തര്‍ജ്ജനി

ഓര്‍മ്മ

പദ്മരാജനെ ഓര്‍ക്കുമ്പോള്‍

(കെ പി നിര്‍മ്മല്‍ കുമാറിന്റെ ‘ജാരന്‍, അവനൊരു പൂജ്യപാദന്‍’ എന്ന കഥയ്ക്കാണ് എറ്റവും നല്ല മലയാള ചെറുകഥയ്ക്കുള്ള, കഴിഞ്ഞ വര്‍ഷത്തെ പദ്മരാജന്‍ പുരസ്കാരം ലഭിച്ചത്. പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗം)

മലയാളചലച്ചിത്രത്തില്‍ മൂന്നു പ്രതിഭാശാലികളായിരുന്നു പദ്മരാജനും കെ ജി ജോര്‍ജ്ജും ഭരതനും. പദ്മരാജന്റെ സ്വന്തം തിരക്കഥകള്‍ ഭരതനും ജോര്‍ജ്ജും മറ്റു സംവിധായകരും ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. പിന്നീട് പദ്മരാജന്‍ തന്നെ സ്വന്തം തിരക്കഥകള്‍ വച്ച് ശ്രദ്ധേയങ്ങളായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. രചനയുടെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ചു. ദൃശ്യാവിഷ്കാരത്തില്‍ പ്രതിഭാശാലികളായ ഛായാഗ്രഹണ വിദഗ്‌ദ്ധരെ കൂട്ടുപിടിച്ചു. സംഗീതവും കാല്പനികതയും ക്രൂരയാഥാര്‍ത്ഥ്യങ്ങളും ചതിയും പ്രതികാരവും ആ ചലച്ചിത്രങ്ങള്‍ ആവര്‍ത്തിച്ചു. പ്രേക്ഷകര്‍ മൊത്തത്തില്‍ പദ്മരാ‍ജന്റെ സിനിമകളെ അംഗീകരിച്ചു എന്നുവേണം നമുക്ക് മനസ്സിലാക്കാന്‍. പദ്മരാജന്റെ ജീവിതകഥ ഏറ്റവുമധികം മനസിലാക്കാന്‍ നമ്മെ സഹായിക്കുന്നത് മിസിസ്. രാജലക്ഷ്മി പദ്മരാജന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ്. അകാലത്തില്‍ പദ്മരാജന്‍ മരിച്ചു എന്നത് നമ്മെ ഏറ്റവുമധികം വേദനിപ്പിക്കുന്ന കാര്യമാണ്. സാഹിത്യത്തിലും സിനിമയിലും പല സംഭാവനകളും നല്‍കാന്‍ സാധിക്കുമായിരുന്ന സമയത്താണ് അദ്ദേഹം നിര്യാതനായത്. ആകര്‍ഷകമായ ശബ്ദത്തിനും ആകര്‍ഷകമായ മുഖസൌന്ദര്യത്തിനും ഉടമയായ പദ്മരാജനു തുല്യനായി നമുക്ക് പറയാന്‍ കഴിയുന്നത് സാഹിത്യ നിരൂപകനും നടനുമായ നരേന്ദ്രപ്രസാദിനെയാണ്. അദ്ദേഹത്തിന്റെ സാഹിത്യത്തെക്കുറിച്ചും സിനിമകളിലൂടെയുള്ള സംഭാവനകളെക്കുറിച്ചും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ സാഹിത്യത്തില്‍ ഒരു സാന്നിദ്ധ്യമാണ് എന്നുള്ളത് വളരെ സന്തോഷകരമായ കാര്യമാണ്. പ്രഖ്യാതമായ സംഭാവനകള്‍ കൊണ്ട് മലയാളിയുടെ മനസ്സുകളില്‍ മുന്തിരിത്തോപ്പുകള്‍ വളര്‍ത്തിയ ഈ കലാകാരന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. എഴുത്തുകാര്‍ക്കിടയില്‍ താങ്കള്‍ സുന്ദരനായ ഷോ ബിസിനസ്സുകാരനായിഅ അറിയപ്പെട്ടു. ഷോ ബിസിനസ്സുകാര്‍ക്കിടയില്‍ ആധുനികനായ എഴുത്തുകാരനായും അറിയപ്പെട്ടു. താങ്കളുടെ സംഭാവനകള്‍ സന്മനസ്സോടെ ഓര്‍ക്കുന്നു. നന്ദി.

കെ പി നിര്‍മ്മല്‍കുമാര്‍
Subscribe Tharjani |