തര്‍ജ്ജനി

വര്‍ത്തമാനം

ഒരാടിനും ഞാന്‍ ഇ എം എസ് എന്നു പേരിട്ടിട്ടുണ്ടു്

പ്രവാസി എഴുത്തുകാരന്‍ ബെന്യാമിനുമായി സുനില്‍ കൃഷ്ണന്‍, അല്‍ ഹസ നടത്തിയ സംഭാഷണം

" There are no foreign lands. It is the traveler only who is foreign" R. L. Stevenson
മലയാളിക്ക്‌ ആരെങ്കിലുമൊരു ജാതകമെഴുതിയാല്‍ അതില്‍ ആദ്യത്തെവരി ഏതാണ്ട്‌ മുകളില്‍ എഴുതിയതുപോലെയായിരിക്കും. അത്രത്തോളം ഭൂമിയുടെ അറ്റം വരെ തൂവിപ്പോയിട്ടു‍ണ്ട്‌ മലയാളി. അവന്‍ ചവിട്ടി‍ക്കയറിപ്പോയ പ്രയാസങ്ങളുടെ വന്‍കരകളിലെല്ലാം അവന്റെ രക്തവും വിയര്‍പ്പും വീണപാടുകള്‍ അടയാളപ്പെട്ടു‍കിടക്കുന്നു. ഈ അടയാളങ്ങളില്‍ കേള്‍ക്കപ്പെടാതെ ഉറഞ്ഞുപോയ ജീവിതസ്പന്ദനങ്ങളുടെയും വിലാപങ്ങളുടെയും ശോഷിച്ച തരംഗങ്ങള്‍ അക്ഷരമാപിനിവെച്ച്‌ പിടിച്ചെടുക്കുവാന്‍ സജ്ജമായൊരു പ്രതിഭയെ വൈകിയെങ്കിലും ലഭിച്ചിരിക്കുന്നു.

കൂടുവിട്ടവരും കൂട്ടംതെറ്റിയവരും പലലോകങ്ങളില്‍ നിന്ന്‌ ഒരു കഥാഭൂമിയിലേക്ക്‌ കൂട്ടത്തോടെ പറന്നുവരുന്നു. തിരിച്ചു നീന്തിക്കയറുവാന്‍ കടവ്‌ നഷ്ടപ്പെട്ടവര്‍, തിരിച്ചു പറന്നിറങ്ങാന്‍ മരംതന്നെ കടപുഴകിയവര്‍, അവരുടെ വാവിട്ട്നിലവിളികള്‍ ഒരു കഥാപ്രപഞ്ചത്തെ വട്ടമിട്ടു‍പറക്കുന്നു. കുടഞ്ഞുകളയാന്‍ വയ്യാത്തെ ഈ പൊറുതിമുട്ടലുകള്‍ ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ കലാലോകമാണ്‌. അബീശഗിന്‍ മുതല്‍ ആടുജീവിതം വരെയുള്ള നോവലുകളൂം യുത്തനേസിയ മുതല്‍ ഇ.എം.എസും പെണ്‍കുട്ടി‍യും വരെയുള്ള കഥകളും കൊണ്ട്‌ വൈവിദ്ധ്യപൂര്‍ണ്ണമായ തന്റെ രചനാലോകത്തെപ്പറ്റിയും ഗള്‍ഫ്‌ ജീവിതത്തിന്റെപേരില്‍ മലയാളിപേറുന്ന വ്യാജമായ വ്യാകുലതകെളെപ്പറ്റിയും സംസാരിക്കുന്നു. പ്രവാസാനുഭവം എന്ന പൊങ്ങച്ചം കലര്‍ന്ന ഉദീരണങ്ങളെ യഥാര്‍ത്ഥപ്രവാസകഥകള്‍ കൊണ്ട്‌ ബെന്യാമിന്‍ റദ്ദുചെയ്തു കളയുന്നു.

ചോദ്യം: ബുക്കര്‍ സമ്മാനം നേടിയ നോവലില്‍ അരുന്ധതി റോയ്‌ ഇ എം എസ്സിനെ കഥാപാത്രമാക്കിയതിന്റെ പേരില്‍ ആ നോവല്‍ തന്നെ കേരളത്തില്‍ തഴയപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷരാഷ്ടീയത്തിന്റെ ഈ ആരാദ്ധ്യമാതൃകയെ, അമേരിക്കയില്‍ വസിക്കുന്ന പെണ്‍കുട്ടി‍യുടെ പ്രശ്നപരിഹാരത്തിനായി, ധൈര്യപൂര്‍വ്വം ഇ എം എസ്സും പെണ്‍കുട്ടി‍യും എന്ന ഏറ്റവും പുതിയകഥയില്‍ കൊണ്ടുവരുന്നതിന്റെ സാംഗത്യം എന്താണ്‌?

ബെന്യാമിന്‍: അത്തരത്തില്‍ അരുന്ധതിയുടെ നോവല്‍ കേരളത്തില്‍ തഴയപ്പെട്ടു‍ എന്ന അഭിപ്രായം എനിക്കില്ല. വിമര്‍ശിക്കപ്പെട്ടി‍രിക്കാം. ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടി‍കളല്ലല്ലോ വായന നിയന്ത്രിക്കുന്നത്‌. എന്റെ കഥയില്‍ രണ്ടു രീതിയിലാണ്‌ ഇ.എം.എസ്സിന്റെ പേര്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒന്ന്‌ കഥയിലെ ഹാസ്യത്തിന്റെ ഭാഗമായി. രണ്ട്‌, കഥയിലെ രാഷ്ട്രിയത്തിന്റെ ഭാഗമായി. രണ്ടും അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലല്ല. അതുകൊണ്ട്‌ അതാര്‍ക്കെങ്കിലും അഹിതമാകുമെന്ന്‌ വിചാരിക്കുന്നില്ല. എന്നു മാത്രമല്ല പു.ക.സ പ്രവര്‍ത്തകര്‍ ഇപ്പോള്‍ത്തന്നെ ഈ കഥയെ പ്രത്യേകം എടുത്ത്‌ പരാമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ്‌ നാട്ടി‍ല്‍ നിന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. പിന്നെ ആരെങ്കിലും വിമര്‍ശിക്കുമോ ആര്‍ക്കെങ്കിലും അഹിതമാവുമോ എന്നൊന്നും ചിന്തിച്ച്‌ കഥ എഴുതുന്ന സ്വഭാവം എനിക്കില്ല. കഥയ്ക്ക്‌ ആവശ്യമായ സന്ദര്‍ഭങ്ങള്‍ യഥേഷ്ടം ഞാനുപയോഗിക്കാറുണ്ട്‌. ആടുജീവിതം എന്ന നോവലില്‍ ഒരാടിന്‌ ഞാന്‍ ഇ.എം.എസ്സ്‌ എന്ന്‌ പേരിട്ടി‍രുന്നു.

ചോദ്യം: കൃത്യമായ അര്‍ത്ഥത്തില്‍ പ്രവാസമോ കുടിയേറ്റമോ അല്ലാതെ മൂന്നു തലമുറകളായി തുടര്‍ന്നുപോരുന്ന മലയാളിയുടെ ഗള്‍ഫ്‌ ജീവിതത്തെ താങ്കള്‍ എങ്ങനെയാണ്‌ നിര്‍വ്വചിക്കുക?

ബെന്യാമിന്‍: യഥാര്‍ത്ഥത്തില്‍ പ്രവാസമോ കുടിയേറ്റമോ അല്ലാത്ത ഒരു മൂന്നാം ലോകത്തിലാണ്‌ ഗള്‍ഫുകാര്‍ ജീവിക്കുന്നതെന്ന്‌ ഞാന്‍ നേരത്തെ എഴുതിയിട്ടു‍ണ്ട്‌. ആ പ്രഹേളികയെ എന്തു് പേരിട്ടു‍വിളിക്കുമെന്ന്‌ ആര്‍ക്കുമറിയില്ല. ഒരു പക്ഷെ യഥാര്‍ത്ഥ ഡയസ്പോറാജീവിതം ഇതാവാം. നമ്മുടെ ഓര്‍മ്മകളും വേരുകളും സ്വപ്നങ്ങളുമെല്ലാം നാട്ടി‍ലാണ്‌. എത്രകാലം നീളുമെന്ന്‌ ആര്‍ക്കും ഉറപ്പില്ലാത്ത ഒരു വര്‍ത്തമാനകാലം മാത്രമാണ്‌ നമുക്ക്‌ ഗള്‍ഫിലുള്ളത്‌. അതുകൊണ്ടുതന്നെ നമുക്ക്‌ പലപ്പോഴും ജീവിക്കുവാന്‍, ജീവിതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ കഴിയാതെ പോകുന്നു. ഏതൊരു നിമിഷത്തെയും നാം നാളെ എന്ന ആശങ്കകളുമായി ചേര്‍ത്തുവയ്ക്കുന്നു. നാളെ എന്ന സ്വപ്നത്തിനുവേണ്ടി മാറ്റി വയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നങ്ങളില്‍ തുടങ്ങി സ്വപ്നങ്ങളില്‍ കെട്ടടങ്ങുന്നതാണ്‌ ഗള്‍ഫ്‌ മലയാളിയുടെ മൂന്നു തലമുറ നീണ്ട ജീവിതം എന്ന്‌ എനിക്ക്‌ തോന്നുന്നു.

ചോദ്യം: ടി.വി.കൊച്ചുബാവയെപ്പോലെ കരുത്തരായ എഴുത്തുകാര്‍ ഗള്‍ഫ്‌ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നിട്ടും മലയാളിയുടെ ഗള്‍ഫ്‌ ജീവിതം എഴുതപ്പെടാതെ പോയത്‌ എന്തുകൊണ്ടാണെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

ബെന്യാമിന്‍: ഒരനുഭവവും അനുഭവസ്ഥന്‍ കാണുന്നില്ല എന്നതാണ്‌ സത്യം. അത്‌ കാണണമെങ്കില്‍ നാം അതിന്‌ പുറത്തുകടക്കണം. പുറത്തു നിന്നു നോക്കണം. ഗള്‍ഫിലെ എഴുത്തുകാരെല്ലാം തന്നെ ഈ അനുഭവത്തിന്റെ ഭാഗമായിരുന്നവരാണ്‌. കൊച്ചുബാവയടക്കം. പുറത്തുചെന്നു നോക്കിയിട്ട്‌ എഴുതാന്‍ കഴിയാതെ പോയതാണ്‌ നമ്മുടെ പരാജയം.

ചോദ്യം: മാതൃരാജ്യത്തുതന്നെ വസിക്കുന്ന എഴുത്തുകാരെക്കാള്‍ വ്യത്യസ്തമായ അനുഭവലോകവും വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള കലര്‍പ്പും താങ്കളുടെ എഴുത്തിനേയും ജീവിതവീക്ഷണത്തയും എങ്ങനെയാണ്‌ സ്വാധീനിക്കുന്നത്‌?

ബെന്യാമിന്‍: നമ്മള്‍ ജീവിക്കുന്ന പരിസരം തീര്‍ച്ചയായും നമ്മുടെ ജീവിതത്തെയും എഴുത്തിനെയും സ്വാധീനിക്കണമല്ലോ. അത്തരത്തില്‍ ഗള്‍ഫ്‌ ജീവിതം എന്റെ ജീവിതത്തെ ഞാനറിയാതെ തന്നെ സ്വാധീനിച്ചിട്ടു‍ണ്ട്‌. നാട്ടി‍ല്‍ ജീവിക്കുന്ന ഒരെഴുത്തുകാരനില്‍ നിന്ന്‌ വ്യത്യസ്തമായി വിവിധ ഭാഷാസമൂഹങ്ങളുമായും സാംസ്കാരികസമൂഹങ്ങളുമായും ഇടപെടാന്‍ ഗള്‍ഫിലെ ഒരെഴുത്തുകാരന്‌ ഭാഗ്യം ലഭിക്കുന്നുണ്ട്‌. അതാണ്‌ ഞാന്‍ പലപ്പോഴും ഗള്‍ഫ്‌, എഴുത്തുകാരന്‌ അക്ഷയഖനിയാണെന്ന്‌ പറയാറുള്ളത്‌. ഗള്‍ഫിലെ ഈ കലര്‍ന്ന ജീവിതം നമ്മുടെ കാഴ്ചയെയും ചിന്തയെയും വീക്ഷണത്തെയും ആകപ്പാടെ മാറ്റിമറിക്കും. ഈ മാറ്റം നമ്മുടെ എഴുത്തിനെയും സ്വാധീനിക്കും.

ചോദ്യം : മാതൃരാജ്യത്ത്‌ വസിക്കാത്ത മനുഷ്യരുടെ സാംസ്കാരികവും വൈകാരികവുമായ സംഘര്‍ഷങ്ങളും അതിജീവനവും കഥകളുടെ കേന്ദ്രപ്രമേയത്തിലേക്ക്‌ കടന്നു വരുന്നതിന്റെ പശ്ചാത്തലം എന്താണ്‌?

ബെന്യാമിന്‍: അങ്ങനെയുള്ളവരുടെ ലോകത്തില്‍ ജീവിക്കുമ്പോള്‍ ആ ജീവിതം എഴുതുക സ്വാഭാവികമാണ്‌. മറ്റൊരു കാര്യം, പലപ്പോഴും മലയാളിയുടെ രോദനം അവന്‍ വലിയ പ്രവാസജീവിതം നയിക്കുന്നവനാണ്‌ എന്നതാണ്‌. സത്യത്തില്‍ അത്‌ തെറ്റാണ്‌. എപ്പോള്‍ വേണമിങ്കിലും മടങ്ങിച്ചെല്ലാവുന്ന ഒരിടം അവന്‌ ബാക്കിയാണ്‌. അതവന്‌ കൊടുക്കുന്ന സ്വപ്നം ചെറുതല്ല. അതവന്‌ കൊടുക്കുന്ന ആശ്വാസം ചെറുതല്ല. എന്നാല്‍ അതില്ലാത്ത ഒരു കൂട്ടം ജനങ്ങള്‍ ഈ ലോകത്തുണ്ടെന്നറിയുക നമ്മുടെ ധര്‍മ്മമാണ്‌. അത്‌ മലയാളിയോടുപറയുക എഴുത്തുകാരന്റെ കടമയാണ്‌. മലയാളി അവന്റെ ഗള്‍ഫ്‌ ജീവിതത്തെയോര്‍ത്ത്‌ അത്രയൊന്നും കരയാനില്ലെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ്‌ എന്റെ കഥകള്‍ എഴുതപ്പെടുന്നത്‌.

ചോദ്യം: സാംസ്കാരികമായ കൂടിക്കലരുകളുടെ അനുഭവസത്തയില്‍ മാതൃരാജ്യത്തെ അനുഭവങ്ങള്‍ തിണര്‍ക്കപ്പെടുകയാണോ അതോ സമാനതകള്‍ തേടുകയാണോ ചെയ്യുന്നത്‌? അല്ലെങ്കില്‍ എന്തുകൊണ്ടാണ്‌ ഗസാന്റെ കല്ലുകളിലെ ഗസാന്‍, മരിച്ചവരെ ഓര്‍ക്കുന്ന ദിവസത്തെപ്പറ്റി പറയുമ്പോള്‍ കുണ്ടംകുളത്ത്‌ ആര്‍ത്താറ്റ്‌ വലിയ പള്ളി സെമിത്തേരിയില്‍ ഉറങ്ങുന്ന വല്യപ്പച്ചനെയും, കുടിയേറ്റത്തെപ്പറ്റി അഹമ്മദ്‌ പറയുമ്പോള്‍ മട്ടാ‍ഞ്ചേരിയിലെ ജൂതകുടിയേറ്റം ജോജിക്കും ഓര്‍മ്മവരുന്നത്‌?

ബെന്യാമിന്‍: വിദേശത്ത്‌ എത്തപ്പെടുന്ന ഓരോ മലയാളിയും ജീവിക്കുന്നത്‌ അവന്റെ കേരളത്തിലെ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ഒരു ഭാണ്ഡക്കെട്ടു‍മായാണ്‌. തന്റെ വിദേശവര്‍ത്തമാനകാലത്തില്‍ നേരിടേണ്ടി വരുന്ന ഓരോ അനുഭവത്തെയും അവന്‍ ആ ഭൂതകാലവുമായി താരതമ്യം ചെയ്തു നോക്കും. ചിലപ്പോള്‍ ആ ഭൂതകാലത്തിലേക്ക്‌ അവന്‍ മനസ്സുകൊണ്ട്‌ ഓടിപ്പോകും. അവിടുത്തെ പ്രിയപ്പെട്ടവരെ പെട്ടെന്ന്‌ ഓര്‍ക്കും. അവരുമായുള്ള അകലത്തെയോത്ത്‌ ഖിന്നനാകും. വേരുകള്‍ അറുക്കപ്പെടാത്തവന്റെ വ്യഥയാണിതൊക്കെ. വിദേശത്തു വസിക്കുന്ന ഓരോ മലയാളിയുടെയും മാനസികയാഥാര്‍ത്ഥ്യമാണിത്‌. അത്‌ കഥയില്‍ കൊണ്ടുവരാതെ വയ്യ.

ചോദ്യം: ലോകത്ത്‌ എല്ലായിടത്തും നടക്കുന്ന കുടിയേറ്റത്തില്‍ നിന്ന്‌ ഗള്‍ഫ്‌മേഖലയിലെ മലയാളിയുടെ കുടിയേറ്റം എങ്ങനെയാണ്‌ വ്യത്യാസപ്പെട്ടി‍രിക്കുന്നത്‌?

ബെന്യാമിന്‍: ലോകത്ത്‌ ഇന്ന്‌ നടക്കുന്ന കുടിയേറ്റങ്ങള്‍ രണ്ടുവിധമാണ്‌. ഒന്ന്‌, സാമ്പത്തിക അഭയാര്‍ത്ഥികളായി മൂലധനത്തിന്റെ ഒഴുക്കനുസരിച്ച്‌ അത്‌ കുന്നുകൂടുന്ന ഇടങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍. മറ്റൊന്ന്‌ തീര്‍ത്തും രാഷ്ട്രീയ അഭയാര്‍ത്ഥികള്‍. രാജ്യത്ത്‌ നടക്കുന്ന കലാപങ്ങള്‍ കൊണ്ടും അസമത്വം കൊണ്ടും പട്ടി‍ണികൊണ്ടും നടക്കുന്ന കുടിയേറ്റങ്ങള്‍. മലയാളിയുടെ ഗള്‍ഫ്‌ കുടിയേറ്റം ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ പെടുത്താവുന്നതാണ്‌. മലയാളിക്ക്‌ ഒരു സാധാരണജീവിതം നയിക്കാനുള്ള സാഹചര്യമൊക്കെ ഇന്ന്‌ കേരളത്തിലുണ്ട്‌. അത്‌ പോരാ എന്നു തോന്നുന്നിടത്താണ്‌ അവന്‍ ഗഫിലേക്ക്‌ വരുന്നത്‌. മലയാളി എക്കാലത്തും മൂലധനത്തിന്റെ ഒഴുക്കിനെ പിന്തുടര്‍ന്നിട്ടു‍ള്ളവരാണ്‌. അങ്ങനെയാണ്‌ നാം ശ്രീലങ്കയിലും മലേഷ്യയിലും എത്യോപ്യയിലും നൈജീരിയയിലും സിംഗപ്പൂരിലും പിന്നീട്‌ ഗള്‍ഫിലും എത്തിപ്പെടുന്നത്‌. ഇവിടെയും അത്‌ നില്ക്കുന്നില്ല. അമേരിക്കയിലേക്കും കാനഡയിലേക്കും യു. കെയിലേക്കും ഐര്‍ലന്റിലേക്കും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ചോദ്യം: സാംസ്കാരികകലര്‍പ്പുകളുടെ നഗരമദ്ധ്യത്തില്‍ നില്ക്കുമ്പോഴും തന്റേതായ ഇടങ്ങള്‍ക്കുവേണ്ടിയുള്ള അരക്ഷിതമായ അലച്ചിലിലും സമരത്തിലുമാണ്‌ താങ്കളുടെ കഥാപാത്രങ്ങള്‍. മാറിയ കാലത്തില്‍ ഇതിന്‌ എന്താണ്‌ പ്രസക്തിയുള്ളത്‌?

ബെന്യാമിന്‍: പ്രസക്തിയുണ്ടോ ഇല്ലയോ എന്നതല്ല, മനുഷ്യന്‍ തന്റെ ഭൂതകാലത്തില്‍ ചെന്ന്‌ സ്വസ്ഥനാകാന്‍ വേണ്ടി അലഞ്ഞുകൊണ്ടും സമരം ചെയ്തുകൊണ്ടുമിരിക്കുന്നു എന്നതാണ്‌ കാര്യം. അതാണ്‌ ഇന്നത്തെ ലോകമനസ്സ്‌, ലോകരാഷ്ട്രീയം. ഇന്ന്‌ നടക്കുന്ന സമരങ്ങളധികവും തങ്ങളുടെ ഭൂതകാലത്തിലുണ്ടായിരുന്ന ഒരു രാജ്യത്തിന്റെ പുന:സ്ഥാപനത്തിനുവേണ്ടിയുള്ളതാണ്‌ എന്നത്‌ ഈ മനസ്സിനെയാണ്‌ കാണിക്കുന്നത്‌. വലിയരാജ്യങ്ങള്‍ എന്ന സങ്കല്പം മനുഷ്യന്‍ ഉപേക്ഷിച്ചുകഴിഞ്ഞു. പ്രാദേശികസംഘടനകള്‍ എന്ന ആശയത്തിന്റെ വളര്‍ച്ചപോലും ഈ മാനസികാവസ്ഥയുടെ ബഹിര്‍സ്ഫുരണമാണ്‌. എന്റെ കഥ ഇന്നത്തെ മനുഷ്യന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നു എന്നാണ്‌ വിശ്വാസം.

ചോദ്യം: ഭൂപ്രദേശങ്ങളുടെ സീമകള്‍ക്കപ്പുറം മനുഷ്യരുടെ ജീവിതോല്‍ക്കണ്ഠകളും സഹനജീവിതവും എത്രത്തോളം സമാനമാണ്‌?

ബെന്യാമിന്‍: പുറത്താക്കപ്പെട്ട എല്ലാവരുടെയും ജീവിതങ്ങള്‍ സമാനമാണ്‌. അതിന്‌ രാഷ്ട്ര - മത - വര്‍ണ്ണഭേദമില്ല. അവന്റെ പോരാട്ടങ്ങള്‍ക്കും സഹനങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സമാനതയുണ്ട്‌. അങ്ങനെയാണ്‌ ലോകത്തെവിടെയുമുള്ള ഉപേക്ഷിക്കപ്പെട്ടവന്റെ ജീവിതം നമുക്ക്‌ അസ്വസ്ഥതയുളവാക്കുന്നത്‌, നമ്മുടേതുതന്നെ ആകുന്നത്‌.

ചോദ്യം: താങ്കളുടെ സമകാലികരായി വിദേശത്തു കഴിയുന്ന എഴുത്തുകാരുടെ രചനകളില്‍ വിദേശജീവിതാനുഭവങ്ങളുടെ മുദ്രകളും പരിസരങ്ങളും കുറഞ്ഞുപോകുന്നത്‌ എന്തുകൊണ്ടാണെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

ബെന്യാമിന്‍: അത്‌ നേരത്തെ പറഞ്ഞതുപോലെ അനുഭവങ്ങളില്‍ നിന്ന്‌ പുറത്തുകടക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌. അതൊരു കുറവല്ല സങ്കടകരമായ അവസ്ഥയാണ്‌.

ചോദ്യം: ഗള്‍ഫിലെ മലയാളി കടന്നുപോകുന്ന ഭിന്നമായ ജീവിതമുഖങ്ങളീല്‍ ഒന്നുമാത്രമാണ്‌ ആടുജീവിതത്തില്‍ ആവിഷ്കരിക്കപ്പെടുന്നത്‌. അതിനുപോലും 50 വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌? ആടുജീവിതം എന്ന നോവല്‍ എഴുതുന്നതില്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? പ്രത്യേകിച്ച്‌, അതിന്റെ ഭാഷാശില്പം രൂപപ്പെടുത്തുന്നതില്‍?

ബെന്യാമിന്‍: മലയാളി ഗള്‍ഫില്‍ ജീവിക്കുന്ന പലജീവിതങ്ങളില്‍ ഒന്നുമാത്രമാണ്‌ ആടുജീവിതത്തില്‍ ആവിഷ്കരിക്കപ്പെട്ടത്‌. അതു പക്ഷെ, എല്ലാ വ്യത്യസ്ത അനുഭവങ്ങളുമായും സമാനതയുള്ളതുകൊണ്ടാവാം വായനക്കാര്‍ക്ക്‌ പ്രിയപ്പെട്ടതായി തീര്‍ന്നത്‌. അതായത്‌ നമ്മളൊരോരുത്തരും വ്യത്യസ്തങ്ങളായ ആടുജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു എന്നുതന്നെ. 50 വര്‍ഷത്തെ കാത്തിരിപ്പിനു് കാരണം അനുഭവസ്ഥന്‌ എഴുതാനും എഴുത്തുകാരന്‌ അനുഭവസ്ഥനെ കണ്ടെത്താനും കഴിയാതിരുന്നതു തന്നെ. അതും നമ്മുടെ പരിമിതികൊണ്ടുതന്നെ സംഭവിച്ചതാണ്‌. അതിനാരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. എല്ലാ എഴുത്തിലുമുണ്ട്‌ വെല്ലുവിളികള്‍. മലയാളിയുടെ വായനാലോകത്തിന്‌ പരിചിതമല്ലാത്ത ഒരു കഥയാണ്‌ ആടുജീവിതത്തിലൂടെ പറയാന്‍ ശ്രമിച്ചത്‌. അതിനുവേണ്ടിയുള്ള ഭാഷ രൂപപ്പെടുത്തുമ്പോള്‍ സാഹിത്യത്തിന്റെ സ്ഥിരം വായനക്കാരെക്കാള്‍ അതിനു പുറത്തു നില്ക്കുന്നവരെ വായനയിലേക്ക്‌ ആകര്‍ഷിക്കുക എന്ന ലക്ഷ്യമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്‌. സാഹിത്യത്തിന്‌ നിത്യപരിചിതരല്ലാത്ത പ്രൊഫഷനലുകള്‍, ബാങ്കുജീവനക്കാര്‍, ഐ. ടി മേഖലയില്‍ ഉള്ളവര്‍, സാധാരണതൊഴിലാളികള്‍ ഒക്കെ ആടുജീവിതത്തിന്റെ വായനക്കാരായി വരുന്നു. അത്‌ സാഹിത്യം സ്ഥിരമായി ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളുടെ നിര്‍വ്വചനങ്ങള്‍ക്കും അതിര്‍വര്‍മ്പുകള്‍ക്കും അപ്പുറത്തുള്ള ഒരു ഭാഷ മന:പൂര്‍വ്വം സൃഷ്ടിച്ചതുകൊണ്ടാണ്‌. അതിഭാവുകത്വത്തിന്റെയും ഡോക്യുമെന്റേഷന്റെയും ഇടയില്‍ നില്ക്കുന്ന ഒരു ഭാഷയായിരുന്നു അതെന്ന്‌ എനിക്കിപ്പോള്‍ തോന്നുന്നു. വളരെ സൂക്ഷിച്ച്‌ യാത്രചെയ്യേണ്ടിയിരുന്ന ഒരു നേര്‍ത്ത പാലമായിരുന്നു ആ ഭാഷ. ആടുജീവിതത്തിന്റെ എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളി അതുതന്നെയായിരുന്നു.

ചോദ്യം: ആടുജീവിതം പാഠപുസ്തകമായതോടെ ഏറ്റവും പുതിയ തലമുറയിലേക്ക്‌ ഗള്‍ഫ്‌ ജീവിതത്തിന്റെ ഒരേട്‌ ആദ്യമായി കടന്നു ചെല്ലുകയാണ്‌. അനാവൃതമായികിടന്ന ഗള്‍ഫ്‌ ജീവിതത്തിന്റെ ഈ നിറംകെട്ടകാഴ്ചകള്‍ ഇന്നേവരെയുള്ള മോടികലര്‍ന്ന പ്രതിച്ഛായയെ ഉടച്ചുവാര്‍ക്കുന്നതില്‍ എങ്ങനെയാണ്‌ സ്വാധീനിക്കാന്‍ പോകുന്നത്‌?

ബെന്യാമിന്‍: ഗള്‍ഫ്‌ ഇന്നും സാധാരണമലയാളിയുടെ സ്വപ്നഭൂമിയാണ്‌. ഇവിടുത്തെ അനുഭവസ്ഥര്‍ എത്രയൊക്കെ കഥകള്‍ ചെന്നുപറഞ്ഞിട്ടും അവിടുത്തെ സാഹചര്യങ്ങള്‍ വിപുലപ്പെട്ടിട്ടും അതങ്ങനെതന്നെയാണ്‌. ആടുജീവിതം പാഠപുസ്തകമാകുന്നതോടെ യൌവ്വനാരംഭത്തില്‍ തന്നെ ഗള്‍ഫിനെക്കുറിച്ച്‌ വ്യത്യസ്ഥമായ ഒരു കാഴ്ച നമ്മുടെ കുട്ടി‍കള്‍ക്ക്‌ ലഭിക്കാന്‍ ഇടയാകും എന്നുകരുതുന്നു. അത്‌ തീര്‍ച്ചയായും അവരുടെ സ്വപ്നങ്ങളെ മാറ്റിപ്പണിയാന്‍ ഇടയായേക്കും. നിങ്ങള്‍ എത്തിപ്പെടാന്‍ പോകുന്നത്‌ ഭൂമിയിലെ സ്വര്‍ഗത്തിലൊന്നുമല്ല എന്ന അറിവ്‌ പകര്‍ന്നുകൊടുക്കുന്നത്‌ നല്ലതു തന്നെയാണ്‌.

ചോദ്യം: താങ്കളുടെ ബ്ലോ‍ഗിന്റെ പേരു് മണലെഴുത്ത്‌ എന്നാണ്‌. ഗള്‍ഫിലെ ജീവിതം എങ്ങനെയാണ്‌ എഴുത്തിനെ സ്വാധീനിക്കുന്നത്‌?

ബെന്യാമിന്‍: ഗള്‍ഫിലെ എഴുത്തിന്റെ സാദ്ധ്യതകളെക്കുറിച്ച്‌ ഞാന്‍ നേരത്തെയുള്ള ഉത്തരങ്ങളീല്‍ പറഞ്ഞിട്ടു‍ണ്ട്‌. മണലാരണ്യം കാണാതെ, അതൊരിക്കലും അനുഭവിക്കാതെ, എങ്ങനെ ആടുജീവിതം എഴുതി എന്ന ചിലരെങ്കിലും ചോദിക്കാറുണ്ട്‌. ഗള്‍ഫില്‍ ജീവിക്കുന്ന ഓരോരുത്തരുടെ ഉള്ളിലും ഒരു മണലാരണ്യമുണ്ട്‌. ഓരോരുത്തരെയും മണല്‍ക്കാറ്റ്‌ വേട്ടയാടുന്നുണ്ട്‌ എന്നതാണ്‌ എനിക്കതിനുള്ള മറുപടി. മണലെഴുത്ത്‌ എന്ന പേരും അതില്‍ നിന്ന്‌ വന്നതാവാം. ഇതൊന്നും നാം അറിഞ്ഞുകൊണ്ട്‌ ചെയ്യുന്നതല്ല. നമ്മുടെ ജീവിതം ഇങ്ങനെയൊക്കെ കെട്ടു‍പിണഞ്ഞു കിടക്കുന്നതാണ്‌. ഈ ജീവിതത്തില്‍ നിന്ന്‌ ഇങ്ങനെയൊക്കെയേ ഉണ്ടാവാന്‍ തരമുള്ളൂ.

ചോദ്യം: ഗള്‍ഫ്‌ മലയാളിയുടെ ആവിഷ്കാരങ്ങളുടെ നിരന്തരസാന്നിധ്യം കൊണ്ട്‌ മലയാളം ബ്ലോ‍ഗുകള്‍ ഉണര്‍വുള്ള മേഖലയായി മാറിയിട്ടു‍ണ്ട്‌. ഉയര്‍ന്ന സര്‍ഗ്ഗാത്മകതയുടെ ശേഷിപ്പുകള്‍ക്ക്‌ മലയാളം ബ്ലോ‍ഗുകള്‍ വേദിയാവുമോ?

ബെന്യാമിന്‍: ബ്ലോ‍ഗുകള്‍ മലയാളഭാഷയ്ക്ക്‌ നല്കിയിട്ടു‍ള്ള ഉണര്‍വ്വ്‌ ഒരിക്കലും തള്ളിക്കളയാവുന്നതല്ല. ഭാഷ ഉപയോഗിക്കാന്‍ വഴിയില്ലാതെയിരുന്ന ആയിരങ്ങളാണ്‌ സ്നേഹത്തൊടെ ഭാഷയിലേക്ക്‌ കടന്നുവന്നിരിക്കുന്നത്‌. പക്ഷേ അതെത്രത്തോളം സാഹിത്യത്തിന്‌ ഉപകാരമായിട്ടു‍ണ്ട്‌ എന്നു പറയാനുള്ള സമയമായിട്ടി‍ല്ല. ബ്ലോ‍ഗിന്റെ സാദ്ധ്യത നല്കുന്ന ലാഘവം, എളുപ്പം, കടമ്പകളില്ലായ്മ, എഴുത്തുകാരെ കഠിനപ്രയത്നത്തില്‍ നിന്ന്‌ ഒഴിച്ചു നിര്‍ത്തുന്നു എന്നാണ്‌ തോന്നിയിട്ടു‍ള്ളത്‌. പക്ഷേ നാളെയൊരിക്കല്‍ ബ്ലോ‍ഗ്‌ ഗൌരവസാഹിത്യത്തിന്റെ വേദിയായി മാറിയാല്‍ അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. എഴുത്തിന്റെ രൂപം തന്നെ മാറുന്ന ഇക്കാലത്തു് വിശേഷിച്ചും.

ചോദ്യം: പെണ്മാറാട്ടം എന്ന കഥാസമാഹാരത്തിനു ശേഷം വന്ന കഥകളുടെയെല്ലാം സന്ദര്‍ഭങ്ങളും പശ്ചാത്തലവും വിദേശഭൂമിയാണ്‌. ഗസാന്റെ കല്ലുകള്‍, ആഡിസ്‌ അബാബ, ജാവേദ്‌ എന്ന മുജാഹിദ്‌ തുടങ്ങിയ കഥകള്‍. താങ്കളൂടെ കഥാജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവാണ്‌ ഗസാന്റെ കല്ലുകള്‍ എന്ന കഥ. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു മാറ്റം?

ബെന്യാമിന്‍: തന്റെ നിലയും നിലപാടും എന്തായിരിക്കണമെന്ന്‌ എഴുത്തുകാരന്‍ നിരന്തരം പുനരാലോചന നടത്തിക്കൊണ്ടിരിക്കണമെന്നാണ്‌ എന്റെ പക്ഷം. താന്‍ വളര്‍ന്നതനുസരിച്ച്‌ തന്റെ കാഴ്ചകള്‍ വിപുലപ്പെടുന്നതനുസരിച്ച്‌ എഴുത്തിലെ ലക്ഷ്യങ്ങളും വളരുകയും മാറുകയും ചെയ്യേണ്ടതുണ്ട്‌. തനിക്ക്‌ എഴുതാനായി പറയപ്പെടാത്ത കഥകള്‍ ബാക്കി കിടക്കുന്നു എന്നിടത്താണ്‌ ആ മാറ്റം ആരംഭിക്കുന്നത്‌. ഗസാന്റെ കല്ലുകള്‍ മുതലാണ്‌ ഞാന്‍ പുതിയ മേഖലയില്‍ എത്തിയത്‌ എന്നേയുള്ളൂ. എന്റെ ഇതുവരെയുള്ള കഥകളെ പ്രണയം, രാഷ്ട്രീയം, പ്രവാസം എന്നിങ്ങനെ തരംതിരിക്കാമെന്നു തോന്നുന്നു. പലതിലും ഇവ കൂടിക്കലര്‍ന്നു കിടക്കുകയാണെങ്കില്‍പ്പോലും. നാളെ ഞാന്‍ മറ്റൊന്നിലേക്ക്‌ മാറിയേക്കാം.

ചോദ്യം: പ്രവാസജീവിതം എന്ന വിശാലമായ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഗഫിലെ മലയാളികള്‍ നേരിടുന്നത്‌ താരതമ്യേന കനം കുറഞ്ഞ പ്രതിസന്ധികളല്ലേ. ഗസാന്റെ കല്ലുകളിലെ ഗസാനെപ്പോലെയും ആഡിസ്‌ ആബാബയിലെ റോസ്‌ വില്യംസിനെയും പോലെയും അനാഥത്വത്തിന്റെയും അരക്ഷിതത്വത്തിന്റെയും നഷ്ടഭൂമിയുടെയും പ്രതിസന്ധികള്‍ അവര്‍ പേറുന്നുണ്ടോ?

ബെന്യാമിന്‍: ഇല്ല എന്ന്‌ നേരത്തെ പറഞ്ഞുകഴിഞ്ഞല്ലോ. ലോകത്തിലെ പുറത്താക്കപ്പെട്ട ഇതരജനതകളുടെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ നമ്മുടേത്‌ ഒരിക്കലും പ്രവാസമേയല്ല. നമ്മുടേത്‌ ഒരുവിധത്തില്‍ ഒരു സുഖജീവിതം കൂടിയാണ്‌. ഇത്‌ പ്രവാസികള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ കൂടിയാണ്‌ തങ്ങളെക്കാള്‍ പ്രവാസത്തിന്റെ നൊമ്പരവും നീറ്റലും അനുഭവിക്കുന്നവരുടെ ജീവിതങ്ങള്‍ കണ്ടെത്തി എഴുതാന്‍ ഞാന്‍ ശ്രമിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ ഇതൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്‌.

ചോദ്യം: മൂല്യസങ്കല്പങ്ങളും പ്രണയസങ്കല്പങ്ങളൂം മാറിമറിയുന്ന പുതിയ ലോകത്ത്‌ അബീശഗിന്‍ എന്ന ചെറുനോവലിലെ നഷ്ടപ്രണയത്തിന്റെ തപ്തകുടീരമായ അബീശഗിന്റെ പ്രസക്തി എന്താണ്?

ബെന്യാമിന്‍: അബീശഗിന്‍ ശരിക്കും പ്രണയവും അധികാരവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു കഥയാണ്‌. പ്രണയത്തിനുവേണ്ടി അധികാരം നഷ്ടപ്പെടുത്തിയവര്‍ നമുക്കു് വിരലിലെണ്ണാവുന്നവരേയുള്ളൂ. എന്നാല്‍ തിരിച്ചു സംഭവിക്കുന്നതാകട്ടെ ഏറെയും. ഇവിടെയെല്ലാം നഷ്ടമുണ്ടാകുന്നത്‌ പെണ്ണിനാണ്‌. എപ്പോഴും ഉപേക്ഷിക്കപ്പെടാനാണ്‌ അവളുടെ വിധി. അബീശഗിനും വൈശാലിയും രാധയും ഒക്കെ ഒരേ വിധി പേറേണ്ടിവന്നിട്ടു‍ള്ളവരാണ്‌. ചരിത്രത്തില്‍ പെണ്ണിന്റെ ഈ വിധിയുടെ സമാനതചൂണ്ടിക്കാട്ടാ‍നാണ്‌ അബീശഗിന്‍ എഴുതിയത്‌.

ചോദ്യം: ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ഇ എം എസ്സും പെണ്‍കുട്ടി‍യും എന്ന കഥയില്‍ കുടിയേറിയ നാട്ടി‍ല്‍ മാതാപിതാക്കള്‍ക്കൊപ്പം വളര്‍ന്നു വലുതായ പുതിയ തലമുറയ്ക്ക്‌ മാതാപിതാക്കളുടെ സംസ്കാരവുമായി പൊരുത്തപ്പെടാനാവാത്തതിന്റെ സംഘര്‍ഷങ്ങള്‍ നിറയുന്നുണ്ട്‌. ഗള്‍ഫിലും മറ്റുരാജ്യങ്ങളിലും തൂവിക്കിടക്കുന്ന മലയാളിസമൂഹത്തിനും ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടിവരുന്നുണ്ടോ? ഉണ്ടെങ്കില്‍ അത്‌ എങ്ങനെയാണ്‌?

ബെന്യാമിന്‍: ലോകത്തെവിടെയുമുള്ള കുടിയേറ്റജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നമാണിത്‌. അത്‌ ഗള്‍ഫിലെ മലയാളിസമൂഹത്തിനും അനുഭവിക്കേണ്ടിവരും. നമ്മള്‍ പിന്നില്‍ വിട്ടു‍പോന്ന സംസ്കാരമല്ല കുട്ടി‍കള്‍ ശീലിക്കുന്നത്‌. എത്രയൊക്കെ നാം അടച്ചിട്ടു‍വളര്‍ത്തിയാലും അവന്‍ അവന്റെ ചുറ്റുപാടിലേക്ക്‌ എത്തിനോക്കും. അതിനെ അനുകരിക്കും, സ്വീകരിക്കും. അതാര്‍ക്കും തടയാനാവില്ല. ഇത്‌ പ്രതിസന്ധി സൃഷ്ടിക്കും. അതിനെ അതിജീവിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല. ഇതര മലയാളിസമൂഹങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി ഗള്‍ഫിലെ കുട്ടി‍കള്‍ ഐഡന്റിറ്റി ക്രൈസിസിനെ നേരിടുന്നുണ്ട്‌. അവരുടെ സ്വഭാവരൂപീകരണത്തില്‍ അതൊരു വലിയ പങ്കുവഹിക്കുന്നുണ്ട്‌.

ചോദ്യം: മാറിയ ലോകത്തിലെ ആസ്വാദനോപധികളുടെ പെരുക്കത്തില്‍ കഥയും കവിതയും പോലുള്ള സാഹിത്യരൂപങ്ങളുടെ ഭാവി എന്താകുമെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

ബെന്യാമിന്‍: കഥയും കവിതയും എക്കാലത്തും ഒരു ന്യൂനപക്ഷത്തിന്റേതു് മാത്രമായിരുന്നു. അതില്‍ സങ്കടപ്പെടാന്‍ ഒന്നുമില്ല. പക്ഷേ അതിന്റെ അതിരു് ചെറുതായി വരുന്നതില്‍ ആശങ്കപ്പെടണം. എഴുത്തുകാരന്റെയും വായനക്കാരന്റെയും മാത്രമായ കമ്മ്യൂണിറ്റികള്‍ രൂപപ്പെടുന്നു. വായനകളും ചര്‍ച്ചകളും സാഹിത്യം തന്നെയും അവിടെ തുടങ്ങി അവിടെ അവസാനിക്കുന്നു. അത്‌ മാറേണ്ടതുണ്ട്‌. എഴുത്ത്‌ പൊതുസമൂഹത്തിലേക്ക്‌ ഇറങ്ങിച്ചെല്ലണം. അതിനെ അഡ്രസ്‌ ചെയ്യണം ഒട്ടും സാഹിത്യസ്നേഹി അല്ലാത്ത ഒരാളെപ്പോലും തങ്ങളുടെ കൃതികളിലേക്ക്‌ കൊണ്ടുവരണം. അതാണ്‌ നാളത്തെ എഴുത്തുകാരന്റെ വെല്ലുവിളി. അതിനു സാധിച്ചാല്‍ കഥയും കവിതയും നിലനില്ക്കും.

Subscribe Tharjani |
Submitted by PJJ Antony (not verified) on Thu, 2010-04-08 00:32.

Very interesting insight into the world of a contemporary writer. Thanks Sunil. - PJJ Antony

Submitted by Paul Chacko (not verified) on Sat, 2010-05-01 23:19.

A very insightful observations by Benyamin. Most Malayalees nostialgia is a facade. There is a wonderful place for him to live and build on..
That there was no major contribution from Malayalees (atleast not as much one would expect) from the Gulf can probably be attributed to this fact. His diasporic life is more of a choice than fate.