തര്‍ജ്ജനി

സി.ജെ.ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

ലേഖനം

നമ്മുടെ മണലറിവും ചെത്തിപ്പുഴ ചാക്കോയും

മണലാണു് ഇക്കാലത്തെ വലിയൊരു ചിന്താവിഷയം. പുഴകളില്‍നിന്നു മണലെടുക്കുന്നതു് വലിയ പാപകര്‍മ്മമായി വിലയിരുത്തപ്പെടുന്നു. പരിസ്ഥിതിവാദപരമായ ചിന്തകളാണു് ഇതിനു് ഉത്തേജകമായിത്തീര്‍ന്നതു്. പുഴയില്‍നിന്നു മണലെടുക്കുന്നതു് പുഴയുടെ സ്വാഭാവികമായ അവസ്ഥയ്ക്കു കോട്ടം വരുത്തുമെന്നും അതു ജലദൗര്‍ബ്ബല്യത്തിനുതന്നെ കാരണമാകുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലുമെല്ലാം ഇത്തരത്തിലുള്ള ബോധവല്ക്കരണം തകൃതിയായി നടക്കുന്നുമുണ്ടു്. മണലൂറ്റുകാര്‍, മണല്‍മാഫിയ തുടങ്ങിയ വാക്കുകള്‍ നമുക്കു സുപരിചിതമായിട്ടുള്ളതു് ഇത്തരം റിപ്പോര്‍ട്ടുകളിലൂടെയും ചര്‍ച്ചകളിലൂടെയും മറ്റുമാണു്. അക്കൂട്ടരില്‍നിന്നു പുഴകളെ രക്ഷിക്കുവാനുള്ള തീവ്രശ്രമം നടക്കുന്നതായാണു് ഈ മേഖലയില്‍ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ള നിയന്ത്രണങ്ങളും നടപടികളുമെല്ലാം കണ്ടാല്‍ തോന്നുക.

പക്ഷേ, കെട്ടിടനിര്‍മ്മാണപ്രവൃത്തികള്‍ വളരെ കൂടിയിരിക്കുന്നു. അതിനാല്‍ മണലിന്റെ ഉപഭോഗവും തെല്ലും കുറഞ്ഞിട്ടില്ല. അതിന്റെ വില സാധാരണക്കാരനു താങ്ങാനാവാത്ത നിലയിലേക്കു് ഉയര്‍ന്നു എന്ന ഒരു മെച്ചം കാണുന്നുണ്ടു്. നാട്ടിന്‍പുറത്തെ തോട്ടില്‍നിന്നു് അത്യാവശ്യത്തിനു നാലു കുട്ട പൂഴി വാരിയ കുറ്റത്തിനു സാധുക്കള്‍ പോലീസ് പിടിയിലാകുന്നു. എന്നാല്‍ അധികാരപ്പെട്ട സ്ഥാനങ്ങളിലെല്ലാം കൈമടക്കു കൊടുക്കാമെങ്കില്‍ നിങ്ങള്‍ പറയുന്നിടത്തു അനധികൃത പുഴമണല്‍ എത്തിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ ഇഷ്ടംപോലെയുണ്ടുതാനും. ജനകീയഭരണാധികാരികളെ പ്രസാദിപ്പിച്ചുനില്ക്കാമെങ്കില്‍ ആര്‍ക്കും അധികൃതമണല്‍ തന്നെ കിട്ടും. തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന മണലധികാരം ഉപയോഗിച്ചു ബിസിനസ്സ് നടത്തുന്ന പഞ്ചായത്തുഭരണസമിതിയംഗങ്ങള്‍ വരെയുണ്ടെന്നാണു് ജനസംസാരം.

ബഹുമാന്യരായ ജനപ്രതിനിധികളും പോലീസും എല്ലാം ഗുണഭോക്താക്കളായിത്തീരുന്ന ഈ പുതിയ മാഫിയാസംഘത്തിനു കളമൊരുക്കാനുള്ള ഗൂഢാലോചനയായിരുന്നുവോ മണലെടുക്കുന്നതിനെതിരായ രോദനങ്ങളായി നാം കേട്ടുവന്നതു്? ഇങ്ങനെ സംശയിച്ചാല്‍ കുറ്റം പറയാനാകാത്ത അവസ്ഥയാണു്. മുമ്പു് മണലെടുത്തു് ന്യായമായ വിലയ്ക്കു് ഉപഭോക്താക്കള്‍ക്കു നല്കിപ്പോന്നവരെ മാഫിയ എന്നു വിളിച്ചു് ആക്ഷേപിച്ച ശേഷം യഥാര്‍ത്ഥ മാഫിയ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു! ഈ മാഫിയക്കു് അധികാരത്തിന്റെ സുരക്ഷാകവചമുണ്ടു്. പരിസ്ഥിതിവാദികളുടെ കണ്ണില്‍ അവര്‍ മണലെടുക്കുന്നതിനെ പെര്‍മിറ്റുനല്കി നിയന്ത്രിക്കുകയും മണലെടുക്കുന്നവരെ പിടികൂടി ശിക്ഷിക്കുകയും ചെയ്യുന്ന ശക്തികളാണു്. മിതമായ വിലക്കു ലഭിച്ചുവന്ന സാധനത്തിനു തീവിലയാക്കാന്‍ മാത്രം ഉപകാരപ്പെടുന്ന ഒരു സഖ്യമായി അതു മാറിയിരിക്കുന്നു. വെറുതെ കിട്ടുമായിരുന്ന പാറപ്പൊടിക്കുപോലും ഇപ്പോള്‍ വലിയ വില കൊടുക്കണമെന്നായിട്ടുണ്ടു്. ചുരുക്കത്തില്‍, മൂല്യവര്‍ദ്ധിതവസ്തുവായി മണലിനെ മാറ്റി എന്നതാണു് ഈ മേഖലയിലുണ്ടായിരിക്കുന്ന ബോധവല്ക്കരണങ്ങളുടെയും സര്‍ക്കാര്‍ നടപടികളുടെയും സംഭാവന. മണലൂറ്റു നിര്‍ബാധം തുടരുന്നു. അതു വേണ്ടെന്നുവെയ്ക്കാവുന്ന തരത്തില്‍ ജീവിതസമീപനമോ ടെകേ്‌നാളജിയുടെ വികാസമോ ഉണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല.

നമ്മുടെ പരിസ്ഥിതിവാദമൊക്കെ ബദലുകള്‍ മുന്നോട്ടുവെയ്ക്കാന്‍ ശേഷിയില്ലാത്ത തരത്തില്‍ സര്‍ഗ്ഗാത്മകതയില്ലാത്തതാണെന്ന വസ്തുതയാണു് ഇവിടെ ശ്രദ്ധിക്കേണ്ടതു്. പ്രകൃതിയെക്കുറിച്ചു വേവലാതിപ്പെടുകയും മാഴ്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിനപ്പുറത്തു് പ്രകൃതിയെയോ മനുഷ്യനെയോ പഠിക്കാനും വിലയിരുത്താനും നമുക്കു ത്രാണിയുണ്ടായില്ല. ഫലമോ? നാമുയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ ഫലമായി അടിസ്ഥാനപരമായ മാറ്റം ഉണ്ടാകാതെ പോവുകയും ഒപ്പം അതേ മുദ്രാവാക്യത്തിന്റെ ചെലവില്‍ പുതിയ സംഘടിതകൊള്ളക്കാര്‍ നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നു. `പുഴയെന്നാല്‍ മണല്‍ മാത്രം' എന്ന കവിവാക്യം മണല്‍ക്കൊള്ളക്കാരുടെ പ്രമാണം മാത്രമല്ല, അതു പരിസ്ഥിതിവാദി ഊട്ടിയുറപ്പിക്കുന്ന വേദപ്രമാണവും കൂടിയാകുന്ന വിപര്യയത്തെയാണു് നാം അഭിമുഖീകരിക്കുന്നതു്.

പരിസ്ഥിതിവാദമുദ്രാവാക്യങ്ങള്‍ ഇരമ്പുകയും പുഴയും കാടുമെല്ലാം നമ്മുടെ ഖേദമായിത്തീരുകയും ചെയ്ത സമീപകാലത്തു് നമ്മുടെ മണലറിവായി മാറിയ കാര്യങ്ങള്‍ വേണ്ടത്ര ആലോചനയോടെ സ്വരൂപിക്കപ്പെട്ടതായിരുന്നുവോ എന്ന പരിശോധനപോലും പ്രസക്തമാണു്. അതേ കാലത്തു് നേടിയ കാടറിവുകൊണ്ടു നാം സൈലന്‍റുവാലിയെ സംരക്ഷിച്ചെടുത്തു. മരം നട്ടുപിടിപ്പിക്കുന്ന സംസ്കാരത്തിനു കുറഞ്ഞ തോതിലെങ്കിലും വേരുപിടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടു്. ഇക്കാര്യങ്ങളില്‍ നമ്മുടെ കവികളും മാധ്യമങ്ങളും വഹിച്ച നല്ല പങ്കിനെ മാനിക്കേണ്ടതുതന്നെ. എന്നാല്‍ മണലറിവിന്റെ മേഖലയില്‍ നമ്മുടെ ധാരണകള്‍ മരുഭൂവെന്നപോലെ വരണ്ടതായിരുന്നില്ലേ എന്നു സംശയിക്കേണ്ടിവരുന്നു.

മണലാണു പുഴയുടെ സ്വാഭാവികാടിത്തറ എന്നാണു് പരിസ്ഥിതിവാദത്തിന്റെ ഭാഗമായി നമുക്കുണ്ടായിവന്ന ധാരണ. മണലെടുക്കുന്നതിന്റെ ഭാഗമായാണെങ്കിലും അല്ലെങ്കിലും പുഴയുടെ കരയിടിയുന്ന മട്ടില്‍ കുഴികുത്തുന്നതു് ശരിയല്ല. കാരണം, അതു തീരങ്ങളില്‍ ഇടിച്ചിലുണ്ടാക്കും. അതു നിയന്ത്രിച്ച് ഒഴിവാക്കേണ്ടതാണു്. എന്നാല്‍ പുഴയിലെത്തിച്ചേര്‍ന്ന മണല്‍ എടുത്തുമാറ്റുന്നതില്‍ പുഴയ്ക്കു വിനാശകമായ യാതൊന്നുമില്ല. മണ്ണൊലിപ്പിലൂടെ മണലെത്തുന്നതാണു് പുഴയെ നശിപ്പിക്കുന്നതെന്നും അതൊഴിവാക്കണമെന്നും നാം മനസ്സിലാക്കിയില്ല. അതുകൊണ്ടുതന്നെ മണ്ണൊലിപ്പു നിയന്ത്രിക്കാതെയുള്ള കൃഷിയുടെ വിപത്തു ബോധ്യപ്പെടുത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടന്നതുമില്ല. പ്രകൃതിയെക്കുറിച്ചു ഉച്ചത്തില്‍ വിലപിക്കുകയും പ്രഖ്യാപിത പരിസ്ഥിതിവാദികള്‍ പോലും ഈ വിഷയത്തില്‍ ഒന്നും പറഞ്ഞതായി കേട്ടിട്ടില്ല. കാടുവെട്ടരുതെന്നും കുളം നികത്തരുതെന്നും നമ്മള്‍ ഫലപ്രദമായി ഉദ്‌ബോധിപ്പിച്ചു. എന്നാല്‍ മണ്ണൊലിപ്പിനിടയാക്കാതെ വേണം കൃഷി ചെയ്യാനെന്നു് കൃഷിക്കാരെ ബോധ്യപ്പെടുത്താന്‍ നമുക്കു സാധിച്ചില്ല.

മണലെടുപ്പു് കുറ്റകരമായ ഒരു പ്രവൃത്തിയായി മാത്രം തിരിച്ചറിയപ്പെടുകയും നിരന്തരം മണലെടുപ്പു നടത്തുകയും ചെയ്യുന്ന അവസ്ഥയാണു് ഇപ്പോഴുള്ളതു്. ഇതൊരു ചെറിയ കാര്യമായി കാണേണ്ടതല്ല. ബദല്‍ മാര്‍ഗ്ഗങ്ങളോ ജീവിതരീതിയോ ജീവിതവീക്ഷണമോ കരുപ്പിടിപ്പിക്കാനാവാത്ത മട്ടില്‍ സര്‍ഗ്ഗാത്മകതലത്തിലുണ്ടായിട്ടുള്ള തളര്‍ച്ചയെയാണിതു് വെളിപ്പെടുത്തുന്നതു്. സര്‍ഗ്ഗാത്മകതയിലുള്ള ഈ മുരടിപ്പു് ഭയക്കുന്ന ഒരു സമൂഹമായി നമ്മെ മാറ്റിത്തീര്‍ക്കുന്നുണ്ടെന്നതാണു് പ്രധാനപ്പെട്ട കാര്യം. അതിനു പുതുവഴികള്‍ സൃഷ്ടിക്കാനുള്ള പാങ്ങില്ല. ഈ സമൂഹത്തിനു് അഭയം വേണം. അതു പ്രദാനം ചെയ്യുന്ന മദ്യത്തോടും മദിരാക്ഷിയോടും ഇംഗ്ലീഷിനോടുമെല്ലാം നമുക്കൊരുതരം രാഗദ്വേഷസമ്മിശ്രബന്ധമുണ്ടു്. അത്തരമൊരു മാനസികസംയുക്തം മണലിനോടുള്ള നമ്മുടെ കാഴ്ചകളിലും കലര്‍ന്നിരിക്കുന്നു. അബോധാത്മകമായി കാമിച്ചുകൊണ്ടേയിരിക്കുന്നു. ഇതാണു് വ്യക്തിയുടെ നില. ബോധത്തില്‍ വിലക്കിക്കൊണ്ടേയിരിക്കുന്നു. സാമൂഹികമെന്നതിനേക്കാള്‍ `ആള്‍ക്കൂട്ട'ാത്മകമായ ഒരു നിലയാണിതു്.

മഴവെള്ളം ആണ്ടിറങ്ങി തങ്ങിനിന്നിരുന്ന ഇടങ്ങളെയാകെ നമ്മിലുണ്ടായിവന്ന വിശപ്പു് വിഴുങ്ങിയതാണു്. പുഴയായപുഴയെല്ലാം അണകെട്ട തടഞ്ഞതും നമ്മുടെ ആഗ്രഹപൂരണത്തിനുതന്നെ. എന്നിട്ടു് നാം ചോദിക്കുന്നു: എന്തേ പുഴയില്‍ വെള്ളമില്ലാത്തതു്? ഭാരതപ്പുഴ മണലാരണ്യമായി കിടക്കുന്നതു കണ്ടില്ലേ? ആരാണു് ഉത്തരവാദി? പുഴയില്‍ വെള്ളമില്ലാത്തതിനു പകരം കനാലിലൂടെ വെള്ളമൊഴുകുന്നുണ്ടു്, ജപ്പാന്‍ കടിവെള്ളത്തിനു കുഴിച്ചിടുന്ന പൈപ്പുകളിലൂടെ നാളെ വെള്ളമൊഴുകിയേക്കാം എന്നൊക്കെയുള്ള കാര്യങ്ങളെല്ലാം മറക്കുന്നു. എന്നിട്ടു് പ്രതിയെ തിരഞ്ഞു നടക്കുന്നു. മണല്‍ വാരുന്നവനു് നറുക്കുവീണതു് അങ്ങനെയാണു്. `അന്ധേര്‍നഗരി'യുടെ നീതിശാസ്ത്രം പോലൊന്നാണു് ഇവിടെ പ്രവര്‍ത്തിച്ചതു്. പുഴ വരണ്ടതിനും വെള്ളപ്പൊക്കമുണ്ടായതിനും തോണി മറിഞ്ഞതിനുമെല്ലാം അയാള്‍ `വ്യക്തിപരമായി' ഉത്തരവാദിയായിത്തീരുന്നു. നമ്മള്‍ വിശുദ്ധ പശുക്കളും!

കൃഷിക്കായും വികസനത്തിനായും കരുതലേതും കൂടാതെ മണ്ണിളക്കിയ മനുഷ്യന്റെ ആവശ്യങ്ങളാണു് പുഴകളില്‍ മണല്‍ നിറയുന്നതിനു് ഇടയാക്കിയതു്. (കൂടിയ തോതില്‍ പ്രകൃത്യാ മണലടിയുന്നതു് ഉരുള്‍ പൊട്ടലും മറ്റുമുണ്ടാകുമ്പോഴാണു്.) ഒരു തരത്തില്‍ കൃഷിയുടെയും വികസനത്തിന്റെയും അവശിഷ്ടമാണു് പുഴയിലെ മണലിന്റെ ഭൂരിഭാഗവും. ഈ അധികമണല്‍ പുഴയുടെ ശത്രുവാണു്. പക്ഷെ, പരിസ്ഥിതിവാദചിന്തയുടെ ഉപരിപ്ലവപാഠങ്ങളില്‍ അഭിരമിക്കുമ്പോള്‍ അതിനെ നാം പുഴയുടെ ആത്മമിത്രമായി തെറ്റിദ്ധരിക്കുന്നു. അധികമണല്‍ എടുത്തു മാറ്റുന്നതു് പുഴയെ വീണ്ടെടുക്കുവാന്‍തന്നെ ഉപകാരപ്പെടുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനു പകരം മണലെടുക്കുന്നതിനെതിരായ മുദ്രാവാക്യങ്ങള്‍ നാം നിര്‍മ്മിച്ചെടുക്കുന്നു. ഈ ആശയമണല്‍ക്കോട്ടയെ തകര്‍ത്തുകളയാന്‍ ആരുമുണ്ടായില്ല. മണല്‍ വാരുന്നതില്‍ പോസിറ്റീവായ കാര്യങ്ങളുണ്ടെന്നു പറഞ്ഞുപോയാല്‍ ``മണല്‍മാഫിയ''യുടെ ഏജന്റെന്നു മുദ്രകുത്തപ്പെടുമെന്ന ഭീതി പോലും ഇവിടെയുണ്ടു്. ഇടതുപക്ഷത്തെ വിമര്‍ശിച്ചാല്‍ സി ഐ ഏ ഏജന്റായിപ്പോകുന്നതുപോലെ.

പുഴയില്‍ അടിഞ്ഞുകൂടുന്ന മണല്‍ നീക്കം ചെയ്യാതിരിക്കുന്നതു് പുഴയുടെ മരണത്തിനു് ആക്കം കൂട്ടുകയാണു ചെയ്യുകയെന്ന കാര്യം തിരിച്ചറിഞ്ഞവര്‍ മുമ്പുതന്നെ ഉണ്ടായിട്ടുണ്ടു്. ചൈനയില്‍ മാവോ സേ തൂങ് മണലടിഞ്ഞു മരണാസന്നമായ ഒരു നദിയെ ജനകീയപങ്കാളിത്തത്തോടെ മണല്‍ നീക്കി രക്ഷപ്പെടുത്തിയതിനെക്കുറിച്ചു് സുഗതകുമാരി എഡിറ്ററായ തളിരു് മാസികയില്‍ വായിച്ചതു് ഓര്‍ക്കുന്നു.

തുറന്നു പിടിച്ച കണ്ണുകളുടെയും അനുഭവങ്ങളുടെയും പിന്‍ബലത്തില്‍ ഈ വിഷയങ്ങളില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു മനുഷ്യനെ എനിക്കു പരിചയമുണ്ടു്. കോഴിക്കോട്ടെ തിരുവമ്പാടിയില്‍ പുഴയോരത്തു് താമസിക്കുന്ന ചാക്കോ ചെത്തിപ്പുഴ. മാവോയുടെ യത്‌നത്തെക്കുറിച്ചുള്ള കുറിപ്പു വായിക്കുവാന്‍ എനിക്കു തന്നതും മറ്റും അദ്ദേഹമാണു്. ചില ചെറു പ്രസിദ്ധീകരണങ്ങളില്‍ ഈ വിഷയത്തെക്കുറിച്ചു് അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടു്. നമ്മുടെ എഴുത്തുകാരും മാധ്യമസുഹൃത്തുക്കളും വളരെ ഉപരിപ്ലവമായി ചിന്തിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണെന്നു് അദ്ദേഹം ചോദിച്ചുകൊണ്ടേയിരിക്കുന്നു. പുഴകളുടെ സമീപഭൂതകാലത്തെക്കുറിച്ചുപോലും ഓര്‍ക്കാതെ കേട്ടറിവുകളെ സിദ്ധാന്തങ്ങളായി സ്വീകരിക്കുകയാണു് അവരെന്നു് ചാക്കോ കരുതുന്നു. പുഴയറിവിന്റെയും മണലറിവിന്റെയും മേഖലയില്‍ ഇന്നു മേല്‍ക്കെ സിദ്ധിച്ചിരിക്കുന്ന ധാരണകളോടു് രാജിയാവാത്ത അദ്ദേഹത്തിന്റെ പ്രതിവിചാരങ്ങള്‍ക്കു് ചിന്താപരമായ മൂല്യമുണ്ടു്.

വികസനത്തിന്റെ പുതിയ കേരളമോഡല്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രവാസിപ്പണം, മദ്യം എന്നിവയുടെ സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും പഠിക്കപ്പെടേണ്ടതാണെന്നു് പതുക്കെപ്പതുക്കെ ബോധ്യപ്പെട്ടുതുടങ്ങിയിട്ടുണ്ടു്. മണലിന്റെ സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും മനശ്ശാസ്ത്രവുമല്ലാം അതോടൊന്നിച്ചു് പരിശോധിക്കപ്പെടേണ്ടതാണു്. ചാക്കോയുടെ വിചാരങ്ങള്‍ അതിനു പ്രചോദകമാകട്ടെ.

ചെത്തിപ്പുഴ ചാക്കോവിന്റെ കുറിപ്പ് മരുഭൂമികളാകുന്ന മഹാനദികള്‍

Subscribe Tharjani |