തര്‍ജ്ജനി

ഡോള്‍ഫിന്‍

ടി.വിയിലാണെന്നു തോന്നുന്നു അവളാദ്യം ഡോള്‍ഫിനെ കാണുന്നത്. അതെന്നാണെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല. പക്ഷേ ഒരു ദിവസം ഓഫീസില്‍ നിന്നു മടങ്ങിയെത്തുമ്പോള്‍ വാതില്‍ക്കല്‍ അവള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു, ഡോള്‍ഫിന്‍ വിശേഷവുമായി. അന്നത്തെ അനിമല്‍ പ്ലാനറ്റിലോ നാഷണല്‍ ജിയോഗ്രഫിക്കിലോ കണ്ടതായിരിക്കണം. പിന്നീടവള്‍ എന്നും എന്തെങ്കിലും ഡോള്‍ഫിന്‍ വിശേഷങ്ങള്‍ പറയുമായിരുന്നു. ചിലപ്പോള്‍ കൂട്ടുകാരുടെ കയ്യില്‍ നിന്നും കിട്ടിയ ഡോള്‍ഫിന്‍ സ്റ്റിക്കര്‍, അല്ലെങ്കില്‍ ഒരു പേപ്പര്‍ കട്ടിംഗ്, ഇല്ലെങ്കില്‍ ഗൂഗിളില്‍ നിന്ന് സെര്‍ച്ച് ചെയ്തു കിട്ടിയ ഒരു ഡോള്‍ഫിന്‍ വെബ് സൈറ്റ്...

അങ്ങനെയിരിക്കെയാണ് ഒരു ഡോള്‍ഫിന്‍ ഷോ നഗരത്തിലെത്തിയത്. പിന്നെ അതായി അവളുടെ വിഷയം. ഇനി അതിനു പോകുന്നതു വരെ അവള്‍ അടങ്ങില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.

ഡോള്‍ഫിന്‍ ഷോ കണ്ടിറങ്ങുമ്പോഴായിരുന്നു അവളതു പറഞ്ഞത്:
“അച്ഛാ.. നമുക്ക് ഒരു ഡോള്‍ഫിനെ വാങ്ങണം...”
“ഡോള്‍ഫിനോ... നിനക്കെന്തിനാ ഡോള്‍ഫിന്‍?”
“അത്.. അത്.. എനിക്ക് കളിക്കാനാ...”
“അതിപ്പോ ഡോള്‍ഫിനു ഒരുപാട് വെള്ളം വേണ്ടേ... ഒത്തിരി സ്ഥലം വേണ്ടെ... നമ്മുടെ ഫ്ലാറ്റില്‍ അതിനിടമില്ലല്ലോ...”
“അത് സാരമില്ല അച്ഛാ.. എനിക്ക് കരയില്‍ കിടക്കുന്ന ഡോള്‍ഫിനെ മതി... പ്ലാസ്റ്റിക്കിലുള്ളത്... പ്ലീസ്... ഒരെണ്ണം മതിയച്ഛാ... വാങ്ങുമോ?”

അതെ, ഒരു പ്ലാസ്റ്റിക് ഡോള്‍ഫിനെ വാങ്ങണം... പിന്നെയൊരു അച്ഛന്‍, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ.. അയാള്‍ മനസ്സിലൊരു ലിസ്റ്റ് കുറിച്ചിട്ടു.

Submitted by രാജ് നായര്‍ (not verified) on Sun, 2006-04-02 13:16.

പോള്‍ ഇതെത്ര കാലമായി എഴുതിയിട്ടു്, എന്തായാലും ബ്ലോഗിലേയ്ക്കു തിരികെയെത്തിയല്ലോ സന്തോഷം.

Submitted by കലേഷ് (not verified) on Sun, 2006-04-02 13:44.

പോള്‍ പുതിയ ജോലിയും പുതിയ അന്തരീക്ഷവുമായൊക്കെ ആകെ തിരക്കിലാണെന്നറിയാം. എന്നാലും എഴുത്തിനെ പൂ‍ര്‍ണ്ണമായി ഉപേക്ഷിക്കരുതെന്ന് അപേക്ഷിക്കുന്നു. ജാലകത്തില്‍ കുറേ നാളുകള്‍ക്ക് ശേഷം ഒരു പോസ്റ്റ് കണ്ടതില്‍ ഒരുപാട് സന്തോഷം തോന്നുന്നു!
മനോഹരമായി എഴുതാന്‍ കഴിവുള്ളവര്‍ എഴുതാതിരിക്കുന്നതില്‍ പരം കഷ്ടം വേറെയെന്താ!

Submitted by chinthaadmin on Sun, 2006-04-02 15:05.

പെരിങ്ങോടരെ/കലേഷേ, എഴുതണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. സമയം കിട്ടണ്ടേ... ആഴ്ചയില്‍ ഒരു പോസ്റ്റ് എന്ന് മനസ്സില്‍ കുറിയ്ക്കുന്നു. നടക്കുമോ എന്നറിയില്ല...

സ്നേഹത്തോടെ, പോള്‍