തര്‍ജ്ജനി

കവിത

ഉറക്കം

ills മലമുകളില്‍നിന്ന്‌
നക്ഷത്രങ്ങളെ തൊടാവുന്ന
അകലത്തില്‍ നില്‍ക്കുമ്പോള്‍
എനിക്കു സ്വപ്നഭ്രംശമുണ്ടായി

ഖനനം ചെയ്യപ്പെടാതെ
ഭൂമിയുടെ അടി മടക്കുകളില്‍
അലിഞ്ഞു കിടന്ന സ്വര്‍ണത്തരികളെപ്പോലെ
കണ്ടെടുക്കപ്പെടാതെ
കടല്‍ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടന്ന
മുത്തുപോലെ
ഞാന്‍ ഉറങ്ങിക്കിടന്നു

ഭൂമിയില്‍ മഴപെയ്യുന്നുണ്ടായിരുന്നു
രാത്രികാലങ്ങളില്‍
ചൂടും പ്രകാശവുമുള്ള ചിരിയുമായി
നക്ഷത്രങ്ങള്‍ എന്നെ തിരക്കുന്നുണ്ടായിരുന്നു
മഞ്ഞുപോലുള്ള ഒരു പക്ഷി
എന്റെ ചില്ലകള്‍ തിരഞ്ഞു തിരഞ്ഞ്‌
പറന്നു തളരുന്നുണ്ടായിരുന്നു
എന്റെ ലവണങ്ങള്‍ പതിച്ചു കിട്ടാത്തതില്‍
കാറ്റ്‌ അസ്വസ്ഥനായിരുന്നു

കണ്ണാടിജനലിലൂടെ കടന്നു കയറി
ഒരു പ്രകാശകിരണം
എന്നാണെന്നെ വെളിപ്പെടുത്തുക
സൂചിമുഖികള്‍ കോളാമ്പിപ്പൂക്കളെ
ഉമ്മ വയ്ക്കുന്ന വേലിപ്പടര്‍പ്പുകള്‍ക്കുള്ളില്‍
തടവിലാക്കുക
പ്രണയത്തിന്റെ കടല്‍പ്പാട്ടു കേള്‍പ്പിച്ച്‌
എന്റെ നനഞ്ഞ മണലില്‍
ചിത്രം വരയ്ക്കുക?

രശ്മി. കെ.എം
Subscribe Tharjani |
Submitted by Kaviam (not verified) on Mon, 2006-06-05 16:18.

Bit nice. Stands good compared to others in this issue. Still to improve.

Thanks

Submitted by Anonymous (not verified) on Mon, 2006-06-05 19:57.

what does it sense????