തര്‍ജ്ജനി

ദൂരക്കാഴ്ച

തെരുവില്‍ തിരക്കിന്റെ കുമിളകളൊഴിഞ്ഞ ഉച്ച. കുടയ്ക്കുള്ളില്‍ ചൂട് പുകയുന്നു. അവനിപ്പോള്‍ കാത്തു നിന്ന് മടുത്തിട്ടുണ്ടാവും, ചിലപ്പോള്‍ ദേഷ്യം പിടിച്ച്...

ഉള്ളിലൊരു പേടി പതഞ്ഞു. അവള്‍ ശബ്ദങ്ങളും കാഴ്ചകളും മറന്നു. കാലുകള്‍ ചിറകുകള്‍ മുളച്ചതു പോലെ പറന്നു, ഇടം വലം നോക്കാതെ.

വളവിനപ്പുറം അവളുടെ കണ്ണുകള്‍ അവനെ തിരഞ്ഞു.

കത്തുന്ന വാകമരത്തിന്റെ തണലില്‍ നിന്നും പറക്കാന്‍ തുടങ്ങുന്ന അവന്റെ ബൈക്ക്. പിന്നില്‍ അവനെ പൊതിഞ്ഞ് പാറി മറയുന്ന ഇളം നീല ചുരീദാര്‍...

A mini-saga is a story that has exactly 50 words (not 49, and not 51!).
More info at: Write A Mini-Saga

Submitted by രാജ് (not verified) on Thu, 2006-06-01 15:27.

പോളേ ഇതു കൊള്ളാം, എന്റെ ശ്രമം:

അന്‍പതു വാക്കുകളില്‍ കഥയെഴുതണം. എന്തെഴുതുമെന്നു് ആലോചിച്ചിരുന്നു. സമയക്കണക്കു പറഞ്ഞു കൂലിവാങ്ങുന്ന പണിയിടത്തിലെ മുക്കാല്‍ സമയവും ആലോചനയില്‍ കടന്നുപോകുന്നു; എന്തൊരു അന്യായം. എനിക്കൊരു ന്യായം കണ്ടെത്തിയേ തീരൂ; അതിനിടയില്‍ അന്‍പതു വാക്കിന്റെ ഒരു കഥയും. നന്ദയെ കുറിച്ചെഴുതാം, അതെ തീര്‍ച്ചയായും അവളെ കുറിച്ചെഴുതാം. Still Unmarried എന്ന അടിക്കുറിപ്പുമായൊരു സന്ദേശം ഇന്നലെ അവള്‍ക്കയച്ചിരുന്നു, അതു് അവളുടെ വിവാഹവാര്‍ഷികത്തിന്റെ സുവനിറാണു്. അന്‍പതു വാക്കില്‍ എഴുതാന്‍ കഥയെന്തുണ്ടു്? വേണമെങ്കില്‍ ഒരു വാക്കില്‍ എഴുതാം - നഷ്ടം.

ആ കൊച്ചു “-“ നെ ഒരു വാക്കായി കൂട്ടരുതേ, എം.എസ്.വേര്‍ഡ് അങ്ങിനെ കൂട്ടുന്നു :|

Submitted by ibru (not verified) on Thu, 2006-06-01 17:03.

വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമാണ്. മീന്‍ പിടിക്കാന്‍ ആരും കടലില്‍ പോകാറില്ലാത്തതിനാല്‍ മീന്‍ കിട്ടുകയുമില്ല. പച്ചക്കറികളോട് മുസ്ലിംങ്ങള്‍ക്ക് താല്പര്യവുമില്ല. അന്നേദിവസം വല്യുപ്പ അങ്ങാടിയില്‍ ഇറച്ചി വാങ്ങി വരാനായി രാവിലെ തന്നെ പോകും. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ അന്ന് അദ്ദേഹം പോവുകയുണ്ടായില്ല. ഉച്ചയ്ക്ക് സ്കൂള്‍ വിട്ട് വന്നയെന്റെ മുന്‍പില്‍ പച്ചക്കറി വിഭവങ്ങള്‍ നിരന്നിരിക്കുന്നു. തികട്ടി വന്ന കരച്ചിലടക്കി ഞാന് ഉമ്മായോട് അലറി. “വെള്ളിയാഴ്ച ഇറച്ചി വാങ്ങാത്ത മുസ്ലിം വീടോ?” അതുകേട്ട് ഞാനൊഴികെ മറ്റെല്ലാവരും ആര്‍ത്ത് ചിരിച്ചു.

Submitted by ശ്രീജിത്ത് കെ (not verified) on Thu, 2006-06-01 17:16.

അവളുടെ മുന്നില്‍ ആളാവാനായിരുന്നു അന്ന് ഞാന്‍ ഒരു ബൈക്ക് ആഗ്രഹിച്ചിരുന്നത്. എന്നും പെട്രോള്‍ അടിക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി ഞാന്‍ വേവലാതിപ്പെട്ടില്ല. അച്ഛന്‍ അന്ന് വീട് പണി നടക്കുന്ന കാരണം പണത്തിന് ബുദ്ധിമുട്ടുകയാണെന്ന കാര്യവും ഞാന്‍ ആലോചിച്ചില്ല. എന്നും അമ്മയോട് കെഞ്ചുന്നതും അച്ഛനോട് ചൂടാവുന്നതും ഞാന് ഒരു ശീലമാക്കി. വര്‍ഷം ഒന്ന് രണ്ട് കഴിഞ്ഞു അച്ഛനൊന്ന് കനിയാന്‍. പക്ഷെ അപ്പോഴേക്കും അവള്‍ വിവാഹം കഴിച്ച് അവളുടെ ഭര്‍ത്താവിന്റെ കൂടെ ദുബായിക്ക് പറന്ന് കഴിഞ്ഞിരുന്നു.

Submitted by കുറുമാന്‍ (not verified) on Thu, 2006-06-01 17:20.

ആദ്യാനുരാഗം

അവള്‍ സന്ധ്യ. സന്ധ്യപോലെ തന്നെ തുടുത്ത മുഖമാണവള്‍ക്ക്‌. ദ്വേഷ്യം മൂക്കത്താണെങ്കിലും, അവള്‍ ഒരു പച്ച പാവം.

ഞങ്ങള്‍ തമ്മില്‍ അഗാധമായ പ്രേമത്തിലായിരുന്നു. പാടവരമ്പിലൂടെയും, തോട്ടിന്‍ കരയിലൂടേയും ഞങ്ങള്‍ കൈകോര്‍ത്തുപിടിച്ചാണെപ്പോഴും നടക്കുക. അയല്‍പക്കക്കാരായതിനാലാവാം, കാണുന്ന നാട്ടുകാര്‍ ഞങ്ങളെ കുറിച്ച്‌ അപവാദങ്ങളൊന്നും പറഞ്ഞു പരത്തിയില്ല.

പക്ഷെ, അന്നേതോ ശപിക്കപെട്ട നിമിഷത്തില്‍ ഞാനത്‌ ചെയ്തില്ലായിരുന്നെങ്കില്‍, അവള്‍ ഇന്ന് എന്റേതാകുമായിരുന്നു.

അവളുടെ പുതിയ സ്ലേറ്റ്‌ പെന്‍സില്‍ ഒടിക്കാന്‍ തോന്നിയ നിമിഷത്തെ, ഇന്നും ഞാന്‍ ശപിച്ചുകൊണ്ടേ ഇരിക്കുന്നു.

Submitted by Su (not verified) on Thu, 2006-06-01 19:32.

1)

കടല്‍ കണ്ണിനുള്ളില്‍ ആണോ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയാണോയെന്ന് അയാള്‍ക്ക്

മനസ്സിലായില്ല. മാപ്പ് പറയാന്‍ പോലും അവസരം കിട്ടിയില്ല.

കാത്തിരിപ്പിന്റെ നാളുകള്‍ക്ക് ദൈര്‍ഘ്യം ഏറിയെന്ന് അവള്‍ പല തവണ ഓര്‍മ്മിപ്പിച്ചതാണ്.

ഒരുനാള്‍ കത്തിനു പകരം തേടിയെത്തിയത് അവളുടെ കല്യാണക്കുറി ആയിരുന്നു. മറുപടിയായി

ഒന്നും അയച്ചില്ല. ഇന്നലെയാണ് പത്രത്താളുകളില്‍ അവളുടെ മുഖം കണ്ടത്. തന്റെ

മനസ്സിനുള്ളിലെ മുഖം തന്നെ. കണ്ണിലെ കടല്‍ കൈകൊണ്ട് തുടച്ചെടുത്ത് വൃദ്ധന്‍ വീണ്ടും

പത്രത്താളിലേക്ക് നോക്കിയിരുപ്പായി. അവളെയും സൂക്ഷിച്ചുനോക്കിക്കൊണ്ട്.

2)

അന്‍പത് വാക്കില്‍ കഥ എന്ന് കേട്ടപ്പോള്‍ അതിശയം തോന്നിയില്ല.

തിരക്കുപിടിച്ച ജീവിതത്തില്‍ വാക്കുകള്‍ എത്ര കുറച്ച് ഉപയോഗിക്കുന്നോ അത്രയും സമയം കളയാതെ മുന്നോട്ട് പോകാം.

പക്ഷെ അഞ്ച് നാഴി അരി അടുപ്പത്തിരുന്നു വിളിക്കുന്നു.

മഴയത്ത് അടുപ്പില്‍ വെയ്ക്കാനുള്ളത് ഞാന്‍ എവിടുന്ന് കണ്ടെത്തും?

കറി വെക്കാന്‍ വല്ല ഇലയും പടര്‍പ്പും കിട്ടുമോന്ന് നോക്കണം.

പറമ്പിലേക്കിറങ്ങി ചുറ്റിത്തിരിഞ്ഞ് വല്ലതും കടിച്ച് ചത്താല്‍ അത് തന്നെ ആള്‍ക്കാര്‍ക്ക് കഥയ്ക്കുള്ള വകയായി.

എന്നാലും ശ്രമിച്ച് നോക്കാം.

Submitted by L.G (not verified) on Thu, 2006-06-01 22:10.

അമ്മുക്കുട്ടിക്കു മൂന്നുമണീടെ സ്കൂള്‍ബ്ബെല്‍ കേട്ടപ്പോള്‍ കരച്ചില്‍ ആണു വന്നതു.വീട്ടിലോട്ടു പോവാതെ ഇന്നു ഇവിടെ ടെസ്ക്കിന്റെ അടിയില്‍ ഇരുന്നാലൊ?നാളെ ഉച്ച വരെ എങ്കിലും ഇവിടെ ഒളിക്കാന്‍ പറ്റിയെങ്കില്‍. സങ്കടവും വിശപ്പും കൊണ്ടു അമ്മുക്കുട്ടിക്കു തളര്‍ന്നു പോവുന്ന പോലെ തോന്നി.ഇന്നു ഉച്ചക്കത്തെ കഞ്ഞീം മുട്ടയും ചേറിലോട്ടു തട്ടി മറിഞ്ഞു പോയി.
ആരുമില്ലയിരുന്നെങ്കില്‍ മുട്ട എങ്കിലും കഴുകി എടുക്കാമായിരുന്നു.ഇനി വീട്ടില്‍ ചെല്ലുംബോള്‍ വിശന്നു ഇരിക്കുന്ന കുഞ്ഞനുജനു എന്തു കൊടുക്കും?

Submitted by chinthaadmin on Fri, 2006-06-02 07:01.

ഒരു കുഞ്ഞിക്കഥ ബൂലോഗം തുടങ്ങാനുള്ള സ്കോപ്പുണ്ട്...
പെരിങ്ങ്സ്/ഇബ്രു/ശ്രീജിത്ത്/കുറുമാന്‍/സൂ/എല്‍ജി: പോരട്ടെ, കൂടുതല്‍ കുഞ്ഞിക്കഥകള്‍...
സൂവിന്റെയും കുറുമാന്റെയും കഥകള്‍ എനിക്കിഷ്ടമായി...

Submitted by Indu (not verified) on Fri, 2006-06-02 09:45.

രാജുമോന്‌ വിശക്കുന്നുണ്ടായിരുന്നു. കരി പരന്ന കുഴലിലൂടെ ഊതിയൂതി അമ്മ നനഞ്ഞ കൊള്ളികളില്‍ തീ പടര്‍ത്താന്‍ കിണഞ്ഞു. ദിവസങ്ങളായി തിമര്‍ത്തു പെയ്യുന്ന മഴയില്‍ സര്‍വ്വം വിറയ്ക്കുമ്പോഴും വയറു മാത്രം എരിയുന്നു! ഇടവപ്പാതി പോലെ, നനഞ്ഞു വീര്‍ത്ത അമ്മയുടെ കണ്ണുകളും തോര്‍ന്നിട്ടില്ല. ഇപ്പോഴും അമ്മ കാണുന്നത്‌ അതേ കാഴ്ച - അലറിയടുക്കുന്ന തീവണ്ടി, രാജുമോന്റെ അലര്‍ച്ച, ചോരയില്‍ കുതിര്‍ന്ന അവന്റെ കാല്‍! പോറലൊന്നുമില്ലാതെ രക്ഷപ്പെട്ട താന്‍! ഈശ്വരാ...ഈ ജന്മം ഒരു വിറകുകൊള്ളിയായി എരിഞ്ഞമര്‍ന്നെങ്കില്‍!!!

Submitted by Thulasi (not verified) on Fri, 2006-06-02 13:01.

അവര്‍ അമ്പതു പേരോളം കാണുമെങ്കിലും അമ്പതു വാക്കുകളില്‍ ഒതുക്കാനില്ലാത്ത ജീവിതങ്ങള്‍. പുതിയ കാലത്തെ തൊട്ടുകൂടാത്തവര്‍. കടലാസും പഴയ സാധനങ്ങളും പെറുക്കി വിട്ട്‌ പുറമ്പോകില്‍ സ്വര്‍ഗ്ഗ ജീവിതം. ഒച്ചയുണ്ടാകുന്നെന്നും വൃത്തികേടാക്കുന്നെന്നും പറഞ്ഞ്‌ ഒരിക്കല്‍ അവരെ ഓടിക്കാന്‍ നോക്കിയതാണ്‌. തല്ലിയോടിക്കുന്നതെങ്ങനെ അവരെ തൊട്ടാല്‍ അത്‌ അശുദ്ധിയല്ലേ? പിന്നൊരു ദിവസം പൂമ്പാറ്റപോല്‍ പാറി നടന്ന അതിലൊരുവളുടെ ശവം കിണറ്റില്‍ ക്ണ്ടു.ഒടുവില്‍ അവളെ പിച്ചി ചീന്തിയവരുടെ പേരുകള്‍ പുറത്ത്‌ വന്നപ്പോള്‍ എല്ലാര്‍ക്കും വലിയ വലിയ വാലുകളുണ്ടായിരുന്നു.

Submitted by chinthaadmin on Fri, 2006-06-02 23:04.

തുളസി, അമ്പതിനായിരം വാക്കുകളിലും ഒതുങ്ങാത്ത ജീവിതങ്ങള്‍ ഇവിടെ ഈ ഹൈടെക് സിറ്റിയില്‍ നരകിക്കുന്നതു കാണുമ്പോള്‍ സങ്കടം വരും. ഒന്നു രണ്ട് തവണ ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചതാണ്... പക്ഷേ ഇതു വരെ ഒരു ഫോട്ടോ പോലും എടുത്തില്ലെന്നു മാത്രം. വെറുതെ അവരെ ഉപദ്രവിക്കുന്നതെന്തിന്‌? നന്നായി, എഴുത്ത്.

Submitted by കലേഷ് (not verified) on Sat, 2006-06-03 16:39.

പോളിന്റെ കഥയും, കമന്റുകളായി വന്ന കഥകളും കൊള്ളാം!

Submitted by chinthaadmin on Sat, 2006-06-03 20:01.

കലേഷ്, തിരിച്ചെത്തിയോ.....
രണ്ടുപേര്‍ക്കും സുഖമാണെന്നു കരുതുന്നു....

Submitted by സന്തോഷ് (not verified) on Sat, 2006-06-03 22:02.

സ്വപ്നപ്രഭയെ എനിക്കിഷ്ടമുണ്ടായിട്ടല്ല. സന്ധ്യമയങ്ങുമ്പോള്‍, ഒറ്റയ്ക്ക് ഈ ഇടവഴിയിലൂടെ മടങ്ങി വരുന്നത് അവളുമാത്രം.

ഒരിക്കല്‍ ഞാനവളെ പേടിപ്പിച്ചിട്ടുണ്ട്. പുറുത്തിച്ചെടിയുടെ ചോട് കഴിയുന്നതുവരെ പുളിമരത്തിന്റെ് ഓരം ചേര്ന്ന് നിന്നിട്ട്, മുന്നിലെത്തിയപ്പോള്‍ പെട്ടെന്നെടുത്തു ചാടുകയായിരുന്നു.

‘എന്തിനാ എന്നെ പേടിപ്പിക്കണേ?’
‘ഒരു രസം!’
‘നിക്ക് പേടീന്ന്വാവൂല്ല.’

അവള്ക്ക് നറുക്കുവീണത് എനറെിച സൌകര്യം കൊണ്ടും അവളുടെ ധൈര്യം കൊണ്ടുമാണ്.

വഴിയിരുളുന്നു. സ്വപ്നപ്രഭ നടന്നടുക്കുന്നു.

എല്ലാരുമറിഞ്ഞോ, എട്ടാം ക്ലാസില്‍ എത്തും മുമ്പ് ഞാനിതാ ഒരു പെണ്ണിനെ ഉമ്മവയ്ക്കാന്‍ പോകുന്നു!

Submitted by chinthaadmin on Sun, 2006-06-04 16:38.

സന്തോഷേ, കഥ കൊള്ളാം. സ്വപ്നപ്രഭ ആരാണെന്ന് ഞാന്‍ ഉല്ലാസിനോട് ഒന്ന് ചോദിക്കട്ടെ?
:-)
പോള്‍

Submitted by Anonymous (not verified) on Sun, 2006-06-04 21:26.

കുടുംബം കലക്കണോ പോള്‍:-)

സത്യവും സത്യമല്ലായ്മ(!)യും തമ്മില്‍ വേര്‍തിരിക്കുന്ന നേരിയ വരയെ മുതലെടുക്കുകയല്ലേ കലാകാരന്റെ വിജയം:-) പാവം ചേട്ടത്തിയമ്മ, 'അനന്യഭാക്കാം പതി'യെ ഭജിച്ച്‌, വരയെപ്പോഴും സത്യമല്ലായ്മയില്‍ത്തന്നെയെന്ന് വിശ്വസിക്കുന്നു, മറ്റു പലരെയും പോലെ:-)

Submitted by സന്തോഷ് (not verified) on Wed, 2006-06-07 22:22.

ചോദിക്കൂ, പോള്‍. ആ ഇടവഴിയൊക്കെ ഉല്ലാസിനും പരിചിതമാവാനാണ് വഴി:)
അനോനീ, അങ്ങനെ ചുമ്മാ കലങ്ങുന്നതാണോ ഈ കുടുംബം എന്നു പറയുന്നത്? :) തമാശിച്ചതാണേ, എന്നാല്‍ ‘കലക്കാന്‍ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ’ എന്ന് വിചാരിച്ച് ഇറങ്ങിത്തിരിക്കല്ലേ!