തര്‍ജ്ജനി

ജയേഷ്. എസ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

ലേഖനം

പ്രിയപ്പെട്ട ഹോംസ്


ജെറോമി ബ്രെറ്റ് ഷെര്‍ലക് ഹോംസ് വേഷത്തില്‍

ബിരുദം ആദ്യവര്‍ഷമാണ്‌ ഷെര്‍ലക്ഹോംസിനെ പരിചപ്പെടുന്നത്. മുമ്പ് പേര്‌ കേട്ടിട്ടുണ്ടെങ്കിലും പുള്ളിയെക്കുറിച്ച് അധികമൊന്നും അറിയാമായിരുന്നില്ല. ആദ്യവര്‍ഷം ഇംഗ്ലീഷ് നോവല്‍ വിഭാഗത്തില്‍ ബാസ്കര്‍വില്ലിലെ വേട്ടനായ എന്ന നോവലായിരുന്നു പഠിക്കാന്‍ ഉണ്ടായിരുന്നത്. കറുത്ത ചട്ടയില്‍ ഒരു ബ്ലാക്ക് & വൈറ്റ് വേട്ടപ്പട്ടിയുടെ മുഖചിത്രമുള്ള പുസ്തകത്തില്‍ കണ്ണിന്റെ സ്ഥാനത്ത് ചുവന്ന സ്കെച്ച്പേന കൊണ്ട് ചുവപ്പിച്ച് ക്രൂരത വരുത്തിക്കൊണ്ടായിരുന്നു ആദ്യമായി ആരാധന രേഖപ്പെടുത്തിയത്. കടമ്പ കടന്ന് കിട്ടണമെന്ന പ്രാഥമികാവശ്യം അനുസരിച്ച് വായിക്കാന്‍ തുടങ്ങി. എങ്കിലും ആദ്യത്തെ അദ്ധ്യായത്തോടെ ഹോംസ് സാറിന്റെ ആരാധകനായി മാറി ആ പതിനെട്ടുകാരന്‍ .

ഡോ.വാട്സനെപ്പോലെ അന്തം വിട്ട് നില്ക്കുകയല്ലാതെ ആ മഹാബുദ്ധിയ്ക്ക് മുന്നില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. മായാജാലം കാണിച്ച് അതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന മാന്ത്രികനെപ്പോലെ ഹോംസ് കണ്ണിറുക്കി ചിരിക്കുമ്പോള്‍ വല്ലാത്ത ജാള്യത തോന്നിയിരുന്നു. ഒപ്പം ബഹുമാനം പിന്നേയും വളരുകയും. ബാസ്ക്കര്‍വില്‍ വായിച്ച് തീരാന്‍ അധികം സമയം വേണ്ടി വന്നില്ല. ഒരുതരം വാശിയോടെ ഉറക്കമിളച്ച് വായിച്ചു. വാശി കണ്ടാല്‍ ഹോംസിനേക്കാള്‍ മുന്നേ വേട്ടനായയെ കുടുക്കാനൊരുങ്ങുന്നത് പോലെ തോന്നും. ഒരു പ്രാവശ്യം കൊണ്ട് മതിയാകാതെ പിന്നേയും പിന്നേയും വായിച്ചു. ഇന്റര്‍നെറ്റും സൈബര്‍കഫേയും പരിചയമില്ലാതിരുന്ന സമയത്ത് പഞ്ചായത്ത് ഗ്രന്ഥശാല തന്നെയായിരുന്നു ആശ്രയം. പക്ഷേ അവിടേയും ഒന്നും കിട്ടിയില്ല. ചുറ്റുമുള്ള ലൈബ്രറികളിലെല്ലാം അന്വേഷിച്ചു. ഇല്ല. ഇല്ല. ഇല്ല. ഇനിയിപ്പോള്‍ ഹോംസ് മാതൃകയില്‍ ഒരു അന്വേഷണം തന്നെ വേണ്ടിവരുമെന്ന ഘട്ടം തന്നെ വന്നു. കിട്ടാനില്ല. പൈസ കൊടുത്ത് വാങ്ങാനുള്ള ശേഷിയുമില്ല. ആഗ്രഹം ഉള്ളിലടക്കി വേട്ടനായയെ ആവര്‍ത്തിച്ച് വായിച്ച് സമാധാനിക്കുകയായിരുന്നു.


ആര്‍തര്‍ കോനന്‍ഡോയില്‍‍

പിന്നീട് രണ്ട് വര്‍ഷങ്ങള്‍ ക്ക് ശേഷം ഡിസി ബുക്സ് പുറത്തിറക്കിയ ഷെര്‍ലക്ഹോംസ് സമ്പൂര്‍ണ്ണസമാഹാരം വാങ്ങിച്ചപ്പോള്‍ നിധി കിട്ടിയ കപ്പിത്താന്റെ ആഹ്ലാദമായിരുന്നു. ആര്‍ത്തിയോടെ വായിച്ചു. സൂക്ഷമായ നിരീക്ഷണങ്ങളിലൂടെ രഹസ്യത്തിന്റെ ചുരുളഴിക്കുന്ന വിദ്യ കണ്ട് ആനന്ദിച്ചു. സിഗരറ്റ് ചാരവും ചെരുപ്പിലെ മണ്ണും ശ്രദ്ധിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്‌, അധികനാള്‍ നീണ്ട് നിന്നില്ലെങ്കിലും കിട്ടുന്നതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക എന്ന വിനോദം കൂടെക്കൊണ്ട് നടന്നിരുന്നു. ഒരു തരം ഹാങ് ഓവര്‍ . അതിനിടയില്‍ ചില തമാശകളും. എന്നും രാവിലെ ജീന്‍സും റൌണ്ട് നെക്ക് ടി ഷര്‍ട്ടും ധരിച്ച്, തോളത്തൊരു കോളേജ് ബാഗും തൂക്കി പോകുന്ന ഒരു ചങ്ങാതിയെ ഈയുള്ളവന്റെ ഹോംസ് ബുദ്ധി, കുറഞ്ഞത് വിക്ടോറിയ കോളേജിലെങ്കിലും പ്രതിഷ്ഠിച്ചിരുന്നു. ഒരു ദിവസം ചെമ്പൈ സംഗീത കോളേജില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ ഇതേ കോളേജ് കുമാരന്‍ സിമന്റ് കൂട്ടുന്ന കാഴ്ച കാണേണ്ടി വന്നു.

വായനക്കാരെ കൈവിടാത്ത ആഖ്യാനശൈലിയാണ്‌ ഹോംസ് കഥകളുടെ മുഖമുദ്ര. ദുരൂഹതയില്‍ തുടങ്ങി സാധാരണവായനക്കാര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള രസതന്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങിയ ശാസ്ത്രശാഖകളിലൂടെ അനാവരണം ചെയ്യുമ്പോള്‍ സര്‍.ഡോയലിന്റെ രചനാശൈലി അതിശയമുളവാക്കുന്നു. ഭയവും സംശയവും മനസ്സില്‍ വിതറി കൊതിപ്പിക്കുന്നു. മിഠായിപ്പൊതിപോലെയാണ്‌ ആ രഹസ്യം. ഒടുവില്‍ കുറ്റവാളിയെ വിലങ്ങ് വയ്ക്കുമ്പോള്‍ അല്ലെങ്കില്‍ ലെസ്ട്രേഡിന്റേയും ഗ്രഗ്സണിന്റേയും നിഗമങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമ്പോള്‍ വായനയും നേര്‍വഴിക്കാകുന്നു. വായനക്കാരനെ ഇരുട്ടിലേയ്ക്കെറിയുന്ന രചനാകൌശലം ഡോയല്‍ പരീക്ഷിക്കുന്നില്ല. തന്റെ നിരീക്ഷണങ്ങളെ മുഴുവനായും വിട്ട് തരുകയാണ്‌ ചെയ്യുന്നത്. ഹോംസ് എന്ന കഥാപാത്രത്തിലൂടെ കുറ്റാന്വേഷണത്തിന്റെ ആഴങ്ങളിലേയ്ക്ക് നമ്മെ കൊണ്ട് പോകുന്നു. അത് വായനക്കാരന്റെ ഇഷ്ടാനുസരണം പ്രയോഗിക്കാനും അനുഭവിക്കാനും പ്രേരിപ്പിക്കുന്നു. വായനക്കാരനും കുറ്റാന്വേഷകനാകുന്നു. ഇത് തന്നെയാണല്ലോ ഞാനും വിചാരിച്ചതെന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാന്‍ അവസരം തരുന്നു, ഒരു സൌജന്യം പോലെ. അതെ, ഹോംസ് ഒപ്പണ്‍സോഴ്സ് സാഹിത്യം ആകുന്നു. ഹോംസ് ഒന്നും ബാക്കി വയ്ക്കുന്നില്ല. കുരുക്കുകള്‍ ഓരോന്നായി അഴിച്ചെടുക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന ആഹ്ലാദം നമ്മിലേയ്ക്കും പകരുന്നു.

ഹോംസിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും സര്‍.ഡോയല്‍ പറയുന്നില്ല. വിചിത്രമായ സ്വഭാവരിതികള്‍ കണ്ട് ഡോ.വാട്സനുണ്ടാകുന്ന കൌതുകം വരേയേ നമുക്കും സ്ഥാനമുള്ളൂ. അദ്ദേഹത്തിന്റെ ഭൂതകാലം തിരക്കാന്‍ വാട്സനും ശ്രമിച്ചിരുന്നില്ല. ഒരു പക്ഷേ ഹോംസിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് മന:പൂര്‍വ്വം ഒഴിവാക്കിയതായിരിക്കണം. ഉന്നതിയിലെത്തിയ ഒരു കുറ്റാന്വേഷകന്‍ , അദ്ദേഹത്തിന്റെ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത പെരുമാറ്റം എന്നിവയൊഴികെ കുട്ടിക്കാലമൊന്നും വിഷയമാകുന്നേയില്ല. സദാസമയവും പരീക്ഷണങ്ങളും അന്വേഷണങ്ങളുമായി തിരക്കിലായ അദ്ദേഹത്തിന്‌ അതൊക്കെ പറയാന്‍ സമയവും കാണില്ലായിരിക്കും . അസാധരണമായ തലച്ചോറുള്ള ആ മനുഷ്യന്‍ തന്റെ വഴി തിരഞ്ഞെടുക്കാന്‍ കാരണമായി കുറച്ചെങ്കിലും വെളിച്ചം വീശുന്നത് അദ്ദേഹത്തിന്റെ തന്നെ സം ഭാഷണത്തിലൂടെയാണ്‌. നാല്‍വര്‍ ചിഹ്നം എന്ന നോവലില്‍ അദ്ദേഹം പറയുന്നു:

I crave for mental exaltation. That is why I have chosen my own particular profession, or rather created it, for I am the only one in the world.

അതും അന്വേഷകനെ കാര്യമായി സഹായിക്കുന്നില്ലെങ്കിലും. ഹോംസിന്റെ ജീവിതത്തെ ഡോയലിനേക്കാള്‍ താല്പര്യത്തോടെ വിശകലനം ചെയ്ത കുറിപ്പുകള്‍ ഏറെയുണ്ടായിട്ടുണ്ട്. അതിലൊന്ന് അടുത്തിടെ വായിക്കാനിടയായ The childhood of Sherlock Holmes: The Butler's Tale ആണ്‌. ഹോംസ് കഥകള്‍ പോലെത്തന്നെ രസകരമായി വായിച്ച് പോകാവുന്ന കൃതിയാണത്. ഹോംസിന്റെ ഭൂതകാലത്തെക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ജേണലിസ്റ്റ് സാക്ഷാല്‍ ഹോംസിനേയും ഡോ.വാട് സനേയും കണ്ടുമുട്ടുന്നുണ്ട്. മൈക്രോഫ്റ്റ് ഹോംസ് എന്ന ജ്യേഷ്ഠനേയും ഒഴിവാക്കുന്നില്ല. ഹോംസ് കുടും ബത്തിന്റെ കഥ മുഴുവനും സംഭവ്യമെന്ന മട്ടില്‍ വിരിയെച്ചെടുക്കുന്നുണ്ട് ആ നോവലില്‍ .

ഹോംസിന്റെ മരണം പോലും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു വിദഗ്ദ്ധന്മാര്‍.

എത്ര എഴുതിയാലും തീരാത്ത രഹസ്യം തന്നെയാണ്‌ ഹോംസെന്ന വ്യക്തിയും. സര്‍.ഡോയലിന്‌ ശേഷവും ഹോംസ് എത്ര പേരുടെ വിരല്‍ത്തുമ്പുകളില്‍ ജീവന്‍ നിലനിര്‍ ത്തുന്നു. ആ കുശാഗ്രബുദ്ധിയുടെ കൌശലം തന്നെയായിരിക്കും അത്. എവിടേ എങ്ങിനെ ജീവിക്കണമെന്ന് ഹോംസിനറിയാം .


ഹോംസും വാട്സണും‍

എന്തിനേറെ, തേങ്കുറിശ്ശിയിലെ ഒരു ഗ്രാമത്തില്‍ വസിക്കുകയായിരുന്ന ഈയുള്ളവന്റെ സ്വപ്നങ്ങളില്‍ പോലും എത്ര തവണ എത്തിയിരിക്കുന്നു അദ്ദേഹം. ഡോ.വാട്സനും ഹോംസും തമ്മിലുള്ള സൌഹൃദം അസൂയാവഹമാണ്‌. പുറമേ പരുക്കനെന്ന് തോന്നുന്ന ഹോംസിന്റെ ഹൃദയത്തില്‍ ഇടം നേടാന്‍ ഡോ.വാട്സനായി. ബാസ്കര്‍വില്ലിലേയ്ക്ക് അപകടമാണെന്നറിഞ്ഞിട്ടും തന്റെ സുഹൃത്തിനെ അയയ്ക്കുന്ന ഹോംസ് കൂട്ടുകാരനെപ്പറ്റി എത്ര ആശങ്കാകുലനായിരുന്നെന്ന് ഹോംസ് തന്നെ തുറന്ന് പറയുന്നുണ്ട്. ഹോംസിനോളം നിരീക്ഷണപാടവം ഇല്ലാത്ത വാട്സന്‍ പലപ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയുണര്‍ത്താന്‍ ഉപകരിക്കുന്നുണ്ട്. പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുകയാണ്‌ ആ ചങ്ങാത്തം. നമ്മള്‍ വായനക്കാരെപ്പോലെ അസൂയാവഹമായ നിമിഷങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് ഡോ.വാട്സന്‍ . അവരുടെ സൌഹൃദം ബുദ്ധിപരമായ മത്സരം തന്നെയായിരുന്നു. അത് ഹോംസിന്റെ മനസ്സിനെ ഊര്‍ജ്ജസ്വലമാക്കിയിരുന്നു, വായനക്കാരനേയും .

എന്നും മായാത്ത തകര്‍പ്പന്‍ അനുഭവങ്ങളുമായി ഷെര്‍ലക്ഹോംസും ഡോ.വാട്സനും എവിടെയോ ജീവനോടെയിരിക്കുന്നു എന്ന് വിശ്വസിക്കാനാണ്‌ ഇവനും ഇഷ്ടം .

ഒരു സുഹൃത്തിന്റെ സ്വകാര്യശേഖരത്തില്‍ നിന്നാണ്‌ ജെറമി ബ്രെറ്റ് അഭിനയിച്ച ഷെര്‍ലക്ഹോംസ് പരമ്പര കിട്ടിയത്. അന്ന് സമ്പൂര്‍ണ്ണകൃതികള്‍ കൈയ്യില്‍ കിട്ടിയപ്പോഴത്തെ അതേ ആഹ്ലാദം ഈയുള്ളവന്‍ അനുഭവിച്ചു. പുസ്തകത്തിലൂടെ പരിചയമുള്ള കഥാപാത്രങ്ങള്‍, കുറ്റവാളികള്‍ ഉള്‍പ്പടെ കണ്‍മുന്നില്‍ വന്ന് നില്ക്കുമ്പോള്‍ കുറേ വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോകുന്നു മനസ്സ്. അതെ, ഹോംസ് എന്റെ കൌമാരമാകുന്നു.

ലണ്ടനിലെ തെരുവുകളില്‍ കുറ്റവാളികളെ പിന്തുടരുന്ന ഡിക്റ്ററ്റീവ് കണ്ണിറുക്കിക്കാണിക്കുന്നു. എന്ത് കുസൃതിയാണോ പുറത്തെടുക്കാന്‍ പോകുന്നത്. ആരേയാണൊ കുടുക്കാന്‍ പോകുന്നത്...

Subscribe Tharjani |