തര്‍ജ്ജനി

ഡോ. ജി. ശ്രീരഞ്ജിനി

മലയാളവിഭാഗം,
ഗുരുവായൂരപ്പന്‍ കോളേജ്,
കോഴിക്കോട്.

Visit Home Page ...

ലേഖനം

അഹല്യാമോക്ഷത്തിലെ സ്ത്രീയും പുരുഷനും

കവിചേതനയിലെ അന്ത:സംഘര്‍ഷങ്ങളാവാം കവിതയായിപിറവിയെടുക്കുന്നത്. അത് പൂവുപോലെ ഉള്ളിലോമനിച്ച പ്രണയത്തിന്റെ തകര്‍ച്ച മുതല്‍ അയല്‍ക്കാരന്റെ കുഞ്ഞിന്റെ പട്ടിണിച്ചടവാര്‍ന്ന രൂപം വരെയാവാം. സദാചാരമൂല്യങ്ങളെപ്പറ്റിയുള്ള സങ്കല്പവും സംഘര്‍ഷവും കൂടി ഇതിനിടയില്‍ കടന്നുവന്നേക്കാം. വേദേതിഹാസപുരാണങ്ങളും ഉപനിഷത്തുക്കളും കാളിദാസപര്യന്തമുള്ള കൃതികളും ഉള്‍ക്കൊള്ളുകവഴി ആര്‍ഷപാരമ്പര്യം സിരകളില്‍ ആവഹിക്കുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സദാചാരമൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് അഹല്യാമോക്ഷം എന്ന കവിതയെ അടിസ്ഥാനമാക്കി വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.

കവികള്‍ക്കെല്ലാം പ്രിയപ്പെട്ട ഒന്നാണ് അഹല്യ എന്ന മിത്ത്. വിഷ്ണുനാരായണന്‍നമ്പൂതിരി സവിശേഷമായ കാഴ്ചപ്പാടോടെയാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. ശാപമേറ്റ് കല്ലായിമാറിയ അഹല്യയുടെ മനസ്സിന്റെ തേങ്ങലിനൊപ്പം ആ അവസ്ഥയിലേക്ക് അവളെ എത്തിച്ച പുരുഷാധിപത്യത്തോടുള്ള പ്രതിഷേധം കൂടി അവിടെക്കാണാം. ചാപല്യവും ആദര്‍ശധീരതയും പ്രണയമാധുര്യവും സ്ത്രീയുടെ മാത്രമല്ല പുരുഷന്റെയും സത്തയിലടങ്ങിയിരിക്കുന്നുവെന്നും അവയ്ക്കപ്പുറം ആന്തരമായ ഉണ്മയെ തേടുന്നിടത്ത് സ്ത്രീയും പുരുഷനും ഒന്നുതന്നെ എന്നും കവി വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ഇതര കവിതകളായ ബ്രഹ്മദത്തനും ഗംഗാനാരായണനും മിത്രാവതിയുമൊക്കെ ഈ ദര്‍ശനത്തെ സാക്ഷ്യപ്പെടുത്തുന്നു. വ്യവസ്ഥാപിതമായ കപടസദാചാരമൂല്യങ്ങളുടെ മൂടുപടം വലിച്ചുചീന്തുന്ന കവിതകളാണവ.

അഹല്യാമോക്ഷം എന്ന കവിത നാം കേട്ടുശീലിച്ച മോക്ഷകഥയല്ല. മൂന്നു ഖണ്ഡങ്ങളായി രചിക്കപ്പെട്ട ഈ കവിത പുരാണപുനരാഖ്യാനമല്ല. അതിലേക്കൊന്ന് കടന്നു നോക്കുക. ഈ കവിതയിലെ ആദ്യഖണ്ഡം ഇന്ദ്രന്റെതാണ്. ഋഷിപത്നിയെ പ്രാപിച്ചതിന്റെ പേരില്‍ ശിക്ഷയേല്‍ക്കണ്ടി വന്നിട്ടും കുറ്റബോധത്തിന്റെ ലാഞ്ചനപോലും ആ വാക്കുകളിലില്ല.

ചായുവാന്‍, കേഴാന്‍ തീര്‍ത്ത
ശയ്യയല്ലെന്‍ പ്രേമം
ചോരയില്‍ത്തിളച്ചചേര്‍-
ന്നൊഴുകും തീവ്രാവേശം!
എന്നു തുറന്നടിക്കുന്നു, ഇന്ദ്രന്‍. പാവനമെന്ന് സമൂഹം വിശ്വസിക്കുന്ന സദാചാരത്തിന്റെ ശാസന ലംഘിച്ചുകൊണ്ട് അഹല്യയെ പ്രാപിച്ചത് ആദിമമായ ചോദനകളെ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നു പറയുമ്പോള്‍ ഇന്ദ്രന്‍ കവിയുടെ മറ്റു കഥാപാത്രങ്ങളായ ഗംഗാനാരായണനോടും ബ്രഹ്മദത്തനോടും തോള്‍ ചേര്‍ന്നു നില്‍ക്കുകയാണ് ചെയ്യുന്നത്.വിലക്കപ്പെട്ട കനി ഭക്ഷിക്കപ്പെടുന്ന നിമിഷം ഇന്ദ്രനെ സംബന്ധിച്ചിടത്തോളം ശാപബോധത്തെയും മരണഭയത്തെയും ജയിക്കുന്ന നിമിഷമായിരുന്നു. സ്വര്‍ഗ്ഗാധിപതിയായ ആ രാജാവ് താന്‍ നേടിയ സ്വര്‍ഗ്ഗത്തെ വിവരിക്കുന്നതിങ്ങനെ:

നീ നിഷിദ്ധാനന്ദത്തിന്‍
മധുരക്കനിയറു-
ത്തീടുമെന്നന്തര്‍ല്ലോകമിപ്പോഴും
സ്വര്‍ഗ്ഗോദ്യാനം.
കവിതയുടെ രണ്ടാം ഖണ്ഡത്തില്‍ പാറകളുടെ മുഴങ്ങുന്ന സംഗീതം നമ്മുടെ ഉള്ളില്‍ത്തട്ടും. ഭൂമാതാവിന്റെ ക്ഷേത്രനടയെന്നാണ് പാറകളെ കവി വിശേഷിപ്പിക്കുന്നത്. ഈ പാറകള്‍ക്കും ഉറക്കെപ്പാടാനുള്ളത് സ്ത്രീപുരുഷബന്ധത്തിന്റെ തീക്ഷ്ണതയെയും അതിന്റെ അജയ്യതയെയും വാഴ്ത്തുന്ന മധുരോദാരമായ പ്രണയഭാവത്തെപ്പറ്റിത്തന്നെയാണ്. ശരിതെറ്റുകളെപ്പറ്റിയുള്ള ബോധമുണരാതെ ഏതു തടസ്സവും തട്ടിനീക്കി ആണും പെണ്ണും ചേരുമ്പോള്‍ചിതറുന്ന സര്‍ഗ്ഗചൈതന്യത്തിന്റെ ഓര്‍മ്മകളാണ് പാറകള്‍ക്ക് ഊറ്റം നല്കുന്നത്. ഇവിടെ ശിലയായിമാറിയ പെണ്ണ്, സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്ന സുഖത്തെക്കാള്‍ അഭികാമ്യം സാന്ധ്യശോഭമായ വിരഹത്തിന്റെ കണ്ണീരാണെന്ന് കണ്ടത്തുന്നു. മണ്ണിന്റെ നിരന്തരസ്പര്‍ശമേറ്റ് അനന്തമായ ആകാശം നോക്കിക്കിടക്കുന്ന അവളെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഉണ്ടാക്കി വച്ചിട്ടുള്ള ധര്‍മ്മനീതികളൊക്കെ അര്‍ത്ഥശൂന്യമായിത്തീരുന്നു. സ്വയം സൃഷ്ടിച്ച വിധിനിഷേധങ്ങളുടെ തടവുകാരായിക്കഴിയുന്ന ജ്ഞാനികളുടെ നേര്‍ക്കുള്ള അവജ്ഞകൂടി പാറകളുടെ സംഗീതത്തില്‍ അലതല്ലുന്നു.

രാമസ്പര്‍ശത്താല്‍ മോക്ഷമേറ്റ അഹല്യയാണ് മൂന്നാം ഖണ്ഡത്തില്‍ നമ്മോട് സംവദിക്കുന്നത്. ഉയിര്‍ത്തെഴുന്നേറ്റ സ്ത്രീ എന്നാണ് കവി അവളെ വിശേഷിപ്പിക്കുന്നത്. മണവും ഗുണവും നഷ്ടപ്പെട്ട് അനന്തമായ ആകാശത്തെ എത്തിപ്പിടിക്കാനാവാതെ ഒരു ദുരന്തമായി മാറിയ അഹല്യയ്ക്ക് ഈ ഉയിര്‍ത്തെഴുന്നേല്പ് വേറൊരു മാനമാണ് നല്കുന്നത്. രണ്ടാം ജന്മത്തില്‍ അവളുടെ ഭാഷപോലും പരുക്കനായിത്തീര്‍ന്നിരിക്കുന്നതുകാണാം. തന്നെ ശിക്ഷിച്ച ഭര്‍ത്താവിനേയും രക്ഷിച്ച രാമനെത്തന്നെയും അമ്പരപ്പിക്കുന്നു, അവളുടെ ഭാഷ. ആ നിമിഷം വരെ തനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് ഉറിക്കൂടിയ ആത്മശക്തിയില്‍ നിന്നാണ് അവള്‍ സംസാരിക്കുന്നത്. മുനിപത്നിയായി ജീവിച്ചുകൊണ്ട് സ്വപ്നങ്ങളെ കാവിമുക്കി ആശ്രമമൂലയിലേക്ക് വീണ്ടും ഒതുങ്ങാന്‍ അവള്‍ തയ്യാറാവുന്നില്ല. സന്യാസത്തിന്റെ മൂല്യാധിഷ്ഠിത വ്യവസ്ഥിതിയെ നിരാകരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു.

എവിടേക്കുണര്‍ന്നെത്താന്‍? പഴകി നരച്ചൊരീ-
യുലകല്ലയോ രാജന്‍!താങ്കള്‍തന്‍ കര്‍മ്മക്ഷേത്രം?
കാടുകള്‍ മിഥ്യാചാരത്തിന്റെ കൂടുകളതിന്‍
പോടുകള്‍തോറും മുരണ്ടമരും വിരക്തന്മാര്‍.
ആ മടയില്‍ തിരിച്ചെത്തി മോക്ഷോപായം തേടുന്നതിനേക്കാള്‍ അഭികാമ്യം അന്തികളും പുലരികളും വീണടിയുന്ന മണ്ണില്‍ പണ്ടത്തെ അനുരാഗസ്മൃതികളുടെ നീര്‍ച്ചാട്ടമേറ്റ് പാറയായിത്തന്നെ തുടരുന്നതാണെന്ന് അവള്‍ തുറന്നടിക്കുന്നു. താപസന്മാര്‍ ജീവിതത്തിന്റെ മായയില്‍നിന്ന് ഒളിച്ചോടിയവരാണ്. തന്റെയുള്ളില്‍ തുടിച്ചുനില്ക്കുന്ന സ്ത്രീത്വത്തിനെ ചോദനകള്‍ അവര്‍ക്ക് മനസ്സിലാവില്ല. തനിക്ക് മോക്ഷം നല്കിയ രാമനോട് അവള്‍ അര്‍ത്ഥിക്കുന്നതിതാണ്.

അവിടേയ്ക്കയക്കായ്ക പാവമാമെന്നെ,പെണ്ണാ-
ണിവള്‍, എന്നെ നീയിന്ദ്രസന്നിധിയയച്ചാലും!
എന്‍ കന്യകാത്വത്തിന്‍ ഗുണോത്തരമാപ്പുരുഷനെ
ധന്യനെ വരിക്കുവാനില്ലനുജ്ഞയെന്നാകില്‍
തിരികെക്കല്ലായാത്തന്നെ മാറ്റുകിജ്ജഡം മുല്ല
മലര്‍കൊണ്ടര്‍ച്ചിക്കായ്ക മുള്ളിലവിനെ ശ്രീമാന്‍
തന്റെ കന്യകാത്വത്തിനു സാഫല്യമണച്ച ഇന്ദ്രനോടു ചേരുക അസാധ്യമാണെന്ന് അറിയാവുന്നതിനാല്‍ രാമനോട് നന്ദി പ്രകാശിപ്പിക്കുന്നതിനു പകരം സങ്കടത്തോടുകൂടി ഇങ്ങനെ ചോദിച്ചുപോകുന്നു.

രാമ, നീ എന്തിനെന്നെ നിര്‍ദ്ദയമുണര്‍ത്തിയെന്‍
പ്രേമഭംഗത്തിന്‍ ദിവ്യവേദനകളില്‍നിന്നും?
തന്റെ നായിക ഉയര്‍ത്തുന്ന കലാപത്തെ മുന്‍നിര്‍ത്തി പൗരാണികകാലത്തെ വിചാരണ ചെയ്യുകയാണ് കവി. അമിതമായ ആസക്തി ആത്മനാശത്തിന് വഴി വയ്ക്കുമെങ്കില്‍ അമിതമായ വിരക്തി മനുഷ്യത്ത്വത്തെ മരവിപ്പിക്കാനും പോന്നതാണെന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ടുതന്നെയാണ് അഹല്യയ്ക്ക് താപസരുടെ മൊരടത്തത്തെ ദിവ്യമെന്നോ പാവനമെന്നോ വിശേഷിപ്പിക്കാന്‍ കഴിയാത്തതും.

ഒരു പെണ്ണിന്റെ ഹൃദയം കാണാന്‍ കഴിയാത്തവണ്ണം നീതിമാനായ രാജാവും അദ്ദേഹത്തിനു ധര്‍മ്മം ഉപദേശിക്കുന്ന ജീവിതവൈരാഗ്യം പൂണ്ട ബുദ്ധിജീവികളേയുമാണ് കവി ഇവിടെ വിസ്തരിക്കുന്നത്. രാമനരുളിയ തരത്തിലുള്ള മുക്തിയായിരുന്നോ അഹല്യ ആവശ്യപ്പെട്ടത് എന്ന ചോദ്യമുയര്‍ത്തുക വഴി പുണ്യപാപങ്ങളെപ്പറ്റി ത്രേതായുഗം താലോലിച്ച സങ്കല്പങ്ങളെ കവി ഇവിടെ പ്രശ്നവല്‍ക്കരിക്കുന്നു. രതിസംബദ്ധമായ വിമോചനത്തിനുള്ള പ്രേരണയാണ് അഹല്യ പ്രതിനിധാനം ചെയ്യുന്നത്. പരമ്പരാഗതമായ ധാര്‍മ്മികസങ്കല്പങ്ങളില്‍ നിന്നും നൈതികമൂല്യങ്ങളില്‍നിന്നുമുള്ള കുതറിമാറല്‍ ഇതിന്നാവശ്യമാണെന്ന് കവി കണ്ടു.

Subscribe Tharjani |
Submitted by sreekumar g (not verified) on Wed, 2010-03-17 17:34.

nannayirikkunnu !