തര്‍ജ്ജനി

ടി. വി.സുനീത

മലയാളം ഡിപ്പാര്‍ട്ട്മെന്റ്,
സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്,
കോഴിക്കോട്.

വെബ്ബ്: ഇലകള്‍ പൊഴിയുന്ന വഴിയില്‍...

Visit Home Page ...

കവിത

വീട്

നാട്ടുനടപ്പനുസരിച്ചുള്ള
ഗൃഹാതുരതയ്ക്ക്
എല്ലാ സാധ്യതകളുമുള്ള
ഒരു വീടായിരുന്നു
എന്റേത്...

പൂമുഖം, നടുമുറ്റം, തുളസിത്തറ
കെടാവിളക്ക്, അഗ്രശാല,
ഭസ്മക്കൊട്ട, ഓട്ടുപാത്രങ്ങള്‍...

എന്നിട്ടും ആ വീട്
ഓര്‍മ്മ വെച്ച നാള്‍ മുതല്‍
പുറത്തേക്കുള്ള വഴികള്‍
ചൂണ്ടിത്തന്നു...

അമ്മയുടെ നനഞ്ഞുകറുത്ത
താലിച്ചരടും,
വിയര്‍പ്പും പുകയും അമ്മിഞ്ഞപ്പാലും
ചേര്‍ന്ന ഗന്ധവും
എന്നെ
പോകരുതെന്ന്
അണച്ചുപിടിച്ചില്ല.

കണ്ണീരിന്റെ ഒരു വലിയ
പെരുവെള്ളത്തിനു മുകളിലാണ്
അമ്മ ഉറങ്ങുന്നത്
എന്ന് കാട്ടിത്തന്ന്
ഒരുനാള്‍
വീട്,
വാതിലുകള്‍ തുറന്ന്
എന്നെ ഇറക്കിവിട്ടു...

നിനക്കിനി വീടുണ്ടാവില്ല
എന്നും
കാലപ്പെരുമഴയില്‍ നീ
അലിഞ്ഞുതീരുമ്പോള്‍,
ഇവിടെയ്ക്കായി പാകപ്പെടുമ്പോള്‍,
നിന്നെ ഞാനെന്റെ
ഗര്‍ഭപാത്രത്തിലേയ്ക്ക്
തിരിച്ചെടുക്കാമെന്നും
വീടിന്റെ യാത്രാമൊഴി.

ഇന്ന് ഞാന്‍
വീട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍
മുക്കാലും വഴി
പിന്നിട്ടിരിക്കുന്നു...

എന്നെ സ്വീകരിയ്ക്കാന്‍
വീട് തയ്യാറെടുത്തുതുടങ്ങി...

Subscribe Tharjani |
Submitted by Charudathan (not verified) on Fri, 2010-04-09 14:10.

ഒരു പിന്‍വിളി..

അതിലേയ്ക്കുള്ള ദൂരം അപരിമേയവും....

ഹൃദ്യമായി. ആഭിനന്ദനങ്ങള്‍!

-ചാരുദത്തന്‍