തര്‍ജ്ജനി

വായന

ആഘോഷിക്കപ്പെടുന്ന സ്വകാര്യത

ബ്ലോഗുകള്‍ തികച്ചും സ്വകാര്യങ്ങളാണ്‌. അതുകൊണ്ട്‌ ബ്ലോഗ്‌ രചനകളുടെ മഹത്വം കുറയുന്നു എന്നര്‍ഥമില്ല. കുളിക്കുന്നതിന്‌, മുന്‍പ്‌ കുളക്കടവില്‍ വെടിപറഞ്ഞിരിക്കുന്ന പ്രതീതിയാണ്‌ ഇപ്പോള്‍ മലയാള ബൂലോകത്ത്‌. വൈവിധ്യം തീരെയില്ല. ആകെയുള്ളത്‌ ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗുകള്‍ മാത്രമാണ്‌. പ്രശംസനീയാര്‍ഹമാണ്‌ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. കുമാറിന്‌ ഒരു ഫോട്ടോഗ്രാഫി ടിപ്പുകള്‍ നല്‍കുന്ന ബ്ലോഗ്‌ തുടങ്ങാം. ദേവന്റെ ആയുരാരോഗ്യവും ഉമേഷിന്റെ വേര്‍ഡ്‌ പ്രസ്സ്‌ ബ്ലോഗും അല്‍പ്പമെങ്കിലും വൈവിധ്യം കൊണ്ടുവരുന്നുണ്ട്‌. മസിലുപിടിച്ചുണ്ടാക്കിയ ഉപമകളോടെയുള്ള സാഹിത്യകൃതികള്‍ നിറക്കാന്‍ മാത്രമുള്ളതല്ല ബ്ലോഗ്‌ എന്നര്‍ഥം. ബ്ലോഗിന്റെ വില്‍പ്പനാശക്തി മനസ്സിലാക്കിയാണ്‌ ഇന്ദുലേഖ.കോം തുടങ്ങിയത്‌. ചുരുങ്ങിയത്‌, അവരവരുടെ പരിചിതവിഷയങ്ങളിലെ അറിവ്‌ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുക്കുന്ന ഒരു സ്വകാര്യവേദിയായെങ്കിലും ബൂലോകം മാറണമെന്നാണ്‌ തമ്പുരാന്റെ‌ അഭിലാഷം.

ഒരാളുടെ രചന, മറ്റൊരാളുടെ രചനയുമായി താരതമ്യപ്പെടുത്തുന്നതില്‍ വലിയ കഴമ്പില്ല. അയാളുടെ തന്നെ മറ്റൊരു രചനയുമായി താരതമ്യം ചെയ്യുന്നതിലും അര്‍ത്ഥമില്ല. പലപ്പോഴും സാമ്യത തോന്നുക സാധാരണവുമാണ്‌. അതുകൊണ്ട്‌ തന്നെ പെരിങ്ങോടരെയോ, യാത്രാമൊഴിയെയോ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നില്ല, സമാനതകള്‍ തോന്നിയത്‌ പറയുകമാത്രമേ ചെയ്യുന്നുള്ളൂ.

യാത്രാമൊഴിയുടെ കവിതകള്‍ ഹൃദ്യങ്ങളാണ്‌. വായനയുടെ മുരടിപ്പ്‌ അതില്‍ കാണാന്‍ കഴിയുന്നുമുണ്ട്‌. ഒരുപക്ഷേ അദ്ദേഹത്തിന്റെ വായന ജ്വലിച്ചുനിന്നിരുന്ന സമയത്ത്‌ മലയാളകവിത എവിടെയായിരുന്നോ അതേ ശൈലിയാണ്‌ ഇപ്പോഴും അദ്ദേഹം തുടരുന്നത്‌. ഇതൊരു കുഴപ്പമായിട്ടല്ല പറയുന്നത്‌. ഒന്നുകൂടെ ശ്രമിച്ചാല്‍ നല്ലതാക്കാമായിരുന്നു എന്നുമാത്രമാണ്‌.

ഇത്തരം വായനയുടെ മുരടിപ്പ്‌ താരതമ്യേന എല്ലാവര്‍ക്കുമുള്ളതാണ്‌. അരിഗോണികളുടെ കഥ പറഞ്ഞ ഇബ്രു സാങ്കേതികത തേടിപ്പോയത്‌ ഇതുകൊണ്ടുതന്നെയാണ്‌. അക്കഥയ്ക്ക്‌ വളരാന്‍ ഇനിയുമൊരുപാട്‌ സാധ്യതകളുണ്ട്‌. ഇത്തരം കഥകള്‍ എഴുതുമ്പോള്‍ വായനയും പുനര്‍വായനയും സംസ്കരണവും അത്യാവശ്യമാണ്‌.

സാക്ഷി തന്റെ ഗ്രാമ്യതയും ഗൃഹാതുരത്വവും കലര്‍ന്ന ഉണ്ണിക്കഥകളുമായി വീണ്ടും വന്നു. അദ്ദേഹം, ‘പെരുവിരല്‍ കൊണ്ട്‌ ചിത്രമെഴുതി നാണിച്ച്‌ മറഞ്ഞുനില്‍ക്കുന്ന ഉറക്കം’ എന്നുപറയുമ്പോള്‍ കഥാനുഭവം രസകരമാകുന്നു. ഗൃഹാതുരത്വം മാത്രമല്ല ഇക്കഥകളില്‍. ജന്മാന്തരങ്ങളുടെ കഥയുമുണ്ട്‌. കാലമെന്ന വികാരം ഇക്കഥകളില്‍ കട്ടിയായി കിടക്കുന്നു.

ഗൃഹാതുരത്വമുണര്‍ത്തുന്ന വിഷുഓര്‍മ്മകളില്‍ ദുര്‍ഗയുടെ പോസ്റ്റ്‌ ഹൃദ്യമായിത്തോന്നി. അതുല്യയുടെ ബ്ലോഗ്‌ പോസ്റ്റ്‌ ഇത്തരം പോസ്റ്റുകളില്‍ വളരെ വേറിട്ട്‌ നിന്നു. കാലൊച്ചകളുടെ പിന്നില്‍ എഴുതിയ ജിത്തു വീണ്ടും എത്തിയിരിക്കുന്നു.
ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍ കാരണം, ശ്രീജിത്തരം എന്ന ഒരു പ്രയോഗം തന്നെ നിലവില്‍ വന്നു! പക്ഷേ നാറാണത്തുഭ്രാന്തന്റെ മനസ്സാണ്‌ അദ്ദേഹത്തിന്‌ എന്ന്‌ ഒരു കമന്റില്‍ കണ്ടത്‌ ശരിയാണ്‌.

എല്ലാവരേയും കയ്യടിച്ചുപ്രോത്സാഹിപ്പിക്കുന്ന കലേഷ്‌ ഇന്നൊരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു ബ്ലോഗില്‍. ആരെന്തെഴുതിയാലും നല്ലത്‌ എന്നല്ലാതെ ആരും പറയാറില്ല. കലേഷിന്റെ മുദീര്‍ കഥകള്‍ അതിന്റെ സ്വാഭാവികത കൊണ്ടും നിര്‍മ്മലത കൊണ്ടും വായാനാസുഖം തരുന്നതാണ്‌.

സ്വാര്‍ത്ഥന്റെ ദുഃഖവെള്ളിയും ഗുഡ്‌ ഫ്രൈഡേയും എന്ന പോസ്റ്റ്‌ വായിക്കേണ്ടതാണ്‌. ഒരു പാട്‌ കാര്യങ്ങള്‍ അദ്ദേഹം വളരെ ലളിതമായ ശൈലിയില്‍ പറഞ്ഞിരിക്കുന്നു. ദുഃഖവെള്ളിയും ഗുഡ്‌ ഫ്രൈഡേയും തമ്മിലുള്ള അദ്വൈതാത്മക ബന്ധം മാത്രമല്ല ഒരു ഗള്‍ഫ്‌ പ്രവാസിയുടെ വിവാഹിതനായ അവിവാഹിതന്റെ നിരാശയുടെ പ്രതിഫലനം കൂടെ അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്‌. സ്വാര്‍ത്ഥന്റെ ഉപമകള്‍ പേശിപിടിച്ചുള്ള ഉപമകള്‍ എന്ന്‌ മുകളില്‍ പറഞ്ഞതിനോട്‌ അല്‍പ്പം വേറിട്ട്‌ നില്‍ക്കുന്നു. കാരണം അദ്ദേഹമത്‌ തന്റെ വിവരണത്തില്‍ സ്വാഭാവികതയോടെ വിളക്കിച്ചേര്‍ത്തിരിക്കുന്നു. ഉപമകള്‍ മാത്രമല്ല ആത്മഭാഷണപരമായ കമന്റുകളും അദ്ദേഹം പോസ്റ്റുകളില്‍ തന്മയത്വത്തോടേ ചേര്‍ത്തിരിക്കുന്നു.

പുതുതായി വന്ന ബ്ലോഗ്‌ "മന്ദാരം" പാലപ്പൂവിന്റെ മണവുമായാണ്‌ വന്നത്‌. ഈ പോസ്റ്റ്‌ അറിവും അനുഭൂതിയും തരുന്ന ചില കമന്റുകള്‍ക്കാണ്‌ കാരണമായത്‌. അവിടെ സരസ്വതീവിലാസത്തോടെ മന്‍ജിത്ത്‌ 'മസിലുപിടിച്ച്‌' ഒരു തമാശക്കഥയിട്ടത്‌ വളരെ ഔചിത്യബോധത്തോടെയാണ്‌ എന്നുപറയാതെ തരമില്ല.

ബൂലോകത്തെ സാഹിത്യരചനകളില്‍ ഈ മാസം മികച്ചുനിന്നത്‌ ചാത്തുണ്ണിയുടെ സുവിശേഷം തന്നെയായിരുന്നു. "സംവാദം...ഇറ്റ്‌ ഈസ്‌ എ പോയം" എന്നു പറഞ്ഞുകൊണ്ട്‌ രംഗപ്രവേശം ചെയ്ത ചാത്തുണ്ണി വ്യതിരിക്തതകൊണ്ട്‌ ശ്രദ്ധേയമായി. കവിതയുടെ തുടക്കം ഗംഭീരമായിരുന്നെങ്കിലും ആദ്യാവസാനം ഒരേ ശൈലി ചാത്തുണ്ണി സ്വീകരിച്ചില്ല എന്നത്‌ ഒരു കുറവായി അനുഭവപ്പെട്ടു.

ചുരുങ്ങിയ സമയംകൊണ്ട്‌ മലയാളം ബ്ലോഗ്‌ പോസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ട്‌. അതിനാല്‍ തന്നെ ഇവയെല്ലാം വായിച്ചെത്താന്‍ തമ്പുരാന്‍ ബുദ്ധിമുട്ടാറുണ്ട്‌. അപ്പോള്‍ ബാക്കി അടുത്തലക്കത്തില്‍.

മൂന്നാം തമ്പുരാന്‍
mthampuran അറ്റ് ചിന്ത.കോം

Subscribe Tharjani |
Submitted by JK VIjayakumar (not verified) on Sun, 2006-05-07 00:16.

ബൂലോഗ എം. കൃഷ്ണന്‍ നായര്‍, അവലോകനം നന്നായിട്ടുണ്ട്‌. ബൂലോഗ വാരഫലം (മാസഫലം?) എന്ന് ഈപംക്തിക്ക്‌ പേരിടരുതോ?

Submitted by രാജ്‌നായര്‍ (not verified) on Sun, 2006-05-07 02:33.

ആഘോഷിക്കപ്പെടുന്ന സ്വകാര്യത എന്ന തലവാചകത്തിനോടു് ഒട്ടും കൂറുപുലര്‍ത്തിയില്ലല്ലോ ഈ ലേഖനം തമ്പുരാനേ? ബ്ലോഗുകളെ ഒരു വാക്കില്‍ നിര്‍വചിക്കുവാന്‍ ഏറ്റവും എളുപ്പമായ വാക്യമായിരുന്നു താങ്കള്‍ എഴുതിയതു്, എങ്കിലും അതു സമര്‍ഥിക്കുവാന്‍ ദയനീയമായി പരാജയപ്പെട്ടുപോയിരിക്കുന്നു ഈ ലേഖനം. ആഘോഷിക്കപ്പെടുന്ന സ്വകാര്യതയെ കുറിച്ചു ചെറുതായെങ്കിലും പരാമര്‍ശിക്കുന്ന ആദ്യ ഖണ്ഡികയാകട്ടെ വിരുദ്ധമായ ഒരു ആശയമാണു് പ്രകടമാക്കുന്നതും. വെടിപറഞ്ഞിരിക്കുന്ന പ്രതീതിയുളവാക്കുന്ന ബ്ലോഗുകള്‍ക്കപ്പുറം ചിലരെങ്കിലും സ്വകാര്യതയെ വളരെയേറെ വൈവിധ്യത്തോടെ ആഘോഷിക്കുന്നുണ്ടു്.

Submitted by ചന്ദ്രശേഖരൻ നായർ (not verified) on Sun, 2006-05-07 12:15.

എന്റെ ബ്ലോഗുകൾക്ക്‌ മഹത്വം കൂട്ടുവാൻ സഹായിച്ച മഞ്ജിത്ത്‌ (കുപ്പായത്തിന്‌ തുണിയെടുത്ത്‌ അളവിനനുസരിച്ച്‌ വെട്ടിത്തന്നു. ഞാനത്‌ തുന്നിച്ചേർക്കുകമാത്രമേ ചെയ്തുള്ളു) കുപ്പായം നല്ലതാക്കി. ഉമേഷും പെരിങ്ങോടനും കമെന്റുകൾ പിന്മൊഴികളിലെത്തുവാൻ സഹായിച്ചു. സൃഷ്ടികളിൽ മാത്രമേ എനിക്കവകാശമുള്ളു. തമ്പുരാന്റെ പ്രസംസ കമ്പ്യൂട്ടർ പരിജ്ഞാനം തീരെ കുറവുള്ള എന്നെ വാനോളം പൊക്കുകയല്ലെ ചെയ്തത്‌. എഴുതുവാനും വായിക്കുവാനും മടിയനായ എന്നെക്കൊണ്ട്‌ ഇതൊക്കെ ബൂലോകമലയാളികൾ ചെയ്യിക്കുന്നു എന്നുവേണം പറയുവാൻ. എന്തായാലും കലേഷ്‌ സന്തോഷവാനാണ്‌. കെട്ടാൻ പോകുകയല്ലെ. കെട്ടിക്കഴിഞ്ഞാൽ ബ്ലോഗിൽ വരുമോ ആവോ?