തര്‍ജ്ജനി

പുസ്തകങ്ങളുടെ മണം

വായനശാലയുടെ ഇരുട്ടും പൊടിയും നിറഞ്ഞ അലമാരകളില്‍ പുസ്തകങ്ങള്‍ സുഖമായുറങ്ങി. കാലപ്പഴക്കത്തില്‍ മങ്ങിപ്പോകുന്ന അക്ഷരങ്ങള്‍, ഉപേക്ഷിക്കപ്പെടുന്നതിന്റെ വേദന... ഒട്ടനവധി മരണങ്ങള്‍ ഇവിടെ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു. വായനയ്ക്കായി മറ്റിവയ്ക്കാന്‍ ആര്‍ക്കും സമയമില്ല. മലയാളം പോലെ പ്രയോജനമില്ലാത്തതും പ്രാകൃതവുമായ ഭാഷകള്‍ക്ക്‌ ഇനി കാഴ്ച്ചബംഗ്ലാവുകളിലെങ്കിലും ഇടം കിട്ടിയാല്‍ അത്ഭുതം തന്നെ.

പുസ്തകങ്ങളുടെ പുതുമണം മോഹിപ്പിച്ചൊരു കുട്ടിക്കാലമുണ്ടായിരുന്നു. മഴക്കാലവും ഓണവും കഴിയുമ്പോള്‍ പുറം ചട്ടകളഴിഞ്ഞ്‌ പുസ്തകങ്ങള്‍ നഗ്നരാകും. വേനലവധിയെത്തുമ്പോള്‍ എന്റെ പുസ്തകങ്ങള്‍ ആദിമദ്ധ്യാന്തങ്ങളില്ലാതെ... പാഠപുസ്തകങ്ങള്‍ മാത്രം എന്താണിങ്ങനെ അഴിഞ്ഞുലഞ്ഞു പോകുന്നതെന്ന്‌ വീട്ടിലേയ്ക്ക്‌ മടങ്ങും വഴി വെറുതേ ചിന്തിക്കുമായിരുന്നു. പിന്നെ പുസ്തകത്താളുകള്‍ക്കിടയില്‍ മാനം കാണാന്‍ കൊതിക്കുന്ന മയില്‍പ്പീലികള്‍, തീപ്പെട്ടിച്ചിത്രങ്ങള്‍...

ആദ്യമായി കൊല്ലത്തെ പബ്ലിക്‌ ലൈബ്രറിയിലെത്തുമ്പോള്‍ ഉള്ളില്‍ ആഹ്ലാദം നുരയുകയായി. ഇത്രയധികം പുസ്തകങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. സാഹിത്യവിലാസിനിയില്‍ നിന്ന്‌ വ്യത്യസ്തമായി പകല്‍ മുഴുവന്‍ ഇരുന്ന്‌ വായിക്കാന്‍ പറ്റിയ ഇടം. നിറയെ നോവലുകളും കഥകളും കവിതകളും... വിശപ്പും ദാഹവും ആ ദിവസങ്ങളില്‍ അറിഞ്ഞിരുന്നില്ല. ലൈബ്രറിയിലെ പഴകിത്തുടങ്ങിയ കടലാസ്സിന്റെയും പൊടിയുടെയും സമ്മിശ്ര ഗന്ധങ്ങളില്‍ ആഴ്ച്ചയറുതികള്‍ കടന്ന്‌ പോകുന്നത്‌ അറിയാറില്ലയിരുന്നു. തീവ്രമായ വായനയിലേയ്ക്ക്‌ എന്നെ ജ്ഞാനസ്നാനം ചെയ്തവര്‍ക്ക്‌ നന്ദി. കൌമാരം കവിതയില്‍ പൂത്തുലഞ്ഞപ്പോള്‍, പുസ്താകത്തളുകള്‍ക്കിടയില്‍ പ്രണയവും പൂര്‍ത്തിയാകാത്ത കവിതകളും...