തര്‍ജ്ജനി

മുഖമൊഴി

അനുസ്മരിച്ചു കൊടുക്കപ്പെടും

ഓര്‍മ്മകള്‍ സമൂഹത്തില്‍ നിലനിന്നു പോരുന്നതിന്‌ സാധാരണ രണ്ടുരീതികളാണ്‌ കണ്ടുവരുന്നത്‌. ഒന്ന് ചില സുകുമാരഗുണഗണങ്ങള്‍ ചേര്‍ത്ത്‌ ഒരു സമ്മോഹന നടാരാജവിഗ്രഹമുണ്ടാക്കിവെയ്ക്കുക. ആണ്ടോടാണ്ട്‌ പൊടിതട്ടി പതിവ്‌ പൂജാസാമഗ്രികളിട്ട്‌ വഴിപാടു നടത്തി വീണ്ടുംമിനുക്കിയിരുത്തുക. മറ്റൊന്ന് പുഴയിലെവിടെയോ തണുപ്പുപോലെ, ബോധങ്ങളിലൂടെ ഒഴുകുന്ന അനുഭവമായി, വീണ്ടും വിണ്ടും വന്നു മുങ്ങിനിവരാന്‍ ക്ഷണിക്കുന്ന സജീവതയായി പരന്നു നിറഞ്ഞു കിടക്കുക.

ഇതില്‍ ആദ്യം പറഞ്ഞത്‌ വളരെ കൃതൃമമായി കൃത്യമായ ഉദ്ദേശത്തോടെ നടത്തപ്പെടുന്ന കെട്ടുകാഴ്ചകളാണ്‌, ഉത്സവപ്പറമ്പിനും പന്തലിനും അപ്പുറത്ത്‌ അതിന്‌ കാഴ്ചക്കാരില്ല. സമയാസമയങ്ങളില്‍ ഉല്‍പാദിപ്പിച്ചുവിടുന്ന ഈ കാഴ്ചകമ്പങ്ങള്‍ കൊണ്ട്‌ ആര്‍ക്ക്‌ എന്തുപ്രയോജനമാണ്‌? ഒരാള്‍ ചിരകാലം സ്മരിക്കപ്പെടേണ്ടത്‌ ഇത്തരം കെട്ടുകമ്പങ്ങളുടെ ബലത്തിലാണോ? ഇങ്ങനെ അനുസ്മരിപ്പിച്ച്‌ ഓരോരുത്തരെ ജീവിപ്പിച്ചിരുത്തേണ്ടതിന്റെ ആവശ്യകത ആര്‍ക്കാണ്‌? അടുത്തകാലത്ത്‌ വര്‍ദ്ധിച്ചുവരുന്ന ഇത്തരം അനുസ്മരണാഘോഷ സംഘങ്ങളും സംഘടനകളും വളര്‍ച്ചയ്ക്കല്ല ചില സാംസ്കാരിക ഏച്ചുകെട്ടലുകള്‍ക്കാണ്‌ വഴിയൊരുക്കുന്നത്‌ എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

കാലത്തിലൂടെയും ജനതയിലൂടെയും തന്റെ ധിഷണാശേഷികൊണ്ട്‌ വളര്‍ന്നു നില്‍ക്കുന്നവരെയും അനുസ്മരണ ദല്ലാളന്മാര്‍ ഇത്തരം അനുസ്മരണപന്തലില്‍ ചുരുട്ടിവയ്ക്കുന്ന കാഴ്ച എത്ര ക്രൂരമാണ്‌. പേശീബലമുള്ള അത്തരം ജീവസാന്നിദ്ധ്യങ്ങളെയും അവരുടെ സ്മരണകളെയും ഒരുദിവസം മാത്രം പിടിച്ചിരുത്തി ഘോഷിക്കുന്നതിന്റെയും ഒരു സ്മരണയും ഉളവാക്കാത്ത, തന്റെ കാലത്ത്‌ ഒരുചെറിയ ചലനം പോലും സൃഷ്ടിക്കാനാവാഞ്ഞ ചില താന്ത്രികവിദ്യക്കാരെയും അതേപോലെ ഇരുത്തിഘോഷിക്കുന്നതിന്റെ വൈരുദ്ധ്യമാണ്‌ അതിലേറെ അപഹാസ്യമായിതോന്നുന്നത്‌. ഇത്തരം അനുസ്മരണപ്പന്തലുകളില്‍ നിന്ന് ഏതെങ്കിലും ഒരാള്‍ പോലും വീണ്ടെടുക്കപ്പെടുകയോ ഉയര്‍ന്നേറ്റുവരികയോ ചെയ്യാറില്ലെന്നത്‌ തല അല്‍പം കുനിച്ചു പിടിച്ചാണങ്കിലും സമ്മതിക്കേണ്ട കാര്യമാണ്‌. എന്നാല്‍ കണ്ടെടുക്കലുകളും വീണ്ടെടുക്കലുകലും ഇത്തരം ആരവങ്ങളൊന്നുമില്ലാത്ത സാംസ്കാരികഭൂമികളില്‍ നടക്കുന്നു എന്നതും അവയ്ക്ക്‌ ഇത്തരം അനുസ്മരണഗുസ്തിമത്സരവുമായി ബന്ധമൊന്നുമില്ലെന്നതും രസാവഹമായ കാര്യമാണ്‌. ഇന്ന് കാലാകാലങ്ങളില്‍ നമ്മള്‍ പുനഃസ്ഥാപിച്ചെടുക്കുന്നവരില്‍ നമ്മുടെ മണ്ണില്‍ മുളയ്ക്കുന്ന വിത്തിട്ടവര്‍ എത്രയുണ്ടെന്ന് നമുക്ക്‌ നന്നായി(രഹസ്യമായി) അറിയാം. എന്നാലും ഈ ചെയ്യുന്നതാണ്‌ സംസ്കാരമെന്നും അതിന്റെ തീ അണയാതിരിക്കണമെങ്കില്‍ ഇങ്ങനൊക്കെ ചിലത്‌ ചെയ്യണമെന്നും ശീലം പറഞ്ഞ്‌ നമുക്ക്‌ ഒതുങ്ങിയിരിക്കാനാണിഷ്ടം. ആവശ്യക്കാര്‍ അവര്‍ക്ക്‌ ആവശ്യമുള്ളതൊക്കെ ഓര്‍ത്തുവെയ്ക്കാറുണ്ട്‌. നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഏറിവരുന്നതല്ലല്ലോ ഇല്ലാത്ത മാറ്റും കനവും. അവഗണിക്കാനാവാത്തവയ്ക്കും അതിജീവനശേഷിയുള്ളവയ്ക്കും ഇത്തരം ടോണിക്കുകളുടെ ഒന്നും ആവശ്യമില്ലല്ലോ. ഈ അനുസ്മരിപ്പിക്കലുകളെല്ലാം വിളിച്ചുപറയുന്നത്‌ നമ്മുടെ എന്തോ പന്തികേടുകളാണെന്നു തീര്‍ച്ച. അനര്‍ഹമായ വ്യാജസ്തുതികളും കളമെഴുത്തും കുറച്ചൊന്നുമല്ല മലിന വ്യവസായത്തിന്‌ സഹായിച്ചിട്ടുള്ളത്‌. ഒരുനാളുകൊണ്ട്‌ ഈ മാലിന്യമെല്ലാമൊഴുകിപ്പോയി വേരോട്ടമുള്ള മണ്ണായി സാംസ്കാരിക ഭൂമി മാറുമെന്ന പ്രതീക്ഷയ്ക്കും വലിയ വകയൊന്നുമില്ല.

സംസ്കാരത്തിന്റെ പാമ്പന്‍ ഉറപ്പിനുവേണ്ടി ഇത്രയുമൊക്കെ ചെയ്യുന്ന നമ്മള്‍ ഔചിത്യമില്ലായ്മ കാണിക്കുന്നത്‌ ഇന്ന് ജീവിച്ചിരിക്കുന്നെങ്കിലും ഗതി മരിച്ചു പോയവരേക്കാള്‍ പരരുങ്ങലിലായവരോടാണ്‌. ഒരുപടിമുന്നോട്ടുകടന്ന് ഇവരൊക്കെ ജീവിച്ചിരികുമ്പോള്‍ തന്നെ നമുക്ക്‌ എന്തുകൊണ്ട്‌ അനുസ്മരിച്ചുകൂടാ?

ഒ. ഹെന്‍റിയുടെ കഥയിലെ ചിത്രകാരനെപ്പോലെ ഉണങ്ങിയ മരത്തില്‍ പച്ചില വരച്ച്‌ എത്രനാള്‍ പിടിച്ചു നിര്‍ത്തും നമ്മള്‍ ഇല്ലാത്ത ഓര്‍മ്മകളെ !

ഇതു് ഉണക്കമരങ്ങളുടെ കാലമാണ്‌.


സുനില്‍ കൃഷ്ണന്‍
Subscribe Tharjani |
Submitted by jayaseelan (not verified) on Sun, 2006-05-07 01:09.

True. Cent per cent.

Submitted by kaviam (not verified) on Thu, 2006-05-11 19:14.

Nice

Submitted by sudesh (not verified) on Fri, 2006-05-19 18:01.

സുനില്‍ കൃഷ്ണന്റേത്‌ ചിന്തിപ്പിക്കുന്ന ഭാഷ. ക്ലിക്‌, ക്ലിക്‌ എന്ന ന്യൂറോണിക്കായി ഹൈപര്‍ ലിങ്കുചെയ്യിക്കുന്ന എഴുത്ത്‌. ഇതു തിരിച്ചറിയുന്നതിനു ഒരു കാരണവും കൂടി പറയട്ടെ: ഞാനും, ഇലക്ട്രോണിക്‌ ജേണലികളിലേക്കു പരീക്ഷിക്കുന്ന ഒരു മലയാളഭാവം കൂടിയാവുകയാല്‍ --അത്‌.

പക്ഷെ ഒന്നുകൂടി മൂര്‍ത്തമാക്കിക്കൂടെ എന്നൊരു സന്ദേഹം. അതായത്‌, ആരൊക്കെ, എങ്ങിനേയൊക്കെ എന്ന കണ്ണോടുകണ്ണ്‌ അഭിമുഖീകരണം. മെയ്‌ന്‍ സ്ട്രീം പ്രിന്റ്‌ മീഡിയയില്‍ ബുള്‍സ്‌-ഐ ടാര്‍ഗെറ്റുകളെ പ്രോത്സാഹിപ്പിക്കുകയില്ല. അതിനാല്‍ ഏറ്റവും പുതിയ മലയാളത്തിന്‌ നിഷേധിക്കപ്പെടുന്ന വിസ്തൃതി ഭാഷാപരമല്ലാതാവുകയും, പകരം ചെവിയ്ക്കു പിടിച്ചു ഹാജരാക്കിക്കേണ്ട നിവൃത്തികേടിലേക്ക്‌ പരജന്മപ്പെട്ടു കിടക്കുകയും. കല്ക്കികളെ പ്രതീക്ഷിക്കുന്ന ക്ഷീണമാര്‍ന്ന ഒരു ഉഛ്വാസ പടുതിയിലാവുമപ്പോള്‍ ഭാഷാ-തദ്ദേശീയര്‍.

എങ്കില്‍, സാംസ്കാരിക ഋണബദ്ധ്യതയുടെ പങ്കുപറ്റാന്‍ വെപ്രാളമില്ലാത്ത പ്രവാസ-മലയാളിത്തത്തെ അത്‌ നന്നേ ചൊടിപ്പിച്ചേയ്ക്കും. ഇല്ലേ?