തര്‍ജ്ജനി

ചാക്കോ ചെത്തിപ്പുഴ

ഫോണ്‍ : 97454 68694

Visit Home Page ...

പരിസ്ഥിതി

മരുഭൂമിയാകുന്ന മഹാനദികള്‍

അരുവിക്കരയില്‍നിന്നു് മണല്‍ ഖനനം ചെയ്യുന്നതിനെക്കുറിച്ചു് 2009 ഡിസംബര്‍ മാസം 16 ആം തിയ്യതി വാര്‍ത്തവന്നു. അന്നു രാത്രി 9 മണിക്കു് ഏഷ്യാനെറ്റിലെ ന്യൂസ് അവറില്‍ മണല്‍ ഖനനത്തെക്കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും വിശദമായ ഒരു ചര്‍ച്ച സംപ്രേഷണം ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ നദികളെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ആളാണത്രേ. അയാളുടെ അഭിപ്രായത്തില്‍ കേരളത്തിലെ നദികളിലോ ജലാശയങ്ങളിലോ ഇപ്പോള്‍ വാരിയെടുക്കാന്‍ മണലില്ല. ഒരു മീറ്റര്‍ ഘനത്തില്‍ മണല്‍ നദികളില്‍ എത്തണമെങ്കില്‍ ഒരു ലക്ഷം വര്‍ഷങ്ങള്‍ വേണ്ടിവരും എന്നാണു് അയാളുടെ മറ്റൊരു കണ്ടെത്തല്‍. വലിയ ഗവേഷകനാണെന്നുള്ള പരിചയപ്പെടുത്തലിന്റെ പിന്‍ബലത്തോടെ ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ സാധാരണക്കാര്‍ അതു മുഴുവന്‍ വിശ്വസിച്ചേക്കും. എന്നാല്‍ ന്യായമായ ചില സംശയങ്ങള്‍ ഇവിടെ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.

1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു സാധാരണ കെട്ടിടം പണിയാന്‍ രണ്ടായിരം ഘനയടി മണലെങ്കിലും വേണ്ടിവരും. കേരളത്തില്‍ അമ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ കാര്യമൊന്നു ചിന്തിച്ചുനോക്കൂ. അതിനു പുറമേ അമ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്നിട്ടുള്ള മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കണക്കിലെടുക്കണം. ഇതിനെല്ലാംകൂടി എത്ര കോടി ലോഡ് മണല്‍ നദികളില്‍നിന്നു വാരിയെടുത്തിട്ടുണ്ടാകും? ആ മണല്‍ മുഴുവന്‍ നദികളിലേക്കു തിരിച്ചു നിക്ഷേപിച്ചാലുള്ള അവസ്ഥയെക്കുറിച്ചും ആലോചിച്ചുനോക്കാം. പുഴയുടെ തുടക്കം മുതല്‍ അഴിമുഖം വരെ ഇരു കരകളിലും നൂറുമീറ്റര്‍ ഉയരത്തില്‍ സംരക്ഷണഭിത്തി കെട്ടിയാല്‍പ്പോലും ആ മണലിനെ ഉള്‍ക്കൊള്ളാന്‍ നദികള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. അപ്പോള്‍, ഒരു ലക്ഷം വര്‍ഷങ്ങള്‍കൊണ്ടാണു് നദികളില്‍ ഒരു മീറ്റര്‍ ഘനത്തില്‍ മണലുണ്ടാകുന്നതിന്റെ പൊരുള്‍ എന്താണു്? മണ്ണൊലിപ്പു കാര്യമായുണ്ടാകാത്ത കാട്ടിലൂടെ ഒഴുകുന്ന പുഴകളെക്കുറിച്ചുപോലും ഇപ്പറയുന്നതു ശരിയാകാനിടയില്ല. കാരണം പ്രകൃതിക്ഷോഭത്തിലും ഉരുള്‍പൊട്ടലിലുമെല്ലാം അവിടെയും മണ്ണിടിഞ്ഞു് മണലുണ്ടാകാമെന്നതുതന്നെ. പുഴയിലെ പാറ പൊടിഞ്ഞാണു മണലുണ്ടാകുന്നതെന്ന തെറ്റായ ധാരണയാണു് വിദഗ്ദ്ധനെ നയിക്കുന്നതെന്നു തോന്നുന്നു.

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ നദികളും മണ്ണൊലിപ്പിനെ അതിജീവിക്കാന്‍ കഴിയാതെ മരണത്തിന്റെ വക്കിലാണു്. ആന്ധ്രയിലെ കൃഷ്ണ ഗോദാവരി നദികള്‍ മണ്ണും മണലും നിറഞ്ഞു് വേനല്‍ക്കാലത്തു് വറ്റിവരണ്ടുകിടക്കുന്നു. മഴക്കാലത്തു് അവയില്‍ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യുന്നു. എന്തിനു്, ഇന്ത്യയുടെ മഹാനദിയായ ഗംഗപോലും രൂക്ഷമായ മണ്ണൊലിപ്പിനെ തുടര്‍ന്നു് നാശത്തിന്റെ വക്കത്താണു്.

ഏകദേശം നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ മണ്ണൊലിപ്പു തടയുന്നതിനുവേണ്ടി ഒരു കയ്യാലപ്പദ്ധതി നടപ്പാക്കിയിരുന്നു. കുറേ ആളുകളൊക്കെ അതു പ്രയോജനപ്പെടുത്തി. പിന്നീട് സര്‍ക്കാര്‍ ആ പദ്ധതി നിര്‍ത്തിവെച്ചു. അതോടുകൂടി കേരളത്തിലെ നദികളില്‍ മണ്ണും മണലും വന്നുനിറയുന്ന സ്ഥിതി വീണ്ടും ശക്തിപ്പെട്ടു. കഴിഞ്ഞ പതിനഞ്ചുവര്‍ഷങ്ങള്ളിലാണു് മണല്‍ വാരിയാല്‍ പുഴ മരിക്കും എന്ന കണ്ടുപിടുത്തം പ്രചരിപ്പിക്കപ്പെട്ടതു്. അതിനു പിന്നില്‍ ചില ബുദ്ധിജീവികളുണ്ടു്. മണ്ണൊലിപ്പു നിമിത്തം നശിക്കുന്ന നദികളില്‍നിന്നു മണ്ണും മണലും വാരിമാറ്റി നദികളെ സംരക്ഷിക്കുന്നതിനു വേണ്ടി തുടങ്ങേണ്ടിയിരുന്ന സമരവും പ്രചാരണവും അങ്ങനെ തലതിരിഞ്ഞുപോയി എന്നുതന്നെ പറയാം.

ഇന്നു നദികളില്‍ വെള്ളത്തിനോ മത്സ്യസമ്പത്തിനോ യാതൊരു പരിഗണനയുമില്ല. പരിഗണനയത്രയും മണലിനാണു്. ഇവിടെ നദികളിലും ജലാശയങ്ങളിലും മണല്‍ വന്നു നിറയുകയും അതു സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ എന്തൊക്കെയാണു നടക്കുന്നതെന്നു പരിശോധിക്കേണ്ടതാണു്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരം പരിപാടി സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗിനെക്കുറിച്ചും അവിടുത്തെ കനാല്‍ ടൂറിസത്തെക്കുറിച്ചുമായിരുന്നു. അവിടുത്തെ കനാലുകളും അഴിമുഖങ്ങളും നാം കണ്ടു. ഒരു പടുകൂറ്റന്‍ ആഢംബരക്കപ്പല്‍ അഴിമുഖത്തിനടുത്തു് കനാലില്‍ നിര്‍ത്തിയിട്ടിരിക്കുന്നതുകാണിച്ചിരുന്നു. പഴക്കം ചെന്ന ആ കപ്പല്‍ ഇപ്പോള്‍ ഒരു മ്യൂസിയമാണത്രേ. കേരളത്തിലെ ഏതെങ്കിലും അഴിമുഖത്തു് ഒരു കപ്പല്‍ അടുപ്പിക്കുവാന്‍ കഴിയുമോ? അവിടെയെല്ലാം മണലടിഞ്ഞുകിടക്കുകയാണു്. പമ്പാനദി കടലില്‍ ചേരുന്നിടത്തു് മണല്‍ അടിഞ്ഞുകൂടി വിശാലമായൊരു മണല്‍ത്തിട്ട രൂപപ്പെട്ടിട്ടുണ്ടു്. ഏതാനും മാസങ്ങള്‍ക്കു മുമ്പു് ഏഷ്യാനെറ്റില്‍ വിശദമായൊരു വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. വേമ്പനാട്ടുകായലില്‍ ഒരു നദി ചേരുന്നിടത്തു് മണല്‍ അടിഞ്ഞുകൂടി ദ്വീപ് രൂപപ്പെട്ടുവെന്നും അതു കൈയടക്കാന്‍ റിസോര്‍ട്ടുലോബികള്‍ ശ്രമിക്കുന്നു എന്നുമായിരുന്നു വാര്‍ത്ത. വേമ്പനാട്ടുകായലില്‍ എവിടെയെല്ലാം നദികള്‍ വന്നുചേരുന്നുണ്ടോ അവിടെയെല്ലാം ഇത്തരത്തില്‍ ദ്വീപുകളോ മണല്‍ത്തിട്ടകളോ രൂപപ്പെട്ടിട്ടുണ്ടു്.

പെരിയാര്‍ കൊച്ചിക്കായലിലാണു് ചെന്നുചേരുന്നതു്. അവിടെ അടിഞ്ഞുകൂടുന്ന മണല്‍ കപ്പല്‍ച്ചാലില്‍ നിറഞ്ഞു കപ്പല്‍സഞ്ചാരത്തിനു തടസ്സമുണ്ടാക്കാതിരിക്കാനായി വര്‍ഷത്തില്‍ 365 ദിവസവും മണല്‍ നീക്കം ചെയ്യുന്നതിനുവേണ്ടി രണ്ടു മണ്ണുമാന്തിക്കപ്പലുകള്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നു. പെരിയാറിന്റെ മധ്യമേഖലകളില്‍ വേനല്‍ക്കാലമാകുമ്പോഴേക്കും മിക്കവാറും വരണ്ടുകിടക്കും. അവിടെയെല്ലാം ആളുകള്‍ പലതരം കൃഷികള്‍ നടത്തുന്ന കാഴ്ചയും നമുക്കു കാണാം. പെരിയാറിന്റെ വരള്‍ച്ചക്കു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളതു്. ഒന്നാമതായി മണ്ണലിപ്പുമൂലമുള്ള പ്രശ്‌നങ്ങള്‍. രണ്ടാമത്തേതു് അണക്കെട്ടുകള്‍.

ഭാരതപ്പുഴയുടെ കാര്യമായാലും ഇതുതന്നെയാണു് സ്ഥിതി. ഭാരതപ്പുഴയ്ക്കു കുറുകെ 9 അണക്കെട്ടുകളാണുള്ളതു്. അവ വരുന്നതിനു മുമ്പുതന്നെ മണല്‍ മൂടി ഭാരതപ്പുഴയുടെ സ്ഥിതി ശോചനീയനില പ്രാപിച്ചുകഴിഞ്ഞിരുന്നു. ഭാരതപ്പുഴയുടെ കൈവഴികള്‍ക്കു കുറുകെ ഒന്നൊന്നായി അണക്കെട്ടുകള്‍ വന്നതോടെ ആ നദിയുടെ കഥ കഴിഞ്ഞു. ചമ്രവട്ടത്തു് ആ നദിയുടെ അഴിമുഖത്തെത്തിയാല്‍ നാം കാണുക കല്ലും മണ്ണും നിറഞ്ഞ കരഭൂമിയാണു്. തൃശൂര്‍, പാലക്കാടു്, മലപ്പുറം എന്നീ മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിന്റെ വൃഷ്ടിപ്രദേശത്തു് പതിനായിരക്കണക്കിനു ഹെക്ടര്‍ വനം ഇളക്കിമറിച്ചു് കൃഷി നടത്തിയതോടെയാണു് ഇതാരംഭിച്ചതു്. മണ്ണൊലിപ്പുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഏതും കൂടാതെയായിരുന്നു കൃഷി. ഫലമോ? മഴക്കാലത്തു് ഭൂമിയുടെ മേല്‍മണ്ണൊഴുകി പുഴയിലെത്തി. പുഴ വെറും മണല്‍പ്പരപ്പായി മാറി. ഉള്ളവെള്ളം അടിയില്‍ കാണാമറയത്തായി. പുഴയില്‍ കുളിക്കാനെത്തുന്നവര്‍ മണല്‍ മാന്തിനീക്കി കുഴിയുണ്ടാക്കി അതില്‍ കുളിക്കേണ്ട നിലയായി. സകല മാലിന്യങ്ങളും വിഷവസ്തുക്കളും നദിയിലൂടെ പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഈ വെള്ളം കുടിക്കാനോ കുളിക്കാനോ കൊള്ളാത്തതുമായി. കുളിച്ചാല്‍ ദേഹമാകെ ചൊറിയുന്ന അവസ്ഥപോലും ഉണ്ടായി. അങ്ങനെയാണു് ഭാരതപ്പുഴയില്‍ `മാന്തിക്കുളിക്കണം, കുളിച്ചിട്ടും മാന്തണം' എന്ന ചൊല്ലുണ്ടായതു്.

ചാലിയാറിന്റെ കാര്യവും പരിതാപകരമാണു്. മണല്‍വന്നു നികന്നു പോകാത്ത ഒരു കയവും ബാക്കിയില്ല. ചാലിയാര്‍ രണ്ടായി പിരിഞ്ഞു് ഫറോക്കുവഴി ചാലിയത്തും ഉപനദി കല്ലായിവഴിയുമാണു് കടലിലെത്തുന്നതു്. രണ്ടിടവും തുലാവര്‍ഷം തീരുന്നതോടെ വരണ്ടുണങ്ങുന്നു. പലേടത്തും ഫുട്‌ബോള്‍ കോര്‍ട്ടുകള്‍ വരെ ഉണ്ടാകുന്നു. കോരപ്പുഴയുടെ അഴിമുഖവും ആവിത്തോടും എന്നുവേണ്ട കേരളത്തിലെ എല്ലാ അഴിമുഖങ്ങളുടെയും നില ഏറെ വ്യത്യസ്തമല്ല. കേരളത്തിലെ നദികളെല്ലാം തന്നെ മണല്‍ വാഹിനികളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതു സംഭവിക്കാതിരിക്കണമെങ്കില്‍ മണ്ണൊലിപ്പു തടയാനുതകുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടു്. അതിനു പകരം മണലെടുക്കുന്നതിനെതിരായി ഒച്ചപ്പാടുണ്ടാക്കുക മാത്രമാണു് ഇവിടെ ചെയ്തുപോരുന്നതു്.

യൂറോപ്പ്യന്‍ നാടുകളിലും അമേരിക്കയിലും ഒക്കെ മണ്ണൊലിപ്പു തടയാന്‍ ശക്തമായ മുന്‍കരുതലുകളാണു് സ്വീകരിച്ചുവരുന്നതു്. അമേരിക്കയില്‍ വീടുണ്ടാക്കിയാല്‍ പരിസരം മുഴുവന്‍ പുല്‍ത്തകിടി വെച്ചുപിടിപ്പിച്ചിരിക്കണമെന്ന നിയമം പോലും നിലവിലുണ്ടു്.

ഇന്ത്യിലെ കൃഷിക്കാര്‍ക്കു് ഭൂമിയുടെ മേല്‍മണ്ണു് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇതുവരെ മനസ്സിലായിട്ടില്ല. അതു മനസ്സിലാക്കിക്കൊടുക്കാന്‍ ഇവിടുത്തെ കൃഷിശാസ്ത്രജ്ഞരോ സര്‍ക്കാരോ യാതൊന്നും ചെയ്യുന്നില്ല. കേരളത്തിന്റെ പല ഭാഗത്തും വര്‍ഷത്തില്‍ രണ്ടുതവണ പറമ്പു് ഉഴുതുമറിക്കുകയോ കിളച്ചിളക്കുകയോ ചെയ്യുന്നവരാണു്. യാതൊരു സംരക്ഷണവുമില്ലാതെ കിളച്ചിളക്കപ്പെടുന്ന മണ്ണു് ഓരോ മഴക്കാലത്തും മഴവെള്ളത്തില്‍ക്കലങ്ങി പുഴയില്‍ക്കൂടി കായലിലും കടലിലും എത്തിച്ചേരുന്നു. മണ്ണിലടങ്ങിയിരിക്കുന്ന മണല്‍ നദികളിലെത്തുന്നു. മനുഷ്യരാശിയുടെ മാത്രമല്ല, ഭൂമിയിലുള്ള സകല ചരാചരങ്ങളുടെയും നിലനില്പു് മേല്‍മണ്ണിനെ ആശ്രയിച്ചാണിരിക്കുന്നതു്. ഈ സത്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ രാസവളങ്ങളില്‍നിന്നും കീടനാശിനികളില്‍നിന്നും മനുഷ്യരാശിക്കു മോചനം നേടാം. അതുവഴി ക്യാന്‍സറും വൃക്കരോഗവും പോലുള്ള മാരകരോഗങ്ങളില്‍നിന്നുള്ള വിമുക്തിയും.

പാറ പൊടിഞ്ഞാണു് മണലുണ്ടാകുന്നതു് എന്നാണു് പൊതുവെയുള്ള ഒരു വിശ്വാസം. ഇങ്ങനെ മനസ്സിലാക്കാന്‍ കാരണം നമ്മുടെ വിദ്യാഭ്യാസരീതിയാണു്. വെള്ളം ഒഴുകുമ്പോള്‍ പെട്ടെന്നു് പൊടിഞ്ഞു പോകുന്ന വസ്തുവല്ല പാറ എന്ന കാര്യമാണു് ശാസ്ത്രലോകവും കലാലയാധികൃതരും മനസ്സിലാക്കേണ്ടതു്. പാറ ഉരഞ്ഞുണ്ടാകുന്ന മണലാണു് പുഴയില്‍ എത്തുന്നതെങ്കില്‍ ഒരു കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും കാര്യമായ അളവില്‍ മണല്‍ നദികളിലുണ്ടാകില്ല.

കേരളീയര്‍ കേരളത്തിലെ നദികളെ സേ്‌നഹിക്കുന്നുണ്ടോ? എങ്കില്‍ കേരളത്തിലെ നദികളെ ശരിയായ രീതിയില്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടു്. നദികളെ ശരിയായി മനസ്സിലാക്കണമെങ്കില്‍ വനത്തിന്റെ ഉള്ളില്‍ക്കൂടി ഒഴുകുന്ന ഒരു നദിയെങ്കിലും പോയി കാണണം. കേരളത്തില്‍ അപൂര്‍വ്വമായേ അത്തരം നദികളുള്ളൂ. അതിലൊന്നാണു് സൈലന്‍റുവാലിയിലൂടെ ഒഴുകുന്നതു്. കുന്തിപ്പുഴയുടെ മുകള്‍ഭാഗമാണതു്. സമുദ്രനിരപ്പില്‍നിന്നു് ആയിരക്കണക്കിനു് അടി ഉയരത്തിലൂടെയാണു് അവിടെ പുഴ ഒഴുകുന്നതു്. മണലാണു് പുഴവെള്ളത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതു് എന്ന വാദത്തെ നിരാസ്പദമാക്കിക്കൊണ്ടു് ഒരു തരിപോലും മണലില്ലാത്ത കയങ്ങളില്‍ വെള്ളം തങ്ങിനില്ക്കുന്നതു് അവിടെ കാണാന്‍ കഴിയും. കാര്‍ഷികമേഖലയായ മണ്ണാര്‍ക്കാട്ടു് എത്തുമ്പോള്‍ മണ്ണും മണലും അടിഞ്ഞു് അതേ നദിക്കു സംഭവിക്കുന്ന മാറ്റം ശ്രദ്ധിച്ചാല്‍ നദികള്‍ എങ്ങനെയാണു് മരിക്കുന്നതെന്നു് മനസ്സിലാക്കാന്‍ കഴിയും.

കേരളത്തിലെ നദികളെ സംബന്ധിച്ച ധാരണകള്‍ വളരെ വിചിത്രമാണു്. നദികളില്‍ വെള്ളമാണോ മണലാണോ വേണ്ടതു് എന്നു് അറിയാത്ത അവസ്ഥയാണുള്ളതു്. വെള്ളമാണു് വേണ്ടതെങ്കില്‍ മണ്ണൊലിപ്പു തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. അതിനു ശേഷം നദികളില്‍ വന്നു് അടിഞ്ഞുകൂടിയ മണലും മണ്ണും അടിത്തട്ടിനു കേടുപറ്റാത്ത രീതിയില്‍ വാരി മാറ്റണം. നദികളുടെ ഇരു കരകളും ഇടിഞ്ഞു മറിയാതിരിക്കാന്‍ തീരങ്ങളില്‍ കണ്ടല്‍ക്കാടുകളും ഈറ്റയും മുളയും കൈതയും ചേരും പോലെയുള്ള വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കണം. ശുദ്ധജലം കയങ്ങളില്‍ നിറയുന്നതോടുകൂടി നദികളിലെ മത്സ്യസമ്പത്തു വര്‍ദ്ധിക്കും.

മണലാണു് നദികളില്‍ വേണ്ടതെങ്കില്‍ മണല്‍വാരല്‍ പരിപൂര്‍ണ്ണമായും നിരോധിക്കുന്ന നിയമം കൊണ്ടുവരണം. മണല്‍വരവിനു വേഗത പോരെന്നു തോന്നുകയാണെങ്കില്‍ നദികളുടെ ഉത്ഭവകേന്ദ്രത്തിലുള്ള കുന്നുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു് മഴക്കാലത്തു് ജെ സി ബി വെച്ച് ഇടിച്ചുനിരത്തിപുഴയിലേക്കു് ഒഴുക്കിക്കൊടുക്കണം. പുഴ വേഗം മണല്‍ നിറഞ്ഞു സമ്പന്നമായിത്തീരും.

തട്ടേക്കാടു ബോട്ടപകടം ഉണ്ടായപ്പോള്‍ ഏഷ്യാനെറ്റിലെ ന്യൂസ് അവറില്‍ അപകടത്തെക്കുറിച്ചു് ഒരു ചര്‍ച്ച നടത്തിയിരുന്നു. അന്നു് ജോണ്‍ പെരുവന്താനം പറഞ്ഞതു് മണല്‍ വാരിയതാണു് ബോട്ടു മുങ്ങാന്‍ കാരണമെന്നാണു്. ആ ഒരൊറ്റ രാത്രികൊണ്ടു് ജോണ്‍ പെരുവന്താനം പ്രശസ്തനായി. ഈ അടുത്ത കാലത്തു് ജൈവവൈവിദ്ധ്യബോര്‍ഡിന്റെ ഒരു പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. തട്ടേക്കാടു് ബോട്ടപകടം ഉണ്ടാകാന്‍ കാരണമെന്താണെന്നു് പിന്നീട് കോടതി കണ്ടെത്തി. ആറുപേര്‍ക്കു് കയറാവുന്നിടത്ത് അറുപത്തൊന്നുപേരെ കയറ്റിയതാണു് അപകടത്തിന് ഇടയാക്കിയതെന്നു് കോടതിക്കു ബോധ്യമായി. ബോട്ടുടമയെ കോടതി ശിക്ഷിക്കുകയും ചെയ്തു. അയാള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണു്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പു് മലപ്പുറം ജില്ലയില്‍ അരീക്കോടിനടുത്തു് ചാലിയാറില്‍ തോണി മറിഞ്ഞു് സ്കൂള്‍ കുട്ടികള്‍ മരിച്ചപ്പോള്‍ പല ചാനലുകാരും തിരക്കുന്നതു കേട്ടു: `` മണല്‍ വാരലാണോ തോണി മറിയാനിടയാക്കിയതെന്നു്''. പെരുവന്താനത്തെപ്പോലുള്ളവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതിന്റെയൊക്കെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെന്താണെന്നു ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷേ അതു കേള്‍ക്കുമ്പോള്‍ ഇവരൊക്കെ ഈ ഭൂമിയില്‍ത്തന്നെ ജനിച്ചുവളര്‍ന്നവരോ അതോ വല്ല അന്യഗ്രഹത്തില്‍നിന്നും എത്തിപ്പെട്ടവരോ എന്നു തോന്നിപ്പോകുന്നു.

കേരളത്തില്‍ ജലസേചനത്തിനോ വൈദ്യതിക്കോ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള അണക്കെട്ടുകള്‍ ഇന്നു ജലാശയങ്ങളല്ല, മറിച്ചു് മണലാശയങ്ങളാണു്. കോഴിക്കോടു ജില്ലയിലെ കുറ്റിയാടിപ്പുഴയിലെ പെരുവണ്ണാമൂഴി അണക്കെട്ടില്‍ മണലും ചെളിയും നിറഞ്ഞിരിക്കുന്നു. മറ്റ് അണക്കെട്ടുകളുടെ നിലയും ഭിന്നമല്ല. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം അതിനൊരു അപവാദമാണു്. അതിന്റെ വൃഷ്ടിപ്രദേശം ഇപ്പോഴും നിബിഡവനമാണെന്നതാണു് കാരണം.

നദികളെ ബാധിക്കുന്ന കാര്യം വരുമ്പോള്‍ ഒരു ചര്‍ച്ചയും നടത്തി മണല്‍ വാരലിനെ പഴിച്ചും ആക്ഷേപിച്ചും കടന്നുപോകുന്ന പതിവുരീതി ഉപേക്ഷിച്ചു് യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്‌നത്തെ വിശകലനം ചെയ്തു മനസ്സിലാക്കാനും പരിഹാരങ്ങള്‍ തേടാനും നമുക്കു കഴിയില്ലേ?

Subscribe Tharjani |