തര്‍ജ്ജനി

മുഖമൊഴി

പടി കയറുന്നവരുടെ കൂടെ...

കാത്തിരിപ്പിന്റെ സാദ്ധ്യതകളെ വിവിധതലങ്ങളില്‍ വിനിയോഗിക്കാന്‍ സാധിച്ചതും കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പിന്റെ സവിശേഷതകളില്‍ ഒന്നായി വരും. എങ്കിലും മൂന്നുഘട്ട പോളിംഗിനും ഫലപ്രഖ്യാപനത്തിനുമായെടുത്ത കാലതാമസത്തേക്കാള്‍ പ്രാധാന്യം മുഖ്യമന്ത്രി ആരെന്നറിയാന്‍ മലയാളികള്‍ക്ക്, തമിഴരെയും ബംഗാളികളെയുംക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു എന്നതിനുണ്ട്. കാരണം ഇടതുപക്ഷം അധികാരത്തില്‍ വരും എന്നു ഏറെക്കുറെ തീര്‍പ്പായിട്ടാണ് ഭൂരിപക്ഷവും ബൂത്തുകളില്‍ ചെന്ന് ചൂണ്ടുവിരലുകളില്‍ മഷിയിട്ടത്. എക്സിറ്റ് പോളുകള്‍ കാര്യങ്ങള്‍ കടുകിട തെറ്റാതെ, വെടിപ്പായി ജനത്തിനു പറഞ്ഞുകൊടുക്കുകയും ചെയ്തു. പ്രവചനങ്ങള്‍ക്കെല്ലാം അതീതമായി കിടന്നത് ഒന്നു മാത്രം. മുഖ്യമന്ത്രി ആര്?

അച്ചുതാനന്ദന് തെരെഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് ‘രക്ഷകന്‍’ എന്ന ബിംബം സര്‍വശക്തിയോടെയും തലപൊക്കുന്നത്. (കേരളാമാര്‍ച്ചിന്റെ സമയത്ത് വിവാദമായ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട പിണറായിയുടെ ചിത്രങ്ങള്‍ കൃത്യമായി അത് മറ്റൊരു രാഷ്ട്രീയസാഹചര്യത്തെയാണ് മുന്നില്‍ വച്ചത്. അതിലെ ക്ഷീണിതനെങ്കിലും വിപ്ലവവീര്യത്തോടെ മുന്നേറുന്ന നേതാവ് എന്ന ബിംബം ഏറ്റവും ഇണങ്ങിയത് പിന്നീട് അച്ചുതാനന്ദനും. അത് ചരിത്രപരമായ തമാശ) തീരുമാനങ്ങള്‍ അവസാന നിമിഷം മലക്കം മറിഞ്ഞ സംഭവങ്ങള്‍ മുന്‍പും കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഗൌരിയമ്മ സംഭവത്തില്‍ അച്ചുതാനന്ദന്‍ ആരോടൊപ്പമായിരുന്നു എന്ന ചോദ്യത്തിന് ഇന്ന് തീര്‍ത്തും പ്രസക്തിയില്ല. (‘ഫലിതത്തിനെന്നും തിരുമേനി നല്ലൂ’ എന്ന് ചുള്ളിക്കാടിന്റെ കവിത) തന്നെ പുറത്താക്കുന്നതില്‍ അച്ചുതാനന്ദന്‍ വഹിച്ച പങ്കിനെപ്പറ്റി എം വി രാഘവന്‍ തെരെഞ്ഞെടുപ്പുകാലത്ത് അങ്ങോളമിങ്ങോളം പ്രസംഗിച്ചിരുന്നു. വെട്ടിനിരത്തല്‍ സമരത്തിന്റെ ആവേശം അസ്വാരസ്യങ്ങള്‍ പ്രകടമായി തന്നെ പടച്ചുവിട്ടിരുന്നു. അദ്ദേഹത്തിനു ലഭിച്ച പരിവേഷം, ഇടതുപക്ഷത്തിനകത്തെ വലതുപക്ഷനയങ്ങള്‍ക്കെതിരെ നിരന്തരം പൊരുതി പരാജയപ്പെട്ടു പോകുന്ന പോരാളി എന്നുള്ളതായി മാറിയത് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനുള്ളിലാണ്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സാമൂഹിക പ്രശ്നങ്ങളില്‍ അദ്ദേഹം നടത്തിയ ഊര്‍ജ്ജസ്വലമായ ഇടപെടലുകള്‍ വളരെ വേഗം ഓര്‍മ്മിക്കപ്പെട്ടു. ഐസ്ക്രീംപാര്‍ലര്‍ കേസില്‍ അച്ചുതാനന്ദന്റെ നിലപാടുകള്‍, ഏതുവിധത്തിലാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ തങ്ങളെ സഹായിച്ചത് എന്ന അജിതയെപ്പോലൊരു നേതാവിന്റെ സാക്ഷ്യം നിസ്സാരമല്ല. മാദ്ധ്യമങ്ങള്‍ അച്ചുതാനന്ദനോടൊപ്പമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മൌനവും ചിരിയും വാചാലതയും സന്ദര്‍ഭാനുസാരിയായി നാം കണ്ടു. ജനം കാത്തിരുന്നത്, തെരഞ്ഞെടുപ്പിനോ അതിന്റെ ഫലത്തിനോ അല്ല. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നതു കാണാനാണ്.

എന്തിന്? മൂല്യസഞ്ചയങ്ങളുടെ ആകത്തുകയായ വ്യക്തി രാഷ്ട്രീയത്തില്‍ ഒരു ആപേക്ഷികത മാത്രമാണ്. ഇനി അങ്ങനെയൊരു വ്യക്തി ഉണ്ടെന്നുതന്നെയിരിക്കട്ടെ, ഒരു കൂട്ടുമുന്നണി ഭരണത്തില്‍ വ്യക്തിയുടെ നന്മയ്ക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? സംസ്ഥാനം രൂപീകരിച്ചതിനുശേഷം മാത്രമല്ല, അതിനു മുന്‍പും നല്ല മനുഷ്യര്‍ തീരെ ഇല്ലാതിരുന്ന സ്ഥലമല്ല, നമ്മുടെ നിയമസഭകള്‍. അവരുടെ നന്മയും ഇച്ഛാശക്തിയും നീതിയോടുമുള്ള കൂറും നമ്മുടെ ഏതെങ്കിലും അധികാരസ്ഥാപനങ്ങളെ ദൂരവ്യാപകമായി തിരുത്തിയതിനു ചരിത്രസാക്ഷ്യങ്ങളുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് നമുക്കിപ്പോഴും രക്ഷകനെ കാത്തിക്കുക എന്ന രൂപകത്തില്‍ അഭിരമിക്കേണ്ടി വരുന്നത്? ഇല്ലെങ്കില്‍ വ്യക്തിയില്‍ അഭിരമിക്കുക എന്ന പതിവ്, ജനാധിപത്യത്തിന്റെ നാള്‍വഴികളിത്രയും നടന്നിട്ടും നാം കൂടെ കൂട്ടുന്നതെന്തിന്? പടി കയറുന്നവരോടൊപ്പം കൂടാനുള്ള കൌതുകത്തിന്റെ അബോധപ്രേരണകള്‍ പലതാണ്. ജാതീയത ഉള്‍പ്പടെ. അപകൃഷ്ടമായതെല്ലാം കൊഴിഞ്ഞുപോയാലും ശേഷിക്കുന്ന കുറച്ച് ആവേശം. അതെത്രകാലം അണയാതെ നിര്‍ത്താന്‍ നമുക്കു സാധിക്കും? അതും വ്യക്തികള്‍ പരാജയപ്പെട്ട, സാമാന്യം ചെറുതല്ലാത്ത ചരിത്രം പറയാനുള്ള ഒരു പാര്‍ട്ടിയുടെ മുന്നില്‍?

ദേശാഭിമാനിയുടെ പത്രാധിപര്‍ ദക്ഷിണാമൂര്‍ത്തി ഒട്ടൊരു അസഹ്യതയോടെ എഴുതി : “ വ്യക്തിയോടുള്ള ആദരവ് എന്ന കുതന്ത്രം പ്രയോഗിച്ച്, വിജയത്തെ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിമാറ്റി പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.” ജനാധിപത്യ സമ്പ്രദായത്തിലുള്ള ഭരണകൂടം ഒരിക്കലും വ്യക്ത്യധിഷ്ഠിതമല്ല. പരസ്പര വിരുദ്ധവും സംഘര്‍ഷാത്മകവും വര്‍ഗ-വര്‍ഗേതര താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന പല കക്ഷികളെ കൂട്ടുപിടിച്ചാണ്, തെരെഞ്ഞെടുപ്പിലൂടെ പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തുന്നത്. അതുകൊണ്ട് പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിമര്‍ശിക്കുകയും അധികാരത്തിലിരിക്കുമ്പോള്‍ അതേ കാര്യങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കണ്ടു കണ്‍കുളിര്‍ക്കാന്‍ രാഷ്ട്രീയം നമുക്ക് അവസരം നല്‍കി. സിവില്‍സമൂഹത്തിനും ഭരണഘടനയ്ക്കും ഇടയിലുള്ള കൈനിലയിലാണ് ഭരണകൂടത്തിന്റെ സ്ഥാനം. പാര്‍ട്ടികള്‍, ഇടതായാലും വലതായാലും ഭരണഘടനാ നടത്തിപ്പിന്റെ സാദ്ധ്യതയെ വകവയ്ക്കേണ്ട കാര്യമില്ല. അതല്ല, അതേ പാര്‍ട്ടി ഭരണകൂടം രൂപീകരിക്കുമ്പോഴുള്ള സ്ഥിതി. സൈദ്ധാന്തികമായ ഈ ആശയക്കുഴപ്പത്തിലൂടെയാണ് നമ്മുടെ രാഷ്ട്രീയം തെന്നിയും തെറ്റിയും നീങ്ങുന്നത്. ഇതിന് ഏറ്റവും പുതിയ ഒരു ഉദാഹരണം തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്റെയാണ്. കയറ്റിറക്കു നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു അദ്ദേഹം തുറന്നടിക്കുമ്പോള്‍, തന്റെ ഉത്തരവാദിത്വം പാര്‍ട്ടി അണികളുടെ ശാഠ്യത്തോടാണ്, ഈ നിയമത്തിന്റെ ഗുണഫലം കിട്ടിയേക്കാവുന്ന ഭൂരിപക്ഷത്തോടല്ല എന്നു പ്രഖ്യാപിക്കുകയാണ്.

ഇതിനിടയിലാണ് സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ മുഴുവന്നേല്‍പ്പിച്ച് നാം ഒരു രക്ഷകനെ കണ്ടെത്തുന്നത്. കെ അജിത എഴുതി :‘ തങ്ങളുടെ രോദനം ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട ഒരു ധീര യോദ്ധാവായി ജനങ്ങള്‍ വി എസിനെ ആദരിച്ചു, ആരാധിച്ചു. അവസാനം ആ ചരിത്രനിമിഷം വന്നുച്ചേര്‍ന്നിരിക്കുകയാണ്. വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയാണ്. പക്ഷേ നിര്‍ണ്ണായകമായ ആഭ്യന്തര വകുപ്പ് അദ്ദേഹത്തില്‍ നിന്നും മാറ്റപ്പെട്ടിരിക്കുന്നു. ആഭ്യന്തര വകുപ്പുപോലും പാര്‍ട്ടിയാല്‍ നിഷേധിക്കപ്പെട്ട വി എസ് തുടക്കത്തില്‍ തന്നെ കയ്യും കാലും കെട്ടിയിടപ്പെട്ട അവസ്ഥയിലേയ്ക്കാണോ നീങ്ങുന്നത്?” കേരളത്തിലെ പ്രബുദ്ധമായ രാഷ്ട്രീയത്തിന്റെ മുന്‍‌നിരക്കാരിലൊരാളാണ് ഇങ്ങനെ വ്യക്തിയെചൂണ്ടി എഴുതുന്നത് എന്നോര്‍ക്കുക. തെരെഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും പിന്നീട് പോളിറ്റ് ബ്യൂറോ ഇടപെട്ടപ്പോഴും മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയപ്പോഴും വകുപ്പു വിഭജന - കൈകാര്യങ്ങളിലെ തര്‍ക്കങ്ങളിലുമെല്ലാം അച്ചുതാനന്ദനെ ചുറ്റിപ്പറ്റി മാദ്ധ്യമങ്ങള്‍ കാട്ടിയ ആവേശം പൊതുജനാഭിലാഷത്തിന്റെ പ്രകടനം തന്നെയായിരുന്നോ, അതോ ജനാഭിപ്രായത്തിന്റെ നിര്‍മ്മാണമോ?

പടികയറ്റാന്‍ ഒത്തുകൂടിയ ഉത്സാഹകമ്മിറ്റിക്കാരെ മുഴുവന്‍ ജനപിന്തുണയുടെ കള്ളിയില്‍ കയറ്റിയിരുത്തുന്നതില്‍ തന്നെ അപകടമുണ്ട്. മുസ്ലീം ലീഗെന്ന മൃദുവലതുപക്ഷ വര്‍ഗീയതയെ തളയ്ക്കാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി, എന്‍ ഡി എഫ്, പി ഡി പി, കാന്തപുരം, ജമായത്തെ ഇസ്ലാമി തുടങ്ങിയ തീവ്രവലതുപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് ചെയ്തത്. ‘നിരുപാധിക പിന്തുണ’ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വ്യക്തമായ രാഷ്ട്രീയവും സാമുദായികവുമായ ലക്ഷ്യങ്ങളുള്ള പ്രസ്തുത സംഘടനകളുമായുള്ള പാര്‍ട്ടിയുടെ ഒത്തിരിപ്പ് അത്ര നിരുപാധികം തന്നെ ആയിരിക്കുമോ? കാത്തിരിപ്പുകളുടെ സാദ്ധ്യതവിപുലമാവുകയാണ്. വലിയ പ്രതീക്ഷയോടെ പൊതുസമൂഹം കെട്ടിയേല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ അച്ചുതാനന്ദന്‍ എന്ന വ്യക്തിയ്ക്ക്, നിലവിലുള്ള സാഹചര്യത്തില്‍ എത്രമാത്രം കഴിയും എന്ന്‍. മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടിനയങ്ങളുടെ നടത്തിപ്പിന്റെ ചുമതലയെ ഇക്കാര്യവുമായി ഏതു തന്ത്രമുപയോഗിച്ചാണ് അനുരഞ്ജിപ്പിലെത്തിക്കാന്‍ പോകുന്നതെന്ന്. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച ഇടതുപക്ഷഭരണകൂടങ്ങളില്‍ നിന്ന് ഗുണപരമായ എന്തു വ്യത്യാസമാണ് അച്ചുതാനന്ദന്റെ നേതൃഫലമായി, പുതിയ ഭരണകൂടത്തിനുണ്ടാവാന്‍ പോകുന്നതെന്ന്. കുടിവെള്ളവും, സാമൂഹികസുരക്ഷയും അവശ്യവസ്തുക്കളുടെ ലഭ്യതയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ വമ്പന്‍ വികസന ആരവങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വരം കേള്‍പ്പിക്കുന്നതെങ്ങനെയെന്ന്....സമഗ്രവികസനം എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും മുക്തമായ രീതിയില്‍ നടപ്പാവുന്നതെങ്ങനെയെന്ന്...

രക്ഷകബിംബങ്ങളെ കലവറയില്ലാതെ സ്നേഹിച്ചും വീര്‍പ്പുമുട്ടിച്ചും പണിതുണ്ടാക്കുന്ന സമൂഹത്തിന്റെ മറ്റേവശവും നമുക്ക് പരിചയമുള്ളതു തന്നെയാണ്. എടുക്കാനാവാത്ത ഭാരത്താല്‍ കഴുത്തൊടിയുന്ന നിമിഷം നോക്കി നിന്ന് മൂന്നുപ്രാവശ്യം കൂവുക എന്നുള്ളത്. ക്രൂശിക്കാനായി ആര്‍ത്തുവിളിക്കുക എന്നുള്ളത്. കൈകഴുകി ശാന്തരായി മടങ്ങി, അടുത്ത ബിംബത്തിനായി കാത്തിരിക്കുക എന്നുള്ളത്....

ശിവകുമാര്‍ ആര്‍ പി
Subscribe Tharjani |
Submitted by വഴിപോക്കന്‍ (not verified) on Mon, 2006-06-05 19:21.

പി.ഡി.പിയും ജമാഅത്തെ ഇസ്‌ലാമിയും എല്‍.ഡി.എഫിനെ പിന്തുണച്ചു എന്നത്‌ നേര്‌, പക്ഷേ എന്‍.ഡി.എഫ്‌ എപ്പോള്‍ മുതലാണ്‌ എല്‍.ഡി.എഫിനെ പിന്തുണച്ചു തുടങ്ങിയത്‌? കാന്തപുരമാകട്ടെ മുന്‍തെരെഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി യു.ഡി.എഫ്‌ അനുകൂല സമീപനം സ്വീകരിക്കുകയാണുണ്ടായത്‌. എന്‍.ഡി.എഫും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധം ലീഗില്‍ പോലും വിമര്‍ശിക്കപ്പെട്ടു കൊണ്ടിരിക്കെ എന്‍.ഡി.എഫ്‌ എല്‍.ഡി.എഫിനെ പിന്തുണച്ചു എന്ന് പറഞ്ഞാല്‍?!

പി.ഡി.പിയും ജമാഅതെ ഇസ്‌ലാമിയും തീവ്ര വലതുപക്ഷ കക്ഷികളാണ്‌ എന്നൊക്കെപ്പറയുന്നത്‌ എന്തു കണ്ടിട്ടാണ്‌? പി.ഡി.പിയുടെ പ്രഖ്യാപിത ലക്‌ഷ്യം ദലിത്‌-പിന്നോക്ക- അധസ്ഥിത കൂട്ടായ്മയാണ്‌. അംബേദ്കറിസത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്‌ തങ്ങളെന്നാണ്‌ അവരുടെ അവകാശവാദം. ജമാഅത്തെ ഇസ്‌ലാമിയാകട്ടെ, ഇടതുപക്ഷം ഏറ്റെടുക്കേണ്ട വിഷയങ്ങളേയും പ്രശ്നങ്ങളേയും ഇടതുപക്ഷത്തേക്കാള്‍ ശക്തമായി അവതരിപ്പിച്ചു കൊണ്ടിരിക്കുനവരാണ്‌. അവരെയൊക്കെ വര്‍ഗീയകക്ഷികളാക്കിയാല്‍ പിന്നെയാരാണ്‌ അവര്‍ഗീയരായിട്ട്‌ ഇവിടുള്ളത്‌ എന്നാണെന്റെ സംശയം

Submitted by ശിവന്‍ (not verified) on Mon, 2006-06-05 22:05.

ഈ കമന്റ് ഒരു തമാശയായിട്ടാണ് പോസ്റ്റു ചെയ്തതെങ്കില്‍ അതിലെ നര്‍മ്മം കുറിയ്ക്കുകൊള്ളുന്നതാണ്. അത് ഞാന്‍ ആസ്വദിക്കുന്നു.
സ്വയം സമാധാനിക്കാനായി എഴുതിയതെങ്കില്‍. അങ്ങനെ. അക്കാര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ല.
അതല്ല, സ്വയം ബോദ്ധ്യപ്പെട്ട് , വളരെ ഗൌരവമായിതന്നെ പറഞ്ഞതാണെങ്കില്‍..ഞെട്ടാനല്ലാതെ മറ്റൊന്നിനും സാദ്ധ്യമല്ല. കാരണം വികാരത്തെ പലപ്പോഴും ബുദ്ധിയോ ചിന്തയോ ഓര്‍മ്മയോ കൊണ്ടെതിര്‍ക്കുന്നതു സ്വയം അവഹേളിക്കുന്നതിനു തുല്യമാണ് !

Submitted by Jayaseelan (not verified) on Tue, 2006-06-06 03:21.

Good one Sivakumar. Keep it up.

Submitted by മറ്റൊരു വഴിപോക്കന്‍ (not verified) on Tue, 2006-06-06 18:22.

അഹന്തയ്ക്ക്‌ കയ്യും കാലും വെച്ചാല്‍ അത്‌ ശിവനെപ്പോലിരിക്കും എന്നാരോ എഴുതിയിരുന്നു, ചിന്തയില്‍ തന്നെ. അതൊന്നു കൂടെ ബോദ്ധ്യമാവുന്നു. വിഡ്ഢിത്തം എഴുതി വെച്ച്‌ വിമര്‍ശം വരുമ്പോള്‍ ക്ളാ ക്ളീ ക്ളൂ കളിക്കുന്നത്‌ കൊണ്ടായില്ല ശിവാ. വഴിപോക്കന്റെ സംശയം നല്ല വഴിക്കു തീര്‍ക്കാന്‍ വല്ല വഴിയൂണ്ടോന്ന്‌ നോക്ക്‌!!

Submitted by ശിവന്‍ (not verified) on Tue, 2006-06-06 19:39.

ഈ നര്‍മ്മത്തെയും ഞാന്‍ ആസ്വദിക്കുന്നു.
തീര്‍പ്പുകള്‍ ഒന്നിനുമില്ലാത്തതു കൊണ്ടാണ് സംവാദത്തിന്റെ സാദ്ധ്യത മരിക്കാതെ നിലനില്‍ക്കുന്നത്. അപ്പോള്‍ ആരുടെ, എന്തു തീര്‍ത്തുകൊടുക്കാനാണ് താങ്കളുടെ ആജ്ഞ?
വിഡ്ഢിത്തം എന്തായിരുന്നു? എനിക്കു മനസ്സിലായുമില്ല....

സത്യം പറയട്ടെ, വഴിപോക്കന്റെ കമന്റ് ഒരു തമാശയായിട്ടാണ് ഇപ്പോഴും എനിക്കു തോന്നുന്നത്. അല്ലെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചു നോക്ക് !
താങ്കള്‍ക്കുള്ളത് വികാരമാണ്.. അതും പ്രശ്നസങ്കുലമായത്.. അതിനുള്ള മറുപടി അവസാന വരിയായി ഞാന്‍ മുന്നേ പറഞ്ഞു കഴിഞ്ഞതാണ്.
രാഷ്ട്രീയത്തില്‍ കൂടുതല്‍ അവഗാഹമുള്ള ബുദ്ധിമാന്മാരും പ്രവര്‍ത്തകരുമുണ്ടാവുമല്ലോ നമ്മുടെ കൂട്ടത്തില്‍. മതം ചുവയ്ക്കാത്തവര്‍! അവരിടപെടട്ടെ. താങ്കളുടെ സംശയങ്ങള്‍ താനെ നിലയ്ക്കും.

Submitted by മറ്റൊരു വഴിപോക്കന്‍ (not verified) on Tue, 2006-06-06 20:41.

ശിവനെ ആരെതിര്‍ത്താലും അത്‌ തമാശയാട്ടോ......

കാര്യഗൌരവത്തില്‍ വല്ലതും എഴുതുകയോ പറയുകയോ ചെയ്യുന്നത്‌ ആരെങ്കിലും ഉണ്ടെങ്കില്‍ അത്‌ ശിവനും ശിവന്റെ സ്തുതിപാഠകരും (അജ്ഞാതനോട്‌ കടപ്പാട്‌) മാത്രമായിരിക്കും എന്നു തോന്നുന്നു! അല്ലേ ശിവാ...
സംവാദത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്‌ തന്നെയെതിര്‍ക്കുന്നവരെയെല്ലാം വിവരദോഷികളായി ചിത്രീകരിക്കണം എന്ന പൌരോഹിത്യ ശാഠ്യം ശിവന്‍ കൊണ്ടു നടക്കുന്നത്‌. അഹന്ത കളഞ്ഞേര്‌ ശിവാ.. ഒരിത്തിരി ബഹുമാനത്തോടെ ആളുകളുടെ അഭിപ്രായങ്ങളെ കാണാന്‍ പഠിക്ക്‌..
----------------------
ശിവന്റെയത്രയൊന്നും രാഷ്ട്രീയ അവബോധമില്ലാത്ത, ബുദ്ധിയില്ലാത്ത, ഒരു പാവം വഴിപോക്കന്റെ നാലാംകിട നര്‍മമാണേ... ശിവന്‍ ഒന്നു കൂടി ചിരിച്ചു കാണാന്‍ വേണ്ടി മാത്രം പറഞ്ഞതാട്ടോ...

Submitted by zivan (not verified) on Tue, 2006-06-06 21:32.

ശരിയാണ്. കാരണം താങ്കള്‍ വ്യക്തിയിലാണ് ഊന്നുന്നത്. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം നമ്മളാരും ചോദ്യോത്തര പംക്തികളില്‍ പങ്കെടുക്കുന്നവരല്ല, എന്നാണ്. എന്റെ നിരീക്ഷണങ്ങളാണ് ഞാന്‍ കുറിക്കുന്നത്, തെറ്റുകള്‍ തിരുത്തുന്നത് ഞാന്‍ എന്ന വ്യക്തിയ്ക്കുവേണ്ടിയല്ല, അതു സമൂഹത്തിന്റെ പൊതു നന്മയ്ക്കാണെന്ന ബോധമാണ് ആദ്യം ഉണ്ടാവേണ്ടത്. കാണേണ്ടത് കാണാതെ പോയാല്‍ എന്തു സംഭവിക്കും എന്നതിനെ ക്കുറിച്ചുള്ള വീണ്ടു വിചാരം. താങ്കള്‍ക്ക് ഒരു സംശയവുമില്ലല്ലോ വഴിപോക്കന്റെ സംശയത്തെ തന്റേതായി നീക്കിക്കാണിക്കുകയാണല്ലോ താങ്കള്‍, ശരി എന്തുകൊണ്ടത് തമാശയായി കണക്കാക്കി എന്നുള്ളതിന് മാക്സിസം ലളിത പാഠാവലികള്‍ ഇവിടെ പ്രഭാത് ബൂക് ഹൌസിലും ചിന്ത പി ബി യിലും കിട്ടും, മൌദൂദിയുടെ പുസ്തകങ്ങളും കിട്ടും..രണ്ടും വായിക്കാന്‍ അധിക സമയമെടുക്കില്ല. ജമായത്തെഇസ്ലാമി, ഇടതുപക്ഷത്തേക്കാള്‍ വലിയ ഇടതുപക്ഷമാണെന്ന പ്രസ്താവനയാണ് ആദ്യത്തെ കാരണം.
പിഡിപി ദലിത് പിന്നാക്കക്കാരുടെ രക്ഷകനാണെന്ന അടുത്ത് വാദം. മുന്‍പൊരു ഐ എസ് എസ് ഉണ്ടായിരുന്നു. അതു നിരോധിച്ചപ്പോള്‍ വേഷം മാറിയതാണ് പി ഡി പി. ഇതൊക്കെ ഞാന്‍ പറയണമായിരുന്നോ സുഹൃത്തേ...മദനിയുടെ പ്രസംഗങ്ങള്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുള്ള ഒരു പാട് മനുഷ്യരുണ്ട്. താക്കറെയും, മോദിയും സംസാരിക്കുമ്പോഴും ഒരുപാട് ആളുകള്‍ ഇളകിമറിയാറുണ്ട് എന്ന് ഓര്‍ക്കുക. അതെ ആവേശം മറ്റൊരു വിഭാഗത്തിനു തോന്നണമെന്നില്ല.
കാതലായ പ്രശ്നം എന്‍ ഡി എഫ്-ന്റെ.. തിരുവനന്തപുരം ഉപതെരെന്നെടുപ്പിനു മുന്‍പ് കേരളത്തിലെ നവോഥാന നായകരില്‍ ഒരാളായി കാന്തപുരത്തിനെ വാഴ്ത്തിക്കൊണ്ട് കെ ഇ എനിന്റെ (ആളിനെ ഞാന്‍ പരിചയപ്പെടുത്തേണ്ടതില്ലല്ലോ) ലേഖനം മാതൃഭൂമിയില്‍ വന്നിരുന്നു. ബാക്കി രാഷ്ട്രീയം. ചേകനൂര്‍ മൌലവിയുടെ ഉള്‍പ്പടെയുള്ള സംഭവം തീരെ മറവി രോഗം ബാധിക്കാത്തവരുടെ മനസ്സിലുണ്ടാവും.
ഞാന്‍ പൊതുവായ ഒരു നീതിബോധത്തിനു മുന്നില്‍ നിന്നാണ് സംസാരിക്കുന്നത്. അല്ലാതെ ശരിതെറ്റുകള്‍ വകഞ്ഞു വച്ചിരിക്കുന്ന കോണ്‍ക്രീറ്റു തൂണുകള്‍ ചൂണ്ടികാണിക്കുകയല്ല. മതത്തിനോട് സംസാരിക്കാനാവില്ല. മതബോധത്തിന്റെ അധികാരത്തോട് ഒട്ടും. അതാണ് ഒഴിഞ്ഞുമാറിയത്. സംവാദത്തിനു തയാറാണ് എന്നു പറയുന്നവരുടെ അസഹിഷ്ണുത ഒരപൂര്‍വ കാഴ്ചയല്ല.
ഇവിടെ സ്തുതിപാഠക- കയ്യും കാലും വച്ച അഹന്താ സങ്കല്‍പ്പവുമൊക്കെ സ്വയം യുദ്ധം ചെയ്യാന്‍ ഓരോരുത്തര്‍ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍. അവയ്ക്കും എനിക്കും തമ്മിലെന്ത്?

Submitted by സുനില്‍ (not verified) on Wed, 2006-06-07 10:09.

ശിവന്‍ വളരെ നല്ലരീതിയില്‍ പറഞിട്ടുണ്ട്‌. ബിംബങളെ അന്വേഴിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍!പത്രമാധ്യമങള്‍‌ക്ക്‌ മാര്‍കെറ്റിങിനും ബിംബങള്‍ വേണം. അത്‌ സിനിമയിലേതായാലും രാഷ്ട്രീയ സാംസ്കാരിക രംഗങളിലേതായാലും ശരി.

Submitted by baburaj (not verified) on Wed, 2006-06-07 22:50.

ഗള്‍ഫിലും കേരളത്തില്‍ ചിലയിറ്റത്തും മത സംഘടനകള്‍ സംവാദം എന്ന പേരില്‍ ചിലത് സംഘടിപ്പിക്കാറുണ്ട്. അതാത് മതസ്ഥര്‍ക്കു വേറെ സംവാദം ഇതര മതസ്ഥര്‍ക്കു വേറെ സംവാദം എന്ന മട്ടിലാണ് അവയൂടേ പോക്ക്. അറിയാനും അറിയിക്കാനും വേണ്ടിയുള്ള വിശാലസ്ഥലങ്ങളല്ല അവ. വന്നിരിക്കുന്നവരെല്ലാം വിഡ്ഢികള്‍, അവരെ ബോധവത്കരിച്ച് തങ്ങളുടെ മതമഹത്വം മനസ്സിലാക്കിക്കാം എന്ന മട്ടീലുള്ള ഒരു പൊറാട്ടു നാടകമാണവ. അവതരിപ്പിച്ചിരിക്കുന്ന ആശയത്തില്‍ നിന്നു ഒരു വാക്യം ഊരിയെടുത്ത് അതിനെ മതവുമായി ബന്ധിപ്പിച്ച് ഒരു കെട്ടു കെട്ടിയാല്‍ സംഗതി എളുപ്പമായി. അതാണിവിടെയും സംഭവിച്ചിരിക്കുന്നത്. നട്ടുച്ചയ്ക്ക് റോഡിലിറങ്ങിനിന്ന് കണ്ണടച്ചിട്ട്, ഇത് കടല്‍ത്തീരമാണെന്നും ഇപ്പോള്‍ അര്‍ദ്ധരാത്രിയാണെന്നും പറഞ്ഞ് ടി കക്ഷികള്‍ തര്‍ക്കിക്കും. ആടിനെ പട്ടിയാക്കുക, പട്ടിയെ സൌകര്യം പോലെ എലിയോ പൂച്ചയോ ആക്കുക അങ്ങനെ എന്തും സാദ്ധ്യമാണിവിടെ. കുറേ സംഘടനകളുടെ പേരെഴുതിയിട്ട് അതെല്ലാം വര്‍ഗീയമാണോ എന്ന് ‘വഴിപോക്കന്‍’ ചോദിച്ചില്ലേ.. അതിനേക്കാള്‍ വലിയ തമാശ സമീപകാലത്തെങ്ങാനും കേട്ടിട്ടുണ്ടോ? സയിം തിയറി അപ്ലേ ചെയ്താല്‍ എന്തൊക്കെ സാധ്യതകളാണ് നമുക്ക് മതേതര ഇന്ത്യയില്‍ തെളിഞ്ഞു കിട്ടുക...?
എനിക്കു രോമാഞ്ചം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാവുന്നേയ്....
എന്തായാലും ‘പോക്കന്മാര്‍ക്ക്’ മറുപടിയെഴുതി സ്ഥലം കളയേണ്ടായിരുന്നു...!

Submitted by ചന്ദ്രശേഖരൻ നായർ (not verified) on Thu, 2006-06-08 06:19.

ശിവൻ മറ്റൊരു സാക്ഷിയായി വിഷയം അവതരിപ്പിച്ചിരിക്കുന്നു. ചർച്ച ചെയ്യപ്പെടേണ്ട പല വിഷയങ്ങളും അതിലുണ്ട്‌. വർഗ്ഗീയത നാടിന്‌ വിപത്താണ്‌. ഭരണകൂടങ്ങൾ വർഗ്ഗീയതയ്ക്ക്‌ അതീതമാവണം എങ്കിൽ മാത്രമേ നീതി നടപ്പാക്കാൻ കഴിയുകയുള്ളു. ഏത്‌ വിഭാഗത്തിലുള്ളവരായാലും ദരിദ്രരോട്‌ കരുണ കാട്ടേണ്ടതുതന്നെയാണ്‌. ഉത്തരേന്ത്യയേക്കാൽ വളരെ ഭേദം തന്നെയാണ്‌ കേരളം മതസൌഹാർദത്തിന്റെ കാര്യത്തിൽ. വർഗ്ഗീയതയും കക്ഷിരാഷ്ടീയ അണികളും ഒരേനാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്‌. മതസൌഹാർദ്ദവും ദാരിദ്ര്യ നിർമർജനവും നാടിനെ നന്മയിലേയ്ക്ക്‌ നയിക്കും. സമൂഹികനീതി ജനം ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ തെരഞ്ഞുപിടിച്ച്‌ പലരേയും പരാജയപ്പെടുത്തിയതും കെ. റ്റി. ജലീലിനെപ്പോലുള്ളവർ ജയിക്കാൻ കാരണമായതും

Submitted by baburaj (not verified) on Thu, 2006-06-15 20:14.

ജമായത്തെ ഇസ്ലാമി, സുന്നി, വഹാബി, പി ഡി പി, എന്‍ ഡി എഫ് സംഘക്കാര്‍ക്ക് രുചിക്കാത്ത പേരാണെങ്കിലും, വസ്തുതകള്‍ നിരത്തി ഹമീദ് ചേന്നമംഗലൂര്‍ എഴുതിയ ഒരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ട്. (ജൂണ്‍ 18-24) ‘മലപ്പുറം ചുവന്നിട്ടൊന്നുമില്ല’ എന്നു പേര്..വഴിപോക്കന്മാര്‍ക്കു മാത്രമല്ല, സ്വതന്ത്രമായി ചിന്തിക്കുകയും ചിന്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആര്‍ക്കും അതൊന്നു വായിച്ചു നോക്കുന്നത് ഗുണമേ ചെയ്യൂ..കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചകളെ പെട്ടെന്നു തിരിച്ചറിയാനും ലേഖനം സഹായിക്കും...