തര്‍ജ്ജനി

സുനില്‍ കെ ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

വിദേശം

അടുക്കളയില്‍ നിന്ന് അങ്ങാടിയിലേക്ക്

ഗര്‍ഭനിരോധനഉറകളും ഗുളികകളും എന്തുമാത്രം സാമൂഹികവിപ്ലവം കൊണ്ടുവന്നെന്ന് ഓര്‍ക്കുക.

നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ സാമൂഹികമാറ്റം സ്ത്രീകളുടെ 'മള്‍ട്ടി ടാസ്കിങ്ങ്' ഇടപെടലുകളാണ്. ഒരിക്കല്‍ രണ്ടാംതരക്കാരായി പരിഗണിച്ച സ്ഥാപനങ്ങളെ ഭരിക്കുകയെന്ന മാറ്റത്തിലേക്ക് പഴയ 'അവള്‍' വളര്‍ന്നു. അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ സ്ത്രീകള്‍ അമ്പത് ശതമാനത്തില്‍ കവിഞ്ഞുവെന്ന് പുതിയ റിപ്പോര്‍ട്ട്. മാന്ദ്യശേഷം ജോലി നഷ്ടപ്പെട്ടവരില്‍ നാലില്‍ മൂന്ന് പേര്‍ പുരുഷന്മാരാണത്രെ. സാമ്പത്തികശാസ്ത്രത്തിലെ ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ തിയറിയോട് സ്ത്രീകള്‍ നീതി കാട്ടിയതിലൂടെയാണ്, ചരിത്രം ഗതി മാറി ഒഴുകിയത്. ലോകത്ത് പലയിടത്തും യൂണിവേഴ്സിറ്റി ബിരുദക്കാര്‍ ഏറെയും പെണ്‍കുട്ടികളാണ്. പെപ്സി കമ്പനിയുടെ മേധാവി ഇന്ത്യാക്കാരി ഇന്ദ്ര മുതല്‍ ചില ഏഷ്യന്‍ രാജ്യങ്ങളെ ഭരിക്കുന്നവര്‍ വരെ വനിതാ മേധാവിത്വത്തിന്റെ നക്ഷത്രോദാഹരണങ്ങളാണെന്ന് ലോകത്തിനറിയാം. കോസ്‌റ്ററിക്ക അവരുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തതും ഈയിടെയാണ്. ജര്‍മ്മനിയും സ്വീഡനുമടക്കമുള്ള ചില രാജ്യങ്ങള്‍ സൌകര്യാനുകൂല്യങ്ങള്‍ കൊടുത്തും, വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതുള്‍പ്പെടെ, അവരുടെ വനിതാസേനയുടെ സേവനം നോക്കിയിരിപ്പാണ്. സാമൂഹികശാസ്ത്രത്തിലെ പുതിയ മുന്നറിയിപ്പ്: സ്ത്രീകളുടെ ശക്തിസ്രോതസ്സ് ഉപയോഗിക്കാത്ത രാജ്യങ്ങള്‍ സമീപഭാവിയില്‍ പാഠം പഠിക്കും!

സ്ത്രീകള്‍ വരുമാനം കുറവുള്ള പുരുഷന്മാരാണെന്ന് സാമ്പത്തികലോകത്തെ പഴംചൊല്ല്, ക്ലാസ്സിക്കല്‍ ഫെമിനിസകാലത്തെ നാടോടിക്കഥ മാത്രമാണ്. സന്തുലിതം, സഹകരണം, സഹാനുഭൂതി, സഹനം തുടങ്ങിയ വാക്കുകള്‍ വനിതാമേധാവിത്വത്തിന്റെ പര്യായങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. അതിസാഹസികത, അപകടതരണം എന്നിങ്ങനെയുള്ള 'പുരുഷകേന്ദ്രീകൃത' വാക്കുകള്‍ ബിസിനസില്‍ 'ഓള്‍ഡ് ഇസ് ഗോള്‍ഡ്,
ബട്ട് നെവര്‍ സോള്‍ഡ്' എന്ന് പറയുന്നത് പോലെയായി. എയര്‍ ഹോസ്റ്റസുമാര്‍ ഫെയര്‍ ഹോസ്റ്റസുമാരായതും സൌന്ദര്യത്തിന്റെ വ്യാകരണം അപ്പാടെ മാറിപ്പോയതിനും സമകാലം സാക്ഷിയാണ്.

സാമൂഹികമായ ഒരു 'വിപത്തിന്' സ്ത്രീശാക്തീകരണം വഴി തുറക്കുമെന്നും പഠനങ്ങളുണ്ട്. അതായത് കുട്ടികളെ പോറ്റലും ഓഫീസ് ഭരിക്കലും എന്ന അമ്മാനമാടലില്‍ മടുത്ത് ചിലര്‍ അമ്മമാരാവുന്നില്ല എന്ന് തിരഞ്ഞെടുത്തിരിക്കുകയാണത്രെ. അതിന് സമ്മതിക്കുന്ന ഭര്‍ത്താക്കന്മാരെ അവര്‍ക്ക് മതി. സ്വിറ്റ്സര്‍ലണ്ടിലെ നാല്പത് ശതമാനം ഉദ്യോഗസ്ഥകള്‍ക്ക് കുട്ടികളില്ല. സമ്പന്നരാജ്യങ്ങളിലെ സ്ത്രീകള്‍ ഇത്തരം കടുത്ത തീരുമാനത്തില്‍ കടിച്ചു തൂങ്ങുമ്പോള്‍ ഇന്ത്യടക്കമുള്ളയിടങ്ങളിലെ വനിതകള്‍ക്ക് മറ്റൊരു 'തൊഴില്‍' സാദ്ധ്യതയുണ്ട്. ഔട്ട്സോഴ്സിങ്ങ് ഗര്‍ഭധാരണം! സായിപ്പിന്റെ കുട്ടിയെ ഉദരത്തില്‍ വഹിക്കുക, സസന്തോഷം തിരിച്ചേല്പിക്കുക എന്ന ജോലി. അമ്മപ്പണി എന്ന പുതിയ ഇനം ജോലിക്കും ഇനി ലോകസാദ്ധ്യത. ജര്‍മ്മനിയില്‍ രക്ഷിതാക്കള്‍ക്ക് ശമ്പളം
കൊടുക്കുന്ന ബില്ല്, പാസ്സായിട്ടുണ്ടത്രെ. ബില്ല് കൊണ്ടുവന്ന വനിതാമന്ത്രിക്ക് ഏഴ് മക്കളുണ്ട്.

അടുക്കളയില്‍ നിന്ന് അങ്ങാടിയിലേക്കാണ്, പുതിയ സ്ത്രീയുടെ പോക്ക്. ഗര്‍ഭനിരോധനഉറകളും ഗുളികകളും എന്തുമാത്രം സാമൂഹിക വിപ്ലവം കൊണ്ടുവന്നെന്ന് ഓര്‍ക്കുക.

വാല്‍ : 'വര്‍ക്കി ആന്‍ഡ് സണ്‍സ്' പോലുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇനി 'വര്‍ക്കി ആന്‍ഡ് ഡോട്ടേഴ്സ്' എന്ന തിരുത്തലുണ്ടാവുമോ?

സ്ത്രീ: പിന്‍‌പടവുകള്‍


1910: കോപ്പന്‍‌‌ഹേഗനില്‍ (സോഷ്യലിസ്റ്റ് കോണ്‍‌ഫറന്‍‌സില്‍‌) പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം സ്ത്രീകള്‍ അന്തരാഷ്ട്ര വനിതാദിനത്തിനായി വോട്ട് ചെയ്യുന്നു.
1913: സ്ത്രീകള്‍‌ക്ക് വോട്ടവകാശം നോര്‍‌വേയില്‍. ന്യൂസിലന്റില്‍ 1893ല്‍. റഷ്യയിലും അമേരിക്കയിലും വനിതാവോട്ട് 1917ലും 1920ലും‌. ഇന്ത്യയില്‍ 1950ല്‍‌.
1935: മാര്‍‌ഗരറ്റ് മീഡ് എഴുതിയ ‘സെന്‍സ് ആന്‍‌ഡ് ടെം‌പറമെന്റ് ഇന്‍ 3 പ്രിമിറ്റീവ് സൊസൈറ്റീസ്’ പ്രസിദ്ധപ്പെടുത്തുന്നു. 1949ല്‍ സീമോന്‍ ദ ബൊവ്വാറിന്റെ ‘ദ സെക്കന്‍‌ഡ് സെക്സ്’. 1963ല്‍ ബെറ്റി ഫ്രീഡാന്‍ എഴുതിയ ‘ദ ഫെമിനിസ്റ്റ് മിസ്റ്റിക്’അമേരിക്കന്‍ സ്ത്രീകളുടെ സാമൂഹിക പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നു.
1953: വിജയലക്ഷ്മി പണ്ഡിറ്റ് യുണൈറ്റഡ് നേഷന്‍‌സ് ജനറല്‍ അസം‌ബ്ലി പ്രസിഡണ്ട്.
1955: അലബാമയില്‍ റോസ പാന്തേഴ്സ് എന്ന കറുത്ത വനിത വെള്ളക്കാരന് ബസില്‍ സീറ്റ് കൊടുക്കാന്‍ വിസമ്മതിച്ചത് വിപ്ലവത്തിന് മരുന്നിട്ടു.
1960: സിലോണില്‍ സിരിമാവോ ബണ്ഡാരനായകെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി.
1963: റഷ്യന്‍ വലെന്റിന ടെറെഷ്കോവ ആദ്യത്തെ ബഹിരാകാശവനിത.
1975: ജാപ്പനീസ് ജുങ്കോ ടാബേയി എവറസ്‌റ്റിലെ ആദ്യവനിത.
1980: (ഐസ്‌ലാന്‍‌ഡ്) വിജ്ദിസ് ഫിൻബൊഗദോറ്റിർ ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട വനിതാ പ്രസിഡണ്ട്. മുമ്പേ അര്‍‌ജന്റീനയില്‍ ഭര്‍‌ത്താവിന്റെ മരണശേഷം മരിയ എസ്‌റ്റെല പ്രസിഡണ്ടായി.
1988: (പാക്കിസ്ഥാന്‍) ബേനസീര്‍ ഭൂട്ടോ ഇസ്ലാമിക രാജ്യം ഭരിക്കുന്ന ആദ്യവനിത.
2001: ആം‌നസ്‌റ്റി ഇന്റര്‍‌നാഷണല്‍ സെക്രട്ടറിയായി ബം‌ഗ്ലാദേശി ഐറീന്‍ സുബൈദ ഖാന്‍.
2003: (ഇറാന്‍‌)ഷിറീൻ എബാദിക്ക് നൊബേല്‍ സമാധാന സമ്മാനം‌. 802 പേര്‍‌ക്ക് കിട്ടിയ നൊബേലില്‍ 40 സ്ത്രീകള്‍‌.
2005: (ലൈബീരിയ) എലെൻ ജോൺ‌സൺ സർ‌ലീഫ് ആദ്യത്തെ കറുത്ത പ്രസിഡണ്ട്.
2010: (യു എസ്) തൊഴില്‍ ചെയ്യുന്നവരില്‍ പകുതിയും സ്ത്രീകള്‍‌.

കേരളത്തില്‍‌
1924: ടി വി നാരായണിയമ്മ തിരുവനന്തപുരത്ത് താഴ്ന്ന ജാതിക്കാരായ പെണ്‍‌കുട്ടികള്‍‌ക്ക് താമസിക്കാന്‍ സദനം ഹോസ്‌റ്റല്‍ തുടങ്ങി. മുസ്ലിം സമുദായത്തിലെ ആദ്യത്തെ എം എ ക്കാരി അയിഷാബീവി, ഈഴവരിലെ ആദ്യ നിയമ ബിരുദ ധാരിണി കെ ആര്‍ ഗൌരിയമ്മ തുടങ്ങിയവര്‍ സദനത്തില്‍ പഠിച്ചവരാണ്.
1929: അന്നാചാണ്ടി ഏഷ്യയിലെ ആദ്യത്തെ വനിതാ ജഡ്ജി.
1931: സത്യാഗ്രഹകാലത്ത് അറസ്‌റ്റ് ചെയ്യപെട്ട കമലാപ്രഭുവിന്റെ പിഴത്തുകക്ക് പകരം ബ്രിട്ടീഷ് ജഡ്‌ജി കമലയുടെ കെട്ടുതാലി അഴിച്ചു വാങ്ങിച്ചത് ഇം‌ഗ്ലണ്ടില്‍ പോലും ഒച്ചപ്പാടുണ്ടാക്കി.
1936: മുക്കാപ്പുഴ കാര്‍‌ത്ത്യായനി അമ്മ, വനിതാ സത്യാഗ്രഹി.
1937: എ വി കുട്ടിമാളു അമ്മ, സാമൂഹികപ്രവര്‍‌ത്തക, കോഴിക്കോട്ടെ അനാഥമന്ദിര സമാജത്തിന്റെ അദ്ധ്യക്ഷ.
1938: തിരുവിതാം‌കൂറിലെ സ്‌റ്റേറ്റ് കോണ്‌ഗ്രസ് പ്രവര്‍‌ത്തക അക്കമ്മ ചെറിയാന്‍ ദിവാനെതിരെ പ്രക്ഷോഭണം നയിച്ച് കൊട്ടാരവാതില്‍‌ക്കല്‍ നിറതോക്കിന് മുന്നിലേക്ക് നടന്നു ചെന്നു അറസ്‌റ്റ് വരിച്ചു. ഇതേ വര്‍‌ഷം മറ്റൊരു കോണ്‌ഗ്രസ് പ്രവര്‍‌ത്തക ആനി മസ്ക്രീനും അറസ്റ്റ് വരിച്ചു.
1977: സസ്യശാസ്ത്രജ്ഞ ഇ കെ ജാനകിയമ്മാള്‍‌ക്ക് പത്മശ്രീ. കൊയമ്പത്തൂര്‍ കരിമ്പ് ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പുതിയ ഇനം കരിമ്പ് സൃഷ്ടിച്ചത് നേട്ടം‌.
(പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ, അജിത, സികെ ജാനു, ഫാത്തിമാബീവി, അരുന്ധതി റോയ് തുടങ്ങി ഒട്ടേറെ പേര്‍ ഇല്ലാത്ത ഈ ലിസ്‌റ്റ് അപൂര്‍‌ണ്ണമാണ്).

Subscribe Tharjani |