തര്‍ജ്ജനി

പ്രദീപ്‌ പേരശ്ശന്നൂര്‍

കോറാട്ടുപറമ്പില്‍
പേരശ്ശന്നൂര്‍-പി.ഒ
മലപ്പുറം ജില്ല
ഫോണ്‍ : 9447536593
ഇ മെയില്‍ : pradeepperassannur@gmail.com
ബ്ലോഗ് : pradeepperassannur.blogspot.com

Visit Home Page ...

കഥ

കാക്ക

ഒരു സീല്‍ക്കാരശബ്ദത്തോടെ കാക്ക എന്റെ ശിരസ്സിന്‌ മുകളിലൂടെ പറന്നു പോയി. കൊക്ക്‌ കൊണ്ട്‌ മുറിവേറ്റോ എന്ന്‌ സംശയം. തടവി നോക്കിയപ്പോള്‍ ചോര! രണ്ട്‌ ദിവസമായി ഇതുതന്നെയാണ്‌ സ്ഥിതി. പക്ഷേ ദേഹോപദ്രവമുണ്ടായിരുന്നില്ല.


ചിത്രീകരണം : കെ. ശശികുമാര്‍

ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഇന്നലെയാണ്‌ കണ്ടത്‌ - മുറ്റത്തെ പുളിയന്‍മാവിന്റെ ഒത്ത ശിഖരത്തില്‍ ഒരു കാക്കക്കൂട്‌. കൂട്‌ കാണുന്നതുതന്നെ ഇന്നലെയാണ്‌. ഉപദ്രവിക്കാനോ മറ്റോ ശ്രമിച്ചിട്ടുമില്ല.

വീട്ടില്‍ അനിയന്മാരും ചേച്ചിയും കുട്ടേട്ടനുമുണ്ട്‌. അവര്‍ക്കൊക്കെ അല്പസ്വല്പം വികടം പിറവിയാലുണ്ട്‌. എന്നിട്ടും.....

കുട്ടേട്ടന്‍ ഇന്നും, ഇന്നലെയും ആടിന്‌ ഇല മുറിക്കാന്‍ മാവിന്‍മുകളില്‍ കയറിയിരുന്നു. അപ്പോഴൊക്കെ കാക്ക കൊക്കും കാലും വിടര്‍ത്തി തൂവലുകള്‍ മിനുക്കി അനുസരണയോടെ നിശബ്ദയായിരുന്നു.

ഓര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതാണോ? അല്ല! സ്കൂളില്‍ ഉത്തരക്കടലാസ്സ്‌ തരുമ്പോള്‍ നല്ല മാര്‍ക്കുണ്ടെങ്കിലും എന്റെ പേര്‍ അവസാനമേ വിളിക്കൂ. സുഹൃത്തിന്റെയോ സതീര്‍ത്ഥ്യന്റെയോ ഒരു വിവാഹത്തിന്‌ പോയാല്‍ മറ്റുളളവരെ പ്രത്യേകിച്ച്‌ സല്‍ക്കരിക്കുമ്പോള്‍ എന്റെ സാമിപ്യം ആരും അറിയുന്നില്ല. അറിഞ്ഞതായി നടിക്കുന്നില്ല. പിന്നെ......

കാക്ക രണ്ടാമതും എന്റെ മനോവികാരങ്ങളറിഞ്ഞതു പോലെ മൂളിക്കൊണ്ടു വന്നു. അപ്പോള്‍ മൈതാനത്ത്‌ കളിച്ചുകൊണ്ടിരുന്ന കാലിപ്പിളളാര്‍ കലമ്പല്‍ കൂട്ടി ചുറ്റും കൂടി. ഇക്കുറി എനിക്കും ദേഷ്യം വന്നു. ഒരു കല്ലെടുത്ത്‌ വെറുതെ എറിയുന്നതായ്‌ ഭാവിച്ചു.

" ക്രാ....ക്രാ.....ക്രാ....."
അസ്വസ്ഥമായ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട്‌ കാക്ക പിന്നെയും. ഞാന്‍ ഓടി. കുറേ ദൂരം താണ്ടി വലഞ്ഞ്‌ തളര്‍ന്ന്‌ പിന്തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ഒന്നല്ല, രണ്ടല്ല, ഒരായിരം കാക്കകള്‍ വികൃതസ്വരം പുറപ്പെടുവിച്ചുകൊണ്ട്‌ പിന്നാലെ. പിന്നെ ഹാസ്യം ആഘോഷമാക്കി തീര്‍ക്കാന്‍ ആരവത്തോടെ ആ വികൃതിപ്പിളളാരും.

Subscribe Tharjani |