തര്‍ജ്ജനി

സംഗീതം

വാഹ്‌, വഹ്‌

രാത്രി മുഴുവന്‍ മഴയായിരുന്നു.

അതുവരെ മനസ്സിന്റെ ഏഴുനിലകളിലും തീ പടര്‍ന്നുകേറിയിരുന്നല്ലോ. കുളിരായി, രാത്രി മഴപോലെ ഗസല്‍മാലയായി ഉമ്പായി പെയ്തുനിറഞ്ഞത്‌ ഈ അഗ്നി നാളങ്ങളിലേയ്ക്കാണ്‌. മെഹന്തി ഹസ്സനും ഗുലാം അലിയും തലത്ത്‌ മഹമൂദും മറ്റും ഉമ്പായിയുടെ നാദമധുരിമയില്‍ പുനര്‍ജ്ജനിക്കവേ ഞങ്ങള്‍ അറിയാതെ കൂടെ ചേര്‍ന്നുപോയി.
വാഹ്‌, വാഹ്‌.

പിന്നണിയില്‍ ആന്റണിയുടെ തബല (ഈ പേരിലില്ലേ താളം) യാഖൂബിന്റെ ഹാര്‍മോണിയവും (ഈ പേരില്‍ സംഗീതവും.) എന്നിലെ ഗതകാലത്തെ പ്രണയത്തിന്റെ ഓര്‍മകളെ വീണ്ടും മുളപ്പിച്ചെടുത്തു, ഈ താളവും സംഗീതവും. നിന്റെ അടഞ്ഞ വാതിലില്‍ ഒരു പനിനീര്‍ പൂവുമായി, പല്ലു കൊഴിഞ്ഞിടത്തു നാവു ചുറ്റുന്നതു പോലെ ഞാന്‍ ചുറ്റിയിരുന്നതൊക്കെ വീണ്ടും തളിര്‍ത്ത രാത്രിയാണിത്‌.

Umbai

മറ്റൊരു പാട്ടുകാരന്‍ ജിദ്ദയില്‍ നിന്നുള്ള മിര്‍സയായിരുന്നു. സംഗീതം മനസ്സിന്റെ ചില പ്രത്യേക സമതലങ്ങളെയാണ്‌ സ്പര്‍ശിക്കുന്നത്‌. നാമറിയാതെ നമ്മെ മറ്റൊരിടത്തേക്കു നയിക്കാന്‍, മനസ്സിനെ ഉരുക്കാന്‍ സംഗീതത്തിനുള്ള കഴിവ്‌ വേറൊരു കലയ്ക്കുമില്ല.
വാഹ്‌.. വാഹ്‌

ഒരു ഗായകനെ മറ്റൊരു ഗായകന്‍ ആലപിക്കുമ്പോള്‍ ആദ്യആളെ എത്രനന്നായി 'മിമിക്‌' ചെയ്യാനാവും എന്നതിലാണ്‌ വിജയമിരിക്കുന്നതെന്ന് വിശ്വസിച്ചു പോയവരാണ്‌ ഭൂരിഭാഗം ഗായകരും. അങ്ങനെ യേശുദാസിനെ പാടുമ്പോള്‍ അദ്ദേഹം വരുത്തിയ തെറ്റുകള്‍ പോലും ആവര്‍ത്തിക്കണമെന്ന്‌ വാശി പിടിച്ച്‌ അദ്ദേഹത്തിന്റെ വികൃത ഡ്യൂപ്പുകളായിപ്പോയ ധാരാളം കഴിവുള്ള ഗായകരുണ്ട്‌ നമുക്ക്‌. അവര്‍ അറിയാതെ പോയത്‌ അനുകരണങ്ങള്‍ തല്‍ക്കാലിക കയ്യടി മാത്രമേ നേടിത്തരൂ എന്നതാണ്‌. ഒറിജിനലുള്ളപ്പോള്‍ ഡ്യൂപ്ലിക്കേറ്റുകള്‍ ആരും വങ്ങില്ല. സ്വന്തമായിപ്പാട്ടില്ലാത്തവന്‍ പാടരുത്‌. ഇത്‌ സാഹിത്യത്തിനും ബാധകമാണ്‌. ഇപ്പറഞ്ഞതിനര്‍ഥം മുന്‍കാല ആളുകളെ അവഗണിക്കണമെന്നല്ല. അത്‌ അസാധ്യമാണ്‌. മറിച്ച്‌ അയാളെ അതിലും നന്നായി അല്ലെങ്കില്‍ ചുരുങ്ങിയത്‌ തന്റെ എന്തെങ്കിലും സംഭാവനകള്‍ ചേര്‍ത്ത്‌ എങ്ങനെ പുനരവതരിപ്പിക്കാമെന്നതിലാണ്‌ തന്റെ കഴിവു തെളിയിക്കേണ്ടത്‌. ഇവിടെയാണ്‌ ഉമ്പായി ശ്രദ്ധിക്കപ്പെടുന്നതും, കുറെക്കാലം ശ്രദ്ധിക്കപ്പെടാതെ പോയതും.

അത്ര സുഖകരമല്ലാത്ത ഒരു ഭൂതമുണ്ട്‌ ഈ മനുഷ്യന്‌. അടുത്തറിയുമ്പോഴേ അതൊക്കെ നമുക്ക്‌ മനസ്സിലാവുകയുള്ളൂ. കള്ളു കുടിയനായ, പുകവലിക്കാരനായ, അധോലോകത്തില്‍ പോലും പ്രവര്‍ത്തിച്ച ഒരാള്‍. “സബ്‌കൊ മാലൂം ഹേ മേ ശരാബീ നഹീ. ഫിര്‍ബി കോയി പിലായാത്തൊ മേ ക്യാ കരൂം”. (ആളുകള്‍ക്കറിയാം ഞാനൊരു കുടിയനല്ലെന്ന്. എന്നല്‍ ആരെങ്കിലും കുടിപ്പിച്ചാല്‍ ഞാനെന്തു ചെയ്യും) അതു പക്ഷേ, P. K. ഇബ്രാഹിം ആയിരുന്നപ്പൊഴാണ്‌. പിന്നീടെപ്പോഴോ ഉമ്പായിയായി. എല്ലാമുപേക്ഷിച്ചു. രാഗങ്ങളുടെ മേളനം മാത്രമായി. യമന്‍ കല്ല്യാണ്‍, മേഘമല്‍ഹാര്‍, ദര്‍ബാര്‍ ("എനിക്കിതൊന്നും പിടിയില്ലെന്ന്‌ ഉമ്പായി പറയും. മേഘമല്‍ഹാറില്‍ 'പാടുക സൈഗാള്‍ പാടൂ' എന്ന ഗാനം ചിട്ടപ്പെടുത്തണമെന്ന്‌ O. N. V സാര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ അദ്ദേഹം കരുതിക്കാണണം ഞാന്‍ രാഗങ്ങളൊക്കെ വശത്താക്കിയ ആളാണെന്ന്‌") സംഗീതത്തിന്റെ ഈ വിനയം അറിയാത്തത്‌ അറിയില്ലെന്നു പറയാനുള്ള സത്യസന്ധത ഇതു നമ്മെ അയാളിലേക്കടുപ്പിക്കും.

പണ്ടൊരിക്കല്‍ ഒരു ഷാളും കഴുത്തിലിട്ട്‌, അന്യം നിന്നുപോയ, കാറ്റൂത്തിനാല്‍ സംഗീതം പൊഴിക്കുന്നൊരു പെട്ടിയും മീട്ടി ഒരു മധ്യവയസ്ക്കന്‍ ഏഷ്യാനെറ്റില്‍ പാടിക്കൊണ്ടിരുന്നതു ശ്രദ്ധിച്ച അന്നുമുതലുള്ള ഒരു താല്‍പര്യമായിരുന്നു അയാളെ ഒന്നു കാണണം എന്നത്‌. പ്രമുഖരായ ഒരാളെ പോലും കാണാന്‍ അത്ര താല്‍പര്യം തോന്നാത്ത എനിക്ക്‌ ഇങ്ങനെ തോന്നിയത്‌ എന്താവാമെന്നറിഞ്ഞില്ല. പങ്കജ്‌ ഉധാസും ജഗജിത്‌ സിങ്ങുമൊക്കെ നേരത്തെ തന്നെ ഗസല്‍ മനസ്സില്‍ കയറ്റിയിരുന്നതു കൊണ്ടാകാം. യേശുദാസ്‌ കയ്യെത്തുന്ന ദൂരെ വന്നു പോയിട്ട്‌ കാണാന്‍ തോന്നിയിട്ടില്ല. അദ്ദേഹം എന്നും മനസ്സിലുണ്ടായിരുന്നല്ലൊ. പണ്ട്‌ ബോംബേയില്‍ താമസിക്കുമ്പോള്‍ ലതാ മങ്കേഷ്ക്കറെ കണ്ടാല്‍ കൊള്ളാമെന്നു തോന്നിയതൊഴിച്ചാല്‍.

പേര്‍ഷ്യനാണ്‌ ഗസലിന്റെ താവഴി. ഉറുദുഭാഷയുടെ സംഗീതാത്മകതയാണ്‌ അതിന്റെ മാധുര്യം. അതിനാല്‍ അധികവും ഉറുദുവിലായിരുന്നു ഉമ്പായിയുടെ പ്രകടനം. അതദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. മലയാളത്തില്‍ അത്‌ "ഗസലൈസ്‌" ചെയ്യുകയാണെന്നും അതിന്റെ പരിപൂര്‍ണ സുഖം ഉറുദുവിലേ ലഭിക്കൂ എന്നും പറഞ്ഞു. സംഗീതത്തിന്റെ സ രി ഗ മ പോലും അറിയില്ലെങ്കിലും ഒരു ആസ്വാദകനെന്ന നിലയ്ക്ക്‌ തീര്‍ച്ചയായും ഇതേ വിശ്വാസക്കാരനാണ്‌ ഞാനും. ഉറുദു സംഗീതാത്മകമായ ഭാഷയാണ്‌. സച്ചിദാനന്ദന്റേയും യൂസഫലിയുടേയും സര്‍വോപരി O. N. V യുടെയും ഗാനങ്ങളില്‍ മലയാളത്തിലെ സംഗീതാത്മകമായ പദങ്ങള്‍ ചേര്‍ത്തെടുത്തിട്ടും ആ ഗസലുകള്‍ക്ക്‌ ഒരു സുഖം പോരാത്ത പോലെ.

അമ്പേറ്റ കലമാനിന്റെ കണ്ഠ നാളത്തില്‍ നിന്നൊഴുകുന്ന ദുഃഖവും ഇണയെ പിരിയുന്നതിലുള്ള വിരഹവും വേദനയും കലര്‍ന്ന ശബ്ദമാണ്‌ ഗസല്‍. ഇതുതന്നെയാണല്ലൊ ഭാരതീയ കാവ്യസങ്കല്‍പ്പത്തിന്റെ കാതലും. ഇണയെ പിരിഞ്ഞ കിളിയുടെ ദുഃഖം. പക്ഷേ കലമാനിന്റെ കാര്യത്തിലാവുമ്പോള്‍ പ്രാണന്‍ പൊഴിയുമ്പോഴുള്ള തേങ്ങലാണത്‌. അതിന്റെ വേദന ക്ഷണികമെങ്കിലും തീവ്രമാണ്‌.

കൊച്ചിയാണ്‌ ഉമ്പായിയുടെ ജന്മ ദേശം. കൊച്ചി ഉമ്പായിയെ വളര്‍ത്തിയിരിക്കണം, ‘അറബ്‌ സാഗര്‍ കി ലഹരോം കേ നഗ്‌മേ.......’ പിന്നെ, ദില്ലി, കല്‍ക്കത്ത, ബോംബെ ഗലിയോം കാ ഷായര്‍ അങ്ങനെ.ഇടക്കെപ്പോഴോ മുജാവറലിഖാന്റെ സ്വാധീനം. മെഹബൂബ്‌, ബാബുരാജ്‌. പിന്നെ ധാരാളം പ്രശസ്തരും അപ്രശസ്തരും. ചേറു പിടിച്ചു കിടന്ന ഒരു ഓടക്കുഴലിനെ തേച്ചുമിനുക്കിയെടുക്കുകയായിരുന്നു ഈ മഹാരഥന്മാരെല്ലാവരും കൂടി അറിഞ്ഞോ അറിയാതെയോ.

പതുങ്ങി പതുങ്ങി രാത്രി(ചുപ്‌കെ, ചുപ്‌കെ രാത്‌) തീരവേ മെല്ലെ, മെല്ലെ (ആഹിസ്താ, ആഹിസ്താ) മഴ തോരുകയാണ്‌. തോര്‍ന്നാലും മരം അതിന്റെ ഓര്‍മകളെ പെയ്യുന്നതുപോലെ മനസ്സില്‍ തുള്ളി തുള്ളിയായി സംഗീതം ഇറ്റിച്ചുക്കൊണ്ട്‌ പ്രണയത്തിന്റെയും വിരഹത്തിന്റെയും ചിത്രം (തസ്‌വീര്‍ ബനാത്താ) കൊത്തുന്നു. അപ്പോഴും ആരോ പാടികൊണ്ടിരുന്നു മനസ്സില്‍. ഞങ്ങള്‍ ആറുപേരും 'ഒരു വിഷാദ ഗാനം' പോലെ തിരിച്ചു യാത്രയാവുകയാണ്‌.

‘ആപ്ജിസ്‌കേ കരീബ്‌ഹോതേ ഹേ, വോ ബഡേ ഖുഷ്‌ നസീബ്‌ ഹൊതേഹേന്‍ ...’(നീ ആരുടെ സമീപമാണോ അയാള്‍ സന്തോഷത്താല്‍ ഭാഗ്യവാനാണ്‌)

സുബൈര്‍, തുഖുബ
Subscribe Tharjani |
Submitted by ഗസല്‍ കി ശാം (not verified) on Sun, 2006-05-07 12:21.

നഷ്‌ടമായ ഇന്നലകളെ കുറിച്ചുള്ള പാട്ടാണ്‍\ ഗസലുകള്‍.. മധുരസ്വപ്‌നങളേയും മധുശാലകളെയും കുറിച്ച് പാടുന്ന ഗസലുകള്‍.. വര്‍ഷകാലത്തെ കാറ്റില്‍ മനസ്സിന്റെ ആഴങ്ങളീലേക്ക് ചെരിഞ്ഞു ചാറുന്ന മഴയാണു ഗസലുകള്‍.. പിന്നെ.. കേട്ടുകേട്ടവസാനം നെഞ്ചു തകര്‍ന്നു പൊടിയുന്ന ഒരിറ്റു ചോരയും..
പ്രിയ സുബൈര്‍..
വളരെ നന്നായി എഴുതിയിട്ടുണ്ട്..