തര്‍ജ്ജനി

മുഖമൊഴി

സക്കറിയയും ചിത്രലേഖയും ചിന്തിക്കുന്ന ചെറുപ്പക്കാരും

പയ്യന്നൂരില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു് എഴുത്തുകാരനും മാദ്ധ്യമപ്രവര്‍ത്തകനുമായ സക്കറിയ നടത്തിയ പ്രസംഗം കേട്ടു് കുപിതരായ ഒരു സംഘം ചെറുപ്പക്കാര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. സാംസ്കാരികകേരളത്തിനു് അപമാനമായ ഒരു നടപടിയാണു് ഇതെന്നു് പലരും ഇതിനെക്കുറിച്ചു് പ്രതികരിക്കുകയുണ്ടായി. അക്രമസംഭവത്തില്‍ തങ്ങളുടെ സംഘടനയ്ക്കു് പങ്കില്ലെന്നു് ഡി.വൈ.എഫ്.ഐ പ്രസ്താവിക്കുകയുണ്ടായി. മറ്റു് സംഘടനകളൊന്നും ഇങ്ങനെ പങ്കില്ലെന്നു് പറഞ്ഞിട്ടില്ല, അവരുടെ നേരെ ആരോപണത്തിന്റെയോ സംശയത്തിന്റെയോ മുന നീളുന്നുമില്ല. ചത്തതു് കീചകനെങ്കില്‍ എന്ന ന്യായം അനുസരിച്ചു് കൃത്യം നിര്‍വ്വഹിച്ചവര്‍ ആരായിരിക്കും എന്നു് പൊതുജനം മനസ്സിലാക്കിയിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ചു് പി.കെ.പോക്കര്‍ ദേശാഭിമാനി പത്രത്തിലും അശോകന്‍ ചരുവില്‍ മാദ്ധ്യമത്തിലും ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഈ സംഭവങ്ങള്‍ നടക്കുന്നതിനിടയില്‍ പയ്യന്നൂരില്‍ ഉണ്ടായ മറ്റൊരു സംഭവത്തിലെ പീഡിതവ്യക്തിയാണു് ചിത്രലേഖ. ചിത്രലേഖ കഴിഞ്ഞ കുറച്ചുകാലമായി മാദ്ധ്യമവാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയാണു്. പത്രങ്ങള്‍ പ്രാദേശികഎഡിഷനുകളായി ചുരുങ്ങിപ്പോയതിനാല്‍ ഒരു പക്ഷേ വടക്കന്‍ കേരളത്തിലെ എഡിഷനുകള്‍ വായിക്കുന്ന വായനക്കാര്‍ മാത്രമായിരിക്കും ചിത്രലേഖയുടെ പീഡാനുഭങ്ങളെക്കുറിച്ചു് അറിഞ്ഞിരിക്കാനിടയുള്ളൂ. ദലിത് വിഭാഗത്തില്‍പ്പെട്ട ചിത്രലേഖ തൊഴിലിനായി ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിക്കുകയും ലോണെടുത്തു് ഒരു ഓട്ടോറിക്ഷ വാങ്ങുകയും ചെയ്തു. അതോടെ ചിത്രലേഖയുടെ ദുരിതകഥകള്‍ ആരംഭിക്കുന്നു. ഓട്ടോറിക്ഷാ സ്റ്റാന്റില്‍ വണ്ടി പാര്‍ക്കുചെയ്യാന്‍ സംഘടിതറിക്ഷാഡ്രൈവര്‍മാര്‍ അനുവദിച്ചില്ല. അതോടെ തര്‍ക്കം ആരംഭിക്കുന്നു. ഇതിനിടയില്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ചു് നശിപ്പിക്കപ്പെട്ടു. കൗതുകകരമായ കാര്യം ഈ തൊഴില്‍വിഭാഗത്തിലെ സംഘടനകളൊന്നും ചിത്രലേഖയുടെ രക്ഷയ്ക്കെത്തിയില്ല എന്നു മാത്രമല്ല, അവര്‍ക്കെതിരായി സംഘടിതതൊഴിലാളികള്‍ക്കൊപ്പമായിരുന്നു. തൊഴില്‍ ചെയ്യാനും ജീവിക്കാനുമായുള്ള അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരമായ യുദ്ധമാണു് ചിത്രലേഖ അക്കാലം മുതല്‍ നടത്തുന്നതു്. സക്കറിയയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ഇരമ്പിയതു് വാര്‍ത്തയാവുന്ന സമയത്തു് പത്രത്തിന്റെ ഒരു കോണില്‍ ചിത്രലേഖയ്ക്കു് പുതുതായി അനുഭവിക്കേണ്ടിവന്ന ദുരിതത്തെക്കുറിച്ചു് പ്രാദേശികവാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ഒരു മെഡിക്കല്‍ ഷോപ്പിനുമുമ്പില്‍ മരുന്നു വാങ്ങാന്‍ വണ്ടി നിറുത്തിയ ചിത്രലേഖയോട് ചിലര്‍ തര്‍ക്കിക്കുകയും അതിനിടെ സംഭവസ്ഥലത്തെത്തിയ പോലീസ് ചിത്രലേഖയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോവുകയും വണ്ടി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പോലീസ് നീതിനടത്തിപ്പിന്റെ ആവേശത്തില്‍ പ്രവര്‍ത്തിക്കുകയാണു്. അതിലെ അനീതിയെക്കുറിച്ചുള്ള മുറവിളി ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ടു്. പക്ഷെ അവയൊന്നും മുഖ്യധാരാമാദ്ധ്യമങ്ങളിലെ പ്രധാനവാര്‍ത്തകളല്ല.

സമകാലികകേരളത്തിലെ ഈ രണ്ടു് സംഭവങ്ങളും ഗൗരവപൂര്‍ണ്ണമായ ആലോചനകള്‍ക്കു് വിധേയമാവേണ്ടതാണു്. അതോടൊപ്പം ഇത്തരം വിഷയങ്ങളിലുള്ള പൊതുസാമൂഹികധാരണകളും മുഖ്യധാരാമാദ്ധ്യമങ്ങളുടെ നിലപാടും ആലോചനാവിധേയമാവേണ്ടതാണു്. സക്കറിയയെ കയ്യേറ്റം ചെയ്യപ്പെട്ട സംഭവം തന്നെ ആദ്യം നോക്കാം. കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനമോ, അതല്ലെങ്കില്‍ നവോത്ഥാനപ്രസ്ഥാനത്തിന്റെ തുടര്‍ച്ചക്കാരോ ആണു് കമ്യൂണിസ്റ്റുകാര്‍ എന്നും, അവര്‍ ലൈംഗികത, കുടുംബബന്ധങ്ങള്‍ എന്നിവയെക്കുറിച്ചു് നവോത്ഥാനമാനവികതയ്ക്കു വിരുദ്ധമായ ചിന്തകള്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്നുവെന്നുമുള്ളതിലുള്ള ഉത്കണ്ഠയാണത്രെ സക്കറിയ പയ്യന്നൂരില്‍ പ്രകടിപ്പിച്ചതു്. തന്റെ വാദങ്ങള്‍ ബലപ്പെടുത്താനായി പഴയകാലകമ്യൂണിസ്റ്റുകാര്‍ ലൈംഗികതയെക്കുറിച്ചു് ഉദാരമാനവികസമീപനമുള്ളവരായിരുന്നുവെന്നു് ചൂണ്ടിക്കാണിക്കാന്‍ അദ്ദഹം ശ്രമിക്കുകയും ചെയ്തു. ഇതു പക്ഷെ, ഉദ്ദിഷ്ടഫലമല്ല സൃഷ്ടിച്ചതു്. എന്നുമാത്രമല്ല, വിപരീതഫലം ഉളവാക്കുകയും ചെയ്തു. എന്താവാം കാരണം? പഴയകാലത്തെ ഉദാരമാനവികതയില്‍ നിന്നു് കമ്യൂണിസ്റ്റുകാര്‍ വ്യതിചലിച്ചുവെന്നതിനാലാകുമോ?

സക്കറിയയുടെ ധാരണപ്പിശകുകളാണു് പ്രശ്നങ്ങള്‍ക്കു് കാരണം എന്നു് പറയാതിരിക്കാനാവില്ല. കേരളീയ നവോത്ഥാനവും കമ്യൂണിസ്റ്റുകാരും തമ്മില്‍ ഉണ്ടു് എന്നു് സക്കറിയ കണക്കാക്കുന്ന ബന്ധം തന്നെയാണു് ഈ ധാരണപ്പിശകുകള്‍ക്കെല്ലാം അടിസ്ഥാനം. ആധുനികകേരളത്തിന്റെ രൂപീകരണപ്രക്രിയയില്‍ കമ്യൂണിസ്റ്റുകാര്‍ക്കു് എന്തു പങ്കു് ഉണ്ടെന്നാണു് ഈ സാമൂഹികചിന്തകന്‍ കരുതുന്നത്? കമ്യൂണിസ്റ്റുകാര്‍ നയിച്ച സാംസ്കാരികനവോത്ഥാനമാണു് ആധുനികകേരളം സൃഷ്ടിച്ചതെങ്കില്‍, ആ സൃഷ്ടിപ്രക്രിയയ്ക്കു് എത്രകാലത്തെ ചരിത്രം ഉണ്ടാകും? കാലബോധം അലങ്കോലപ്പെട്ട ഒരാള്‍ക്കേ ഇത്തരം അബദ്ധം എഴുന്നള്ളിക്കാനാകൂ. അയ്യങ്കാളി, ശ്രീനാരായണഗുരു തുടങ്ങിയ കീഴാളസാമൂഹികാചാര്യന്മാരില്‍ നിന്നും ആരംഭിച്ച സംഘടിതശ്രമങ്ങളാണു് ആധുനികകേരളത്തിനു് അടിത്തറയിട്ടതെന്ന സത്യം സക്കറിയയെ കയ്യേറ്റം ചെയ്യാന്‍ പോയ ഡി വൈ എഫ് ഐക്കാര്‍ക്കു് വരെ അറിയാം എന്നതിനാലാണു്, അവരുടെ സമ്മേളനങ്ങള്‍ക്കു് നവോത്ഥാനം എന്നൊക്കെ പേരിടുമ്പോള്‍ ശ്രീനാരായണഗുരുവിന്റേയും മറ്റും ചിത്രം പരസ്യത്തിനായി ഉപയോഗിക്കുന്നതു്. മഹാത്മാഗാന്ധി, വിവേകാനന്ദന്‍ എന്നിങ്ങനെ പലരുടേയും ചിത്രങ്ങള്‍ പരസ്യത്തിനു് ഉപയോഗിക്കുകയാണു് ഇപ്പോള്‍ അവരുടെ രീതി. സക്കറിയയുടെ നവോത്ഥാനചരിത്രം ഒരല്പം ആവേശത്തോടെ വലിച്ചു നീട്ടിയാല്‍ ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ എന്നിവരെല്ലാം കമ്യൂണിസ്റ്റുമാനവികതയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടവരാണു് എന്നു വരെ വാദിക്കാം. ഡി വൈ എഫ് ഐക്കാര്‍ പോലും ആ പൈതൃകത്തിന്റെ ഒരു വിനീതമായ പങ്കു് മാത്രമേ അവകാശപ്പെടുന്നുള്ളൂ.

പയ്യന്നൂര്‍ സംഭവത്തിനു് ശേഷം സക്കറിയ പറഞ്ഞതായി പത്രങ്ങളില്‍ വന്ന കാര്യങ്ങളില്‍ ചിലതു് ചൂണ്ടിക്കാണിക്കട്ടെ. പേടിച്ചിട്ടാണു് പോലീസില്‍ പരാതിപ്പെടാതിരുന്നതു്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അസംബ്ലിയില്‍ എല്‍.ഡി.എഫിനും ലോസഭയില്‍ യു.ഡി.എഫിനുമാണു് വോട്ട് ചെയ്തത് ...... പേടിയുള്ള ഒരാള്‍ വേദിയില്‍ ഇത്രയും ധീരത കാണിക്കുന്നതും പിന്നെ ഞാന്‍ നിങ്ങളുടെ ആളാണു് എന്നു ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും കൗതുകകരമായ കാര്യമാണു്.

പയ്യന്നൂരിനെപ്പറ്റി പറയുമ്പോള്‍ ഇത്തരം സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ട ഒരു പേരാണു് സ്വാമി ആനന്ദതീര്‍ത്ഥന്റേത്. ശ്രീനാരായണശിഷ്യനായിരുന്ന അദ്ദേഹത്തെ ഗൗഡസാരസ്വതബ്രാഹ്മണനാണു് എന്ന ഒറ്റക്കാരണത്താല്‍ ആശ്രമാധിപസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടു. ഗത്യന്തരമില്ലാതെ അദ്ദേഹം കോടതിയിലൂടെ തന്റെ അര്‍ഹത തെളിയിച്ചു് ആശ്രമാധിപനാവുകയും അതോടൊപ്പം രാജിക്കത്തെഴുതി പുറത്തുപോവുകയും ചെയ്തു. ശ്രീനാരായണപൈതൃകം ജാതിപിന്തുടര്‍ച്ചയിലൂടെ വേണം എന്നു കരുതുന്നവരോടൊപ്പം ഇരിക്കാന്‍ വയ്യ എന്നു് നിശ്ചയിച്ച ആനന്ദതീര്‍ത്ഥസ്വാമികളുടെ ശിഷ്ടജീവിതം പിന്നോക്ക-ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം വിനിയോഗിച്ചു. അദ്ദേഹം നടത്തിയ എല്ലാ പോരാട്ടങ്ങളിലും സക്കറിയയ്ക്കു് ലഭിച്ചതിലേറെ അവമതിയും ആക്രമണവും അദ്ദേഹത്തിനു് നേരിടേണ്ടി വന്നു. തല്ലുകൊള്ളിസ്വാമി എന്നു് പരിഹാസത്തോടെ അദ്ദേഹം അറിയപ്പെട്ടു. ഇതെല്ലാം നടക്കുന്നതു് സ്വതന്ത്രഭാരതത്തിലും ഐക്യകേരളത്തിലുമാണു് എന്നു കൂടെ ഓര്‍ക്കുക. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം പയ്യന്നൂരും വടക്കന്‍ കേരളവുമായിരുന്നു. അവിടെ കമ്യൂണിസ്റ്റു് പാര്‍ട്ടി വളരുകയും പാര്‍ട്ടിഗ്രാമങ്ങളായി രൂപപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലാണു് ദലിത് വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ക്ലിഷ്ടപഥങ്ങളില്‍ ഈ ഏകാന്തപഥികന്‍ സഞ്ചരിച്ചതു്, നിര്‍ഭയനായി. അദ്ദേഹത്തിനു് ഒരു രാഷ്ട്രീയകക്ഷിയുടേയും പിന്തുണയുണ്ടായിരുന്നില്ല. നവോത്ഥാനപൈതൃകം ദിശമാറി സഞ്ചരിച്ചപ്പോള്‍ ഒപ്പം സഞ്ചരിച്ചു് അതിന്റെ ഗുണഭോക്താവാകാന്‍ വിസമ്മതിച്ച ആനന്ദതീര്‍ത്ഥന്റെ കര്‍മ്മഭൂമിയില്‍ നിന്നു് ഒരല്പം തെറിവിളിയും കയ്യേറ്റശ്രമവും നേരിടേണ്ടിവന്നപ്പോള്‍ തകര്‍ന്നു പോവുകയും ഭയപ്പെട്ടുപോയി എന്നു ഏറ്റുപറയുകയും ചെയ്യുന്ന വിധത്തില്‍ പരിക്ഷീണമാണോ കേരളത്തിന്റെ സാംസ്കാരികനേതൃത്വം?

ഇവിടെയാണു് ചിത്രലേഖയുടെ പോരാട്ടങ്ങളുടെ പ്രസക്തി. തികച്ചും പ്രതികൂലമായ സാമൂഹികസാഹചര്യത്തില്‍ സ്വന്തം പോരാട്ടം അവസാനിപ്പിച്ചു് കീഴടങ്ങാന്‍ ചിത്രലേഖയ്ക്കാവില്ല. കാരണം, അതു് അവരുടെ നിലനില്പിന്റെ, ഉപജീവനത്തിന്റെ പ്രശ്നമാണു്. തൊഴിലെടുത്തു് ജീവിക്കുവാനുള്ള അവരുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാന്‍ നവോത്ഥാനനിലയവിദഗ്ദ്ധരാരും ഇതുവരെ എത്തിയിട്ടില്ല. ഒരു പക്ഷേ, അവരെല്ലാം പേടിച്ചു പോയിരിക്കണം. ഏതാനും സ്വതന്ത്രവ്യക്തികളാണു് അവരുടെ കയ്യിലുള്ള പരിമിതമായ വിഭവങ്ങളുമായി ചിത്രലേഖയെ പിന്തുണയ്ക്കുന്നതു്. പൗരാവകാശവും ജനാധിപത്യാവകാശങ്ങളും മൊത്തമായി ഹനിക്കപ്പെടുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ എത്രയോ കാലമായി കേരളത്തില്‍ നടക്കുന്നുണ്ടു്. എങ്ങു മനുഷ്യനു് ചങ്ങല കൈകളില്‍ അവിടെന്‍ കൈകള്‍ നൊന്തിടുകയാണു് എന്ന മട്ടില്‍ പാടുന്ന പാട്ടുകാര്‍ പോലും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയലേയും വേദനകളും പ്രശ്നങ്ങളും മാത്രമേ കണ്ടിരുന്നുള്ളൂ. ഒരു പക്ഷേ, ഈ നിലപാടിലൂടെ ആഗോളവത്കരണത്തിന്റെ പാട്ടുകാര്‍ എന്നു അവര്‍ സ്വയം വിശേഷിപ്പിക്കുകയാവാം. ആഗോളമുസ്ലീംപ്രശ്‌നത്തിന്റെ പേരില്‍ മുസ്ലിം രാഷ്ട്രീയം പരിവര്‍ത്തിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നതു്. അതിനിടയില്‍ അയല്‍പക്കക്കാരന്റെ തികച്ചും പ്രാദേശികമായ പ്രശ്നത്തിനെന്ത് മൂല്യമാണുള്ളത്. അതിനാല്‍ ചുരുങ്ങിയതു് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രശ്നമെങ്കിലും ചര്‍ച്ചചെയ്യണം. സാന്മാര്‍ഗ്ഗികപോലീസിംഗിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്ന അറിയപ്പെടാത്തവനെ പിന്തുണച്ചിട്ടെന്തു കാര്യം? ഒരു പക്ഷേ, അറിയപ്പെടാത്തവനെ പിന്തുണയ്ക്കാനുള്ള നവോത്ഥാനചരിത്രം ഇനിയും രൂപപ്പെട്ടിട്ടില്ല എന്നതിനാലായിരിക്കാം. എന്തിനും ഒരു ന്യായവും തിയറിയും വേണമല്ലോ.

എന്നാല്‍ ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്കു് അത്തരം സിദ്ധാന്തങ്ങളൊന്നും വേണമെന്നില്ല. അവര്‍ സ്ഥിരമായി സമരത്തിനു് പോകുന്നവരും തല്ലു കൊള്ളണമെങ്കില്‍ കൊള്ളുന്നവരുമാണു്. അതു പോലെ തങ്ങളുടെ പരിമതിമായ രാഷ്ട്രീയചിന്തയില്‍ ശരിയല്ലെന്നു തോന്നുന്ന വല്ലതും കണ്ടാല്‍ സമരത്തിനൊക്കെ പോവുമ്പോള്‍ പ്രതികരിക്കുന്നതു പോലെ പ്രതികരിക്കും. അക്കാര്യത്തില്‍ അവര്‍ക്കു് സന്ദേഹങ്ങള്‍ ഏതുമില്ല. ഇന്നലെവരെ തങ്ങളുടെ നേതാവായിരുന്നയാള്‍ ഇന്നു് മറുകണ്ടം ചാടിനില്ക്കുന്നുവെന്നാണെങ്കിലും ഭൂതകാലത്തെപ്പറ്റി ചിന്തിച്ചു് അവര്‍ അലോസരപ്പെടുകയില്ല. അതാണു് അവരുടെ ചിന്തയുടെ വിശേഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത കണക്കൊന്നും അവിടെ വിലപ്പോകാനിടയില്ല. സക്കറിയ പ്രശ്നത്തെക്കുറിച്ചു് പി. കെ. പോക്കര്‍ എഴുതിയ ലേഖനം ഇത്തരം ചിന്തിക്കുന്ന യുവാക്കളില്‍ പ്രത്യാശ അര്‍പ്പിക്കുന്നു. അദ്ദേഹം പറയുന്നതു് സക്കറിയ കമ്യൂണിസ്റ്റുകാരുടെ സദാചാരത്തെക്കുറിച്ചു് നല്ല അഭിപ്രായമുള്ളയാളായിരുന്നു. ടി. പി. രാജീവന്‍ എഴുതിയ പാലേരിമാണിക്യം കൊലപാതകം പാതിരാക്കൊലപാതകത്തിന്റെ കഥ വായിച്ചിട്ടോ ആ നേവലിനെ ആധാരമാക്കിയ സിനിമ കണ്ടിട്ടോ ആവാം സക്കറിയയുടെ ധാരണകള്‍ മാറിയതു് എന്നാണു് പോക്കര്‍ സംശയിക്കുന്നതു്. അദ്ദേഹം പാലേരിയില്‍ ചിന്തിക്കുന്ന ചെറുപ്പക്കാരില്ലേ എന്നു് അത്ഭുതം കൂറുന്നുമുണ്ടു്. അതിലെ സൂചന, സക്കറിയയ്ക്കു് നല്കിയതു് ടി. പി. രാജീവനും നല്കണം എന്നായിരിക്കും എന്നു് സംശയിക്കാതിരിക്കുന്നതെങ്ങനെ?

ആനന്ദതീര്‍ത്ഥന്റേയും ചിത്രലേഖയുടേയും അനുഭവങ്ങളെ ആധാരമാക്കി ചിന്തിക്കുമ്പോള്‍, ഇവര്‍ക്കില്ലാത്ത ഏതു് യോഗ്യതയുടെ പേരിലാണു് എഴുത്തുകാരന്റെ പൗരാവകാശം സവിശേഷതയുള്ളതായിത്തീരുന്നതു് എന്ന ചോദ്യം ബാക്കിയാവുന്നു. പര്‍ദ്ദ ധരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യരുതെന്നു് ഒരു മുന്‍കൂര്‍ജാമ്യഹരജിയില്‍ ഈയിടെ കേരള ഹൈക്കോടതിയില്‍ വാദിച്ചിരുന്നല്ലോ. കഥകളും കവിതകളും നോവലും നാടകവും നിരൂപണവും എഴുതുന്നവര്‍ക്കു് ജനസാമാന്യത്തിനുള്ളതില്‍ കവിഞ്ഞ പൗരാവകാശം ഉണ്ടോ? അത്തരം പൗരാവകാശത്തിന്റെ പേരില്‍ അധിക്ഷേപത്തില്‍ നിന്നും കയ്യേറ്റശ്രമത്തില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതുണ്ടോ? അങ്ങനെ രക്ഷപ്പെടാനുള്ള സംവിധാനമുണ്ടായാല്‍ അതു് മലയാളത്തില്‍ ധാരാളം പുതിയ സാഹിത്യകാരന്മാരുടെ പ്രവേശനത്തിനു് വഴിയൊരുക്കും. മന്ത്രിക്കവികളായിരിക്കട്ടെ അവരുടെ നേതാക്കള്‍.

Subscribe Tharjani |
Submitted by നന്ദന (not verified) on Thu, 2010-02-11 11:47.

സക്കറിയയുടെ ആവിഷ്ക്കാര സ്വാതന്ത്രത്തിനു നേരേ നടന്ന കയ്യേറ്റത്തേകുറിച്ച് ഒരു പാട് ചർച്ചകൾ ബൂലോകത്ത് നടന്നിട്ടുണ്ട് അവിടെയൊക്കെ കൂടുതൽ പേരും സക്കറിയയേ അനുകൂലിക്കുന്നതാണ് കണ്ടത്. പക്ഷെ ഇവിടെ സക്കറിയ സംരക്ഷിക്കപ്പേടണോ എന്ന് ചോദിക്കുന്നതാണ് കാണുന്നത്. ചിത്രലേഖയോടുള്ള താരതമ്മ്യം എത്രത്തോളം ഉൽക്കൊള്ളാൻ കഴിയുന്നു എന്നതിനെ അടിസ്ഥാനപ്പെട്ട് കിടക്കും ഓരുരുത്തരുടേയും അഭിപ്രായങ്ങൾ. ആക്രമണം എന്ന ലേബലിൽ ഇവർ രണ്ടുപേരും ഒന്നാണെങ്കിലും മനുഷ്യത്വം മുന്നിർത്തിയാൽ ചിത്രലേഖ മുന്നിൽ വരുമങ്കിലും രാഷ്ട്രിയ ചേരിതിരിവും കേരള സമൂഹവും അറിയുന്ന ഒരാൾ സക്കറിയയുടെ ഭാഗത്ത് ജനക്കൂട്ടം കാണുമ്പോൽ അതിശയപ്പെടുകയില്ല. കൂടുതൽ മനസ്സിലാക്കണമെങ്കിൽ എഴുതിവിടുന്ന ലേഖനങ്ങൽ നോക്കിയാൽ മതി. എത്രപേർ ചിത്രലേഖയേ കുറിച്ച് എഴുതി. ആ ഒരർഥത്തിൽ നോക്കിയാൽ ഈ ലേഖനം എന്ത് കൊണ്ടും വായിക്കപെടേണ്ടതാണ്. പിന്നെ പോക്കർമാഷുടെ കാര്യം ഇടതുപക്ഷക്കാരനായിട്ടും പഴയ ഫ്യൂഡൽ ചിന്ത വിട്ടിട്ടില്ല എന്ന് മനസ്സിലാക്കാം.

Submitted by Anonymous (not verified) on Thu, 2010-02-11 21:43.

പാര്‍ട്ടി നഗ്നമാണെന്ന്ള്ള സത്യത്തെ
പാര്‍ട്ടി ഭക്തന്മാര്‍ നടുങ്ങുമാറൂച്ചത്തില്‍
എന്നൂം വിളിച്ചുചൊല്ലീടുവാന്‍ ഉണ്ണി നിന്‍
നാവിനൂണ്ടാകട്ടെ ശക്തിയും ധൈര്യവും

Submitted by ചാര്‍‌വാകന്‍‌ (not verified) on Fri, 2010-02-12 13:16.

ഇതില്‍‌ പരം ഈ വിഷയത്തില്‍‌ പ്രതികരിക്കാനവില്ല.നന്ദി,ഒരായിരം.

Submitted by Bachoo (not verified) on Mon, 2010-02-22 19:56.

അഹോ വിചിത്രം മഹാമതെ!
സക്കറിയക്കു അഭിപ്രായ സ്വാതന്ത്ര്യം വേണമെങ്കില്‍ ദളിത് പീഡനം അവസാനിച്ചിട്ടു മതി എന്ന യുക്തി എന്തോ എനിക്കൊട്ടും മനസിലാകുന്നില്ല; ഞാനൊരു മാവിലായിക്കാരന്‍!

Submitted by അനൂപ്. പി.കെ (not verified) on Mon, 2010-02-22 21:48.

മാവിലായിക്കാരന്‍ ലേഖനത്തിലെ ഈ ഭാഗം വായിച്ചില്ലേ, അതോ വായിച്ചത് മറന്നുപോയതോ?

ആനന്ദതീര്‍ത്ഥന്റേയും ചിത്രലേഖയുടേയും അനുഭവങ്ങളെ ആധാരമാക്കി ചിന്തിക്കുമ്പോള്‍, ഇവര്‍ക്കില്ലാത്ത ഏതു് യോഗ്യതയുടെ പേരിലാണു് എഴുത്തുകാരന്റെ പൗരാവകാശം സവിശേഷതയുള്ളതായിത്തീരുന്നതു് എന്ന ചോദ്യം ബാക്കിയാവുന്നു. പര്‍ദ്ദ ധരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യരുതെന്നു് ഒരു മുന്‍കൂര്‍ജാമ്യഹരജിയില്‍ ഈയിടെ കേരള ഹൈക്കോടതിയില്‍ വാദിച്ചിരുന്നല്ലോ. കഥകളും കവിതകളും നോവലും നാടകവും നിരൂപണവും എഴുതുന്നവര്‍ക്കു് ജനസാമാന്യത്തിനുള്ളതില്‍ കവിഞ്ഞ പൗരാവകാശം ഉണ്ടോ?

വേദിയില്‍ ശൂരനും പുറത്ത് ഭീരുവുമായി പെരുമാറുന്ന സഹതാപജനകസാംസ്കാരികനായകന്മാരെക്കുറിച്ചാണല്ലോ ഈ ലേഖനം ആലോചിക്കുന്നത്. അത്തരം ഗുണഭോക്തൃസാംസ്കാരികന്മാര്‍ക്ക് യോജിക്കാന്‍ വിഷമം കാണും. എന്നാല്‍ ദുര്‍വ്യാഖ്യാനത്തിലൂടെ മിടുക്കുകാണിക്കാന്‍ നോക്കേണ്ടതില്ല.

Submitted by Bachoo (not verified) on Tue, 2010-02-23 12:16.

"കഥകളും കവിതകളും നോവലും നാടകവും നിരൂപണവും എഴുതുന്നവര്‍ക്കു് ജനസാമാന്യത്തിനുള്ളതില്‍ കവിഞ്ഞ പൗരാവകാശം ഉണ്ടോ?"
കവിഞ്ഞത് വേണ്ട.... അടിസ്ഥാനപരമായത് മതി..... തന്റെ നിലപാട് തറയില്‍ സംവദിക്കാനും അഭിപ്രായം പറയാനും; അയാളുടെ മെറിറ്റ്‌ ഇവിടെ സംഗതമല്ല... സുകുമാര്‍ അഴീകോട് ആരെയൊക്കെ ചീത്ത വിളിച്ചു നടക്കുന്നു?!
ജനാധിപത്യം, പൌരാവകാശം എന്നൊക്കെ പുരപ്പുറത്ത് ഒരിയിടുന്നവരാണ് നാം.
ചിത്രലെഖക്ക് നീതി കിട്ടണം എന്ന കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം എനിക്കില്ല...
പക്ഷെ ചിത്രലേഖ - സകറിയ കിച്ചടി റെസിപ്പിയാണ് പിടി കിട്ടാത്തത്! (ചിത്രലേഖക്ക് നീതി കിട്ടാത്തിടത്തോളം സകറിയക്ക്‌ തല്ലു കൊള്ളാം എന്ന യുക്തി!....)

Submitted by അനൂപ്. പി.കെ (not verified) on Tue, 2010-02-23 12:56.

ചിത്രലേഖയ്ക്ക് നീതി കിട്ടാത്തിടത്തോളം സക്കറിയയ്ക്ക് തല്ല് കിട്ടിക്കോട്ടെ എന്നോ ആര്‍ക്ക് തല്ലുകിട്ടിയാലും പ്രശ്നമില്ല എന്ന നിലപാട് ഈ ലേഖനത്തിനുണ്ട് എന്നത് ദുര്‍വ്യാഖ്യാനമാണ്. അങ്ങനെ ഒരു സൂചനയില്ല. മാത്രമല്ല, താങ്കള്‍ അംഗീകരിക്കുന്ന കാര്യം തന്നെയാണ് ഈ ലേഖനത്തിലുള്ളത്, എഴുത്തുകാരനും ബുദ്ധിജീവിക്കും സാംസ്കാരികനായകന്മാര്‍ക്കും സവിശേഷമായ പൌരാവകാശം ഇല്ല എന്നത്.

സക്കറിയ വേദിയില്‍ ധീരനും പുറത്ത് ഭീരുവുമായിപ്പോയി എന്ന് ലേഖനം ആരോപിക്കുന്നു. ശരിയല്ലേ? സക്കറിയ തന്നെ അങ്ങനെ ഏറ്റു പറഞ്ഞിട്ടുണ്ട്. സുകുമാര്‍ അഴീക്കോട് സിപിഎം സഹചാരിയായി വേദിയില്‍ പെരുമാറുകയാണ്. സിപിഎമ്മിന്റെ നെറികേടുകളെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് ആവുമോ? അപ്പോളറിയാം വിശേഷം. പണ്ട് അഴീക്കോടിന്റെ കോലം കത്തിച്ചവരാണ് ഡിവൈഎഫ്ഐക്കാര്‍. ഇപ്പോള്‍ കത്തിക്കാത്തത് അവരുടെ കൂടെയാണെന്നതിനാലാണ്. എം.എന്‍.വിജയനും അനുയായികള്‍ക്കും ഉണ്ടായ സമീപകാലാനുഭവം കൂടി ഓര്‍ക്കുക. പി.ഗീതയും ആസാദും ഇപ്പോള്‍ എസ് യു സി ഐ വേദികളിലാണ് പ്രസംഗിക്കുന്നത്. ചിന്തിക്കുന്ന യുവാക്കള്‍ക്ക് ഇനി മേലില്‍ ഇവരെ കേള്‍ക്കേണ്ടതില്ല!

ചിത്രലേഖയെ ജീവിക്കാനനുവദിക്കാത്ത സാഹചര്യവും നേരിടേണ്ടിവരുന്ന പീഡനങ്ങളും വാര്‍ത്തയല്ലാതാവുകയും സാംസ്കാരികകപടവേഷങ്ങള്‍ വലിയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതായും കാണുന്നത് ഒരു ഗുരുതരമായ പ്രശ്നമാണ്. അതിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നതിനാല്‍ ഈ ലേഖനം ശരിയും പ്രസക്തവുമെന്ന് ഞാന്‍ കരുതുന്നു.

Submitted by Bachoo (not verified) on Tue, 2010-02-23 13:39.

മാഷെ,
ഈ ലേഖനത്തിന്റെ പ്രതിപാദ്യത്തോടോ പാര്‍ട്ടിക്ക് നേരെ തൊടുക്കുന്ന ആക്ഷേപഹാസ്യത്തിന്റെ അമ്പുകളോടോ എനിക്ക് തത്വത്തില്‍ വിയോജിപ്പില്ല. ഇപ്പോള്‍ വിശദീകരിച്ച പോലെ, സക്കറിയ-ചിത്രലേഖ പ്രശ്നത്തിലെ നമ്മുടെ പൊതുസമൂഹത്തിന്റെയും കുത്തക മാധ്യമങ്ങളുടെയും ഇരട്ടമുഖം അനാവരണം ചെയ്യുന്നതിനോടുമില്ല എതിര്‍പ്പ്. ദളിത്-പിന്നോക്ക-ന്യൂനപക്ഷ നീതിനിഷേധത്തിലെ വാര്‍ത്ത‍തമസ്കരണം ഇന്ന് പുതുമയല്ലല്ലോ.
പക്ഷെ അവസാന ഖണ്ഡികയില്‍ സകറിയക്ക്‌ നേരെയുള്ള കയ്യേറ്റശ്രമത്തെ, പുള്ളിയുടെ മെരിറ്റ് പരിഗണിച്ചു നിസ്സാരവല്‍ക്കരിക്കുന്ന പോലെ തോന്നി. അങ്ങനെയൊരു ധ്വനി ഇല്ലെങ്കില്‍ നമുക്കിടയില്‍ തര്‍ക്കത്തിനും വകയില്ല.
എന്റെ ന്യായം, നയവും ഇത്ര മാത്രം:
ചിത്രലേഖയുടെ നീതി നിഷേധം ചര്‍ച്ച ചെയ്യപ്പെടണം, ഉച്ചത്തില്‍ തന്നെ; സക്കറിയയുടെ അഭിപ്രായ സ്വാതന്ത്ര്യവും ഉയര്ത്തിപ്പിടിക്കണം... അവ തമ്മില്‍ ഒരു conflictനു ഇടമില്ല.

Submitted by pravasi (not verified) on Wed, 2010-02-24 00:43.

ലേഖനം അസലായി . കൂട്ടത്തില്‍ ആ വിനീതാ കോട്ടായിയുടെ കാര്യം കൂടി സൂചിപ്പിക്കാമായിരുന്നു.

Submitted by cjgeorge (not verified) on Wed, 2010-02-24 13:24.

1.ചിന്ത വറ്റാത്ത മനുഷ്യര്‍ ഇവിടെ ജീവിക്കുന്നു എന്നു കാണുന്നതില്‍ അതിരറ്റ സന്തോഷം.
2. കേരളത്തില്‍ തുടര്‍ന്നും ജീവിക്കാനുള്ള ഇടക്കാലാശ്വാസം തന്നതിന് നന്ദി.
3.ഈ ലേഖനം പ്രിന്റ് മീഡിയയില്‍ വരാതിരിക്കുന്നത് കഷ്ടമാണ്
4. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നവോത്ഥാനവും തമ്മില്‍ നിഷേധാത്മകബന്ധം മാത്രമേയുള്ളൂ എന്ന് വസ്തുനിഷ്ഠമായി പഠിക്കുന്ന ആര്‍ക്കും മനസ്സിലാകും. പക്ഷെ അതു പറഞ്ഞാല്‍ പിന്തിരിപ്പന്‍ എന്ന മുദ്ര വീഴും. ഈ പേടിയാണ് സക്കറിയയും അഴീക്കോടുമൊക്കെ പല അളവിലാണെങ്കിലും പങ്കുവെക്കുന്നത്. പേടിക്കുന്ന ചിന്തകര്‍ സ്വതന്ത്രരല്ല. അവരുടെ മോങ്ങലുകളേക്കാള്‍ പ്രധാനമാണ് വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ജീവിതപ്രശ്നങ്ങള്‍.ഇത് വ്യക്തമാക്കിയ ലേഖകന് അഭിവാദ്യങ്ങള്‍.

Submitted by Anonymous (not verified) on Wed, 2010-03-03 12:07.

Its a dangerously articulated justification to protect the disintegrating ideologies which were once the hope and pedagogy of the opperssed. The writer unknowingly use a boomarang to paint and clean color to the flag. Its so lumban to use that images and revolutionary sturggles of Swami Andatheertha and Ms Chithralekha where the UNITED IDEOLGY of THE OPPRESSED sits idle and exploits the causes without any shame. I really wonder, how these scholars such as Dr. Poker PK still lives and even survive with rusted and cave age tools, in this era of real change and struggle for freedom and equality. I salute these "youth intellegentia" application at Payyanur.

Submitted by Anonymous (not verified) on Wed, 2010-03-03 12:11.

George: You are right - It is easy for them to call you Pindirippan" but I wonder how and what way you comments the point number 1, even after going thorugh the 'Political reformation' thorugh your University days and as political being in the current struggling normal and profession society.

Submitted by V P Gangadharan (not verified) on Fri, 2010-03-05 15:29.

Please stop browbeating!

“He said, she said, you said and they said…” To the populace, it is sheer rhetoric.

“Intellects, ideology, the oppressed…” To the laymen, it is mere unknown vocabulary.

Hey all the so-called intellectual gentlemen, please stop beating about the bush. Denouncing every partisan approach, it is high time to bring our fingers out and act collectively without prejudice against anarchy.
(Indubitably, a state of anarchy prevails in this country up to grass roots level, we got to admit.)

Let us all stop bickering and make a resolve to become ourselves patriotic and civilized citizens of India by morally practicing what we learnt from our schools, and be the role models to our offspring.

Where are our leaders, and what are they doing?

Submitted by Dr Kuriakose (not verified) on Sat, 2010-03-06 05:35.

I felt sick reading this article. The only intention of the author is to white wash the ignorant inadequate bunch of men who attacked Sakkaria. I think the so called morality was thrust up on the community by the incapable, inadequate bourgeoisie to possess and maintain the females who otherwise won’t be a match to them at all. Liberalisation of morality, I mean allowing any adult to have sex with any other adult with mutual consent with or with out wedlock should be the way forward in a socialist community. The first attack about such liberalisation would come from the inadequate males who are currently keeping a female within their wedlock for the reason of sex not for the reason of mutual love.

I feel disgusted about the attitude and mind setting of the author of this article and I think he is a narrow minded narcissistic person and I sincerely wish he should be thrown back to the stone ages of ignorance.