തര്‍ജ്ജനി

കഥ

പെട്ടികള്‍ കഥ പറയുന്നു

നമ്മുടെ പ്രവാസ ജീവിതത്തില്‍ പെട്ടികള്‍ക്കുള്ള പ്രാധാന്യം പറഞ്ഞാല്‍ മതിയാകില്ല. ഒരു യാത്രയ്ക്ക്‌ വട്ടം കൂട്ടുന്ന അവസരമാണെങ്കില്‍ പ്രത്യേകിച്ചും. ഇത്രയധികം പെട്ടിക്കടകള്‍ ഉള്ള സ്ഥലം, ഗള്‍ഫ്‌ നാടുപോലെ, ഭൂമിയില്‍ മറ്റൊരിടത്തും ഉണ്ടാകാനിടയില്ല. മൂന്നും നാലും പെട്ടികള്‍ കെട്ടിയെടുത്ത്‌ നാട്ടിലേയ്ക്ക്‌ തിരിയ്ക്കുന്നവരാണ്‌ ഗള്‍ഫന്മാര്‍. അടുത്തകാലത്ത്‌ അല്‍പ്പം ബുദ്ധിയുദിച്ചതുകൊണ്ടാകാം പെട്ടികളുടെ എണ്ണത്തില്‍ നേരിയ കുറവ്‌ കാണുന്നുണ്ട്‌. എങ്കിലും ഒരു കനപ്പെട്ട പെട്ടിയില്ലാതെ യാത്ര തിരിയ്ക്കുന്നത്‌ ഇന്നും നമുക്ക്‌ ചിന്തിയ്ക്കാനാവില്ല. പെട്ടി മാഹാത്മ്യം ഇവിടെ തുടങ്ങുന്നു! "പെട്ടി വാങ്ങിയോ?", "പെട്ടി മുറുക്കിയോ" തുടങ്ങിയ സ്നേഹാന്വേഷണങ്ങള്‍ നടത്താത്ത ഒരാളും നമ്മുടെ ഇടയില്‍ ഉണ്ടാകില്ല. ശബരിമല യാത്രയ്ക്ക്‌ ഗുരുസ്വാമിമാര്‍ കെട്ടുമുറുക്കിക്കൊടുക്കുന്നതു പോലെ, ഇവിടെയും ഈ മഹാകര്‍മ്മം അനുഷ്ഠിയ്ക്കാനും അനുഗ്രഹിച്ച്‌ അയയ്ക്കാനും സ്ഥിരം കെട്ടുമുറുക്കലുകാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്‌. നമ്മള്‍ പെട്ടിക്കഥകള്‍ പറയുന്നതു പോലെ, ഇവിടത്തെ പെട്ടികള്‍ സ്വയം കഥ പറയാന്‍ തുടങ്ങിയാലോ!!

illustration

ഇതൊരു ആത്മകഥയൊന്നുമല്ല. ഒരു ഗള്‍ഫുകാരന്റെ കസ്റ്റഡിയിലുള്ള ഒരു പാവം പെട്ടിയാണ്‌ ഞാന്‍. എന്റെ കൂട്ടുകാരിയായി ഒരു ചുവന്ന്‌ പെട്ടിയുമുണ്ട്‌. കുറച്ച്‌ ദിവസങ്ങളായി ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്‌. ഒരുപാട്‌ നാളത്തെ പ്രാര്‍ത്ഥനകള്‍ക്ക്‌ ഫലം കണ്ടപോലെ തോന്നുന്നു. സ്നേഹിതരേ, ഞങ്ങളുടെ അവസാനത്തെ നാട്ടിലേയ്ക്കുള്ള യാത്രയുടെ സമയമായി വരുന്നു. ഞങ്ങള്‍ ഇദ്ദേഹത്തിന്റെ കൂടെയായിട്ട്‌ 20-ലേറെ വര്‍ഷങ്ങളായി. ഇദ്ദേഹത്തിന്റെ ഭാര്യ പലപ്പോഴും "ഈ പഴയപെട്ടികള്‍ ഇനിയെങ്കിലും എടുത്തു കളഞ്ഞുകൂടേ" എന്ന്‌ ചോദിക്കാറുണ്ടെങ്കിലും, സ്നേഹം കൊണ്ടോ, പിശുക്കുകൊണ്ടൊ, അദ്ദേഹം അതു ചെയ്തില്ല. ഇത്ര ഓണം ഉണ്ടവനാണ്‌ ഞാന്‍ എന്നൊക്കെ നാട്ടില്‍ ചിലര്‍ വീമ്പിളക്കുന്നതു പോലെ, ഇരുപതിലേറെ പെരുന്നാള്‍ കണ്ട പെട്ടികളാണ്‌ ഞങ്ങള്‍ എന്ന്‌ പറയുന്നതില്‍ അഭിമാനം തോന്നുന്നു. എന്തായാലും ഞങ്ങള്‍ക്ക്‌ മടുത്തു. എല്ലാ കൊല്ലവും ആഘോഷപൂര്‍വ്വം നാട്ടില്‍ പോകാറുണ്ടെങ്കിലും ഇവിടത്തെ വിരസ ജീവിതം മതിയായി. എത്രകാലം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പോയി കഴിയും? ഇനി നിര്‍ത്തുക തന്നെ. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഞങ്ങളുടെ കസ്റ്റോഡിയന്‍ ഈ തീരുമാനത്തില്‍ എത്തിയത്‌. ആദ്യം അത്ര വിശ്വാസമായില്ല. പലരും പോകാന്‍ തയ്യാറെടുത്തു എന്ന്‌ കേള്‍ക്കാറുണ്ടെങ്കിലും നടന്നു കണ്ടിട്ടില്ല. അതുകൊണ്ട്‌ ഇദ്ദേഹവും ഒരു U turn അടിയ്ക്കുമോ എന്ന്‌ സംശയം തോന്നിയിരുന്നു. പക്ഷേ, കക്ഷി സീരിയസ്സാണെന്നാണ്‌ മനസ്സിലായത്‌. അദ്ദേഹത്തിനും മടുത്തു കാണണം. ഏതെങ്കിലും ഒരുഘട്ടത്തില്‍ ഇതൊന്ന്‌ നിര്‍ത്തണമല്ലോ.

illustration

നാട്ടിലുള്ളവരുടെയൊക്കെ വിചാരം ഈ പ്ലെയിന്‍ യാത്രയൊക്കെ പരമസുഖമാണെന്നാണ്‌. കണ്‍വേയര്‍ ബെല്‍റ്റിലൂടെ ഗമയില്‍ അങ്ങിനെ നീങ്ങുന്നത്‌ കാണുമ്പോള്‍ അവര്‍ക്കൊക്കെ അങ്ങിനെ തോന്നും. പക്ഷേ ഞങ്ങളുടെ കഷ്ടപ്പാടുകള്‍ എത്രയാണെന്നറിയമോ? എയര്‍പോര്‍ട്ടില്‍ ഞങ്ങളെ വലിച്ചെറിയുന്നത്‌ കണ്ടാല്‍ പീഡനത്തിന്‌ കേസ്‌ കൊടുക്കാന്‍ തോന്നും. ഈ ചെവി മുറിഞ്ഞിരിയ്ക്കുന്നത്‌ കണ്ടോ? എന്റെ ഈ കൂട്ടുകാരിപ്പെട്ടിയെ ഒരുവന്‍ എടുത്തെറിഞ്ഞതിനുശേഷം അവള്‍ നേരെ വായ അടച്ചിട്ടില്ല. എന്തെല്ലാം കഷ്ടപ്പാടുകള്‍! യാത്ര യ്ക്കൊരുങ്ങുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ സാധനങ്ങള്‍ അടിച്ച്‌ കയറ്റി ഇപ്പോള്‍ പൊട്ടും എന്ന മട്ടാക്കാറുണ്ട്‌. പുറത്ത്‌ ചാടിക്കയറി ചവിട്ടി ഉഴിയുന്ന ചില പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ കരഞ്ഞുപോകാറുണ്ട്‌. ചിലരെ ഞങ്ങള്‍ക്ക്‌ വലിയ പേടിയാണ്‌. ഇവിടെ വേണു എന്ന ഒരു കക്ഷിയുണ്ട്‌. അമ്പോ!! കയറും കത്തിയുമായി ഒരു കാലനെപ്പോലെയാണ്‌ വരവ്‌. കെട്ടുന്നതിന്‌ ഒരു മയം വേണ്ടേ? ഒന്നുമില്ല. കയ്യും കാലും കെട്ടി ശവം പോലെ കൊണ്ടുപോകാറാക്കും. നെറ്റിയില്‍ ഒരു പേരും ഒട്ടിയ്ക്കാറുണ്ട്‌. പറ്റാവുന്നതിലധികം ഭാരം കയറ്റി പോകേണ്ടിവരുന്നതിന്റെ കാരണം ഈ ഗള്‍ഫന്മാരുടെ പൊങ്ങച്ചം തന്നെയാണെന്ന്‌ ഞങ്ങള്‍ അടക്കം പറയാറുണ്ട്‌. വീട്ടിലുള്ളവര്‍ക്ക്‌ ഉടുപ്പും സമ്മാനങ്ങളും കൊണ്ടുപോകുന്നത്‌ മനസ്സിലാക്കാം. വീടിന്‌ ചുറ്റുമുള്ളവരെ ഉടുപ്പണിയിച്ചും സ്പ്രേ ചെയ്തും നടത്തുക എന്നത്‌ തങ്ങളുടെ ബാദ്ധ്യതയാണെന്നാണ്‌ ഈ വിഡ്ഢ്യാസുരന്മാരുടെ ധാരണ. ഇതിന്റെയൊക്കെ കഷ്ടപ്പാടനുഭവിയ്ക്കുന്നത്‌ ഞങ്ങളും. എന്തായാലും ഇനി ഈ യാത്രയോടെ നാട്ടില്‍ വിശ്രമിയ്ക്കാമല്ലൊ. ഞങ്ങളും ഞങ്ങളുടെ കസ്റ്റോഡിയനും ഇവിടെ നിന്ന്‌ വിടവാങ്ങുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക്‌ വേണ്ടി ഉണ്ടാകണം; പരിക്കുകളേല്‍ക്കാതെ, ഞങ്ങളുടെ സുഗമമായ യാത്രയ്ക്കു വേണ്ടി.

സ്നേഹിതരേ, മനസ്സെന്ന പെട്ടി നിറയെ നിങ്ങളെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളുമായി യാത്രയ്ക്കൊരുങ്ങുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും ആയുരാരോഗ്യസൌഖ്യം നേര്‍ന്നുകൊണ്ട്‌, ആശംസകളോടെ..

മുരളി മുണ്ടേക്കാട്‌
Subscribe Tharjani |