തര്‍ജ്ജനി

പുസ്തകം

അഭിനേതാവും ആശാന്‍ കവിതയും

ആശാന്‍ കവിതയെ അഭിനേതാവ്‌ വായിക്കുമ്പോള്‍ - മലയാളത്തിലെ ഭിന്നമായ ശ്രമമാണ്‌ മുരളിയുടേത്‌. മുരളിയുടെ അഭിനയമികവിന്‌ കവിതാവായന-പൊതുവില്‍ സാഹിത്യകൃതികളുടെ പാരായണം-എത്രമാത്രം തുണയായി എന്ന്‌ ഈ രചന കാട്ടിത്തരുന്നു. നല്ല നടന്‍ നല്ല സാഹിത്യാസ്വാദകന്‍ കൂടിയായിരിക്കും എന്നും. ആദ്യപതിപ്പ്‌ നന്നായി സീകരിക്കപ്പെടുകയും കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരത്താല്‍ അംഗീകരിക്കപ്പെടുകയും ചെയ്തതിലുള്ള സന്തോഷവും കൃതാര്‍ഥതയും രേഖപ്പെടുത്തിക്കൊണ്ട്‌ രണ്ടാം പതിപ്പ്‌ പുറത്തിറക്കുന്നു.

Rainbow Book

കുമാരനാശാന്റെ കവിതകളില്‍ അന്തസ്സന്നിവേശം ചെയ്തിട്ടുള്ള നാടകീയാംശങ്ങളെ വായനക്കാരുടെ സവിശേഷ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള അത്യപൂര്‍വ്വമായ ഒരു ശ്രമത്തിന്റെ ഫലമാണ്‌ നടന്‍ മുരളിയുടെ ശ്രദ്ധേയമായ ഈ ഗ്രന്ഥം. ഒരു നടന്‍ കവിത വായിക്കുന്നു എന്നതുകൂടാതെ, നാട്യദൃഷ്ടിയോടുകൂടി ഈ കവിതകള്‍ വായിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുകയും തയ്യാറാക്കുകയും കൂടി ചെയ്യുന്നു എന്നതും ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യമായി എടുത്തുപറയാം. ആശാന്‍ കവിതയില്‍ അന്തര്‍ലീനമായിട്ടുള്ള ദൃശ്യപ്പൊലിമ, ആശാന്റെ കാവ്യബിംബങ്ങളിലെ ദൃശ്യാംശസമൃദ്ധി,കണ്ണുകള്‍ക്ക്‌ ആശാന്‍ കൊടുക്കുന്ന ശ്രദ്ധ, ആശാന്റെ കവിതകളിലെ സാത്വികാഭിനയസാദ്ധ്യതകള്‍, മെയ്യും മിഴിയും ഇണക്കുന്ന ആശാന്റെ ഭാവനാശക്തിയും കരവിരുതും, അതിലോലവും സൂക്ഷ്മവുമായ അംഗോപാംഗചലനവിന്യാസംകൊണ്ടു സാധിക്കുന്ന ഭാവാവിഷ്കാരം ഇങ്ങനെ ഇതിനുമുന്‍പ്‌ നിരൂപകശ്രദ്ധയില്‍ വേണ്ടത്ര വ്യക്തമായിട്ടില്ലാത്ത കാവ്യരചനാസിദ്ധികള്‍ മുരളി ഉദാഹരണസഹിതം അവതരിപ്പിച്ച്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരേ സമയം കാവ്യാസ്വാദനസംഹിതയും നാട്യദര്‍ശനവും ഈ കൃതിയില്‍ അഭേദ്യമായി ബന്ധിച്ചിരിക്കുന്നു. നാടകാന്തം കവിത്വം എന്ന്‌ വെറുതെ ഉരുവിട്ടവരൊക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ മറന്നുപോകുകയോ മെനക്കെടാതിരിക്കുകയോ ചെയ്ത കാര്യങ്ങള്‍ തികച്ചും അനായാസമായിത്തന്നെ ഈ നടന്‍ ഉദ്ധരണികളിലൂടെയും വിശദീകരണങ്ങളിലൂടെയും നമുക്ക്‌ വിശ്വാസ്യമാക്കിത്തരുന്നു. വാചികമാധ്യമത്തില്‍ക്കൂടി വായനക്കാരനെ പ്രേക്ഷകനാക്കുന്ന മാന്ത്രികവിദ്യയാണ്‌ മുരളി ഇവിടെ പ്രയോഗിച്ചിരിക്കുന്നത്‌. അഭിനയത്തിന്റെ സൂക്ഷ്മാര്‍ത്ഥത്തില്‍ വായനക്കാരനെ നയിച്ചുകൊണ്ടുപോകുന്ന നടധര്‍മ്മമാണ്‌ അദ്ദേഹം നിര്‍വഹിക്കുന്നത്‌.

ആഢ്യകലാസമ്പ്രദായത്തിലുള്ള നാട്യധര്‍മ്മിയും നാടോടികലകള്‍ക്കു സ്വായത്തമായ ലോകധര്‍മിവിസ്താരവും എല്ലാ രംഗകലാപ്രകടനങ്ങള്‍ക്കും അനുപേക്ഷണീയമായ മനോധര്‍മവിലാസവും എങ്ങനെ ആശാന്റെ വാങ്മയത്തില്‍ സമര്‍ഥമായി അന്തസ്സന്നിവേശം ചെയ്തിരിക്കുന്നു എന്ന അന്വേഷണം വിലപ്പെട്ട ഒരു കാവ്യാസ്വാദനമാര്‍ഗമായി കണക്കാക്കണം. കവിയുടെ ആശയങ്ങള്‍ ആവഹിക്കാനുള്ള ഉപകരണങ്ങളായി മാത്രമല്ല ആശാന്‍ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്‌ എന്ന്‌ മുരളി ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

കവി രംഗപുരോഭാഗത്തേയ്ക്ക്‌ വരുന്നത്‌ ഏറ്റവും ഉചിതവും അനിവാര്യവുമായ സന്ദര്‍ഭങ്ങളില്‍ മാത്രം. പാത്രങ്ങളുടെ ഉള്ളറിഞ്ഞ്‌ കണ്ണും കാതും പുരികവും ചുണ്ടും ശരീരഭാഷയും ചലനവും നിശ്ചലതയും മൌനവാചാലതകളും ഒക്കെക്കൊണ്ട്‌, മഹാകാവ്യ നെടുങ്കുതിരകളെ തകര്‍ത്തു ധൂളി മാത്രമാക്കി, പരിമിത സൂക്ഷ്മിതപദസംയോഗങ്ങളിലൂടെ, അര്‍ഥാനുഭവങ്ങളുടെ പുതിയ ബഹുനിലതലങ്ങള്‍ നിര്‍മിക്കുകയായിരുന്നു കുമാരനാശാന്‍.

മുരളി ഒരു സിനിമാനടന്‍ കൂടിയായതുകൊണ്ട്‌ ഛായാഗ്രഹണകലയിലെ സാങ്കേതികവിദ്യകളുമായി ബന്ധപ്പെടുത്തിയും ആശാന്റെ കവനചാതുരി വിശദീകരിക്കുവാന്‍ ഒരുമ്പെടുന്നുണ്ട്‌. പല അകലങ്ങളില്‍ നിന്നുള്ള രംഗനിരീക്ഷണം ആശാന്റെ എല്ലാ ഖണ്ഡകാവ്യങ്ങളിലും സുലഭമായി കാണാം. അതുപോലെത്തന്നെ പ്രകാശപ്രസരണത്തിലെ ഏറ്റക്കുറച്ചിലുകളും ഒരു നാടകസംവിധായകന്റെ കാഴ്ച്ചപ്പാടോടെ ആശാന്‍ ശ്രദ്ധിച്ചിട്ടുള്ളത്‌ അതേ ശ്രദ്ധയോടെ മുരളി നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. അങ്ങനെ ഒരു പ്രത്യേക വീക്ഷണത്തിലൂടെയാണെങ്കിലും ആശാന്‍കൃതികളുടെ ഒരു സമഗ്രപഠനം തന്നെയാണ്‌ ഈ ഗ്രന്ഥം എന്നു പറയാം. വീണപൂവ്‌, ലീല, നളിനി, ചിന്താവിഷ്ടയായ സീത, കരുണ, ചണ്ഡാലഭിക്ഷുകി, പ്രരോദനം എന്നിങ്ങനെ പ്രധാന കൃതികളോടൊപ്പം ചില ലഘുകവിതകളും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്‌.
എഴുത്തുകാരനും വായനക്കാരനും ഒരുപോലെ അഭിമാനിക്കാന്‍ വകനല്‍കുന്ന ഒരു പഠനമാണിതെന്നു പറഞ്ഞു നിര്‍ത്താം. എല്ലാം പറഞ്ഞുകളഞ്ഞു എന്നു പരാതി വരരുതല്ലോ.

അയ്യപ്പപ്പണിക്കര്‍
Subscribe Tharjani |