തര്‍ജ്ജനി

യാത്ര

ഗംഗോത്രി

രാവിലെ തന്നെ ഗംഗോത്രിയിലേക്കു പുറപ്പെട്ടു. നമ്മുടെ പഴയ സ്റ്റൈല്‍ ബസ്സു തന്നെ. അടക്കാവണ്ടി. ബസ്സു നിറയെ ആളുകളാണ്. അധികം പിന്നിലല്ലാതെ ഇരിക്കാന്‍ സീറ്റു കിട്ടി. ഏതു സമയത്തും ഇങ്ക്വിലാബ് തുടങ്ങാം. ഇപ്പോഴത് കേട്ട് ശീലമായിരിക്കുന്നു. വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ഞാന്‍ കാത്തിരുന്നു. സ്റ്റാര്‍ട്ട് ചെയ്തതും ഞാനുള്‍പ്പടെ എല്ലാ ഭക്തരും ഗംഗാ മാ കീ ജയ് വിളിച്ചതും ഒന്നിച്ചായിരുന്നു. ഇപ്പോള്‍ ഞെട്ടിയതു് ഗായത്രിയാണു്. ഞാന്‍ കണ്ണുരുട്ടിക്കൊണ്ട് ഗായത്രിയുടെ മുഖത്തേക്കു നോക്കി ഗംഗാ മാ കീ എന്നു് വീണ്ടും ആക്രോശിച്ചു. ഗായത്രി അറിയാതെ ജയ് പറയുകയും ചെയ്തു. പിന്നിലിരുന്ന ആള്‍ എന്റെ തോളില്‍ തട്ടി നന്നായിട്ടുണ്ടെന്നു പറഞ്ഞു. എന്റെ ഘോരശബ്ദമായിരിക്കാം ആള്‍ ഉദ്ദേശിച്ചത്. എല്ലാ ഊര്‍ജ്ജവും ആ വിളിയില്‍ തന്നെ ആവിയായിപ്പോയി.

ഉത്തരകാശിയില്‍ നിന്നും യാത്ര തിരിച്ച് പത്തു കിലോമീറ്റര്‍ കഴിയുമ്പോഴേക്കും നാം ഒരു താഴ്വരയിലേക്കു പ്രവേശിക്കുന്നു. വനങ്ങളുടെ ശാന്തഹൃദയത്തില്‍ നിന്നും ഏതോ പട്ടണത്തിലേക്കു എടുത്തെറിയപ്പെട്ടതു പോലെയാണ് തോന്നുക. വണ്ടികളുടെ കൂട്ടയോട്ടം. മണ്ണും ചരലും സിമന്റുചാക്കും എല്ലാം നിറച്ച ലോറികള്‍ അങ്ങൊട്ടുമിങ്ങോട്ടും പൊടി പാറിച്ചുകൊണ്ട് ചീറിപ്പായുന്നു. ആക്രോശിക്കുന്ന യന്ത്രങ്ങള്‍. കുന്നുകൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകള്‍. എങ്ങും ശ്വാസം മുട്ടിക്കുന്ന വിഷവായുവും പൊടിയും. ബസ്സും യാത്രക്കാരുമെല്ലാം കരിമണ്‍ പൊടിയില്‍ സ്നാനം ചെയ്തു. കണ്ണും മൂക്കും പൊത്തി തല കുമ്പിട്ടിരിക്കുക മാത്രമേ വഴിയുള്ളൂ. അവിടെ ഡാമിന്റെ പണി നടക്കുകയാണ്. എങ്ങനെയെങ്കിലും ഈ സ്ഥലമൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതിയെന്നായി. ഹിമാലയത്തിന്റെ ധ്യാനാത്മകതയ്ക്കു് ഈ ഡാമൊരു തടസ്സം തന്നെയാണെന്ന് അവിടെ പോകുമ്പോള്‍ മനസ്സിലാകും. മനുഷ്യന്റെ തീരാത്ത ആവശ്യങ്ങള്‍ നിരത്തിവച്ച് അനിവാര്യം അനിവാര്യം എന്നു വിളിച്ചു കൂകുമ്പോള്‍ ആ ആര്‍ത്തനോടു്, ചൂഷകനോടു് എന്തു പറയാനാണ്. പ്രകൃതിയുടെ ഹൃദയത്തെ കീറി മുറിച്ചുള്ള ഇത്തരം പ്രോജക്ടുകള്‍ അവസാനം സ്വന്തം ജീവനു തന്നെ ഹാനിയായിത്തീരുകയേയുള്ളൂ.

മൂന്നുകിലോമീറ്ററോളം കണ്ണും മൂക്കും പൊത്തി ഇരുന്നിരിക്കണം. ആടിയുലഞ്ഞു പോകുന്ന ബസ്സിലിരുന്നു് നട്ടെല്ലൊക്കെ ഒരു പരുവമായി.

മനേരിയില്‍ നിന്നും പത്തൊമ്പതു കിലോമീറ്റര്‍ പോയാല്‍ ഭട്‌വാരിയായി. ഭാസ്കര്‍പ്രയാഗ് എന്നും ഈ സ്ഥലത്തിനു പേരുണ്ട്. ഭട്‌വാരിയില്‍ നിന്നാണ് ബുര്‍ഹകേദാരിലേക്കും കേദാര്‍നാഥിലേക്കുമുള്ള പഴയ വഴികള്‍ തുടങ്ങുന്നതു്.

ഒരുകാലത്തു് യോഗിമാര്‍ ധ്യാനത്തിനായി തിരഞ്ഞെടുത്തിരുന്ന ശാന്തസുന്ദരമായ സ്ഥലത്തേക്കാണ് നാം പ്രവേശിക്കുന്നതു്. ഭട്‌വാരിയില്‍ നിന്നും പതിനാലു കിലോമീറ്റര്‍ കൂടി നാം മുന്നോട്ട് വന്നിരിക്കുന്നു. ഇതു് ഗംഗാണിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഗംഗോത്രിയിലേക്കുള്ള യാത്രികരുടെ വിശ്രമസങ്കേതമായിരുന്നു ഇത്. വാഹനസൌകര്യം വന്നതോടെ ഇവിടെ ആരും താമസിക്കാതെയായി. ഇവിടെയും സുഖസ്നാനത്തിനായി ചൂടുറവ പ്രകൃതി കനിഞ്ഞരുളിയിട്ടുണ്ട്. ഇവിടുന്നങ്ങോട്ട് ഉയര്‍ന്നുയര്‍ന്നു നില്‍ക്കുന്ന ഹിമാവൃതമായ പര്‍വ്വതദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയായി. ഇപ്പോള്‍ നാം സമുദ്രനിരപ്പില്‍നിന്നും 1677മീറ്റര്‍ ഉയരത്തിലൂടെയാണ് സഞ്ചരിക്കുന്നതു്.

കുത്തനെയുള്ള ഒരു മലകയറിയതോടെ സുഖിയിലെത്തി. 2744മീറ്റര്‍ ഉയരത്തില്‍. ഉത്തരകാശിയുടെ ഭാഗത്തുള്ള ഭാഗീരഥി താഴ്വരയിലേക്കു നോക്കിയാല്‍ അങ്ങേയറ്റം വരെ ഒന്നിനു പിറകെ ഒന്നായി തലയുയര്‍ത്തി നില്‍ക്കുന്ന പീര്‍മരങ്ങള്‍. ഇടത്തേക്കരയില്‍ മരങ്ങള്‍ക്കും മുകളിയായി പുല്‍മേടുകള്‍. ആ കുന്നിന്‍ ചെരുവില്‍ വച്ചാണത്രേ സ്വര്‍ഗ്ഗാരോഹണയാത്രയ്ക്കിടയില്‍ ദ്രൌപതി വീണുപോയത്. ഇവിടം ദ്രൌപതി കാ ദണ്ഡ എന്നറിയപ്പെടുന്നു. ഇടത്തും വലത്തും ഉള്ള കിഴുക്കാംതൂക്കായ മലകളില്‍ എപ്പോഴും താഴേക്കു വീഴാന്‍ തയ്യാറായി നില്‍ക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന മരങ്ങള്‍. വലതു വശത്തു് മുന്‍പിലായി കാണുന്ന കാഴ്ചകള്‍ പരുക്കനും നിറപ്പകിട്ടില്ലാത്തതുമാണെങ്കിലും അതിനും അതിന്റേതായ ഒരു വശ്യതയുണ്ട്. കറുത്തതും നീലനിറത്തിലുള്ളതുമായ മൊട്ടക്കുന്നുകള്‍ക്കു മുകളിലായി ഉയര്‍ന്നു നില്‍ക്കുന്ന മഞ്ഞിന്‍ കൊടുമുടികള്‍. ഹിമാചല്‍‌പ്രദേശിനും ഉത്തരഖണ്ഡിനും അതിരായി നിലകൊള്ളുന്ന ധൌലാര്‍ മലനിരകള്‍.

ഉത്തരകാശിയില്‍ നിന്നും ഗംഗോത്രിയിലേക്കുള്ള യാത്ര കുത്തനെയുള്ള മലനിരകളിലൂടെയാണ്. ഇനി കുത്തനെയുള്ള ഇറക്കമാണ്. നേരെയങ്ങു കൊക്കയിലേക്കു മൂക്കുകുത്തി വീഴുമോ എന്നുവരെ തോന്നിപ്പോകും. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നതിനാല്‍ യാത്ര അപകടകരമായിരിക്കും എന്നു് പലരും പറഞ്ഞിരുന്നു. റോഡിന്റെ സ്ഥിതിയും വളരെ മോശമാണ്. കുറെയങ്ങെത്തിയപ്പോള്‍ ഒരു തിരിവു കഴിഞ്ഞതും വണ്ടി പെട്ടെന്നു നിന്നു. കൊക്കയിലേക്കു മറിയാന്‍ പോവുകയാണെന്നാണ് കരുതിയതു്. ഡ്രൈവര്‍ പിന്നിലേക്കു തിരിഞ്ഞ് ഏവരോടുമായി പറഞ്ഞു: “പാറ വീണ് റോഡ് പൊളിഞ്ഞു പോയിരിക്കുന്നു. പണിക്കാര്‍ വന്നു് അതൊക്കെ ശരിയാക്കണമെങ്കില്‍ രണ്ടു ദിവസം പിടിക്കും. തിരിച്ചു പോവുകയേ നിവൃത്തിയുള്ളൂ.”

ആരും ഒന്നും പറഞ്ഞില്ല. വിഷണ്ണരായി എല്ലാവരും ബസ്സില്‍ നിന്നും പുറത്തിറങ്ങി. റോഡിന്റെ പകുതി കൊക്കയിലേക്കു് ഒലിച്ചു പോയിരിക്കുന്നു. ബാക്കിയുള്ളിടത്തു് രണ്ടു മൂന്നു വലിയ പാറകള്‍ വീണു കിടക്കുന്നു. സംഭവം നടന്നിട്ടു് അധികം സമയമായിട്ടില്ല. താഴെ വണ്ടികള്‍ പോകുന്നതു കാണാം. ഞങ്ങള്‍ക്കു മുമ്പൂ് പോയ വണ്ടികളൊക്കെ കടന്നു പോയിരിക്കുന്നു. ‘കടവുളേ, ഞങ്ങളെയും കൊണ്ട് പോകാന്‍ നിനക്കു തോന്നിയില്ലല്ലോ’

പലരും അവിടെയിവിടെ കണ്ട കല്ലുകളില്‍ താടിക്ക് കയ്യും കൊടുത്തിരിപ്പായി. തടിയനായ ഒരു യാത്രക്കാരന്‍ റോഡില്‍ വീണു കിടക്കുന്ന വലിയ പാറ തള്ളി മാറ്റാന്‍ ശ്രമം തുടങ്ങി. അതുകണ്ടു് ഡ്രൈവര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. മറ്റുള്ളവര്‍ക്കും ചിരി വന്നെങ്കിലും അവരതു് അടക്കിക്കളഞ്ഞു. തടിയന് ദേഷ്യം വന്നു. “ഇളിച്ചു കാട്ടാതെ വന്ന് സഹായിക്ക്. എല്ലാവരും ഒത്തു തള്ളിയാല്‍ മറിച്ചിടാവുന്നതേയുള്ളൂ”

“അത് തള്ളിയിട്ടാലും വണ്ടി പോകില്ല. അതിന്റെ അടുത്തു കിടക്കുന്ന പാറ മാറ്റണമെങ്കില്‍ വലിയ വണ്ടി വന്നു തള്ളുക തന്നെ വേണം” ഡ്രൈവര്‍ അലസമായി പറഞ്ഞു.

ആരും അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറാവാത്തത് കണ്ടപ്പോള്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന മന്ത്രം ജപിച്ച് ഞാന്‍ ചെന്ന് അദ്ദേഹത്തോടൊപ്പം പാറ തള്ളാന്‍ തുടങ്ങി. പിന്നെ ഓരോരുത്തരായി വരാന്‍ തുടങ്ങി. എല്ലാവരും കൂടി ആ പാറ തള്ളി കൊക്കയിലേക്കിട്ടു. അപ്പോഴേക്കും ചിലര്‍ കൊച്ചുകൊച്ചു കരിങ്കല്ലുകള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവെച്ച് ഒലിച്ചു പോയ റോഡ് ശരിയാക്കാന്‍ തുടങ്ങിയിരുന്നു. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം കഷ്ടിച്ചു വണ്ടിക്കു പോകാവുന്ന പരുവത്തിലാക്കിയെടുത്തു. അതിനിടയില്‍ ഡ്രൈവറും ഞങ്ങള്‍ക്കൊപ്പം ഉത്സാഹത്തോടെ കൂടിയിരുന്നു. ബസ്സില്‍ ഇരുന്നിരുന്ന എല്ലാവരെയും പുറത്തിറക്കി ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടു ചെയ്തു. ദൈവമേ, അടുക്കിവച്ച കല്ലുകള്‍ സ്ഥാനം തെറ്റി അടര്‍ന്നു വീണാല്‍ എല്ലാം കഴിഞ്ഞതു തന്നെ. ധീരനായ ഡ്രൈവര്‍ ഷര്‍ട്ടിന്റെ ഒന്നു രണ്ടു ബട്ടണൊക്കെ അഴിച്ചു്, മീശയൊക്കെ പിരിച്ചു കയറ്റി വണ്ടി ഒന്നു റൈസ് ചെയ്തു. പിന്നെ ഒരു പായിക്കലായിരുന്നു. കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ വണ്ടി അപ്പുറത്തെത്തി. ഗംഗാമയിയുടെ കാതുപൊട്ടിക്കുന്ന ഉച്ചത്തിലായിരുന്നു പിന്നത്തെ ജയ്‌വിളികള്‍. ഇതൊക്കെ വളരെ നിസ്സാരമല്ലേ എന്ന ഭാവത്തിലായിരുന്നു ഡ്രൈവര്‍. ഗംഗോത്രി എത്തുന്നതു വരെ തടിയനാ‍യ ആ യാത്രക്കാരനും ധീരനായ ഡ്രൈവറും ഞങ്ങളുടെയൊക്കെ വീരപുരുഷനായി.

സുഖിയില്‍ നിന്നും 305മീറ്റര്‍ താഴേക്കാണ് യാത്ര. ത്ധാലയില്‍ നിന്നും വീണ്ടും മുമ്പോട്ടു പോകുമ്പോള്‍ ശാന്തസുന്ദരമായ ഒരു താഴ്വരയിലേക്കു പ്രവേശിക്കുന്നു. ആ താഴ്വരയ്ക്കു നടുവിലായി ഒരു കൊച്ചു ഗ്രാമമുണ്ട്. ഹര്‍സില്‍. 2600മീറ്ററോളം ഉയരത്തില്‍ രണ്ടു കിലോമീറ്ററോളം വീതിയിലും പത്തു കിലോമീറ്ററോളം നീളത്തിലുമായി ആ വിശാലതാഴ്വാരം പരന്നു കിടക്കുന്നു. വലതു വശത്തായി കാണുന്ന ശ്രീകണ്ഠകൊടുമുടിയുടെ പിന്നിലായിട്ടാണ് കേദാര്‍നാഥ്. പിന്നിലോട്ട് തിരിഞ്ഞാല്‍ ബന്ദര്‍പൂഞ്ച് കൊടുമുടി കാണാം. അതിനു മറുവശത്താണ് യമുനോത്രി. ഹരിതാഭയയാര്‍ന്ന താഴ്വരയും തെളിനീരൊഴുകുന്ന അരുവികളും ചുറ്റും വിളങ്ങുന്ന മഞ്ഞണിഞ്ഞ ഗിരിശൃംഗങ്ങളും.

ഹര്‍സില്‍ എന്ന പേര് ഹരിശില എന്നതില്‍ നിന്നും വന്നതാണ്. ഹരി (വിഷ്ണു) ഇവിടെ തപസ്സനുഷ്ഠിച്ചുണ്ടത്രെ. ഗംഗ താഴോട്ടൊഴുകിയതിനു ശേഷം ഹരി തപസ്സനുഷ്ഠിച്ച സ്ഥലത്തു് ലക്ഷ്മീ നാരായണ്‍ ക്ഷേത്രവുമുണ്ട്.

ധൌലര്‍ മലനിരകളില്‍ നിന്നുത്ഭവിക്കുന്ന ഹരിഗംഗയും നീല്‍ഗംഗയും ശ്രീകണ്ഠമലയില്‍ നിന്നുത്ഭവിക്കുന്ന ഗുപ്തഗംഗയും ഹര്‍സില്‍ സംഗമിക്കുന്നു. ഹരിപ്രയാഗ്, ശ്യാമപ്രയാഗ്, ഗുപ്തപ്രയാഗ് എന്നീ പേരുകളില്‍ അവ അറിയപ്പെടുന്നു. കോസ്മോസ്, കലന്‍ഡി, സൂര്യകാന്തി തുടങ്ങിയ പൂക്കള്‍ ധാരാളമായി ഇവിടെ കാണാം. ഹിമാലയന്‍ മലനിരകളില്‍ കാണുന്ന കുഞ്ഞു പൂക്കളുടെ ഭംഗി അനിര്‍വചനീയമാണ്. ഒരു കാര്യം പറയാന്‍ വിട്ടു പോയി. ഹിമാലയത്തില്‍ എവിടെ നോക്കിയാലും കാണാവുന്ന ഒരു പക്ഷിയുണ്ട്. മുന്യാല്‍ എന്നാണ് അതിന്റെ പേരു്. നമ്മുടെ കാക്ക തന്നെ. ചെറിയൊരു വ്യത്യാസമുണ്ട്. ഇവരുടെ ചുണ്ട് മഞ്ഞയും കാലു് ഓറഞ്ചുമാണ്. ബാക്കിയെല്ലാം കറുപ്പു തന്നെ.

യാത്ര തുടര്‍ന്നു് ഭാഗീരഥിയുടെയും ശ്രീകണ്ഠപര്‍വ്വതത്തില്‍ നിന്നു വരുന്ന ദൂത്ഗംഗയുടെയും സംഗമത്തിലെത്തുമ്പോള്‍ അവിടെയാണ് ധരാളി ഗ്രാമം. ദൂത്ഗംഗയുടെ താഴ്വരയ്ക്കുമപ്പുറം മുകളിലേക്കു് നോക്കിയാല്‍ ശ്രീകണ്ഠപര്‍വ്വതത്തിന്റെ ഒരു സുന്ദരദൃശ്യം ലഭിക്കും. ഭാഗീരഥന്‍ ശ്രീകണ്ഠപര്‍വ്വതത്തില്‍ ചെന്ന് ശിവനെ കണ്ടാണ് ഗംഗയെ ജഡയില്‍ സ്വീകരിക്കാമെന്ന വരം വാങ്ങിയതെന്നത്രേ. മണ്ണിടിഞ്ഞ് ഇല്ലാതായിപ്പോയ ഗ്രാമഭാഗങ്ങളില്‍ നടത്തിയ നിരീക്ഷണം അവിടെ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നെന്ന് തെളിയിച്ചിട്ടുണ്ടത്രെ.

ഭാഗീരഥിയുടെ മറുകരയിലാണ് മുഷിമഠ് അഥവാ മഖ്വ എന്ന ഗ്രാമം. മഞ്ഞു കാലങ്ങളില്‍ ഗംഗോത്രി മഞ്ഞിനറ്റിയിലാകുമ്പോള്‍ ഗംഗാദേവിയുടെ വിഗ്രഹം ഈ ഗ്രാ‍മത്തിലേക്കു കൊണ്ടു വന്നു മാര്‍ക്കണ്ഡേയാശ്രമം എന്ന ക്ഷേത്രത്തില്‍ വച്ചാണ് പൂജിക്കുക. മതംഗമഹര്‍ഷിയും മാര്‍ക്കണ്ഡേയമഹര്‍ഷിയും ഇവിടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിശ്വാസം. ഗംഗോത്രിയിലെ പൂജാരിമാര്‍ ഇവിടെയാണ് താമസിക്കുന്നത്.

കുറച്ചു കൂടി മുന്നോട്ട് പോയാല്‍ ലങ്കാഛട്ടിയായി. ജാഹ്നവിയും ഭാഗീരഥിയും ഇവിടെ സംഗമിക്കുന്നു. ആയിരക്കണക്കിനടി ഉയരമുള്ള പാറകളില്‍ പ്രകൃതി കൊത്തിയെടുത്ത വളഞ്ഞു പുളഞ്ഞു പോകുന്ന ചാലുകളിലൂടെ അവര്‍ ഒഴുകുന്നു. ഗംഗയുടെ കുത്തൊഴുക്കില്‍ എടുത്തെറിയപ്പെട്ട ജഹ്നുമഹര്‍ഷിയുടെ ആശ്രമം അവിടെയായിരുന്നു എന്നു പറയപ്പെടുന്നു.

ജാഹ്നവിക്കു മുകളിലൂടെയുള്ള തൂക്കുപാലം കടന്നു ചെല്ലുമ്പോള്‍ ഒരു വലിയ പാറ കാണാം. അതാണ് ഭൈരവന്‍ ശില. അതിന്റെ കീഴിലാണ് ഭൈരവന്‍ശിലാക്ഷേത്രം. ഭൈരവന്‍ ഘട്ടിലുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചതും റോഡു നന്നാക്കിയതും അമര്‍സിംഗ് ഥാപ എന്ന പ്രസിദ്ധനായ ഗൂര്‍ഖജനറലാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തന്നെയാണു് ഗംഗോത്രി ക്ഷേത്രം വീണ്ടും നിര്‍മ്മിച്ചതും.

ഭൈരവന്‍ ഘട്ടില്‍ നിന്നുള്ള യാത്രയില്‍ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളോടടുത്തു കൊണ്ടിരിക്കുന്നതു് അനുഭവിക്കാനാവും. അകലെയകലെ ആകാശത്തേക്കു് ഉയര്‍ന്നുയര്‍ന്നു പോകുന്നതു പോലെ മലഞ്ചെരിവുകളും പര്‍വ്വതങ്ങളും. അവയ്ക്കിടയിലൂടെ തുള്ളിച്ചാടി വരുന്ന ഭാഗീരഥി. എവിടെ നോക്കിയാലും തെളിമയുള്ള ചുവപ്പ്. ഇതാ നാം നിരപ്പുള്ളതും തുറസ്സായതുമായ സ്ഥലത്തെത്തിയിരിക്കുന്നു. ഇവിടെയാണ് പണ്ട് പാണ്ഡവര്‍ അശ്വമേധയജ്ഞം നടത്തിയത്. അകലെ കുന്നുകളില്‍ ദേവദാരുവൃക്ഷങ്ങളും ഭൂര്‍ജ്ജവൃക്ഷങ്ങളുമാണ്. ഭാഗീരഥിയുടെ ഊക്ക് വളരെ കൂടിയിട്ടുണ്ട്. അതാ ഗംഗോത്രി നമ്മുടെ കാഴ്ചയിലേക്കെത്തിയിരിക്കുന്നു. നാം പവിത്രമായ ഗംഗോത്രിയുടെ ഹൃദയകവാടത്തില്‍ പ്രവേശിക്കുകയാണ്.

കുതിച്ചു പാഞ്ഞൊഴുകുന്ന ഗംഗയെ മുറിച്ച് ഒരു പാലമുണ്ട്. അതിനപ്പുറത്താണ് ആശ്രമങ്ങളും ധര്‍മ്മശാലകളും. ഇപ്പുറത്ത് ഗംഗയുടെ വലത്തെ കരയിലാണ് ക്ഷേത്രവും ബസാറും. പാ‍ലത്തില്‍ നിന്നു് താഴോട്ടു നോക്കിയാല്‍ തല കറങ്ങിപ്പോകും. പാറകളില്‍ ചുഴറ്റിയടിച്ച് പാഞ്ഞൊഴുകിവരുന്ന ഭാഗീരഥി. ഊറല്‍ നിറഞ്ഞവെള്ളം. അതിലെങ്ങാനും വീണുപോയാല്‍ നിമിഷം കൊണ്ട് നാം ചിന്നിച്ചിതറിപ്പോകും. നല്ല യാത്രാക്ഷീണമുണ്ടായിരുന്നു. നേരെ ആദ്യം കണ്ട ആശ്രമത്തിലേക്കു നടന്നു. അതൊരു ഗുജറാത്തി ആശ്രമമായിരുന്നു. ഒരു ദിവസം മാത്രമേ താമസിക്കാനനുവദിക്കൂ എന്നു പറഞ്ഞു.

നാളെ ആരൊക്കെയോ ഗസ്റ്റുകള്‍ വരുന്നുണ്ട്. ബാത്ത്‌റൂമില്‍ ഇളം ചൂടുവെള്ളം ഉണ്ടായിരുന്നതിനാല്‍ കുളി ഉഷാറായി. കുളി കഴിഞ്ഞതോടെ ക്ഷീണം എവിടെപ്പോയെന്നറിയില്ല. വസ്ത്രം മാറി പുറത്തിറങ്ങി. തെളിഞ്ഞ ആകാശം. ഹിമാലയത്തില്‍ വിശാലമായ നീലാകാശം കണ്ടുനില്‍ക്കുകയെന്നത് വലിയൊരു അനുഭവമാണ്. ക്ഷേത്രത്തില്‍ തിരക്കൊന്നുമില്ല. സീസണ്‍ തുടങ്ങിയിട്ടില്ലാത്തതിനാലാവും. യമുനോത്രിയിലേതുപോലുള്ള പിടിച്ചുപറിയൊന്നും ഇവിടെയില്ല. നല്ല വൃത്തിയും ഭംഗിയുമുള്ള ക്ഷേത്രം. ദര്‍ശനം കഴിഞ്ഞ് അങ്ങകലെ ആകാശത്തെ ചുംബിച്ചു നില്‍ക്കുന്ന ഹിമശൃംഗങ്ങളെയും അവയ്ക്കിടയിലൂടെ ഒഴുകി നീങ്ങുന്ന വെണ്‍‌മേഘങ്ങളെയും നോക്കി എത്രനേരം നിന്നെന്നറിയില്ല.

ക്ഷേത്രത്തിന്റെ കാലപ്പഴക്കം ഇന്നും നിഗൂഢമാണ്. പുരാതനക്ഷേത്രം മരം കൊണ്ടുണ്ടാക്കിയതായിരുന്നു. അതു മഞ്ഞിടിച്ചിലില്‍ തകര്‍ന്നു പോയി. ജനറല്‍ അമര്‍നാഥ് സിംഗ് ഥാപയുടെ നിര്‍ദ്ദേശപ്രകാരം പുതിയ ക്ഷേത്രം പണിതു. പാറകള്‍ ഇടിഞ്ഞു വീണ് അതിനും നാശനഷ്ടം സംഭവിച്ചപ്പോള്‍ ജയ്പൂരിലെ രാജാവ് കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിയതാണ് ഇപ്പോഴത്തെ ക്ഷേത്രം. ആറേകാല്‍ മീറ്റര്‍ ചതുരശ്രത്തിലാണ് ശ്രീകോവില്‍. ദേവീവിഗ്രഹത്തിന് അര മീറ്ററോളം ഉയരമുണ്ട്. സുന്ദരമായ വിഗ്രഹം. അതിനു താഴെ ലക്ഷ്മി, സരസ്വതി, അന്നപൂര്‍ണ്ണ, ഭാഗീരഥി, യമുന, ജാഹ്നവി എന്നിവരുടെ വിഗ്രഹങ്ങളും ഉണ്ട്. ചില അവസരങ്ങളില്‍ ശ്രീശങ്കരാചാര്യരുടെയും ശ്രീഗണേശന്റെയും വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ടത്രേ.

ഉത്തരകാശി ജില്ലയില്‍ 3000 മീറ്റര്‍ ഉയരത്തില്‍ ഭാഗീരഥിയുടെയും കേദാര്‍ഗംഗയുടെയും സംഗമസ്ഥാനത്താണ് ഗംഗോത്രി സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തില്‍ നിന്നും നദിക്കൊപ്പം താഴേക്ക് ഒരു നൂറു മീറ്ററോളം നടന്നാല്‍ ഗൌരീകുണ്ഡമായി. ഇവിടെ ഭാഗീരഥി ഏഴു മീറ്ററോളം താഴ്ചയുള്ള ഒരു കുഴിയിലേക്കു പതിക്കുന്നു. ഭഗീരഥനെ പിന്‍‌തുടര്‍ന്ന ഗംഗ ഇവിടെ വച്ച് പാതാളത്തിലേക്ക് പോകാനൊരുങ്ങി എന്നും ശിവന്‍ അത് തടഞ്ഞു എന്നുമാണ് കഥ. ആ കൊച്ചു വെള്ളച്ചാട്ടത്തിന് സഹസ്രധാരമെന്നും വെള്ളച്ചാട്ടത്തിന് മുമ്പുള്ള ഭാഗത്തെ ബ്രഹ്മകുണ്ഡ് എന്നും പറയുന്നു. എട്ടു മീറ്ററോളം വ്യാസമുണ്ട് ഗൌരീകുണ്ഡിന്. ശിവപ്രേമത്തിനായി ഹിമവല്പുത്രിയായ ഗൌരി തപസ്സു ചെയ്തത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം.

മെയ് ഒന്നു മുതല്‍ ഒക്ടോബര്‍ മുപ്പത്തൊന്നു വരെയാണ് അമ്പലം തുറന്നിരിക്കുക. മഞ്ഞു കാലത്ത് ചില സന്യാസിമാരൊഴികെ എല്ലാവരും സ്ഥലം വിടും. രണ്ടു മീറ്ററോളം ഉയരത്തില്‍ മഞ്ഞു വീഴ്ച ഉണ്ടാകാറുണ്ട്. മഞ്ഞുകോഴി (snow cock) ഒഴികെ എല്ലാ പക്ഷികളും സുഖിയിലേക്ക് താമസം മാറ്റും. ഒരു ജോഡി കാക്കകള്‍ അവിടെ സന്യാസിമാരോടൊത്തു കഴിയുമെന്ന് പറയുന്നു. ഭക്തന്മാര്‍ സൂക്ഷിച്ചു വച്ചിട്ടുള്ള ഭക്ഷണം, വിറക്, കാടുകളില്‍ നിന്നും ലഭിക്കുന്ന പച്ചക്കറികള്‍, കൂണുകള്‍ ഉണക്കിയത്, അങ്ങനെ ഒന്നിനും കുറവില്ലാതെ മഞ്ഞുകാലം ചിലവിടാന്‍ സന്യാസിമാര്‍ക്ക് കഴിയുന്നു.

ക്ഷേത്രത്തില്‍ നിന്നും പതിനാറു മീറ്റര്‍ അകലെയാണ് ഭാഗീരഥശില. ഇവിടെയാണ് ഭാഗീരഥന്‍ തപസ്സനുഷ്ഠിച്ചത്. അതൊരു വലിയ കഥയാണ്.

സൂര്യവംശരാജാവായ സഗരന് സുമതി (വൈദര്‍ഭി) എന്നും കേശിനി (ശൈബ്യ) എന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. കേശിനിക്ക് അസമഞ്ജസ് എന്നൊരു പുത്രന്‍ ജനിച്ചു. സുമതി പ്രസവിച്ച ഒരു ചുരയ്ക്കയില്‍ നിന്നും അറുപതിനായിരം രാജകുമാരന്മാരുണ്ടായി. ജനദ്രോഹിയായ അസമഞ്ജസിനെ സഗരന്‍ നാട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കി. ദുഷ്ടരായ അറുപതിനായിരം സഗരപുത്രന്മാര്‍ ലോകത്തിനു വലിയ നാശനഷ്ടങ്ങള്‍ വരുത്തി. ദുഃഖിതരായ ദേവന്മാര്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. കപിലന്‍ എന്ന മഹര്‍ഷി സഗരപുത്രന്മാരെ നശിപ്പിക്കും എന്നു് ബ്രഹ്മാവ് അവരോട് വാഗ്ദാനം ചെയ്തു.

ആയിടയ്ക്ക് സഗരന്‍ ഒരു അശ്വമേധയാഗം നടത്തി. സഗരപുത്രന്മാര്‍ അശ്വത്തെയും കൊണ്ട് ലോകം ചുറ്റി നടന്നു. അവര്‍ സമുദ്രതീരത്തെത്തിയപ്പോള്‍ അശ്വം അപ്രത്യക്ഷമായി. സഗരപുത്രന്മാര്‍ അറുപതിനായിരം പേരും വന്ന് സഗരനോട് സങ്കടം പറഞ്ഞു. ലോകത്തിന്റെ നാനാഭാഗത്തും അന്വേഷിച്ച് അശ്വത്തെ തിരികെക്കൊണ്ടു വരണമെന്നുള്ള നിര്‍ദ്ദേശത്തോടുകൂടി സഗരന്‍ അവരെ അയച്ചു. അവര്‍ അശ്വത്തെ അന്വേഷിച്ച് കാടും മേടും നഗരിയും ചുറ്റി നടന്നു, ഫലമുണ്ടായില്ല. ഒടുവില്‍ ഒരു കുഴിയുണ്ടാക്കി. ആ കുഴിയില്‍ക്കൂടി അവര്‍ പാതാളത്തില്‍ പ്രവേശിച്ചു. അവിടെ പ്രാണായാമനിമഗ്നനായ കപിലമഹര്‍ഷിയെയും അദ്ദേഹത്തിന്റെ അടുത്ത് ഒരു കുറ്റിയില്‍ കെട്ടിയിട്ടിരുന്ന അശ്വത്തെയും അവര്‍ കണ്ടു. അശ്വത്തെ അപഹരിച്ചതും അവിടെ കൊണ്ടുചെന്നു ബന്ധിച്ചതും വാസ്തവത്തില്‍ ഇന്ദ്രനായിരുന്നു. കപിലനാണ് മോഷ്ടാവെന്നു ധരിച്ച സഗരപുത്രന്മാര്‍ കപിലനെ ആക്രമിക്കാന്‍ ഒരുമ്പെട്ടു. മഹര്‍ഷി കുപിതനായി കണ്ണു തുറക്കുകയും ആ നേത്രാഗ്നിയില്‍ സഗരപുത്രന്മാര്‍ ചാമ്പലായിപ്പോകുകയും ചെയ്തു.

വളരെ നാള്‍ കഴിഞ്ഞിട്ടും പുത്രന്മാരെ കാണാതിരുന്ന സഗരന് വളരെ കുണ്ഠിതമുണ്ടായി. പൌത്രനായ അംശുമാനെ അടുത്ത് വിളിച്ച് പുത്രന്മാരെ അന്വേഷിക്കുന്നതിനായി നാനാദിക്കിലേക്കും അയച്ചു. പല നാടുകള്‍ ചുറ്റിത്തിരിഞ്ഞ് അംശുമാന്‍ പാതാളത്തില്‍ ചെന്ന് കപിലമഹര്‍ഷിയെ സന്ദര്‍ശിച്ചു. അദ്ദേഹം മഹര്‍ഷിയെ സ്തുതിച്ചു. മഹര്‍ഷി പ്രസന്നനായി അശ്വത്തെ തിരിച്ചു കൊടുത്തു. അംശുമാന്റെ പൌത്രന്‍ ഗംഗയെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വീഴ്ത്തി സഗരപുത്രന്മാര്‍ക്ക് ഉദകക്രിയ ചെയ്യുമെന്ന് കപിലന്‍ അനുഗ്രഹിച്ചു. അംശുമാന്‍ അശ്വവുമായികൊട്ടാരത്തില്‍ തിരികെ ചെന്നു. മുടങ്ങിക്കിടന്നിരുന്ന അശ്വമേധം സഗരന്‍ പൂര്‍ത്തിയാക്കി.

അംശുമാനില്‍നിന്ന് ദിലീപനും ദിലീപനില്‍ നിന്ന് ഭഗീരഥനും ജനിച്ചു. ഭഗീരഥന്‍ രാജാവായ ശേഷം രാജ്യകാര്യങ്ങള്‍ മന്ത്രിമാരെ ഏല്പിച്ചിട്ട് ഗംഗയെ അവതരിപ്പിക്കുന്നതിനുവേണ്ടി പരിശ്രമങ്ങള്‍ ആരംഭിച്ചു. ഭഗീരഥന്‍ ഹിമവാന്റെ ചെരിവില്‍ചെന്ന് ആയിരം വര്‍ഷം തപസ്സുചെയ്തു ഗംഗയെ പ്രസാദിപ്പിച്ചു. ലോകത്തിലേക്കു പതിക്കുന്ന തന്നെ താങ്ങാന്‍ ശിവനല്ലാതെ മറ്റാര്‍ക്കും ശക്തിയില്ലെന്നും അതിനാല്‍ ആദ്യം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിക്കണമെന്നും ഗംഗാദേവി പ്രസ്താവിച്ചു. അതനുസരിച്ച് ഭഗീരഥന്‍ ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. ഭഗീരഥന്റെ അപേക്ഷയനുസരിച്ച് ഗംഗയെ വഹിക്കുന്നതിനുവേണ്ടി ശിവന്‍ ഭൂമിയില്‍ നിന്നു. ഗംഗ മഹാ ശബ്ദത്തോടുകൂടി ശിവന്റെ തലയില്‍ പതിച്ചു. അഹങ്കാരിയായ ഗംഗയ്ക്ക് ശിവനെക്കൂടി പാതാളത്തിലേക്ക് ഒഴുക്കണമെന്ന് ഒരു ദുര്‍മോഹം തോന്നി. ഈ ആശയം ധരിച്ച ശിവന്‍ ഗംഗയുടെ മാര്‍ഗം സ്തംഭിപ്പിച്ചു. ഗംഗ വഴികാണാതെ ശിവന്റെ ജടാപടലത്തില്‍ക്കൂടെ അനേകവര്‍ഷം ചുറ്റിത്തിരിഞ്ഞു.

വീണ്ടും ഭഗീരഥന്‍ ശിവനെ തപസ്സു ചെയ്തു. പ്രസന്നനായ ശിവന്‍ ജട കുടഞ്ഞു് കുറെ ഗംഗാജലം ഭൂമിയില്‍ വീഴ്ത്തി. ആ ജലം ബിന്ദുസരസ്സില്‍ പതിച്ച് ഹ്ലാദിനി, പാവിനി, നളിനി എന്നു മൂന്നു കൈവഴികളായി കിഴക്കോട്ടൊഴുകി. സുചക്ഷുസ്, സീത, സിന്ധു എന്നീ മൂന്നു കൈവഴികള്‍ പടിഞ്ഞാറോട്ടൊഴുകി. ഏഴാമത്തെ കൈവഴി ഭഗീരഥനെ പിന്തുടര്‍ന്നു. ഭഗീരഥന്‍ മുന്‍പിലും ഗംഗ പിന്‍പിലുമായി ബഹുദൂരം സഞ്ചരിച്ച് ജഹ്നുമഹര്‍ഷിയുടെ ആശ്രമപ്രദേശത്തു ചെന്നു. ഗര്‍വ്വിഷ്ഠയായ ഗംഗ ജഹ്നുവിന്റെ ആശ്രമം മുക്കി. കുപിതനായ മുനി ഗംഗയെ കുടിച്ചു കളഞ്ഞു. ഭഗീരഥന്‍ ജഹ്നുമഹര്‍ഷിയെ പ്രസാദിപ്പിച്ചു. മഹര്‍ഷി ഗംഗയെ ചെവിയില്‍ക്കൂടി വെളിയിലേക്ക് ഒഴുക്കിക്കൊടുത്തു. അന്നുമുതല്‍ ഗംഗയ്ക്ക് ജാഹ്നവി എന്നു പേരുണ്ടായി. വീണ്ടും ഗംഗ ഭഗീരഥനെ അനുഗമിച്ച് പാതാളത്തില്‍ പ്രവേശിക്കുകയും സഗരപുത്രന്മാരെ പുണ്യജലത്തില്‍ കഴുകി മോക്ഷപ്രാപ്തരാക്കുകയും ചെയ്തു. സഗരപുത്രന്മാര്‍ക്ക് ഉദകക്രിയ ചെയ്തശേഷം ഭഗീരഥന്‍ ഗംഗയെ സമുദ്രത്തിലേക്കു നയിച്ചു.

himalayam

ഈ കഥ കേട്ടപ്പോള്‍ അതങ്ങനെത്തന്നെ വിഴുങ്ങാനല്ല എനിക്കു തോന്നിയത്. ഗുരു നിത്യയുടെ വാക്കുകളാണ് എന്നില്‍ വന്നു നിറഞ്ഞത്. മഹാഭാരതത്തെക്കുറിച്ചാണ്:
“മഹാഭാരതത്തിലെ പാത്രങ്ങളുടെ പേരുകള്‍, അവരുടെ ആകാരവര്‍ണ്ണനകള്‍, സ്ഥലനാമങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ ഇവയൊന്നും ആനുഷംഗികങ്ങളല്ല. അവയോരോന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍, പ്രകടമായി പറഞ്ഞിരിക്കുന്നതിനുമപ്പൂറം പല ഗൂഡാര്‍ത്ഥങ്ങളും ഓരോ പാത്രത്തിന്റെയും ഓരോ ഉപാ‍ഖ്യാനത്തിന്റെയും പിന്നില്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. സ്പഷ്ടമായി പറഞ്ഞിരിക്കുന്നത് പലതും സാധാരണമാണ്. എന്നാല്‍ മിത്തില്‍ പൊതിഞ്ഞു വച്ചിരിക്കുന്നത് ഗൂഡാവബോധത്തിന്റെ നീരുറവ പോലെയാണ്. എക്കാലത്തും അവ അനുവാചകനില്‍ കിക്കിളി ഉണര്‍ത്തും; വികാരങ്ങളില്‍ വേലിയേറ്റം ഉണ്ടാക്കും; അവനെയിരുത്തി ചിന്തിപ്പിക്കും; കണ്ടിട്ടില്ലാത്ത ലോകങ്ങളിലേക്ക് അവനെ ഗൂഡമായി കൊണ്ടുപോകും; അതിശയകരമായ വെളിപാടുണ്ടാക്കിക്കൊടുക്കും.”

മറ്റു പുരാണേതിഹാസങ്ങളിലും പഞ്ചതന്ത്രം, വിക്രമാദിത്യന്‍ കഥകള്‍, കഥാസരിത് സാഗരം എന്നീ കഥാസഞ്ചയങ്ങളിലും എല്ലാം ആഴവും പരപ്പുമുള്ള ഗൂഡാര്‍ത്ഥങ്ങള്‍ കണ്ടെത്താനാവുമെന്ന് ഗുരു പറയുന്നു.

ഋഷിമാര്‍ ഒരുകാര്യം ഉറപ്പിച്ചു പറയുന്നു; എന്തൊക്കെ ഉണ്ടെന്നു തോന്നുന്നുണ്ടോ അതെല്ലാം നമ്മുടെ ബോധത്തിലാണ്. ബോധമുണരുമ്പോഴാണ് പുറത്ത് ലോകമുണ്ടാകുന്നത്. അതടഞ്ഞാല്‍ പിന്നെ ഒന്നുമില്ല. അതുകൊണ്ട് ഋഷിമാര്‍ എന്തെഴുതിയാലും അത് നമ്മുടെ ആന്തരിക ലോകത്തെ സംബന്ധിക്കുന്നതാവാനെ തരമുള്ളൂ. അതുകൊണ്ടാവണം ഈ കഥ കേട്ടപ്പോള്‍ ബ്രഹ്മാവും ശിവനും സുമതിയും കേശിനിയും അസഞ്ജമസും ചുരക്കയും ചുരക്കയില്‍ നിന്നും ജനിച്ച അറുപതിനായിരം സഗരപുത്രന്മാരും കപിലമഹര്‍ഷിയും ഇന്ദ്രനും ജഹ്നുമഹര്‍ഷിയും അംശുമാനും ദിലീപനും ഭഗീരഥനും ഗംഗയും എല്ലാം എന്റെ ഉള്ളിത്തന്നെയുള്ള ഭാവഹാദികളായി എനിക്കു തോന്നിയത്. നിത്യനിരന്തരമായ ശ്രദ്ധയോടും ഭക്തിയോടും ഭഗീരഥപ്രയത്നം ചെയ്താല്‍ മാത്രമേ ശുദ്ധബോധമായ ഗംഗയെ ഹൃദയത്തില്‍ അനുഭവിക്കേണ്ട വിധത്തില്‍ അനുഭവിക്കാനാവൂ എന്നൊരു ഉള്‍വെളിച്ചമാണ് ആദ്യമായി എന്നില്‍ മിന്നിയത്. അനിവാര്യമായ സൃഷ്ടിസ്ഥിതിലയ ചാക്രികതയിലൂടെ സഞ്ചരിക്കേണ്ടി വരുന്ന എന്റെ തന്നെ ഒരു പ്രതിഫലനം ഗംഗയില്‍ കാണാന്‍ കഴിഞ്ഞു. യമ-നിയമ-ആസന-പ്രാണായാമ-പ്രത്യാഹാര-ധാരണ-ധ്യാനം-സമാധി എന്നിങ്ങനെ ഉയര്‍ന്നുയര്‍ന്നു പോകുന്ന ഒരു സാധകന്റെ ബോധധാരയ്ക്കു സംഭവിക്കാവുന്ന താഴ്ചകളും ഉയര്‍ച്ചകളും അപകടങ്ങളും പരിഹാരങ്ങളും ഒക്കെ ഈ കഥയില്‍ ഗൂഡമായിരിപ്പുണ്ടെന്നു തോന്നി.

ഷൌക്കത്ത്
Subscribe Tharjani |