തര്‍ജ്ജനി

മുഖമൊഴി

കലാകാരന്മാര്‍ക്ക് എത്ര സംഘടന വേണം?

ചലച്ചിത്രവ്യവസായത്തിന്റെ പ്രതിസന്ധിയെക്കുറിച്ചായിരുന്നു കുറച്ചുകാലം മുമ്പു വരെ പറഞ്ഞു കേട്ടിരുന്നതു്. ഒരു കാലത്ത് പ്രേക്ഷകസഹസ്രം ക്യൂ നിന്നു് ടിക്കറ്റ് വാങ്ങി സിനിമ കണ്ടിരുന്ന പല പ്രദര്‍ശനശാലകളും നിത്യനിദാനത്തിനുപോലും വകയില്ലാത്ത അവസ്ഥയിലാവുകയും കല്യാണമണ്ഡപങ്ങളോ ഷോപ്പിംഗ് കോംപ്ലക്സുകളോ ആയി രൂപാന്തരം പ്രാപിക്കുന്നതിനെക്കുറിച്ചു് ലേഖനങ്ങളും നാം വായിക്കുകയുണ്ടായി. ഗൃഹാതുരതയോടെ പഴയകാലപ്രദര്‍ശനശാലകളെക്കുറിച്ചും ആവേശത്തോടെ, അഭിനിവേശത്തോടെ അവിടെനിന്നും കണ്ട ചലച്ചിത്രങ്ങളെക്കുറിച്ചു് പലരും അനുസ്മരിക്കുന്നതും നാം കണ്ടു. ഒരു വാണിജ്യപ്രവര്‍ത്തനം എന്ന നിലയില്‍ സിനിമ പ്രതിസന്ധിയിലാണെന്നു് ഇന്നു് എല്ലാവരും സമ്മതിക്കും. കലാരൂപം എന്ന നിലയിലും വലിയ തിളക്കങ്ങളില്ലാത്ത ഒന്നായി മലയാളം പിന്‍വാങ്ങുന്നുവെന്ന ആശങ്കയും ചിലര്‍ക്കില്ലാതല്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താമാദ്ധ്യമങ്ങളില്‍ മലയാളസിനിമയിലെ മറ്റൊരു പ്രതിസന്ധിയാണ് നിറഞ്ഞുനിന്നതു്. അതിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഒരു പക്ഷേ, വരും നാളുകളില്‍ അതു് രൂപാന്തരം പ്രാപിച്ച് പുതുവഴികള്‍ തേടിക്കൂടായ്കയില്ല.

അഭിനേതാവായ തിലകനു്, സംഘബലം ഉപയോഗിച്ചു് ചിലര്‍ സിനിമയില്‍ അഭിനയിക്കുന്നതിനു് തടസ്സം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടാണു് ഇപ്പോഴത്തെ വിവാദങ്ങള്‍ ഉടലെടുത്തതു്. നാടകരംഗത്തു നിന്നും സിനിമയിലെത്തിയ ഒരു നടനാണു് തിലകന്‍. യൗവനകാലത്തല്ല, മദ്ധ്യവയസ്സിലാണു് തിലകന്‍ സിനിമയിലെത്തുന്നതു്. താരപരിവേഷം നല്കുന്ന മിനുത്ത വേഷങ്ങളല്ല, പാത്രസ്വഭാവചിത്രീകരണത്തിനു് പ്രാമുഖ്യമുള്ള വേഷങ്ങളിലാണു് ഈ അഭിനേതാവു് തന്റെ കഴിവു് തെളിയിച്ചതു്. പലപ്പോഴും ഹാസ്യം എന്ന പേരില്‍ പടച്ചുവിടുന്ന അസംബന്ധസിനിമകളില്‍ ഇദ്ദേഹം വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ദേശീയപുരസ്കാരം പോലും നല്കേണ്ട മികച്ച മുഹൂര്‍ത്തങ്ങള്‍ സെല്ലുലോയില്‍ സൃഷ്ടിച്ച കലാകാരനാണു് തിലകന്‍. നാടകം രാഷ്ട്രീയപ്രബുദ്ധമായിരുന്ന കാലത്തു് രംഗവേദിയില്‍ പ്രവര്‍ത്തിച്ച തിലകനു് അഭിനയത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും സ്വന്തം വീക്ഷണങ്ങള്‍ ഉണ്ടു്. അതാവട്ടെ ഏറിയകൂറും കച്ചവടസിനിമാസംസ്കാരവുമായി ബന്ധപ്പെട്ടതല്ല. താരാരാധനയുടെ സംസ്കാരമല്ല അതെന്നു് കാണേണ്ടതുണ്ടു്. തിലകന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും എത്രത്തോളം ശരിയാണെന്നതുമല്ല. അത്തരം വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന കലാകാരനാണു് തിലകന്‍. പല സന്ദര്‍ഭങ്ങളിലും കരളുറപ്പോടെ അതു് തെളിയിക്കുവാന്‍ ഈ കലാകാരന്‍ ശ്രമിച്ചിട്ടുണ്ടു്. പുരസ്കാരദാനവേദിയില്‍ ലാഘവത്തോടെ സംസാരിച്ച മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞതു് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍.

ചലച്ചിത്രമേഖലയിലെ താരസംഘടനയായ അമ്മ, മറ്റൊരു സംഘടനയായ ഫെഫ്ക എന്നിവയാണു് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളതു്. ഈ സംഘടനയുടെ ഭാരവാഹികള്‍ സംഘടനയില്‍ അംഗമായ തിലകനു് തൊഴില്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നതാണു് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാതല്‍. താരസംഘടനയായ അമ്മയും അതു പോലെ ഫെഫ്കയും കേരളത്തില്‍ കലാകാരന്മാരുടേതായി പലകാലങ്ങളില്‍ നിലവില്‍ വന്ന സംഘടനകളുടേതില്‍ നിന്നും അപ്പാടെ വ്യത്യസ്തമായ രീതി പുലര്‍ത്തുന്നവയാണു്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ കേരളത്തില്‍ എഴുത്തുകാര്‍ സംഘടന ഉണ്ടാക്കിയിരുന്നു. അതിന്റെ ഉദ്ദേശ്യം സാഹിത്യപരിപോഷണത്തിനു വേണ്ടി കൂട്ടായി യത്നിക്കുക എന്നതായിരുന്നു. സാഹിത്യത്തിന്റെ പുരോഗതിയെക്കുറിച്ചു് ഒരു കാഴ്ചപ്പാടു് രൂപീകരിക്കുക, അതു് യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ തയ്യാറാക്കുക, അവ പ്രയോഗതലത്തില്‍ എത്തിക്കുവാന്‍ കൂട്ടമായി പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു ആദ്യകാലത്തു് മലയാളസാഹിത്യകാരന്മാരുടെ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഭാഷാപോഷിണിസഭയായിരുന്നു ഇക്കൂട്ടത്തില്‍ ആദ്യത്തെ സംഘടന. സംഘടനയുടെ പേരു് തന്നെ നിഷ്കപടമായി എന്തിനാണു് സംഘടന എന്നു് വെളിപ്പെടുത്തുന്നുണ്ടു്. അക്കാലത്തെ കാപട്യമില്ലാത്ത പൊതുജീവിതത്തിന്റെ അടയാളവാക്കായി സംഘടനയുടെ പേര് പ്രശോഭിക്കുന്നു. കാലാന്തരത്തില്‍ വേറെ നിരവധി സംഘടനകള്‍ രംഗത്തു വന്നു. അത്തരം സംഘടനകളെല്ലാം സാഹിത്യത്തെ സംബന്ധിച്ച ആശയപരമായ കാര്യങ്ങള്‍ പ്രധാനമായി കണക്കാക്കിയവയാണു്. സാഹിത്യത്തില്‍ രൂപമാണോ പ്രധാനം അതോ ഭാവമാണോ എന്നെല്ലാം തര്‍ക്കിക്കുകയും സാഹിത്യകാരന്റെ സാമൂഹിക ഉത്തരവാദിത്തം നിരന്തരം ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു അത്തരം സംഘടനകള്‍. ഇത്തരം സംഘടനകളുടെ പ്രേരണ എത്രത്തോളം വലുതാണെന്നു് മനസ്സിലാക്കാന്‍ ഇ. എം.എസിന്റെ സാഹിത്യസംബന്ധിയായ ആലോചനകള്‍ നോക്കിയാല്‍ മതി. നാല്പതുകളിലെ രൂപമാണോ പ്രധാനം അതോ ഭാവമാണോ എന്ന ചോദ്യം മരണപര്യന്തം ഇ.എം.എസിനെ വേവലാതിപ്പെടുത്തിയിരുന്നു. ഭാവം മാത്രമല്ല രൂപവും പ്രധാനം തന്നെ എന്നു് തന്റെ അവസാനകാലത്തു് നമ്പൂതിരിപ്പാട് ഏറ്റു പറഞ്ഞതു് അത്രത്തോളം വലിയ ഒരു വേവലാതിയായിരുന്നു അദ്ദേഹത്തിനതു് എന്നതു് വെളിവാക്കുന്നു.

എന്നാല്‍ ചലച്ചിത്രരംഗത്തെ സംഘടന സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചോ അതിന്റെ സാമൂഹികബാദ്ധ്യതയെക്കുറിച്ചോ വേവലാതിപ്പെടുന്നതു് ഇക്കാലത്തിനിടയില്‍ നാം കണ്ടിട്ടില്ല. അതിന്റെ ആലോചനകള്‍ തൊഴില്‍പരമായ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ അതാവട്ടെ ട്രേഡ് യൂനിയന്‍ രീതിയിലായിരുന്നുവെന്നു് പറയാവുന്നതുമല്ല. സിനിമാഭിനിയം രാഷ്ട്രീയപ്രവര്‍ത്തനം പോലെ എളുപ്പത്തില്‍ സെലിബ്രിറ്റിപദവി നല്കുന്നതാണു്. കേരളത്തിലെ നവോത്ഥാനസംസ്കാരത്തിന്റെ ബലം കാരണം അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും ആന്ധ്രയിലും കാണുന്നതു പോലെ താരാരാധനയായി മാറുന്നില്ല. രാഷ്ട്രീയത്തിലും അങ്ങനെ തന്നെയാണല്ലോ. നേതാക്കളോട് ബഹുമാനമല്ലാതെ ആരാധന മലയാളികള്‍ക്കില്ല. അതിനാല്‍ ബംഗാളിലേതുപോലെ തുടര്‍ഭരണം കേരളത്തില്‍ സംഭവിക്കുന്നില്ല. ഒരു തവണ ഇടതുപക്ഷമെങ്കില്‍ അടുത്ത തവണ അവരുടെ പ്രതിപക്ഷം. ഏറെക്കുറേ രാഷ്ട്രീയക്കാര്‍ക്കുള്ള തൊഴിലുറപ്പുപദ്ധതിപോലെ ആയിട്ടുണ്ടെങ്കിലും ആരൊക്കെ ജയിക്കും ആരൊക്കെ തോല്ക്കും എന്നതു് അപ്പോഴും അനിശ്ചിതമായിരിക്കും. അന്ധമായ ആരാധന മലയാളികളുടെ സ്വഭാവമല്ല എന്നതിനാല്‍ താരങ്ങള്‍ക്കും അനിശ്ചിതത്വത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടു്. ഏതു് സൂപ്പര്‍സ്റ്റാറിനും മെഗാസ്റ്റാറിനും (പദപ്രയോഗം കേമമാണെങ്കിലും ഹോളിവുഡ്ഡിന്റെ കണക്കുവെച്ചു് പറയുകയാണെങ്കില്‍ പിച്ചക്കാശു് വാങ്ങുന്നവരെയാണു് നമ്മള്‍ ഇങ്ങനെ വിളിക്കുന്നതു്) തങ്ങള്‍ അഭിനയിച്ച പടം വിജയിക്കും എന്നു് ഉറപ്പിക്കാനാവില്ല. രാഷ്ട്രീയക്കാരെപ്പോലെ ജനത്തിന്റെ മുമ്പില്‍ ഭാഗ്യപരീക്ഷണം നടത്തുവാന്‍ സിനിമാതാരങ്ങളും ബാദ്ധ്യസ്ഥരാവുന്നു. രാഷ്ട്രീയക്കാര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ സിനിമാക്കാരും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോള്‍ സിനിമാക്കാരുടെ രീതി കലാകാരന്മാരുടേതോ സാഹിത്യകാരന്മാരുടേതോ അല്ല, മറിച്ചു് രാഷ്ട്രീയനേതാക്കളുടേതാകുന്നുവെന്നതു് സ്വാഭാവികം.

രസികര്‍ മണ്‍ട്രങ്ങള്‍ തമിഴകത്തിന്റെ പോഴത്തമായി നമ്മള്‍ ഒരു കാലത്തു് കണക്കാക്കിയിരുന്നു. ജനപ്രിയനടനായ പ്രേംനസീര്‍ ഗിന്നസ്ബുക്ക് റെക്കോര്‍ഡിട്ട് അഭിനയം തകര്‍ക്കുന്ന കാലത്തും കേരളീയര്‍ക്കു് പ്രിയം കലര്‍ന്ന ആദരമായിരുന്നു ആ നടനോടുണ്ടായിരുന്നതു്. വ്യക്തിജീവിതത്തില്‍ ആ മനുഷ്യന്‍ പുലര്‍ത്തിപ്പോന്ന ഉന്നതമായ സംസ്കാരം ഇന്നും ആദരവോടെ ഓര്‍ക്കുന്നവര്‍ നിരവധി. ഉദയാ സ്റ്റുഡിയോ നിര്‍മ്മിച്ച ഏതോ തച്ചോളിസിനിമയെ അനുസ്മരിച്ചു് സ്നേഹത്തോടും അല്പം തമാശയോടും കുഞ്ഞിരാമന്‍ എന്നു് ആ അതുല്യനടനെ മലയാളികള്‍ വിളിച്ചു. പട്ടത്തുവിള കരുണാകരന്‍ തന്റെ കഥകളില്‍ ഗിന്നസ്ബുക്ക് എന്നുമാത്രം അദ്ദേഹത്തെ വിളിച്ചു. അതുല്യനായ സത്യന്‍ എന്ന നടനും നിരവധി മറ്റു് അഭിനേതാക്കളും ചേര്‍ന്നു് രൂപപ്പെടുത്തിയ ആ കാലഘട്ടമാണു് മലയാളസിനിമയ്ക്കു് ഭദ്രമായ അസ്തിവാരം പണിതതു്. ആ കാലഘട്ടത്തിന്റെ സാമൂഹികബോധം തമിഴനേയും തെലുങ്കനേയും പോലെ രസികര്‍ മണ്‍ട്രങ്ങള്‍ ഉണ്ടാക്കുക എന്ന അവിവേകത്തില്‍ നിന്നും മലയാളികളെ പിന്തിരിപ്പിച്ചു. സ്ക്രീനില്‍ കാണുന്ന കഥാപാത്രങ്ങളോടുള്ള ആരാധന ആ കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേതാവിനോടുള്ള ആരാധനയായി മാറുന്നതു് നോവലിലേയും കഥയിലേയും കഥാപാത്രങ്ങളോടു് ആരാധന തോന്നുന്നതുപോലെയുള്ള അവിവേകമാണെന്നു് തിരിച്ചറിയാനുള്ള വിവേകം അക്കാലത്തു് നമ്മുക്കുണ്ടായിരുന്നു. എഴുത്തുകാരനോട് അത്തരം ആരാധന നമ്മുക്കുണ്ടായിരുന്നെങ്കില്‍ ജനപ്രിയഗാനരചയിതാവും കവിയും അദ്ധ്യാപകനുമൊക്കെയായ ഒ.എന്‍.വി.കുറുപ്പ് തിരുവനന്തുപുരത്തു് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടില്ലായിരുന്നു. നിരൂപകനും പ്രഭാഷകനും അദ്ധ്യാപകനുമായ സുകുമാര്‍ അഴീക്കോട് തലശ്ശേരിയില്‍ പരാജയപ്പെടില്ലായിരുന്നു. ഇവരൊക്കെ മത്സരിച്ചതു് മുഖ്യധാരാരാഷ്ട്രീയത്തിന്റെ ഭാഗമായ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായിരുന്നിട്ടുപോലും അവരുടെ സാഹിത്യം ഒരു ബോണസും അവര്‍ക്കു് നല്കിയില്ല.

മലയാളിയുടെ സാംസ്കാരികവിവേകത്തിന്റെ അപചയകാലഘട്ടത്തിലാണു് രസികര്‍ മണ്‍ട്രങ്ങള്‍ ഫാന്‍സ് അസോസ്സിയേഷന്‍ എന്ന ആംഗലനാമത്തില്‍ നമ്മുടെ നാട്ടില്‍ വേരുറപ്പിക്കുന്നതു്. രസികര്‍ അവരുടെ ആരാധനാമൂര്‍ത്തികളുടെ നടിപ്പുകള്‍ കണ്ട് ആനന്ദിക്കുന്നതോടൊപ്പം ആരാധനാപാത്രത്തിന്റെ എതിരാളികളാവും എന്നു് കണക്കാക്കുന്നവരുടെ സിനിമകള്‍ കൂവി കോലാഹലമാക്കുക എന്ന കലാപരിപാടി കൂടി നടത്തിക്കൊണ്ടിരുന്നു. അരവിന്ദന്റെ കാഞ്ചനസീത പുറത്തിറങ്ങിയ കാലത്തു് സിനിമ എന്ന വിനോദരൂപത്തിന്റെ ഇത്തരം ആരാധകര്‍ കേരളത്തിലുടനീളം, നീയെങ്കിലും കുതിരേ ഉരിയാട് എന്നു് പറഞ്ഞു് സ്വന്തം അനിഷ്ടം പ്രകടിപ്പിക്കുകയും ആര്‍ട്ട്‌സിനിമ എന്നു് വിളിച്ചു് അവര്‍ അവഹേളിച്ച സിനിമയുടെ ആരാധകരെ തങ്ങളുടെ വിനോദലോകത്തു് നുഴഞ്ഞുകയറുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. ഈ നിഷേധാത്മകസംസ്കാരത്തിന്റെ തുടര്‍ച്ചയാണു് രസികര്‍ മണ്‍ട്രങ്ങളില്‍ നാം കാണുന്നതു്.

സൂപ്പര്‍സ്റ്റാറുകള്‍ പോറ്റി വളര്‍ത്തുന്നവരാണു് ഫാന്‍സ് അസോസിയേഷന്‍ എന്ന ഈ കൂലിക്കൂക്കുപട്ടാളം എന്നാണു് സിനിമക്കാര്‍ തന്നെ ഇന്നു് പറയുന്നതു്. നിരന്തരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ പ്രതിഫലത്തുകയുടെ ഒരു ഭാഗം നല്കിയാണു് കൂക്കിവിളിപ്പട്ടാളത്തെ പോറ്റിവളര്‍ത്തുന്നതു് എന്നു് ഇന്നു് പരസ്യമായ രഹസ്യമാണു്. തങ്ങളുടെ സിംഹാസനങ്ങള്‍ ഉറപ്പിച്ചു നിറുത്താന്‍ സഹപ്രവര്‍ത്തകരുടെ തൊഴിലവകാശം പോലും നിഷേധിക്കുന്ന ഒരു പറ്റം വ്യക്തികള്‍ കലാകാരന്മാരെന്ന നിലയില്‍ സംഘടിപ്പിട്ട വേദി എന്തു തന്നെയായാലും പ്രതിലോമസംസ്കാരത്തെയാണു് പ്രതിനിധാനം ചെയ്യുന്നതു്. കേരളത്തിലെ സാംസ്കാരികസംഘടനകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്രത്തോളം നിഷേധാത്മകമായ സംഘബലം പ്രകടിപ്പിച്ച വേറെ ഒരു സംഘടനയെ കണ്ടെത്താനാവുമോ എന്നു് സംശയമാണു്. അനുനിമിഷം അന്ത്യശ്വാസത്തിലേക്കു് പോയിക്കൊണ്ടിരിക്കുന്ന മലയാളസിനിമയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ആലോചനയും ഈ സംഘത്തില്‍ നിന്നും ഉണ്ടാവുന്നില്ല. ഒരു പരിപാടിയും അവര്‍ക്കില്ല. കാരണം, ഒരു പക്ഷേ, ഇത് അഭിനേതാക്കളുടെ അല്ലെങ്കില്‍ കലാകാരന്മാരുടെ സംഘടനയല്ല, മറിച്ച് താരങ്ങളുടെ സംഘടനയാണു് എന്നതാകാം. താരങ്ങള്‍ക്കു് ആകാശത്തിലെ പ്രശ്നങ്ങളല്ലേയുള്ളൂ. ഭൂമിയിലെ മനുഷ്യരുടെ പ്രശ്നങ്ങള്‍ ഒന്നും അവരുടെ പ്രശ്നങ്ങളല്ലല്ലോ.

പണത്തിന്റേയും ആള്‍ക്കൂട്ടബലത്തിന്റേയും സമവാക്യങ്ങള്‍കൊണ്ടു് ഉണ്ടാക്കിയെടുത്ത അധികാരത്തോടെ വാഴുന്ന താരരാജാക്കന്മാരും അവരുടെ അനുയായികളും ഭരിക്കുന്ന സിനിമയുടെ ലോകത്തെ ഇന്നത്തെ വിവാദം നമ്മുടെ മുന്നിലുയര്‍ത്തുന്ന ഒരു ചോദ്യമുണ്ടു്: കലാകാരന്മാര്‍ക്കു് എത്ര സംഘടന വേണം? പലതരം വേഷങ്ങള്‍ കെട്ടുമ്പോള്‍ ഓരോ വേഷത്തേയും പിന്തുണയ്ക്കാന്‍ അനുയായിക്കൂട്ടം വേണം. പാര്‍ട്ടിസംഘടനയില്‍ ഒരു പാതി, സാംസ്കാരികസംഘടനയില്‍ ഒരു പാതി, അക്കാദമിയില്‍ ഒരു തുണ്ടം, ഫാന്‍സിന്റെ വേറൊരു സംഘം ...... ഇങ്ങനെ പല വേഷങ്ങള്‍ക്കും പല സംഘടനകള്‍.

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2010-03-07 23:20.

Editorial is a bit late. Dr. Sukumar Azheekode has made it a Star War. He hijacked the real issue. Now it is only a cheap ego problem. There is a sms message in this regard.Sukumar Azhikodu against Sachin's 200: Ithonnum Valiya Karyamalla. 50 over Battu Cheythittanu Adichathu.Yuva tharangalkku Kalikkan Avasaram Kittiyilla. 36 Vayassayi. Ippozhum helmet vechanu Kalikkunnathu.Helmet vechal Enikkum Kalikkan Pattum. Boostinte ParasyathilEnneyum Vilichatha. Poyilla. Sachin Hockiyil ninnum Viramikkanam.

Submitted by Anonymous (not verified) on Mon, 2010-03-08 17:23.

ലതു കൊള്ളാം, ലാ ഇ എം എസ് ഉദാഹരണം!

Submitted by Bachoo (not verified) on Mon, 2010-03-08 19:52.

മലയാളസിനിമയിലെ കാലികപ്രശ്നങ്ങളെ, വികാരാവേശം ഒട്ടുമില്ലാതെ എന്നാല്‍ മൂലകാരണങ്ങള്‍ പരാമര്ശിച്ചുമുള്ള ഈ നോക്കിക്കാണല്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
തിലകനോട് അഭിപ്രായ വ്യത്യസമുള്ളവര്‍ക്കും അദ്ദേഹത്തിന്റെ അഭിനയമികവിനെ കുറിച്ച് മറിച്ചൊരു അഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. സ്വന്തം മാനറിസങ്ങളെ മാറി കടക്കാന്‍ പലപ്പോഴും പാട് പെടുന്ന താരരാജാക്കളെ തിലകന്റെ ഒറ്റയാന്‍ പ്രകടനം അതിജയിക്കാരുണ്ട് എന്നതും അച്ചട്ട്.

യഥാര്‍ത്ഥ പ്രേക്ഷകനെ മടുപ്പിച്ചു മുഖം തിരിപ്പിക്കാനെ താരഗിമ്മിക്കുകളും ഇപ്പോഴത്തെ പൊറാട്ട് നാടകങ്ങളും സഹായിക്കൂ.
അമ്മ എന്നത് നോക്ക് കൂലി വാങ്ങിക്കുന്ന യൂണിയനുകളുടെ നിലവാരതിലേക്കു താഴുന്നു. ആധിപത്യസ്വഭാവം എന്ന് മാക്ടയെ പഴി പറഞ്ഞു ഫെഫ്കയായവര്‍ ഇന്ന് മാഫിയാരൂപം പൂണ്ടതും കാണുന്നു. ആകാശത്ത് കീഴെയുള്ള എന്തിനെ കുറിച്ചും എതിര്‍വായില്ലാതെ അഭിപ്രായം പറയുക തങ്ങളുടെ പണിയാണെന്ന് ധരിച്ചുവശായവര്‍ ഏറ്റെടുത്തവരെ നടുക്കടലില്‍ തള്ളി അടുത്ത ലാവണം അന്വേഷിച്ചു പിന്‍വാങ്ങിയതും നാം കണ്ടു.
ദീപസ്തംഭം!

Submitted by കൊട്ടോട്ടിക്കാരന്‍ (not verified) on Tue, 2010-03-09 07:57.

ഈ സംഘടനകള്‍ മലയാള സിനിമയുടെ നാശത്തിനേ ഉപകരിയ്ക്കൂ...

Submitted by ശിവപ്രസാദ് (not verified) on Sat, 2010-03-20 15:59.

നിശ്ചയമായും.
നാണംകെട്ട ‘ഫാനറ്റിക്കു’കളുടെ കോപ്രായം സഹിച്ച്, പാതി സിനിമ ഉപേക്ഷിച്ചു പോരുമ്പോ, ‘ഇവന്മാരൊക്കെ ഏത് കൌപീനത്തിലെ ആരാധകമണ്ടൂകങ്ങളാണ് ഫഗവാനേ...‘ എന്ന് തപിച്ചിട്ടുണ്ട്, ശപിച്ചിട്ടുണ്ട്.

തിലകന്റെ വാദഗതികളെ ഖണ്ഡിക്കാനുള്ള ‘കോപ്പ്’ താരരാജാക്കന്മാരുടെ കൈയിലുമില്ല എന്നതാണ് വാസ്തവം.