തര്‍ജ്ജനി

കഥ

മാഡ് ഷെല്ലി

രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് ജോലി ചെയ്യുകയായിരുന്നു, ഷെല്ലി. അയാള്‍ക്കത് പുതിയ കാര്യമൊന്നുമല്ല. സ്വന്തം വീട്ടിലിരുന്നായതു കൊണ്ട് എപ്പോള്‍ വേണമെങ്കിലും കട്ടിലിലേയ്ക്കു വീഴാം എന്നൊരു സൌകര്യം ഉള്ളതു കൊണ്ടു മാത്രം. പുതിയ ക്ലയന്റ്സ് കുറച്ചു ക്ഷമാശീലരായതു നന്നായി. ഇല്ലെങ്കില്‍ ബോസ്സ് ഓരോ മണിക്കൂറിലും വിളിച്ച് പുരോഗതി അന്വേഷിച്ചുകൊണ്ടിരിക്കും.

വാസ്റ്റവത്തില്‍ അയാള്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. ഐഡന്റിറ്റി മറച്ചു വച്ച് ആര്‍ക്കോവേണ്ടി പ്രോഗ്രാമുകള്‍ എഴുതുക. വന്‍‌കിട ബിസിനസ്സുകരുടെ വാശിയും മത്സരവും വൈരാഗ്യവും തീര്‍ക്കാന്‍ താന്‍ പടച്ചുവിടുന്ന വൈറസ്സുകള്‍ ആവശ്യമാണ്. ആരുമറിയാതെ എതിരാളിയെ കീഴ്പെടുത്താനുള്ള ആധുനിക തന്ത്രം. ഒരു സ്ഥാപനത്തിന്റെ കമ്പ്യൂട്ടര്‍ ശൃംഖല മൊത്തം നശിപ്പിച്ച്, താത്ക്കാലികമായെങ്കിലും അവരെ തളച്ചിടുക. അവരുടെ ലാബുകളില്‍ ദിനരാത്രങ്ങള്‍ അദ്ധ്വാനിച്ച് ഗവേഷകര്‍ കണ്ടുപിടിക്കുന്നതെല്ലാം ഒറ്റ നിമിഷത്തില്‍ ഇല്ലായ്മ ചെയ്യുക. തന്റെ വൈറസ്സ് ആരെയാണ് ആക്രമിക്കാന്‍ പോകുന്നതെന്നു പോലും താന്‍ അറിയുന്നില്ല. വൈറസ്സിന്റെ സ്വഭാവം മാത്രം ബോസ്സ് എന്നയാള്‍ വിശദീകരിച്ചു തരും. അത്രമാത്രം. കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനുള്ള സ്വാതന്ത്ര്യം തന്റെ തൊഴിലിനില്ല.

പുതിയ പ്രോജെക്റ്റ് കുറച്ചു കട്ടികൂടിയതാണ്. തന്നെപ്പോലെ ഒരു ബോണ്‍ ക്രിമിനലിന് മാത്രം സാദ്ധിക്കുകയുള്ളൂവെന്ന് ബോസ്സ് തുറന്നു പറഞ്ഞ കേസ്. സാധാരണപോലെ നശിപ്പിക്കുക എന്നതു പ്രധാനമല്ല. ഏറെക്കാലം നിലനില്‍ക്കുക എന്നതാണു പ്രധാനം. വൈരസ്സുകള്‍ ഇറങ്ങുന്നതിനോടൊപ്പം ആന്റി വൈറസ്സ് പ്രോഗ്രാമ്മുകളുമിറങ്ങുന്നതു കാരണം ഒരിക്കലും തന്നെപ്പോലുള്ളവരുടെ സഹായം ഇല്ലാതെ പറ്റില്ല.

പുതിയ ലക്ഷ്യം എളുപ്പമുള്‍ലതല്ല. ബോസ്സിന്റെ ബുദ്ധിയില്‍ ഉദിച്ച ആശയം സ്വയം വളരാനും നിലനില്‍ക്കാനും കഴിവുള്ള വൈറസ്സ്. അതാണു പ്ലാന്‍. പുതുതായി കറ്റന്നു വരുന്ന എതിരാളികള്‍ക്കൊപ്പം സ്വയം നവീകരിക്കാന്‍ സാധിക്കുക. ഒപ്പം തന്റെ സാന്നിദ്ധ്യം ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരിടത്ത് ഒളിപ്പിച്ചു വയ്ക്കുകയും വേണം.

അങ്ങനെയൊന്നു കണ്ടു പിടിക്കും വരെ വേറേ ജോലികളൊന്നും തന്നെ തേടിയെത്തില്ലെന്ന് ബോസ്സിന്റെ ഉറപ്പുണ്ടെങ്കിലും അയാള്‍ ആകുലനായിരുന്നു. ഒരു പക്ഷേ ഇനിയൊരിക്കലും തന്റെ ആവശ്യം ഇല്ലാതാക്കുന്ന ഒന്നായിരിക്കുമത്. അമരനായ വൈറസ്സ്. തന്റെ ജീവിക്കാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുമായിരിക്കും. പുറത്ത് വെളിച്ചം വീണു തുടങ്ങിയിരുന്നു. പതിയെ പതിയെ ഉണര്‍ന്നു വരുന്ന തെരുവുകള്‍. അയാള്‍ക്ക് ഉറക്കം തോന്നിയില്ല. ഒരു ചിന്തയുമില്ലാതെ കുറച്ചു നേരം കഴിച്ചു കൂട്ടുകയാണു വേണ്ടത്. മനസ്സിനെ തളച്ചിടുക. ഹ് ‌മ്...

സാലിയെ കാണാന്‍ പോകാമെന്നു തീരുമാനിച്ചു. ഇത്തരം അവസ്ഥകളില്‍ ഒരു പെണ്ണിന്റെ സാമീപ്യം ഗുണം ചെയ്യും. സാലിയാണെങ്കില്‍ കൂടുതല്‍ നല്ലത്. അന്തരീക്ഷത്തിന്റെ ഭാരം കുറയ്ക്കാന്‍ അവള്‍ക്ക് പ്രത്യേക കഴിവുണ്ട്. അയാള്‍ സാലിയെ വിളിച്ചു. അവള്‍ നൈറ്റ് ഡ്യ്യൂട്ടി കഴിഞ്ഞ് വന്നതേയുള്ളൂ എന്നു പറഞ്ഞു. എങ്കിലും ഒരു മണിക്കൂറിനു ശേഷം വരുന്നതു കൊണ്ടു കുഴപ്പമില്ലെന്നും പറഞ്ഞു. ഒരു മണിക്കൂര്‍ നേരം ആര്‍ക്കു സമര്‍പ്പിച്ചിരിക്കുകയാണെന്ന അശ്ലീലം കലര്‍ന്ന ചിന്തയില്‍ അയാള്‍ സിഗററ്റു കത്തിച്ചു.

സാലിയെക്കുറിച്ചല്ലാതെ തനിക്കിനിയൊന്നും ഇനി ആലോചിക്കാന്‍ കഴിയില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയിലായിരുന്നു അവള്‍ക്ക് ജോലി. ഏന്തോ ആവശ്യത്തിനുവേണ്ടി അവിടെ പോകേണ്ടി വന്നപ്പോഴാണ് അവളെ പരിചയപ്പെട്ടത്. അവള്‍ ഇങ്ങോട്ടു വന്നു പരിചയപ്പെടുകയായിരുന്നു. സ്ത്രീകള്‍ക്ക് അത്ര പ്രാധാന്യമില്ലാത്ത ജീവിതമായിരുന്നു അതുവരെ. സാലി വന്നപ്പോള്‍ അതു മാറി. എങ്കിലും താത്ക്കാലിക ആശ്വാസത്തിനുള്ള ഉപാധി എന്നതിനപ്പുറം ഒന്നും തന്നെ അവള്‍ക്ക് നല്‍കരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷേ താന്‍ സൃഷ്ടിക്കുന്ന വൈറസ്സുകളേക്കാള്‍ ആക്രമണ ശക്തി അവള്‍ക്കുണ്ടെന്ന് കണ്ടെത്തി. അതെ, സാലി ഒരു അവിഭാജ്യ ഘടകമായി തീര്‍ന്നിരിക്കുന്നു.

അരമണിക്കൂറിനുള്ളില്‍ ക്ഷമ വറ്റിക്കഴിഞ്ഞിരുന്നു. പതുക്കെ പോയാലും മതി. അടുത്ത അരമണിക്കൂര്‍ തീര്‍ന്നു കിട്ടും. അയാള്‍ പുറപ്പെട്ടു. വീടിനു മുന്നില്‍ അതിഥിയുടെ ചെരുപ്പ് കാണുമെന്നു പ്രതീക്ഷിച്ചിരുന്നു. ഒന്നുമുണ്ടായിരുന്നില്ല. വാതില്‍ അടഞ്ഞു കിടക്കുന്നു. താമസക്കാരില്ലാത്തതു പോലെ വല്ലാത്തൊരു ശൂന്യത വീടിനു ചുറ്റും തളം കെട്ടി നിന്നു. അയാള്‍ വാതിലില്‍ മുട്ടി.

‘പൂട്ടിയിട്ടില്ല. ...അകത്തേയ്ക്കു വരൂ..’ സാലിയുടെ ശബ്ദം അകത്തെവിടെയോ മുഴങ്ങി. വാതില്‍ തുറന്ന് അകത്തേയ്ക്കു കടന്നപ്പോള്‍ വീട് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു അവള്‍.
‘കുറേ നാളായല്ലോ കണ്ടിട്ട്..’ അവള്‍ പരിഭവം കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
‘തിരക്കിലായിരുന്നു.’
‘അതല്ല. , നിന്റെ ആവശ്യം തീര്‍ക്കാനല്ലാതെ നീ വരാറില്ലല്ലോ അല്ലെങ്കിലും..’
ഷെല്ലി തരിച്ചു പോയി. ഇത്രയും ക്രൂരമായ വാക്കുകള്‍ അവളുടെ മുഖത്തു നിന്ന് ആദ്യമായാണ് കേള്‍ക്കുന്നത്.
നിന്റെ ബ്ലഡ് റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നു തോന്നുന്നു. നിന്നെയാണെങ്കില്‍ കിട്ടാനുമില്ല.
‘ഓഹ്.... അതാണോ കാര്യം.?’
മുന്‍പെഴോ രക്തം പരിശോധിക്കണമെന്നു പറഞ്ഞിരുന്നു. പിന്നീട് റിസള്‍ട്ട് വാങ്ങാന്‍ പോയതുമില്ല.
‘എനിക്കിപ്പോള്‍ രക്ത പരിശോധനയല്ല വേണ്ടത്. നീ ജോലിയെല്ലാം നിര്‍ത്തി വരൂ. കുറച്ചു നേരം എന്റെ കൂടെ ഇരിക്കൂ’. അയാള്‍ പറഞ്ഞു.
‘ഞാന്‍ കുളിച്ചിട്ടു പോലുമില്ല.‘
‘സാരമില്ല’
‘അതാ ഒരു മണിക്കൂര്‍ കഴിഞ്ഞു വരാന്‍ പറഞ്ഞത് ’
അവള്‍ കുളിമുറിയിലേയ്ക്ക് കയറിക്കൊണ്ടു പറഞ്ഞു.

അയാള്‍ സോഫയില്‍ കാത്തിരുന്നു. അവള്‍ പറഞ്ഞതെല്ലാം ഓളങ്ങള്‍ പോലെ വന്നും പോയിക്കൊണ്ടുമിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മേലെയായിഅവളുമായുള്ള ബന്ധം തുടങ്ങിയിട്ട്. ഇതിനിടയില്‍ താനാരാണെന്നോ എന്തു ചെയ്യുന്നെന്നോ അവള്‍ ചോദിച്ചിട്ടില്ല. എല്ലാം അറിയാമെന്ന പോലെ പെരുമാറ്റം. അയാള്‍ക്കിഷ്ടപ്പെട്ടതും അതു തന്നെ. ചോദ്യങ്ങള്‍ ചോദിക്കാത്തവരെയാണ് അയാള്‍ക്കിഷ്ടം. ഒരാള്‍ എന്തെങ്കിലും ചോദ്യവുമായി വന്നാല്‍ വേണമെങ്കില്‍ ഒഴിഞ്ഞു മാറാവുന്നതാണ്. പക്ഷേ ഉത്തരം പറയേണ്ടവന്‍ എന്ന ബാധ്യത അപ്പോഴും നിലനില്‍ക്കുന്നു. കുറഞ്ഞ പക്ഷം ഒരാളുടെ മനസ്സിലെങ്കിലും അജ്ഞാതനായി ജീവിക്കുക ശീലിച്ചു കഴിഞ്ഞ കാര്യമാണ്. എപ്പോഴെങ്കിലും അവള്‍ ചോദിക്കുമെന്നും അന്ന് ഉത്തരം പറയുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആവില്ലെന്നും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ ഇതുവരെയും അതുണ്ടായില്ല. എങ്കിലും ഒരു ഉത്തരം അയാള്‍ മനസ്സില്‍ കുറിച്ചു വച്ചിരുന്നു. നശീകരണമാണ് തന്റെ തൊഴിലെന്ന് അവളെ അറിയിക്കാന്‍ ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടില്ലേ?’ അയാള്‍ സ്വയം ചോദിച്ചു. ആ ചോദ്യത്തിനു നേരെ മുഖം തിരിക്കാന്‍ അയാള്‍ക്കായില്ല.

മുടി ടവ്വല്‍ കൊണ്ടു തുവര്‍ത്തിക്കൊണ്ട് അവള്‍ വന്നു. കുതിര്‍ന്ന അവളുടെ മുഖം പതിവിലും മൃദുലമായി തോന്നിച്ചു. ചുണ്ടുകള്‍ ശോണിതമായിരുന്നു. മുന്നറിയിപ്പില്ലാതെ ഒരു ചുംബനത്തില്‍ അവര്‍ അമര്‍ന്നു പോയി. നിമിഷങ്ങള്‍ക്കു ശേഷം വേര്‍പ്പെട്ടപ്പോള്‍ അല്പം കനം കുറഞ്ഞതു പോലെ തല ഊയലാടുന്നതറിഞ്ഞു.

‘ഇതിനായിരുന്നോ അത്യാവശ്യമായി കാണണമെന്നു പറഞ്ഞത്?’
‘അല്ല എനിക്കൊന്നു റിലാക്സ് ചെയ്യണമായിരുന്നു.’
‘ഇപ്പോള്‍ എങ്ങനെയുണ്ട് എന്റെ പാവം കുട്ടി.’
‘ആശ്വാസം തോന്നുന്നു. നീ ഒരു ആസ്പിരിന്‍ ഗുളിക പോലെ പ്രവര്‍ത്തിക്കുന്നു പെണ്ണേ.’
അവള്‍ ചിരിച്ചു. അവളെ കിടപ്പറയിലേയ്ക്ക് എടുത്തു കൊണ്ടു പോകണമെന്നു വിചാരിച്ചിരുന്നെങ്കിലും വേണ്ടന്നു വച്ചു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള നിലയിലല്ല ഇപ്പോള്‍. മനസ്സ് നിറയെ തന്നെ കാത്തിരിക്കുന്ന ബോസ്സിന്റെ ശാസനകളാണ്. സാലിയുമായുള്ള അടുപ്പം ബോസ്സിന് അത്ര സുഖിച്ചിരുന്നില്ല. മുന്‍പേതോ എതിര്‍ഗ്രൂപ്പുകാരുടെയൊപ്പം ജോലി ചെയ്തിരുന്നവളാണത്രേ. അത് നിങ്ങളുടെ ബിസിനസ്സ് കാര്യം, ഇതെന്റെ ജീവിതം എന്നു പറഞ്ഞു അന്ന് ബോസ്സിനോട് കയര്‍ത്തു.

‘വാ ... നിന്നെയൊന്നു തണുപ്പിച്ചു തരാം. അവള്‍ പറഞ്ഞു. അവളും നല്ല മൂഡിലാണെന്നു തോന്നി. കണ്ണുകളില്‍ തീ നാളങ്ങളായിരുന്നു.
‘വേണ്ട.. നാന്‍ പോകുന്നു. അയാള്‍ എഴുന്നേറ്റു. അവള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.
‘ഹോസ്പിറ്റലില്‍ പോയി ആ റിപ്പോര്‍ട്ട് ഒന്ന് വാങ്ങി വച്ചേക്കൂ.’
അയാള്‍ തലയാട്ടി. പക്ഷേ നേരെ തന്റെ മുറിയിലേയ്ക്കു തന്നെ പോയി വാതിലടച്ചിരുന്നു. മനസ്സ് വല്ലാത്ത ശാന്തതയിലായിരുന്നു. അവളുടെ കൂടെയിരിക്കുന്ന ഓരോ നിമിഷവും ചികിത്സയാണ്. തന്റെ കാര്യത്തില്‍ തന്നേക്കാള്‍ ശ്രദ്ധ അവള്‍ക്കുണ്ട്. അവളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിരുന്നു. പക്ഷേ അവള്‍ താത്പ്പര്യം കാണിച്ചില്ല. അവള്‍ക്ക് വേറെയേതെങ്കിലും അവകാശികള്‍ വരുമോ എന്ന ആശങ്ക ഇടയ്ക്കിടെ അലട്ടാറുണ്ട്. അങ്ങനെയാണെങ്കില്‍ നഷ്ടപ്പെടുന്നത് ഒരു ആശ്രമമാണ്.

ഓരോരോ കാടുകയറ്റങ്ങളില്‍ അയാളുറങ്ങിപ്പോയി. ഇടയ്ക്കെപ്പോഴോ കണ്ണു തുറന്നെന്നു തോന്നുന്നു. ഉറക്കത്തിനും ഉണര്‍വിനു മിടയില്‍ ഒരു മിന്നല്‍. ഒരു ടെന്നിസന്‍ കവിത ആരോ ഉറക്കെ ചൊല്ലുന്നതു പോലെ തോന്നി. വളരെ പരിചയമുള്ള ശബ്ദം.
He clasps the crag with crooked hands;
Close to the sun in lovely lands,
Ring'd with the azure world, he stands.

The wrinkled sea beneath him crawls;
He watches from his mountain walls,
And like a thunderbolt he falls.
ബോധത്തിലേയ്ക്ക് മുഴുവനായും വന്നതിനു ശേഷവും വരികള്‍ മനസ്സില്‍ അലയടിക്കുന്നുണ്ടായിരുന്നു. അയാള്‍ കമ്പ്യൂട്ടറിനു മുന്നില്‍ ആലോചിച്ചിരുന്നു. പതിയെപ്പതിയെ ചില രേഖകള്‍ തെളിഞ്ഞു വരുന്നതായി കണ്ടു.

‘Mad shelly’ പുതിയ പ്രോഗ്രാമ്മിന് അയാള്‍ പേരു കൊടുത്തു. പഴുതുകളടയ്ക്കാനുള്ള ചില അറ്റകുറ്റപ്പണികള്‍ കൂടി എഴുതിയാല്‍ മുഴുവനായി ബോസ്സ് ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കാന്‍ പോകുന്ന ദിവസം അടുത്തെത്തിയെന്ന് അയാള്‍ കരുതി.

ആദ്യം അറിയിക്കാന്‍ തോന്നിയത് സാലിയെയായിരുന്നു. അതിനു കഴിയാതെ പോയതില്‍ വളരെ ദുഃഖം തോന്നുകയും ചെയ്തു. വിളിച്ചപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പോയെന്ന മറുപടി കിട്ടി. അയാള്‍ മിനുക്കുപ്പണികള്‍ പിന്നത്തേയ്ക്കു മാറ്റിവച്ച് ആശുപത്രിയിലേയ്ക്ക് കുതിച്ചു. തന്റെ കണ്ടു പിടിത്തം മൂലം വലയാന്‍ പോകുന്ന ഹതഭാഗ്യന്‍ ആരായിരിക്കുമെന്നാണ് വഴിനീളെ വിചാരിച്ചു കൊണ്ടിരുന്നത്. ഇതോടെ ഈ ജോലിയോട് വിട പറയാനും ആലോചനയുണ്ടായിരുന്നു. അത് ചെയ്യുമ്പോഴുള്ള ത്രില്‍ മാത്രമായിരുന്നു ഇത്രയും നാള്‍ കൊണ്ടു നടന്നത്. ഇപ്പോള്‍ സാലി അതിനേക്കാള്‍ വളരെ ഉയര്‍ന്ന താത്പര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

‘മി.ഷെല്ലി തോമസ് ’ ആശുപത്രിയുടെ റിസപ്‌ഷനില്‍ നിന്നും ഒരു വിളി കേട്ടു. ‘ഡോ. രേണുകയുടെ മുറിയിലേയ്ക്കു പോകൂ.’
രേണുക.... ഓഹ്.. കുറേ നാളായി അന്വേഷണമില്ലാത്തതിന്റെ പരിഭവം പറയാനായിരിക്കും എന്നു കരുതി അയാള്‍ അങ്ങോട്ട് തിരിച്ചു.

ഡോ. രേണുക അസ്വസ്ഥയായി കാണപ്പെട്ടു.
‘How it happened?'
‘എന്ത്?’
‘നിനക്കിതെങ്ങനെ... ഞാന്‍ അറിഞ്ഞിടത്തോളം നീ വളരെ reserved ആണല്ലോ.. പിന്നെയെങ്ങിനെ ?’
‘നിങ്ങള്‍ കാര്യം പറയൂ..’
അവര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് അയാള്‍ക്കു നേരെ നീട്ടി. അതിലൂടെ കണ്ണോടിക്കവേ അയാളുടെ മുഖം ഇരുണ്ടു വന്നു.
‘How it happened?'
ഒന്നും മനസ്സിലാവാത്തതു പോലെ അയാള്‍ കണ്ണു മിഴിച്ചു റിപ്പോര്‍ട്ട് മേശപ്പുറത്തേയ്ക്കു വലിച്ചെറിഞ്ഞ് പുറത്തേയ്ക്കു നടക്കുമ്പോള്‍ സാലി ഒരു പുഞ്ചിരിയുമായി വന്നു.
'Welcome to aids club'
അവള്‍ അയാള്‍ക്കു നേരെ കൈ നീട്ടി.
‘Mad shelly’ യുടെ അവസാന വരികള്‍ മനസ്സില്‍ കുറിച്ചിടുകയായിരുന്നു അയാളപ്പോള്‍.

ജയേഷ്
Subscribe Tharjani |
Submitted by Renu K nair (not verified) on Mon, 2006-05-08 14:34.

Brilliant work. But seems to be bit hurry while finishing it. Keep writing

Submitted by BENNY (not verified) on Mon, 2006-05-08 15:27.

അതെ. വൈറസ് എഴുതിയുണ്ടാക്കി, മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന ഇവന് ദൈവം കൊടുത്ത ശിക്ഷ കണ്ടില്ലേ? ഇത് ഓരോരുത്തര്‍ക്കും പാഠമാവട്ടെ.

Submitted by സുനില്‍ കൃഷ്ണന്‍ (not verified) on Mon, 2006-05-08 16:31.

കാര്യം പഴയതു തന്നെ. പക്ഷേ നോക്കൂ.... പുതിയ ജീവിതപരിസരങളിലേക്ക് അതിനെ കടത്തിവിടുമ്പോള്‍ വരുന്ന മാറ്റം. ഇനി ഇതില്‍ സാധാരണ മനുഷ്യന്റെ ജീവിതമെവിടെ, സമൂഹത്തോടുള്ള കടപ്പാടെവിടെ എന്നൊക്കെയുള്ള ചോദ്യത്തിന്‌ ഉത്തരമെഴുതാന്‍ ജയേഷ് തയ്യറെടുത്തുകൊള്ളൂ.

Submitted by Dev (not verified) on Sat, 2006-05-13 20:58.

Hello Jay,
You can write good stories, but I think poem suites you better

Submitted by kaviam (not verified) on Sat, 2006-05-20 17:57.

dear

your story seems to be written in a hurry. A hectic conclusion can be seen at ending part. an inclination to the english can be seen.

respect and value our culture and language.

thanks

Submitted by jayesh (not verified) on Sat, 2006-05-27 13:56.

Yes sir,

i agree..I concluded it in a hurry....sorry for that

And about english ...... It won't do any harm to the language..ok...