തര്‍ജ്ജനി

കവിത

പുന:സമാഗമം

illustration നഷ്ടമായ നിമിഷങ്ങള്‍, കൊത്തി‍പ്പെറുക്കി
ഇണക്കിളികള്‍ കൂടണഞ്ഞു.
പോക്കുവെയിലിന്റെ മഞ്ഞവെളിച്ചം
കൂടിച്ചേരലിന്‌ നിറം പകര്‍ന്നു.

തീരാത്തസങ്കടങ്ങള്‍ക്കും, വറ്റിപ്പോകാത്ത
പ്രണയത്തി‍നും അവര്‍ പലിശ പങ്കുവെച്ചു.
കാത്തി‍രിപ്പിന്റെ നൊമ്പരം, സമാഗമത്തിന്റെ
നീരൊഴുക്കില്‍ അലിഞ്ഞില്ലാതെയായി.

അവള്‍ മഴത്തു‍ള്ളിയായ്‌, മണിത്തൂ‍വലായ്‌
ജന്മാന്തരങ്ങളിലെ മൌനമായ്‌ മണിപ്പന്തലില്‍
സാന്ധ്യരാഗങ്ങളായ്‌ നിറഞ്ഞൊഴുകി.
ഒരു നിമിഷാര്‍ദ്ധം അലിഞ്ഞീറനായ്‌.

ഒരു തിര കൂടിയാര്‍ത്തു‍ വന്നു,
ഒരു നിമിഷം കൂടി കൊഴിഞ്ഞുവീണു.
നാണം കിനിയുന്ന അവളുടെ കവിളിണകളില്‍
ഒരു സന്ധ്യ കൂടി ചുകപ്പണിഞ്ഞു.

ചന്ദ്രിക പരന്നു, രാത്രി തന്‍ പൂമണം നിറഞ്ഞു
രാവിന്റെ വാതായനങ്ങളില്‍ മഞ്ഞില്‍ക്കുതിര്‍ന്ന
മന്ദമാരുതന്‍ തഴുകിയിറങ്ങി, അവളുടെ
സ്നിഗ്ദ്ധമാം ചുണ്ടുകള്‍ മന്ത്രിച്ചു, 'നീ മാത്രം'.

നീയെന്‍ കണ്ണില്‍ നോക്കിയിരിക്കൂ
നീയെന്‍ മെയ്യില്‍ താളം പിടിക്കൂ
നിന്റെ ഭാരത്തില്‍ ഞാനലിയട്ടെ
നിന്റെ പൂര്‍ണ്ണതയില്‍ ഞാനുയിര്‍ക്കട്ടെ.

നിന്റെ നിറഞ്ഞ ചിരിമഴയില്‍ ഞാന്‍ നനയട്ടെ
കരളിന്‍ ജീവരാഗം നിന്‍ കരിവളകള്‍ മൂളട്ടെ.
മു.ണിഞ്ഞ പൂമാനം നോക്കി നീ പാടുക
ഞാന്‍ കേള്‍ക്കാതെ പോയ പ്രണയമോഹങ്ങള്‍.

ജെ.കെ.വിജയകുമാര്‍
Subscribe Tharjani |