തര്‍ജ്ജനി

പി. സോമനാഥന്‍

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ലേഖനം

പോയ മര്യാദകള്‍ ആന പിടിച്ചാലും കിട്ടില്ല.

മഞ്ഞുമൂടിയ പുലരിയില്‍ വയല്‍വരമ്പിലൂടെ നടക്കാനിറങ്ങിയ ചിണ്ടന്‍നമ്പ്യാരും തച്ചോളി ഒതേനനും ഒറ്റവരമ്പില്‍ പരസ്പരം കാണാതെ മുഖാമുഖം വന്നടുത്തു. ആരാണ് വഴിമാറിക്കോടുക്കേണ്ടതു് എന്ന തര്‍ക്കം അങ്കത്തിലാണവസാനിച്ചത്. മര്യാദക്കാരനും മര്യാദക്കാരനും മൂന്നുവഴി, മര്യാദക്കാരനും തെമ്മാടിക്കും രണ്ടുവഴി, തെമ്മാടിക്കും തെമ്മാടിക്കും ഒറ്റവഴി എന്നായിരുന്നു അന്നു് മലയാളിയുടെ സംസ്ക്കാരം. ജാതിവ്യവസ്ഥ സുദൃഢമായി നിലനിന്ന കാലത്ത് ആരൊക്കെയാണ് വഴിമാറിക്കൊടുക്കേണ്ടത് എന്നു മാത്രമല്ല ഓരോരുത്തരും എത്രയടി ദൂരെ മാറിനില്ക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. മലയാളിയുടെ നവോത്ഥാനം ജാതിബോധങ്ങള്‍ക്കെതിരെയുള്ള ആലോചനകളിലൂടെയാണ് വളരുന്നതു്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും മറ്റും അതിന്റെ ഒരു ധാരയെ നയിച്ചു. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ പുറപ്പെട്ട വി.ടി.യും കൂട്ടരും ജാതിക്കകത്തുനിന്ന് പരിഷ്ക്കരണപ്രവര്‍ത്തനങ്ങളുടെ മറ്റൊരു ധാരയ്ക്ക് നേതൃത്വം നല്കി. വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ക്ഷേത്രപ്രവേശനവിളംബരവും മറ്റും ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതി. ജാത്യാചാരങ്ങളുടെ കോട്ടകള്‍ ശിഥിലമായി. എന്നാല്‍ ജാതിബോധത്തെ നിരാകരിക്കുന്ന മുന്നേറ്റമായി മലയാളസമൂഹത്തിനു മാറാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുവന്ന സാമൂഹ്യപരിഷ്ക്കരണശ്രമങ്ങളുടെ പരിമിതികളെ ഈ വെളിച്ചത്തില്‍ പരിശോധിക്കേണ്ടതാണു്.

കേരളമോഡല്‍ എന്നു വിളികൊണ്ട സാമ്പത്തികപുരോഗതി ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു് ആലോചനകളുയരുമ്പോള്‍ വളരെ പ്രസക്തമായ കാര്യം കേരളസമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പു് ഇല്ലത്തുനിന്നു പുറപ്പെട്ടശേഷം അമ്മാത്തെത്തിച്ചേരുന്നതിനു മുമ്പേ അതിനുണ്ടായിട്ടുള്ള ദിശാവ്യതിയാനങ്ങളാണു്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മുദ്രവാക്യത്തില്‍ തുടങ്ങി ജാതിവേണ്ടാ മതംവേണ്ടാ ദൈവം വേണ്ടാ മനുഷ്യനു് എന്നു വികസിക്കുന്ന ചിന്താധാരയുണ്ടായിരുന്നു അതില്‍. എന്നാല്‍ ജാതികളെയും മതങ്ങളെയും ദൈവങ്ങളെയും ഐക്യപ്പെടുത്തുന്ന ദിശയിലേക്കല്ല മലയാളിസമൂഹം വളര്‍ന്നതു്. സഞ്ചാരസ്വാതന്ത്ര്യത്തിലേക്കും പൊതുബോധത്തിലേക്കും ശാസ്ത്രീയയുക്തിയിലേക്കും മനുഷ്യനെ പരിവര്‍ത്തിപ്പിച്ച മലയാളിയുടെ ആധുനികത പക്ഷെ ജാതിബോധങ്ങളെ സമൂഹത്തിന്റെ അബോധത്തിലേയ്ക്കു് അമര്‍ത്തിവെക്കുക മാത്രമാണ് ചെയ്തത്. കാലാവസ്ഥ മാറിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തുണര്‍ന്നു് ഇതള്‍വിരിക്കും പോലെ അതു് ഉയിര്‍ത്തെഴുന്നേറ്റു. ആധുനികതയുടെ യാന്ത്രികമായ ശാസ്ത്രയുക്തി മലയാളിയുടെ വിശ്വാസങ്ങളെ തകര്‍ത്തുകളയാന്‍ ഉത്സാഹിച്ചു. പകരം ആധുനികതയുടെ വിശ്വാസങ്ങള്‍ മുളപ്പിച്ചെടുക്കാന്‍ നമുക്കായില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ മലയാളിയുടെ മര്യാദകളെ മുന്‍ നിര്‍ത്തി ഒരാലോചനയാണിതു്.

സാമാന്യം നല്ല ചട്ടമ്പിയായിരുന്ന ചിണ്ടന്‍നമ്പ്യാര്‍ക്കും ഒതേനനും പരസ്പരം അങ്കം കുറിക്കാന്‍ പുലര്‍മഞ്ഞിന്റെ മൂടുപടം ആവശ്യമായിരുന്നു. അല്ലായിരുന്നുവെങ്കില്‍ ഒരാള്‍ ഇതരനെ കാണുകയും മറുവരമ്പിലേക്കു് മാറിനില്ക്കുകയും ചെയ്യുമായിരുന്നു. അതായിരുന്നു വരമ്പുയാത്രയുടെ മര്യാദ. പരസ്പരം കാണാതിരുന്നതിനാല്‍ രണ്ടാളും മര്യാദാലംഘനം നടത്തി എന്നു പറയാനാവില്ല. പിന്നെ ആരാണു മാറേണ്ടതു് എന്ന ചോദ്യം ആരാണു വലിയവന്‍ എന്ന സംഘര്‍ഷമായി മാറി. അതിനുത്തരം തേടാന്‍ അവര്‍ സ്വയം ക്വട്ടേഷന്‍ സംഘമായി അങ്കംവെട്ടി.

അന്തിമയങ്ങുമ്പോള്‍ ഇടവഴിയിലെ എതിര്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അഭിവാദ്യം ചെയ്യുന്നത് നാട്ടുമ്പുറങ്ങളില്‍ ഇപ്പോഴും തുടരുന്ന രീതിയാണു്. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍പ്പോലും റോഡുകളില്‍ പരസ്പരാഭിവാദ്യത്തിന്റെ ഈ രീതി ഇന്നു നിലവിലില്ല. വയല്‍രമ്പുകളിലെയും ഇടവഴികളിലെയും ഒറ്റവരിപ്പാതകളുടെ യാത്രാമര്യാദ റോഡുകളിലേക്കു് പറിച്ചു നടാന്‍ നമുക്കായില്ല. ഇതു് അത്ര ചെറിയ ഒരു കാര്യമല്ല. മര്യാദകള്‍ ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയേണ്ടവയാണ്. അതല്ലെങ്കില്‍ പഠിപ്പിച്ചെടുക്കാന്‍ കഴിയണം. റോഡുകള്‍ വരുന്നതോടെ വാഹനങ്ങളുടെ പുതുയുഗം ആരംഭിക്കുന്നു. അതോടൊപ്പം പുതുമര്യാദകളും നമുക്കു് ശീലിക്കാന്‍ കഴിയേണ്ടതുണ്ടു്. ഡ്രൈവിംഗ് ലൈസന്‍സ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം അറിയാവുന്നവര്‍ക്കല്ല അതിന്റെ മര്യാദകള്‍കൂടി അറിയുന്നവര്‍ക്കേ നല്കൂ എന്നില്ല. ട്രാഫിക് റൂളുകള്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടുന്നുണ്ടു്. എഴുതപ്പെട്ട നിയമങ്ങള്‍ ലംഘിക്കപ്പെടുമെന്നു് മുന്‍കൂട്ടി കണ്ടുകൊണ്ടു് ഉണ്ടാക്കിയവയാണു്. (ഹെല്‍മറ്റുവേട്ട യാത്രക്കാരന്റെ സുരക്ഷയ്ക്കുവേണ്ടായണെന്നതിലെ വൈരുദ്ധ്യം ഓര്‍ക്കുക.) ആര്‍ജ്ജിച്ചെടുക്കുന്ന മര്യാദകളാകട്ടെ മനസാ പാലിക്കുന്നവയാണു്. നിയമവും ചട്ടവും ശിക്ഷയും വിചാരിച്ചല്ല മര്യാദകള്‍ പാലിക്കുന്നതു്. അതു സ്വാഭാവികമായ പ്രതികരണമാണു്. പരമ്പരയായി പാലിച്ചുപോരുന്നതിനാല്‍ ജനസമൂഹത്തിന്റെ അബോധത്തിലാണതു് രേഖപ്പെടുത്തിയിരിക്കുന്നതു് എന്നു പറയാം.

പരസ്പരം അഭിവാദ്യം ചെയ്യുന്ന, പരസ്പരം അംഗീകരിക്കുന്ന ഒറ്റയടിപ്പാതകളുടെ യാത്രാമര്യാദ ഡ്രൈവര്‍മാര്‍ നിലനിര്‍ത്തിപ്പോന്നിരുന്നുവെങ്കില്‍ കേരളത്തിലെ റോഡുകളുടെ ശാപമായ കടുത്ത ട്രാഫിക് ജാമുകള്‍ ഇത്ര കടുത്തതതായി മാറുമായിരുന്നില്ല. കേരളത്തിലെ വാഹനാപകടങ്ങള്‍ യന്ത്രത്തകരാറുകൊണ്ടു സംഭവിക്കുന്ന ഏതാനും എണ്ണമായി ചുരുങ്ങുമായിരുന്നു. എഴുന്നള്ളിപ്പുകളോ സാംസ്ക്കരികഘോഷയാത്രയോ പാര്‍ട്ടി പ്രകടനങ്ങളോ ഒന്നും റോഡുകളില്‍ യാത്രക്കാരെ തടഞ്ഞിടുമായിരുന്നില്ല. തിരക്കുപിടിച്ചുമാത്രം യാത്ര ചെയ്യുന്നവരാണു് മലയാളികള്‍. ഓരോ ട്രാഫിക് ബ്ലോക്കും സഞ്ചാരികളില്‍ കടുത്ത മാനസികസംഘര്‍ഷമാണു് നിറയ്ക്കുന്നതു്. ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്ന ബസ്സിലെ ജീവനക്കാരും സഞ്ചാരികളും എല്ലാം ഉന്മാദികളായിത്തീരുന്നു. പലപ്പോഴും ഒരു സെക്കന്റ് ലാഭിക്കാനുള്ള മത്സരമാണു് ബ്ലോക്കുകളെ കടുപ്പിക്കുന്നതും ദീര്‍ഘിപ്പിക്കുന്നതും. ട്രാഫിക് ബ്ലോക്കുകള്‍ ഓരോ മലയാളിയെയും പൊന്നിയത്ത് അങ്കത്തട്ടിലേക്കു് ആനയിക്കുന്നു.

കോഴിക്കോട്ടെ ഹോട്ടലില്‍ മൂത്രപ്പുരയില്‍ ഒളിപ്പിച്ച ക്യാമറ വലിയ ചര്‍ച്ചയായിരിക്കുന്നു. ഒളിപ്പിച്ചുവെച്ച ക്യാമറയെക്കാള്‍ പോലീസുകാരുടെ ചെയ്തികളാണു് നാം ചര്‍ച്ച ചെയ്തതു്. ഡിജിറ്റല്‍ ക്യാമറകള്‍ കേരളത്തിലെത്തിയിട്ട് നാളുകളേറെയായി. അതു പക്ഷെ ഒളിഞ്ഞുനിന്നു് രഹസ്യമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ പൊതുവെ ഉപയോഗിച്ചിരുന്നില്ല. ക്യാമറ മൊബൈല്‍ ഫോണിലേക്കു മാറിയതാണു് അത്തരം സാദ്ധ്യതകളിലേക്കു മലയാളിയെ നയിച്ചതു്. ചിത്രം പകര്‍ത്താനുള്ള ഉപകരണംതന്നെ ഡിജിറ്റല്‍ ക്യാമറയാകുമ്പോള്‍ കാണിക്കുന്ന മര്യാദകള്‍ മൊബൈല്‍ ഫോണിലാകുമ്പോള്‍ പാലിക്കുന്നില്ല. രണ്ടു പാരമ്പര്യമാണു് അവ പിന്തുടരുന്നതു്. ക്യാമറകളും ഛായാഗ്രഹണവും ചിത്രമായിത്തന്നീരുന്ന വ്യക്തികളുടെ സമ്മതം നേടുന്നതു് അതു മലയാളത്തില്‍ വരുന്നതു് വളരെ പഴയ കാലത്തായതുകൊണ്ടാണു്. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വരുന്നതു് ഫോണുകളുടെ പരമ്പരയിലാണു്. അതിനെ പരിചയപ്പെടാനുള്ള ഇട കിട്ടും മുമ്പുതന്നെ അതു വലിയ ഫാഷനും തരംഗവുമായി എങ്ങും വ്യാപിച്ചു കഴിഞ്ഞു. ലാന്‍ഡ് ഫോണ്‍ വന്നപ്പോഴും മലയാളി അതിന്റെ മര്യാദകള്‍ ഇറക്കുമതി ചെയ്തിരുന്നല്ല. ഡയല്‍ ചെയ്താല്‍ ഉടന്‍ വിളിക്കുന്ന ആളുടെ പേരും ഐഡന്റിറ്റിയും വെളിപ്പെടുത്താനോ വിളിക്കാനുദ്ദേശിച്ച നമ്പറില്‍ത്തന്നെയല്ലേ വിളി ചെന്നു പെട്ടിരിക്കുന്നതു് എന്നു് ഉറപ്പുവരുത്താനോ നാം ശീലിച്ചില്ല. നേരിട്ടു തെറിപറയാന്‍ കഴിയാത്തവരെ ഫോണില്‍ വിളിച്ചു തെറിപറയാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ വിളികളിലല്ല, വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന റോംഗ് കോളുകളിലും ഇതാണു് സ്ഥിതി. ഏതൊരു റോംഗ് നമ്പറും മറ്റൊരാളുടെ സ്വാകര്യതിയിലേക്കു് ഇടിച്ചു കയറി അയാളെ അസ്വസ്ഥനാക്കുന്നതു് ഈ മര്യാദകള്‍ പാലിക്കാത്തതുകൊണ്ടാണു്. സ്വകാര്യതയിലേക്കു് ഇടിച്ചുകയറാനുള്ള ഒരു ഉപകരണമായി മാറി മലയാളിക്കു് ഫോണ്‍. അതില്‍ ക്യാമറവന്നപ്പോള്‍ വളരെപ്പെട്ടെന്നു് ഒളിഞ്ഞുനോട്ടമായി അതു മാറി. അപകടത്തില്‍പ്പെട്ട വാഹനങ്ങളെയും മനുഷ്യരെയും പൊതുവെ ആരും കാണാനാഗ്രഹിക്കുകയില്ല. എന്നാല്‍ അത്തരം ദൃശ്യങ്ങളെ ലൈവായി പിടിച്ചു് പോക്കറ്റിലാക്കി നിത്യമായി സൂക്ഷിക്കുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു.

കോഴിക്കോടു സംഭവത്തില്‍ പ്രതിയെ ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും നല്ലപിള്ള ചമയുകയാണു് നാം ചെയ്യുന്നതു്. യഥാര്‍ത്ഥത്തില്‍ ഇത്രയും റിസെ്കടുത്തു് അയാള്‍ പിടിച്ചെടുത്ത മൂത്രപ്പുര ദൃശ്യങ്ങള്‍ അയാളുടെ സ്വകാര്യാനന്ദം മാത്രമായി പരിഗണിച്ചാല്‍ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും യുക്തംതന്നെ. അതിനു് ചില സാമൂഹികമാനങ്ങള്‍ കൂടിയുണ്ടെന്നു് തിരിച്ചറിയേണ്ടതുണ്ടു്. യൂ ട്യൂബ് വഴിയോ നെറ്റുവഴിയോ ആ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു എന്നതാണു് പ്രശ്‌നം. മൊബൈലിലേക്കു് വരുന്ന ഇത്തരം ദൃശ്യങ്ങള്‍ മലയാളികളെ ആനന്ദപ്പിക്കുന്നു. അതു ഷൂട്ടചെയ്ത ആള്‍ അവിടെ വീരനും ധീരനുമാകുന്നു. സുഹൃത്തുക്കളുടെ ഇടയില്‍ അയാള്‍ ഹീറോ ആകുന്നു. അതേ സുഹൃത്തുക്കള്‍ അവരുടെ മറ്റുസുഹൃത്തുക്കള്‍ക്കു് അതയച്ചു കൊടുക്കുന്നു. നൊടിനേരംകൊണ്ടു് സുഹൃത്തുക്കളുടെ ചെയിന്‍ വ്യാപിക്കുന്നു. ഒരാള്‍ പിടിക്കപ്പെടുമ്പോള്‍ ഉറ്റ സുഹൃത്തുക്കളടക്കം ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതു് ഈ രക്തത്തില്‍ തനിക്കു പങ്കില്ലെന്നു് വ്യക്തമാക്കനാണു്. ആദ്യത്തെ ദൃശ്യം അയച്ചുകിട്ടിയപ്പോള്‍ത്തന്നെ കുറ്റപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഇതു് ഇത്രയേറെ വ്യാപിക്കുമായിരുന്നില്ല. ഒളിഞ്ഞെടുത്ത ഒരു ദൃശ്യമെങ്കിലും സ്വന്തം മൊബൈലില്‍ സൂക്ഷിക്കുന്ന ആണോ പെണ്ണോ ആയ ഒരാളും ഇയാളെ കല്ലെറിയാന്‍ അര്‍ഹനല്ല. കാരണം അവരാണിയാളെ വളര്‍ത്തിയെടുത്തതു്. ചര്‍ച്ചകള്‍ പോലീസിന്റെ ഇടപെടലിലേക്കു പെട്ടന്നു് ഒതുങ്ങുന്നതു് ഈ കുറ്റബോധത്തിന്റെ ഫലമായാണു്.

മലയാളികള്‍ പരിഷ്ക്കാരികളാകുന്നതു് പുറന്തൊലിയില്‍ മാത്രമാണു്. ചന്തയിലും ബസ്സ്റ്റാന്റിലും മാത്രമല്ല ഡോക്ടറുടെ ക്ലിനിക്കിനു മുന്നില്‍പ്പോലും തിക്കിത്തിരക്കുന്ന മലയാളി സ്വമേധയാ ക്യൂ പാലിക്കുന്ന ഒറ്റയിടമേയുള്ളൂ; ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്പനശാലകള്‍. ജനങ്ങളുടെ നിരയെ ബാധിക്കുന്ന എന്തെങ്കിലും സംഭവമുണ്ടായാല്‍ താനും വൈകും എന്ന പേടിയാണതിനു കാരണം. അല്ലാതെ മറ്റുള്ളവരെക്കുറിച്ചുള്ള പരിഗണനയല്ല. അത്രയെങ്കിലും മതിയായിരുന്നു നമ്മുടെ ശീലങ്ങള്‍ മെച്ചപ്പെടാന്‍. വിദ്യാസമ്പന്നരെന്നും പ്രബുദ്ധരെന്നും മലയാളിയെ വിശേഷിപ്പിക്കുന്നതില്‍ ആ വാക്കുകള്‍ സ്വയം ലജ്ജിക്കുന്നുണ്ടാവണം. പക്ഷെ പോയ മര്യാദകള്‍ ആന പിടിച്ചാലും കിട്ടില്ല.

Subscribe Tharjani |