തര്‍ജ്ജനി

സംസ്കാരം

പാശ്ചാത്യ പ്രബുദ്ധതയും ജീവിത പ്രതിസന്ധിയും: 2

പാശ്ചാത്യപ്രബുദ്ധതയ്ക്ക് പ്രധാനമായും നാലു ലക്ഷണങ്ങളാണുള്ളത്. ഒന്നാമത്തെ ലക്ഷണം മനുഷ്യസ്വാതന്ത്ര്യത്തിനുമേലുള്ള അതിരുകടന്ന ഊന്നലാണ്. മദ്ധ്യശതകങ്ങളില്‍ യൂറോപ്പിനെ അടക്കിവാണിരുന്ന പ്രഭുത്വത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാനും സഭയുടെയും തിരുവെഴുത്തുകളുടെയും വെളിപാടുകള്‍ അധികാരം വലിച്ചെറിയാനും ഈ സ്വാതന്ത്ര്യപ്രഖ്യാപനം ആഹ്വാനം ചെയ്തു. ഓരോ മനുഷ്യനും അവനവന്റെ അധികാരിയാണ്. ഈശ്വരനോ മതമോ വെളിപാടുകളൊ പാരമ്പര്യമോ ഒന്നും അവന്റെമേല്‍ ആധിപത്യം ചെലുത്താന്‍ പാടില്ല. ഇമ്മാനുവേല്‍ കാന്റ് ആഹ്വാനം ചെയ്തു. : “സധൈര്യം ചിന്തിക്കൂ..സ്വന്തം ഗ്രഹണശക്തിക്കനുസരിച്ചു ജീവിക്കാനുള്ള ധൈര്യം കൈയിലെടുക്കൂ. ഉറക്കത്തില്‍ നിന്നുണരൂ..” മനുഷ്യന്‍ സ്വന്തം സൃഷ്ടിയുടെ അപക്വതയില്‍ അസ്വതന്ത്ര്യനായി കഴിയുന്നു. ഈ അപക്വതയില്‍ നിന്നുള്ള വിമുക്തിയാണ് സ്വാതന്ത്ര്യം എന്ന് ഇദ്ദേഹം കരുതി.

വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള ഊന്നല്‍ ഒരു പടികൂടി കടന്നപ്പോള്‍ “ഞാന്‍’ മാത്രമായി ഈ ലോകത്ത് അവശേഷിച്ചു. അതിരുകടന്ന മാത്സര്യ ബുദ്ധി, അപരനെ (അപരിചിതനെ) അവഹേളിക്കുക, അംഗീകരിക്കാതിരിക്കുക ഇതെല്ലാം ഇന്നു പാശ്ചാത്യരുടെ മുഖമുദ്രകളായി മാറിയിരിക്കുന്നത് ഈ ചിന്താഗതിയുടെ ഫലമായിട്ടാണ്. “എന്റെ അയല്‍ക്കാരന്‍ എന്റെ നരകമാണ്” എന്ന് സാര്‍ത്ര് പറഞ്ഞു. എന്റെ സുഖം , എന്റെ താത്‌പര്യങ്ങള്‍.. അങ്ങനെ എന്റെ കാര്യങ്ങള്‍ക്കു മാത്രം മുന്‍‌ഗണന. വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആവേശത്തില്‍ മൂല്യങ്ങളെ നിഷേധിക്കാനും ജീവിതത്തെ ശാപമായി കാണാനും ആധുനിക ദാര്‍ശനികര്‍ മുറവിളി കൂട്ടി. “ജീവിതം അടിമത്തത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു” എന്നു സാര്‍ത്ര് വിലപിക്കുന്നു.

വൈയക്തിക ജീവിതത്തില്‍ പരമമായ അധികാരം വിധി വിധേയയുക്തിയ്ക്ക് (Critical reason) നല്‍കുക എന്നതാണ് രണ്ടാമത്തെ ലക്ഷണം. കാന്റിന്റെ അഭിപ്രായത്തില്‍ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ മൂന്നു മണ്ഡലങ്ങളായി തിരിക്കാം. : ഒന്ന്, ശുദ്ധയുക്തി (Pure reason) രണ്ട്, പ്രായോഗിക യുക്തി (Practical reason) മൂന്നമത്തേത് ആസ്വാദന വിവേചനയുക്തി (Judgement). ശുദ്ധയുക്തികൊണ്ട് വസ്തുക്കളെയും വിഷയങ്ങളെയും നാം അറിയുന്നു. പ്രായോഗിക ബുദ്ധി എന്തെല്ലാം ചെയ്യണം, ചെയ്യരുത് എന്നു നമ്മെ ഉപദേശിക്കുന്നു. ആസ്വാദന വിവേചനയുക്തി കൊണ്ട് കലാവസ്തുക്കളെയും സാഹിത്യകൃതികളെയും നാം വിലയിരുത്തുന്നു. കാന്റിന്റെ അഭിപ്രായത്തില്‍ അപക്വതയുടെ തടവറയില്‍ നിന്നു വിമുക്തി നേടി സ്വന്തം അസ്തിത്വത്തിന്റെ അധികാരിയായി വളരാന്‍ മനുഷ്യന്‍ വിധിവിധേയയുക്തിയെ ആശ്രയിക്കണം.

കാന്റിന്റെ ചിന്തകളെ ഖണ്ഡിക്കുന്ന തരത്തിലാണു മാര്‍ട്ടിന്‍ ഹൈഡഗ്ഗറിന്റെ വാദഗതികള്‍. കൈമോശം വന്നതോ കരഗതമാകേണ്ടതോ ആയ എന്തിനെയോ ഒന്നിനെ ഉന്നം വയ്ക്കുന്നവനാണ് ആധുനിക മനുഷ്യന്‍ എന്ന് ഹൈഡഗ്ഗര്‍ വിശ്വസിക്കുന്നു. സത്യം എന്തെന്നറിയുവാനുള്ള നിരന്തരമായ അന്വേഷണം ഇദ്ദേഹത്തിന്റെ രചനകളില്‍ കാണാം. സത്യം മറ്റ് ഉണ്മകളെ പോലെയുള്ള ഒന്നല്ലെന്നും അത് ‘ഉള്ളത്’ ഒരു പ്രത്യേക രീതിയിലാണെന്നും ഇദ്ദേഹം വാദിക്കുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായി സത്യം എല്ലാ വിഷയങ്ങളുടെയും പ്രതിഭാസങ്ങളുടെയും ആശയങ്ങളുടെയും നിത്യനിതാന്ത ജീവത്ഭാഷ്യമാണ്. സമസ്ത സൃഷ്ടിജാലങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്ന, സൃഷ്ടിപ്രഹേളികയായ സത്യത്തെ നിഷേധിച്ച് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും അമിതമായി വിശ്വാസമര്‍പ്പിക്കുന്നത് അപകടമാണെന്ന് ഹൈഡഗ്ഗര്‍ മുന്നറിയിപ്പു നല്‍കി.

ഹൈഡഗ്ഗറിന്റെ സമാനചിന്താഗതിക്കാരനാണ് സ്പെന്‍‌ഗ്ലര്‍. ‘ദി ഡിക്ലൈന്‍ ഒഫ് ദ് വെസ്റ്റ് ’ എന്ന ഗ്രന്ഥത്തില്‍ പാശ്ചാത്യ സംസ്കാരത്തിന്റെ പതനത്തെ അദ്ദേഹം മുന്‍‌കൂട്ടി കാണുന്നുണ്ട്. ആസന്നമായിക്കൊണ്ടിരിക്കുന്ന ഒരു ദുരന്തത്തിന്റെ നിഴലാട്ടം സ്പെന്‍‌ഗ്ലറുടെ രചനകളില്‍ കാണാം. ആത്മീയ മൂല്യങ്ങളുടെ തകര്‍ച്ചയാണ് ഇദ്ദേഹത്തെ വേദനിപ്പിച്ചത്. സ്പെന്‍‌ഗ്ലറുടെ ചരിത്രദര്‍ശനവും ഭീതിയും ചരിത്രയാഥാര്‍ത്ഥ്യങ്ങളായി മാറിയില്ലെങ്കില്‍ക്കൂടി അദ്ദേഹത്തിന്റെ പല വീക്ഷണങ്ങളും നാം അംഗീകരിക്കണം.

ശാസ്ത്ര സാങ്കേതിക വിദ്യകളെ മാത്രം യഥാര്‍ത്ഥജ്ഞാനമായി സ്വീകരിക്കുക എന്നതാണ് പാശ്ചാത്യപ്രബുദ്ധതയുടെ മൂന്നമത്തെ ലക്ഷണം. ഭൌതികക്ഷേമം കെട്ടിപ്പടുക്കാന്‍ ആധുനിക ശാസ്ത്രത്തിനു മാത്രമേ കഴിയൂ എന്ന് ഇക്കൂട്ടര്‍ കരുതുന്നു. ബുദ്ധിയും യുക്തിയും കൊണ്ടറിയാവുന്നതും ഗവേഷണശാലയില്‍ പരീക്ഷിച്ചു നോക്കാവുന്നതുമായതിനെ മാത്രമേ ഉണ്മയായി അംഗീകരിക്കൂ എന്നിവര്‍ ശാഠ്യം പിടിക്കുന്നു.

ശാസ്ത്രത്തെ അമിതമായി ആശ്രയിക്കുന്നത് അപകടമാണെന്നു കരുതുന്നവര്‍ ഇന്നു ധാരാളമുണ്ട്. അചിന്തിത യാഥാര്‍ത്ഥ്യവാദം (naive realism) തന്നെ ശാസ്ത്രത്തിന്റെ അടിസ്ഥാന ബലഹീനതയായി ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല. ഒരു വസ്തുവിനു നാം കാണുന്ന രൂപത്തില്‍ നമ്മുടെ പ്രേക്ഷയിലും ഉപലബ്ധിയിലും ആശ്രയിക്കാത്ത സ്വന്തം അസ്തിത്വം ഉണ്ടെന്ന നിലപാടായിരുന്നു ശാസ്ത്രജ്ഞന്മാരുടേത്. ആധുനിക പഠനങ്ങളനുസരിച്ച് ഈ തത്ത്വം തെറ്റാണ്.

വിയന്നാക്കാരനായ ഫ്രിറ്റ്സ് വാള്‍നറുടെ അഭിപ്രായത്തില്‍ ആധുനിക ശാസ്ത്രം യഥാര്‍ത്ഥജ്ഞാനമാണെന്നുള്ള വാദം താത്ത്വികമായി സ്ഥാപിക്കാന്‍ സാദ്ധ്യമല്ല. അദ്ദേഹം തുടരുന്നു : ഉണ്മയിലുള്ള ഒരു യാഥാര്‍ത്ഥ്യത്തെ അതിന്റെ അസ്തിത്വാവസ്ഥയില്‍ വിവരിക്കാന്‍ ശാസ്ത്രത്തിനു കഴിവില്ല. നമ്മുടെ അനുഭവത്തിന്റെയും ചിന്തയുടെയും വെളിച്ചത്തില്‍ നമ്മുടെ മനസ്സു സൃഷ്ടിക്കുന്ന സംസൃഷ്ടിയാഥാര്‍ത്ഥ്യമാണ് ശാസ്ത്രം. ഈ വാദഗതിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രം ആത്യന്തികമായി സത്യമാകണമെന്നില്ല.

മതനിരപേക്ഷതയാണ് നാലാമത്തെ ലക്ഷണം. ഇന്നു നമ്മുടെ പാദസ്പര്‍ശമേല്‍ക്കുന്ന ഇവിടത്തെ മണ്‍ത്തരികളില്‍ വിശ്വാസങ്ങളുടെ പേരില്‍ ബലിക്കഴിക്കപ്പെട്ട എത്രയോ നിരപരാധികളുടെ രക്തക്കറ പുരണ്ടതാണ്. മതത്തിന്റെ പേരില്‍ കലഹിച്ചിരുന്ന യൂറോപ്പില്‍ മതനിരപേക്ഷത അത്യുത്‌കൃഷ്ട ആശയമായി മാറിയതില്‍ അദ്ഭുതപ്പെടാനില്ല. പാശ്ചാത്യരുടെ ഇന്നത്തെ മതനിരപേക്ഷതാവാദം യഥാര്‍ത്ഥത്തില്‍ മതത്തോടുള്ള നിസ്സംഗതാമനോഭാവമാണ്. അനുദിനജീവിതത്തില്‍ ഇവര്‍ മതനിഷേധികളും മതവിരുദ്ധരുമാണ്. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ‘ദൈവം’ ആവശ്യമില്ലാത്ത സങ്കല്‍പ്പമാണ്. സാമൂഹിക-ശാസ്ത്രീയ-സാങ്കേതിക മേഖലകളിലെല്ലാം തന്നെ മതനിഷേധം പ്രകടമാണ്.

പാശ്ചാത്യ പ്രബുദ്ധതയുടെ വിവിധ ദര്‍ശനങ്ങളും സമീപനങ്ങളും സത്യത്തിന്റെ ഭാഗിക ദര്‍ശനം മാത്രമാണ് . സമഗ്രമായ ഒരു ദര്‍ശനം പാശ്ചാത്യലോകത്ത് ഉണ്ടായിട്ടില്ല എന്നു കരുതുന്നതില്‍ തെറ്റില്ല. പരസ്പര പൂരകങ്ങളാകേണ്ട വ്യത്യസ്ത ദരശനങ്ങള്‍ പരസ്പരവിരുദ്ധങ്ങളായി. സനാതനമായ ജീവിത മൂല്യങ്ങളെ അവഗണിക്കുകയും അനുദിന ജീവിതത്തില്‍ നിന്ന് അവയെ ഒഴിവാക്കുകയും ചെയ്തപ്പോള്‍ ജീവിതം സംഘര്‍ഷാത്മകമായി മാറി. ഈ ദര്‍ശനധാരകളുടെ ബഹിര്‍സ്ഫുരണമായ ഇവിടത്തെ നാഗരികത കാലത്തിന്റെ കടലൊഴുക്കിലൂടെ ബഹുദൂരം സഞ്ചരിച്ച്, മോചകഭൂമിയുടെ പടിവാതുക്കല്‍ എത്തി എന്ന് അഭിമാനിക്കുന്ന ഇന്ന് ഈ സംസ്കാരത്തിന്റെ സമസ്തജാടകളും വികല്‍പ്പിത വിശ്വാസങ്ങളുടെ വിഴുപ്പുഭാരങ്ങളും തകര്‍ന്നടിയുകയല്ലേ എന്നു സംശയിക്കണം. അനുദിന സംഭവങ്ങള്‍ അങ്ങനെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നില്ലേ? പാശ്ചാത്യന്റെ ബുദ്ധിയില്‍ നിന്നുരുത്തിരിയുന്ന അപഗ്രഥനാത്മകമായ അറിവല്ല പ്രബുദ്ധത; അനുശാസനാബദ്ധവും അനുക്രമവുമായ നിരന്തരസഞ്ചിന്തനങ്ങളിലൂടെ നേടിയെടുക്കുന്ന ജീവിതചര്യകളുടെ അത്യന്തികമായ സാഫല്യമാണ്. സത്യത്തെ സമഗ്രമായി കാണാനുള്ള കഴിവുകേട് പാശ്ചാത്യ ചിന്തയുടെ മുഖമുദ്രയാണ്. ദര്‍ശനം ജീവിതഗന്ധിയാവണം. ഇതില്‍ പാശ്ചാത്യദര്‍ശനങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു.

ആന്റണി പുത്തന്‍പുരയ്ക്കല്‍
Subscribe Tharjani |