുമൊക്കെ പറ്റും എന്നാണ് ഫാദര്‍ ഇന്‍ ലാ പറയുന്നത്. അച്ഛന് അതൊന്നും അറിയില്ലെങ്കിലും എല്ലാറ്റിനും പോയി ചുമ്മാതെ ഇരിക്കും എന്നു പറഞ്ഞ് ഹസ്‌ബന്റ് വെറുതെ ചിരിക്കുന്നതു കാണാം. വലിയ പൊട്ടു തൊട്ട് ലിപ്സ്റ്റിക്കും ഇട്ടു വരുന്ന തൈക്കിഴവിമാരെ കാണാനല്ലേ അച്ഛന്‍ അവിടെയൊക്കെ പോകുന്നത് എന്നു ചോദിച്ച് ഹസ്‌ബന്റും അച്ഛനും കൂടി ചിരിക്കും. എന്തുകൊണ്ടാണ് അച്ഛനും മക്കളുമായിട്ടും ഇവര്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നോര്‍ത്ത് മാര്യേജ് കഴിഞ്ഞകാലം മുതല്‍ ഞാന്‍ അതിശയിക്കാറുണ്ട്. തൃപ്പൂ‍ണിത്തറയിലെ ഫ്ലാറ്റില്‍ നിന്നു മിക്ക ദിവസവും ഫാദര്‍ ഇന്‍ ലാ ഞങ്ങളുടെ വില്ലയിലേയ്ക്ക് വരാറുണ്ട്.

ഏകദേശം ഒരു മാസം മുന്‍പാണ്. ഞങ്ങള്‍ ഓഫീസ് വിട്ടു വരുമ്പോള്‍ അമ്മ പായസം ഉണ്ടാക്കി വച്ചിരിക്കുന്നു. ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് അമ്മ കിച്ചണില്‍ കയറുന്നത്. അന്ന് അമ്മയുടെ ബെര്‍ത്ത് ഡേ ആയിരുന്നു. മുന്‍പ് ഒരിക്കല്‍ പോലും ഇങ്ങനെ പായസം വച്ച് അമ്മ ബര്‍ത്ത് ഡേ ആഘോഷിച്ചിട്ടില്ല. മക്കളുടെ ബര്‍ത്ത് ഡേയ്ക്കു കേക്കു വാങ്ങുന്നതല്ലാതെ എന്റെയോ ഹസ്ബന്റിന്റെയോ ബര്‍ത്ത് ഡേ പോലും ഞങ്ങള്‍ ഓര്‍ക്കാറു കൂടിയില്ലാത്തതാണ്. ഒരു സര്‍പ്രൈസ് ആകട്ടെ എന്നു കരുതി അമ്മയും ഫാദര്‍ ഇന്‍ ലായും കൂടി ചെയ്തതാണ് പായസം വയ്പ്പൊക്കെ. വൈകുന്നേരം അമ്മയും ഫാദര്‍ ഇന്‍ ലായും മോനും കൂടി തൃപ്പൂണിത്തറ അമ്പലത്തില്‍ പോയി. അമ്മ വലിയ കുങ്കുമപ്പൊട്ട് തൊട്ടിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കൊരു വല്ലായ്ക തോന്നിയിരുന്നു.

കഴിഞ്ഞ ദിവസം ഹസ്‌ബന്റിന്റെ അച്ഛന്‍ ഒരു ജാര്‍, ഓട്ട്സ് വാങ്ങിക്കൊണ്ടു വന്നു. എന്റെ അമ്മയ്ക്കു വേണ്ടിയാണ്. ഡയബറ്റിക്സ് ഉള്ളവര്‍ക്ക് ഓട്ട്സ് ആണ് നല്ലതെന്ന് ഫാദര്‍ ഇന്‍ ലാ പറഞ്ഞു. അമ്മയ്ക്ക് അങ്ങനെ വലിയ ഷുഗറൊന്നും ഇല്ല. ഡോക്ടര്‍ ഡയറ്റിംഗ് പ്രിസ്ക്രൈബു ചെയ്തിരുന്നുമില്ല.

ആകെ നാലര സെന്റു സ്ഥലത്താണു ഞങ്ങളുടെ വില്ല. ഒന്നര മീറ്റര്‍ വീതിയുള്ള മുറ്റത്തു നാലഞ്ചു ചട്ടി ഓര്‍ക്കിഡുകള്‍ മാത്രമേ വച്ചിരുന്നുള്ളൂ. അതിനിടയില്‍ അമ്മ എവിടെ നിന്നോ രണ്ടു ടിഷ്യൂ മുരിങ്ങകള്‍ കൊണ്ടു വന്നു നട്ടിരിക്കുകയാണ്. ഹസ്ബന്റിന്റെ അച്ഛന് ബി പി ഉള്ളതിനാല്‍ മുരിങ്ങയില നിത്യവും കഴിക്കണം എന്നു പറഞ്ഞാണ് കൃഷി.

മുന്‍പ് ഫാദര്‍ ഇന്‍ ലായുടെ ഫ്ലാറ്റില്‍ രാവിലെയും വൈകുന്നേരവും ഒരു സെര്‍വന്റ് വരുമായിരുന്നു. അവരാണ് കുക്കിംങും വാഷിംങും ഒക്കെ നടത്തിയിരുന്നത്. ഇപ്പോല്‍ അവിടെ അതൊന്നുമില്ല. അദ്ദേഹം എന്നും രാവിലെ അമ്പലത്തില്‍ പോയിട്ട് അതുവഴി ഞങ്ങളുടെ വില്ലയിലേയ്ക്കു വരും. ഭക്ഷണവും മറ്റെല്ലാ കാര്യങ്ങളും ഇവിടെയാണ്. ഞങ്ങളുടെ കുഞ്ഞുമകള്‍ ദേവപ്രിയ ഉള്ളതു കൊണ്ട് അമ്മയ്ക്കും ഹസ്ബന്റിന്റെ അച്ഛനും എന്‍‌ഗേജ്‌മെന്റ് ആയി. ഈവെനിംഗില്‍ അദ്ദേഹം തിരിച്ച് ഫ്ലാറ്റിലേയ്ക്കു പോകും.അവിടെയടുത്ത് കുറേ പെന്‍ഷനേഴ്സ് ഉണ്ട്.പിന്നെ ചിലപ്പോള്‍ കഥകളി, അല്ലെങ്കില്‍ ചിലപ്പോല്‍ കര്‍ണ്ണാട്ടിക് മ്യൂസിക്, അമ്പലം അങ്ങനെയൊക്കെ. ഇതിനേക്കാള്‍ പ്രധാനം ഓസ്ട്രേലിയയില്‍ നിന്ന് ഹസ്‌ബന്റിന്റെ ചേട്ടന്‍ കൊണ്ടു വച്ചിരിക്കുന്ന വിസ്കിയാണ്. ഫാദര്‍ ഇന്‍ ലാ എന്നും രാത്രി മദ്യം കഴിക്കും. ഇതൊക്കെ കൊണ്ടാണ് എന്നും അദ്ദേഹം തിരിച്ചു പോകുന്നത്. അല്ലെങ്കില്‍ ഫുള്‍ടൈം ഞങ്ങളോടൊപ്പം കഴിഞ്ഞേനെ.

ഡോക്ടര്‍ക്ക് ഇപ്പോള്‍ എന്റെ പ്രോബ്ലം മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു. ഫാദര്‍ ഇന്‍ ലായും എന്റെ അമ്മയും തമ്മിലുള്ള അടുപ്പമാണ് എന്റെ പ്രോബ്ലം. അത് ഏതു ഡയറക്ഷനില്‍ ഉള്ളതാണ് എന്നതിന് എനിക്ക് ക്ലിയര്‍ പ്രൂഫൊന്നുമില്ല. എപ്പോഴും ഞാന്‍ അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇത്രയും പ്രായമായി ഗ്രാന്റ് ചില്‍ഡ്രന്‍ ഒക്കെ ആയവര്‍ക്ക് പ്രേമം പോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവുമോ? ഇത്രയും പ്രായമൊക്കെ ആയിക്കഴിഞ്ഞാല്‍ ഫിസിക്കല്‍ അട്രാക്ഷന്‍ അവസാനിക്കുകയില്ലേ? അതോ ഇവരുടെ ഇടയില്‍ അത് ഇപ്പോഴും എക്സിസ്റ്റ് ചെയ്യുന്നുണ്ടാവുമോ?

പകല്‍ സമയത്ത് അവരിരുവരും കൊച്ചുമകള്‍ ദേവപ്രിയയും മാത്രമേ വീട്ടിലുണ്ടാവുകയുള്ളൂ. എനിക്കാണെങ്കില്‍ ഒരു സമാധാനവുമില്ല. വയസ്സുകാലത്ത് അമ്മയും ഫാദര്‍ ഇന്‍ ലായും കൂടി എന്റെ സ്വസ്ഥത തകര്‍ക്കുകയാണെന്നു എങ്ങനെയാണു ഡോക്ടര്‍ പറയുക? അവരുടെ റിലേഷന്‍ ഒന്ന് അവസാനിപ്പിക്കാന്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്? അത് നന്നായിട്ടൊന്നു മോണിട്ടര്‍ ചെയ്യാന്‍ പോലും എനിക്കു കഴിയുന്നില്ല. പ്രത്യേകിച്ച് സോളീഡ് പ്രൂഫ് ഒന്നുമില്ലാതെ ഞാന്‍ അവരോട് എന്താണു പറയുക? പ്രൂഫിനു വേണ്ടി ഞാന്‍ ശ്രമിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്താല്‍ അത് ഞങ്ങളുടെ ഫാമിലിയില്‍ വലിയ ഡിസ്റ്റര്‍ബന്‍സ് ഉണ്ടാക്കും. ഹസ്‌ബന്റിനോട് ഈ കാര്യങ്ങള്‍ ഡിസ്ക്കസ് ചെയ്യാന്‍ എനിക്കു ഭയമാണ്. അങ്ങനെയെങ്ങാന്‍ സൂചിപ്പിച്ചു പോയാല്‍ ‘അവര്‍ made for each other അല്ലേ, അവരെക്കൊണ്ട് marriage ചെയ്യിച്ചാലോ’ എന്നാവും പറയുക. ഹസ്‌ബന്റിനു എല്ലാം തമാശയാണ്. ദുബായിലുള്ള അനിയനോട് സൂചിപ്പിക്കാം എന്നു വച്ചാല്‍ വനൊന്നും മനസ്സിലാവുക പോലുമില്ല. ഇവിടെ എന്തോ അരുതാത്തതൊക്കെ നടക്കുന്നു എന്നേ അവന്‍ വിചാരിക്കുകയുള്ളൂ.

എനിക്കിതൊക്കെ ഒന്നു തുറന്നു പറയാന്‍ ആരുമില്ല ഡോക്ടര്‍. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളും വിശദമായി ഞാന്‍ ഡോക്ടര്‍ക്ക് എഴുതുന്നത്. എനിക്കൊരു മനസ്സമാധാനവുമില്ല. ഫാദര്‍ ഇന്‍ലായും എന്റെ അമ്മയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ഒരു റിലേഷന്‍ ഉണ്ടാകുന്നത് എനിക്കു സങ്കല്‍പ്പിക്കാനേ സാധിക്കുന്നില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന ശീലം പണ്ടു മുതലേ എന്റെ അമ്മയ്ക്കില്ല. അമ്മയും ഞാനും അങ്ങനെ സീരിയസ് ആയി ഒന്നും തന്നെ ഡിസ്കസ്സ് ചെയ്യാറുമില്ല. ഫാദര്‍ ഇന്‍ ലായും അമ്മയുമായി എന്തെങ്കിലും known relation ഉണ്ടായാല്‍പിന്നെ എന്റെയും ഹസ്‌ബന്റിന്റെയും റിലേഷന്‍ എങ്ങിനെയാവും എന്നു ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ഫാദര്‍ ഇന്‍ ലായും അമ്മയും മാര്യേജ് ചെയ്യുകയോ മറ്റോ ചെയ്താല്‍ ഹസ്‌ബന്റും ഞാനും ബ്രദറും സിസ്റ്ററും പോലെയാവില്ലേ? അവര്‍ മാര്യേജ് ചെയ്തില്ലെങ്കില്‍ അതിനേക്കാള്‍ ഇമ്മോറല്‍ ആവില്ലേ? എന്റെ തല പെരുത്തു കയറുകയാണ് ഡോക്ടര്‍. ദയവായി എനിക്ക് കൃത്യമായ ഉപദേശം തരണം. എന്നെ കൈവെടിയരുതേ ഡോക്ടര്‍ പ്ലീസ്....

യുവേഴ്സ് സിന്‍സിയര്‍ലി
(ഒപ്പ്)
സുനിത

NB. മാസികയില്‍ ഈ കത്ത് പ്രസിദ്ധീകരിക്കുമ്പോള്‍, വരന്തരപ്പിള്ളി, പെരിന്തല്‍മണ്ണ, തൃപ്പൂണിത്തറ, കാക്കനാട് എന്നീ സ്ഥലപ്പേരുകള്‍ മാറ്റിയേ പ്രസിദ്ധീകരിക്കാവൂ. അല്ലെങ്കില്‍ ഞങ്ങളെ അറിയുന്ന പലരും ഇതു വായിച്ച് കൃത്യമായി ആളുകളെ മനസ്സിലാക്കാന്‍ സാദ്ധ്യതയുണ്ട്. എന്റെ പേര് മിസ്സിസ്.എസ്. എന്നു ചേര്‍ത്താല്‍ മതി. ഉടന്‍ മറുപടി നല്‍കും എന്നു പ്രതീക്ഷിക്കുന്നു. മറ്റാരോടും എനിക്കിതു ഡിസ്കസ് ചെയ്യാനാവാത്തതുകൊണ്ടാണ്.. ഡോക്ടര്‍, പ്ലീസ്...)

ബിജു സി പി
Subscribe Tharjani |